എന്റെ മുഖത്തെ ചുളിവുകള്‍ വായിച്ചെടുക്കുക: കഥകളുടെ ഒരു സമാഹാരംപോലെ. പ്രണയങ്ങള്‍, സൗഹൃദങ്ങള്‍, കലഹങ്ങള്‍, പിന്നെ കവിത ഉറവുപൊട്ടുന്ന അന്തഃസംഘര്‍ഷങ്ങള്‍. ഓരോന്നായി വായിക്കുക: നെറ്റി, കവിള് താടി, കഴുത്ത്: അങ്ങനെ, വിജനമായ ഒരു കാട്ടില്‍ വളര്‍ന്നതിന്റെ ഓർമകള്‍ നിറഞ്ഞ മരങ്ങളുടെ വാര്‍ഷികവലയങ്ങള്‍ പോലെ. മൂന്നു വയസ്സു മുതലുള്ള ആഹ്ലാദങ്ങള്‍, ദുരന്തങ്ങള്‍, പുള്ളുവന്‍പാട്ടുകള്‍ മുതല്‍ കൊയ്ത്തുപാട്ടുകള്‍ വരെ, വിക്രമാദിത്യന് കഥകള്‍...
എന്റെ മുഖത്തെ ചുളിവുകള്‍
വായിച്ചെടുക്കുക: കഥകളുടെ
ഒരു സമാഹാരംപോലെ.
പ്രണയങ്ങള്‍, സൗഹൃദങ്ങള്‍,
കലഹങ്ങള്‍, പിന്നെ കവിത ഉറവുപൊട്ടുന്ന
അന്തഃസംഘര്‍ഷങ്ങള്‍.
ഓരോന്നായി വായിക്കുക: നെറ്റി, കവിള്
താടി, കഴുത്ത്: അങ്ങനെ,
വിജനമായ ഒരു കാട്ടില്‍
വളര്‍ന്നതിന്റെ ഓർമകള്‍ നിറഞ്ഞ
മരങ്ങളുടെ വാര്‍ഷികവലയങ്ങള്‍ പോലെ.
മൂന്നു വയസ്സു മുതലുള്ള
ആഹ്ലാദങ്ങള്‍, ദുരന്തങ്ങള്‍,
പുള്ളുവന്‍പാട്ടുകള്‍ മുതല്‍
കൊയ്ത്തുപാട്ടുകള്‍ വരെ,
വിക്രമാദിത്യന് കഥകള്‍ മുതല്‍
അറബിക്കഥകള്‍ വരെ,
പട്ടിണിയുടെ ഓരോ ഉച്ചയ്ക്കും
ഓരോ ചുളിവ്, നാട്ടിലെ തൂര്‍ന്നുപോയ
ഓരോ കുളത്തിനും, ഓർമയിലുള്ള
ഓരോ അധ്യാപകനും, പഠിച്ച
ഓരോ ഭാഷയ്ക്കും: ഉടലിന്റെ, ജലത്തിന്റെ,
പക്ഷിയുടെ, മിന്നലിന്റെ, മറവിയുടെ.
ഇനിയും ഉണ്ടാകുമോ ചുളിവുകള്‍,
അല അലയായി കാണുന്ന മരുഭൂമിയിലെ
മണല്ക്കുന്നുകള്പോലെ,
കാറ്റിന്റെ ഗതിയനുസരിച്ചു
വളഞ്ഞു പുളഞ്ഞു പെയ്യുന്ന മഴപോലെ,
ഭാവിയുടെ അവ്യക്തമായ ലിപികള്‍ പോലെ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.