ഇന്ത്യന്‍ ഗോത്ര കവിതകള്‍ നാഗാലാന്‍ഡില്‍നിന്ന്

പ്രതിമാസ പംക്തിയായ ‘കവിതക്കൊരു വീടി’ലൂടെ നാഗാലാൻഡിലെ ശ്രദ്ധേയരായ അഞ്ചു കവികളുടെ രചനകളിലൂടെ സഞ്ചരിക്കുകയാണ് ഇത്തവണ കവി.

നാം മാർഗി, ദേശി, ആധുനികം, ഉത്തരാധുനികം എന്നെല്ലാം വിശേഷിപ്പിക്കുന്ന കാവ്യ പാരമ്പര്യങ്ങളില്‍നിന്ന് വ്യത്യസ്തമാണ് ഇന്ത്യന്‍ വർഗ-വർണ വ്യവസ്ഥകള്‍ക്കു പുറത്തു നിലനില്‍ക്കുന്ന ആദിവാസികളുടെ കവിതയുടെ പാരമ്പര്യം. ആ കവിതകളുടെ ഭാഷാവൈവിധ്യവും ശൈലീവൈവിധ്യവുംപോലെതന്നെ സമ്പന്നമാണ് അവയില്‍ പ്രതിഫലിക്കുന്ന ജീവിതങ്ങളുടെയും പ്രകൃതിയുടെയും ഭാവനയുടെയും വൈവിധ്യം. ആദിവാസികളില്‍ ഇന്നും പഴയ വേട്ടയാടലിന്റെ ജീവിതരീതി തുടരുന്നവരുണ്ട്, കൃഷിയിലേക്ക് മാറിയവരുണ്ട്, ആധുനിക വിദ്യാഭ്യാസം നേടി നഗരവത്കരിക്കപ്പെട്ട ഒരു ചെറിയ ന്യൂനപക്ഷവും ഉണ്ട് –ഒപ്പം ‘വികസന’ത്തിന് ഇരയായി കാടും വീടും നഷ്ടപ്പെട്ടവരും.

‘‘ആദിവാസികളില്‍നിന്ന് നാം പഠിക്കേണ്ടത് പഠിച്ചില്ല’’ എന്ന് നോം ചോംസ്കി പറഞ്ഞത് കോവിഡ്‌ മഹാമാരിയുടെ കാലത്താണ് –പ്രകൃതിയുമായുള്ള നമ്മുടെ ബന്ധം ശിഥിലമായതിനെ സൂചിപ്പിച്ച്. ഇതാ എന്റെ സുഹൃത്തും ഗുജറാത്തി കവിയുമായ കാഞ്ചി പട്ടേല്‍ സമകാലിക ഇന്ത്യന്‍ ആദിവാസികവിതയുടെ മുഴുവന്‍ ബഹുസ്വരതയും ഉള്‍ക്കൊള്ളുന്ന ഒരു സമാഹാരം ഇംഗ്ലീഷില്‍ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ചിരിക്കുന്നു, ‘ഉത്തരം ലഭിക്കാത്ത ഒരു ജനത’ (An Unanswered People) എന്ന പേരില്‍. നോയ്ഡയിലെ സേതു പ്രകാശനാണ് ഈ ബൃഹദ് സമാഹാരത്തിന്റെ പ്രസാധകര്‍. അതില്‍നിന്നുള്ള ചില കവിതകളുടെ പരിഭാഷകളാണ് താഴെ.

1. എലോന്‍ഗ്ഷില ജമീര്‍ (ഭാഷ: ആവോ)

എന്റെ നാടിനുവേണ്ടി, നിനക്കും

(നാഗാലാൻഡിലെ ഓട്ടിങ് ഗ്രാമത്തില്‍ 2021 ഡിസംബര്‍ 4ന് ഇന്ത്യന്‍ പാരാ സ്പെഷല്‍ ഫോഴ്സസിലെ ഒരു സംഘം പട്ടാളക്കാര്‍ പതിനാലു ഗ്രാമീണരെ കൊല്ലുകയും ഒരു പട്ടാളക്കാരന്‍ മരിക്കുകയുംചെയ്ത സംഭവത്തോട് പ്രതികരിച്ചുള്ള കവിത.)

ആ നാട് എന്റെ ബാല്യത്തിന് അഭയം നല്‍കി

എന്റെ കൗമാരത്തെ നോക്കി വളര്‍ത്തി

അവിടെ പാട്ടുകള്‍ക്കൊപ്പം കേള്‍ക്കാം,

ചെണ്ടകളും ഇലത്താളങ്ങളും,

ഒരു കുന്നില്‍നിന്നു മറ്റൊന്നിലേക്കു

സഞ്ചരിക്കുന്ന പാട്ടിന്റെ ഈണം.

ഇപ്പോള്‍ എല്ലാ ചിരികളും

ആഹ്ലാദവും നിലച്ചിരിയ്ക്കുന്നു

പ്രതിധ്വനികള്‍ ഊഷരഭൂമിയില്‍നിന്ന്

നിലവിളിക്കുന്നു, മേല്‍ക്കൂരകള്‍

കുന്നുകളില്‍നിന്ന് വിലപിക്കുന്നു

നിങ്ങളുടെ ധൂസരാകാരങ്ങളാണ്

സൂര്യരശ്മികളില്‍ നിഴല്‍ വീഴ്ത്തി

എല്ലാം തലതിരിച്ചാക്കിയത്.

നിങ്ങള്‍ എന്തിനാണ് എന്റെ നാടിനെ

പ്രകോപിപ്പിച്ചത്? ഞങ്ങളുടെ ഹൃദയങ്ങള്‍

വേദനയില്‍ ആഴ്ത്തിയത്?

നിഷ്കളങ്കമായ ജീവിതങ്ങളെ

കടന്നാക്രമിച്ചത്?

നിങ്ങളെപ്പറ്റിയാണോ ഞങ്ങളുടെ

അപ്പൂപ്പന്മാര്‍ പറഞ്ഞിരുന്നത്?

നിങ്ങളാണോ ഞാന്‍ വായിച്ച പുസ്തകങ്ങളിലെ

പച്ചനിറവും ഉയരവുമുള്ള വില്ലന്മാര്‍?

ഞാന്‍ ഭയന്നവര്‍, വെറുത്തവര്‍,

പ്രതിഷേധിച്ചവര്‍?

ഇന്ന് ദൂരെനിന്നു ഞാന്‍

നിസ്സഹായം പ്രാര്‍ഥിക്കുന്നു,

അവിടത്തെ പാവം കുടുംബങ്ങള്‍ക്ക് വേണ്ടി, ഇപ്പോള്‍

സംഘര്‍ഷഭരിതമായ ഞങ്ങളുടെ ഗ്രാമത്തിനുവേണ്ടി,

നിങ്ങള്‍ കാരണം തണുത്ത തറയില്‍

ജീവനില്ലാതെ കിടക്കുന്ന എന്റെ സോദരര്‍ക്കുവേണ്ടി,

രണ്ടിനുമിടയില്‍ പിളര്‍ന്നു പോകുന്ന എന്റെ

സഹോദരര്‍ക്ക് വേണ്ടി, എന്റെ

ജനങ്ങള്‍ക്ക്‌ വേണ്ടി, എന്റെ നാടിനുവേണ്ടി,

നിങ്ങള്‍ക്കു വേണ്ടിയും.

2. എമിസെന്‍ലാ ജമീര്‍ (ഭാഷ: ആവോ)

പേരുകള്‍

ഞാന്‍ നിങ്ങളുടേതായ നിമിഷം എനിക്ക്

എന്റെ പേര് നഷ്ടമായി

ഞാന്‍ എന്റെ സ്വന്തമായതെല്ലാം

നിങ്ങളുടെ വീട്ടിലേക്കു കൊണ്ടുവന്നു,

ശരിക്കും പ്രധാനമായ ഒന്നൊഴികെ എല്ലാം.

നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും

സന്തോഷിപ്പിക്കാന്‍ ഞാന്‍ അതുപേക്ഷിച്ചു.

ചുമതല നിർവഹിക്കാനായി

ഞാന്‍ നിങ്ങളുടെ ഭാഗമായി, നിങ്ങളുടെ

പേരിന്റെ വെറും ഒരനുബന്ധം.

അത് എന്റെ നാവില്‍നിന്നു മറവിയിലേക്ക്

വഴുതിവീണത് ഞാനോര്‍ക്കുന്നു,

എന്റെ പേര്, അത് പഴയ സര്‍ട്ടിഫിക്കറ്റുകളില്‍

ഞാന്‍ അവ്യക്തമായി മാത്രം പേരോര്‍ക്കുന്ന

ഒരാള്‍ നേടിയ ബഹുമതികളും ബിരുദങ്ങളുമായി

കാണപ്പെടുന്ന വെറുമൊരു ഓർമയാകും വരെ,

 

എലോന്‍ഗ്ഷില ജമീര്‍,എമിസെന്‍ലാ ജമീര്‍

3. തെംസുലാ ആവോ (ഭാഷ: ആവോ)

ഒക്ടോബര്‍

ഒക്ടോബര്‍: എന്റെ ഹൃദയത്തോട്

സംസാരിച്ച്, അതിനെ ഇന്ദ്രജാലംകൊണ്ട്

ഗൃഹാതുരമാക്കുന്ന മാസം.

ഒക്ടോബര്‍ മാസത്തില്‍ ശൈത്യകാലം

ഭീഷണിയാവുന്നില്ല, വേനല്‍

സുന്ദരവും ഊഷ്മളവും ആയിരിക്കുന്നു,

ഏതാണ്ട് കഴിയാറായ കാലത്ത്.

ശരത്കാല സൂര്യന്റെ സുവർണരശ്മികള്‍

ചുറ്റും നിറഞ്ഞുനില്‍ക്കുന്ന സമൃദ്ധിയിലും

പഴുപ്പിലും ഇളവേല്‍ക്കുന്ന കാലം.

എനിക്ക് എപ്പോഴും ഒക്ടോബറില്‍

കഴിയണം, ശൈത്യകാലത്തെ നേരിട്ട്,

വേനലിനെ പോകാന്‍ അനുവദിക്കാതെ.

എനിക്ക് പോകാറാവുമ്പോള്‍

ഹൃദയത്തില്‍ ഒക്ടോബറുമായി

എനിക്ക് യാത്രയാകണം.

4. ജങ്മയങ്കള ലോങ്ങ്‌കുമേര്‍ (ഭാഷ: ആവോ-നാഗ)

9. 10. 2022

1. ആ നദി കടക്കുക

മഴവില്ലിന്റെ വാതിലിലൂടെ പോവുക

മേഘങ്ങളില്‍ പാറി നടക്കുക

ശരത്കാലത്തിന്റെ സ്വർണരശ്മികളുമായി.

പൂക്കള്‍ വിതറിയ കോവണി കയറുക

നക്ഷത്രങ്ങള്‍ നിന്‍റെ മേല്‍ തിളങ്ങട്ടെ.

നിന്റെ പ്രകാശം ഒരിക്കലും മങ്ങുകയില്ല

നിന്റെ പേര് എന്നും ഓർമിക്കപ്പെടും.

തന്റെ നിറഞ്ഞ ഇന്ദ്രജാലത്തെ പ്രവര്‍ത്തിപ്പിക്കുന്ന

സമൃദ്ധമായ ശാരദസൂര്യന്‍

പ്രപഞ്ചത്തോട്‌ സൂചിപ്പിച്ചു,

നിന്റെ സമയം വന്നു എന്ന്.

നീ ഹൃദയത്തില്‍

ഒക്ടോബറുമായാണ് വിടപറഞ്ഞത്.

2. സ്ത്രീത്വം

അറിയപ്പെടാത്ത, കീര്‍ത്തിക്കപ്പെടാത്ത,

മരിച്ചുപോകുന്ന വെറും മനുഷ്യര്‍,

തലമുറകളായി കഥകളുടെ സൂക്ഷിപ്പുകാര്‍

ഞങ്ങളാണ് ഭൂമി

ഞങ്ങളാണ് ഒഴുകുന്ന നദികള്‍

പൈതൃകത്തിന്റെ സന്ദേശവാഹകര്‍

ഞങ്ങളാണ് പാരമ്പര്യം

കാത്തു സൂക്ഷിക്കുന്ന നട്ടെല്ല്,

അത്രയും വിലമതിക്കപ്പെടുന്നവര്‍,

കൊതിക്കപ്പെടുന്നവര്‍

ഞങ്ങളാണ് സൂക്ഷിപ്പുകാര്‍

ഓജസ്സുറ്റ, ത്രസിക്കുന്ന, എല്ലാം നല്‍കുന്ന,

പൊട്ടാത്ത കണ്ണികള്‍.

 

തെംസുലാ ആവോ,ജങ്മയങ്കള ലോങ്ങ്‌കുമേര്‍,മോണാലിസ ചാങ്ങ്കിജ 

5. മോണാലിസ ചാങ്ങ്കിജ (ഭാഷ: ആവോ- നാഗ)

ഉത്തരം കിട്ടാത്ത ഒരു ജനതയെപ്പറ്റി

1

ഉവ്വ്, ഞാന്‍ നമ്മുടെ നെല്‍പ്പാടങ്ങള്‍

വ്യവസായശാലകളും മില്ലുകളും

ആവുന്നത് കണ്ടിട്ടുണ്ട്

നമ്മുടെ പച്ചക്കുന്നുകള്‍

ഒന്നും വളരാത്ത തവിട്ടുകുന്നുകളാവുന്നത്.

നമ്മുടെ നദികള്‍ മരിച്ചിട്ടുണ്ട്,

ഒരിക്കല്‍ തിളങ്ങിയിരുന്ന നമ്മുടെ

മീനുകള്‍ തീരത്തെ മണലില്‍ ചത്തുകിടക്കുന്നു

ദേവദാരുക്കളുടെ സുഗന്ധം

എന്നില്‍നിന്ന് അകന്നുപോയി

കുയിലും കുരുവിയും പാടുന്നത് കേള്‍ക്കാതായി.

നിങ്ങള്‍ പറയുന്നു നാം ഇരുപത്തൊന്നാം

നൂറ്റാണ്ടിലേക്ക് അതിവേഗം മുന്നേറുകയാണെന്ന്

ഞങ്ങളുടെ ഗോത്രങ്ങള്‍ക്ക് നിങ്ങള്‍

പുരോഗതി കൊണ്ടുവന്നുവെന്നു പറയാന്‍

ഒരിക്കലും മറക്കുന്നില്ല

പക്ഷേ, എനിക്ക് ആശ്ചര്യം തോന്നുന്നു,

ഞങ്ങള്‍ക്ക് വിശക്കുന്നു എന്ന് പറയുമ്പോള്‍

നിങ്ങള്‍ എന്തുകൊണ്ട് നിശ്ശബ്ദരാവുന്നു എന്ന്.

2

എല്ലാ വാദങ്ങളും തള്ളിക്കളഞ്ഞ്

നിങ്ങള്‍ ഞങ്ങളെ രാഷ്ട്രത്തിന്റെ ഭാഗമാക്കി

ഞങ്ങളുടെ അസ്തിത്വം അതിശയോക്തികളും

പാഴ് പ്രയോഗങ്ങളുംകൊണ്ട് മാത്രം അംഗീകരിച്ചു

നിങ്ങള്‍ ഞങ്ങളുടെ ‘വിശേഷപദവി’യെക്കുറിച്ച്

പറഞ്ഞു, ഞങ്ങളെ നിങ്ങളുടെ

‘വിധിയുമായുള്ള കൂടിക്കാഴ്ച’ പിന്തുടര്‍ന്ന്

മരങ്ങളില്ലാത്ത കുന്നുകളിലും

അപൂർവമായ കുറ്റിക്കാടുകളിലും

നരവംശ ശാസ്ത്രപഠനങ്ങള്‍ക്കായി

സംരക്ഷിക്കയും പിന്തുണയ്ക്കുകയും വേണ്ട ഒരു

‘പ്രത്യേകവിഭാഗം’ ആയി അടയാളപ്പെടുത്തി.

ഞങ്ങള്‍ നിങ്ങളുടെ മുതലാളിമാര്‍ക്കുള്ള

ഒരു വിപണി മാത്രമാണെന്നും,

രാജ്യരക്ഷാ തന്ത്രങ്ങള്‍ക്ക് പ്രധാനമാണെന്നും

നിങ്ങള്‍ ഒരിക്കലും പറയില്ല. ഒരുപക്ഷേ

നമുക്കു ‘ദേശീയതാൽപര്യങ്ങളെക്കുറിച്ചുള്ള

പരികൽപനകളെ’ക്കുറിച്ച് സർവസമ്മതപ്രകാരം

ഒരു സെമിനാര്‍ നടത്തണം, വിശേഷിച്ചും

“രാജ്യത്തിന്റെ മുഖ്യധാരയിലേക്കുള്ള

സമ്പൂർണമായ സംയോജനം” നേടാന്‍.

പക്ഷേ ആദ്യം നിങ്ങള്‍ പറയണം,

എന്തുകൊണ്ട് നിങ്ങള്‍ രാജ്യഭരണത്തില്‍

പാതി ഉള്ളംകയ്യില്‍ കൊള്ളുന്ന ജോലികള്‍ക്കും

സംവരണങ്ങള്‍ക്കുമെതിരെ പ്രതിഷേധിച്ച്

ആരെങ്കിലും സ്വയം തീക്കൊടുത്തു മരിക്കുമ്പോള്‍

അതനുവദിക്കുകയും അവരെ

പ്രകീര്‍ത്തിക്കുകയുംചെയ്യുന്നതെന്ന്.

 

3

ഞാന്‍ വ്യക്തിപരമായും രാഷ്ട്രീയമായും

എങ്ങനെ ജീവിക്കണമെന്ന്

കൽപനകളും നിർദേശങ്ങളും പുറപ്പെടുവിച്ച്

സമയം പാഴാക്കല്ലേ.

എ.കെ. 47നപ്പുറം ഒന്നും

നിങ്ങള്‍ക്കറിയില്ലായിരിക്കും,

അഥവാ നിങ്ങള്‍ക്ക് അറിയില്ല,

അതുകൊണ്ടാണ് നിങ്ങള്‍

ഇപ്പോഴും അതിജീവിക്കുന്നത്,

ഇരുട്ടില്‍ മുന്നേറുന്നത്.

എന്നാല്‍ കേട്ടോളൂ: ഞാന്‍

ഒരു യന്ത്രം മാത്രമല്ല,

കേവലം തന്മാത്രകളുടെ ഒരു

കൂട്ടവുമല്ല.

Tags:    
News Summary - Malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.