എഴുത്തുകുത്ത്
വെല്ലുവിളികളെ അതിജയിക്കാൻ രവീന്ദ്രനാകുമോ?
സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നടൻ രവീന്ദ്രൻ നിയമിതനായതോടെ മലയാള സിനിമയുടെ സാംസ്കാരികവും കലാപരവുമായ പ്രവർത്തനങ്ങളിൽ പുതിയ പ്രതീക്ഷകൾക്ക് വഴിതുറന്നിരിക്കുകയാണ് (രവീന്ദ്രനുമായുള്ള അഭിമുഖ സംഭാഷണം: ലക്കം 1496). അഭിനയരംഗത്തെ അനുഭവത്തിനൊപ്പം ചലച്ചിത്രമേളകളുടെ സംഘാടനത്തിലും ചലച്ചിത്രാസ്വാദനത്തിന്റെ പ്രചാരണത്തിലും താൽപര്യമുള്ള വ്യക്തിയാണ് രവീന്ദ്രൻ. സിനിമയുടെ കലാപരവും സാങ്കേതികവുമായ മേഖലകൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയെന്ന ലക്ഷ്യവും പുതിയ നേതൃത്വത്തിനുണ്ട്. എന്നാൽ, ഒരു സാംസ്കാരിക സ്ഥാപനത്തിന്റെ തലപ്പത്തെത്തുക എന്നതിലുപരി, അതിന്റെ വിശ്വാസ്യതയും പ്രവർത്തനക്ഷമതയും ഉറപ്പാക്കുക എന്നതാണ് അദ്ദേഹത്തിനു മുന്നിലുള്ള യഥാർഥ പരീക്ഷണം.
അക്കാദമിയുടെ പ്രവർത്തനങ്ങളിൽ കാലതാമസമില്ലാതെ തുടർച്ച ഉറപ്പാക്കുക എന്നതായിരിക്കും ആദ്യത്തെ വെല്ലുവിളി. ഭരണപരമായ അനിശ്ചിതത്വങ്ങൾ കാരണം ചലച്ചിത്രമേളകളുടെയും പുരസ്കാര നിർണയത്തിന്റെയും പ്രവർത്തനങ്ങൾ വൈകിയതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ചലച്ചിത്രമേളകളുടെ സംഘാടനം, സിനിമകളുടെ തിരഞ്ഞെടുപ്പ്, ജൂറി നിയമനം, പുരസ്കാരവിതരണം തുടങ്ങിയവ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ട്. പ്രത്യേകിച്ച് കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയുടെ നിലവാരവും ആഗോള സ്വീകാര്യതയും നിലനിർത്തുക എന്നത് ചെറിയ ഉത്തരവാദിത്തമല്ല. ലോക സിനിമയിലെ പുതിയ പ്രവണതകളെ പരിചയപ്പെടുത്തുന്നതിനൊപ്പം മലയാള സിനിമയുടെ സവിശേഷതകൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനും അക്കാദമിക്കു കഴിയണം.
അതിനേക്കാൾ ഗൗരവമുള്ളത് അക്കാദമിയുടെ പ്രവർത്തനങ്ങളിൽ രാഷ്ട്രീയ താൽപര്യങ്ങൾ കടന്നുകയറാതിരിക്കാനുള്ള ജാഗ്രതയാണ്. സാംസ്കാരിക സ്ഥാപനങ്ങളിലെ നിയമനങ്ങൾ രാഷ്ട്രീയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വിധേയമാകുന്ന സാഹചര്യത്തിൽ, പുതിയ ചെയർമാൻ തന്റെ പ്രവർത്തനങ്ങളിലൂടെ സ്വതന്ത്രമായ നിലപാട് തെളിയിക്കേണ്ടതുണ്ട്. ഏതു രാഷ്ട്രീയപക്ഷത്തോടും അടുപ്പമുള്ളവരായാലും കലാപരമായ മികവും സംഭാവനയും പരിഗണിച്ചായിരിക്കണം സിനിമകൾക്കും വ്യക്തികൾക്കും അംഗീകാരം നൽകുന്നത്.
അക്കാദമി ഭരണകൂടത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന വേദിയല്ല, മറിച്ച് സിനിമയുടെ സർഗാത്മക സ്വാതന്ത്ര്യത്തിനും വിമർശനാത്മക ചിന്തക്കും ഇടം നൽകുന്ന സ്ഥാപനമാണെന്ന ബോധ്യം അതിന്റെ എല്ലാ തീരുമാനങ്ങളിലും പ്രതിഫലിക്കണം.
മലയാള സിനിമയിലെ പുതുതലമുറയുടെ പ്രതീക്ഷകൾക്കു പരിഹാരം കാണുക എന്നതും മറ്റൊരു പ്രധാന വെല്ലുവിളിയാണ്. വലിയ നിർമാണച്ചെലവുകളും താരകേന്ദ്രീകൃതമായ വിപണനരീതികളും സിനിമാരംഗത്ത് സ്വാധീനം ചെലുത്തുമ്പോൾ, സാമ്പത്തിക പരിമിതികൾ നേരിടുന്ന സ്വതന്ത്ര സംവിധായകർക്കും നവാഗതർക്കും പരീക്ഷണ സിനിമകൾക്കും അക്കാദമി താങ്ങാവണം. സ്ത്രീകൾക്കും പിന്നാക്കവിഭാഗങ്ങൾക്കും പ്രാദേശിക ഭാഷാഭേദങ്ങളിൽ സിനിമയെടുക്കുന്നവർക്കും അർഹമായ അവസരങ്ങൾ ഉറപ്പാക്കണം. സിനിമയുടെ കലാമൂല്യത്തെ വിപണിയിലെ വിജയത്തിന്റെ മാത്രം അടിസ്ഥാനത്തിൽ അളക്കാനാവില്ലെന്ന തിരിച്ചറിവ് അക്കാദമിയുടെ നയങ്ങളിൽ പ്രതിഫലിക്കേണ്ടതുണ്ട്.
സിനിമയെ കേവലം വിനോദോപാധിയായി കാണാതെ, സാമൂഹികബോധവും സൗന്ദര്യബോധവും വളർത്തുന്ന കലാരൂപമായി പുതുതലമുറക്ക് പരിചയപ്പെടുത്തുക എന്നതും രവീന്ദ്രന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ പ്രധാനമാണ്. സ്കൂളുകളിലും കോളജുകളിലും ചലച്ചിത്രാസ്വാദന പരിപാടികൾ സംഘടിപ്പിക്കുമെന്ന അദ്ദേഹത്തിന്റെ നിലപാട് ഈ ദിശയിൽ പ്രതീക്ഷ നൽകുന്നു.
എന്നാൽ, ഇത്തരം പരിപാടികൾ ഔപചാരിക ചടങ്ങുകളിൽ ഒതുങ്ങരുത്. സിനിമയുടെ ഭാഷ, ദൃശ്യവിന്യാസം, ശബ്ദസംവിധാനം, തിരക്കഥ, ചരിത്രം എന്നിവ പരിചയപ്പെടുത്തുന്ന ക്രമബദ്ധമായ പഠനപരിപാടികൾ ആവിഷ്കരിക്കണം. ഡിജിറ്റൽ സാങ്കേതികവിദ്യയും കൃത്രിമബുദ്ധിയും സിനിമ നിർമാണത്തെ മാറ്റിമറിക്കുന്ന കാലത്ത്, പുതിയ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള അറിവും സൃഷ്ടിപരമായ പരിശീലനവും അക്കാദമിയുടെ പ്രവർത്തനങ്ങളുടെ ഭാഗമാകണം.
അതോടൊപ്പം, അക്കാദമിയുടെ സാമ്പത്തിക സുതാര്യത, ഭരണപരമായ കാര്യക്ഷമത, ചലച്ചിത്ര പ്രവർത്തകരുമായുള്ള നിരന്തരമായ സംവാദം എന്നിവക്കും അദ്ദേഹം പ്രാധാന്യം നൽകേണ്ടതുണ്ട്. കേരളത്തിന്റെ ചലച്ചിത്ര പൈതൃകം സംരക്ഷിക്കുന്നതിലും പഴയ സിനിമകൾ ഡിജിറ്റൽ രൂപത്തിൽ പുനരുദ്ധരിക്കുന്നതിലും ഗവേഷണത്തിനും ചലച്ചിത്രരേഖകളുടെ സംരക്ഷണത്തിനും പ്രോത്സാഹനം നൽകുന്നതിലും കൂടുതൽ ശ്രദ്ധ ആവശ്യമാണ്.
സിനിമയെ സ്നേഹിക്കുന്ന സമൂഹത്തിന് പുതിയ പ്രതീക്ഷകൾ നൽകാൻ രവീന്ദ്രനു കഴിയുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകേണ്ടത് അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങളല്ല, പ്രവർത്തനങ്ങളാണ്.
കിഴുമുണ്ടയൂർ നാരായണൻ, പേരാമംഗലം
ലീലാവതി ടീച്ചറുടെ നിരൂപണ പഥങ്ങൾ
‘ഡോ. എം. ലീലാവതിയുടെ നിരൂപണ പഥങ്ങൾ’ എന്ന ലേഖനം (ലക്കം 1492) ആദ്യന്തം വിജ്ഞാനപ്രദമായിരുന്നു. ലീലാവതി ടീച്ചറുടെ കർമനിരതമായ 100 വർഷത്തെ ജീവിതം ഒരു ചിമിഴിലാക്കി സഹൃദയ ലോകത്തിന് സമർപ്പിച്ചിരിക്കുകയാണ് ഈ ലേഖനത്തിലൂടെ ഡോ. രതി മേനോൻ.
ലീലാവതി ടീച്ചറുടെ ‘മലയാള കവിതാ സാഹിത്യ ചരിത്രം’ എന്ന പുസ്തകം മാത്രം എടുത്തു പരിശോധിച്ചാൽ മതി എത്രയെത്ര കവികളെയും കവിതകളെയും കുറിച്ച് പഠിച്ച്, എത്ര കഠിനമായ പരിശ്രമം നടത്തിയാണ് ടീച്ചർ അതു തയാറാക്കിയിട്ടുള്ളതെന്നു മനസ്സിലാക്കാൻ.
ഇത്തരത്തിൽ ടീച്ചർ നടത്തിയ ഓരോ സാഹിത്യപഠന സംരംഭത്തെയും ഒന്നുപോലും വിട്ടുപോകാതെ, ആ പരിശ്രമത്തിന്റെ ആത്മാവു ചോർന്നുപോകാതെ ഇവിടെ അവതരിപ്പിക്കുന്നതിൽ ഡോ. രതി മേനോൻ വിജയിച്ചിരിക്കുന്നു. ഇത്രയധികം സാഹിത്യ സപര്യകൾ ലീലാവതി ടീച്ചർ നടത്തിയിട്ടുണ്ട് എന്ന് ഈ ലേഖനത്തിലൂടെയാണ് അറിഞ്ഞത്.
മാരാരെയും പി.കെ. ബാലകൃഷ്ണനെയും അഴീക്കോടു മാഷിനെയും പോലുള്ള പ്രതിഭകളെ നിർഭയം ഖണ്ഡിക്കുകയും തന്റെ കണ്ടെത്തലുകളെ യുക്തിയുക്തമായി അവതരിപ്പിക്കുകയും ചെയ്ത ടീച്ചറുടെ ധൈര്യം അപാരംതന്നെ. ഗംഭീരമായ പഠനം നടത്തി, ഇതിഹാസ തുല്യമായ ആ ജീവിതം അതിന്റെ ജാജ്വല്യത്തോടെതന്നെ ഇവിടെ അവതരിപ്പിച്ച ഡോ. രതി മേനോന് അഭിനന്ദനങ്ങൾ.
ബദറുദീൻ എം, കുന്നിക്കോട്
ആപ്പിൾ മുറിക്കുന്ന പെൺകുട്ടിയെക്കുറിച്ച് ചില തോന്നലുകൾ
‘‘ഹൃദയംകൊണ്ട് ആപ്പിൾ മുറിക്കുക’’ എന്ന ഇമേജിലൂടെ ‘ഉള്ളത് കലഹിക്കാതെ പങ്കിട്ടെടുക്കുക’ എന്ന സന്ദേശമാണ് ഡോണ മയൂരയുടെ കവിതയിൽ (ലക്കം 1495) നിന്നും പിടികിട്ടിയ പൊരുൾ. ഇതിലെ കത്തിന്റെ ഉള്ളടക്കം പോരാട്ടത്തിനുള്ള ആഹ്വാനമായിരിക്കണം. വായിച്ച് ആശയമുൾക്കൊണ്ട് മറ്റുള്ളവരിലേക്കും അതുവഴി സമൂഹത്തിലേക്കും പടർത്താൻ പട്ടത്തെയാണ് മീഡിയമായി സ്വീകരിച്ചിരിക്കുന്നത്. അതിനേറ്റെടുക്കാനുള്ളത് ആശയപ്രചാരണത്തിന്റെ അത്രമേൽ വിലയേറിയ ദൗത്യമാണെന്നു തോന്നുന്നു.
നിർഭാഗ്യമെന്നു പറയട്ടെ ഭാഷ നഷ്ടപ്പെട്ട ഒരു ജനതക്കാണ് നാലുപേജുള്ള കത്ത് കിട്ടിയിരിക്കുന്നത്. ചരിത്രം, സംസ്കാരം എന്നിവയുടെ പ്രതിനിധാനമാണിവിടെ ഭാഷ. വായിക്കാനാകാതെ, അർഥം മനസ്സിലാകാതെ അതു പഠിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണവർ. കശ്മീരിൽനിന്നും ഫലസ്തീനിൽനിന്നും ജന്തർമന്തറിൽനിന്നും ജീവിതംകൊണ്ട് ചരിത്രം രചിക്കുന്നവർ ചരിത്രം മറന്നു ജീവിക്കുന്ന മലയാളികൾക്കയച്ച താക്കീതിന്റെ ആവിഷ്കാരമായി വായനയിൽ വേദനയായി മാറുന്നു ഈ കവിത.
ഓരേസമയം നിരവധി ആഖ്യാനങ്ങൾ സാധ്യമാക്കുന്ന അക്ഷരവിന്യാസങ്ങൾ, വാക്കുകളുടെ നാനാർഥ പ്രയോഗങ്ങൾ; പൊതുവെ ഗൂഢാർഥങ്ങളുടെ എഴുത്താണ് ഡോണയുടേത്. നിറം, ഗന്ധം, ഇമേജുകൾ, പെണ്ണുടലിന്റെ രാഷ്ട്രീയം എന്നിവ അനായാസം വഴങ്ങുന്ന എഴുത്താളലിനു മുന്നിൽ പലപ്പോഴും അർഥംകിട്ടാതെ നിന്നിട്ടുണ്ട്. ചുവപ്പു നിറത്തെ ഇത്രയേറെ ഉപയോഗപ്പെടുത്തുന്ന മറ്റൊരു കവി മലയാളത്തിലുണ്ടോ? എനിക്കിതൊരു തീക്ഷ്ണ രാഷ്ട്രീയ സൃഷ്ടിയായിട്ടാണനുഭവപ്പെട്ടത്.
സമീർ കാവാഡ്
ഈഡിപ്പസ് കുഞ്ചറിയ: മനസ്സെന്ന നൂലുപൊട്ടിയ പട്ടം
ബഹിയ എഴുതിയ ‘ഈഡിപ്പസ് കുഞ്ചറിയ’ എന്ന കഥ (ലക്കം 1495) മികച്ച വായനാനുഭവമാണ് സമ്മാനിച്ചത്. കുഞ്ചറിയ എന്ന കഥാപാത്ര സൃഷ്ടി ഇതിൽ ഗംഭീരമായിതന്നെയാണ് കഥാകാരി നടത്തിയിട്ടുള്ളത്. പൈശാചികതയുടെ പാരമ്യത വാക്കുകളിലൂടെ അനുഭവിപ്പിച്ചു. പള്ളിമുറ്റത്ത് ഉറുമ്പരിച്ച നിലയില്‍ കണ്ടെത്തിയ ആ കുഞ്ഞിന് കുഞ്ചറിയ എന്ന് പേരിടുന്നതും സ്നേഹവായ്പുകള്‍ നല്‍കുന്നതും അമ്മയാകാന്‍ കഴിയാത്ത കന്യാസ്ത്രീകളാണ്. അവരവനു വായിലിറ്റിച്ചത് പശുവിന്റെ മുലപ്പാലാണ് എന്നതിലൂടെ തന്നെ പശു അവന്റെ അമ്മയായി മാറുകയാണ്.
വ്യത്യസ്ത ജീവിതഘട്ടങ്ങളിലൂടെ കടന്നുപോകുന്ന കുഞ്ചറിയ ഒടുവില്‍ അമ്മയെ പ്രാപിച്ച് ഈഡിപ്പസ് ആയി മാറുന്നു. അതയാള്‍ സമൂഹത്തോട് ചെയ്യുന്ന പ്രതികാരംകൂടിയാണ്. പച്ചയായ യാഥാർഥ്യങ്ങളെ കാൽപനികവത്കരിച്ച് കഥകളായി കേള്‍ക്കുന്നതുപോലും അവന് പുച്ഛമാണ്.
“ഓ! എങ്ങനെ പറഞ്ഞുവന്നാലെന്താ, അപ്പനെയും കൊന്ന് അമ്മച്ചിയെ കെട്ടിയ ഒരുവന്റെ കഥയല്ലായോ? എന്നിട്ടാ തെമ്മാടി, കഥയുടെ അവസാനം കണ്ണു രണ്ടും കുത്തിപ്പൊട്ടിക്കും. അതങ്ങട്ട് ചുരുക്കിപ്പറഞ്ഞാപ്പോരായോ? വെറുതെ നീട്ടിപ്പരത്തി...”
ഉപേക്ഷിക്കപ്പെട്ടവന്റെ ട്രോമ എന്നത് അതിഭീകരമായ ഒരു സമസ്യയാണ്. അവനു നേരെ വരുന്ന വാക്കുകളുടെ എല്ലാ കൂരമ്പുകളും അവന് നെഞ്ചില്‍ കരുതിവെച്ച് കൃത്യമായ സമയത്ത് സമൂഹത്തിന് നേരെ തൊടുക്കും. കുഞ്ചറിയയെ വളരെ സാഹസികമായാണ് ബഹിയ വരച്ചിടുന്നത്. സമൂഹം കുറ്റവാളിയാക്കിയ ആള് സമൂഹത്തോട് പ്രതികാരം ചെയ്ത് ആത്മരതിയടയുന്നു.
സജദില്‍ മുജീബ് തോട്ടുങ്ങല്‍
ഈഡിപ്പസ് കോംപ്ലക്സിൽനിന്ന് മൃഗരതിയിലേക്കുള്ള പ്രയാണം
ബഹിയ എഴുതിയ ‘ഈഡിപ്പസ് കുഞ്ചറിയ’ എന്ന കഥ (ലക്കം 1495) വായിച്ചു. ഈഡിപ്പസ് കോംപ്ലക്സിൽനിന്നും മൃഗരതിയിലേക്കുള്ള കഥയുടെ പ്രയാണം, കഥപറച്ചിലിന്റെ രീതി, കഥാപാത്ര സൃഷ്ടി എന്നിവകൊണ്ടെല്ലാം ഈ കഥ മികവാർന്നൊരു വായനാനുഭവമായി.
ഈഡിപ്പസും കുഞ്ചറിയയും തന്തയും തള്ളയും ആരെന്നറിയാതെ അനാഥരായി വളർന്നവർ. ഈഡിപ്പസ് ബോധപൂർവമല്ലാതെ അമ്മയുമായി ഭോഗത്തിലേർപ്പെടുമ്പോൾ ഇവിടെ കുഞ്ചറിയ ബോധപൂർവം മൃഗരതിയിലേർപ്പെടുകയും പ്രത്യക്ഷത്തിൽ കുറ്റക്കാരനല്ലാതാവുകയും ചെയ്യുന്നു. ഇവിടെ സൃഷ്ടി കർത്താവിന്റെ സൃഷ്ടിപ്പിലെ ഏറ്റക്കുറച്ചിലുകളെയും എടുത്തുപറയുന്നു.
അസഹ്യവും എന്നാൽ നിർദോഷവുമായ ആൺനോട്ടങ്ങളും കാമവർത്തമാനങ്ങളും സമൂഹം എങ്ങനെ വിലയിരുത്തുന്നു എന്ന് പുതിയ മാഷിന്റെ നോട്ടവും സംസാരവും കഞ്ഞിവെപ്പുകാരി അമ്മിണിയേച്ചിയുടെ പ്രതികരണങ്ങളിലൂടെ വെളിപ്പെടുത്തുന്നു. കാലം മുന്നോട്ടുപോകുമ്പോൾ ലൈംഗിക വൈകൃതങ്ങളിൽ ഉണ്ടാകുന്ന മാറ്റം ഈ കഥ നന്നായി പറഞ്ഞുതരുന്നു.
ഈഡിപ്പസ് കുഞ്ചറിയ എന്ന വിളിപ്പേരുള്ള കുഞ്ചറിയ വിവാഹം കഴിച്ചാലുള്ള ഭയവും അതുമൂലമുള്ള അയാളുടെ രതി പരിണാമങ്ങളും കഥയിൽ നന്നായി ആവിഷ്കരിച്ചിട്ടുണ്ട്. എഴുത്തുകാരിക്ക് അഭിനന്ദനങ്ങൾ.
സലിം ചുള്ളന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.