അന്താരാഷ്ട്ര ബുക്കർ സമ്മാനം നേടിയ കന്നട എഴുത്തുകാരി ബാനു മുഷ്താഖിന്റെ കഥകൾ വായിക്കുകയും വേറിട്ട രീതിയിൽ ആ കഥകളെക്കുറിച്ച് എഴുതുകയുമാണ് ഡോ. എം. ലീലാവതി. ‘റെഡ് ലുങ്കി’ (Red Lungi) എന്ന കഥയുടെ പഠനമാണ് ഇത്തവണ.
സ്കൂളുകൾ പൂട്ടി ഒഴിവുകാലെമത്തിയാൽ ലത്തീഫ് അഹമ്മദിന്റെയും റസിയയുടെയും ഗൃഹം കുട്ടികളെക്കൊണ്ടു നിറയും. അയാളാണ് മൂത്ത സഹോദരൻ. അര ഡസൻ അനിയന്മാരുണ്ട്. അവരെല്ലാം ഗവൺമെന്റ് ജോലിക്കാരാണ്. വേനലവധിക്ക് എല്ലാവരും കുടുംബങ്ങളോടെ േജ്യഷ്ഠനെ സന്ദർശിക്കാനെത്തും. ഭാര്യ റസിയക്ക് മൈഗ്രേൻ (തലക്കുത്ത്) അസഹ്യമാക്കുന്ന കുട്ടിപ്പടയാണ് എത്തുന്നതെങ്കിലും അവരെയെല്ലാം സൽക്കരിക്കേണ്ടത് തന്റെ ചുമതലയാണെന്നറിയാം. ഇത്തവണ തന്റെ രണ്ടു സഹോദരിമാരുടെ കുട്ടികളും കുട്ടിപ്പടയിലുണ്ടെന്നത് റസിയക്ക് സന്തോഷമുളവാക്കി. കുട്ടികളുടെ എണ്ണം പതിനെട്ട്. എട്ടുപേർ പെൺകുട്ടികൾ. ബാക്കി പത്തു പേരിൽ നാലു പേർ നാലു വയസ്സു മാത്രമായവർ. ആറുപേർ സുന്നത്തിനുള്ള സമയമെത്തിയവർ. ആ കർമം നടത്താമെന്ന തീരുമാനമെടുക്കുന്നതിന് ഒരു പ്രേരണ കുട്ടികളുടെ തമ്മിൽത്തല്ലും ബഹളങ്ങളുംകൂടിയായിരുന്നെങ്കിലും, അതല്ല, കുടുംബനാഥന്റെ കർത്തവ്യവും ഉദാരതയുമാണ് എന്ന വിശ്വാസം എല്ലാവർക്കുമുണ്ടായിരുന്നു.
സ്ഥലത്തെ പ്രധാന സമ്പന്ന ഗൃഹമാണ് അവരുടേത്. ആറ് ആൺകുട്ടികളുടെ സുന്നത്ത് കല്യാണം നിശ്ചയിച്ചപ്പോൾ എല്ലാരും ഉത്സാഹത്തിലായി. റസിയയുടെ അടുക്കളപ്പണിക്കാരായ അമീനയുടെ മകൻ ആരിഫിന്റെയും പണിക്കാരന്റെ മകൻ ഫാരിദിന്റെയും സുന്നത്തുകൂടി നടത്തിക്കൊടുക്കാമെന്ന് റസിയ നിശ്ചയിച്ചു. ലത്തീഫ് അഹമ്മദിന്റെ ഔദാര്യം കുറെക്കൂടി വിപുലമായിരുന്നു. പണമില്ലാത്തതുകൊണ്ടു മാത്രം ചടങ്ങു നടത്താൻ കഴിയാത്ത എല്ലാവരെയും സഹായിക്കുക. അത് ദൈവനാമത്തിൽ അനുഷ്ഠിക്കുന്ന പുണ്യകർമമായിരിക്കും. അഞ്ച് മസ്ജിദുകളുണ്ട് നഗരത്തിൽ. വെള്ളിയാഴ്ച പ്രാർഥനക്കുശേഷം ഓരോന്നിലെയും സെക്രട്ടറിമാർ പ്രഖ്യാപിച്ചു: ‘‘ലത്തീഫ് അഹമ്മദ് സാഹിബ് ദൈവ പ്രീതിക്കുള്ള പുണ്യകർമമായി ഒരു കൂട്ട സുന്നത്ത് കർമം നടത്തിക്കൊടുക്കാൻ തീരുമാനിച്ചിരിക്കുന്നു. അടുത്ത വെള്ളിയാഴ്ച ഉച്ചനേര നമാസ്സിനു ശേഷം അതു നടത്താനുള്ള ഏർപ്പാടുകൾ ചെയ്തിട്ടുണ്ട്. താൽപര്യമുള്ളവർ മുൻകൂട്ടി എത്തി കുട്ടികളുടെ പേര് രജിസ്റ്റർ ചെയ്യുക.’’
എല്ലാ തയാറെടുപ്പുകളും യഥാവിധി നടന്നു. കുട്ടികൾക്ക് ചേലാകർമത്തിനുശേഷം ഉടുക്കാനുള്ള ചുവപ്പ് തുണി വാങ്ങി മുറിച്ചു തയാറാക്കി. സ്വന്തം കുടുംബത്തിലെ കുട്ടികൾക്കുള്ള ലുങ്കിയിൽ കസവും അലങ്കാരങ്ങളും പിടിപ്പിച്ചു. പാവപ്പെട്ടവരുടെ കുട്ടികൾക്ക് പെയിന്റ് ലുങ്കികൾ. അവർക്ക് ദാനമായി കൊടുക്കാൻ ചാക്ക് കണക്കിന് ഗോതമ്പു വാങ്ങി. കർമത്തിനു ശേഷം ഓരോ കുട്ടിക്കും ഗോതമ്പ്, തേങ്ങ, പഞ്ചസാര, നെയ്യ് ഇവയാണ് ഒരു സഞ്ചിയിൽ നിറച്ച് ദാനം ചെയ്യുക. ഒരുപാട് പാവപ്പെട്ടവർ പേര് രജിസ്റ്റർ ചെയ്തിരുന്നു. പാവപ്പെട്ട കുട്ടിക്കൂട്ടത്തിന്റെ സുന്നത്തു കല്യാണം മസ്ജിദിൽ വെച്ചാണ്. കുടുംബത്തിലെ കുട്ടികളുടേത് ഡോക്ടർ പ്രകാശിന്റെ ആശുപത്രിയിൽ വെച്ചും.
പള്ളിയിൽ ചടങ്ങുനടത്തുന്നത് അതിൽ വിദഗ്ധനെന്ന് പേരെടുത്തിട്ടുള്ള ഇബ്രാഹിം ആണ്. അയാളെ അന്നത്തെ മുഖ്യാതിഥിയായി വരുത്തിയിട്ടുണ്ട്. ഒരു ക്ഷുരകസ്ഥാപനം നടത്തുന്ന ആളാണ്. കർമം നടത്തുമ്പോൾ കുട്ടികൾക്കിരിക്കാൻ ഓടുകൊണ്ടു നിർമിച്ച ബിന്ദികെയുണ്ട്. അതു പുളിയിട്ട് രണ്ടുതവണ തേച്ചു കഴുകി സ്വർണത്തിളക്കമുള്ളതാക്കി കൊണ്ടുവരാൻ ഏർപ്പാടാക്കിയിട്ടുണ്ട്. ഒരു േപ്ലറ്റ് നിറയെ നന്നായി അരിച്ചെടുത്ത ഭസ്മപ്പൊടിയും നിറച്ചിരിക്കുന്നു. കർമത്തിനുശേഷം അവയവത്തിൽ പുരട്ടാനുള്ളത്. അയാൾ കർമം നിർവഹിച്ചാൽ ഒരിക്കലും പിഴക്കില്ലെന്ന് പേരെടുത്തിട്ടുണ്ട്. മുറിവ് പഴുക്കുകയില്ല തന്നെ. കൂട്ട സുന്നത്തായതുകൊണ്ട് വളന്റിയർമാരായി കുറച്ചു ചെറുപ്പക്കാരെ നിർത്തിയിട്ടുണ്ട്. അവർ ഒരു വലിയ ജംഖാന ചുളിവുകൾ നിവർത്തി വിരിച്ചു. എല്ലാ തയാറെടുപ്പുകളും പരിേശാധിച്ച് അംഗീകരിച്ചതിനുശേഷം കുട്ടികൾ ഓരോരുത്തരായി വരട്ടെ എന്ന് ഇബ്രാഹിം പ്രഖ്യാപിച്ചു.
ഒന്നാമത്തെ കുട്ടി ആമിനയുടെ ആരിഫ് ആണ്. വളന്റിയർമാരിലൊരാൾ കോളജുകുമാരനായ അബ്ബാസ് ആയിരുന്നു. ‘‘ആ കത്തി തന്നാൽ തിളച്ചവെള്ളത്തിൽ ആഴ്ത്തി ഞാനത് സ്റ്റെറിലൈസ് ചെയ്ത് തരാം’’ എന്നും ‘‘ഇൻഫെക്ഷൻ വരാതിരിക്കാൻ ഡെറ്റോൾ ഉപയോഗിക്കാം’’ എന്നും അയാൾ വിജ്ഞാനം പ്രകടിപ്പിച്ചു. ഇബ്രാഹിം അയാളെ കൺകോണിലൂടെ ഒന്നു നോക്കി, ഒരു നികൃഷ്ട ജീവിയെ നോക്കുംപോലെ. എന്നിട്ടൊരു ചോദ്യമെറിഞ്ഞു:
‘‘എടോ തനിക്ക് കർമം കഴിഞ്ഞിട്ട് അണുബാധയുണ്ടായോ?’'
കേട്ടവരെല്ലാം ചിരിച്ചു. അബ്ബാസ് ഒരു വിഡ്ഢിയാണെന്ന മട്ടിൽ. ‘‘നിങ്ങളൊക്കെ പഴയ അറിവില്ലാത്ത കൂട്ടർ. ഒരിക്കലും നന്നാവില്ല’’ എന്ന് പിറുപിറുത്ത് അബ്ബാസ് പോയി. ഇബ്രാഹിം ജേതാവായി. വീണ്ടും വിളിച്ചു. ‘‘ഓരോരുത്തരായി വരട്ടെ.’’
ആരിഫ് മുന്നോട്ടുവന്നു. അവൻ ചെറിയ കുട്ടിയല്ല. ഏതാണ്ട് പതിമൂന്ന് വയസ്സായിട്ടുണ്ട്. ഒമ്പത് വയസ്സിന് മുമ്പെങ്കിലും കഴിയേണ്ടിയിരുന്ന കർമമാണ്. അമ്മ ആമിനക്ക് അത് നടത്താൻ കഴിയാതിരുന്നത് അതിന്റെ ചെലവിനുള്ള പണമില്ലാഞ്ഞിട്ടാണ്. അവൻ പേടിച്ചരണ്ടിരുന്നു. നാലഞ്ചാളുകൾ അവനെ ബലമായി പിടിച്ചുകൊണ്ടാണ് ഇരിപ്പിടത്തിലിരുത്തിയത്. ‘‘എന്നെവിടൂ എന്നെ വിടൂ. അമ്മാ, അള്ളാ’’ അവൻ മുറവിളി കൂട്ടിക്കൊണ്ടിരുന്നു. ‘‘അയ്യേ നിലവിളിക്യേ! ദീൻദീൻ എന്ന് വിളിക്ക്’’ എന്ന് പിടിച്ചിരുത്തിയവർ. അവൻ ’‘ദീൻ ദീൻ അമ്മാ അള്ളാ അയ്യോ’’എന്ന് തുടർന്നു. ഇബ്രാഹിം നേരിയതാക്കി ചെത്തിയ ഒരു മുളയുടെ പാളിയെടുത്തു.
ഒരാൾ ആരിഫിനെ പിന്നിൽനിന്ന് കക്ഷത്തിൽ പിടിച്ച് അനക്കാതിരുത്തി. മറ്റു രണ്ടുപേർ കാലകത്താൻ സഹായിച്ചു. രണ്ടുകൈയും അനങ്ങാതെ പിടിച്ചുകൊണ്ട് ഓരോവശത്തും ഓരോ ആൾ നിന്നു. ഇബ്രാഹിം േനരിയതാക്കി ചെത്തിയ മുളയുടെ പാളികൊണ്ട് അവയവത്തിന്റെ അഗ്രചർമം മാത്രം മുറിയത്തക്കവണ്ണം മുന്നോട്ടുനീക്കി. ഒരു ക്ലിപ്പിട്ടപോലാക്കി. ദീൻ ദീൻ എന്ന് വിളിക്കൂ എന്നൊരാൾ ആരിഫിനോട് പറഞ്ഞു. അതിന്റെ അർഥമെെന്തന്നറിഞ്ഞുകൂടെങ്കിലും അവൻ ആ പദം മുറവിളിപോലെ ആവർത്തിച്ചു. അവന്റെ നാവ് വരണ്ട് വിയർത്തുകുളിച്ചു. ഇബ്രാഹിം കത്തിവെച്ചു. അഗ്രചർമം മുറിഞ്ഞ് േപ്ലറ്റിലെ ഭസ്മത്തിൽ വീണു. ഒഴുകുന്ന ചോര നിർത്താൻ േപ്ലറ്റിൽ നിന്നെടുത്ത ഭസ്മം മുറിവിൽ വിതറി. രണ്ടുപേർകൂടി അവനെ വിശാലമായ ഹാളിന്റെ മൂലയിലിരുത്തി. അബ്ബാസ് ഒരു കപ്പിൽ വെള്ളം കൊണ്ടുവന്ന് അവന് കുടിക്കാൻ കൊടുത്തു. അവന് വീശിക്കൊടുത്തു. പിറകെ ദീൻ ദീൻ എന്ന് മറ്റൊരുകുട്ടിയുടെ മുറവിളി. അതു തുടരത്തുടരെ ഹാളിൽ മുഴങ്ങിക്കൊണ്ടിരുന്നു.
അബ്ബാസ് ആരിഫിന്റെ അടുത്തിരുന്നു. ‘‘ആരിഫ് നോക്ക്, നിന്റെ അമ്മ വന്നിരിക്കുന്നു’’ എന്ന് പറഞ്ഞപ്പോൾ ആരിഫ് എഴുന്നേറ്റ് നടക്കാനൊരുങ്ങി. അബ്ബാസ് അവനെ സഹായിച്ചു. വാതിൽക്കൽ എത്തിയപ്പോൾ ലത്തീഫ് അഹമ്മദ് ഒരു സഞ്ചി കൊടുത്തു. അതു നിറയെ ഗോതമ്പ്, രണ്ട് തേങ്ങാമുറി, ഒരു പാക്കറ്റ് പഞ്ചസാര, ഒരു പ്ലാസ്റ്റിക് പാക്കറ്റിൽ നെയ്യ്. സഞ്ചി വാങ്ങി ഒത്തിനടന്നുവരുന്ന മോന്റെ കൈയിൽനിന്ന് ആമിന അതു വാങ്ങി. പുറത്ത് വരാന്തയിൽ അവൻ പതുക്കെ ഇരുന്നു; ചുവപ്പു ലുങ്കി മുറിവിൽ ഉരയരുതെന്ന കരുതലോടെ. വരിനിൽക്കുന്നവരിൽനിന്ന് ഒരു കുട്ടി അവനോട് ചോദിച്ചു,
‘‘ആരിഫ് വേദനിക്കുന്നുണ്ടോ?’’ വേദനയുടെ ഭാവം പുറത്തുകാട്ടാതെ ആരിഫ് പറഞ്ഞു. ‘‘ഇല്ല... ഇല്ല... ഒട്ടുമില്ല.’’ താടിയുള്ള ഒരു മധ്യവയസ്കൻ അതുകേട്ടിട്ടു പറഞ്ഞു. ‘‘സഭാഷ്, മോനേ! ഇതാ നിനക്കൊരു സമ്മാനം.’’ അയാൾ ഒരു അമ്പതിന്റെ നോട്ടു നീട്ടി. കുട്ടികൾ ഓരോരുത്തരായി ചുവപ്പുലുങ്കിയുടുത്തുകൊണ്ട് കർമത്തിനു ശേഷം പുറത്തേക്ക് നീങ്ങിക്കൊണ്ടിരുന്നു. ലത്തീഫ് സാഹിബ് ഓരോ കുട്ടിക്കും നിറഞ്ഞ സഞ്ചി കൊടുത്തുകൊണ്ടിരുന്നു.
അന്നേരം ഒരു സ്ത്രീ തന്റെ കുഞ്ഞിനെയും അടക്കിപ്പിടിച്ച് അവിടെയെത്തി. വല്ലാതെ ചടച്ച് കുണ്ടിൽപോയ കണ്ണും ഒട്ടിയ കവിളുമുള്ളവൾ. കുഞ്ഞിന് ആറേഴു വയസ്സുണ്ടാവും. കുട്ടി കുതറിമാറാൻ ശ്രമിക്കുന്നു –കീറിപ്പറിഞ്ഞ സാരി കുട്ടിയുടെ കുതറൽകൊണ്ട് കൂടുതൽ കീറി. ഒരാളോട് വർത്തമാനം പറയുകയായിരുന്ന ലത്തീഫ് കേട്ടു: ‘‘ഭയ്യാ ഇവനും സുന്നത്ത് നടത്തിക്കൊടുക്കണേ.’’ കുട്ടി ഉറക്കെയുറക്കെ നിലവിളിക്കുന്നു. ഓടാൻ ശ്രമിക്കുന്നു. അമ്മ മുറുകെ പിടിക്കുന്നു. ലത്തീഫ് കുട്ടിയോട് പറഞ്ഞു. ‘‘ഏയ് നിലവിളിക്കാതെ നിനക്ക് നല്ല ഇസ്ലാം ആവണ്ടേ! സുന്നത്തു കഴിച്ചാലേ നല്ല ഇസ്ലാം ആവൂ.’’ കുട്ടി പറയുന്നു തേങ്ങിക്കൊണ്ട്, ‘‘എന്റെ സുന്നത്ത് കഴിഞ്ഞതാണ്.’’ അമ്മ പറയുന്നു, ‘‘അന്ന് ചെയ്തത് ശരിയായില്ല. ഒരിക്കൽകൂടി ചെയ്യണം.’’ എന്തോ പന്തിയല്ലെന്ന് ലത്തീഫിന് തോന്നി. ഒരു യുവാവിനെ വിളിച്ചു കുട്ടിയെ പരിശോധിക്കാൻ പറഞ്ഞു. അവന് പാകമല്ലാത്ത കീറിപ്പറിഞ്ഞ ട്രൗസർ അഴിച്ച് രണ്ടു മൂന്നു പേർ പരിശോധിച്ചു. ‘‘ശരിയായിത്തന്നെയാണ് ചെയ്തിരിക്കുന്നത്’’ എന്ന് ഉറപ്പിച്ചുപറഞ്ഞു. ഒരാൾ ആ പാവപ്പെട്ട സ്ത്രീയെ പരിഹസിച്ചു. നിന്റെ ഭർത്താവിനെയും സുന്നത്തിന് കൊണ്ടുവാ. ഗോതമ്പ് കിട്ടും.’’
കുട്ടി അവർ പിടിവിട്ട ഉടനെ ഓടിപ്പോയി. പാവം തള്ള തട്ടം നേരെയിട്ടു പതുക്കെ പതുക്കെ നടന്നു.
‘‘ഥൂ! ആളുകൾ ഇത്രയേറെ തരം താഴുകയോ!’’ എന്ന് ആരോ ഒരാൾ ആക്രോശിച്ചു.
ലത്തീഫിന് അവൾ നടന്നകന്നതിനു ശേഷം വീണ്ടുവിചാരമുണ്ടായി. ‘‘ഛേ! അവളെ വെറും കൈയായി തിരിച്ചയക്കരുതായിരുന്നു.’’ അവളവിടെയെങ്ങാനുമുണ്ടോ എന്നു തിരഞ്ഞു. കണ്ടുകിട്ടിയില്ല.
സുന്നത്തിന് വന്നവരുടെ നിര മുന്നോട്ടുനീങ്ങിക്കൊണ്ടിരുന്നു. ‘‘ദീൻ! ദീൻ!’’ എന്ന കരച്ചിൽ മുഴങ്ങിക്കൊണ്ടിരുന്നു. ചുവപ്പു ലുങ്കിയുടുത്തവർ പുറത്തെത്തിക്കൊണ്ടിരുന്നു. ഓരോ കുട്ടിക്കും ലത്തീഫ് ഗോതമ്പ് സഞ്ചി ദാനംചെയ്തുകൊണ്ടിരുന്നു.
ആറു മണിക്കാണ് ഡോ. പ്രകാശ് കുടുംബത്തിലെ കുട്ടികൾക്ക് ശസ്ത്രക്രിയ തുടങ്ങാൻ നിശ്ചയിച്ചിരുന്നത്. ലത്തീഫിന്റെയും റസിയയുടെയും മകൻ സമദ് ആറു പേരിലൊരുവൻ. ഏതാണ്ട് പതിനൊന്നു വയസ്സ്. അഞ്ചാറു കൊല്ലമായി റസിയ അവന്റെ സുന്നത്ത് നടത്താൻ ലത്തീഫിനോട് പറഞ്ഞുകൊണ്ടേയിരുന്നെങ്കിലും മെല്ലിച്ച് തൂക്കം കുറഞ്ഞ കുട്ടിയെക്കുറിച്ച് ലത്തീഫിന് വേവലാതിയുണ്ടായിരുന്നതിനാൽ നീട്ടിക്കൊണ്ടുപോയി. ഇന്ന് ആ ദിനമെത്തിയിരിക്കുന്നു.
റസിയ നേരത്തേതന്നെ കുട്ടികളെ കുളിപ്പിച്ച് ഒരുക്കി. ഉച്ചയൂണ് കഴിഞ്ഞപ്പോൾതന്നെ എല്ലാവരെയും ഷെർവാണിയും കോട്ടും ജരികത്തൊപ്പിയുമണിയിച്ച് നിരത്തിയിരുത്തി. നീണ്ടമാലയണിയിച്ചു. കൈത്തണ്ടയിൽ മുല്ലപ്പൂമാല കെട്ടി. റസിയയുടെ സഹോദരിമാരുടെ ഭർത്താക്കൻമാരും എത്തിക്കഴിഞ്ഞിരുന്നു. നിരന്നിരിക്കുന്ന കുട്ടികളുടെ കൈയിൽ ബന്ധുക്കൾ സമ്മാനങ്ങൾ കൊടുത്തു. ചിലർ സ്വർണമോതിരങ്ങൾ വിരലിലണിയിച്ചു; സ്വർണമാലകൾ; അഞ്ഞൂറിന്റെയും നൂറിന്റെയും നോട്ടുകൾ ഒഴുകി. കുട്ടികൾക്ക് കണ്ണുതട്ടാതിരിക്കാനുള്ളചടങ്ങ്, (തലക്കുമീതെ വിരൽ ഞൊട്ടിച്ചു കണ്ണിൽ വെക്കുക) എല്ലാവരും ചെയ്തുകൊണ്ടിരുന്നു. വെറ്റിലയും പഴങ്ങളും പലഹാരങ്ങളും എല്ലാവർക്കും കൊടുത്തുകൊണ്ടിരുന്നു.
പള്ളിയിൽ കുട്ടികൾക്ക് ദാനസഞ്ചി വിതരണത്തിന് നിന്ന് കാൽ കഴച്ച് ലത്തീഫ് ഒരു കസാല വരുത്തിയിരുന്നു. അപ്പോഴാണ് ഒരു പിഞ്ചുകുഞ്ഞിനെ മാറോടടക്കിപ്പിടിച്ച് ഒരു സ്ത്രീ എത്തുന്നത്. പാൽകുടി മാറാത്ത കുഞ്ഞ്. ‘‘ഭയ്യാ! ഈ കുഞ്ഞിന്റെ സുന്നത്തു കൂടി നടത്തിത്തരണേ!’’ ലത്തീഫ് അമ്പരന്നു. നേരത്തേ വന്ന സ്ത്രീയോട് വായിൽ തോന്നിയതൊക്കെ വിളിച്ചുപറഞ്ഞ കൂട്ടർ ഇവളോടും തെറിപറയുമോ എന്ന് പേടിച്ച ലത്തീഫ് അതിവേഗം ഒരു നൂറിന്റെ നോട്ട് പോക്കറ്റിൽനിന്നെടുത്ത് അവൾക്കു കൊടുത്തു. അവൾ പിന്നെ ഒരു നിമിഷംപോലും നിൽക്കാതെ നടന്നു. പോയപ്പോൾ കൊടുത്തത് കുറഞ്ഞുപോയെന്ന തോന്നലുണ്ടായി ലത്തീഫിന്. വീണ്ടും പക്ഷേ ഇങ്ങനെ കൊടുക്കാനിരുന്നാൽ ആവശ്യക്കാർ തുരുതുരെ വന്നുകൊണ്ടിരിക്കും. പാവങ്ങളുടെ പെരുനിര മനസ്സിൽക്കണ്ട് അയാൾ ആകുലനായി. ഒടുക്കത്തെ കുട്ടിക്കും സഞ്ചി കൊടുത്ത് പള്ളിയിൽ ആളൊഴിഞ്ഞതോടെ ലത്തീഫിന് തെല്ലൊരാശ്വാസം തോന്നി. ഇനി വസതിയിൽ പോയി കുടുംബത്തിലെ കുട്ടികളുടെ കർമത്തിനു വേണ്ടതെല്ലാം ചെയ്യേണ്ടതുണ്ട്.
വീടെത്തിയപ്പോൾ എല്ലാവരും ആശുപത്രിയിലേക്ക് പോകാനൊരുങ്ങി നിൽക്കുന്നു. ആറുമണിക്ക് എത്താനാണ് ഡോക്ടർ നിർദേശിച്ചിരിന്നത്. ‘‘കുട്ടികൾക്ക് ലോക്കൽ അനസ്തേഷ്യ (വേദനയറിയാതിരിക്കാനുള്ള മരുന്ന് ഇഞ്ചെക്ട് ചെയ്യുക) കൊടുത്ത് ശസ്ത്രക്രിയ നടത്താം. ഏറ്റവും ചെറിയ ഒരു ശസ്ത്രക്രിയയാണല്ലോ. രാത്രി നന്നായി ഉറങ്ങിയ കുട്ടികൾ പിറ്റേന്ന് രാവിലെ ഉണരുമ്പോഴേക്കും എല്ലാം ശരിയായിക്കഴിഞ്ഞിരിക്കും.’’ ഡോ. പ്രകാശ് പറഞ്ഞിരുന്നു.
ശസ്ത്രക്രിയകൾ വേഗം കഴിഞ്ഞു. വീട്ടിലേക്ക് കൊണ്ടുവന്ന കുട്ടികൾെക്കല്ലാം പതുപതുത്ത കിടക്കകളൊരുക്കിയിരുന്നു. ഫാനുകൾ കറങ്ങി. അവർക്ക് ചുറ്റും പരിചാരകരുണ്ടായിരുന്നു. ചില കുട്ടികൾ ഒന്നു ഞരങ്ങിയിരുന്നു, എങ്കിലും എല്ലാവരും നന്നായി ഉറങ്ങി. എട്ടു മണിക്കൂർ ഉറങ്ങിയാൽ അവരെ ഉണർത്തി അൽമണ്ട് അരച്ചത് പാലിൽ കലക്കി വേദനയറിയാതിരിക്കുന്ന ഗുളികൾ ചേർത്ത് കുടിപ്പിച്ചിരുന്നു. ഒരൊറ്റ ദിനംകൊണ്ട് തന്നെ കുട്ടികൾക്ക് (സമദിനൊഴികെ) സുഖപ്പെട്ടു. പാലും നെയ്യും അൽമണ്ടും ഇൗത്തപ്പഴവും മറ്റും സമൃദ്ധമായി അവർ അകത്താക്കിയിരുന്നു.
കൂട്ടസുന്നത്തിന്റെ അഞ്ചാംനാൾ ആമിനയുടെ മകൻ ആരിഫ് റസിയയുടെ വീട്ടിലെത്തി പേരമരത്തിന്റെ മുകളിൽ കേറി പഴുത്തതും പാതി പഴുത്തതുമായ പഴങ്ങൾ പൊട്ടിച്ചെടുക്കുമ്പോൾ രണ്ടു വേലക്കാർ അവനെ ഉറക്കെ ശകാരിച്ചു. ബഹളം വെക്കുന്നത് കേട്ട് റസിയ പുറത്തുവന്നു. ആമിനയും അവനോട് ഇറങ്ങാൻ പറയുന്നുണ്ടായിരുന്നു. അവൻ കൂസലില്ലാതെ പഴം തിന്നു മതിയായപ്പോൾ ഇറങ്ങി. വേലക്കാർ അവനെ പിടിച്ച് റസിയയുടെ മുന്നിലെത്തിച്ചു. അവൻ കൂസലൊന്നുമില്ലാതെ ഒരു പേരക്ക പോക്കറ്റിൽ നിന്നെടുത്ത് തിന്നാൻ തുടങ്ങി. വേലക്കാരോട് അവനെ വിടാൻ പറഞ്ഞ് റസിയ ചോദിച്ചു: ‘‘നിന്റെ മുറിവുണങ്ങിയോ?’’ ‘‘ഉവ്വ് ചിക്കമ്മ’’ എന്നു പറഞ്ഞുകൊണ്ട് ഒരു നാണവും കൂടാതെ അവൻ ലുങ്കി കയറ്റിക്കാട്ടി. ബാൻഡേജ് ഒന്നുമില്ല. ഇൻഫെക്ഷനൊന്നുമില്ല.
മുറിവ് തീർത്തും ഉണങ്ങിക്കഴിഞ്ഞിരുന്നു. റസിയക്ക് അത്ഭുതം തോന്നി. അവളുടെ മകൻ സമദ് കാലു നീട്ടാൻ കൂടിവയ്യാതെ കിടപ്പാണ്. ആന്റിബയോട്ടിക്കുകൾ എടുത്തിട്ടും മുറിവുണങ്ങാതെ വീർത്തിരുന്നു. അന്നു രാവിലെ കൂടി കുളിപ്പിക്കാനേഴുന്നേൽപിക്കുമ്പോൾ അവന് ഒരടി നടക്കാൻ വയ്യ. കുളിമുറിയിലെ സ്റ്റൂളിലിരുത്താൻ എടുത്തുകൊണ്ടുപോകേണ്ടിവന്നു. സ്റ്റെറിലൈസ്ചെയ്ത ഒരു കപ്പുകൊണ്ട് മുറിവ് മൂടിപ്പിടിച്ചാണ് അവനെ കുളിപ്പിച്ചത്. ഡോ. പ്രകാശ് അയച്ച നഴ്സ് മുറിവിൽ പുതിയ ബാൻഡേജ് ഇട്ടു. ഇൻജക്ഷനും കൊടുത്തു. അതേ ദിവസമാണല്ലോ ആരിഫിന്റെ സുന്നത്തും നടന്നത്. അവൻ അങ്ങനെയൊന്നുണ്ടായിട്ടില്ലെന്ന മട്ടിൽ ഒരു കുരങ്ങനെപ്പോലെ മരം കേറുന്നു. റസിയ ചോദിച്ചു, ‘‘നീ എന്തുമരുന്നാണ് കഴിച്ചത്?’’ ‘‘ഒരു മരുന്നും കഴിച്ചില്ല, ചിക്കമ്മ. അന്ന് മുറിവിൽ ഇട്ട ഭസ്മമൊഴികെ ഒരു മരുന്നും ചെയ്തില്ല.’’ മുറിവിൽ വെണ്ണീറ് വിതറുമെന്നൊന്നും റസിയക്കറിയില്ലായിരുന്നു.
അവൻ പറഞ്ഞതുകേട്ട് റസിയ ഭയപ്പെട്ടു. ഏതെങ്കിലും ഒരു കുട്ടി മുറിവ് പഴുത്ത് അണുബാധയാൽ മരിച്ചുപോയാലോ! റസിയ മേൽനിലയിലേക്ക് പോയി ഉറങ്ങിക്കിടക്കുന്ന കുട്ടികളെ നോക്കി. അവിടെ മേശപ്പുറത്ത് മധുരപലഹാരങ്ങളും ബിസ്കറ്റും പഴങ്ങളുമൊക്കെ േപ്ലറ്റുകൾ നിറച്ചുവെച്ചിട്ടുണ്ട്. അവർ മുകളിൽനിന്ന് മുറ്റത്തേക്ക് നോക്കി. ആരിഫ് അവിടെയുണ്ടോ എന്ന്; ഉണ്ടെങ്കിൽ അവന് ഒരു ബിസ്കറ്റ് പാക്കറ്റ് കൊടുക്കാൻ വേണ്ടി. അവൻ അവിടെയില്ല. തിരിച്ചുപോയിക്കഴിഞ്ഞിരിക്കാമെന്നോർത്തു. ഒരു നേരിയ പുതപ്പുകൊണ്ട് മകനെ പുതപ്പിച്ച് അവർ കോണിയിറങ്ങി. കുട്ടികൾക്കുവേണ്ടി ചിക്കൻ സൂപ്പും അതിഥികൾക്ക് പുലാവും കുർമയും എല്ലാം പാകം ചെയ്യുന്നത് ആമിനയാണ്. തന്റെ മേൽനോട്ടമില്ലെങ്കിൽ ഒന്നും ശരിയാവില്ലെന്ന തോന്നൽകൊണ്ടാണ് റസിയ അടുക്കളയിെലത്തിയത്.
ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും റസിയക്ക് വല്ലാത്തൊരു വിഷമം തോന്നി. മോളിൽപോയി കുട്ടികളെ ഒന്നുകൂടി നോക്കണമെന്ന വെമ്പൽ. അവൾ വാതിൽ തുറന്നപ്പോൾ കണ്ടത് നിലത്തു വീണുകിടക്കുന്ന സമദിനെയാണ്. അയ്യോ! എന്ന് അലറി വിളിച്ച് റസിയ ബോധംകെട്ടുവീണു. നിലവിളികേട്ട് ഓടിക്കൂടിയവർ കണ്ടത് ബോധം കെട്ടു വീണുകിടക്കുന്ന റസിയയെയും നിലത്തു ചോരയൊഴുക്കി കിടക്കുന്ന സമദിനെയും. സമദ് ഉണർന്ന് എണീറ്റ് അമ്മയെ നോക്കാൻ നടന്നതാണ്. വാതിലിലെത്തും മുമ്പ് തലചുറ്റി ഭിത്തിയിൽ തലയിടിച്ചുവീണു. അവനും ബോധംകെട്ടിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചു.
സുന്നത്തു കഴിഞ്ഞ് പതിനൊന്നാം നാൾ കുട്ടികളെയെല്ലാം സ്നാനം ചെയ്യിക്കുന്ന ചടങ്ങുണ്ട്. അന്നാണ് സമദ് ആശുപത്രിയിൽനിന്ന് തിരിച്ചെത്തിയതും. ആ ദിവസം വലിയ സദ്യയുണ്ട്. നഗരത്തിലുള്ളവരെയെല്ലാം ക്ഷണിച്ചിട്ടുണ്ട്. വലിയ ഒരുക്കങ്ങൾ. കുറെയേറെ ആടുകളെ അറുത്തിരിക്കുന്നു. ബിരിയാണിയൊരുങ്ങുന്നതിന്റെ മണം എങ്ങും പരന്നു. സമദിന് ക്ഷീണം ഭേദപ്പെട്ടിരുന്നില്ല. റസിയ അവനെ കൺവെട്ടത്തുനിന്ന് വിടാതെ നിന്നു. കിടക്കയിലിരുന്ന് അവനെ മടിയിൽ തലവെച്ചു കിടത്തിയാണ് അവൾ ആളുകളെ സ്വീകരിച്ചിരുന്നത്.
റസിയ ആൾത്തിരക്കിനിടയിൽ ആരിഫിനെ കണ്ടു. കോളർ കീറിയ ഒരു പഴയ ഷർട്ടാണ് വേഷം. ചുവപ്പു ലുങ്കി ഉപേക്ഷിച്ച് ട്രൗസറിട്ടിരുന്നു. മുറിവിന്റെ കുഴപ്പമൊട്ടുമില്ലെന്ന് വ്യക്തം. അവൾ മകന്റെ മുഖത്തുനോക്കി. കണ്ണുനിറഞ്ഞു. തന്നോടുതന്നെ പിറുപിറുത്തു: ‘‘പണക്കാർക്ക് സഹായത്തിന് പണിക്കാർ; പാവങ്ങൾക്ക് തുണ ഉടയവൻ.’’
റസിയയുടെ കണ്ണുകൾ അവനിട്ടിരിക്കുന്ന ട്രൗസറിലേക്ക് നീണ്ടു. അത് മുട്ടുകൾക്ക് തൊട്ട് കീറിയതായിരുന്നു. അവൻ പോകാൻ തിരിഞ്ഞപ്പോൾ അവൾ കണ്ടു, ട്രൗസറുകൾ അടിയിലും കീറിയിരുന്നു. അവനോട് നിൽക്കാൻ പറഞ്ഞ് റസിയ അകത്തുപോയി. അലമാര തുറന്നു. സമദിന്റെ ഉടുപ്പുകൾ അടുക്കിവെച്ചിട്ടുണ്ട്. പത്ത്-പന്ത്രണ്ട് സെറ്റുകൾ. സമദിനു വേണ്ടതിലേറെ വലുപ്പമുള്ള രണ്ടുസെറ്റ് എടുത്തുകൊണ്ടുവന്ന് ആരിഫിെന്റ കൈയിൽ കൊടുത്തു പറഞ്ഞു. ‘‘കൊണ്ടുപോയി ഇത് ഇട്ടിട്ടുവേണം ഭക്ഷണത്തിന് വരാൻ.’’ ആരിഫിന്റെ കണ്ണുകൾ തിളങ്ങി. ആ തിളക്കത്തിൽ തുളുമ്പിയത് നന്ദിയേക്കാളേറെ വണക്കമായിരുന്നു. ആ മിനുസപ്പെട്ട ഉടുപ്പിൽ അവൻ തലോടി. സമദ് നിവർന്നിരുന്നു, റസിയയുടെ ചുമലിൽ തല ചായ്ച്ചുകൊണ്ട്. റസിയ കനിവൂറുന്ന പുഞ്ചിരിയോടെ ആരിഫിനെ നോക്കി. രണ്ടുപേരെയും നോക്കിക്കൊണ്ട് മിണ്ടാനാകാതെ ഉടുപ്പുകൾ നെഞ്ചത്തടക്കിപ്പിടിച്ചുകൊണ്ട് അവൻ പതുക്കെ പുറത്തേക്ക് നടന്നു.
പാവങ്ങളുടെ കണ്ണീരും യാതനയും ഇല്ലായ്മകളും വല്ലായ്മകളും നിറഞ്ഞ കഥ സമാപിക്കുന്നത് കനിവിന്റെയും ഉദാരതയുടെയും നന്മനത്തിന്റെയും ഉള്ളിണക്കത്തിന്റെയും കതിരുകൾ തൂകിക്കൊണ്ടാണ്. ഇത്തരം സമാപ്തികൾ ദുരന്തദീപ്തികൾ പോലെത്തന്നെ മനോമാഥികളാക്കിത്തീർക്കാൻ കഴിയുമെന്ന് കഥാകൃത്തിന്റെ ആഖ്യാനശൈലി തെളിയിച്ചിരിക്കുന്നു. എന്നാൽ, ‘‘കണ്ണീർക്കണം മറ്റുള്ളവർക്കായി പൊഴിക്കുമ്പോൾ ആയിരം സൗരമണ്ഡലവും പുഞ്ചിരി മറ്റുള്ളവർക്കായി തൂകുമ്പോൾ നിത്യനിർമല പൗർണമിയും വിരിയുന്നു’’വെന്ന രൂപകങ്ങളിലൂടെ ഒരു കവി വിഭാവനം ചെയ്തുപോലെ ഒന്നിന് അകക്കാമ്പു പൊള്ളിക്കുന്ന ചൂടും മേറ്റതിന് അകക്കാമ്പിനെ അള്ളിപ്പിടിക്കുന്ന തണുപ്പും അനുഭവപ്പെടുത്തുന്ന കിരണങ്ങളാണ് കഥയുടെ ആന്തരോർജം.
ധർമപുത്രർ വലിയ യജ്ഞം സമാപിച്ചത് ആയിരമായിരം അതിഥികൾക്ക് അന്നം നൽകിക്കൊണ്ടാണെന്ന സംതൃപ്തി പ്രകടിപ്പിച്ചപ്പോൾ എന്റെ കാലത്ത് അന്നം തേടിയെത്തിയ ഒരാളെപോലും കിട്ടിയില്ലെന്ന് പ്രതികരിച്ച് മഹാബലി എന്നൊരു കഥയുണ്ട്. ഈ രണ്ടിൽ ഏതാണ് ക്ഷേമരാഷ്ട്രം. ദാനം കിട്ടുന്ന അന്നത്തിനുവേണ്ടി കൂട്ടംകൂട്ടമായി ആളുകൾ അണിനിരക്കണമെങ്കിൽ അത്രയേറെ അതിന്റെ അഭാവം നാട്ടിൽ വ്യാപിച്ചിട്ടുണ്ടെന്ന ഒരർഥംകൂടി വന്നുചേരും. മതപരമായ ആഘോഷവേളകളിൽ സകാത് തേടിയെത്തുന്നവരുടെ എണ്ണവും അവരുടെ ദൈന്യവും വൻതോതിലുണ്ടെങ്കിൽ അതിനർഥം, ഒന്നുമില്ലാത്ത പാവങ്ങളുടെ എണ്ണം വലുതാണെന്നാണല്ലോ. അതോടൊപ്പം എല്ലാം കൈയടക്കിയവരുടെ എണ്ണം ചെറുതുമാണ് എന്നുകൂടിയായിത്തീരും. ‘സകാത്’ എന്ന മതാചാരം സമ്പന്നന്റെ ഔദാര്യത്തെ വാഴ്ത്തുന്നതോടൊപ്പം നിർധനന്റെ ദൈന്യപാരമ്യത്തെ വ്യ
ഞ്ജിപ്പിക്കുകയും ചെയ്യുന്നു. ഈ കഥയുടെ ഊന്നൽ ഉള്ളവർ-ഇല്ലാത്തവർ എന്ന വർഗവൈരുധ്യത്തിലാണ്. ആ വൈരുധ്യത്തിന്റെ ദാരുണതയിലേക്ക് മനസ്സിനെ നയിക്കുന്ന രണ്ട് സ്ത്രീ ചിത്രങ്ങൾ. ഔദാര്യവും കനിവുമുള്ള ദമ്പതി ചിത്രങ്ങളേക്കാൾ, ഹൃദയദ്രുതീകരണങ്ങളാണ്. ഒരുവൾ സുന്നത്തു നടത്തിക്കഴിഞ്ഞ അരുമ മകന് ഒരിക്കൽകൂടി മുറിവിന്റെ വേദന യാചിക്കുന്നത് അവന് വിശപ്പകറ്റാൻ വേണ്ടുന്ന അന്നം നൽകാൻ വേണ്ടിയാണ്. അവൾക്കറിവില്ല കർമം നടത്തുന്നവർ വസ്തുത കണ്ടെത്തുമെന്ന യാഥാർഥ്യം.
അവളെ ഭർത്താവിനെ കൂടിക്കൊണ്ടുവരാമായിരുന്നില്ലേ ധാന്യ സഞ്ചിക്കുവേണ്ടി? എന്ന അതിക്രൂരമായ ചോദ്യത്തിലൂടെ പരിഹസിക്കുന്നവർ സംരക്ഷിക്കാൻ ഭർത്താവുള്ളവൾ ഇത്തരത്തിലുള്ള ഇരക്കലിനെത്തുമോ എന്നു ചിന്തിക്കുന്നതേയില്ല. ഒന്നുകിൽ വിധവ; അല്ലെങ്കിൽ ഭർത്താവുപേക്ഷിച്ചവൾ. ഏതു നിലക്കായാലും രക്ഷകനില്ലാത്ത ഒരുവൾ മാത്രമേ ഈ മട്ടിലുള്ള യാചനക്കെത്തുകയുള്ളൂ എന്നു ചിന്തിക്കാനുള്ള കനിവോ കഴിവോ ഇല്ലാത്തവർക്കേ അവളെ പരിഹസിക്കാൻ കഴിയൂ. കനിവും കഴിവുമുള്ളവനും ഉദാരനുമായ പുരുഷൻപോലും അവൾക്ക് കരുണയോടെ ദാനം ചെയ്യുകയുണ്ടായില്ല. കരുണ ഉണരുന്നത് കുറച്ചു നിമിഷങ്ങൾ വൈകിയതിനുശേഷമാണ്. രണ്ടാം തവണ അപ്രകാരം അറിവെത്തിയത് വൈകിയിട്ടല്ല. എങ്കിലും കൊടുത്തത് ചെറിയ ദാനമായിപ്പോയി എന്ന വിവേകമാണ് അത്തവണ വൈകിയെത്തുന്നത്.
രണ്ടാമത്തെ സ്ത്രീയുടെ കൈയിലുള്ളത് മുലകുടിക്കുന്ന ഒരു പിഞ്ചുകുഞ്ഞാണ്. അതിനെ ചൂണ്ടിയുള്ളതാണ് യാചന. ഇത്രയേറെ അന്ധമായ യാചനയിലേക്ക് ഇല്ലായ്മകളിലുഴലുന്ന വർഗം എത്തിച്ചേർന്നിരിക്കുന്നു. വർഗവൈരുധ്യത്തിന്റെ ഈ കഠോരതയിലേക്കാണ്, അത്രമാത്രം ഇരുൾ തിങ്ങുന്ന അന്ധകൂപത്തിലേക്കാണ് കഥ അതിന്റെ കിരണങ്ങൾ തൂകുന്നത്. ദാനവീരം പ്രകടിപ്പിക്കുന്ന ധീരോദാത്ത നായകന്മാർ വാഴ്ത്തപ്പെടുന്നതോടൊപ്പം ദൈന്യഭാരം വഹിക്കുന്ന ദുർബല വിഭാഗത്തെ മുന്നിലേക്ക് നീക്കിനിർത്തി ‘‘ഇവരെച്ചൊല്ലി കേഴുക’’; ഇവരെ ഉയർത്താൻ വാക്കിന്റെയും പ്രവൃത്തിയുടെയും സമസ്തവീര്യങ്ങളും ഉണർത്തി പ്രയുക്തമാക്കുക എന്ന് കഥ നമ്മുടെ കാതിൽ മന്ത്രിച്ചുകൊണ്ടേയിരിക്കുന്നു. ഉറങ്ങുന്ന അന്തശ്ചേതനകളെ ഉണർത്തി ഉയർത്തുന്ന ‘ചുവപ്പു ലുങ്കി’ എന്ന ശീർഷകം സൂചിപ്പിക്കുന്ന സംഭവത്തിനല്ല മനുഷ്യസമൂഹത്തിൽ അവശ്യം സംഭവിക്കേണ്ടതായ ആത്ഥികസമത്വത്തിലേക്ക് നയിക്കുന്ന വിപ്ലവത്തിന്റെ ചുവപ്പുകൊടിയടയാളമാണ് കഥയുടെ കാതലായ സ്ത്രീചിത്ര ദ്വയം.
സമാന്തരമായ മറ്റൊരു ചിത്രദ്വയം ഈ വസ്തുതക്ക് ബലം കൂട്ടുന്നു. പാവങ്ങൾക്ക് പുണ്ണിൽ വെണ്ണീറാണ് തൂകുന്നത്, മുറിവുണക്കാൻ വേണ്ടി; പണക്കാർക്ക് മരുന്നുകളും വേദനസംഹാരികളും. പാവങ്ങൾക്ക് ആഹാരത്തിന് ധാന്യസഞ്ചി കിട്ടുന്നു. പണക്കാർക്ക് ധാന്യഭക്ഷണത്തിന് പുറമെ വിശിഷ്ടഭോജ്യങ്ങളുടെ കൂമ്പാരം. ഈ വൈരുധ്യത്തെപ്പറ്റി സമ്പന്നർക്ക് അവബോധമുണരുന്നുണ്ട്. എങ്കിലും ‘‘പണക്കാർക്ക് തുണ പണിക്കാർ; പാവങ്ങൾക്ക് തുണ തമ്പുരാൻ’’ എന്ന പ്രതികരണം ആ വൈരുധ്യം പരിഹരിക്കാൻ കഴിവുള്ളത് തമ്പുരാന് മാത്രമാണെന്ന് അവർ ആശ്വസിക്കുന്നതിനെ സൂചിപ്പിക്കുന്നു. വൈരുധ്യം പരിഹരിക്കാൻ തങ്ങൾക്ക് കഴിയുന്നത് ഉദാരമായ ദാനങ്ങളിലൂടെയാണെന്ന് വിശ്വസിക്കുകയുംചെയ്യുന്നു. ഈ ആശ്വാസത്തിന്റെയും വിശ്വാസത്തിന്റെയും സ്ഥാനത്ത് ആ വൈരുധ്യം പരിഹരിക്കുന്ന കർമങ്ങളിലേക്കാണ് മനുഷ്യൻ ഉണരേണ്ടത് എന്ന വസ്തുതയിലേക്കാണ് ഈ ചിത്രദ്വയവും കതിർ തൂകുന്നത്.
സുന്നത്ത് ആൺകുഞ്ഞുങ്ങളോട് ചെയ്യുന്ന ക്രൂരതയാണെന്നും അത് ഐന്ദ്രിയ സുഖ വർധനക്ക് ഉതകുകയില്ലെന്നുമാണ് കഥയുടെ മുഖ്യധ്വനി എന്ന രീതിയിൽ കഥാപാരായണം ചെയ്യുന്നവരുണ്ടാവാം. മറ്റു മതങ്ങളിലെ പുരുഷന്മാർക്കില്ലാത്ത ഐന്ദ്രിയ സുഖവർധന ഒരു വിഭാഗത്തിന് നൽകാൻ ഈ അനുഷ്ഠാനം ഉതകുമോ എന്ന് ചിന്തിക്കാനുള്ള പ്രേരണ കഥയുടെ കാതലിലുണ്ട് എന്ന നിരീക്ഷണം അപ്രസക്തമല്ല. എങ്കിലും ആചാരത്തെ വിമർശിക്കുന്നതിനല്ല കഥയിൽ അംഗിത്വം –അത് അംഗത്വം മാത്രമാണ്. ക്രൂരമായ ‘റാഗിങ്’ വിദ്യാർഥിലോകത്തുനിന്ന് നിഷ്കാസനം ചെയ്യണമെന്ന വാദത്തിനുള്ള പ്രാധാന്യം ഈ നിരീക്ഷണത്തിനുമുണ്ട്. അതു മാത്രമാണ് കഥയുടെ സന്ദേശമെന്ന രീതിയിലുള്ള പാരായണം അപൂർണമാണെന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്. അത്ര മാത്രമാണ് സന്ദേശമെങ്കിൽ ആ സ്ത്രീ ചിത്രദ്വയത്തിനോ കർമനിർവഹണത്തിൽ ദരിദ്രർക്കും പണക്കാർക്കുമുള്ള വ്യത്യാസത്തിന്റെ ചിത്രദ്വയമോ കഥയിലുണ്ടാകുമായിരുന്നില്ലല്ലോ.
‘ചുവപ്പു ലുങ്കി’യെന്ന കഥ അതിന്റെ പാരായണ സാധ്യതകളുടെ വൈവിധ്യം കൊണ്ടുകൂടിയാണ് മഹത്തരമായിത്തീരുന്നത്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.