നാഴിയുരിപ്പാൽ രുചി കൊതിച്ച്
പുഴനീരിൽ തുടിച്ചനാൾ
കൃഷിപ്പാട്ടിൻ വരികൾ മൂളി
യക്ഷരങ്ങളറിഞ്ഞനാൾ.
സിക്ക്, തമിഴൻ, നായർ വന്ന്
വഴി തുറക്കാൻ കാത്തനാൾ.
മനയിലേയ്ക്കുള്ള പാത കിട്ടാതെ
ഒറ്റയാൾ വഴി തെളിച്ച നാൾ.
പെരിയോരെന്ന യുക്തി, തമിഴകം,
വൈക്കത്തഹോ, ഭക്തികേരളം.
പള്ളിക്കൂടപ്പടി തുറക്കാൻ
മഴക്കാലങ്ങൾ കാത്തത്
വേനലിത്ര കടുത്തതല്ലന്ന്,
വേദനയ്ക്കത്രേ കടുപ്പമാഴവും.
അമ്പിളിക്കലയരിവാൾ മൂർച്ചയും
കുഴി കുത്തിയ കഞ്ഞിനാളുകൾ.
മഴയിലെത്ര വഴികൾ കണ്ടുപോയ്
വഴികളെത്രയോ വേനലും.
പാതിവഴികളിൽ ജാതിവഴികളായ്
ഊടുവഴിയിൽ സ്നേഹം മതിലുമായ്.
നാടുവിട്ടങ്ങു കാട്ടിലെത്തി
വേനൽ നട്ടു മടങ്ങിയോർ
ജാതിനട്ടതു കൊയ്തെടുക്കാൻ
തീ പടർത്തീ മണ്ണിലും
തീ വിതച്ചു മനസ്സിലും.
ഓടിയോടിക്കിതയ്ക്കുന്നു,
വേട്ടയാടിപ്പതിക്കുന്നു
വീരമാനവപ്പരിഷകൾ
മതപ്പരീക്ഷയിൽ തോറ്റവർ.
പെരുവഴികളടയ്ക്കുന്നു,
പെരുമ്പറകൾ മുഴങ്ങുന്നു,
ഇനിയൊരു വഴി പെരുവഴി,യതുമാത്രം
കരിങ്കാലന്റെ കയർവഴിയല്ല,
ഗുരു നടത്തിയ ശരിവഴി.
പല വഴികൾ പലതിന്റെ വഴികൾ
ചിലർ വഴിമാത്രം പുതുമലർവഴി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.