ആത്മാവിൽ ഒരു ചിറ

1. ഉണ്ണി അധികാരിയായ അച്ഛൻ തീപ്പെട്ടത് അനന്തരകാലത്ത് ഉണ്ണി, ഓർത്തെടുത്തു. അച്ഛനെന്ന അധികാരം! -ഭൂമിയും ഖജനാവും വന്നവർ വന്നവർ നാലുകെട്ടിൽ സങ്കടത്തിന്‍റെ നിഴലുകളായി ഞാന്നു കിടന്നു. സപ്രമഞ്ചത്തിൽനിന്നിറങ്ങി ഇത്തിരിച്ചാണകം തേച്ച നിലത്ത് ആദ്യമായിട്ടാണ് അച്ഛൻതമ്പുരാനിങ്ങനെ കിടക്കുന്നത്. തമ്പുരാനച്ഛൻ സമ്മാനിച്ച ചന്ദനപ്പമ്പരം കളിമ്പം മതിയാക്കി എവിടെയോ പിടിതരാതൊളിച്ചിരുന്നു, അതും നിനച്ച് മാഴ്കി മാഴ്കി ഉണ്ണി, സാറ്റുവയ്ക്കാൻ1 ചുറ്റിത്തിരിഞ്ഞ് പമ്പരമായിക്കറങ്ങി നടന്നു… അച്ഛൻ പട്ടണംവരെ പോയതാണ്: ഓറഞ്ച് വാങ്ങാൻ പോയതുപോലൊരു യാത്രയാണീ മരണവും. ഇന്ന് മൃത്യുവെക്കുറിച്ചുള്ള...

1. ഉണ്ണി

അധികാരിയായ

അച്ഛൻ തീപ്പെട്ടത്

അനന്തരകാലത്ത്

ഉണ്ണി, ഓർത്തെടുത്തു.

അച്ഛനെന്ന അധികാരം!

-ഭൂമിയും ഖജനാവും

വന്നവർ വന്നവർ

നാലുകെട്ടിൽ

സങ്കടത്തിന്‍റെ

നിഴലുകളായി ഞാന്നു കിടന്നു.

സപ്രമഞ്ചത്തിൽനിന്നിറങ്ങി

ഇത്തിരിച്ചാണകം തേച്ച നിലത്ത്

ആദ്യമായിട്ടാണ്

അച്ഛൻതമ്പുരാനിങ്ങനെ കിടക്കുന്നത്.

തമ്പുരാനച്ഛൻ സമ്മാനിച്ച

ചന്ദനപ്പമ്പരം കളിമ്പം മതിയാക്കി എവിടെയോ പിടിതരാതൊളിച്ചിരുന്നു,

അതും നിനച്ച് മാഴ്കി മാഴ്കി

ഉണ്ണി, സാറ്റുവയ്ക്കാൻ1

ചുറ്റിത്തിരിഞ്ഞ്

പമ്പരമായിക്കറങ്ങി നടന്നു…

അച്ഛൻ

പട്ടണംവരെ പോയതാണ്:

ഓറഞ്ച് വാങ്ങാൻ പോയതുപോലൊരു യാത്രയാണീ മരണവും.

ഇന്ന്

മൃത്യുവെക്കുറിച്ചുള്ള

അന്നത്തെ അജ്ഞത

ചന്ദനമുട്ടിയിൽ അഗ്നിയാളുമ്പോലെ

തീപ്പിടിക്കാത്ത ആത്മാവിനെയും

പട്ടട പോലെ എരിക്കുന്നല്ലോ; ഗീതാകൃഷ്ണാ…

2. ക്ടാത്തൻ

വരാൽപാർപ്പുകളുടെ

ചെമ്പട നീന്തുന്നത്

തോട്ടുവക്കത്തിരുന്നു കണ്ടു, ക്ടാത്തൻ

വാരിക്കുന്തം പേറി

മാർച്ച് ചെയ്യുന്ന കാരിപ്പുളുന്തുകൾ

തായ യശോദയെ

വെട്ടിച്ച്

ആറ്റിലേക്ക് കുതിച്ച

അച്യുതനുണ്ണി

അരയോളം വെള്ളത്തിൽ

കാക്കപ്പോളകൾക്കിടയിൽ,

നീർക്കോലിയുടെ വിശപ്പ്

മരണകാരണമാകുമെന്ന ഭയം പുതച്ച്

ഒളിച്ചിരുന്നു;

പച്ചച്ച് മിനുത്ത മുതുക് കാണാം.

നൊത്തക്കൊക്ക ആടിയുറയുന്ന

ആട്ടലഹരിയിൽ

ഞാറിൻ തലപ്പുകളിളകുന്നതും…

കൈവെള്ളയിൽ കറങ്ങുന്നു

പമ്പരംപോലൊരു വെള്ളക്ക

മൂക്കുമുട്ടെ മൂക്കട്ടപ്പഴം തിന്നു:

വയറ്റിൽ, ഓളംവെട്ടും വിധം

ആറ്റുവെള്ളം നിറച്ചു.

കരുമാടീലുള്ളൊരു കുട്ടനന്നൊരു ദിനം

ഗുരുവായൂർക്കണ്ണന്റെ

വേഷംകെട്ടാനെളുതല്ലല്ലോ

ചിറയും പുഞ്ചയും വെള്ളവും

ഒരുക്കുമീ രംഗവേദിയെന്ന്

ക്ടാത്തനോർത്തു…

ക്ടാത്തൻ നടക്കുന്ന

ചിറയുടെ അടിയിൽ

പ്രളയക്കലിപ്പിന്റെ കുതിപ്പുകളെ

തടഞ്ഞുംവെന്നും

ചെളിക്കു പശിമചേർത്ത്

അവന്റമ്മൻ തലപ്പുലയൻ കിടപ്പുണ്ട്.

നാലു ദിക്കിലും

കാറ്റുകൾ ഉരുണ്ടുണരുമ്പോൾ

മാനം മുഴങ്ങുമ്പോൾ

മഴ, വില്ലു കുലയ്ക്കുമ്പോൾ

ശ്വാസനാളത്തിൽ

കുറുഞ്ചേറും നെൻമണിയും

കുമിഞ്ഞപോലൊരു കിടിലം

ക്ടാത്തനെ വാരി നിലത്തടിക്കും

എക്കൽച്ചേറ്റിൻ കളഭത്തിൽ പുതഞ്ഞ്

“നെല്ലച്ചനു”,റങ്ങാൻ കിടന്നതെന്തിങ്ങനെ?

ഇനിവേണോ

ഈ മനോഹരതീരത്ത്

ഒരു ജന്മംകൂടി..!

ചന്ദനപ്പമ്പരത്തിന്റെ,

ഓറഞ്ചിന്റെ,

പട്ടുകോണകത്തിന്റെ,

മോരൊഴിച്ചു കുഴച്ച

വെള്ളക്കോളി 2ച്ചോറിന്റെ,

നിറപറയിൽ വിടർന്ന പൂക്കുലയുടെ,

പെറുന്ന പത്തായത്തിന്റെ,

ചന്ദ്രകളഭംപൂശി ഉറങ്ങും തീരത്തിന്റെ,

അടിത്തട്ടിൽ

സ്പന്ദിക്കുന്ന അസ്ഥികൂടം.

3. ശേഷം…

ആത്മാവിൽ ഒരു ചിറ

ഉള്ളുലക്കുമ്പോൾ

കാൻവാസിലെ

ജലച്ചായ ചിത്രംപോലെ

നീലിച്ച ഓർമ തെളിയുന്നുണ്ടോ?

എങ്കിൽ

നന്മ ഉരുണ്ടുപിരണ്ടു

പുലർന്ന

ഗ്രാമീണ സമ്പദ്ഘടനയെ

നൂറുമേനി പൊലിപ്പിച്ച

ബലികളും

ചരിത്രം തീപ്പിടിപ്പിച്ച

കൊല ചെയ്യപ്പെട്ട അമ്മന്മാരുടെ ക്ടാങ്ങളും

ചേറിൽപുതഞ്ഞെന്നൊന്നു മാറ്റിപ്പിടിക്കാമോ?

-ചിറയെ ഒരു കാഴ്ചപ്പാടാക്കി

നോക്കിയാൽ

പൊന്തിവരുമനേകമാത്മാക്കൾ

(പ്രിയപ്പെട്ട അനുവാചകരേ

ഈ രചനയിലെ

അവസാന വരി വായിക്കും മുമ്പ്,

ശീർഷകം

ബോധ്യങ്ങളിൽ ഒരു ചിറ

എന്നു തിരുത്തിയെഴുതിയേക്കുമല്ലോ?!)

ചന്ദനച്ചിതയുടെ വെളിച്ചത്തിൽ

മലയാളം തഴുതിട്ട

കവിതകൾക്കു

നാവുകിളുക്കുമ്പോൾ

അക്ഷരങ്ങൾ

നൂറുമേനി പൊലിച്ച്,

പുല്ല് വിളഞ്ഞ

വയൽ കടന്നു വിലസുന്നു.

--------------

കടപ്പാട്: വയലാർ രാമവർമ, പി. ഭാസ്കരൻ

1. ഒളിച്ചുകളി

2.കേരളത്തിലെ നാടൻവിത്തിനം. വെള്ളപ്പൊക്കത്തെ അതിജീവിക്കാൻ ശേഷിയുള്ളത്

Tags:    
News Summary - Malayalam Poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.