അവളെ വരച്ച് അവസാന മിനുക്കുപണിയും തീർത്ത് ചാഞ്ഞും ചരിഞ്ഞും നോക്കി പിൻവാങ്ങും മുമ്പ് ദൈവത്തിന്റെ ബ്രഷിൽനിന്നൊരു തുള്ളിയിറ്റി കവിളിൽ വീണു. ആ കൈപ്പിഴയിൽ പിൽക്കാലത്ത് അവളെ അടയാളപ്പെടുത്തി, ലോകം. തിരയേണ്ടി വന്നതേയില്ല. ഒറ്റനോട്ടത്തിൽത്തന്നെ ‘ഇടതുകവിളിൽ കാക്കപ്പുള്ളി’യെന്ന് എസ്.എസ്.എൽ.സി ബുക്കിൽ രേഖപ്പെടുത്തി നിവർന്നിരുന്നു ഹെഡ്മാസ്റ്റർ. ‘കവിളിലൊരു കാക്കയിരിക്കുമ്പോലെ’യെന്ന് പിണക്ക കാലങ്ങളിൽ കൊഞ്ഞനംകുത്തി കൂട്ടുകാരികൾ. അവൾ വളരുന്തോറും അതും വളർന്നു. അവളെക്കാമിച്ചവരൊക്കെയും നീന്തിത്തുടിച്ച നീലത്തടാകം. പ്രണയ നൈരാശ്യത്താൽ യുവാക്കൾ ആത്മഹത്യ...
അവളെ വരച്ച്
അവസാന മിനുക്കുപണിയും തീർത്ത്
ചാഞ്ഞും ചരിഞ്ഞും നോക്കി പിൻവാങ്ങും മുമ്പ്
ദൈവത്തിന്റെ ബ്രഷിൽനിന്നൊരു
തുള്ളിയിറ്റി
കവിളിൽ വീണു.
ആ കൈപ്പിഴയിൽ
പിൽക്കാലത്ത് അവളെ അടയാളപ്പെടുത്തി, ലോകം.
തിരയേണ്ടി വന്നതേയില്ല.
ഒറ്റനോട്ടത്തിൽത്തന്നെ
‘ഇടതുകവിളിൽ കാക്കപ്പുള്ളി’യെന്ന്
എസ്.എസ്.എൽ.സി ബുക്കിൽ
രേഖപ്പെടുത്തി
നിവർന്നിരുന്നു ഹെഡ്മാസ്റ്റർ.
‘കവിളിലൊരു കാക്കയിരിക്കുമ്പോലെ’യെന്ന്
പിണക്ക കാലങ്ങളിൽ കൊഞ്ഞനംകുത്തി
കൂട്ടുകാരികൾ.
അവൾ വളരുന്തോറും
അതും വളർന്നു.
അവളെക്കാമിച്ചവരൊക്കെയും
നീന്തിത്തുടിച്ച
നീലത്തടാകം.
പ്രണയ നൈരാശ്യത്താൽ യുവാക്കൾ ആത്മഹത്യ ചെയ്യാൻ
ഊഴം കാത്തുനിന്ന
കരിമ്പാറക്കെട്ട്.
പ്രണയകാലങ്ങളിൽ
അവനവളെക്കണ്ടുമുട്ടാറുള്ള
ഏകാന്തതയുടെ ഇരുണ്ട ഇടനാഴി.
വിവാഹശേഷം
അവർ മധുവിധുവാഘോഷിച്ച
നിബിഡവനങ്ങളുള്ള
കായൽത്തുരുത്ത്.
പകലിലെ ഒരുനുള്ളു രാത്രി.
തെളിഞ്ഞ ആകാശത്തിലെ
ഒരു കുഞ്ഞുകാർമേഘം.
അവളുടെ അരികിലെത്തുന്നവരൊക്കെയും ഭയന്ന
ബർമുഡ ട്രയാങ്കിൾ.
ആ കാക്കപ്പുള്ളിതൊട്ട്
കണ്ണെഴുതി
തുടുത്തുനിന്നു
അക്കാലത്തെ മൂവന്തികൾ.
അതുതൊട്ട് മുടി കറുപ്പിച്ചു
യുവാക്കളായി
വൃദ്ധരെല്ലാം.
പതുക്കെപ്പതുക്കെ
ഇരുണ്ടിരുണ്ട്
അത്
രാത്രിയായി മാറുകയായിരുന്നു.
ഇപ്പോൾ
എല്ലാ രാത്രികളും
അവളുടെ കവിളിലെ കാക്കപ്പുള്ളി!
അതേ കാക്കപ്പുള്ളിയിൽ
ഇന്നും പ്രപഞ്ചം ഉറങ്ങുന്നു,
ഇണചേരുന്നു,
സ്വപ്നങ്ങൾ കാണുന്നു.
പുനർജനിയിൽനിന്നെന്നപോലെ
രാവിലെ
തളിർത്തെണീക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.