അച്ഛൻ മരിച്ച വീട്

അച്ഛൻ മരിച്ച വീടുകൾ

അപ്പനോട് തെറിച്ച്

വീടുവിട്ടിറങ്ങിയവരുടെ

മടങ്ങിവന്ന

വിതുമ്പലിന്

ഇടംകിട്ടുന്ന

പ്രമദവനങ്ങളാകും

ഒരു മുറിയിൽ

അമ്മ

കട്ടിലിൽ പാതി മുഖമമർത്തി

കണ്ടിട്ടും കാണാതെ

കണ്ണീരിൽ

പാതി കതകടച്ചു കിടക്കും

വൻ മരങ്ങളായി

ഇലമരണത്തിലുണങ്ങിയ

കൈതോലപ്പായയിൽ

വീണുകിടക്കുന്ന

കൂടപ്പിറപ്പുകൾ

ഈർഷ്യയുടെ

മുഖച്ചുളിവിൽ

പുളിപ്പല്ലുകാട്ടും

രണ്ടായ് പിളർന്ന

നാളികേരമുറികളിലെ

വെളുത്ത കൂവ്വലുകളിൽ

നറുതിരി വെളിച്ചം

കാറ്റിൽ

സുയിപ്പി​െൻറ

കൊക്കരണികൾ കാട്ടും

ശരികേടുകളിൽനിന്ന്

ഒരു ബലിക്കാക്ക

ശരിവറ്റുകളെ ചികഞ്ഞ്

തിരഞ്ഞുപിടിച്ച്

ഭുജിക്കും

തെറിച്ചുപോയവർ

ആത്്മക്ഷേത്രങ്ങളിലെ

രക്​തസാക്ഷികളാണ്

മരണങ്ങളാണ്

അവരെ

വീടുകളിലേക്ക്

തിരികെ വിളിക്കുന്നത്

അവരുടെ മിണ്ടാട്ടങ്ങൾക്ക്

അഹങ്കാരിയുടെ

മുഖത്തെഴുത്ത്

അണിയലം ചാർത്തും

അവരുടെ ശരികളിൽ

കനകസിംഹാസനങ്ങൾ

കല്ലും മരവും

ഓട്ടക്കാലണയുമാകും

തെറിച്ചുപോകൽ

ആത്്മബലമുള്ളവർ

വൈതരണിയുടെ

താഴ് പൊട്ടിക്കുന്ന

കൂടംതട്ടലുകളാണ്

ഒറ്റയടിപ്പാതകളെയവർ

ചവിട്ടിതേച്ച്

വിസ്​തൃതമാക്കും

ചോര കിനിഞ്ഞ

രാക്കൂറ്റിലവർ

ലഹരിയുടെ

സൂര്യച്ചിരി പടർത്തും

തെറിച്ചുപോയവരെന്ന

തുറിച്ചു നോട്ടത്തിൽ

മനമമർത്തിയവർ

വിതുമ്പുമ്പോൾ

മരിച്ചുപോയ

ഏതപ്പനും

അവരെ ചേർത്ത് പിടിച്ച്

ജനിപ്പിച്ചതിൽ

അഭിമാനം പറയും...

തെറിച്ചുപോകൽ

ഒറ്റതിരിയുന്നതിലേക്കുള്ള

സ്വാതന്ത്ര്യപ്പോരാട്ടമാണ്

Tags:    
News Summary - madhyamam weekly poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.