ആറ്റൂര്‍ രവിവർമ

ശക്തന്‍ തമ്പുരാന്‍റെ പ്രതിമയ്ക്കു ചുറ്റും വലംവെച്ചിരുന്ന കാറ്റ്, തെരുവില്‍ സ്വപ്നത്തിലാണ്ട് കിടന്നിരുന്ന നായയുടെ ചെവിയില്‍ ചൂളമൂതി, തേക്കിന്‍കാട്‌ മൈതാനത്തിലേക്ക് കയറിയ ഉച്ചനേരം മൂന്നു കവികള്‍ തൃശൂരിലെ ആറ്റൂര്‍ രവിവർമയുടെ വീട്ടിലേക്ക് നടന്നു. ഒരു പെണ്ണും രണ്ടാണും. കവി വീട്ടുകോലായില്‍ ഇരിക്കുന്ന നേരം. കാറ്റ്, ചൂളം ഒന്നുകൂടി മീട്ടി. വെയില്‍ത്തളികയില്‍നിന്നെന്നപോലെ ഉച്ച ഒരു വട്ടം മൈതാനമാകെ ചിതറി തെറിച്ചു; പിന്നെ ദൂരെ കണ്ട മേഘമലകളിലേക്കായി കാറ്റിന്‍റെ പാച്ചില്‍. ചിലങ്കകളഴിച്ച് കൈകളില്‍ പിടിച്ചിട്ടുണ്ടോ. വേനല്‍ മുമ്പത്തെ പോലെയല്ല. വേനല്‍ താന്‍ മരിക്കുന്നതിനും മുമ്പത്തെ പോലെയല്ല....

ശക്തന്‍ തമ്പുരാന്‍റെ പ്രതിമയ്ക്കു ചുറ്റും

വലംവെച്ചിരുന്ന കാറ്റ്, തെരുവില്‍

സ്വപ്നത്തിലാണ്ട് കിടന്നിരുന്ന നായയുടെ ചെവിയില്‍

ചൂളമൂതി, തേക്കിന്‍കാട്‌ മൈതാനത്തിലേക്ക് കയറിയ

ഉച്ചനേരം

മൂന്നു കവികള്‍

തൃശൂരിലെ ആറ്റൂര്‍ രവിവർമയുടെ വീട്ടിലേക്ക് നടന്നു.

ഒരു പെണ്ണും രണ്ടാണും.

കവി വീട്ടുകോലായില്‍ ഇരിക്കുന്ന നേരം.

കാറ്റ്, ചൂളം ഒന്നുകൂടി മീട്ടി.

വെയില്‍ത്തളികയില്‍നിന്നെന്നപോലെ ഉച്ച

ഒരു വട്ടം മൈതാനമാകെ ചിതറി തെറിച്ചു;

പിന്നെ ദൂരെ കണ്ട മേഘമലകളിലേക്കായി

കാറ്റിന്‍റെ പാച്ചില്‍.

ചിലങ്കകളഴിച്ച് കൈകളില്‍ പിടിച്ചിട്ടുണ്ടോ.

വേനല്‍ മുമ്പത്തെ പോലെയല്ല.

വേനല്‍ താന്‍ മരിക്കുന്നതിനും

മുമ്പത്തെ പോലെയല്ല.

കവി വിചാരിച്ചു.

വീട്ടുപടിക്കലെത്തിയ യുവകവികളെ കണ്ട്

ആറ്റൂര്‍ എഴുന്നേറ്റു; ഒപ്പം പൊങ്ങിയ

നിഴലിനെ കൂടെത്തന്നെ നിർത്തി.

മരിച്ചശേഷം സന്ദർശകരുണ്ടായിട്ടില്ല.

വരൂ, വരൂ -ആറ്റൂര്‍ അതിഥികളെ വീട്ടിലേക്ക് വിളിച്ചു.

മൂന്നാമത്തെ ആളോട് ഗേറ്റ് അടയ്ക്കാന്‍ പറഞ്ഞു:

സന്ധ്യയ്ക്ക് മുമ്പ് ഒരു നടത്തമുണ്ട്. മുടങ്ങിയിട്ടില്ല.

പെൺകവി മനസ്സില്‍ തങ്ങളുടെ

സന്ദര്‍ശനത്തിന്‍റെ

സമയം കുറിച്ചു.

മറ്റൊരാള്‍ക്ക് കൂടുതലോ കുറവോ

എന്ന് തോന്നാത്തത്ര.

കൃത്യം.

മരിച്ച ആരെയും മുഷിപ്പിക്കാത്തത്ര.

ആറ്റൂര്‍ അവളെ നോക്കി ചിരിച്ചു.

വാച്ച് നോക്കണ്ടാ.


Tags:    
News Summary - Malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.