പൊതിച്ചോറിന്റെ മണമുള്ള ഉച്ചബെല്ല് കണക്കുമാഷിെന്റ ചൂരലുപോലെ പേടിയാണ്. മങ്ങിയ നട്ടുച്ചയിലത് മരണമണിപോലെ മുഴങ്ങും. പള്ളിക്കൂടം തുറന്നുവെച്ച ചോറ്റുപാത്രത്തിലെ വറുത്തുവെച്ച ഉണക്കവാളപോലെ വാപിളർത്തും. വാട്ടിയവാഴയില പോലത്തെ അടിവയർ മറച്ചുപിടിച്ച് ഞങ്ങൾ കുറച്ച് പേർ പൊതിമണമെത്താത്ത ദിക്കിലേക്ക് മുങ്ങാങ്കുഴിയിടും. മേലണ്ണാക്കിലേക്ക് തേട്ടി വരുന്നൊരു പൊള്ളൽ തുപ്പല് ചാലിച്ച് ഞങ്ങളൊരേ താളത്തിൽ വിഴുങ്ങും. തോറ്റ് തൊപ്പിയിട്ട ചേട്ടൻമാർ ബീഡി വലിക്കാൻ പോകുന്ന ഒഴിഞ്ഞ പറമ്പിലെ കുളം നിറയെ തെളിവെള്ളം. വട്ടേലകോട്ടി വെള്ളം പ്ലംകേക്ക് പോലെ വെട്ടി കരയിൽ വെക്കും. തവളച്ചുവയുള്ള വെള്ളം...
പൊതിച്ചോറിന്റെ മണമുള്ള ഉച്ചബെല്ല്
കണക്കുമാഷിെന്റ ചൂരലുപോലെ പേടിയാണ്.
മങ്ങിയ നട്ടുച്ചയിലത്
മരണമണിപോലെ മുഴങ്ങും.
പള്ളിക്കൂടം
തുറന്നുവെച്ച ചോറ്റുപാത്രത്തിലെ
വറുത്തുവെച്ച ഉണക്കവാളപോലെ വാപിളർത്തും.
വാട്ടിയവാഴയില പോലത്തെ
അടിവയർ മറച്ചുപിടിച്ച്
ഞങ്ങൾ കുറച്ച് പേർ
പൊതിമണമെത്താത്ത ദിക്കിലേക്ക്
മുങ്ങാങ്കുഴിയിടും.
മേലണ്ണാക്കിലേക്ക്
തേട്ടി വരുന്നൊരു പൊള്ളൽ
തുപ്പല് ചാലിച്ച് ഞങ്ങളൊരേ
താളത്തിൽ വിഴുങ്ങും.
തോറ്റ് തൊപ്പിയിട്ട ചേട്ടൻമാർ
ബീഡി വലിക്കാൻ പോകുന്ന
ഒഴിഞ്ഞ പറമ്പിലെ
കുളം നിറയെ തെളിവെള്ളം.
വട്ടേലകോട്ടി
വെള്ളം പ്ലംകേക്ക് പോലെ വെട്ടി
കരയിൽ വെക്കും.
തവളച്ചുവയുള്ള വെള്ളം കുടിച്ച് ഞങ്ങൾ
വിശപ്പിന്റെ തീ കെടുത്തിവെക്കും.
ഉച്ചാനന്തര ക്ലാസ് മുറിയിൽ
വ്യാകരണ പിശാശ്
ഞങ്ങടെ തുടയിൽ തിണർക്കും.
കൺപോളയിൽ ഉറക്കം
കണ്ണട്ടപോലെ തൂങ്ങിക്കിടക്കും.
ഹിന്ദി ക്ലാസിലെ ‘പരന്തു’ വന്ന്
കണ്ണുൾെപ്പടെ കൊത്തിക്കൊണ്ട് പോകും.
വിശപ്പ് അതിന്റെ വാപിളർന്ന്
ഞങ്ങളെ എല്ലാ പരീക്ഷയിലും
തോൽപ്പിക്കും. എന്നാലും
പിഴച്ച കുട്ടികളുടെ ദേശഭക്തിഗാനത്തിന്
ഞങ്ങൾക്കാ ഫസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.