ഡോ. എം. ലീലാവതി-ഫോട്ടോ: രതീഷ് ഭാസ്കർ

വാഗ്പ്രപഞ്ചം

അതിവിപുലമാണ് ഡോ. എം. ലീലാവതിയുടെ എഴുത്തുലോകം. വിമർശനം, സാഹിത്യനിരൂപണം, വിവർത്തനം, ജീവചരിത്രം, പഠനം, ചരിത്രം എന്നിങ്ങനെ വിവിധ സാഹിത്യശാഖകളിൽ ലീലാവതി ടീച്ചറുടെ സംഭാവനകൾ ചെറുതല്ല. 98 വയസ്സ് പിന്നിട്ട ലീലാവതി ടീച്ചറുടെ എഴുത്തുസപര്യകളിലൂടെ സഞ്ചരിക്കുകയാണ് എഴുത്തുകാരിയും ചിന്തകയും നിരൂപകയും അധ്യാപികയുമായ ലേഖിക.

‘‘കൃതജ്ഞതയോടെ

നാടോർക്കുന്നൂ: നിൻ

നീൾ വഴി പിഴയ്ക്കാത്ത

ചുവടിൻ ദിശാസൂചി’’

(പത്മശ്രീ -വിഷ്ണു നാരായണൻ നമ്പൂതിരി)

മലയാള സാഹിത്യത്തിന്റെയും ഭാഷയുടെയും ദിശാസൂചിയാണ് ഡോ. എം. ലീലാവതി. ഡോ. എം. കൃഷ്ണൻനായർ എഴുതിയതുപോലെ അന്തരംഗസ്പർശിയായ നിരൂപണം നടത്തിയ എഴുത്തുകാരി. ദീർഘവും അർഥവത്തുമായ ധൈഷണികജീവിതം നയിച്ച അപൂർവം കേരള സ്ത്രീകളിലൊരാൾ. സ്ത്രീയെന്ന നിലയിലുള്ള ഒരാനുകൂല്യവും ടീച്ചർ ഇഷ്ടപ്പെടുന്നില്ലെങ്കിലും പുരുഷമേൽക്കോയ്മകൾ നിലനിന്ന ഇടങ്ങളിലേക്ക് ചങ്കുറപ്പോടെ കടന്നുവരുകയും ധീരതയോടെ പോരാടിനിന്ന് തന്റെ ഇടം/ കേരള സ്ത്രീയുടെ ഇടം മലയാള വിമർശകമണ്ഡലത്തിൽ സ്ഥാപിച്ചെടുക്കുകയുംചെയ്ത വ്യക്തികൂടിയാണ് ടീച്ചർ. തന്റെ ആത്മകഥക്ക് ‘ധ്വനിപ്രയാണം: സാഹിത്യ നിരൂപണത്തിൽ പെണ്ണിന്റെ സാഹസസഞ്ചാരങ്ങൾ’ എന്ന പേരിടാൻ കാരണം മറ്റൊന്നുമല്ല.

2015ൽ ഡോ. എം. ലീലാവതിയുടെ സാഹിത്യ സംഭാവനകളെക്കുറിച്ച് ഒരു പുസ്തകം –വാഗർഥപ്രതിപത്തി– പ്രഫ. കെ.പി. ശങ്കരൻ പ്രധാന എഡിറ്ററായി പ്രസിദ്ധീകരിക്കുമ്പോൾ (ഡോ. കെ. രതിമേനോൻ, ഡോ. ഹേമമാലിനി എം - സഹ എഡിറ്റേഴ്സ്) ഡോ. എം. ലീലാവതിയുടെ സാഹിത്യപ്രപഞ്ചം എന്ന വാക്കാണ് ഉപയോഗിച്ചത്. അക്ഷരാർഥത്തിൽ ലീലാവതി ടീച്ചർ തീർത്തത് ഒരു വാഗ്പ്രപഞ്ചംതന്നെയാണ്. പുസ്തകങ്ങളുടെയും ലേഖനങ്ങളുടെയും എണ്ണംകൊണ്ടും വിഷയവൈവിധ്യംകൊണ്ടും ഇടപെട്ട സാഹിത്യശാഖകളുടെ വൈപുല്യവും വ്യത്യസ്തതയുംകൊണ്ടും സമ്പന്നവും ബൃഹത്തുമായ ഒരു വാഗ്മണ്ഡലംതന്നെ ടീച്ചർ മലയാള സാംസ്കാരിക ചരിത്രത്തിൽ തീർത്തിട്ടുണ്ട്.

‘‘കല്ലും മുള്ളും മെതിച്ച് ടീച്ചർ ചെന്നെത്തിയ ചാരുകൈരളിയുടെ വെണ്മണൽ പരപ്പുകളും ദേവഭാരതിയുടെ മഞ്ഞുമുടികളും അനുവാചകരുടെ കണ്ണിൽ വിസ്മയവിടർച്ച ഉളവാക്കുംവിധം’’ അപാരമാണെന്ന് ‘പത്മശ്രീ’ എന്ന കവിതയിൽ വിഷ്ണു നാരായണൻ നമ്പൂതിരി എഴുതാൻ കാരണം ഈ വിസ്തൃതിയേറിയ സാഹിത്യസാഗരം കണ്ടിട്ടാണ്. ‘‘ക്ഷീണിക്കാത്ത മനീഷയും മഷിയുണങ്ങിടാത്ത പൊൻപേനയും’’ എന്ന വിശേഷണം ടീച്ചറെ സംബന്ധിച്ചിടത്തോളം എക്കാലവും കൃത്യമായിരിക്കും.

‘കവിതയും ശാസ്ത്രവും’ (എൻ.ബി.എസ് 1969), ‘കണ്ണീരും മഴവില്ലും’ (എൻ.ബി.എസ് 1970), ‘നവരംഗം’ (എൻ.ബി.എസ് 1972), ‘നവതരംഗം’ ( പൂർണ 1975), ‘വർണരാജി’ (എൻ.ബി.എസ് 1977), ‘ജിയുടെ കാവ്യജീവിതം’ (എൻ.ബി.എസ് 1986), ‘മലയാള കവിതാ സാഹിത്യ ചരിത്രം’ (കേരള സാഹിത്യ അക്കാദമി 1980), ‘അമൃത മശ്നുതേ’ (എൻ.ബി.എസ് 1982), ‘ശൃംഗാരാവിഷ്കരണം സി.വിയുടെ കൃതികളിൽ’ (സി.വി ഫൗണ്ടേഷൻ 1982), ‘കവിതാധ്വനി’ (എൻ.ബി.എസ് 1986), ‘സത്യം ശിവം സുന്ദരം’ (എൻ.ബി.എസ് 1988), ‘ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ’ (ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 1993), ‘ചെറുകാടിന്റെ സ്ത്രീകഥാപാത്രങ്ങൾ’ (പ്രഭാത് 1994), ‘സാഹിത്യ നിരൂപണത്തിലെ ദിശാബോധം’ (എൻ.ബി.എസ് 1994), ‘കവിതാരതി’ (മാതൃഭൂമി 1997), ‘ഫെമിനിസം ചരിത്രപരമായ അന്വേഷണം’ (പ്രഭാത് 2000), ‘അപ്പുവിന്റെ അന്വേഷണം’ (മാതൃഭൂമി 2002), ‘സ്ത്രീ സ്വത്വാവിഷ്കാരം ആധുനിക മലയാള സാഹിത്യത്തിൽ’ (കേരള സാഹിത്യ അക്കാദമി 2008), ‘ബാലാമണി അമ്മയുടെ കവിതാലോകങ്ങൾ’ (മാതൃഭൂമി 2009), ‘അക്കിത്തത്തിന്റെ കവിത’ (വള്ളത്തോൾ വിദ്യാപീഠം 2010), ‘നവകാന്തം’ (എൻ.ബി.എസ് 2012) എന്നിവ ടീച്ചറുടെ പ്രധാന കൃതികളിൽ ചിലതു മാത്രമാണ്.

വിവർത്തനങ്ങളും ജീവചരിത്രങ്ങളും സാഹിത്യേതര ലേഖനസമാഹാരങ്ങളും ബാലസാഹിത്യ കൃതികളുമായി ഇനിയും ധാരാളമുണ്ട്. വിഷ്ണുനാരായണൻ നമ്പൂതിരി , ഒ.എൻ.വി, വൈലോപ്പിള്ളി, അക്കിത്തം, ബാലാമണിയമ്മ തുടങ്ങിയ കവികളുടെ കൃതികൾ ഏതാണ്ട് സമ്പൂർണമായിത്തന്നെ ടീച്ചർ പഠിച്ചിട്ടുണ്ട്. സി. രാധാകൃഷ്ണൻ, ഷോളോഖോവ് എന്നിവരുടെ ഗദ്യകൃതികൾ സമസ്തമായി വിലയിരുത്തിയിട്ടുണ്ട്. ‘അസുരവിത്ത്’, ‘ഗോഡ് ഓഫ് സ്മോൾ തിങ്സ്’, ‘കൊച്ചിയിലെ വൃക്ഷങ്ങൾ’ തുടങ്ങിയ കൃതികളെക്കുറിച്ച് പുസ്തകരൂപത്തിൽതന്നെ പഠനങ്ങൾ കാണാം. ‘ഭാരതസ്ത്രീ’ എന്ന ബൃഹദ് സമാഹാരം ടീച്ചറുടെ ശ്രദ്ധേയമായ സംഭാവനയാണ്. ‘ഫെമിനിസം’, ‘സാഹിത്യ നിരൂപണത്തിലെ ദിശാബോധം’, ‘ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ’ തുടങ്ങിയവ ചരിത്രപരവും സൈദ്ധാന്തികവുമായ ദൃഢത പേറുന്ന പഠനഗ്രന്ഥങ്ങളാണ്.

കാവ്യനിരൂപണത്തിൽ

ലീലാവതി ടീച്ചറുടെ കവിതാസംബന്ധമായ നിരൂപണങ്ങളാണ് ഏറ്റവും ശ്രദ്ധേയം. ധ്വനിസാന്ദ്രമായ നിരൂപണങ്ങൾ എന്ന് ഇ.വി. രാമകൃഷ്ണൻ വിശേഷിപ്പിച്ചത് ഇവയെ മുൻനിർത്തിയാണ്. ജിയുടെ ‘നിമിഷം’ എന്ന കവിതക്ക് മാരാർ എഴുതിയ നിരൂപണത്തിന് മറുമൊഴി എഴുതിക്കൊണ്ടാണ് ടീച്ചർ കാവ്യനിരൂപണരംഗത്തേക്ക് 1951ൽ കടന്നുവന്നത്. പ്രസ്തുത ലേഖനം ജി. ശങ്കരക്കുറുപ്പുതന്നെ, തന്റെ പ്രിയശിഷ്യയുടെ പേരിൽ എഴുതിയതാണെന്ന് പ്രമുഖരടക്കം തെറ്റിദ്ധരിക്കുകയും വ്യാപകമായി ആക്ഷേപിക്കപ്പെടുകയുംചെയ്തു.

‘‘കുട്ടിക്കൃഷ്ണമാരാർ, ജി. ശങ്കരക്കുറുപ്പിന്റെ നിമിഷത്തെപ്പറ്റി നടത്തിയ വിമർശനത്തെ ചോദ്യംചെയ്തുകൊണ്ട് അവരെഴുതിയ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ എം. ലീലാവതി എന്നത് ഏതെങ്കിലും അപരനാമം മാത്രമായിരിക്കാമെന്ന് മാരാർ ശങ്കിച്ചുപോലും’’ (ആൺകോയ്മയെ കൂസാത്ത നിരൂപണം -ജെ. ദേവിക). ഇന്ത്യൻ ബഹുസ്വരതയെ ആഴത്തിൽ സ്വാംശീകരിച്ച കവിയായി ലീലാവതി ടീച്ചർ ജിയെ തന്റെ പഠനങ്ങളിലൂടെ തിരിച്ചറിഞ്ഞ് അടയാളപ്പെടുത്തി. ജിക്കെതിരെ ജോസഫ് മുണ്ടശ്ശേരിയും സുകുമാർ അഴീക്കോടും എഴുതിയപ്പോൾ ശങ്കരക്കുറുപ്പിനെ സംരക്ഷിച്ച പ്രതിരോധസ്ഥാനമായി ടീച്ചർ മാറി.

‘‘കേരളത്തിന്റെ സാംസ്കാരിക ജീവിതത്തിൽ ജി. ശങ്കരക്കുറുപ്പ് എങ്ങനെയാണ് പരിവർത്തനമുളവാക്കിയത്, അദ്ദേഹം എങ്ങനെ വ്യത്യസ്തനാകുന്നു എന്ന് സമഗ്രമായി പഠിച്ചവതരിപ്പിക്കാൻ ലീലാവതി ടീച്ചറുടെ നിരൂപണങ്ങൾക്ക് സാധിച്ചിട്ടുണ്ട്’’ എന്ന് എം. കൃഷ്ണൻ നായർ ‘സാഹിത്യവാരഫല’ത്തിൽ രേഖപ്പെടുത്താൻ കാരണം അതാണ്. ‘ജിയുടെ കാവ്യജീവിതം’ എന്ന ഗ്രന്ഥം ജിയുടെ കവിതകളുടെ വിശദവും പ്രൗഢവുമായ പഠനങ്ങളോടൊപ്പം കവിയുടെ ജീവചരിത്രംകൂടി ഉൾപ്പെടുന്നതാണ്. മാരാരും മുണ്ടശ്ശേരിയും സുകുമാർ അഴീക്കോടും ജിയുടെ കവിതകളിൽ വിയോജിപ്പും വിമർശനവും ഉന്നയിച്ചപ്പോൾ തന്റേടത്തോടെ ജിയുടെ ജീവചരിത്രവും ജിയുടെ കവിതകൾ സംബന്ധമായി സുദൃഢമായ സമീപനം സ്വീകരിച്ച ദൈർഘ്യമേറിയ ഒരു പഠനഗ്രന്ഥവും ടീച്ചർ എഴുതി.

ജിയുടെ കവിതകളും ജീവിതവും മുൻനിർത്തി ഇംഗ്ലീഷിലും ധാരാളമായി എഴുതുകയുണ്ടായി. അക്കാലത്ത് (1977) ‘ദ ഹിന്ദു’വിന്റെ ഞായറാഴ്ച പതിപ്പിൽ ജിയെക്കുറിച്ച് എഴുതിയ ലേഖനം മുൻനിർത്തി ‘‘ഇംഗ്ലീഷ് ഭാഷ എഴുതാൻ മാത്രമല്ല ചേതോഹരങ്ങളായ മലയാള കവിത ലയാത്മകമായി ഇംഗ്ലീഷിലേക്ക് തർജമ ചെയ്യാനും ലീലാവതിക്ക് കഴിവുണ്ട്’’ എന്ന് (06 നവം. 1977) എം. കൃഷ്ണൻ നായർ വാരഫലത്തിൽ എഴുതിയിട്ടുണ്ട്. ജിയുടെ കവിതകളെ കാലത്തോടും സമൂഹത്തോടും ബന്ധപ്പെടുത്തി കൗതുകകാലം, കാന്തികാലം, കതിർക്കാലം, കദനകാലം, ദർശനകാലം –വ്യക്തിത്വ സമന്വയ ഘട്ടം, ദർശനകാലം എന്നിങ്ങനെ തരംതിരിച്ച് പഠിക്കുകവഴി മലയാള കാവ്യചരിത്രത്തിന്റെ രേഖാചിത്രം, ലോക കാവ്യപ്രവണതകളുടെ പശ്ചാത്തലത്തിൽ വരക്കുകയാണ് ലീലാവതി ടീച്ചർ ചെയ്തിട്ടുള്ളത്.

ധ്വനിസിദ്ധാന്തത്തിന്റെ കേവലമായ പ്രയോഗപാഠങ്ങളല്ല ടീച്ചറുടെ ജി പഠനങ്ങൾ. ‘‘തന്റെ വിശ്വാസസംഹിതകളോടും രാഷ്ട്രീയബോധത്തോടും സമീകരിക്കുന്ന സമീപനമായിരുന്നു നിരൂപകയുടേത്. സാമൂഹികതയെ പൂർണമായി വെടിയുന്ന സൗന്ദര്യാത്മകതയെന്നൊന്ന് ലീലാവതിയുടെ ആശയലോകത്തിലില്ല’’ എന്ന് ഡോ. പി.എസ്. രാധാകൃഷ്ണൻ (ജി കവിതയും നിരൂപണവും –വാഗർഥ പ്രതിപത്തി) കൃത്യമായി നിരീക്ഷിച്ചിട്ടുണ്ട്. അതിനാൽ, ലോകമഹായുദ്ധത്തിന്റെയും ഇന്ത്യൻ ദേശീയസമരത്തിന്റെയും സാമൂഹികാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ജി കവിതകൾക്ക് അധികാർഥം കണ്ടെടുക്കാൻ ലീലാവതി ടീച്ചർക്ക് സാധിച്ചു. വെളിച്ചത്തിന്റെ ദൂതനായാണ്/ വെളിച്ചത്തിന്റെ അർഥിയായാണ് ടീച്ചർ ജിയെ കാണുന്നത്.

‘‘ദേവ! നിൻ വെളിച്ചത്തെക്കാണുവാൻ

കണ്ണില്ലെങ്കിൽ കേവലം കുരുടനും ഞാനുമായെന്തോ ഭേദം’’ (കുരുടൻ എന്ന പ്രയോഗവും കാഴ്ച പരിമിതരോടുള്ള സമീപനവും പുതിയകാല നീതിബോധങ്ങൾക്ക് നിരക്കുന്നതല്ല.) ജി സൃഷ്ടിച്ച ഈശ്വരൻ ചെങ്കോലും പാഞ്ചജന്യവും സുദർശനവും അടർക്കളവും കീർത്തിയും വിജയവും നേതൃത്വവും ഉപേക്ഷിച്ച് താൻ പണ്ട് ആലിൻപൊത്തിലിട്ടിട്ടു പോയ ഓടക്കുഴൽ തേടി മടങ്ങിയവനാണ്. വേട്ടക്കാരനെ വിരുന്നുകാരനാക്കുക എന്ന് പിൽക്കാലത്ത് ആനന്ദ് ഓർമിപ്പിച്ചതിനോടു സാമ്യമുള്ള നിരീക്ഷണമാണ് ദൈവത്തെ കുറിച്ച്, ടീച്ചർ ഇവിടെ നടത്തുന്നത്.

 

വള്ളത്തോളിനെ വ്യത്യസ്തമായി വായിച്ചപ്പോൾ

വള്ളത്തോളിനെ കാഞ്ചനക്കൂടിന്റെ അഴികൾ കൊത്തിമുറിച്ച പഞ്ചവർണക്കിളി എന്നാണ് ലീലാവതി ടീച്ചർ കവിതാ സാഹിത്യചരിത്രത്തിൽ വിശേഷിപ്പിച്ചത്. കേരളവർമയുടെയും (1845) വെൺമണി മഹന്റെയും (1844) തൊട്ടുശേഷമുള്ള (1878-1958) തലമുറയിൽപെടുന്ന ആളാണ് വള്ളത്തോൾ. സാഹിത്യമഞ്ജരിക്കവിതകളിൽ വിടർന്ന ഭാവശബളാഭക്ക് കാരണം സ്വാതന്ത്ര്യം എന്ന മൂല്യത്തോട് കവി ജീവിതത്തിൽ പുലർത്തിയ സമീപനമായിരുന്നു എന്ന വിലയിരുത്തൽ ശ്രദ്ധേയമായിരുന്നു.

വള്ളത്തോൾ കവിതയുടെ സവിശേഷതകളെക്കുറിച്ച് ‘അധീശത്വത്തിനെതിരെ’ എന്ന പേരിൽ ലേഖനമെഴുതാൻ ഡോ. എം. ലീലാവതി തയാറായത് ഈ തിരിച്ചറിവിലായിരുന്നു. പുരാണങ്ങളെ നാടകീയതയോടെ വള്ളത്തോൾ പുനരാഖ്യാനംചെയ്തു എന്നേ പ്രമുഖന്മാരായ നിരൂപകന്മാർപോലും പറഞ്ഞിട്ടുള്ളൂ എന്ന് എം. കൃഷ്ണൻ നായർ ചൂണ്ടിക്കാട്ടിയിട്ടുണ്ട് (സാഹിത്യവാരഫലം 05 മാർച്ച് 1978). ‘‘ഡോക്ടർ ലീലാവതിയാകട്ടെ ആ നാടകീയതയ്ക്കപ്പുറമായി വള്ളത്തോൾക്കവിതയിൽ പലതുണ്ടെന്നും വ്യക്തമാക്കി.’’ പുരുഷനെ ധിക്കരിക്കുന്ന സ്ത്രീയെ മനഃപൂർവം സൃഷ്ടിച്ചുകൊണ്ട് വരും കാലത്തെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന് വള്ളത്തോൾ മോഡലുണ്ടാക്കിയതൊന്നുമല്ല’’ ( സ്ത്രീദർശനം വള്ളത്തോൾക്കവിതയിൽ –നവകാന്തം) എന്ന് ടീച്ചർ എഴുതിയിട്ടുണ്ട്.

സ്വാതന്ത്ര്യവാഞ്ഛയുടെ തീവ്രത, കവിക്ക് സഹജവാസനയായതിനാലാണ് സ്വാതന്ത്ര്യസംബന്ധമായ കൃതികൾ രചിച്ചതും പുരുഷാധീശത്വഭാവത്തെ ധിക്കരിക്കുന്ന സ്ത്രീകഥാപാത്രങ്ങളെ ഖണ്ഡകാവ്യങ്ങളിൽ സൃഷ്ടിച്ചതും എന്ന് ടീച്ചർ രേഖപ്പെടുത്തുന്നുണ്ട്. സ്വാതന്ത്ര്യത്തോടുള്ള ആഭിമുഖ്യം മൂലമാണ് വള്ളത്തോൾ കവിത കാലാതിവർത്തിയായത്. ‘ശിഷ്യനും മകനും’, ‘ഗണപതി’, ‘ബന്ധനസ്ഥനായ അനിരുദ്ധൻ’ ഈ കൃതികളിലെല്ലാം അന്നത്തെ അധീശത്വത്തിന് എതിരായിട്ടുള്ള ശബ്ദമാണ് കേൾക്കുന്നതെന്ന് യുക്തിയുക്തമായി ടീച്ചർ സ്ഥാപിക്കുന്നു.

‘വർണരാജി’, ‘കവിതാധ്വനി’, ‘അമൃതം അശ്നുതേ’, ‘കവിതാരതി’ എന്നിവ മികച്ച കാവ്യപഠന ഗ്രന്ഥങ്ങളാണ്. അക്കിത്തം, ജി, ബാലാമണിയമ്മ, ഒ.എൻ.വി കുറുപ്പ്, വിഷ്ണു നാരായണൻ നമ്പൂതിരി എന്നിവരെ ആഴത്തിലും വിശദമായും പഠിച്ചെഴുതിയ പുസ്തകങ്ങൾ മലയാള കാവ്യചരിത്രത്തിലെ സമാനതകളില്ലാത്ത സംഭവങ്ങൾകൂടിയാണ്.’’

കവിതാനിരൂപണത്തിലാണ് ടീച്ചറുടെ വിമർശനങ്ങളുടെ ആഴം വ്യക്തമാകുന്നത്. കവിതയുടെ രസം അറിയുന്നത് കവിയല്ല വ്യാഖ്യാതാവാണെന്ന ചൊല്ല് ലീലാവതി ടീച്ചറുടെ നിരൂപണങ്ങൾക്ക് കൃത്യമാണ് എന്ന് ഡോ. എസ്.കെ. വസന്തൻ രേഖപ്പെടുത്തിയത് ഏറ്റവും ഉചിതമായ നിരീക്ഷണമാണ്. (പാണ്ഡിത്യവും സഹൃദയത്വവും -വാഗർഥപ്രതിപത്തി.)

ഉജ്ജ്വല പ്രഭാഷക

‘‘ടീച്ചറുടെ പ്രസംഗങ്ങൾ: സൗമ്യം, മധുരം, ധീരം, ദീപ്തം.അക്ഷരശുദ്ധിയും പദശുദ്ധിയും ആശയശുദ്ധിയും ഇത്രയും ഒത്തു കണ്ട, അനായാസവും അനർഗളവുമായ ഒരു പ്രസംഗം അതിനു മുമ്പോ പിമ്പോ കേൾക്കാൻ കഴിഞ്ഞിട്ടില്ല (സി. രാധാകൃഷ്ണൻ - ചക്ഷുരുന്മീലിതം യേന’ എന്ന ലേഖനത്തിൽ - വാഗർഥപ്രതിപത്തി). ആയിരക്കണക്കിന് പ്രഭാഷണ വേദികളിൽ സാഹിത്യവും സംസ്കാരവും സംസാരിച്ച വ്യക്തിയാണ് ലീലാവതി ടീച്ചർ. ‘‘പ്രസംഗകലയിൽ പരിശീലനം എന്ന നിലയ്ക്കാണ് ഞാൻ ക്ഷണങ്ങൾ സ്വീകരിക്കുക പതിവ്’’ (ധ്വനിപ്രയാണം –ആത്മകഥ ) എന്ന് വിനയപൂർവം ടീച്ചർ എഴുതിയിട്ടുണ്ടെങ്കിലും മൂവായിരത്തിലധികം പേർ ശ്വാസമടക്കി കേട്ടുപോന്ന പ്രസംഗങ്ങൾ തുടക്കം മുതലേ ടീച്ചർ നിർവഹിച്ചിട്ടുണ്ട്. അക്കാലത്ത് സ്ത്രീകൾക്ക് തീരെ അനുയോജ്യമല്ലാത്ത സാമൂഹിക വ്യവസ്ഥിതിയാണ് നിലനിന്നിരുന്നതെന്നോർക്കുക. ടീച്ചർക്ക് ഏറെ കല്ലേറുകളും ലഭിച്ചിട്ടുണ്ട്. ടീച്ചർതന്നെ ഇക്കാര്യത്തെക്കുറിച്ച് വിശദമായി ആത്മകഥയിൽ എഴുതിയിട്ടുണ്ട്. ‘‘പ്രഭാഷകയെന്ന ഖ്യാതി വളരുന്നതിനു തടയിടാൻ ചിലർ മുതിരുകയുണ്ടായി.’’

പാലക്കാട്ടുനിന്ന് അക്കാലത്തു പ്രസിദ്ധപ്പെടുത്താനാരംഭിച്ചിരുന്ന ‘തനിനിറം’ എന്ന പത്രത്തിൽ ‘പ്രസംഗപര്യടന’ങ്ങളുടെ രഹസ്യം വെളിപ്പെടുത്തുമെന്ന മുന്നറിയിപ്പു വന്നു. ഒരു രഹസ്യവുമുണ്ടായിരുന്നില്ലെന്ന സത്യാവസ്ഥയുള്ളപ്പോൾ പേടിക്കാൻ വകയുണ്ടായിരുന്നില്ലെങ്കിലും ഇല്ലാക്കഥകൾ ആർക്കും എപ്പോഴും ചമയ്ക്കാമല്ലോ എന്ന ആശങ്കമൂലം ഞാൻ വിരണ്ടുപോയി എന്നതു വസ്തുതയാണ്’’.... എന്നാൽ, പ്രഭാഷണങ്ങളിലൂടെ അറിയപ്പെടുന്നതിന് അമ്മ വളരെ സന്തോഷിച്ചിരുന്നു... പ്രസംഗങ്ങൾ നിർത്തിവെക്കാമെന്നു തീരുമാനിക്കാൻ ഒരു സംഭവം പ്രേരകമാകുകയുംചെയ്തു. നാട്ടികയിൽവെച്ചുണ്ടായ ഒരു സമ്മേളനത്തിൽ ഞാൻ പങ്കെടുക്കാമെന്നേറ്റിട്ടുണ്ടായിരുന്നു. ഒരു സഹപ്രവർത്തകനും പ്രഭാഷണത്തിനുണ്ടായിരുന്നു. സദസ്സിൽനിന്ന് എന്റെ പ്രഭാഷണം കേൾക്കുമ്പോഴുണ്ടായ അഭിനന്ദനാത്മകമായ പ്രതികരണങ്ങളിൽ അദ്ദേഹം അസഹിഷ്ണുവായോ എന്നറിയില്ല.

തിരിച്ചു പോരുമ്പോൾ കാറിൽവെച്ച് അദ്ദേഹം ഒരു ഉപദേശം തന്നു; തിരിച്ചുവരുമ്പോൾ രാത്രിയാകത്തക്കവണ്ണം അകലെയുള്ള പ്രദേശങ്ങളിൽ പ്രസംഗങ്ങൾക്കു പോകുന്നതും മറ്റും കുലീനരായ സ്ത്രീകൾക്കു ചേർന്നതല്ല എന്ന്. ആ ഉപദേശത്തേക്കാൾ അസ്വസ്ഥതയുണ്ടാക്കി മറ്റൊന്ന്. ഡിപ്പാർട്മെന്റിലിരുന്ന് സഹപ്രവർത്തകരോടൊപ്പം ചിരിച്ചു സൊള്ളുന്നത് (ആ പദമാണ് അദ്ദേഹം പ്രയോഗിച്ചത്) നല്ല പെരുമാറ്റമല്ല എന്ന്. ഗാർഹികാന്തരീക്ഷത്തിൽ അസാമാന്യമായ വ്യഥകൾ സഹിക്കേണ്ടിവന്നിരുന്ന ഞാൻ പ്രസന്നതയും ചിരിയും മറ്റും ഒരു മുഖംമൂടിപോലെ അണിഞ്ഞിരുന്നുവെന്നത് വാസ്തവമാണ്. എങ്കിലും അത് ഇപ്രകാരം വീക്ഷിക്കപ്പെടുമെന്ന നിനവുണ്ടായിരുന്നില്ല. ആ വിമർശനം ഒരു ചെറിയ ഷോക്ക് തന്നെയായിരുന്നു. ആ കയ്പ് വിഴുങ്ങാൻ ഞാൻ ഏറെ പണിപ്പെട്ടു’’ (ധ്വനിപ്രയാണം). ടീച്ചറുടെ വ്യക്തിജീവിതം, കേരളത്തിന്റെ സാമൂഹിക സാംസ്കാരിക ചരിത്രത്തിന്റെ പ്രവണതകളും മുൻവിധികളും കണ്ടെടുക്കാൻ ഉതകുന്ന ശക്തമായ പാഠപുസ്തകംകൂടിയാണ്.

 

വിഷ്ണു നാരായണൻ നമ്പൂതിരിയോടൊപ്പം ലീലാവതി ടീച്ചർ

മലയാള കവിതാസാഹിത്യ ചരിത്രം

ലീലാവതി ടീച്ചറുടെ ഏറ്റവും ഗാംഭീര്യമുള്ള സംഭാവനകളിലൊന്നാണ് മലയാള കവിതാസാഹിത്യ ചരിത്രം. 1980ൽ പ്രസിദ്ധീകരിക്കപ്പെട്ടതിനുശേഷം, കാലാകാലം വിമർശനങ്ങളും വിയോജിപ്പുകളും തിരിച്ചറിഞ്ഞ് കൂട്ടിച്ചേർക്കലുകളും വിശദമായ അനുബന്ധം അടക്കം പുതിയ വിവരങ്ങളും വിവരണങ്ങളും നൽകിയുമാണ് പുതിയ എഡിഷനുകൾ പുറത്തിറക്കിയിട്ടുള്ളത്. ടീച്ചർ കാവ്യചരിത്രത്തിന് നൽകിയ വിഭജനങ്ങളും വിശേഷണങ്ങളും സ്ഥിരപ്രതിഷ്ഠിതമായ സമീപനങ്ങളായി പിൽക്കാലത്ത് മാറുകയുണ്ടായി. പാട്ടുസാഹിത്യം ഒന്നാംഘട്ടം, രണ്ടാം ഘട്ടം, പ്രാചീന മധ്യകാല മണിപ്രവാള ഘട്ടം, ഭക്തിസാഹിത്യ ഘട്ടം, ദൃശ്യകാവ്യപ്രസ്ഥാനത്തിന്റെ ആവിർഭാവ ഘട്ടം ഇങ്ങനെ മലയാള കാവ്യചരിത്രത്തിന്റെ അടിവേരുകൾ തേടി നടത്തിയ അന്വേഷണം, കാലാനുസാരിയായി അനുസ്വരവികാസം സംഭവിച്ചുവളരുന്ന ഒന്നായി മലയാള കവിതാസാഹിത്യത്തെ കണ്ടെടുക്കുന്നതായി കാണാം.

പിൽക്കാലത്ത് മലയാള സാഹിത്യചരിത്രത്തിൽ പുരുഷ സാഹിത്യനായകന്മാരെ ചുറ്റിപ്പറ്റി കാലാകാലം വളർന്നുവന്ന കൂട്ടായ്മകളെ ഡോ. ജെ. ദേവിക, സ്വവർഗസഹൃദയസംഘങ്ങൾ എന്നു വിശേഷിപ്പിച്ചതു വായിക്കുമ്പോൾ, ലീലാവതി ടീച്ചർ, വർഷങ്ങൾക്കു മുമ്പേ ഉത്തര സൗരയൂഥം –വെൺമണി പ്രസ്ഥാനം (കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനെ കേന്ദ്രമാക്കി വളർന്നുവന്നത്) ദക്ഷിണ സൗരയൂഥം– കേരളവർമ യുഗം (കേരളവർമ വലിയകോയിത്തമ്പുരാനെ കേന്ദ്രമാക്കി വളർന്നുവന്നത്) എന്ന് മലയാള കാവ്യചരിത്രത്തിലെ സവിശേഷ ഘട്ടത്തിന് പേരിട്ടതിലെ സൂക്ഷ്മ വിമർശകബുദ്ധിയും രാഷ്ട്രീയ കൃത്യതയും വ്യക്തമാകും.

മലയാള കവിതാസാഹിത്യ ചരിത്രത്തിൽ ടീച്ചർ ഉപയോഗിച്ച വിശേഷണങ്ങളും സമീപനങ്ങളും വ്യവസ്ഥാപിതമാകുന്ന കാഴ്ചയാണ് പിൽക്കാല മലയാള സാഹിത്യം ദർശിച്ചത്. അനുപമമായ നൃത്തകാവ്യ പ്രസ്ഥാനമായി തുള്ളലിനെ ടീച്ചർ തിരിച്ചറിഞ്ഞു. കാൽപനികതയെ തന്റെ കവിതകളിലൂടെ മലയാള കാവ്യചരിത്രത്തിൽ ഉറപ്പിച്ചതിനാലും ദാർശനിക മഹിമകൾ തികഞ്ഞ കവിതകൾ രചിച്ചതിനാലും കുമാരനാശാനെ ദിവ്യകോകിലം എന്നാണ് വിശേഷിപ്പിച്ചത്. കാൽപനിക കവികളുടെ പല തലമുറകളെ ടീച്ചർ, സാഹിത്യ ചരിത്രത്തിൽ നിരീക്ഷിക്കുന്നുണ്ട്. കവികളെ അവതരിപ്പിക്കുമ്പോൾ സാമൂഹ്യചരിത്രത്തിന്റെ ഭാഗമായി അവതരിപ്പിക്കാൻ ടീച്ചർ ശ്രദ്ധിച്ചിട്ടുണ്ട്.

അക്കിത്തത്തെ അവതരിപ്പിക്കുന്ന ഭാഗം നോക്കുക: ‘‘ഉപ്പുകല്ലിന്നായുരിയരിച്ചോറിനായ് ഫാക്ടറിത്തൊഴിലാളിയാവുകയും ശാന്തിവൃത്തി വെടിയുകയുംചെയ്ത തുപ്പൻ നമ്പൂതിരിയുടെ കഥയായ’’ ‘പണ്ടത്തെ മേശാന്തി’ ഒരു വ്യക്തിയുടെ ചരിത്രം മാത്രമല്ല; ഒരു സമൂഹത്തിന്റെ ജീവിതകാമനയുടെ ഹൃദയസ്പർശിയായ പരിണാമ വൈചിത്ര്യമാണ്. കാലം മാറിയതറിയാതെ നിദ്രാവത്വത്തിലാണ്ട ഒരു സമൂഹത്തിന്റെ പെട്ടെന്നുള്ള ഉണർച്ചയും ഞെട്ടിത്തെറിക്കലും അടിപ്പെടാതിരിക്കാനുള്ള പാടുപെടലും അതിന്റെ വേദനകളും ആമാശയത്തിൽ തറച്ച സൂചിപോലെ അന്തരംഗത്തിൽ പുലരുന്ന കണ്ണീരും എല്ലാം നിറഞ്ഞ ഒരു മഹാകാവ്യമാണത്.’’ (മലയാള കവിതാസാഹിത്യ ചരിത്രം)

അവതാരികകൾ അഥവാ സമഗ്ര പഠനങ്ങൾ

നൂറുകണക്കിന് അവതാരികകൾ ടീച്ചർ എഴുതിയിട്ടുണ്ട്. ടീച്ചറുടെ ഉദാരമനസ്സിനെ കളിയാക്കി ‘‘ഡോക്ടർ എം. ലീലാവതി : സ്ത്രീരത്നം. കാരുണ്യം, വാത്സല്യം ഈ ഗുണങ്ങളുടെ ഉടലെടുത്ത രൂപം. ആ നന്മ സാഹിത്യത്തിലേക്കു പകർന്നതുകൊണ്ട് എല്ലാ കാവ്യങ്ങളെയും എല്ലാ നോവലുകളെയും നന്മയുള്ളതായി കാണുന്നു. അപ്പോൾ അത്യുക്തി സ്വാഭാവികം.

അതിശയോക്തി എന്ന അലങ്കാരം വിദ്യാർഥികളെ പഠിപ്പിക്കുന്നവർക്ക് ഉദാഹരണമായി ‘മുട്ടുന്നു മതിബിംബത്തിൽ മോടിയോടിഹ മേടകൾ’ എന്നു പറഞ്ഞുകൊടുക്കേണ്ടതില്ല, ഡോക്ടർ ലീലാവതി എഴുതിയ ഏത് അവതാരികയും നോക്കുക എന്നു കുട്ടികളോടു പറഞ്ഞാൽ മതി’’ (05.04.1992) എന്ന് അതിശയോക്തിപരമായിത്തന്നെ എം. കൃഷ്ണൻ നായർ സാഹിത്യ വാരഫലത്തിൽ എഴുതിയിട്ടുണ്ട്. ‘‘നിർലോഭമായി അവതാരികകൾ എഴുതി നവാഗതരെ പ്രോത്സാഹിപ്പിക്കുക എന്ന നിലപാടു സ്വീകരിച്ച കേരള വർമ വലിയകോയിത്തമ്പുരാൻ, ഉള്ളൂർ, അഴീക്കോട്, എൻ.വി എന്നിവരുടെ പാരമ്പര്യം തന്നെയാണ് ടീച്ചർ പിന്തുടർന്നത്’’ (എം. ഹരിദാസ് -ലീലാവതിയുടെ കയ്യൊപ്പ്).

ടീച്ചറുടെ പാണ്ഡിത്യത്തോടുള്ള ആഭിമുഖ്യവും കൃതിയുടെ സമസ്ത ഗുണങ്ങളും വിപുലവും വിസ്തൃതവുമായ സൂക്ഷ്മവായനയിലൂടെ കണ്ടെടുത്തവതരിപ്പിക്കുന്ന എഴുത്തുരീതിയുംമൂലം ‘‘തലയെടുപ്പുള്ള സാഹിത്യകാരന്മാർപോലും ടീച്ചറിന്റെ അവതാരിക തങ്ങളുടെ പുസ്തകത്തിന് ‘അലങ്കാരവും വിശ്വാസ്യതയും നൽകുമെന്ന് കരുതുന്നു’ ’’ (ആർ.എസ്. ബാബു –ടീച്ചറുടെ നല്ലെഴുത്ത് എന്ന പുസ്തകത്തിന്റെ മുഖവുരയിൽ) എന്ന നിരീക്ഷണമാണ് കൂടുതൽ വാസ്തവമായി പിൽക്കാലത്ത് ഭവിച്ചത്. മലയാള സാഹിത്യത്തിൽ എഴുതപ്പെട്ട ചില അവതാരികകൾക്ക് പുതിയ ഭാവുകത്വത്തെ അടയാളപ്പെടുത്താനും പുതിയ എഴുത്തുകാരുടെയും പുതിയ കൃതികളുടെയും കടന്നുവരവ് പ്രഖ്യാപിക്കാനും സാധിച്ചിട്ടുണ്ട്. എ.ആർ. രാജരാജവർമ, ആശാന്റെ നളിനിക്കെഴുതിയ അവതാരിക ഒരുദാഹരണം മാത്രം. കേസരിയും സുകുമാർ അഴീക്കോടും എൻ.വി. കൃഷ്ണവാര്യരും എം.എൻ. വിജയനും എം. ലീലാവതിയും എഴുതിയ പല അവതാരികകളും തത്തുല്യമായ അനുവാചകശ്രദ്ധ കൈവരിച്ചിട്ടുള്ളവയാണ്.

ടീച്ചറുടെ പ്രധാനപ്പെട്ട അവതാരികകളിൽ പതിനെട്ടെണ്ണം ‘ലീലാവതിയുടെ കയ്യൊപ്പ്’ എന്ന പേരിൽ സമാഹരിക്കപ്പെട്ടിട്ടുണ്ട് (2023, എഡിറ്റർ എം. ഹരിദാസ്, കേരള സാഹിത്യ അക്കാദമി). വ്യക്തവും വിശദവും സമഗ്രവുമായി കൃതികളെ നോക്കിക്കാണുന്ന ടീച്ചറുടെ രീതിക്ക് സമാനതകളില്ല. ജി (തെരഞ്ഞെടുത്ത കവിതകൾ), നാലപ്പാടൻ (നാലപ്പാടന്റെ കൃതികൾ), ഒ.എൻ.വി (സ്വയംവരം, ദിനാന്തം), സുഗതകുമാരി (അമ്പലമണി, രാധയെവിടെ), പ്രഭാവർമ (ചന്ദന നാഴി, കനൽച്ചിലമ്പ്) എന്നിങ്ങനെ നിരവധി കൃതികൾക്കെഴുതിയ അവതാരികകൾ ശ്രദ്ധേയമാണ്. ആശാന്റെ ‘ലീല’ക്കും ‘കരുണ’ക്കും എഴുതിയ ആമുഖപഠനങ്ങൾ സമ്പൂർണമായ ആശാൻപഠനങ്ങൾകൂടിയാണ്. നാലപ്പാടൻ കൃതികൾക്കെഴുതിയ അവതാരികയിൽ ആംഗലേയ കാൽപനിക പ്രസ്ഥാനവുമായി നാലപ്പാടൻ കവിതകൾക്കുള്ള ആഴത്തിലുള്ള ഭാവബന്ധം ടീച്ചർ തിരിച്ചറിയുന്നുണ്ട്.

മഹാനായ ദാർശനിക കവി എന്ന തലക്കെട്ടിലാണ് ജിയുടെ തെരഞ്ഞെടുത്ത കവിതകൾക്ക് അവതാരിക എഴുതിയത്. കവിതയെഴുത്ത് എന്ന കൃത്യത്തെ സാമൂഹികമാനമുള്ള കൃത്യമായി കണ്ടെടുക്കുകവഴി കേരളീയ കാവ്യപാരമ്പര്യത്തിലെ സമാനതകൾ അടയാളപ്പെടുത്താനുള്ള ശ്രമംകൂടി ടീച്ചർ അവതാരികാ പഠനങ്ങൾവഴി നടത്തിയിട്ടുണ്ട്. അതിനാൽ ഓരോ അവതാരികയിലും മലയാള കാവ്യചരിത്രത്തിലെ സുപ്രധാന പ്രവണതകളും കാവ്യരീതികളും ടീച്ചർ ഓർമിപ്പിച്ചു വന്നു.

‘‘നാലപ്പാടന്റെ കൃതികൾക്കുള്ള അവതാരികയിൽ ആശാന്റെ വിവർത്തന കൃതികളും കാവ്യരീതികളും റൊമാന്റിക് കാവ്യപ്രസ്ഥാനത്തിലെ പ്രധാന കവികളും ആംഗലേയവഴികളും ആഴത്തിൽ പരാമർശിക്കപ്പെടുന്നത് നോക്കുക. കവികളായ കവികളൊക്കെ കവിതയെഴുതുന്നത് കരിമഷികൊണ്ടല്ല, ഉയിരിന്റെ ഉണ്മകളുടെ ഉപ്പലിഞ്ഞു ചേർന്നിട്ടുള്ള ചോരകൊണ്ടും കണ്ണീരുകൊണ്ടുമാണ്’’ (വാഗഗ്നിയുടെ കാവ് -റഫീക്ക് അഹമ്മദിന്റെ കൃതികൾ) എന്ന നിരീക്ഷണം മറ്റൊരുദാഹരണമാണ്. ചോരയിൽ ചേർന്നലിഞ്ഞുപോയ ഭാവഗാനധാര എന്ന് ചങ്ങമ്പുഴക്കവിതയെ ടീച്ചർതന്നെ വിശേഷിപ്പിച്ചതോർക്കാം.

 

ആൺകോയ്മക്കെതിരെ

ആൺകോയ്മയെ കൂസാത്ത നിരൂപണമെന്ന് ജെ. ദേവിക ലീലാവതി ടീച്ചറുടെ നിരൂപണങ്ങളെ വിശേഷിപ്പിക്കുന്നുണ്ട്. ഈ നിരീക്ഷണത്തിന്റെ മൂർച്ചയും കൃത്യതയും അറിയണമെങ്കിൽ ടീച്ചർ എഴുതിയിരുന്ന കാലത്തെ പ്രമുഖ പുരുഷനിരൂപകരുടെ പ്രതികരണങ്ങൾ മനസ്സിലാക്കാൻ കഴിയണം. എം. കൃഷ്ണൻ നായർ സാഹിത്യവാരഫലത്തിൽ ഒരിക്കലെഴുതി (കൃഷ്ണൻ നായരും എം. ലീലാവതിയും സഹപ്രവർത്തകർകൂടിയായിരുന്നു): ‘‘മൂന്നുപേരും (സാറാ ജോസഫും മീനാക്ഷി തമ്പാനും എം. ലീലാവതിയും) നന്മയാർന്നവരെങ്കിലും സ്ത്രീസ്വാതന്ത്ര്യത്തിന് അമിത പ്രാധാന്യം കൽപിക്കുന്നു എന്നൊരു ദോഷമുണ്ട്... ഫെമിനിസം ഒരു പൊളിഞ്ഞ കേസാണ്; സ്ത്രീ സ്വാതന്ത്ര്യവാദവുംകൊണ്ട് മുന്നോട്ടു വരുന്ന സ്ത്രീകളായ സീമോൻ ദ ബോവാറും കേറ്റ് മില്ലറ്റും ജെർമേൻ ഗ്രീറും സത്യം ദർശിക്കുന്നവരല്ല; അഡ്വക്കെയ്റ്റ്സായിട്ടാണ് അവരുടെ രംഗപ്രവേശം.’’

ഇത്തരം നിരീക്ഷണങ്ങൾ നിലനിൽക്കുന്ന സമൂഹത്തിൽ സ്ത്രീ കേവലം ഭോഗവസ്തു മാത്രമാണെന്നും സാഹിത്യം സ്ത്രീയും പുരുഷൻ സാഹിത്യം സൃഷ്ടിക്കുന്നവനുമാണെന്ന ചിന്താഗതിക്കാണ് പ്രാമുഖ്യമെന്നും കാണാം. നമ്മുടെ സാഹിത്യ സങ്കൽപനങ്ങൾതന്നെ സ്ത്രീകൾക്ക് അന്യതാബോധം ജനിപ്പിക്കുന്നവയായിരുന്നു. സാഹിത്യത്തെത്തന്നെ സ്ത്രീയായി സങ്കൽപിക്കുകയും പുരുഷനെ സൃഷ്ടികർത്താവായി പ്രതിഷ്ഠിക്കുകയുംചെയ്യുന്ന രീതികൾ വ്യാപകമായിരുന്നു. ‘‘സംഗീതമപി സാഹിത്യം സരസ്വത്യാപി സ്തനദ്വയം’’ എന്ന സങ്കൽപനം ഒരുദാഹരണം മാത്രം. വൈലോപ്പിള്ളി ശ്രീധരമേനോൻ തന്റെ ഓർമകളുടെ സമാഹാരമായ ‘കാവ്യലോകസ്മരണകൾ’ എന്ന കൃതിയിൽ പ്രസ്തുത ശ്ലോകം ഇടപ്പള്ളി സാഹിത്യ പരിഷത്തിന്റെ പ്രസംഗവേദിയിൽ ഉദ്ധരിച്ച് സദസ്യരുടെ അപഹാസ്യത്തിന് ഇരയായ അമ്പാടി കാർത്യായനിയമ്മയെക്കുറിച്ച് എഴുതിയിട്ടുണ്ട്.

സാഹിത്യ സദസ്സിൽ ഒരു സ്ത്രീ അംഗമാകുകയോ സംസാരിക്കുകയോ ചെയ്യുക എന്നതുതന്നെ അപൂർവമായിരുന്ന ആ കാലത്ത് അത്തരം പ്രവൃത്തികൾ സാഹസികതയോ കടന്നുകയറ്റമോ ധിക്കാരമോ ആയാണ് മനസ്സിലാക്കപ്പെട്ടിരുന്നത്. ഇനി സാഹസികമായിത്തന്നെ അത്തരം ഒരു ധിക്കാരത്തിന് ഒരു സ്ത്രീ ഒരുമ്പെട്ടെറങ്ങിയാൽത്തന്നെ അവർക്ക് ഉപയോഗിക്കാനായി സമൂഹത്തിൽ ലഭ്യമായ ഭാഷപോലും പുരുഷനിർമിതവും സ്ത്രീവിരുദ്ധമായ അലങ്കാരങ്ങളാലും കല്പനകളാലും ജടിലവുമായിരുന്നുവെന്നാണ് വൈലോപ്പിള്ളിയുടെ വിവരണത്തിൽ നിന്ന് വ്യക്തമാകുന്നത്. ഒന്നര മൈൽ നടന്ന് ഒന്നാം ദിവസം സന്ധ്യക്ക് ഞങ്ങളവിടെ എത്തിയപ്പോൾ അമ്പാടി കാർത്യായനിയമ്മ പ്രസംഗിക്കുകയായിരുന്നു.

‘‘സംഗീതമപി സാഹിത്യം സരസ്വത്യാ സ്തനദ്വയം’’ എന്ന ശ്ലോകം അവരുദ്ധരിക്കുന്നത് കേട്ടാണ് ഞങ്ങൾ പന്തലിന്റെ ഒരു കോണിൽ സ്ഥാനം ഉറപ്പിച്ചത്. ഈ ശ്ലോകാർഥം കേട്ടും പത്തിരുപത്തിയേഴ് വയസ്സുള്ള അവരുടെ കോമളാംഗം കണ്ടും ആളുകൾ ഊറിച്ചിരിക്കുന്നുണ്ടായിരുന്നു’’ (കാവ്യലോക സ്മരണകൾ). സാഹിത്യത്തെക്കുറിച്ച് പ്രതിപാദിക്കാൻ പുരുഷ ഭാഷ മാത്രം ലഭ്യമായ കാലത്തിന്റെ അടയാളങ്ങളാണ് ഇത്തരം പരിഹാസങ്ങൾ. ഇത്തരം സമീപനങ്ങൾ നിലനിന്ന കാലഘട്ടത്തിൽ നിരൂപണം എഴുതിത്തുടങ്ങിയ ടീച്ചർക്ക് ഏറെ വെല്ലുവിളികൾ നേരിടേണ്ടിവന്നിട്ടുണ്ട്.

സാഹിത്യനിരൂപണത്തിൽ ഒരു പെണ്ണിന്റെ സാഹസസഞ്ചാരങ്ങൾ എന്നു ആത്മകഥക്ക് പേരിടാൻ കാരണം ഇത്തരം പുരുഷാധിപത്യ സാമൂഹികവ്യവസ്ഥകളാണ്. പുരുഷസദസ്സിൽ സ്വയം കയറിച്ചെന്ന ഒരാളായി എ.ജി. ഒലീന, ടീച്ചറെ വിശേഷിപ്പിച്ചത് അതുകൊണ്ടുകൂടിയാണ്. പുരുഷാധിപത്യത്തെ കൂസാതെ എഴുതുകയാണ് ടീച്ചർ ചെയ്തത്. ആദ്യകാലത്ത് നിലനിന്ന പുരുഷാധിപത്യ സാഹിത്യരീതികളോട് ഏറക്കുറെ പൊരുത്തപ്പെട്ട ഭാഷപോലും ടീച്ചർക്ക് ഉപയോഗിക്കേണ്ടിവന്നിട്ടുണ്ട്: ‘‘കവിതയെ വനിതയോട് സാദൃശ്യപ്പെടുത്തുന്ന രീതിപോലും അവരുടെ ലേഖനങ്ങളിൽ ഉണ്ട്’’ (ജെ. ദേവിക –ആൺകോയ്മയെ കൂസാത്ത നിരൂപണം). എന്നാൽ, ക്രമേണ തന്റെ സമീപനത്തിന്റെ ശാസ്ത്രീയ കൃത്യതമൂലം നിരൂപണരംഗത്ത് തന്റേടത്തോടെ തന്റെ ഇടം/ സ്ത്രീയുടെ ഇടം ടീച്ചർ ഉറപ്പിച്ചു. സ്ത്രീ സങ്കൽപം മലയാള നോവലിൽ, സ്ത്രീ സ്വത്വാവിഷ്കാരം ആധുനിക മലയാള സാഹിത്യത്തിൽ, ചെറുകാടിന്റെ സ്ത്രീ കഥാപാത്രങ്ങൾ തുടങ്ങിയ കൃതികൾ നോക്കുക.

പാണ്ഡിത്യവും സഹൃദയത്വവും

‘‘എം. ലീലാവതിയുടെ പ്രബന്ധങ്ങളും കവിതയും ശാസ്ത്രവുമെന്ന ഗ്രന്ഥവും നൂതനതയിലേക്കുള്ള ആദ്യത്തെ കാൽവെപ്പുകളിൽപ്പെടും’’ (എം.എൻ. വിജയൻ –പഴയ ശരിയും പുതിയ തെറ്റും) എന്ന അഭിപ്രായം തീർത്തും ശരിയാണ്. അപ്പോഴും പാണ്ഡിത്യവും സഹൃദയത്വവും ഒരുപോലിണങ്ങിയ നിരൂപണങ്ങളാണ് ടീച്ചറുടേത്.

മനഃശാസ്ത്ര നിരൂപണത്തിന്റെ വഴിയേ പോകുന്ന ആഴമേറിയ നിരൂപണങ്ങൾ ലീലാവതി ടീച്ചർ എഴുതിയിട്ടുണ്ട്. ‘അനിമ’ (പുരുഷന്റെ അബോധത്തിലെ സ്ത്രൈണ ചേതന), ‘അനിമസ്’ (സ്ത്രീയുടെ അബോധത്തിലെ പുരുഷ ചേതന) എങ്ങനെ മലയാള കവിതയിൽ പ്രകടമാകുന്നുവെന്ന് ടീച്ചർ പല പഠനങ്ങളിലും വിശദമാക്കിയിട്ടുണ്ട്. ആശാന്റെ അനിമയുടെ ആദ്യത്തെ ആവിഷ്കാരമായി നളിനിയെ കാണുന്നു. നളിനിയെ അബോധമനസ്സിന്റെ ആവിഷ്കാരമായും ഉപഗുപ്തൻ, ദിവാകരൻ തുടങ്ങിയവരെ ബോധമനസ്സിന്റെ വക്താക്കളായും കാണുന്നു. ജിയുടെ കവിതകളിലെ വേണു, പങ്കജം, മുല്ല, നിശ, സൂര്യകാന്തി, കാറ്റ് എന്നിവ അനിമയുടെ പ്രതിനിധികളും, ലോകൈക ഗായകൻ (ഓടക്കുഴൽ ശ്യാമസുന്ദരനായ അനാദ്യന്ത വ്യോമം (പുഷ്പഗീതം, നിശാഗീതം), ശാശ്വത ജഗൽ പ്രാണൻ (പുഷ്പഗീതം), സൂര്യൻ (സൂര്യകാന്തി) തുടങ്ങിയവ അനിമസിന്റെ പ്രതിനിധികളുമാണ്.

ആർക്കിടൈപ്പുകളോട് വ്യക്തിയുടെ ആസ്തിക്യം ബന്ധിക്കപ്പെട്ടിരിക്കുന്നത് എങ്ങനെയെന്ന് വിശദമാക്കാനും ടീച്ചർ ശ്രമിച്ചിട്ടുണ്ട്. ‘‘ഗാർഹസ്ഥ്യത്തിൽനിന്നു സന്യാസത്തിലേക്കിറങ്ങിപ്പോയ ബുദ്ധനും സന്യാസത്തിൽനിന്നു ഗാർഹസ്ഥ്യത്തിലേക്ക് തിരിച്ചുവന്ന ശിവനും ഭാരതീയാ ബോധമനസ്സിനെ ചിരന്തനമായി ഭരിച്ചുകൊണ്ടിരിക്കുന്ന രണ്ട് ആദി പ്രതീകങ്ങളാണ് (ബുദ്ധനും ശിവനും –കവിതാരതി) എന്ന നിരീക്ഷണം നോക്കുക. ഷോളൊഖോവിന്റെ നോവലുകളും സി. രാധാകൃഷ്ണന്റെ നോവലുകളും സമഗ്രമായി പഠിച്ചിട്ടുണ്ട്. മലയാളത്തിന്റെ പ്രമുഖ നിരൂപകരെയും ടീച്ചർ ആഴത്തിൽ പഠിച്ചിട്ടുണ്ട്. കേസരി, മാരാർ, എം.പി. പോൾ, കുറ്റിപ്പുഴ തുടങ്ങിയവരിലെല്ലാം പൊതുഘടകമായി സാഹിത്യത്തെ സമഗ്രമായി നോക്കിക്കണ്ട് അപഗ്രഥിക്കുക എന്ന രീതി കാണാം എന്ന ടീച്ചറുടെ നിഗമനം ഏറെ ശ്രദ്ധേയമായിരുന്നു. സതൃണാഭ്യവഹാരി, മത്സരി, അരോചി, തത്ത്വാന്വേഷി എന്നീ കാവ്യാസ്വാദകരിൽ നല്ലതരം എന്നു വിശേഷിപ്പിക്കാവുന്നത് തത്ത്വാന്വേഷിയെയാണ്. തത്ത്വാന്വേഷിയായ കാവ്യാസ്വാദകകൂടിയായി ടീച്ചർ നിലകൊണ്ടു.

നിരൂപണത്തിലെ മൂന്നു തലങ്ങളും ചേർന്നതാണ് ലീലാവതി ടീച്ചറുടെ നിരൂപണങ്ങൾ. അവധാരണം, വ്യാഖ്യാനം, മൂല്യനിർണയം. എന്നാൽ വ്യക്തിനിരപേക്ഷമായ നിരൂപണമല്ല ലീലാവതി ടീച്ചറുടേത്. മുണ്ടശ്ശേരിയുടെ നിരൂപണം വിലയിരുത്തുമ്പോൾ ‘‘മാർക്സിസ്റ്റ് തത്ത്വശാസ്ത്രത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന വിശ്വാസവും മതസ്ഥാപനങ്ങളുടെയും മത നേതാക്കളുടെയും സങ്കുചിതവീക്ഷണത്തിന്റെ പരിണതഫലമായി അനുഭവിക്കേണ്ടിവന്ന ഞെരുക്കങ്ങളും കണക്കിലെടുക്കുന്നത് അതുകൊണ്ടാണ്’’ (മുണ്ടശ്ശേരിയുടെ സാഹിത്യനിരൂപണം).

നിരൂപണം, ആസ്വാദനം എന്നീ പ്രക്രിയകൾക്കു തമ്മിലുള്ള അതിർവരമ്പ് സാങ്കൽപികമാണെന്ന് ചിലപ്പോൾ തോന്നിപ്പോകും. സാഹിതീയ മാനദണ്ഡങ്ങൾ പുനർനിർണയിക്കാൻ ടീച്ചർക്ക് സാധിച്ചിട്ടുണ്ട്. പാണ്ഡിത്യത്തിന്റെ എഴുത്തുകളായി (അഭിനവഗുപ്തനും യുങ്ങും മറ്റ് മനഃശാസ്ത്ര സമീപനങ്ങളും) നിലനിൽക്കുമ്പോൾതന്നെ ആഴമേറിയ സഹൃദയത്വത്തിന്റെ എഴുത്തുകൾകൂടിയാണ് ടീച്ചറുടേത്. ശിവതാണ്ഡവത്തിനും വിശ്വദർശനത്തിനും എഴുതിയ ആസ്വാദനപഠനങ്ങൾ ഒരുദാഹരണം മാത്രമാണ്.

 

മൂല്യദർശനം

സാഹിത്യത്തിലെ മൂല്യദർശനം ഡോ. എം. ലീലാവതിക്ക് ഏറെ പ്രിയപ്പെട്ടതാണ്. കേരളത്തിലെ പ്രഖ്യാതരായ ചില കവികളുടെ കാവ്യങ്ങളെ അനുധ്യാനത്തിന്റെ പ്രശാന്തതയിലിരുന്നുകൊണ്ട് നോക്കുന്ന സന്ദർഭത്തിൽ ഉളവാകുന്ന സൗന്ദര്യാനുഭൂതിയെ ആകർഷകമായി ആവിഷ്കരിക്കുക മാത്രമല്ല ടീച്ചർ ചെയ്യുന്നത്. വർണരാജിയിലെ പഠനങ്ങൾ ഉദാഹരണങ്ങളാണ്. ജി. ശങ്കരക്കുറുപ്പ്, ബാലാമണിയമ്മ, പി. കുഞ്ഞിരാമൻ നായർ, ചങ്ങമ്പുഴ കൃഷ്ണപിള്ള, വൈലോപ്പിള്ളി ശ്രീധര മേനോൻ, ഇടശ്ശേരി ഗോവിന്ദൻ നായർ, എൻ.വി. കൃഷ്ണവാര്യർ, അക്കിത്തം, ഒളപ്പമണ്ണ, വയലാർ, പി. ഭാസ്കരൻ, ഒ.എൻ.വി, സുഗതകുമാരി തുടങ്ങിയവരുടെ കൃതികളിലൂടെയുള്ള കാവ്യാസ്വാദനയാത്രയുടെ മാന്ത്രികാനുഭവം രേഖപ്പെടുത്തുന്ന ലേഖനങ്ങളുടെ സമാഹാരമാണ് വർണരാജി.

കാവ്യങ്ങളുടെ ആർജവം എന്ന ഗുണം കണ്ടെത്തുന്ന എഴുത്തുകാരി അവയുടെ മൂല്യങ്ങളിലേക്കും വിരൽ ചൂണ്ടുന്നു. ആ മൂല്യങ്ങൾക്കുള്ള നീതിശാസ്ത്രസംബന്ധിയായ ഉപപത്തികളേയും അവർ വിശദമാക്കുന്നു. ഉദാഹരണമായി ജിയുടെ കൃതികളെല്ലാം മൂല്യബോധത്തിൽ, വെളിച്ചം തേടുന്നവയാണെന്നാണ് ടീച്ചർ ആത്യന്തികമായി കണ്ടെത്തുന്നത്. ഇരുളിൽനിന്നു വെളിച്ചത്തിലേക്ക് നയിച്ചാലും എന്ന പ്രാർഥനയുടെ ഭാഷ്യങ്ങളാണ് ജിയുടെ കവിതകളെല്ലാം എന്ന നിരീക്ഷണം കാണുക. കവിതകളുടെ രൂപവും ശൈലിയും മാറുമ്പോഴും ആത്യന്തികമായി ജിയുടെ കവിതകൾ, വെളിച്ചത്തിനായുള്ള നിതാന്തശോകത്താൽ നീറിയുറയുന്ന ഉള്ളുരുക്കുന്ന പ്രാർഥനകൾതന്നെ. ജ്യോതിസ്സിനെ അന്വേഷിക്കുന്നതിനുള്ള ത്വര, അധ്യാത്മമണ്ഡലത്തിൽ വ്യാപരിക്കുന്നതിൽനിന്നാണ് ജിയുടെ ഉദാത്ത കവിതകളെല്ലാം പിറവിയെടുത്തിട്ടുള്ളത്. (ഓടക്കുഴൽ പുഷ്പഗീതം 1, പുഷ്പഗീതം II പങ്കജഗീതം, കാട്ടുമുല്ല, പ്രഭാതദീപഗീതി മേഘഗീതം, നിശാഗീതം, സൂര്യകാന്തി, നിമിഷം അന്തർദാഹം, വിശ്വദർശനം, ജീവനസംഗീതം...’’

വർണനാദരസഗന്ധ സ്പർശങ്ങളിലെല്ലാം അനന്ത വൈവിധ്യവൈചിത്ര്യത്തോടുകൂടിയ അനുഭൂതിപ്പരപ്പിനെ സൃഷ്ടിച്ച കവിയെന്ന നിലയിൽ വിശദവും വിപുലവുമായി പഠിക്കുമ്പോഴും, തന്റെ സർഗശക്തിപ്രഭാവം കാട്ടിക്കൊടുത്ത വെളിച്ചത്തിലൂടെ, ഇരുട്ടിനെ വകഞ്ഞുമാറ്റിക്കൊണ്ട് സഞ്ചരിച്ച് അക്ഷരനക്ഷത്ര കൃതികൾ സൃഷ്ടിച്ച് തന്റേതായ ഒരു വിപുല വ്യോമത്തെ സംവിധാനം ചെയ്ത കവിയായി ജിയെ അടയാളപ്പെടുത്താൻ ശ്രദ്ധിക്കുന്നു (മഹാനായ ദാർശനിക കവി എന്ന ലേഖനം).

വ്യാകരണ പണ്ഡിത

വ്യാകരണവും ടീച്ചർക്ക് അന്യമായിരുന്നില്ല. ദിത്വഖരാദേശനയങ്ങളെപ്പറ്റി പഠിക്കുമ്പോൾ ‘തൊൽക്കാപ്പിയ’ത്തിലെ വിഭക്തിസന്ധിയും വിഭക്ത്യർഥത്തിലല്ലാതെ രണ്ടു പദങ്ങൾ ചേരുന്ന സന്ധിയും ടീച്ചർ ഉപയോഗപ്പെടുത്തുന്നുണ്ട്. ‘‘കേരളപാണിനിയുടെ ‘അൻ’ എന്ന പുല്ലിംഗവാചിയെന്ന് ഇന്നു കരുതപ്പെടുന്ന പ്രത്യയമാണ് ക്രമേണ അം ആയി മാറിയതെന്നും മരത്തിന്റെ മുതലായവയിൽ കാണുന്ന അത്ത് അൻ എന്നതിലെ അനുനാസികത്തിന്റെ ഖരാദേശമാണെന്നുമാണ് കേരളപാണിനി സിദ്ധാന്തിക്കുന്നത്. ഈ സിദ്ധാന്തത്തിലെ ഭാവനാംശത്തോടു കിടപിടിക്കാൻ ‘കേരളപാണിനീയ’ത്തിൽതന്നെ വർത്തമാനകാലപ്രത്യയ ചർച്ചയിൽ ‘ഇറ’ ധാതുവിനെ പ്രത്യയമാക്കി സങ്കൽപ്പിച്ചതു മാത്രമേ ശക്തമാകൂ എന്നു തോന്നുന്നു. Fantastic എന്നു വിശേഷിപ്പിക്കാവുന്ന രണ്ടു നിഗമനങ്ങളാണിവ’’ (ദിത്വ ഖരാദേശങ്ങളെപ്പറ്റി) എന്ന് ടീച്ചർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പിൻവിനയച്ചത്തെപ്പറ്റി പഠിക്കുമ്പോൾ തൊൽക്കാപ്പിയം, വീരചോഴിയം മുതലായ തമിഴ് വ്യാകരണങ്ങൾ ഉപയോഗിച്ചിരിക്കുന്നു.

തെറ്റില്ലാത്ത മലയാളം ലക്ഷ്യമാക്കി എഴുതിയ നല്ലെഴുത്ത് എന്ന കൃതിയിൽ ഭാഷാപ്രയോഗങ്ങൾക്ക് രണ്ടു ലക്ഷ്യങ്ങളു​െണ്ടന്ന് ടീച്ചർ പറയുന്നുണ്ട്: ഭംഗിയും ആശയനിവേദനവും. ചരിത്രപരമായുള്ള ഉൾക്കാഴ്ചയുള്ള പ്രായോഗിക സമീപനമാണ് ശരിതെറ്റുകളെക്കുറിച്ച് സംസാരിക്കുമ്പോൾ സ്വീകരിച്ചു കാണുന്നത്. രഹസ്യം എന്ന വാക്കിനെ മാതൃകയാക്കി പരക്കെ എന്ന മലയാള പദത്തിന്റെ പ്രകൃതിയിൽനിന്ന് രൂപപ്പെടുത്തിയെടുത്തതാണ് പരസ്യം എന്ന് അവർ ചൂണ്ടിക്കാട്ടുന്നു. തുടക്കക്കാലത്ത് ‘‘തെറ്റായ വികൃതരൂപമായിരുന്ന പരസ്യം ഇപ്പോൾ ശരിയായി പരക്കെ അംഗീകൃതമായി. പരസ്യത്തിന് ബദലായി മറ്റൊരു പദമില്ല.’’ എന്തുകൊണ്ട് ഒരു പദം തെറ്റാണ് എന്നതിന്റെ വിശദീകരണവും നൽകുന്നുണ്ട്. ഉദാഹരണമായി പലായനം ശരി എന്നു പറയുമ്പോൾ എന്തുകൊണ്ട് പാലായനം തെറ്റാണെന്നതും ടീച്ചർ സൂചിപ്പിക്കുന്നു (പാലായനത്തിന് പാലയിലേക്കു യാത്ര എന്നാണർഥം).

ബഹുഭാര്യത്വം ശരിയാക്കുമ്പോൾ ബഹുഭാര്യാത്വം എന്തുകൊണ്ട് (-അനേകരുടെ ഭാര്യയായിരിക്കുക) തെറ്റായ പ്രയോഗമാകുന്നു എന്ന് ടീച്ചർ സൂചിപ്പിച്ചത് മറ്റൊരുദാഹരണം. വായനശീലവും ചുമതല ബോധവുമാണ് ശരിയെങ്കിലും വായനശീലവും ചുമതലാബോധവും പ്രചരിച്ചു കഴിഞ്ഞിരിക്കുന്നു എന്നവർ ചൂണ്ടിക്കാട്ടുന്നു. വാക്യപ്പിഴകൾ വിശദമാക്കുന്നതിനായി നൽകിയിട്ടുള്ള ഉദാഹരണങ്ങളെല്ലാം പത്രങ്ങളിലും ആനുകാലികങ്ങളിലും പുസ്തകങ്ങളിലും കണ്ടെടുത്തിട്ടുള്ളവയാണ്.

പ്രാചീന മലയാള ഗദ്യത്തിന്റെ ആദ്യകാല മാതൃകകളിലൊന്നായ ആട്ടപ്രകാരങ്ങളിൽ ഒന്നായ അശോകവനികാങ്കത്തിന്റെ ഭാഷാശാസ്ത്രപരമായ വിശകലനമാണ് ടീച്ചറുടെ ഗവേഷണ പ്രബന്ധം. ഭാഷാചരിത്രപരമായ ഉൾക്കാഴ്ചയോടെ രചിച്ച ഈ കൃതിയിൽ അം എന്ന പ്രത്യയത്തിന്റെയും പിൻ വിനയെച്ച പ്രത്യയമായ ആൻ (പോകാൻ) എന്നതിന്റെയും നിഷ്പത്തി അന്വേഷിക്കുന്നുണ്ട്. ‘‘ഈ ഗവേഷണ പ്രബന്ധം വായിക്കുന്ന ഒരാൾക്ക് ഇത് ഇത്രയും കാലം അച്ചടിയിൽ വരാത്തതെന്ത് എന്ന് ആശ്ചര്യം തോന്നും’’ എന്നാണ് പ്രമുഖ ഭാഷാശാസ്ത്രജ്ഞനായ ടി.ബി. വേണുഗോപാലപ്പണിക്കർ അഭിപ്രായപ്പെട്ടിട്ടുള്ളത്. (ഗവേഷണ സപര്യ)

 

പ്രതികരിക്കുന്ന സ്വരം

‘‘പ്രതിഷേധിക്കേണ്ടിടത്തു പ്രതിഷേധിക്കാതിരിക്കുന്നത് മനുഷ്യത്വമല്ലെന്ന് വെടിയേറ്റു മരിച്ച അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡി പറഞ്ഞിട്ടുണ്ട്... പ്രതിഷേധിക്കേണ്ടിടത്ത് പ്രതിഷേധ സ്വരം കേൾപ്പിക്കുന്നു ഡോക്ടർ ലീലാവതി. സ്ത്രീയുടെ കാമോദ്ദീപകങ്ങളായ അവയവങ്ങൾ കാണിച്ച് പണമുണ്ടാക്കുന്ന ചലച്ചിത്ര നിർമാതാക്കളെക്കുറിച്ചാണ് ശ്രീമതിക്ക് പറയാനുള്ളത്’’ എന്ന് (സാഹിത്യവാരഫലം 26 നവം. 1978).

ടീച്ചറുടെ, വനിതകൾ ഉണരണം എന്ന ലേഖനം മുൻനിർത്തിയും ‘‘എപ്പോഴും അന്തരംഗ സ്പർശിയാണ് ലീലാവതിയുടെ നിരൂപണം. കാവ്യത്തിന്റെ ധ്വന്യാത്മകത വ്യക്തമാക്കിത്തരാനും സാധാരണ വായനക്കാരന് ചെല്ലാൻ കഴിയാത്ത മണ്ഡലങ്ങളിലേക്ക് അയാളെ നയിച്ച് കാവ്യാനുഭൂതിയുടെ തീക്ഷ്ണത വർധിപ്പിക്കാനും ഡോക്ടർ ലീലാവതിക്കു കഴിഞ്ഞിട്ടുണ്ട്. ഹൃദ്യമായ രചന. ഹൃദ്യമായ ജീവിതവീക്ഷണം’’ (സാഹിത്യ വാരഫലം 21 Sept 1980) എന്ന് പുതിയ നായാട്ട് എന്ന ലേഖനം മുൻനിർത്തിയും എം. കൃഷ്ണൻ നായർ എഴുതിയിട്ടുണ്ട്. ഫലസ്തീനിലെ കുട്ടികൾ വിശന്നിരിക്കുമ്പോൾ/ ആക്രമിക്കപ്പെടുമ്പോൾ പിറന്നാൾ സദ്യ ഉണ്ണുന്നതെങ്ങനെ എന്ന് ടീച്ചർ പ്രഖ്യാപിച്ചപ്പോൾ പ്രതികരണത്തിലെ ഇതേ ആർജവംതന്നെയാണ് കാണുന്നത്. ദന്തഗോപുര വാസിയല്ല ലീലാവതി ടീച്ചറിലെ എഴുത്തുകാരി എന്നു ചുരുക്കം. ബാലാമണിയമ്മയുടെ കവിതകളിൽനിന്ന് ഏറെ പ്രാധാന്യത്തോടെ ടീച്ചർ രണ്ടു വരികൾ കണ്ടെടുത്ത് മലയാള കവിതാ സാഹിത്യ ചരിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.

‘‘ആരുടെ കാലിൽ തറയ്ക്കുന്ന മുള്ളുമെ -

ന്നാത്മാവിനെ കുത്തി നോവിക്കും’’

(യാത്രയിൽ)

ആരുടെ കാലിൽ തറയ്ക്കുന്ന മുള്ളും കുത്തി നോവിക്കുന്ന തന്റെ ആത്മാവിന്റെ വ്യഥകൾ മാറ്റാനുള്ള ഉപാധികൾ കൂടിയായാണ് ടീച്ചർ എഴുതുന്നതും ജീവിക്കുന്നതും.

Tags:    
News Summary - Dr. M. Leelavathi's writing world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.