എഴുത്തുകുത്ത്
‘മാധ്യമം’തന്നെ ബഹുദൂരം മുന്നിൽ
ഈ വർഷത്തെ മാധ്യമം വാർഷികപ്പതിപ്പും പതിവ് തെറ്റിച്ചില്ല. മലയാളത്തിലിറങ്ങിയ ഓണപ്പതിപ്പുകളിൽ ഗുണത്തിലും നിലവാരത്തിലും മറ്റു പ്രസിദ്ധീകരണങ്ങളെ ബഹുദൂരം പിന്നിലാക്കി തലയെടുപ്പോടെ മുന്നിൽ നിൽക്കുകയാണ് മാധ്യമം. പ്രമേയങ്ങൾ തെരഞ്ഞടുക്കുന്നതിലും കഥയിലും കവിതയിലും പുതുമുഖങ്ങളെ കൂടി അണിനിരത്തുന്നതിലും പതിവായി പുലത്തുന്ന നിഷ്‌കർഷ ഇത്തവണയും കണ്ടു. വായനക്കാരുടെ കേവല അഭിരുചികൾ തൃപ്‌തിപ്പെടുത്തുന്നതിലല്ല, വായനയെ ഉദാത്തവും ഉത്കൃഷ്‌ടവുമാക്കുന്നതിലാണ് വാർഷികപ്പതിപ്പ് പൊതുവെ ശ്രദ്ധിക്കാറുള്ളത്. അതിനുതകുന്ന വിഭവങ്ങൾ വിന്യസിക്കുന്നതിലാണ് എപ്പോഴും ശ്രദ്ധിച്ചു കണ്ടിട്ടുള്ളത്. ഇത്തവണയും അതാവർത്തിച്ചു. എന്നാൽ, പതിവായി ഉണ്ടാകാറുള്ള, ഗൗരവമാർന്ന വിഷയങ്ങളെ മുൻനിർത്തിയുള്ള ചർച്ച ഇത്തവണ കണ്ടില്ല. മാധ്യമം വാർഷികപ്പതിപ്പിന്റെ വായനക്കാർ ഇത്തരം പൊതുവിഷയങ്ങളിലുള്ള ചർച്ചകൂടി വായിക്കാൻ തൽപരരാണ് എന്ന കാര്യം പത്രാധിപ സമിതി എന്തുകൊണ്ടോ മറന്നു. അത് ശരിയായില്ല എന്ന് പറയാതെ വയ്യ.
കേരള രാഷ്ട്രീയത്തിൽ ഇരു ധ്രുവങ്ങളിൽ നിലയുറപ്പിച്ചിട്ടുള്ള രാഷ്ടീയ നേതാക്കളിൽ വിശേഷ വ്യക്തിത്വമുള്ളവരാണ് മുഖ്യമന്ത്രി വി.ഡി. സതീശനും സി.പി.എം നേതാവ് പി. ജയരാജനും. വി.എം. ഇബ്രാഹീമും ഫസീല മെഹറും ഇരുവരുമായി നടത്തിയ സംഭാഷണം ഈ വാർഷികപ്പതിപ്പിന്‍റെ മുഖവും മുഖവുരയുമായി. ഇവരും രാഷ്ട്രീയക്കാരിലെ മികച്ച വായനക്കാർ. നിലപാടുകളിലെ ദാർഢ്യവും വാക്കുകളിലെ മൂർച്ചയും ഇരുവരുടെയും വായനയുടെകൂടി ഫലമാണെന്നു കരുതാം. പലകാരണങ്ങളാൽ പൊതുസമൂഹത്തിന്റെ സജീവശ്രദ്ധയിൽ പെടാതെപോകുന്ന എഴുത്തുകാരെയും ആക്ടിവിസ്റ്റുകളെയും ശ്രദ്ധയിൽകൊണ്ടുവരാറുള്ള മാധ്യമത്തിന്റെ ശ്രമം ഇത്തവണയും കണ്ടു.
പുഷ്പമ്മ എന്ന എഴുത്തുകാരി ഉദാഹരണം. പൊതുവെ അവർ സാഹിത്യകുതുകികൾക്ക് അത്ര പരിചിതയല്ല. അവരുടെ സാഹിത്യജീവിതത്തെ പരിചയപ്പെടുത്താനുള്ള ശ്രമം അഭിനന്ദനീയമാണ്. മലയാളത്തിലെ ലബ്ധപ്രതിഷ്‌ഠരായ എഴുത്തുകാർക്കൊപ്പം പുതുതലമുറയെയും പരിചയപ്പെടുത്തുവാനുള്ള ശ്രദ്ധയെയും അഭിനന്ദിക്കണം. സിനിമ, രാഷ്ട്രീയം, സാഹിത്യം, യാത്ര, ചരിത്രം, തുടങ്ങി ജീവിതത്തിലെ എല്ലാ മേഖലയെയും സ്പർശിച്ചു കടന്നുപോകുന്ന ഈ വാർഷികപ്പതിപ്പ് കേരളീയതയുടെ ഒരു പരിച്ഛേദംതന്നെ എന്നതിൽ സംശയമില്ല.
എടുത്തുപറയേണ്ട പ്രത്യേകതയാണ് ലേ ഔട്ടും നിറവിന്യാസവും. കുറച്ചുകാലമായി മാധ്യമം വാർഷികപ്പതിപ്പിന്‍റെ മുഖമുദ്രതന്നെ ഇതായിരിക്കുന്നു, മികച്ച ഉള്ളടക്കത്തോടൊപ്പം. പേജുകൾ മറിക്കുന്ന വായനക്കാരനെ അലസമായി മറിച്ചിടാനനുവദിക്കാതെ വായന തുടങ്ങാൻ പ്രേരിപ്പിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു ഇത്. ചിത്രലേഖകരുടെ തെരഞ്ഞെടുപ്പിലും മാധ്യമം പത്രാധിപ സമിതി കാണിക്കുന്ന ശ്രദ്ധ അതിപ്രധാനമാണ്. എനിക്കു തോന്നുന്നു, ഇലസ്ട്രേഷൻ ചെയ്യുന്നവരുടെ പേരും പടവും പ്രാധാന്യത്തോടെ വായനക്കാരന് മുന്നിൽ അവതരിപ്പിക്കുക എന്ന പതിവിന് തുടക്കമിട്ടത് മാധ്യമമാണ്. ഏതായാലും ഒരുകാര്യം സംശയലേശമന്യേ പറയാം: മാധ്യമം വാർഷികപ്പതിപ്പു തന്നെ ഓണക്കാല വായനയുടെ നിറവ്.
എം.പി.കെ. അഹമ്മദ് കുട്ടി, പേരാമ്പ്ര കോഴിക്കോട്
നീലമേഘങ്ങളിൽ ചുവപ്പ് പടരുമ്പോൾ
രാഹുൽ രാധാകൃഷ്ണന്റെ ‘നിശ്ശബ്ദ താരാവലി’യുടെ 12ാം അധ്യായം ‘നീലമേഘങ്ങളിൽ ചുവപ്പു പടരുമ്പോൾ’ എന്നത് തലക്കെട്ടിന്റെ മനോഹാരിതകൊണ്ടുതന്നെ വായനക്കാരുടെ ശ്രദ്ധയെ ഹഠാദാകർഷിക്കുന്നതാണ്. മനുഷ്യചരിത്രത്തിലെ ഒരു പ്രധാന സംഭവമാണ് കുടിയേറ്റം. മെച്ചപ്പെട്ട താമസ സൗകര്യങ്ങൾക്കും ഭക്ഷണത്തിനും സുരക്ഷിതത്വത്തിനും വേണ്ടി കുടിയേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ആഹാരം, വസ്ത്രം, പാർപ്പിടം എന്നീ പ്രാഥമിക ആവശ്യങ്ങളായിരുന്നു അന്നവരെ അതിന് പ്രേരിപ്പിച്ചത്. കാലം കടന്നുപോകവേ, രാഷ്ട്രീയവും വംശീയവും മതപരവുമായ കാരണങ്ങളാലും കുടിയേറ്റങ്ങൾ നടന്നിട്ടുണ്ട്. തൊഴിലില്ലായ്മയും ജനസംഖ്യാ വർധനയും രാഷ്ട്രീയ അടിച്ചമർത്തലുകളും വംശീയ വിവേചനങ്ങളുമൊക്കെ പലപ്പോഴായി കുടിയേറ്റത്തിന് കാരണമായിട്ടുണ്ട്. രാജ്യത്തിനകത്തായാലും രാജ്യാതിർത്തിക്ക് പുറത്തായാലും കുടിയേറ്റമെന്നത്, അതിന്റെ കാരണമെന്തായാലും മനുഷ്യരിൽ അന്യതാബോധം സൃഷ്ടിക്കുന്നു.
അസമിൽ ജീവിക്കേണ്ടി വന്ന ചൈനക്കാരുടെ സംഘർഷങ്ങളിലേക്ക് വിരൽചൂണ്ടുന്ന റീത്താ ചൗധരിയുടെ ‘Chinatown Days’ എന്ന നോവലിനെ വായിക്കുകയാണ് രാഹുൽ രാധാകൃഷ്ണൻ ഈ ലേഖനത്തിലൂടെ. ഇതൊരു ചരിത്ര നോവലാണിത്. ആദ്യം അസമീസ് ഭാഷയിൽ ‘മകം’ എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെടുകയും പിന്നീട് ‘Chinatown Days’ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ചെയ്തു. ഇന്ത്യക്ക് ചൈനയുമായി നിലനിന്നിരുന്ന ബന്ധത്തിലുണ്ടായ വിള്ളലുകൾ യുദ്ധത്തിൽ കലാശിച്ചതിന്റെ സന്ദർഭമാണ് നോവലിന്റെ പശ്ചാത്തലം. 2018 ലാണ് നോവൽ പ്രസിദ്ധീകരിച്ചത്. തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ സ്വന്തം ജീവിതപരിസരങ്ങളിൽനിന്ന് തടവിലേക്കും പിന്നീട് മറ്റൊരു രാജ്യത്തിലേക്കും മാറിത്താമസിക്കേണ്ടി വന്ന ഹതഭാഗ്യരായ മനുഷ്യരുടെ കഥയാണ് ഇതിൽ പറയുന്നത്. 1962ലെ ഇന്ത്യ-ചൈന യുദ്ധകാലത്ത് അസമിൽ ജീവിച്ചിരുന്ന ചൈനീസ് ജനവിഭാഗത്തിന്റെ ഹൃദയസ്പർശിയായ കഥ.
നോവലിന്റെ ആദ്യഭാഗം, തുടക്കകാലത്ത് അസമിനെയും റോബർട്ട് ബ്രൂസ് ചായ കണ്ടെത്തിയതിനേയും ബ്രിട്ടീഷുകാർ ചൈനയുടെ പ്രധാന ഭൂഖണ്ഡത്തിൽനിന്ന് കൊണ്ടുവന്ന ചൈനീസ് തൊഴിലാളികളുടെ സഹായത്തോടെ അപ്പർ അസമിൽ ചായത്തോട്ടങ്ങൾ സ്ഥാപിക്കാനായി സ്വീകരിച്ച നടപടികളെയും ചിത്രീകരിക്കുന്നു. അസമിലെ തേയിലത്തോട്ടങ്ങളിൽ ജോലിചെയ്യാൻ ഇന്ത്യയിലേക്ക് കൊണ്ടുവന്ന ചൈനീസ് തൊഴിലാളിയായ ഹോ ഹാന്റെ കഷ്ടപ്പാടുകളിലൂടെയാണ് നോവൽ ആരംഭിക്കുന്നത്.
രണ്ടാം ഭാഗം സ്വാതന്ത്ര്യാനന്തര അസമിനെയും അവിടത്തെ വളർച്ച പ്രാപിച്ച ചായത്തോട്ടങ്ങളുടെയും മൂന്നോ നാലോ തലമുറകളായി അവിടെ താമസിച്ചിരുന്ന തൊഴിലാളികൾ അസമിന്റെ സാംസ്കാരിക വൈവിധ്യത്തിന്റെ ഭാഗമായിത്തീർന്നതിന്റെയും സംഭവഗതികൾ അവതരിപ്പിക്കുന്നു. അതോടൊപ്പം അസമിനു പുറമേ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് പശ്ചിമബംഗാളിൽ താമസിച്ചിരുന്ന ഇന്ത്യൻ ചൈനക്കാരെ മാവോയിസ്റ്റ് ചൈനയിലേക്ക് അറസ്റ്റ് ചെയ്തു നാടുകടത്തിയ സംഭവവും വിവരിക്കുന്നു.
മൂന്നാം ഭാഗം സ്വന്തം മാതൃരാജ്യം തന്നെ അവർക്ക് വിചിത്രമായ അന്യദേശമായി മാറിയ സാഹചര്യത്തിൽ അവർ അനുഭവിച്ച ദുരിതങ്ങളെ അവതരിപ്പിക്കുന്നു. ഈ നോവൽ വ്യക്തിത്വ പ്രതിസന്ധി നേരിടുന്ന ഒരു ജനവിഭാഗത്തിന്റെ പാർശ്വവത്കരണത്തെ ശക്തമായി ചിത്രീകരിക്കുന്നു.
പീപ്ൾസ് റിപ്പബ്ലിക് ഓഫ് ചൈന രൂപവത്കരിച്ചതിനുശേഷം വിദേശരാജ്യങ്ങളിൽ ജീവിച്ചിരുന്ന ചൈനക്കാരുടെ ഒരു കൂട്ടമടക്കയാത്ര ആരംഭിച്ചു. അവരുടെ ഉപജീവനത്തിനായി പ്രത്യേക കൃഷിഭൂമി സജ്ജമാക്കി. എങ്കിലും ചലനാത്മകമായ ജീവിതത്തിൽ എന്തോ അപൂർണത അവിടെ എത്തിച്ചേർന്നവരിൽ അനുഭവപ്പെട്ടു. മറ്റൊരു ജീവിതശൈലിയിലേക്ക് അവർ പിച്ചവെച്ചെങ്കിലും ഇന്ത്യ വിട്ടു ചൈനയിൽ വന്നത് അഭയാർഥികളായി ജീവിക്കാൻവേണ്ടിയായിരുന്നില്ല എന്ന ബോധ്യം അവരെ അലോസരപ്പെടുത്തി.
രണ്ടു രാജ്യങ്ങളുടെ ഭിന്നതകൾക്കിടയിൽപ്പെട്ട് ജീവിതം അർഥപൂർണമാകാതെ പോയ മനുഷ്യരുടെ ചരിത്രാഖ്യാനമാണ് ‘ചൈനാടൗൺ ഡേയ്സ്’. ലളിതമായ പ്രതിപാദന ശൈലിയിലൂടെ നോവലിന്റെ ഉള്ളടക്കം അർഹിക്കുന്ന ഗൗരവത്തോടെതന്നെ വായനക്കാരിലേക്ക് പകരാൻ രാഹുൽ രാധാകൃഷ്ണന്റെ എഴുത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് നിസ്സംശയം പറയാം.
മുരളീ മനോഹർ എം.എസ്,പൗഡിക്കോണം
മഴക്കാല ദുരിതത്തെ എന്തുകൊണ്ട് ക്രിയാത്മകമായി നേരിടാനാവുന്നില്ല
‘ദുരന്തകേരളം’ എന്ന ‘തുടക്കം’ (ലക്കം 1485) ഭരണാധികാരികളുടെ കണ്ണുതുറപ്പിച്ചെങ്കിലെന്ന് ആശിച്ചുപോവുകയാണ്. വര്‍ഷംതോറും ആവര്‍ത്തിക്കപ്പെടുന്ന ഈ വെള്ളപ്പൊക്ക പ്രതിഭാസത്തിന് ഒരു പരിധിവരെയെങ്കിലും തടയിടാന്‍ കഴിയാത്തത് നമ്മുടെ സംവിധാനത്തിന്‍റെ അപര്യാപ്തതയാണ്. ഒന്നു മനസ്സുവെച്ചാല്‍ ആഘാതത്തിന്‍റെ വ്യാപ്തി കുറക്കാനാകുമെങ്കിലും അതിനാരും മുതിരുന്നില്ല. മഴ ശക്തമാകുമ്പോള്‍ ജനപ്രതിനിധികള്‍ തദ്ദേശസ്വയംഭരണവുമായി സഹകരിച്ച് വെള്ളക്കെട്ടുകള്‍ ഉണ്ടാകുന്ന സ്പോട്ടുകള്‍ സന്ദര്‍ശിച്ച്, അടുത്ത സീസണില്‍ അതെങ്ങനെ ഒഴിവാക്കാമെന്ന് കണ്ടെത്തി പ്രതിരോധ പ്രവര്‍ത്തനം നടത്തിയാല്‍ ഒരു പരിധിവരെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകും. ഓടകള്‍ അടഞ്ഞുകിടക്കുന്നതാണ് റോഡുകള്‍ വെള്ളത്തില്‍ മുങ്ങിപ്പോകുന്നതിന്‍റെ പ്രധാന കാരണങ്ങളിലൊന്ന്. അതൊഴിവാക്കാന്‍ മഴക്കാലത്തിനു മുമ്പേ കാനകള്‍ വൃത്തിയാക്കിയാല്‍ മതിയല്ലോ? Prevention is better than cure എന്നാണല്ലാ.
ദേശീയപാതകള്‍ തകരുന്നത് പരിസ്ഥിതി പഠനം നടത്താതെ അല്ലെങ്കില്‍ പഠന റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞ് കരാറുകാർക്ക് ലാഭമുണ്ടാക്കി കൊടുക്കാന്‍ ഉദ്യോഗസ്ഥര്‍ ഒത്താശചെയ്യുന്നതുകൊണ്ടാണ്. അതായത് കോണ്‍ട്രാക്ടർ-ഉദ്യോഗസ്ഥ അവിഹിത ബന്ധത്തിന്‍റെ പരിണതഫലം! വിയറ്റ്നാം യുദ്ധകാലത്തുണ്ടായിരുന്ന ‘ആം ചെയര്‍ ജേണലിസ്റ്റു’കളെപ്പോലെ (മുന്തിയ ഹോട്ടല്‍മുറികളിലെ ചാരുകസേരകളില്‍ ഇരുന്ന് യുദ്ധമുഖ വാര്‍ത്തകള്‍ എഴുതിയിരുന്ന അമേരിക്കന്‍ പത്ര റിപ്പോർട്ടർമാർ) ദന്തഗോപുരങ്ങളില്‍ ഇരുന്നാണ് നിർമാണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതെന്ന് തോന്നുന്നു.
‘തുടക്ക’ത്തിൽ എഴുതിയതുപോലെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ആഗസ്റ്റ് ഒന്നു മുതല്‍ അതിവര്‍ഷം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും അതിനെ നേരിടാൻ സംസ്ഥാനം മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കിയിരുന്നോ? സംസ്ഥാന സംവിധാനങ്ങൾ അമ്പേ പരാജയപ്പെട്ടതുകൊണ്ടാണ് പ്രശ്നങ്ങള്‍ സങ്കീര്‍ണമായതെന്ന് നിരീക്ഷിക്കപ്പെടുന്നു. അതുകൊണ്ടാണ് പല മഴക്കാല ദുരന്തങ്ങളും മനുഷ്യനിർമിതങ്ങളാണെന്ന് പറയുന്നത്. ‘സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട’ എന്ന് പറയുന്നതുപോലെ ഉദ്യോഗസ്ഥവൃന്ദം തങ്ങളുടെ കർത്തവ്യങ്ങളിൽ അൽപം ആത്മാര്‍ഥത കാണിച്ചാല്‍ മാത്രംമതി പല പ്രശ്നങ്ങളും ഒഴിവാകും.
സണ്ണി ജോസഫ്, മാള
നിലനിൽപു വേണം ആക്ഷേപഹാസ്യ ആക്ടിവിസത്തിന്
മീഡിയസ്കാനിലെ (ലക്കം 1486) അധികാരം, ലാഫ്റ്റിവിസം, മാധ്യമങ്ങൾ എന്ന ലേഖനം വായിച്ചു. ഇന്ന് ജനാധിപത്യം പല രാജ്യങ്ങളിലും പേരിനു മാത്രമാണുള്ളത്. നാസി പാർട്ടി നേടിയ തെരഞ്ഞെടുപ്പു വിജയങ്ങളുടെ പിൻബലത്തിൽ ജർമനിയിൽ ചാൻസലറായ അഡോൾഫ് ഹിറ്റ് ലറാണല്ലോ ലോകംകണ്ട ഏറ്റവും ദുഷ്ടനായ ഏകാധിപതിയായി മാറിയത്. ഈ ചരിത്രം ഇന്നും ആവർത്തിച്ചുകൊണ്ടിരിക്കുന്നു. ലോകത്തിന്‍റെ പല ഭാഗങ്ങളിലും ജനാധിപത്യക്രമത്തിലൂടെ അധികാരത്തിൽ വരുന്നവർ ജനാധിപത്യത്തെ ഞെക്കിക്കൊല്ലാനും തൽസ്ഥാനത്ത് തങ്ങളുടെ ദുഷ്ടാധികാരം നടപ്പിലാക്കാനും ശ്രമിക്കുന്നു.
ഇത്തരം ദുരവസ്ഥകളിൽ ജനാധിപത്യത്തിന്‍റെ ചക്രവാളങ്ങൾ വികസ്വരമാക്കാൻ ആക്ഷേപഹാസ്യ ആക്ടിവിസം തീർച്ചയായും ഉപകാരപ്പെടുന്നതാണ്. പിന്നെ ‘ശങ്കർ, എന്നെ വെറുതെ വിടരുത്’ എന്ന് കാർട്ടൂണിസ്റ്റ് ശങ്കറിനോട് അഭ്യർഥിച്ച ജവഹർ ലാൽ നെഹ്റുമാരുടെ വംശം ഇന്ന് കുറ്റിയറ്റുപോയിരിക്കുന്നു. ആയതിനാൽ ആക്ഷേപഹാസ്യ ആക്ടിവിസത്തിനു നടപ്പുകാലത്തു നല്ല ഭാവിയുണ്ടാകേണ്ടതുണ്ട്.
ടി.ഐ. ലാലു, പഴമുക്ക് തൃശൂർ
ദുരന്തങ്ങളിൽനിന്ന് നാം ഇനിയുമെന്തേ പഠിക്കാത്തെ...
ആഴ്ചപ്പതിപ്പിലെ ‘തുടക്കം’ പംക്തിയിൽ (ലക്കം 1482) ‘നമ്മൾ ഒന്നും പഠിക്കുന്നില്ല’ എന്ന എഴുത്ത് വായിച്ചു. ഈ പത്രാധിപക്കുറിപ്പ് കേരള സമൂഹത്തിന്റെ കൂട്ടായ ഓർമയെയും മറവിയെയും ഒരേസമയം ചോദ്യംചെയ്യുന്ന ശ്രദ്ധേയമായ സാമൂഹിക നിരീക്ഷണമാണ്. 2024ൽ വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ സൃഷ്ടിച്ച നടുക്കം സമൂഹമനസ്സിൽനിന്ന് മാഞ്ഞുപോകും മുമ്പേ അതേ പ്രദേശത്ത് വീണ്ടും ദുരന്തഭീഷണികൾ ഉയരുന്ന പശ്ചാത്തലത്തിൽ, പ്രകൃതിദുരന്തങ്ങളിൽനിന്ന് നാം എത്ര വേഗത്തിലാണ് പാഠങ്ങൾ മറക്കുന്നതെന്നും പഴയ തെറ്റുകളിലേക്ക് വീണ്ടും തിരിച്ചുപോകുന്നതെന്നും ആലോചിക്കുമ്പോൾ അത്ഭുതം തോന്നുന്നു.
ദുരന്തങ്ങൾ പ്രകൃതിയുടെ അനിവാര്യമായ പ്രതിഭാസങ്ങൾ മാത്രമല്ലെന്ന തിരിച്ചറിവും ഈ പത്രാധിപക്കുറിപ്പിന്റെ കേന്ദ്ര സന്ദേശമാണ്. അനിയന്ത്രിതമായ നിർമാണപ്രവർത്തനങ്ങൾ, പരിസ്ഥിതി നിയമങ്ങളോടുള്ള അവഗണന, ശാസ്ത്രീയ മുന്നറിയിപ്പുകളെ അവമതിക്കുന്ന സമീപനം, ഭരണകൂടങ്ങളുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും അലംഭാവം എന്നിവ പ്രകൃതിദുരന്തങ്ങളുടെ ആഘാതം പലമടങ്ങ് വർധിപ്പിക്കുന്ന ഘടകങ്ങളാണ്.
പ്രളയവും ഉരുൾപൊട്ടലും കടലാക്രമണവും കാലാവസ്ഥാ വ്യതിയാനത്തിന്റെ വിവിധ പ്രത്യാഘാതങ്ങളും ആവർത്തിച്ച് അനുഭവിച്ചിട്ടും, ദുരന്തനിവാരണത്തെ ദീർഘകാല വികസനനയത്തിന്റെ അവിഭാജ്യഘടകമായി കാണാൻ കേരളത്തിന് ഇനിയും കഴിഞ്ഞിട്ടില്ലെന്നത് ഒരു ദുഃഖസത്യം മാത്രം. ഓരോ ദുരന്തത്തിനുശേഷവും സഹായധനം, പുനരധിവാസ പദ്ധതികൾ, മാധ്യമചർച്ചകൾ എന്നിവ സജീവമാകുന്നുവെങ്കിലും ഏതാനും മാസങ്ങൾക്കകം അതേ വീഴ്ചകളും അതേ അശ്രദ്ധയും വീണ്ടും ആവർത്തിക്കപ്പെടുന്നു. ഈ ചാക്രികാവസ്ഥതന്നെയാണ് ‘നമ്മൾ ഒന്നും പഠിക്കുന്നില്ല’ എന്ന തലക്കെട്ടിനെ കൂടുതൽ അർഥഗർഭമാക്കുന്നത്.
ഈ പത്രാധിപക്കുറിപ്പിന്റെ മറ്റൊരു പ്രത്യേകത, അത് കുറ്റപ്പെടുത്തലിനെ ഭരണകൂടത്തിലോ രാഷ്ട്രീയ നേതൃത്വത്തിലോ മാത്രം ഒതുക്കുന്നില്ല എന്നതാണ്. അപകടസാധ്യതയുള്ള മേഖലകളിൽ അനിയന്ത്രിതമായി പാർപ്പിടങ്ങൾ സ്ഥാപിക്കുന്നതും പ്രകൃതിവിഭവങ്ങളെ വിവേകരഹിതമായി ചൂഷണം ചെയ്യുന്നതും, വികസനമെന്ന പേരിൽ പരിസ്ഥിതി സന്തുലിതാവസ്ഥയെ അവഗണിക്കുന്നതും നമ്മുടെ കൂട്ടായ ജീവിതശൈലിയുടെ ഭാഗമായിത്തീർന്നിരിക്കുന്നുവെന്ന് അത് ഓർമിപ്പിക്കുന്നു. അതിനാൽ, ദുരന്തങ്ങളിൽനിന്ന് പാഠങ്ങൾ ഉൾക്കൊള്ളേണ്ട ഉത്തരവാദിത്തം സർക്കാറുകൾക്കു മാത്രമല്ല, സമൂഹത്തിനാകെ പങ്കിട്ടിരിക്കുന്ന ഒന്നാണെന്ന സന്ദേശം ഈ കുറിപ്പിന്റെ ഏറ്റവും ശ്രദ്ധേയമായ ഉൾക്കാഴ്ചകളിലൊന്നാണ്.
ഇന്നത്തെ കേരളത്തിന്റെ വികസനസങ്കൽപങ്ങളെ പുനർവിചിന്തനം ചെയ്യാൻ പ്രേരിപ്പിക്കുന്ന ഒരു ചിന്തോദ്ദീപക രചനകൂടിയാണ് ഈ പത്രാധിപക്കുറിപ്പ്. പ്രകൃതിയോട് ഇണങ്ങിച്ചേർന്ന വികസനമാണോ നമുക്ക് അഭികാമ്യം, അതോ പ്രകൃതിയെ വെല്ലുവിളിക്കുന്ന വികസനമാണോ എന്ന അടിസ്ഥാന ചോദ്യമാണ് ഇത് ഉയർത്തുന്നത്. പ്രകൃതിദുരന്തങ്ങളെ പൂർണമായും ഒഴിവാക്കാനാവില്ലെങ്കിലും അവയുടെ തീവ്രതയും നാശനഷ്ടവും ഗണ്യമായി കുറക്കാൻ ശാസ്ത്രീയ ആസൂത്രണവും പരിസ്ഥിതിയോടുള്ള ഉത്തരവാദിത്തബോധവും ദീർഘവീക്ഷണമുള്ള വികസനനയവും മാത്രമാണ് മാർഗമെന്ന് ഈ പത്രാധിപക്കുറിപ്പ് ശക്തമായി ഓർമപ്പെടുത്തുന്നു. ദുരന്തങ്ങളുടെ ഓർമ വെറും അനുസ്മരണമാകാതെ നയപരമായ മാറ്റങ്ങൾക്കും സാമൂഹിക ജാഗ്രതക്കും വഴിയൊരുക്കുമ്പോഴാണ് ഒരു സമൂഹം യഥാർഥത്തിൽ പഠിച്ചുവെന്ന് പറയാനാകൂ എന്ന ഗൗരവമേറിയ സന്ദേശമാണ് ഈ ലഘുലേഖനം വായനക്കാരിലേക്ക് എത്തിക്കുന്നത്.
കിഴുമുണ്ടയൂർ നാരായണൻ,പേരാമംഗലം
മുനിയുടെ മതം വിശ്വസാഹോദര്യ ദർശനം
ചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമായിരുന്നെങ്കിലും പാണ്ഡിത്യഗർവ് ഒട്ടുമില്ലാത്ത സന്യാസിവര്യനായിരുന്നു മുനി നാരായണസ്വാമി. യഥാർഥ സന്യാസിയായിരുന്നുവെന്നും ബ്രഹ്മചാരി സൂര്യശങ്കർ എഴുതി (ലക്കം 1471). നാരായണ ഗുരുവിന്റെ കൃതികൾക്ക് ഇംഗ്ലീഷിലും മലയാളത്തിലും വ്യാഖ്യാനം എഴുതുക എന്ന ചരിത്രദൗത്യം നിർവഹിച്ച സന്യാസിയായിരുന്നു അദ്ദേഹം. ഇതിനു പുറമെ ഭഗവദ്ഗീത, വേദാന്തസൂത്രം, ഉപനിഷത്തുകൾ തുടങ്ങിയവക്ക് വ്യാഖ്യാനവും ബൈബിൾ, ഖുർആൻ എന്നീ ഗ്രന്ഥങ്ങൾക്ക് സ്വതന്ത്രമായ വ്യാഖ്യാനങ്ങളും പഠനങ്ങളും അദ്ദേഹം എഴുതുകയുണ്ടായി. കഠിനമായ തത്ത്വചിന്ത, ലളിതമായി എഴുതിയും പറഞ്ഞുമാണ് ഗുരു മുനിപ്രസാദ് വ്യത്യസ്തനായത്. അതുകൊണ്ടുതന്നെ നാരായണ ഗുരുവിന്റെ കൃതികൾക്ക് അദ്ദേഹമെഴുതിയ വ്യാഖ്യാനത്തിന് അദ്ദേഹം കൊടുത്ത പേര് ലളിത വ്യാഖ്യാനം എന്നായത് അന്വർഥമാണ്.
88ാം വയസ്സിൽ സമാധിയാകുന്നതുവരെ അദ്ദേഹം ജീവിച്ചതും ജീവിതം ഉഴിഞ്ഞുവെച്ചതും നാരായണ ഗുരുകുലത്തിനു വേണ്ടിയാണ്. ഗുരു മുനിപ്രസാദിന്റെ ചരിത്രം എന്നാൽ, അത് ഗുരുകുല പ്രസ്ഥാനത്തിന്റെ ചരിത്രം എന്നുകൂടിയാണ് അർഥമെന്നും വർക്കല ഗുരുകുലത്തിന്റെ പൂർണ ചുമതല അദ്ദേഹത്തിനായിരുന്നുവെന്നും ലേഖകൻ. പ്രസാദ് ഉള്ളതുകൊണ്ടാണ് തനിക്ക് ലോകം മുഴുവൻ സഞ്ചരിക്കാൻ സാധിച്ചതെന്ന് ഗുരു നിത്യചൈതന്യയതി തന്നെ പറഞ്ഞിട്ടുമുണ്ട്. യതിയുടെ അഭാവത്തിൽ ഗുരുകുലം നടത്തിയിരുന്നത് അദ്ദേഹമായിരുന്നു. നടരാജഗുരുവിന്റെ ശിക്ഷണമാണ് അദ്ദേഹത്തെ രൂപപ്പെടുത്തിയതെന്ന് അദ്ദേഹംതന്നെ എപ്പോഴും പറയുമായിരുന്നു.
നടരാജഗുരുവിൽനിന്ന് ബ്രഹ്മചര്യദീക്ഷയും നിത്യചൈതന്യയതിയിൽനിന്ന് സന്യാസദീക്ഷയും സ്വീകരിച്ച അദ്ദേഹം യതിയുടെ കാലശേഷം നാരായണ ഗുരുകുലത്തിന്റെ അധ്യക്ഷനായി. പാശ്ചാത്യവും പൗരസ്ത്യവുമായ ചിന്താധാരകളെ ചേർത്തുവെച്ച് പഠിപ്പിക്കുന്ന രീതിയാണ് ഗുരുകുലത്തിന്റേത്. കേവലമായ ആചാരങ്ങളേക്കാൾ ജ്ഞാനത്തിന് പ്രാധാന്യംകൊടുക്കുന്ന പഠനക്ലാസുകളും സെമിനാറുകളുമാണ് ഗുരുകുലത്തിലുള്ളത്.
നടരാജ ഗുരുവിനോടൊപ്പം നിത്യചൈതന്യയതിയെയും മുനി തന്റെ ഗുരുവായി കരുതിയിരുന്നു. വേദാന്തത്തിന്റെ താക്കോൽ പ്രസാദിന്റെ കൈയിലാണ് എന്ന് ഒരിക്കൽ യതി പറയുകയും ചെയ്തു. യതിയുടെ ‘ഭഗവദ്ഗീതാസ്വാധ്യായം’ എന്ന ബൃഹത്തായ ഗീതാ വ്യാഖ്യാനം ഒരു ജ്യേഷ്ഠനും അനുജനും തമ്മിലുള്ള സംവാദരൂപത്തിലാണ്. അതിലെ അനുജൻ താനാണെന്ന് പിന്നീട് സ്വന്തമായി ഗീതാഖ്യാനം ചെയ്ത മുനി പറഞ്ഞിട്ടുമുണ്ട്.
വേദാന്തത്തിന്റെ താക്കോൽ ഉപയോഗിച്ച് കൃതികൾ വ്യാഖ്യാനിക്കുക മാത്രമല്ല ഗുരു ചെയ്തത്. തികച്ചും വ്യത്യസ്തമായ സെമിറ്റിക് മതങ്ങളുടെ വിശുദ്ധ പുസ്തകത്തിലെ രഹസ്യ അറകൾ തുറന്നതും മുനിയുടെ തനതായ സംഭാവനയാണെന്ന് പി.കെ. സാബുവും എഴുതുന്നു.
സദാശിവൻ നായർ, എരമല്ലൂർ
കൂറഭേദം
കൂറപ്പാർട്ടി എന്ന പേരിനോട് തോന്നിയ ദഹനക്കേട്, കൂറകളേക്കാൾ പരിതാപകരമായ ഇന്ത്യൻ മനുഷ്യാവസ്ഥയെ ചിത്രീകരിച്ചുകൊണ്ട്, ഭേദമാക്കിയിരിക്കുകയാണ് ‘കൂറകളുടെ കിസ്സ’ എന്ന കവിതയിലൂടെ (ലക്കം 1488) വിമീഷ് മണിയൂർ. ഇന്ത്യക്കാരന്‍റെ ജീവിതം വിമർശനാത്മകമായി അവതരിപ്പിക്കുന്ന രാഷ്ട്രീയകവിതയിൽ വാക്കും ഭാഷയും ലളിതമായി, നർമഭാവേന, അതേസമയം ആഴത്തിൽ ചിന്തയെ തോണ്ടുന്നു. എല്ലാം വൈകിയെത്തുന്ന നാട്ടിൽ ഒഴിവുള്ള ഒരിടംതേടി വരിനിന്ന് തെറികേട്ട് ജീവിച്ചിരിക്കാനുള്ള സർവകാരണങ്ങളും മറന്ന് ആത്മാഹുതിപ്പറ്റങ്ങളാവുന്ന മനുഷ്യരിലേക്കാണ് കവിത തിരിച്ചറിവായി വികസിക്കുന്നത്. പ്രകൃതിദത്തമോ, മനുഷ്യനിർമിതമോ ആയ ദുരന്തങ്ങളിൽ മാത്രം ചരിത്രവും അസ്തിത്വവും പേറുന്നവർ വായനക്കാരിൽ ആളലായി അവശേഷിക്കും.
സമീർ കാവാഡ്, അരീക്കോട്
നൃത്തംപോലൊരു കഥ
എട്ടു കഥകൾ അടങ്ങിയ കഥാപതിപ്പിൽ (ലക്കം 1487) ഏഴെണ്ണവും ദീർഘമേറിയത്. വായന ക്ലേശം. അതുകൊണ്ടുതന്നെ, മേഘ മൽഹാർ എഴുതിയ, വെറും മൂന്നുപേജിൽ ഒതുങ്ങിയ എട്ടാമത്തെ കഥയായ ‘അരിക്കാത്തി’ തന്നെ ആദ്യ വായനക്കെടുത്തു. അതിമനോഹരം. കവിതപോലെ ഒഴുകിനീങ്ങുന്ന ആഖ്യാനം. അരിക്കാത്തിയുടെ രൂപം, വസ്ത്രം, ശരീരം ഒക്കെയും എന്നോ കണ്ടുമറന്ന ഏതോ ഒരു സ്വപ്‌നത്തിന്റെ പുറംതോട് ഭേദിച്ചുകൊണ്ട്, ഓർമകളുടെ ബാക്കിപത്രമായി വായനയോടൊപ്പം മനസ്സിൽ കുടിയേറി. ഒരു നർത്തകികൂടിയായതുകൊണ്ടാവാം മേഘ മൽഹാറിന്റെ എഴുത്തിലും നൃത്തത്തിന്റെ ശ്വാസം വായനയിലുടനീളം നമ്മെ സ്‌പർശിച്ചു കടന്നു പോയത്. വേറിട്ട ചിന്തകൾ, അവതരണത്തിലെ പുതുമ, വാക്കുകളുടെ ലാളിത്യം. നൃത്തംപോലൊരു കഥ. കഥാകൃത്തിന് അഭിനന്ദനം. സിസ്റ്റർ സാന്ദ്ര സോണിയയുടെ വരകൾ കഥക്ക് മാറ്റുകൂട്ടുന്നു.
എ.കെ. അനിൽകുമാർ, നെയ്യാറ്റിൻകര
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.