ഇസ്താംബുൾ മെമ്മറീസ്
മുനീർ ഹുസൈൻ
യാത്രാവിവരണം
കറന്റ് ബുക്സ്
‘ഇസ്താംബുൾ മെമ്മറീസ്’ എന്ന ഈ യാത്രാവിവരണം, വായനക്കാരനെ തുർക്കിയയുടെ ഹൃദയത്തിലൂടെ കൈപിടിച്ച് നടത്തുകയാണ്. കേവലമൊരു സഞ്ചാരക്കുറിപ്പല്ല ഇത്; മറിച്ച്, നാഗരികതകളുടെയും ചരിത്രത്തിന്റെയും സൗന്ദര്യത്തിന്റെയും ഭൂമികയിലൂടെയുള്ള ഒരു ആത്മസഞ്ചാരം എന്ന് വിശേഷിപ്പിക്കാം. ഭൂതകാലത്തെ തട്ടിയുണർത്തുന്ന മണ്ണിൽ, നാഗരികതകളുടെയും പോരാട്ടങ്ങളുടെയും കഥകൾ കേട്ട്, ദിവസങ്ങളോളം അലഞ്ഞ ഒരു യാത്രാനുഭവം. യൂറോപ്പിന്റെയും ഏഷ്യയുടെയും സംഗമസ്ഥാനത്ത്, ചരിത്രവും വാണിജ്യവും പോരാട്ടങ്ങളും സമ്മേളിക്കുന്ന ഈ മണ്ണിനെ എഴുത്തുകാരൻ വരച്ചുകാട്ടുന്നത് തീക്ഷ്ണമായ വാക്കുകളിലൂടെയാണ്.
തുർക്കിയയുടെ അഭിമാനസ്തംഭമായ ഇസ്തംബൂൾ, വെറുമൊരു നഗരമല്ല, അത് ലോകത്തിന്റെ കവലയാണ്. യൂറോപ്പിന്റെയും ഏഷ്യയുടെയും സംഗമസ്ഥാനത്ത്, കാലം കൊത്തിവെച്ച ശിൽപംപോലെ തലയുയർത്തി നിൽക്കുന്ന ഈ മഹാനഗരിയെക്കുറിച്ച് പറയപ്പെട്ട വാക്കുകൾ എത്ര സത്യം! ലോകം ഒറ്റ രാജ്യമായിരുന്നെങ്കിൽ അതിന്റെ തലസ്ഥാനമാവാൻ ഏറ്റവും യോഗ്യമായ ഇടം.
യാത്രയുടെ തുടക്കം ഈ വിസ്മയഭൂമിയിൽ നിന്നാണ്. ഇസ്തംബൂളിന്റെ തെരുവീഥികൾ വിലമതിക്കാനാവാത്ത കാഴ്ചകൾ ഒളിപ്പിച്ചുവെച്ചിരിക്കുന്നു. വിവാദങ്ങളുടെ നിശ്ശബ്ദസാക്ഷിയായ ഹാഗിയ സോഫിയയും, അതിന്റെ എതിർവശത്ത് ആകാശത്തിന്റെ നീലിമ കടമെടുത്ത ബ്ലൂ മോസ്ക്കും (സുൽത്താൻ അഹ്മദ് മോസ്ക്) മതങ്ങളുടെയും സാമ്രാജ്യങ്ങളുടെയും ഏറ്റുമുട്ടലുകൾക്ക് സാക്ഷ്യംവഹിച്ചുകൊണ്ട് തലമുറകളെ നോക്കി ചിരിക്കുന്നു. തൊട്ടടുത്തു തന്നെ ഓട്ടോമൻ സുൽത്താന്മാരുടെ അതിഗംഭീരമായ ഭൂതകാലം ഉറങ്ങിക്കിടക്കുന്ന ടോപ്കാപി പാലസിൽ പ്രവാചകന്റെ തിരുകേശവും മൂസാനബിയുടെ വടിയും ഉൾപ്പെടെയുള്ള വിശുദ്ധാവശേഷിപ്പുകൾ കണ്ടപ്പോൾ ചരിത്രത്തിന്റെ താളുകളിൽ സ്പർശിച്ച അതേ അനുഭൂതി മനസ്സിലേക്കെത്തി. ചരിത്രവും ആധുനിക സൗന്ദര്യവും ഇഴചേർന്ന് കിടക്കുന്നിടമാണ് തക്സിം സ്ക്വയർ. പ്രണയത്തിന്റെ ഓർമകളും നഷ്ടബോധത്തിന്റെ നിഴലുകളും പ്രതിഷ്ഠിക്കപ്പെട്ട മൂകത തളംകെട്ടി നിൽക്കുന്നൊരിടമാണ് ഓർഹൻ പാമുകിന്റെ മ്യൂസിയം ഓഫ് ഇന്നസെൻസ്.
ഗ്രാൻഡ് ബസാർ പേരുപോലെതന്നെ ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിങ് വിപണികളിലൊന്നാണ്. ബസാറിലൂടെ നടക്കുമ്പോൾ വർണങ്ങളുടെയും സുഗന്ധങ്ങളുടെയും ഒരു മഹാപ്രളയംതന്നെ നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടും. ഇസ്തംബൂളിന്റെ തീന്മേശകളിൽ നിറയുന്ന ടർക്കിഷ് ഭക്ഷണവൈവിധ്യങ്ങൾ ഓരോ യാത്രക്കാരന്റെയും നാവിൽ വിസ്മയത്തിന്റെ രുചിവേദികൾ തീർക്കുന്നു. ബോസ്ഫറസിലെ ക്രൂസ് യാത്രയാകട്ടെ, യൂറോപ്പിൽനിന്നും ഏഷ്യയിലേക്ക് ഒഴുകിനീങ്ങുന്ന ഒരു കവിതാശകലംപോലെ ഏതൊരാളുടെയും മനസ്സിനെ കുളിരണിയിപ്പിക്കും.
യാത്ര പിന്നീട് ഇസ്തംബൂളിൽനിന്ന് യൂറോപ്പിന്റെ തീരം വിട്ട് ഏഷ്യാമൈനറിലേക്ക് കടന്നു. ലോകപ്രശസ്ത സൂഫി ആചാര്യൻ റൂമി അന്ത്യവിശ്രമംകൊള്ളുന്ന പുണ്യഭൂമിയായ കോണിയയിലെത്തി. ദര്വീശുകളുടെ സെമ എന്ന സൂഫി നൃത്തം കണ്ടപ്പോൾ ആത്മാവിൽ ആനന്ദത്തിന്റെ വൃത്തങ്ങൾ വരച്ചു. പ്രപഞ്ചചലനത്തിന്റെ താളത്തിൽ, അവർ ഈശ്വരനിലേക്ക് സ്വയം അലിഞ്ഞുചേരുന്ന കാഴ്ച അതി മനോഹരമായിരുന്നു.
പിന്നീടെത്തിയത് കപ്പഡോക്കിയയിലായിരുന്നു. പ്രകൃതിയുടെ മാന്ത്രികവിരലുകൾ കൊത്തിവെച്ച ഫെയറി ചിമ്മിനികൾ (ഭൂമിയിലെ അത്ഭുത തൂണുകൾ) ഈ ദേശത്തിന്റെ സൗന്ദര്യമാണ്. അതിരാവിലെ നൂറുകണക്കിന് ഹോട്ട് എയർ ബലൂണുകൾ ആകാശത്ത് ഒരു വർണോത്സവം തീർക്കുന്ന കാഴ്ച, വാക്കുകൾക്ക് അതീതമാണ്. രാജ്യത്തിന്റെ ആധുനിക തലസ്ഥാനമായ അങ്കാറയിലെ മുസ്തഫ കമാൽ അത്താതുർക്കിന്റെ അങ്കാറ പാലസ് (അനിത്കബീർ) തുർക്കി റിപ്പബ്ലിക്കിന്റെ ചരിത്രത്തിലെ പുതിയ അധ്യായം ഓർമിപ്പിക്കുന്നു.
വെള്ളച്ചാട്ടങ്ങൾ ഉറഞ്ഞുകൂടി മാർബിൾപോലെ വെളുത്ത പഞ്ഞിമെത്തകൾ തീർത്ത പ്രകൃതി പ്രതിഭാസമാണ് പമുക്കലെ (പഞ്ഞിക്കൊട്ടാരം). ശരിക്കും ഒരത്ഭുതലോകം തന്നെ! ഭൂഗർഭ തുരങ്കങ്ങളുടെ നിഗൂഢതകളും അതിസുന്ദരമായ കർപ്പറ്റുകളും സെറാമിക് പാത്രങ്ങളും നിർമിക്കുന്ന ഗ്രാമീണരുടെ കരവിരുതും നേരിട്ടറിഞ്ഞു എഴുത്തുകാരൻ മുന്നോട്ടുനീങ്ങുന്നു.
യാത്രാവിവരണം അവസാനിക്കുന്നത്, ബോസ്ഫറസിലെ ക്രൂസ് യാത്രയുടെ സൗന്ദര്യവും, ഓർഹൻ പാമുകിന്റെ മ്യൂസിയം ഓഫ് ഇന്നസെൻസും ഉൾപ്പെടെയുള്ള ഇസ്തംബൂളിലെ ആകർഷകമായ കാഴ്ചകൾ പങ്കുവെച്ചുകൊണ്ടാണ്. തീന്മേശകളിൽ നിറയുന്ന ടർക്കിഷ് ഭക്ഷണ വൈവിധ്യങ്ങളെ കുറിച്ചുള്ള വിവരണം വായനക്കാരന്റെ നാവിൽ കൊതിയൂറും രുചിനിറക്കുന്നു.
‘ഇസ്താംബുൾ മെമ്മറീസ്’ ഒരു യാത്രാനുഭവം എന്നതിലുപരി, സംസ്കാരങ്ങളുടെയും കാലഘട്ടങ്ങളുടെയും സങ്കലനമാണ്. നഗരങ്ങളുടെ തിരക്കുകൾ, ഗ്രാമീണ ജീവിതത്തിന്റെ ലാളിത്യം, ചരിത്ര സ്മാരകങ്ങളുടെ ഗാംഭീര്യം, രുചിയുടെ വൈവിധ്യം ഇവയെല്ലാം കോർത്തിണക്കി, തുർക്കിയയെക്കുറിച്ചുള്ള സമഗ്രവും ആഴത്തിലുള്ളതുമായ ഒരു വായനാനുഭവം ഇത് സമ്മാനിക്കുന്നു. ഓരോ വാക്കും ചിത്രങ്ങളായി മനസ്സിൽ പതിയുമ്പോൾ, ഈ ഉജ്ജല ഗ്രന്ഥം, ഒരു സഞ്ചാരിയുടെ സ്വപ്നമായി മാറുന്നു.
.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.