ഡോ. എസ്.എസ്. സന്തോഷ് കുമാർ
ഗസ്സ സംഘർഷഭൂമിയിൽ മാധ്യമങ്ങളുടെ കണ്ണുകൾപോലും അന്യമാകുന്ന ഒരുപിടി ചിത്രങ്ങളും അനുഭവങ്ങളുമാണ് ഡോ. എസ്.എസ്. സന്തോഷ് കുമാറിന്റേത്. മുറിവേറ്റവർക്ക് ചികിത്സ നൽകി ദൗത്യം അവസാനിപ്പിക്കാതെ ഡോക്ടർ എന്ന നിലയിൽ തന്റെ ധാർമികദൗത്യം പരിപൂർണ തോതിൽ നടപ്പാക്കുകയാണ് ഐക്യരാഷ്ട്രസഭയുടെ എമർജൻസി മെഡിക്കൽ ടീമിന് നേതൃത്വം നൽകുന്ന ഡോ. സന്തോഷ് കുമാർ. ‘യുദ്ധഭൂമികളിൽ എത്തിപ്പെട്ടാൽ 20-30 ശതമാനം പേർക്ക് മാത്രമേ ചികിത്സ നൽകാൻ കഴിയൂ. മറ്റുള്ളവർ മരണത്തിന് കീഴടങ്ങുന്നതു കാണേണ്ടിവരും. പക്ഷേ, നിങ്ങൾ ഒന്നും ചെയ്തില്ലെങ്കിലും ഞങ്ങളെ കാണാൻ വന്നതുതന്നെ വലിയ കാര്യമാണെന്നാണ് ഓരോ മനുഷ്യനും നമ്മോട് പറയുക. ആ സമയങ്ങളിൽ നമ്മുടെ ഐക്യദാർഢ്യമാണ് അവർക്ക് പ്രധാനം’ -ഡോക്ടർ പറയുന്നു.
ആകാശവും ഭൂമിയും നഷ്ടമാവുന്നവർ
മൂന്നു തവണകളായി 220 ദിവസമാണ് ഞാൻ ഗസ്സയിൽ ഉണ്ടായിരുന്നത്. ഒരിക്കൽ അവിടെനിന്നു മടങ്ങിയതിന്റെ പിറ്റേന്ന്, ആശുപത്രിയിൽ കൂടെ ജോലി ചെയ്തിരുന്ന തദ്ദേശീയനായ ഡോ. താരിഖ് എന്നെ വിളിച്ചു. ‘സന്തോഷ്, നീ ഇവിടെയുണ്ടായിരുന്നപ്പോൾ നമുക്കിരുവർക്കുമായി ആകാശവും ഭൂമിയും ഉണ്ടായിരുന്നു. ഇപ്പോൾ നീ മറ്റെവിടെയോ ആണ്. എനിക്ക് എന്റെ ആകാശവും ഭൂമിയും നഷ്ടമായിക്കൊണ്ടിരിക്കുകയാണ്...’ ഇതാണ് ഒരോ ഗസ്സനിവാസിയുടെയും അവസ്ഥ.
ഡോ. താരിഖിനെ സർജറിക്കിടെ ഭാര്യ വിളിച്ച് അവർ താമസിക്കുന്നിടത്തുനിന്ന് ഒരു മണിക്കൂറിനകം മാറണമെന്ന് സൈന്യം അന്ത്യശാസനം കൊടുത്തതായി അറിയിച്ചു. തൊട്ടടുത്ത കോമ്പൗണ്ടിൽ താരിഖിന്റെ മാതാപിതാക്കളും സഹോദരങ്ങളും കുട്ടികളുമടങ്ങുന്ന ഇരുപതംഗ കുടുംബം താമസിക്കുന്നയിടം തൊട്ടുമുമ്പ് ബോംബിങ്ങിൽ തകർന്നിരുന്നു. താരിഖിന്റെ നിർദേശപ്രകാരം ഭാര്യ നാലു മക്കളെയും കൂട്ടി അവിടെനിന്നിറങ്ങി. പിന്നീട് അവരെ ബന്ധപ്പെടാൻ താരിഖ് ശ്രമിച്ചെങ്കിലും നടന്നില്ല. നാലഞ്ചുദിവസങ്ങൾക്കുശേഷം താരിഖിന്റെ സുഹൃത്തായ മറ്റൊരു ഡോക്ടറാണ് ആ സ്ത്രീയെയും കുട്ടികളെയും കണ്ടെത്തി താരിഖിനെ അറിയിക്കുന്നത്.
2023 നവംബറിലാണ് ആദ്യം നാസർ ആശുപത്രിയിൽ എത്തിയത്. അന്നും ആശുപത്രിക്കുനേരേ ആക്രമണഭീഷണി ഉയർന്നിരുന്നു. ആശുപത്രി അടച്ചുപൂട്ടാനുള്ള ഉത്തരവ് ഇസ്രായേൽ സർക്കാർ പുറപ്പെടുവിച്ചു. രാത്രിയിൽ അതിശക്തമായ ബോംബിങ് തുടങ്ങി. ആക്രമണമുണ്ടാവുമെന്ന് മുന്നറിയിപ്പുണ്ടായിട്ടും നാസർ ആശുപത്രിയെ അന്ന് ഇസ്രായേൽ സൈന്യം വെറുതെ വിട്ടു. മൂന്നാമത്തെ ഗസ്സ ദൗത്യത്തിൽ വീണ്ടും നാസർ ആശുപത്രിയിൽ എത്തി, രോഗികളെ പരിശോധിച്ചുകൊണ്ടു നിൽക്കുമ്പോഴാണ് ആശുപത്രിക്കു നേരേയുള്ള ഇസ്രായേലിന്റെ വ്യോമാക്രമണം ഉണ്ടാകുന്നത്. ഐ.സി.യുവിനുള്ളിലേക്ക് തുളഞ്ഞുകയറിയ മിസൈലിന്റെ പ്രഹരത്തിൽ മുപ്പതോളം പേരാണ് തൽക്ഷണം മരിച്ചത്. അതിൽ പലരും എന്റെ സുഹൃത്തുക്കളായിരുന്നു.
തൊട്ടടുത്ത ആക്രമണത്തിൽ ആശുപത്രിയുടെ ഏറ്റവും മുകളിൽ ടെറസിനു താഴെയുള്ള നിലയിലാണ് മിസൈൽ പതിച്ചത്. മെഡിക്കൽ വിദ്യാർഥികളുൾപ്പെടെ എട്ടുപേർ ആ ആക്രമണത്തിൽ മരിച്ചു. റോയിട്ടേഴ്സിന്റെ ഫലസ്തീനികളായ പത്രപ്രവർത്തകരിൽ രണ്ടുപേരും അതിലുൾപ്പെട്ടു. അഞ്ചുമിനിറ്റ് കഴിയും മുൻപേ അടുത്ത മിസൈലും അതേ സ്ഥലത്തു പതിച്ചു. നാൽപതോളം പേരാണ് ഇപ്രാവശ്യം മരിച്ചുവീണത്. ഏറ്റവും താഴത്തെ നിലയിലെ എമർജൻസി മുറിയിൽ പരിക്കേറ്റവരെ പരിചരിച്ചുനിന്ന ഞങ്ങൾ ഭാഗ്യംകൊണ്ടുമാത്രമാണ് രക്ഷപ്പെട്ടത്.
ഭക്ഷണത്തിനു വേണ്ടിയുള്ള യുദ്ധം
ചില സമയങ്ങളിൽ ബോംബുകൾ വർഷിക്കാനല്ലാതെയും വിമാനങ്ങൾ ഗസ്സയുടെ ആകാശത്ത് വട്ടമിട്ടു പറക്കും. അവയിൽനിന്ന് ഭക്ഷണവുമായി പാരച്യൂട്ടുകൾ താഴേക്കു വിടർന്നുവരും. പതിനായിരക്കണക്കിനാളുകൾ വിശന്നുവലയുന്നിടത്ത് പത്തോ നൂറോ പേർക്കുമാത്രമുള്ള ഭക്ഷണം. ആ പാരച്യൂട്ടുകളിൽനിന്ന് ഭക്ഷണപ്പൊതികൾ താഴേക്കു പതിക്കുമ്പോൾ അതിനുവേണ്ടിയുള്ള മറ്റൊരു യുദ്ധം ഭൂമിയിൽ പൊട്ടിപ്പുറപ്പെടും. ആ യുദ്ധത്തിലും കുറെ പേർ മരിക്കും. ചില സമയങ്ങളിൽ പാരച്യൂട്ടുകളുടെ ചരടുകൾ പൊട്ടിപ്പോകും. ഭാരമേറിയ ഭക്ഷണച്ചാക്കുകൾ ശക്തിയിൽ താഴേക്കു പതിച്ച് അതിനടിയിൽപെട്ടും ആളുകൾ മരിക്കും.
സമാധാനമറിയാത്ത കുട്ടികൾ
ഫലസ്തീനിൽ വഴിനീളെ കുട്ടികളെ കാണാം. സ്വതന്ത്രമായി അലയുന്ന കുട്ടികൾ. യുദ്ധം എന്താണെന്നും അതിന്റെ കെടുതികളെന്താണെന്നും ആ കുട്ടികൾക്ക് അറിയില്ല. അവരുടെ ഓർമയിലും അറിവിലും അവർ ജനിച്ച നാടിങ്ങനെയാണ്. സമാധാനമെന്തെന്ന് അവർക്ക് തിരിച്ചറിയാനായിട്ടേയില്ല.
അവർ കണ്ട ഏകലോകം യുദ്ധത്തിന്റെ വലയിലകപ്പെട്ട ഫലസ്തീൻ മാത്രമാണ്. ആളുകൾ തിങ്ങിത്താമസിക്കുന്ന ടെന്റുകളിൽനിന്ന് ഇറങ്ങി അലയുന്നവരായിരിക്കും ഇത്. പലപ്പോഴും ആ യാത്രകളൊക്കെ അവസാനിക്കുക ഭക്ഷണ വിതരണ കേന്ദ്രങ്ങൾക്കടുത്താണ്. അങ്ങനെ ഭക്ഷണവിതരണ കേന്ദ്രങ്ങൾക്കു മുന്നിലെ കലാപങ്ങളിലേക്ക് കുരുന്നുജീവനുകൾ എടുത്തെറിയപ്പെടുന്നു.
ഐക്യരാഷ്ട്ര സഭയുടെ എമർജൻസി മെഡിക്കൽ ടീമിന് ഭാഗമായി 40ഓളം സംഘർഷഭരിത രാജ്യങ്ങളിൽ ഡോ. എസ്.എസ്. സന്തോഷ് കുമാർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ യാത്രകളിൽ കാണുന്ന കരളലിയിപ്പിക്കുന്ന ദൃശ്യങ്ങളാണ് യുദ്ധവിരുദ്ധ ബോധവത്കരണം എന്ന് ദൗത്യത്തിലേക്ക് അദ്ദേഹം നീങ്ങുന്നത്. സംഘർഷഭൂമികളിൽ മാധ്യമങ്ങളുടെ കൺമുന്നിൽനിന്ന് മറച്ചുവെക്കപ്പെട്ടുന്ന നിസ്സഹായരായ മനുഷ്യരുടെ നോവുകൾ പുറംലോകത്തെ അറിയിക്കുന്നതിനായി എഴുതിയും ഫോട്ടോ എടുത്തുമാണ് തുടക്കം. പിന്നീടാണ് ഫോട്ടോകൾ ലാമിനേറ്റ് ചെയ്ത്, ആളുകളുമായി സംവദിക്കുന്ന കുറിപ്പുകൾ തയാറാക്കി ചിത്ര പ്രദർശനം നടക്കാൻ ആരംഭിച്ചത്. നേരത്തേയും പല സംഘർഷ ഭൂമികളിൽനിന്നും തിരിച്ചെത്തുമ്പോൾ യുദ്ധക്കെടുതികളുടെ ആഴം ജനങ്ങളെ അറിക്കുന്നതിന് ചിത്രപ്രദർശനം നടത്തിയിരുന്നു. ഗസ്സയിലെ ചിത്രങ്ങൾ കോഴിക്കോട്ട് പ്രദർശിപ്പിച്ചു. മറ്റിടങ്ങളിലും നടക്കാനിരിക്കുന്നു.
പ്രത്യക്ഷത്തിൽ തന്നെ വംശഹത്യയാണെന്നതാണ് മറ്റ് യുദ്ധഭൂമികളിൽനിന്ന് ഗസ്സയെ വ്യത്യസ്തമാക്കുന്നതെന്ന് ഡോ. എസ്.എസ്. സന്തോഷ് കുമാർ പറയുന്നു. മറ്റിടങ്ങളിൽ ഇരുട്ടിന്റെ മറവിലാണ് ആക്രമണങ്ങൾ കൂടുതൽ നടക്കുന്നതെങ്കിൽ ഗസ്സയിൽ പട്ടാപ്പകൽ മുന്നറിയിപ്പുനൽകി അവകാശവാദം ഉന്നയിച്ചാണ് ആക്രമണങ്ങൾ നടക്കുന്നത്. ബോംബുവീണ് മരിക്കുന്നതിന്റെ മൂന്നുനാല് ഇരട്ടിയാണ് ഭക്ഷണവും ശുദ്ധജലവും മരുന്നും ലഭിക്കാതെ മരിക്കുന്നത്. ശിശുമരണനിരക്ക് 50 ശതമാനത്തോളമാണ്.
തിരുവന്തപുരം മെഡിക്കൽ കോളജിൽ പ്രാക്ടീസ് ചെയ്തിരുന്ന ഡോ. സന്തോഷ് കുമാർ നാലു വർഷമായി സർക്കാർ സർവിസിൽനിന്ന് അവധിയെടുത്ത് യുക്രെയ്നിലും ഗസ്സയിലും യു.എന്നിന്റെ േപ്രാജക്ട് ഹോപ്പിന്റെ ഡയറക്ടറായി സേവനമനുഷ്ഠിക്കുകയാണ്.
.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.