നാലഞ്ച് കവിതകൾ

ഇതൊന്ന് പിടിച്ചേ!! അവളാ രാക്കിനാവെടുത്ത് എന്റെ കയ്യിൽത്തന്നു. ഉള്ളംകൈ പൊള്ളിയടർന്നു പോയി. നിന്റെ സൂര്യനിലേക്കുള്ള, എന്റെ ഓക്സിജന്റെ കനലായിരുന്നു അത്. * * * നിന്റെ ചിന്തയുടെ സ്കെച്ചുകൾ വേരുകൾ പോലെയാണ്. എന്നിലേക്ക് പകർന്നാലോ എന്ന്, നിന്നിലേക്ക് ഞാൻ മാറി നടക്കുന്നു. അതോടെ, വേരുപിടിച്ച് പൊടിച്ചു തുടങ്ങുന്നു. * * * ഒറ്റക്കവിതകൊണ്ട് ഇടിച്ചു തെറിപ്പിച്ച് കൊന്നുകളയും, നിന്നെ ഞാൻ. നിന്റെയാ കഴുമരത്തെ എന്റെ കഴുത്തിന് ഇപ്പോഴൊരു ഭയവുമില്ല. * * * നിന്നെ പുണർന്ന കുപ്പായമാണിത്. എന്റെ ഇരുമുലകളെയും അത് മാറിമാറി ചുംബിക്കുന്നത്, എന്റെ ഹൃദയത്തിലേക്ക് നിന്റെ ജീവനെ ഊതിച്ചേർത്തുകൊണ്ടാണ്. നാളെ...

ഇതൊന്ന് പിടിച്ചേ!!

അവളാ രാക്കിനാവെടുത്ത്

എന്റെ കയ്യിൽത്തന്നു.

ഉള്ളംകൈ പൊള്ളിയടർന്നു പോയി.

നിന്റെ സൂര്യനിലേക്കുള്ള,

എന്റെ ഓക്സിജന്റെ കനലായിരുന്നു അത്.

* * *

നിന്റെ ചിന്തയുടെ സ്കെച്ചുകൾ വേരുകൾ പോലെയാണ്.

എന്നിലേക്ക് പകർന്നാലോ എന്ന്, നിന്നിലേക്ക് ഞാൻ മാറി നടക്കുന്നു.

അതോടെ,

വേരുപിടിച്ച് പൊടിച്ചു തുടങ്ങുന്നു.

* * *

ഒറ്റക്കവിതകൊണ്ട്

ഇടിച്ചു തെറിപ്പിച്ച്

കൊന്നുകളയും,

നിന്നെ ഞാൻ.

നിന്റെയാ കഴുമരത്തെ

എന്റെ കഴുത്തിന്

ഇപ്പോഴൊരു ഭയവുമില്ല.

* * *

നിന്നെ പുണർന്ന കുപ്പായമാണിത്.

എന്റെ ഇരുമുലകളെയും അത് മാറിമാറി

ചുംബിക്കുന്നത്,

എന്റെ ഹൃദയത്തിലേക്ക്

നിന്റെ ജീവനെ ഊതിച്ചേർത്തുകൊണ്ടാണ്.

നാളെ ഞാൻ

തുന്നലടർത്തിയീ

കുപ്പായക്കൈകൾ അഴിച്ചെടുക്കും.

നിന്നെത്തടയാൻ

ഒരു ചെറുവിരൽ നിഴൽപോലുമുണ്ടാവരുതെന്ന്

ചുവരിലിരുന്ന് എന്നെയാരോ നിർബന്ധിക്കുന്നു.

* * *

സ്റ്റേഷനെത്തി, ഇറങ്ങിറങ്ങെന്ന്

കണ്ടക്ടർ തിളയ്ക്കുന്നു.

ഇറങ്ങിയാൽ വീട്ടിലേക്ക്

ട്രെയിൻ പിടിച്ചു തരുമോ എന്ന്

ഞാനയാളോട് തിരികെ തിളച്ചു.

ഇവിടെ ഇറങ്ങിയാൽ ചെമ്പരത്തിമേട്ടിലേക്ക്

തീവണ്ടിയുണ്ടെന്ന് അയാൾ

പുച്ഛച്ചിരിക്ക് ചുണ്ടുകോട്ടുന്നു.

ദൂരെദൂരെയൊരു ചെമ്പരത്തിപ്പൂ

ചുവന്നു ചിരിക്കുന്നത് സ്വപ്നം കാണാൻ,

ഞാൻ പിന്നെയുമെന്നെ ഉറക്കാനിടുന്നു.

* * *

ഇപ്പഴുള്ളിൽ ഏതു കവിയുടെ കവിതയാണ്

കിനിഞ്ഞ് നിറകിണറാകുന്നതെന്ന്

ഓർത്തു നോക്കുന്നു.

ഒരിക്കലുമിത് ആരും കണ്ടെത്തരുതേയെന്ന്

മൂടിവെക്കുന്നു.

വേനൽ വന്ന്,

പിടിക്കപ്പെടും മുമ്പ്, അപ്രത്യക്ഷയാകുന്ന സൂത്രം തീർച്ചയായും ഞാൻ കണ്ടുപിടിച്ചിരിക്കും.


Tags:    
News Summary - Malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.