ചിത്രീകരണം: തോലിൽ സുരേഷ്
വാച്ച്മാന്‍ മുരുകന്‍ രണ്ടുതവണയായി രങ്കമ്മയുടെ കയ്യില്‍നിന്ന് അഞ്ഞൂറുരൂപ വാങ്ങിച്ചുകഴിഞ്ഞു. ഇന്ന് രാത്രി ഡ്യൂട്ടി സമയത്ത് വന്നുകൊള്ളാനാണ് പറഞ്ഞിരുന്നത്. നൈറ്റ് ഷിഫ്റ്റുകാര്‍ പന്ത്രണ്ടരയോടെ ഇറങ്ങും. അതിനുശേഷം ഗേറ്റിനടുത്തെത്തി ഒന്നു ടോര്‍ച്ചുമിന്നിച്ചാല്‍ മതി. താന്‍ ബാക്കി നോക്കിക്കോളാം എന്നാണ് കരാര്‍.
രങ്കമ്മ പതിനൊന്നു കഴിഞ്ഞപ്പൊഴേ കാടിനുള്ളിലൂടെയുള്ള വഴിയിലെത്തി. ഡാമില്‍ ബസിറങ്ങി ഏതാണ്ട് നാലു കിലോമീറ്ററോളം റിസര്‍വോയറിന്‍റെ അരികിലൂടെ നടന്നാലേ ഇവിടേക്കു തിരിയുന്ന വഴിയിലെത്തൂ. ആനയിറങ്ങുന്ന വഴിയാണ്. സഞ്ചാരികള്‍ ഈ വഴിവരുമ്പോള്‍ പലപ്പോഴും പുള്ളിപ്പുലിയെ വരെ കണ്ടിട്ടുണ്ട്. രാത്രികാലത്ത് കാട്ടുപന്നിയുടെ ശല്യവും ഉണ്ട്. ശരീരം വിറച്ചുകൊണ്ടാണ് അവര്‍ ഇരുട്ടത്ത് നടന്നത്. ഈ വഴിക്ക് ‘എലിവാല്‍’ വരെ പോകുന്ന ഒരു കെ.എസ്.ആര്‍.ടി.സി ബസുമാത്രമേയുള്ളൂ. അത് വൈകുന്നേരം ആറരക്കാണ് അവസാനത്തെ ട്രിപ്പ്. അതുകഴിഞ്ഞാല്‍ പൂർണമായും വിജനം.
സ്ഥാപനത്തിലേക്കുള്ള വഴി തുടങ്ങുന്നിടത്ത് ഉപേക്ഷിക്കപ്പെട്ട ഒരു സെക്യൂരിറ്റി ക്യാബിനുണ്ട്. അതിന്‍റെ പിറകില്‍ രങ്കമ്മ പതുങ്ങിയിരുന്നു. ഇഴജന്തുക്കളൊക്കെ ധാരാളമുള്ള ഇടമാണ്. പക്ഷേ രാത്രിഷിഫ്റ്റുകാര്‍ കടന്നുപോകുംവരെ കഴിച്ചുകൂട്ടിയേ പറ്റൂ. രണ്ടു വര്‍ഷംമുമ്പ് നാട്ടുകാര്‍ നടത്തിയ ഒരു പരിസ്ഥിതി പ്രക്ഷോഭത്തില്‍ തകര്‍ത്ത ക്യാബിനാണിത്. അന്ന് പോലീസ് ലാത്തിച്ചാർജൊക്കെ ഉണ്ടായിരുന്നതായി രങ്കമ്മ ഓര്‍ത്തു. ഈ സ്ഥാപനത്തില്‍നിന്ന് ജൈവമാലിന്യങ്ങള്‍ ഒഴുകി റിസര്‍വോയറിലെത്തുന്നുവെന്നും, ഇവിടത്തെ പുകക്കുഴലില്‍നിന്ന് രാത്രികാലങ്ങളില്‍ ഉയരുന്ന വിഷപ്പുക കാറ്റത്ത് സമീപത്തുള്ള ഊരുകളിലൊക്കെ പടര്‍ന്ന് ശ്വാസംമുട്ടലുണ്ടാക്കുന്നു എന്നുമൊക്കെ പറഞ്ഞായിരുന്നു സമരം. പക്ഷേ കമ്പനിക്കാര്‍ വളരെ സ്വാധീനമുള്ളവരാണ്. അവര്‍ പോലീസിനെയും ഭരണകക്ഷിയേയുമൊക്കെ കയ്യിലെടുത്ത് സമരം നിഷ്പ്രയാസം പൊളിച്ചുകൊടുത്തു. അതിനുശേഷം നാട്ടുകാര്‍പോലും ഈ വഴി വരാറില്ല. കമ്പനിയുടെ സെക്യൂരിറ്റി കൂടുതല്‍ കര്‍ശനമാക്കുകയും ചെയ്തു.
പക്ഷേ മുരുകന്‍ രാത്രി ഡ്യൂട്ടിയിലുള്ളപ്പോള്‍ കാര്യം നടക്കാന്‍ സാധ്യതയുണ്ട്. കൂടെയുള്ള മറ്റൊരു സെക്യൂരിറ്റിയെ കുടിപ്പിച്ച് ഉറക്കാനാണ് പ്ലാന്‍. അപ്പോള്‍ കാര്യങ്ങള്‍ എളുപ്പമാവുമല്ലോ. പിന്നെ സി.സി.ടി.വി ക്യാബിനില്‍ കയറി നേരിട്ട് കാഴ്ചയുള്ള ചിലതൊക്കെ ഓഫ് ചെയ്തുവയ്ക്കാമെന്നും പറഞ്ഞിട്ടുണ്ട്. പത്തു മിനിട്ടില്‍ കൂടുതല്‍ പറ്റില്ല. അതിനിടക്ക് കാര്യം സാധിച്ചോളണം. രങ്കമ്മ എല്ലാറ്റിനും തയ്യാറായിരുന്നു. അവര്‍ക്ക് നഷ്ടപ്പെട്ടത് അത്രയ്ക്ക് വിലപിടിച്ച ഒന്നായിരുന്നല്ലോ.
കിട്ടുമെന്ന് യാതൊരുറപ്പുമില്ല ട്ടോ. പാറശ്ശാല മുതല്‍ കാസര്‍കോഡുവരെ പത്തു പതിമൂവായിരം സ്ഥാപനങ്ങളില്‍നിന്നു വരുന്ന പാക്കറ്റുകളാ. ദിവസവും നൂറുകണക്കിന് ലോറികളെത്തും. പ്ലാന്‍റുകളില്‍ സ്ഥലമില്ലാത്തതുകൊണ്ട് പുറത്ത് കൂനകൂട്ടിയിരിക്കുകയാ. പത്തു മിനിട്ടുകൊണ്ട് തപ്പിത്തിരഞ്ഞു കിട്ടുമെങ്കില്‍ രങ്കമ്മയുടെ ഭാഗ്യം. അത്രെയേ പറയാന്‍ വയ്ക്കൂ.
ശരി. ശ്രമിച്ചുനോക്കാല്ലോ.
രങ്കമ്മ കേണു.
രാത്രി ഷിഫ്റ്റുകാരുടെ കണ്ണില്‍പ്പെട്ടാല്‍ തീര്‍ന്നു ട്ടോ. പെടാതെ നോക്കിക്കോളണം.
രങ്കമ്മ കയ്യിലെ കൊച്ചു ഫോണിലമര്‍ത്തി സമയം നോക്കി. പന്ത്രണ്ടേമുക്കാലായി. ഷിഫ്റ്റ് കഴിഞ്ഞ്, വസ്ത്രം മാറി കൈയും കാലുമൊക്കെ കഴുകി, ജോലിക്കാര്‍ പുറത്തിറങ്ങാറായിട്ടേയുള്ളൂ. വണ്ടികളുടെ ശബ്ദം കേട്ടതോടെ രങ്കമ്മ ഒന്നുകൂടി ഒതുങ്ങിയിരുന്നു. തിരിവില്‍ ലൈറ്റടിച്ചാല്‍ കണ്ണില്‍പ്പെടാതിരിക്കണം.
ആദ്യം നാലഞ്ചു ടൂവീലറുകള്‍ ഒന്നിച്ചു കടന്നുപോയി. പിന്നെയും കുറച്ചുനേരം കഴിഞ്ഞതോടെ ഉച്ചത്തില്‍ സംസാരിച്ചുകൊണ്ട് കുറേ സ്ത്രീകളും പുരുഷന്മാരും നടന്നുവന്നു. തുടര്‍ച്ചയായി ചുമയ്ക്കുകയും തുമ്മുകയുമൊക്കെ ചെയ്തുകൊണ്ട് അവര്‍ ജോലിയുടെ കെടുതികളെക്കുറിച്ചുതന്നെ സംസാരിച്ചു പോകുന്നത് രങ്കമ്മ ശ്രദ്ധിച്ചു. ഇനിയിവര്‍ അവരവരുടെ വീടുകളില്‍ ഏതുനേരത്ത് എന്തു കോലത്തില്‍ എത്തിപ്പെടുമെന്നോര്‍ത്ത് അവള്‍ സങ്കടപ്പെട്ടു. നിരന്തരം വിഷപ്പുക ശ്വസിച്ച് മിക്കവര്‍ക്കും ശ്വാസംമുട്ടലും ചുമയും വിട്ടുമാറാതെ കൂടെയുണ്ട്. കുറച്ചുനേരം കൂടി കാത്ത്, ആരും വരാനില്ലെന്ന് ഉറപ്പാക്കി അവള്‍ ക്യാബിനു പിന്നില്‍നിന്ന് പുറത്തിറങ്ങി.
രാത്രി ഗാഢമായി മൂളുന്നതായി അവള്‍ക്കു തോന്നി. ടൈലുകള്‍ പാകിയ വഴി കുത്തനെയുള്ള ഒരു കയറ്റത്തിലേക്കു തിരിഞ്ഞു. പിന്നിലേക്കു തിരിഞ്ഞുനോക്കിയാല്‍ നിലാവില്‍ ഡാമിലെ വെള്ളത്തിന്‍റെ തിളക്കം ഇവിടെനിന്നു കാണാം. കാറ്റില്‍ കുത്തിത്തുളയ്ക്കുന്ന ദുര്‍ഗന്ധം പടര്‍ന്നുതുടങ്ങി. കമ്പനി അടുത്തതിന്‍റെ ലക്ഷണമാണ്. രണ്ടാള്‍പ്പൊക്കത്തില്‍ ഉയരമുള്ള, അകംകാണാത്തവിധം ഇരുമ്പുപലകകൊണ്ട് അടച്ച വലിയ ഗേറ്റിലെത്തി, അതിലെ കൊച്ചുകിളിവാതിലിലൂടെ രങ്കമ്മ മൊബൈലിലെ ടോര്‍ച്ചു തെളിയിച്ചു. അൽപനേരത്തിനുശേഷം മുരുകന്‍ ഗേറ്റിനു നടുവിലെ കൊച്ചുവാതില്‍ മാത്രം പാതിതുറന്നുകൊടുത്തു.
അകത്തേക്കു കടന്നതും ഗര്‍ഭാശയത്തിലേക്കു തിരികെക്കയറിയ ഒരു കുഞ്ഞിനെപ്പോലെ രങ്കമ്മ പകച്ചു. ഉയരത്തിലുള്ള പോസ്റ്റുകളില്‍നിന്ന് ശക്തമായ ലൈറ്റുകള്‍ നാലുപാടുമുണ്ട്. കമ്പനിക്കുചുറ്റുമുള്ള മതിലിന് നാലാള്‍പ്പൊക്കമുണ്ട്. വലിയ മലകളായി കൂട്ടിയിട്ടിരിക്കുന്ന മഞ്ഞയും ചുവപ്പും വെള്ളയും നീലയും നിറത്തിലുള്ള പ്ലാസ്റ്റിക് ചാക്കുകള്‍. മഞ്ഞമലയാണ് ഏറ്റവും വലുത്. ആകാശംമുട്ടെ നില്‍ക്കുന്ന അതില്‍നിന്ന് ചീഞ്ഞ കറുത്ത ജലം ഒഴുകിപ്പടരുന്നു. മനുഷ്യമാംസം അഴുകിയ ദുർഗന്ധം കുത്തിത്തുളച്ചുകയറി രങ്കമ്മയ്ക്ക് തൊണ്ടപൊട്ടി ഛർദിക്കാന്‍ തോന്നി. ശ്വാസം മുട്ടി ചുമയ്ക്കാന്‍ തുടങ്ങിയതോടെ മുരുകന്‍ ശാസിച്ചു.
ഒച്ചയെടുക്കരുത്. എന്‍റെ ജോലി തെറിയ്ക്കും. പിന്നെ ഞാന്‍ തന്നെ വച്ചേയ്ക്കില്ല. കേട്ടോ...
ആ ശാസനയില്‍ ഭയന്ന് രങ്കമ്മ വായ പൊത്തിപ്പിടിച്ചു. പ്ലാന്‍റ് ഒന്ന്, രണ്ട് എന്നെഴുതിയിരിക്കുന്ന കെട്ടിടങ്ങളുടെ രണ്ടുവശത്തുമായി കുന്നുപോലെ കിടക്കുന്ന മാലിന്യങ്ങളില്‍നിന്ന് എങ്ങനെയാണ് താനതു കണ്ടുപിടിക്കുക എന്ന ആശങ്ക അവളെ ഭയപ്പെടുത്തി. മുരുകന്‍ ആദ്യമേ പറഞ്ഞതാണത്. അന്നതു പറയുമ്പോള്‍ ഇത്രയ്ക്കു പ്രതീക്ഷിച്ചില്ല. അവളോട് അവിടെ നില്‍ക്കാന്‍ പറഞ്ഞ് മുരുകന്‍ ക്യാബിനിലേക്കു ചെന്നു. അവള്‍ക്കായി ഒരു മാസ് ക്കും ഒരു ജോടി ഗ്ലൗസും റബര്‍ ബൂട്സും കൊണ്ടുവന്നു. അതിടാന്‍ അൽപം നാണിച്ചെങ്കിലും മുരുകന്‍റെ കണ്ണുരുട്ടലില്‍ വീണ് അവളത് ധരിച്ചു. പിന്നെ കൈയിലെ ചെറിയ ടോര്‍ച്ചും ക്യൂആര്‍ കോഡ് സ്കാനറുമായി അയാള്‍ മുമ്പേ നടന്നു.
ഈ ബാഗിന്‍റെ നിറം നോക്കിവേണം ഏതു തരത്തിലുള്ള വേസ്റ്റാണെന്നു കണ്ടുപിടിക്കാന്‍. ഓപറേഷന്‍ കഴിഞ്ഞ് മുറിച്ചുമാറ്റിയ ശരീരഭാഗങ്ങള്‍, പ്രസവത്തിലെ മറുപിള്ള, രക്തം പരിശോധിച്ച സാമ്പിളുകള്‍, മുറിവു ക്ലീന്‍ചെയ്ത പഞ്ഞി, പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഇങ്ങനെയുള്ളതൊക്കെയാണ് ഈ മഞ്ഞ കവറുകളില്‍. അതില്‍ ഏറ്റവും കൂടുതല്‍ മനുഷ്യന്‍റെ അവയവങ്ങളായിരിക്കും. ട്യൂമറും കാന്‍സറും വന്ന് മുറിച്ചുമാറ്റിയവ, പ്രമേഹം കൂടി പഴുപ്പുപെരുകി മുറിച്ചുകളഞ്ഞവ, ഗര്‍ഭത്തിലേ മരിച്ച കുഞ്ഞുങ്ങള്‍, അവയവദാനത്തിനായി കൊണ്ടുവന്ന് മാച്ച് ചെയ്യാതെ കളയുന്ന സാധനങ്ങള്‍, പിന്നെ രങ്കമ്മയുടെ കേസുപോലെ ആക്സിഡന്‍റില്‍ മുറിച്ചുമാറ്റിയ അവയവങ്ങള്‍, അങ്ങനെയുള്ളവയൊക്കെ ഇവിടെ കൂടുതലാ. ചിലപ്പോഴൊക്കെ ഈ ബാഗുകള്‍ കഴുകന്മാരും മരത്തിലൂടെ കയറി ചാടിയെത്തിയ കുറുക്കന്മാരുമൊക്കെ കടിച്ചുപൊട്ടിച്ച് ഇവിടത്തെ അഴുകിയ വെള്ളത്തിന്‍റെ കൂടെ കയ്യും കാലും കണ്ണുമൊക്കെ ഒഴുകിനടക്കും.
രങ്കമ്മ താഴെ ഒഴുകുന്ന ചീഞ്ഞുകൊഴുത്ത കറുത്ത വെള്ളത്തില്‍ ബൂട്ടിട്ട കാലുകള്‍ പതുക്കെ െവച്ചു. അവ പകുതിയോളം താഴ്ന്നു പോകുന്നുണ്ടായിരുന്നു. മുരുകന്‍ സ്കാനറുപയോഗിച്ച് ബാഗുകളിലെ കോഡുകള്‍ പരിശോധിച്ചുതുടങ്ങി. അതിന്‍റെ സ്ക്രീനില്‍ ജില്ലയും ആശുപത്രിയുടെ പേരും തീയതിയുമൊക്കെ തെളിയുന്നുണ്ടായിരുന്നു.
കോഴിക്കോട്, ആലപ്പുഴ, വയനാട് എന്നിങ്ങനെ ഓരോ ഭാഗത്തുമുള്ള ബാഗുകള്‍ നോക്കി അയാള്‍ പിറുപിറുത്തുകൊണ്ടിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി കമ്പനിയില്‍ തൊഴിലാളി സമരമായിരുന്നത്രേ. അതുകൊണ്ട് മാലിന്യങ്ങള്‍ കെട്ടിക്കിടക്കുകയാണ്. ദിവസവും പത്തും നൂറും ലോറികള്‍ വന്നുകൊണ്ടിരിക്കുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ കൊണ്ടുവന്ന വേസ്റ്റൊക്കെ പുറത്തുകിടക്കുന്നുണ്ടാവും എന്ന ധാരണയിലാണ് മുരുകന്‍ അവളോട് വരാന്‍ പറഞ്ഞത്.
ജില്ലകള്‍ ഓരോന്നു പേരുപറഞ്ഞുപറഞ്ഞ് മുരുകന്‍ ഏതാണ്ട് മഞ്ഞമലയുടെ മുകളിലെത്തിയിരുന്നു. രങ്കമ്മ നരകത്തിലെ വൈതരണി നദിയെക്കുറിച്ചു കേട്ട ചിത്രം ഓര്‍ത്തു. രക്തവും ചലവും മൂത്രവും മലവും ശുക്ലവും കൊണ്ടുതീര്‍ത്ത ഒഴുക്കില്‍ മനുഷ്യന്‍റെ അവയവങ്ങള്‍ ഭയാനകമായി ഒഴുകിനടക്കുന്ന പുഴ. അതില്‍ വാപിളര്‍ത്തി ഭക്ഷിക്കാനെത്തുന്ന ഘോരമകരങ്ങള്‍!
രങ്കമ്മയുടെ മകള്‍ അല്ലിക്ക് കോളേജിലേക്ക് പോകുംവഴിക്കുണ്ടായ ആക്സിഡന്‍റില്‍ ഒരു കാല്‍ നഷ്ടപ്പെട്ടു. എതിരേവന്ന കോഴിവണ്ടി ഇടിച്ചുവീഴ്ത്തി അവളുടെ കാലിലൂടെ ചക്രം കയറുകയായിരുന്നു. വണ്ടി വന്ന വേഗം കണ്ട നാട്ടുകാര്‍ പറഞ്ഞത് ജീവന്‍ തിരിച്ചുകിട്ടിയത് ഭാഗ്യം എന്നാണ്. അത്രയ്ക്കു ഭ്രാന്തുപിടിച്ചതുപോലെയാണ് അത് പാഞ്ഞെത്തിയത്. വീണയുടനെ അല്ലിയുടെ ബോധം പോയിരുന്നു. ചതഞ്ഞരഞ്ഞ കാലുമായി ആശുപത്രിയിലെത്തിച്ചതും ഡോക്ടര്‍ പറഞ്ഞു, ഇത് മുറിച്ചുമാറ്റിയാലേ രക്ഷയുള്ളൂ എന്ന്. മൂന്നുമണിക്കൂര്‍ നീണ്ട ഓപറേഷനൊടുവില്‍ അവളുടെ വലത്തേക്കാല്‍ മുട്ടിനുമുകളില്‍വച്ച് തുന്നിയടച്ചു.
ഇനി അത് ആറാഴ്ച കഴിഞ്ഞ് കൃത്രിമക്കാല്‍ െവച്ചുപിടിപ്പിക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. പക്ഷേ രങ്കമ്മ ഇവിടെ വന്നത് അതിനല്ല, അല്ലിയുടെ ചതഞ്ഞരഞ്ഞ കാലില്‍ അവളുടെ സ്വർണ പാദസരം കുടുങ്ങിക്കിടക്കുന്നുണ്ട്. ഡോക്ടറോട് അക്കാര്യം പറഞ്ഞപ്പോള്‍ അവര്‍ പരിഹസിച്ചു. അതൊക്കെ ആക്സിഡന്‍റില്‍ ചതഞ്ഞരഞ്ഞു ചേര്‍ന്നു കിടക്കുകയാവും. ഇനിയത് കിട്ടില്ല. തീര്‍ച്ച. മാത്രവുമല്ല, അന്നന്നത്തെ ബയോമെഡിക്കല്‍ വേസ്റ്റ് ഞങ്ങള്‍ അപ്പപ്പോള്‍ ലോറി കയറ്റി അയക്കുകയുമാണ്. രങ്കമ്മ പിന്നെ നഴ്സുമാരെ ചാക്കിട്ട് ഈ വേസ്റ്റിന്‍റെ സഞ്ചാരഗതിയൊക്കെ പഠിച്ചെടുക്കുകയായിരുന്നു. ഓരോ ഘട്ടത്തിലും അവര്‍ പൂർണമായും കൈയൊഴിഞ്ഞു, അതു മറന്നേക്ക് രങ്കമ്മ, ഒരിക്കലും നിനക്കത് കണ്ടെത്താന്‍ കഴിയില്ല.
അച്ഛനില്ലാതെ വളര്‍ത്തിയ കുട്ടിയാണ്. ഒരു കുറവും അറിയിക്കാതെ രാപ്പകല്‍ അധ്വാനിച്ച് അവളെ പഠിപ്പിക്കുകയായിരുന്നു. കൂട്ടുകാര്‍ക്കൊക്കെ ഇഷ്ടംപോലെ ഡ്രസ്സും ആഭരണങ്ങളും ഒക്കെയുണ്ടെന്ന് അല്ലി എന്നും വീട്ടില്‍ വന്നു സങ്കടപ്പെടും. പതിനെട്ടാം പിറന്നാളിന് രങ്കമ്മ അവള്‍ക്കു സമ്മാനിച്ച നാലു പവന്‍റെ സ്വർണ പാദസരം. അതിനായി എത്രനാളത്തെ അധ്വാനമായിരുന്നു! സൊസൈറ്റി ലോണെടുത്ത് പകുതിപോലും അടച്ചുതീര്‍ന്നിട്ടില്ല. അതിനിടയ്ക്കാണ് ഈ ആക്സിഡന്‍റും കാലുമുറിയ്ക്കലുമൊക്കെ.
മുരുകനോടു പറഞ്ഞപ്പോഴും ഉറപ്പൊന്നും പറഞ്ഞില്ല. ഒരു ശ്രമം നടത്താം, അത്രതന്നെ.
സമയം പോകുന്നതിന്‍റെ അങ്കലാപ്പില്‍ രങ്കമ്മ മുരുകനെ വിളിച്ചു. മുകളില്‍നിന്ന് മുട്ടന്‍ തെറിയാണ് പകരം കിട്ടിയത്. ഈ മനുഷ്യമാംസക്കടലില്‍ കയറിനില്‍ക്കുമ്പോള്‍ ഛർദിക്കാതിരിക്കാന്‍ അയാള്‍ നല്ലവണ്ണം മദ്യപിച്ചിട്ടുണ്ട്. അതിനിടെ മുകളില്‍നിന്ന് അയാള്‍ രണ്ടു കെട്ടുകള്‍ രങ്കമ്മയുടെ അടുത്തേക്ക് വലിച്ചെറിഞ്ഞു, നോക്ക് എന്ന് ആക്രോശിച്ചു.
അവള്‍ ആ കെട്ടുകളെടുത്ത് ആകാംക്ഷയോടെ തുറക്കാന്‍ നോക്കി. പ്ലാസ്റ്റിക് ടാഗിന്‍റെ പൂട്ടുതുറക്കാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. പകരം ബാഗ് വലിച്ചുകീറിത്തുറന്നു. അതിനകത്തു വീണ്ടും കവറുകള്‍, ഒന്നില്‍നിന്ന് ചീഞ്ഞഴുകിയ രണ്ടു കണ്ണുകള്‍ ഉരുണ്ടുവീണതും അവള്‍ നിലവിളിച്ചുകൊണ്ട് പിറകിലേക്കു ചാടി.
നാശമേ... ഒച്ചവെയ്ക്കാതെ. മുരുകന്‍ അമര്‍ത്തിയലറി.
അണ്ണാ... കണ്ണ്...
അവള്‍ കരഞ്ഞു.
കണ്ണല്ല, കു... എന്നെക്കൊണ്ടൊന്നും പറയിക്കണ്ട. ഇതൊക്കെ ഞാന്‍ നേരത്തേ പറഞ്ഞില്ലേ? അപ്പൊ എനിക്കതൊന്നും പ്രശ്നമില്ല എന്നു പറഞ്ഞിട്ട്... ഇപ്പൊ കിടന്നു നിലവിളിച്ചിട്ട് ആളെക്കൂട്ടാന്‍ നോക്കിയാല്‍നിന്നെ ഇതിനകത്ത് കൊന്നു പൂഴ്ത്തിക്കളയും കേട്ടോ. ആരും അറിയാന്‍ പോണില്ല. ഇവിടെക്കിടന്ന് ഇതുപോലെ ചീഞ്ഞളിഞ്ഞോളും. അത്രതന്നെ!
രങ്കമ്മ ശരിക്കും വിരണ്ടു. അല്ലി കിടന്ന ആശുപത്രിയില്‍നിന്നുള്ള ബാഗ് കഷ്ടപ്പെട്ടു കണ്ടുപിടിച്ചതിന്‍റെ ദണ്ണമാണ് മുരുകന്. പക്ഷേ പറഞ്ഞിട്ടെന്താ!
തെറിച്ചുവീണ കണ്ണുകള്‍ പ്ലാസ്റ്റിക്കു കഷണംകൊണ്ട് തട്ടിത്തെറിപ്പിച്ച് വീണ്ടും അതില്‍ രങ്കമ്മ പരതി. ഏതോ പെണ്‍കുട്ടിയുടെ നീണ്ട മുടിച്ചുരുളുകള്‍ അതിനകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. ഭാഗം തിരിച്ചറിയാത്ത കുറേ മാംസത്തുണ്ടുകളും. രണ്ടു ബാഗും പൊളിച്ചു നോക്കി അവള്‍ ഇല്ലെന്നു കാണിച്ചു.
മുരുകന്‍ പിന്നെയും പരതിക്കൊണ്ടിരുന്നു. സമയം വൈകുന്നതിന്‍റെ വേവലാതിയും മടുപ്പും മനംപിരട്ടലും അയാളെ കലശലായി ബാധിക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് ശ്വാസമെടുക്കാനായി അയാള്‍ ഗ്ലൗസിട്ട കയ്യുകളുടെ അറ്റംകൊണ്ട് മാസ്ക് അല്പം താഴ്ത്തും. പിന്നെയും മൂക്കിനു മുകളിലേക്കു വലിച്ചിടും.
രാത്രിയുടെ ഭീകരത ഉച്ചത്തില്‍ വിളിച്ചുപറയുംമട്ടില്‍ ഒരു കാലന്‍കോഴി കമ്പനിയുടെ മേല്‍പ്പുരയില്‍നിന്ന് കൂവാന്‍ തുടങ്ങി. അന്യജീവികള്‍ക്ക് ഇത് മഹാശ്മശാനം തന്നെയാവണം. ഉയര്‍ന്നുനില്‍ക്കുന്ന പുകക്കുഴലില്‍നിന്ന് അപ്പോഴും വെളുത്ത പുക കട്ടിയില്‍ ഉയര്‍ന്നുപൊങ്ങുന്നുണ്ട്. അതില്‍നിന്ന് കാറ്റത്ത് കറുത്ത തരികളും കരിപ്പൊടിയും രങ്കമ്മയുടെ മേലാസകലം വീണുകൊണ്ടിരുന്നു. കെട്ടിടത്തിന്‍റെ ചുമരുകളില്‍ മുഴുവന്‍ കട്ടിയായ പൊടി അടിഞ്ഞുകൂടിയിട്ടുണ്ട്. നിലത്തുകൂടി ഒഴുകുന്ന കറുത്തുകൊഴുത്ത ദ്രാവകം രാത്രിയില്‍ വിഷപ്പാമ്പുകളെപ്പോലെ തിളങ്ങിക്കൊണ്ട് രങ്കമ്മയുടെ വലിയ റബ്ബര്‍ബൂട്ടുകളെ വലയംചെയ്തു. എത്രനേരം ഈ തിരച്ചില്‍ തുടരുമെന്ന് അറിഞ്ഞുകൂടാ. മുരുകന് ആദ്യമൊക്കെ യാതൊരു താൽപര്യവുമില്ലായിരുന്നെങ്കിലും പിന്നെപ്പിന്നെ ആവേശം കയറുകയായിരുന്നു. ഉച്ചത്തില്‍ തട്ടിക്കയറി മൂക്കറ്റം തെറിയില്‍ കുളിപ്പിക്കുമെന്നേയുള്ളൂ. പാവത്തിന് രങ്കമ്മയെ സഹായിക്കണമെന്നുണ്ട്.
നിമിഷങ്ങള്‍ കടന്നുപോകുന്നതിന്റെ അങ്കലാപ്പില്‍ മുരുകന്‍ നിരാശയോടെ ചുറ്റും നോക്കി. കയറിയ മലയിറങ്ങി, അപ്പുറത്തേതിലേക്കു നീങ്ങാന്‍ തുടങ്ങവേ രണ്ടുപേരെയും ഞെട്ടിച്ചുകൊണ്ട് ഉച്ചത്തില്‍ ഒരു ജീപ്പിന്‍റെ ബ്രേക്കിടല്‍ ശബ്ദം ഗേറ്റിനുവെളിയില്‍ കേട്ടു.
അണ്ണാ...
രങ്കമ്മ പേടിച്ചരണ്ടു.
ഒളിഞ്ഞോ...
മുരുകന്‍ അവളെ മാലിന്യ മലയിലേക്കു തള്ളിയിട്ട് ചുറ്റും അടുത്തുള്ള ചാക്കുകള്‍ വച്ചു.
ഞാന്‍ നോക്കിയിട്ടു വരാം.
മുരുകന്‍ ഗേറ്റിലേക്കു നടക്കുമ്പോള്‍ രങ്കമ്മ ചീഞ്ഞഴുകിയ ചാക്കുകള്‍ക്കിടയില്‍ ശരീരമാസകലം പൂഴ്ത്തി ശ്വാസം പിടിച്ച് ഇരിക്കുകയായിരുന്നു. ആരാണാവോ ഈ പാതിരയ്ക്ക്! ഇങ്ങോട്ടെങ്ങാന്‍ വന്ന് തന്നെ കണ്ടാല്‍..! രങ്കമ്മക്ക് പേടിയും സങ്കടവും കൂടി. ബാഗുകള്‍ക്കിടയിലേക്ക് അമര്‍ന്നിരുന്നപ്പോഴേക്കും മുകളില്‍നിന്ന് മേലാസകലം രക്തവും പഴുപ്പും കലര്‍ന്ന ഒരു കൊഴുപ്പ് വഴിഞ്ഞൊഴുകി. ചുമയ്ക്കാനും ഒച്ചവെക്കാനും വയ്യാതെ അവള്‍ മുഴുവന്‍ ഈശ്വരന്മാരെയും വിളിച്ചുകേണു.
ഗേറ്റിന്‍റെ കൊച്ചുവാതില്‍ ശബ്ദത്തില്‍ തുറക്കുന്നതിന്‍റെയും കുറച്ചുസമയത്തിനു ശേഷം ജീപ്പ് സ്റ്റാര്‍ട്ടുചെയ്യുന്നതിന്‍റെയും ഒച്ചകേട്ടു. ജീപ്പ് അകന്നുപോയി, മുരുകന്‍റെ ബൂട്ടുകളുടെ ഒച്ച അടുത്തുവന്നതും രങ്കമ്മ ആ നരകഗുഹയില്‍നിന്നു പുറത്തെത്തി. വളഞ്ഞു കുനിഞ്ഞ് അവള്‍ കുറേനേരം ഛര്‍ദ്ദിച്ചു. പ്ലാന്‍റിനു പുറത്തുള്ള ടാപ്പിനടിയില്‍ കൊണ്ടു ചെന്നിരുത്തി, മുരുകന്‍ അവളെ കരുണയോടെ കുളിപ്പിച്ചു. ബോധം കെട്ടുപോകുന്നതിന്‍റെ വക്കത്തായിരുന്ന അവളെ വാതില്‍പ്പടിയില്‍ ചാരിയിരുത്തി, മുരുകന്‍ അവസാനത്തെ ഒരു ശ്രമം കൂടി നടത്തി.
ഇവിടെയിരി... ഞാന്‍ മറ്റേ സെക്ഷനില്‍ ഒന്നുകൂടി നോക്കട്ടെ. അവിടെയും കണ്ടില്ലെങ്കില്‍ പിന്നെ ഇക്കാര്യം മറന്നുകള...
കണ്ണുകള്‍ അടഞ്ഞുപോകുന്ന മഹാക്ഷീണത്തില്‍ രങ്കമ്മ മുരുകനെ ദയനീയമായി നോക്കി.
മുരുകന്‍ അടുത്ത കൂമ്പാരത്തിലേക്കു കയറിക്കയറിപ്പോകുന്നതു കാണ്‍കെ രങ്കമ്മ ഓര്‍ത്തു, ആരു ചെയ്ത പുണ്യമാണാവോ ഇങ്ങനെയൊരവതാരം!
ഇരുന്നയിരുപ്പില്‍ തളര്‍ന്നു മയങ്ങിപ്പോയ രങ്കമ്മയെ, കുറച്ചധികം നേരം കഴിഞ്ഞ് കുലുക്കിയുണര്‍ത്തിക്കൊണ്ട് മുരുകന്‍ ആക്രോശിച്ചു.
ദാ... നോക്ക്... ഇതാണ് അന്നത്തെ ബാഗ്.
സ്കാനര്‍ സ്ക്രീനില്‍ ആശുപത്രിയുടെ പേരും തീയതിയും കാണിച്ച് അയാള്‍ വായിച്ചു:
“Amputated limb. For incineration only”
പോരേ? ഇതിനി ഇവിടുന്ന് തുറന്നു നോക്കണ്ട. ടാഗ് പൊട്ടിച്ച് ഞാന്‍ അകത്തെ കിറ്റ് തരാം. അതിനകത്ത് വേറെ എന്തെങ്കിലും നിറച്ച് ഞാന്‍ അവിടെത്തന്നെ കൊണ്ടുപോയിടാം. നീയിത് സാവകാശം കൊണ്ടുപോയി നോക്കിക്കോ...
സാക്ഷാല്‍ പഴനിമല മുരുകനെ നേരില്‍ കണ്ടതുപോലെ രങ്കമ്മ കരഞ്ഞു.
രണ്ടു കൈയുംകൊണ്ട് തൊഴുത് അവള്‍ മകളുടെ ആ ശരീരഭാഗം ഏറ്റുവാങ്ങി. അപ്പോഴേക്കും അതില്‍നിന്നും അഴുകിയ മണം പുറപ്പെട്ടിരുന്നു. മുരുകന്‍ സംഘടിപ്പിച്ചുതന്ന ബിഗ്ഷോപ്പറില്‍ ആ അവശിഷ്ടങ്ങളെ നിക്ഷേപിച്ച് അവള്‍ വേച്ചുവേച്ച് ഗേറ്റിലേക്കു നടന്നു.
തനിക്കു പിന്നില്‍ ഇരുമ്പുവാതില്‍ ഉച്ചത്തില്‍ അടയുന്ന ശബ്ദം കേട്ട്, കൊടും ക്രൂരമായി രാത്രി കത്തിനില്‍ക്കുന്നതു കണ്ടുകൊണ്ട്, രങ്കമ്മ ബാഗിനുള്ളിലെ തന്‍റെ മകളുടെ ശരീരാവശിഷ്ടത്തിലേക്കു കൈകൊണ്ടുപോയി. ചതഞ്ഞരഞ്ഞ്, അളിഞ്ഞു വികൃതമായ തന്‍റെ പൊന്നോമനയുടെ കാലുകളില്‍ തൊട്ടതും അവള്‍ എവിടെന്നില്ലാതെ പൊട്ടിയൊഴുകിയ സങ്കടംകൊണ്ട് ദിക്കുവിറയ്ക്കുന്ന ഒച്ചയില്‍ നിലവിളിച്ചു കരഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.