എഴുത്തുകുത്ത്

‘ഡ്രാക്കുള’യും നിർമിതബുദ്ധിയും

റാഡു ജൂഡിന്റെ ‘ഡ്രാക്കുള’ സിനിമയെക്കുറിച്ചുള്ള പി.കെ. സുരേന്ദ്രന്റെ ലേഖനം (ലക്കം 1494), ‘ഡിജിറ്റൽ യുഗത്തിലെ രക്തരക്ഷസ്’ പല കാരണങ്ങളാൽ പ്രസക്തവും കാലോചിതവുമാണ്. റുമേനിയൻ ചലച്ചിത്ര സംവിധായകനായ റാഡു ജൂഡിന്റെ ‘ഡ്രാക്കുള’യും അതിന്റെ പരീക്ഷണവ്യഗ്രമായ പരിചരണരീതികളുമാണ് ലേഖനത്തിന്റെ വിഷയമെങ്കിലും, സമകാലിക ചലച്ചിത്രകലയുടെ രാഷ്ട്രീയത്തെയും അതിന്റെ ആവിഷ്കാര സമ്പ്രദായങ്ങളെയും സംബന്ധിക്കുന്ന ചോദ്യങ്ങൾകൂടി ലേഖനത്തിന്റെ പരിധിയിൽ വരുന്നുണ്ട്. ഗൗരവതരമായ ആലോചനയും തുടർ ചർച്ചയും അതർഹിക്കുന്നു.

മറ്റു പല മേഖലയിലും എന്നപോലെ കലാസൃഷ്ടികളുടെ കാര്യത്തിലും നിർമിതബുദ്ധിയുടെ പങ്ക് എത്രത്തോളമാകാമെന്നതിനെപ്പറ്റി ചർച്ചകൾ വ്യാപകമായി വരുന്ന കാലമാണ്. ലഭ്യമായ വിവരശേഖരത്തെ ആസ്പദമാക്കിയോ അവയുടെ ജനനാന്തരണങ്ങളായോ (ജെനിറേറ്റിവ്) നിർമിതബുദ്ധികൾ രൂപംനൽകുന്ന ചട്ടക്കൂടുകൾ യഥാർഥ ഉടമസ്ഥാവകാശത്തെപ്പറ്റിയുള്ള ധാർമികമായ ചോദ്യങ്ങളുയർത്തുന്നുണ്ട്.

അൽഗോരിതങ്ങളെ ആശ്രയിച്ചുള്ള നിർമിതികൾ, മൗലികമായ പ്രഭാവത്തെയും ആഖ്യാനത്തിന്റെ തനതുവഴികളെയും മനുഷ്യരാശിയുടെ നിർമാണകൗശലത്തെയും വൈകാരികമായ പ്രതികരണങ്ങളെയും പ്രശ്നാത്മകമാക്കുകയും ചെയ്യുന്നു. ‘കലയുടെ മേഖലയിൽ നിർമിതബുദ്ധി പ്രയോഗങ്ങൾ എത്രത്തോളമാകാം’ എന്ന ചോദ്യത്തിന്റെ ഉറവിടവും തടസ്സവാദങ്ങളുടെ കാതലും അതാണ്.

എന്നാൽ, അതതു കാലത്തെ സാങ്കേതികവിദ്യകളെ ആശ്ലേഷിച്ചും സ്വന്തം നിലനിൽപിനനുസരിച്ച് അവയെ വികസിപ്പിച്ചും വളർന്ന ചലച്ചിത്രംപോലുള്ള മുന്നണി കലാരൂപത്തിന് നിർമിതബുദ്ധിയുടെ പ്രഭാവത്തെ എത്രകാലം മാറ്റിനിർത്താൻ കഴിയുമെന്ന ചോദ്യം പ്രസക്തമാണ്. മനുഷ്യസമൂഹത്തിന്റെ ഭാവനാലോകത്തെ കൂടുതൽ കൃത്യമായും സൂക്ഷ്മമായും സംവേദനപരമായും രേഖപ്പെടുത്താനുള്ള ഉത്സാഹത്തിന്റെ ചരിത്രംകൂടിയാണ് ചലച്ചിത്രങ്ങളുടേത്. ഡ്രാക്കുളയും യക്ഷിണിയുംപോലെയുള്ള ആദിപ്രരൂപങ്ങൾക്ക് ജീവൻ നൽകാൻ സംസ്കാരഘടനയിലെ അൽഗോരിതങ്ങളാണ് സമൂഹം ഉപയോഗിച്ചുവന്നതെങ്കിൽ ചലച്ചിത്രങ്ങൾ അവയുടെ ഏറ്റവും സമകാലികമായ സൗകര്യങ്ങൾ ഉപയോഗിക്കുന്നതിൽ കുഴപ്പമെന്താണുള്ളതെന്ന പ്രത്യുത്തരമാണ് സുരേന്ദ്രൻ, ‘ഡ്രാക്കുള’യുടെ ചലച്ചിത്രാനുകൽപനത്തെ മുൻനിർത്തി നൽകുന്നത്.

ലേഖനത്തിന്റെ രണ്ടാമത്തെ പ്രത്യേകത, പരീക്ഷണാത്മക സിനിമകളെ സമീപിക്കേണ്ട രീതിയെപ്പറ്റിയുള്ള, അദ്ദേഹത്തിന്റെ തെളിഞ്ഞ വീക്ഷണമാണ്. സാമ്പ്രദായിക കാഴ്ചശീലങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കാണികൾക്ക്, പരീക്ഷണവ്യഗ്രമായ ചലച്ചിത്രങ്ങളുടെ സാങ്കേതിക ശരീരങ്ങളും സംവിധായക പ്രതിഭകളുടെ വ്യത്യസ്തമായ ആഖ്യാനവഴികളും ഇഴപിരിച്ചു വിശദമാക്കാനുള്ള ജാഗ്രത, സുരേന്ദ്രന്റെ ലേഖനങ്ങൾ പ്രകടിപ്പിക്കാറുണ്ട്. അമൂർത്തമായി വിവരിച്ചുപോവുക എന്ന പതിവുവിട്ട്, കലാത്മക സിനിമയുടെ രാഷ്ട്രീയം അതിന്റെ രൂപസംവിധാനത്തിൽ തന്നെയുണ്ടെന്ന വിശദമായ വിവരണസാക്ഷ്യമാണ് ‘ഡ്രാക്കുള’യിലെ ‘പുതുമകളെ’ മുൻനിർത്തി സുരേന്ദ്രൻ സ്ഥാപിക്കുന്നത്. പിങ്ക് സിനിമകളെയും ഡേറ്റാബേസ് സിനിമകളെയും പറ്റിയുള്ള വിവരണങ്ങൾ അവക്ക് മുതൽക്കൂട്ടാവുന്നു.

ചരിത്രത്തെയും വർത്തമാനത്തെയും വിമർശനാത്മകമായി സമീപിക്കുകയും രൂപപരമായ പരീക്ഷണങ്ങളിലൂടെ സാമൂഹികവും രാഷ്ട്രീയവുമായ അധികാരഘടനകളെ വിചാരണക്ക് വിധേയമാക്കുകയും ചെയ്യുന്നവയാണ് റാഡു ജൂഡിന്റെ സിനിമകൾ, അവ ഒന്നിനൊന്ന് വ്യത്യസ്തവുമാണ്. മാനുഷികമായ കാപട്യങ്ങളെയും സാമൂഹികമായ അന്തസ്സാരശൂന്യതയെയും തുറന്നുകാട്ടാനുള്ള സംവിധായകന്റെ വഴി പരിഹാസത്തിനൊപ്പം സിനിമാറ്റിക് രൂപങ്ങളെ മാറി മാറി പരീക്ഷിക്കാനുള്ള ധീരതകൂടിയാകുന്നത് അതുകൊണ്ടാണെന്ന് ലേഖകൻ വിശദമാക്കുന്നത് വാസ്തവമാണ്. റ​ു​േമനിയയിലെ റോമാസമൂഹം (ജിപ്സി) അനുഭവിച്ച അടിമത്തത്തിന്റെ ഭീകരത തുറന്നുകാട്ടാൻ ക്ലാസിക് വെസ്റ്റേൺ ചിത്രങ്ങളുടെ ശൈലിയാണ് റാഡു ജൂഡ്, കറുപ്പിലും വെളുപ്പിലുമായി നിർമിച്ച ‘അഫ്രിമിൽ’ (2015) ഉപയോഗിച്ചത്.

മുതലാളിത്ത ചൂഷണവും തൊഴിലാളി വിരുദ്ധതയും ടിക്-ടോക് യുഗത്തിന്റെ അസംബന്ധങ്ങളും ചിത്രീകരിക്കുന്ന ‘ഡു നോട്ട് എക്സ്പെക്ട് റ്റൂ മച്ച് ഫ്രം ദി എൻഡ് ഓഫ് ദ വേൾഡ്’ (2023) ഫൗണ്ട് ഫൂട്ടേജ്, കൊളാഷ്, ബ്രെഹ്തിയൻ ശൈലി തുടങ്ങിയവ ഉപയോഗിച്ചും പഴയ സോഷ്യലിസ്റ്റ് കാലത്തെ സിനിമയുടെ ഭാഗങ്ങൾ സമാന്തരമായി ചേർത്തുവെച്ചും കഥാഖ്യാനത്തിന്റെ പരമ്പരാഗത വഴികളെ നിരസിക്കുന്നു. മൂലധനാധിഷ്ഠിതമായ ചൂഷണവ്യവസ്ഥക്കെതിരെയുള്ള നിലപാടിനെ തണ്ടെല്ലുറപ്പുള്ള രാഷ്ട്രീയ സമീപനമായി അവിടെനിന്നും മുന്നോട്ടുകൊണ്ടുപോവുകയാണ് ‘ഡ്രാക്കുള’യിൽ സംവിധായകൻ.

അൽഗോരിത ഉള്ളടക്കമായി മാറുന്ന ഡ്രാക്കുളയെന്ന പുരാവൃത്തം, ഡിജിറ്റൽ യുഗത്തിൽ അതിതീവ്രമായ ഘട്ടത്തിലേക്കു പ്രവേശിക്കുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. ആഗോളമൂലധനവാദത്തിന്റെ ഉൽപന്നമായ നിർമിതബുദ്ധിയെ, അതേ സാമ്പത്തികവ്യവസ്ഥയുടെ നൃശംസമായ ചൂഷണസമ്പ്രദായത്തിനെതിരായി ഉപയോഗിക്കുന്നതരം വൈരുധ്യവും ‘ഡ്രാക്കുള’ ഉള്ളടക്കുന്നുണ്ട്. റാഡു ജൂഡിന്റെ അടുത്ത സിനിമ മേരി ഷെല്ലിയുടെ ‘ഫ്രാങ്കസ്റ്റൈനെ’ ആധാരമാക്കിയാണെന്ന കാര്യവും ഇവിടെ ഓർക്കാം.

നിർമിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിക്കുന്ന സിനിമകളെ മനുഷ്യനിർമിത (?) സിനിമകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താവുന്നതാണോ എന്ന ചർച്ച നമ്മുടെ നാട്ടിലും വ്യാപകമാവുന്ന കാലമാണിത്. അതുകൊണ്ടുതന്നെ ലോകസിനിമാ രംഗത്ത് പ്രതിഭാശാലിയായ ഒരു സംവിധായകൻ നടത്തിയ പരീക്ഷണം എന്നനിലയിലും ചലച്ചിത്രത്തിന്റെ പ്രമേയമല്ല, രൂപമാണ് രാഷ്ട്രീയത്തിന്റെ ഏറ്റവും ധ്വന്യാത്മകമായ സമകാലികമായ സംവേദനത്വം സാധ്യമാക്കുന്നത് എന്ന അർഥത്തിലും സുരേന്ദ്രന്റെ ഡ്രാക്കുള സിനിമയെപ്പറ്റിയുള്ള പര്യാലോചന കാര്യഗൗരവമുള്ള ചർച്ചകൾക്കുള്ള വഴി തുറക്കൽകൂടിയാകുന്നു.

ശിവകുമാർ ആർ.പി, തിരുവനന്തപുരം

കാ​വ്യ​ഭൂ​മി​ക​യും ആ​ഗോ​ള പ്ര​തി​രോ​ധ​വും

തീ​ക്ഷ്ണ​മാ​യ രാ​ഷ്ട്രീ​യ ജാ​ഗ്ര​ത​കൊ​ണ്ടും ബിം​ബ​ങ്ങ​ളു​ടെ മൂ​ർ​ച്ച​കൊ​ണ്ടും മ​ല​യാ​ള ആ​ധു​നി​കോ​ത്ത​ര ക​വി​ത​യി​ൽ വ്യ​തി​രി​ക്ത​മാ​യ ഇ​ടം അ​ട​യാ​ള​പ്പെ​ടു​ത്തി​യ രാ​വു​ണ്ണി​യു​ടെ ഏ​റ്റ​വും പ്ര​സ​ക്ത​മാ​യ ര​ച​ന​ക​ളി​ലൊ​ന്നാ​യി ‘വ​സ​ന്ത​ത്തെ ത​ല​യി​ൽ ചൂ​ടി​യ കു​ഞ്ഞു​ങ്ങ​ൾ’ (ല​ക്കം 1494) വി​ല​യി​രു​ത്താം.

ക​ലാ​ല​യ​ങ്ങ​ളി​ലേ​ക്ക് ക​ട​ന്നു​ക​യ​റു​ന്ന സ​മ​ഗ്രാ​ധി​പ​ത്യ പ്ര​വ​ണ​ത​ക​ളും ഫാ​ഷി​സ്റ്റ് അ​ജ​ണ്ട​ക​ളും വി​ജ്ഞാ​ന​ത്തി​ന്റെ സ്വ​ത​ന്ത്ര ഇ​ട​ങ്ങ​ളെ എ​ങ്ങ​നെ​യാ​ണ് വി​ഴു​ങ്ങു​ന്ന​ത് എ​ന്ന ഭ​യാ​ന​ക​മാ​യ സ​മ​കാ​ലി​ക യാ​ഥാ​ർ​ഥ്യ​മാ​ണ് ക​വി​ത​യു​ടെ കാ​ത​ൽ. അ​വ​ധി​ക്കാ​ലം ക​ഴി​ഞ്ഞ് കാ​മ്പ​സി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന കു​ട്ടി​ക​ൾ കാ​ണു​ന്ന​ത് ത​ങ്ങ​ൾ സ്നേ​ഹി​ച്ച ഇ​ട​ത്തി​ന്റെ വം​ശ​നാ​ശ​മാ​ണ്.

പൂ​മ​ര​ങ്ങ​ളും ഫ​ല​വൃ​ക്ഷ​ങ്ങ​ളും വെ​ട്ടി​മാ​റ്റ​പ്പെ​ട്ടി​രി​ക്കു​ന്നു. ക്ലാ​സ് മു​റി​ക​ൾ ത​ല​കു​ത്തി നി​ൽ​ക്കു​ന്നു. അ​വി​ടെ വി​ജ്ഞാ​നം പ​ക​ർ​ന്നു​ന​ൽ​കി​യ പ​ഴ​യ അ​ധ്യാ​പ​ക​നി​ല്ല. പ​ക​രം ഭ​യം വി​ത​ക്കു​ന്ന ഒ​രു ‘മ​ജീ​ഷ്യ​ൻ’ അ​ധി​കാ​രി​യാ​യി അ​വ​രോ​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. അ​യാ​ൾ അ​ച്ച​ട​ക്ക​ത്തി​ന്റെ​യും നി​ശ്ശ​ബ്ദ​ത​യു​ടെ​യും ആ​ജ്ഞ​ക​ൾ മു​ഴ​ക്കി​ക്കൊ​ണ്ട് ചോ​ക്കു​ക​ൾ​ക്ക് പ​ക​രം പെ​ല്ല​റ്റ് ഗ​ണ്ണു​ക​ൾ കു​ട്ടി​ക​ൾ​ക്കു​നേ​രെ തി​രി​ക്കു​ന്നു. ബ്ലാ​ക്ക് ബോ​ർ​ഡി​ൽ അ​തു​വ​രെ കു​റി​ച്ചി​ട്ട ച​രി​ത്ര​വും അ​റി​വും ഒ​രു ആം​ഗ്യ​ത്താ​ൽ മാ​യ്ച്ചു​ക​ള​യു​ന്നു. എ​ന്നാ​ൽ, ഈ ​ഭീ​ക​രാ​ന്ത​രീ​ക്ഷ​ത്തി​ൽ ഭ​യ​ന്നു​വി​റ​ച്ച് കീ​ഴ​ട​ങ്ങാ​ന​ല്ല ആ ​കു​ഞ്ഞു​ങ്ങ​ൾ ത​യാ​റാ​കു​ന്ന​ത്.

അ​വ​ർ ആ ​ഇ​ടു​ങ്ങി​യ നാ​ല് ചു​വ​രു​ക​ൾ വി​ട്ട് തെ​രു​വി​ലേ​ക്ക് ഇ​റ​ങ്ങു​ക​യും വ​സ​ന്ത​ത്തെ നെ​ഞ്ചി​ലേ​റ്റി പു​തി​യൊ​രു ഭാ​വി​യോ​ട് സം​വാ​ദ​ത്തി​ലേ​ർ​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. ജ​നാ​ധി​പ​ത്യ​പ​ര​മാ​യ വി​ജ്ഞാ​ന​കേ​ന്ദ്ര​ങ്ങ​ൾ ത​ക​ർ​ക്ക​പ്പെ​ടു​മ്പോ​ൾ തെ​രു​വു​ക​ൾ ചെ​റു​ത്തു​നി​ൽ​പി​ന്റെ പു​തി​യ പാ​ഠ​ശാ​ല​ക​ളാ​യി മാ​റു​ന്ന രാ​ഷ്ട്രീ​യ പ​രി​വ​ർ​ത്ത​ന​മാ​ണ് ക​വി​ത ആ​ഴ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ചോ​ദ്യം ചെ​യ്യ​പ്പെ​ടാ​ത്ത വി​ധേ​യ​ത്വ​ത്തെ​യാ​ണ് അ​ധി​കാ​രി​ക​ൾ ‘അ​ച്ച​ട​ക്കം’ എ​ന്ന് വി​ളി​ക്കു​ന്ന​ത്. ഈ ​ഫാ​ഷി​സ്റ്റ് മ​നഃ​ശാ​സ്ത്ര​ത്തി​ന്റെ ധ്വ​നി ഇ​വി​ടെ വ്യ​ക്ത​മാ​ണ്. വി​യോ​ജി​പ്പു​ക​ളു​ടെ ശ​ബ്ദ​ങ്ങ​ളെ നി​ശ്ശ​ബ്ദ​മാ​ക്കു​ക എ​ന്ന​താ​ണ​ല്ലോ ഏ​കാ​ധി​പ​ത്യ​ത്തി​ന്റെ ഫ​സ്‌​റ്റ് പ്രി​ഫ​റ​ൻ​സ്.

‘‘ബോ​ർ​ഡി​ൽ അ​തു​വ​രെ എ​ഴു​തി​യ​തെ​ല്ലാം മാ​ഞ്ഞു​പോ​യി’’ എ​ന്ന പ​രി​ഭ​വം കേ​വ​ലം ചോ​ക്കു​കൊ​ണ്ടെ​ഴു​തി​യ അ​ക്ഷ​ര​ങ്ങ​ൾ മാ​യു​ന്ന​ത​ല്ല. അ​ക്കാ​ദ​മി​ക സി​ല​ബ​സു​ക​ളി​ൽ​നി​ന്നും ച​രി​ത്ര​ത്തി​ൽനി​ന്നും ജ​ന​പ​ക്ഷ ആ​ശ​യ​ങ്ങ​ളെ​യും ശാ​സ്ത്ര​ബോ​ധ​ത്തെ​യും മാ​യ്ച്ചു​ക​ള​ഞ്ഞ് പ​ക​രം ത​ങ്ങ​ളു​ടെ വ്യാ​ജ​നി​ർ​മി​തി​ക​ൾ സ്ഥാ​പി​ക്കാ​ൻ തു​നി​യു​ന്ന ‘ച​രി​ത്ര തി​രു​ത്ത​ലു​ക​ളു​ടെ’ നി​ശ്ശ​ബ്ദ ധ്വ​നി​യാ​ണി​ത്. സ്‌​കൂ​ളി​ലും ക​ലാ​ശാ​ല​ക​ളി​ലും എ​ന്തു പ​ഠി​പ്പി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​തി​ലെ ഏ​കാ​ധി​പ​ത്യ മ​നഃ​സ്ഥി​തിത​ന്നെ​യാ​ണി​ത്.

‘‘വ​സ​ന്ത​ത്തെ ത​ല​യി​ൽ ചൂ​ടി​യ കു​ഞ്ഞു​ങ്ങ​ൾ’’ പൂ​മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റ​പ്പെ​ട്ടാ​ലും വി​പ്ല​വ​ത്തി​ന്റെ​യും പ്ര​ത്യാ​ശ​യു​ടെ​യും വ​സ​ന്തം അ​വ​രു​ടെ ചി​ന്ത​ക​ളി​ൽ പൂ​ത്തു​നി​ൽ​ക്കു​ന്നു എ​ന്ന പ്ര​ത്യാ​ശാ​ഭ​രി​ത​മാ​യ ധ്വ​നി​യെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു ഈ ​വ​രി​ക​ൾ. കാ​മ്പ​സു​ക​ളി​ലെ സ്വ​ത​ന്ത്ര​ചി​ന്ത, സൗ​ഹൃ​ദം, വൈ​വി​ധ്യം, ജൈ​വി​ക​മാ​യ അ​റി​വ് എ​ന്നി​വ​യെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന പ്ര​കൃ​തി​ബിം​ബ​ങ്ങ​ളാ​ണ് നാം ​കാ​വ്യ പ്ര​വേ​ശ​ക​ത്തി​ൽ കാ​ണു​ന്ന പൂ​മ​ര​ങ്ങ​ളും ഫ​ല​വൃ​ക്ഷ​ങ്ങ​ളും. വി​ജ്ഞാ​ന​ത്തി​നു പ​ക​രം വ്യാ​ജ​മി​ഥ്യ​ക​ൾ വി​ൽ​ക്കു​ന്ന ഭ​ര​ണ​കൂ​ട ഏ​ജ​ന്റാ​ണ് പു​തി​യ പ്ര​ഫ​സ​ർ. മാ​ന്ത്രി​ക​വ​ടി​ക്ക് പ​ക​ര​മു​ള്ള പെ​ല്ല​റ്റ് ഗ​ൺ, ക​ശ്മീ​രി​ല​ട​ക്കം പ്ര​ക്ഷോ​ഭ​ങ്ങ​ളെ ചോ​ര​യി​ൽ മു​ക്കാ​ൻ ഭ​ര​ണ​കൂ​ടം പ്ര​യോ​ഗി​ക്കു​ന്ന ഹിം​സ​യു​ടെ​യും ഫാ​ഷി​സ്റ്റ് അ​ധി​കാ​ര​ത്തി​ന്റെ​യും ക്രൂ​ര​മാ​യ ദൃ​ശ്യ​ബിം​ബ​മാ​ണ്.

ജ​നാ​ധി​പ​ത്യ​പ​ര​മാ​യ വി​ദ്യാ​ഭ്യാ​സ വ്യ​വ​സ്ഥി​തി​യു​ടെ​യും ചി​ന്താ​ശേ​ഷി​യു​ടെ​യും ത​കി​ടം​മ​റി​യ​ലി​നെ ദൃ​ശ്യ​വ​ത്ക​രി​ക്കു​ന്നു, ത​ല​കു​ത്തിനി​ൽ​ക്കു​ന്ന ക്ലാ​സ് മു​റി​ക​ൾ. അ​ടി​ച്ച​മ​ർ​ത്ത​ലി​നോ​ടു​ള്ള നി​സ്സ​ഹ​ക​ര​ണ​വും വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ബ​ഹി​ഷ്ക​ര​ണ​വും അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന ചെ​റു​ത്തു​നി​ൽ​പി​ന്റെ ബിം​ബ​മാ​ണ് ശൂ​ന്യ​മാ​കു​ന്ന ഇ​രി​പ്പി​ട​ങ്ങ​ൾ. ഒ​രു മു​ദ്രാ​വാ​ക്യ​ത്തി​ന്റെ നേ​രി​ട്ടു​ള്ള തീ​ക്ഷ്ണ​ത കാ​ത്തു​സൂ​ക്ഷി​ക്കു​മ്പോ​ൾ ത​ന്നെ, ബിം​ബ​ങ്ങ​ളു​ടെ ബാ​ഹു​ല്യം വാ​യ​ന​ക്കാ​ര​ന് സ്വ​ന്തം നി​ല​യി​ൽ ചി​ന്തി​ച്ചു ക​ണ്ടെ​ത്താ​നു​ള്ള ഇ​ട​ങ്ങ​ളെ ചി​ല​യി​ട​ങ്ങ​ളി​ൽ മു​ൻ​കൂ​ട്ടി​ത്ത​ന്നെ വ​ര​ച്ചി​ടു​ന്നു​ണ്ട്. ക​വി​ത ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന ജ്വ​ലി​ക്കു​ന്ന രാ​ഷ്ട്രീ​യ സ​ത്യം ആ ​ചെ​റി​യ അ​തി​ർ​വ​ര​മ്പു​ക​ളെ​പ്പോ​ലും അ​പ്ര​സ​ക്ത​മാ​ക്കി​ക്ക​ള​യു​ന്നു എ​ന്ന​തി​നു ത​ന്നെ​യ​ല്ലേ പ്ര​സ​ക്തി?

ബെ​ർ​ണാ​ഡ് മൊ​റൈ​സ്, തി​രു​വ​ന​ന്ത​പു​രം

കിനാവ് മൂപ്പെത്താത്ത വാക്കുകളുടെ പൊട്ടുകൾ

ജീവിതത്തിന്‍റെ അറുത്തുമാറ്റാൻ കഴിയാത്ത ചില പാരസ്പര്യങ്ങളുണ്ട്. സ്വാഭാവിക സഞ്ചാരത്തിലൂടെയും ദൃശ്യ വൈവിധ്യങ്ങളിലൂടെയും നിയാമക യാഥാർഥ്യങ്ങൾ ദൃഢീഭവിക്കുന്നുണ്ട്. അത് എന്‍റെയും നിങ്ങളുടെയുമൊക്കെ സത്വവുമായി ഇഴുകിച്ചേർന്നതാണ്. അഥവാ, നമ്മുടെ ഐഡന്‍റിറ്റി കരുപ്പിടിപ്പിക്കപ്പെടുന്നത് സാമ്പ്രദായികം എന്ന് നാം പേരിട്ടു വിളിക്കുന്ന വാക്കുകളുടെ വളപ്പൊട്ടുകളിലൂടെയാണ്. ഈ ഒരു പ്രതലത്തിലിരുന്നാണ് വാസുദേവൻ കുപ്പാട്ട് സംവദിക്കുന്നത്. ‘മുറിഞ്ഞ വാക്കുകളിൽ ജീവിതം പടുത്തുയർത്തുമ്പോൾ’ (ലക്കം 1494) എന്ന കവിത അസാധാരണമോ അസ്വാഭാവികമോ ആയ ഒന്നിനെക്കുറിച്ചുമല്ല സംസാരിക്കുന്നത്.

നടത്തത്തിന്‍റെ തിരിവുകളിലും കാത്തുനിൽപിന്‍റെ ഒതുക്കുകളിലും കണ്ടുമുട്ടുന്ന അറ്റുപോകുന്ന ആലോചനകളുടെ അനുസന്ധാനം വരികളിലൂടെ നമ്മെ വേട്ടയാടുന്നു. ‘‘വാക്കുകളിൽ ജീവിതം പണിയുന്നത് കണ്ടുനിൽക്കാൻ എന്തൊരു കൗതുകമാണ്’’ എന്ന് കവി നിരീക്ഷിക്കുന്നുണ്ടെങ്കിലും ഒടുവിൽ എത്തിച്ചേരുന്ന നിലപാട് ഇങ്ങനെ വായിക്കാം: ‘‘വാക്കുകൾകൊണ്ട് കൊട്ടാരം പണിയാൻ കഴിയാത്ത നമ്മൾ മൗനത്തിന്‍റെ വല്മീകത്തിലേക്ക് പിൻവലിയുന്നു.’’ ഇത് ജീവിതത്തിന്‍റെ നിരങ്കുശമായ സ്ഥായീഭാവത്തെയാണല്ലോ കോറിയിടുന്നത്.

സലാം കരുവമ്പൊയിൽ

Tags:    
News Summary - letters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.