അവള്‍ കല്ലായി പിറന്നു

വയലിനോടു ചേര്‍ന്ന്,

തോടുകള്‍ വളഞ്ഞുപൊട്ടിപ്പിരിയുന്നിടത്ത്

ആന കിടക്കുന്നതുപോലെ ഒരു പാറക്കെട്ടുണ്ട്.

പാറക്കെട്ടിന്റെ വിടവില്‍ സൈക്കിളിന്റെ

ഭാഗങ്ങള്‍ തുരുമ്പിച്ചുകിടക്കുന്നതു കണ്ടിട്ടുണ്ട്,

കുട്ടിക്കാലത്ത്.

സന്ധ്യയായാല്‍ ആരും അതിലെ പോകാറില്ല.

കുട്ടികളെ അങ്ങോട്ടുവിടാറില്ല.

കുട്ടികളുമായി പോകുമ്പോള്‍ കരിമ്പാറയ്ക്കുള്ളില്‍നിന്ന്

വിതുമ്പല്‍ കടിച്ചുപിടിക്കുന്നതുപോലെ

കേട്ടിട്ടുണ്ടെന്ന് ചിലര്‍.

ആ പാറക്കെട്ടിനെ ‘ഭൂതക്കല്ല്’ എന്നു വിളിച്ചു,

പിന്നീട്

അതു ‘പൂതക്കല്ല്’ ആയി.

വയലുകളില്‍ നിലാവു പരന്നുകിടക്കുന്ന രാത്രികളില്‍

വരമ്പിലൂടെ സൈക്കിള്‍ ചവിട്ടി

ഒരു പെണ്ണ് പോകുന്നത്

കാണാറുണ്ടെന്ന് പഴയവര്‍ പറയാറുണ്ട്.

ഇരുപതുപറ വിത്തുവിതയ്ക്കുന്ന വയലുകള്‍ ചുറ്റിയുള്ള

അവളുടെ സവാരി കണ്ടിട്ടുണ്ടെന്ന്

മെതി കഴിഞ്ഞ്, ചൂട്ടുകത്തിച്ച് വീട്ടിലേക്കു മടങ്ങുന്നവര്‍.

ഗ്രാമസര്‍ക്കസിന്റെ കാലത്ത്,

സൈക്കിള്‍യജ്ഞവുമായി

അവള്‍ ഞങ്ങളുടെ നാട്ടില്‍വന്നു.

സൈക്കിളില്‍ വിസ്മയങ്ങള്‍

കാണാന്‍ ആളുകള്‍ കൂട്ടമായി വന്നു.

എം.ജി.ആറിന്റെയും ശിവാജി ഗണേശന്റെയും

റെക്കോര്‍ഡ് ഡാന്‍സില്‍

അവളോടൊപ്പം നാട്ടുകാരും ചുവടു​െവച്ചു.

മണ്ണിന്നടിയില്‍നിന്ന്;

ഇരുമ്പുകമ്പി കൈയിലടിച്ച് വളയ്ക്കുന്നതില്‍നിന്ന്,

ചെറുവളയങ്ങളിലൂടെ ഊര്‍ന്നിറങ്ങുന്നതില്‍നിന്ന്,

ഊഞ്ഞാലായങ്ങളില്‍നിന്ന്,

കത്തിയേറില്‍നിന്ന്

അവള്‍ പുഞ്ചിരിച്ചുകൊണ്ടു തിരിച്ചുവന്നു.

അവിടത്തെ പെണ്ണുങ്ങളെ

അവള്‍ സൈക്കിള്‍ ചവിട്ടാന്‍ പഠിപ്പിച്ചു.

പലചരക്കുകള്‍ പൊതിഞ്ഞുകൊണ്ടുവരാറുള്ള

പത്രങ്ങള്‍ വായിച്ചു കേള്‍പ്പിച്ചു.

സര്‍ക്കസ് കൂടാരത്തിലാണ് ജനിച്ചതെന്നും

അമ്മയും സര്‍ക്കസുകാരിയായിരുന്നെന്നും

ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട

ഭാഷകളറിയാമെന്നും

അവള്‍ പറഞ്ഞു.

കുന്നിന്‍തടം ചെത്തിയൊരുക്കിയ

സൈക്കിള്‍ യജ്ഞവൃത്തത്തിനുള്ളില്‍

അവള്‍ പ്രാവുപോല്‍ ചിറകടിച്ചു.

ആളുകള്‍ നാണയത്തുട്ടുകളും തേങ്ങയും

പലഹാരപ്പൊതിയുമെല്ലാം എറിഞ്ഞു.

അവളതു പിടിച്ചെടുത്തു.

ഒരാള്‍ വസ്ത്രമെറിഞ്ഞു.

കാറ്റില്‍ പറന്ന കൈത്തറി

എത്തിപ്പിടിക്കുമ്പോള്‍ സൈക്കിളൊന്നു പാളി.

നെല്ലും കപ്പയും വാഴക്കുലയും

അവില്‍ വിളയിച്ചതുമെല്ലാമവിടെ ചിതറിക്കിടന്നു.

പിന്നെ

അവള്‍

കല്ലായി പിറന്നു.


Tags:    
News Summary - malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.