നടക്കുമ്പോ,ഴിടയ്ക്കിടെ പിണങ്ങാറുണ്ടിരുകാലും ഒടുക്കം ഞാൻ വഴിവക്കിൽ തനിച്ചിരിക്കും മെരുക്കുവാൻ പണിപ്പെട്ടു പകലെത്ര കഴിഞ്ഞിട്ടും ഇടംകാലോ, മെരുങ്ങാത്ത മടിച്ചിക്കോത നമുക്കൊരേ വഴിയെന്ന് വലംകാലു പറഞ്ഞിട്ടും തനിച്ചാണെന്നൊരേ ഭാഷ്യം വെറും മൂശേട്ട എനിക്കില്ല വഴി വേറെ നടക്കുവാ, നതിദൂരം വരികെന്ന് പതം ചൊല്ലി പറഞ്ഞു പാവം മനസ്സില്ല മടുത്തു ഞാൻ നടന്നേറെത്തളർന്നെന്ന് കിതയ്ക്കുന്നു, പഴംപാട്ട് ചവച്ചു തുപ്പി തെറിച്ച വാക്കിടയ്ക്കിടെ വിഴുങ്ങിയി,...
നടക്കുമ്പോ,ഴിടയ്ക്കിടെ
പിണങ്ങാറുണ്ടിരുകാലും
ഒടുക്കം ഞാൻ വഴിവക്കിൽ
തനിച്ചിരിക്കും
മെരുക്കുവാൻ പണിപ്പെട്ടു
പകലെത്ര കഴിഞ്ഞിട്ടും
ഇടംകാലോ, മെരുങ്ങാത്ത
മടിച്ചിക്കോത
നമുക്കൊരേ വഴിയെന്ന്
വലംകാലു പറഞ്ഞിട്ടും
തനിച്ചാണെന്നൊരേ ഭാഷ്യം
വെറും മൂശേട്ട
എനിക്കില്ല വഴി വേറെ
നടക്കുവാ, നതിദൂരം
വരികെന്ന് പതം ചൊല്ലി
പറഞ്ഞു പാവം
മനസ്സില്ല മടുത്തു ഞാൻ
നടന്നേറെത്തളർന്നെന്ന്
കിതയ്ക്കുന്നു, പഴംപാട്ട്
ചവച്ചു തുപ്പി
തെറിച്ച വാക്കിടയ്ക്കിടെ
വിഴുങ്ങിയി, ട്ടതിൻ മീതേ
കുതിക്കില്ലെന്നുറപ്പാലേ
ചിരിച്ചു തള്ളി
വിളർത്ത കാൽമടമ്പൊന്നു
വലിച്ചു വച്ചകത്തേക്ക്
പറയാതെ, യവയൊക്കെ
പറഞ്ഞു തീർത്തു
പകച്ചൂടു പഴുപ്പിച്ച
ശിലപോലെ, യുറഞ്ഞിട്ട്
എനിക്കെന്റെ വഴിയെന്ന്
കുറുമ്പൊരുക്കി
ഇനിയിപ്പോ, ഴിടംകാലു
പറഞ്ഞ പോലിരുന്നാലോ?
ചരിക്കാതെ, യൊതുക്കത്തിൽ
കടന്നുപോകാം
എനിക്കൊപ്പം നടക്കുവാൻ
വലംകാലു ശ്രമിച്ചിട്ടും
പിഴയ്ക്കുന്നു പദമൊട്ടും
ചലിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.