എഴുത്തുകുത്ത്
നായകനൊപ്പം വായനക്കാരെ നടത്തിച്ച ‘പടേനി’
ആഴ്ചപ്പതിപ്പിന്റെ കഥാ പതിപ്പിൽ (ലക്കം 1487) ബിജോയ് ചന്ദ്രൻ എഴുതിയ കഥ ‘പടേനി’ കഥാകാരൻ സ്ഥിരം ഉപയോഗിക്കുന്ന ചേരുവകൾ ഉപയോഗിച്ചുകൊണ്ടുതന്നെയാണ് മുന്നോട്ടുപോയതെങ്കിലും വായനക്കാരും ഒരു മുഷിപ്പുമില്ലാതെ അതിനൊപ്പം തുടരും. കഥാകാരനെ വിടാതെ പിടികൂടിയിരിക്കുന്ന ഗൃഹാതുരത കഥയിലെ നായിക രമയിലൂടെയും നായകനായ പീതാംബരനിലൂടെയും മുഴുവനായും പുറത്തെടുക്കുന്നുണ്ട് എന്നുപറയേണ്ടി വരുന്നത് വിമർശനമല്ല; ഗൃഹാതുരത ഇഷ്ടപ്പെടുന്ന വായനക്കാർ നൽകുന്ന അംഗീകാരമാണ്. കുടുംബജീവിതത്തിലെ, ദാമ്പത്യജീവിതത്തിലെ, സാമൂഹിക ജീവിതത്തിലെ എല്ലാം ചെറിയ അനക്കങ്ങളെപ്പോലും സൂക്ഷ്മമായി അക്ഷരങ്ങളിൽ ഒതുക്കുന്ന കഥാകൃത്തിന്റെ രചനാചാതുരി മുമ്പുള്ള കഥകളിലെന്നപോലെ ‘പടേനി’യിലും എത്രയോയിടത്ത് നിഴലിച്ചുകാണുന്നു.
യാത്രക്കൊരുങ്ങുമ്പോൾ ബാഗിൽ സാധനങ്ങൾ കുത്തിനിറക്കാനുള്ള വെപ്രാളവും അതിനിടയിൽ ഭാര്യയിൽനിന്നു കിട്ടുന്ന ശകാരങ്ങളും, ബസ് സ്റ്റാൻഡിൽനിന്ന് ബസ് കയറാൻ നേരത്തുള്ള അങ്കലാപ്പും, കാടും പടലും കേറിക്കിടക്കുന്ന പറമ്പും പുരയിടവും തുടങ്ങി എത് രംഗങ്ങളിലാണ് മുകളിൽ പറഞ്ഞ സൂക്ഷ്മനിരീക്ഷണം ഇല്ലാത്തതെന്നേ ചോദിക്കാനുള്ളൂ. ഒരു വെള്ളിത്തിരയിലെന്നപോലെയുള്ള കൈയടക്കത്തോടെയാണ് കഥാകൃത്തിന്റെ നീക്കം.
ഏർളി വിയറ്റ്നാം പ്ലാവിൻ തൈ നടുന്നത് ഒരു ഫാഷനായി തോന്നുന്ന വർത്തമാന കാലത്ത് കഥക്ക് അനുയോജ്യമായ രീതിയിൽതന്നെ അത് കഥയിൽ സന്നിവേശിപ്പിച്ചിരിക്കുന്നു. ചുറ്റുപാടുകളെ കൺതുറന്നു കാണുന്ന ഒരാൾക്കു മാത്രമേ കൃത്യമായ ഫോർമുലയോടെ ആ വക കാര്യങ്ങൾ കഥയിൽ എത്തിക്കാൻ പറ്റൂ. ഇവിടെയാണ് ആഴ്ചപ്പതിപ്പിന്റെ ‘തുടക്കം’ പേജിൽ ‘കഥയുടെ നിറക്കാലം’ എന്ന കുറിപ്പിൽ പറയുന്ന കാര്യം ബിജോയ് ചന്ദ്രൻ എന്ന കഥാകൃത്തിന് ചേരുംപടിയാകുന്നത്. പറയുന്ന കഥ ചിലപ്പോൾ ആമയുടെയും മുയലിന്റേതുമാകാം.
പക്ഷേ, വായിക്കുന്നവരും കേൾക്കുന്നവരും അതിൽ ലയിക്കണം. നന്നായി പറഞ്ഞുകേൾപ്പിച്ചാൽ (എഴുതിപ്പിടിപ്പിച്ചാൽ) മാത്രമേ കേൾക്കുന്നവർക്ക് (വായിക്കുന്നവർക്ക്) രസമുണ്ടാകൂ. അങ്ങനെ വായിക്കുന്നവർക്ക് രസമുണ്ടാക്കുന്ന രീതിയിൽതന്നെയാണ് കഥാകൃത്ത് ‘പടേനി’ എഴുതി ഫലിപ്പിച്ചത്. പത്തനംതിട്ട ജില്ലയിലെ സവിശേഷ കലാരൂപമായ ‘പടയണി’യുടെ ഒരു നേർക്കാഴ്ച കൂടിയായി ‘പടേനി’ എന്നുപറയാൻ സന്തോഷമുണ്ട്. കഥയിലെ ഒരു രംഗംതന്നെ ആഴ്ചപ്പതിപ്പിന് മുഖചിത്രമായതും ആഴ്ചപ്പതിപ്പ് കഥാകൃത്തിന് നൽകിയ വലിയ അംഗീകാരമായി എന്നുവേണം പറയാൻ.
ദിലീപ് വി. മുഹമ്മദ്, മൂവാറ്റുപുഴ
എടുത്തണിയേണ്ടി വരും എപ്പോഴെങ്കിലും
ഒരു ഭാഷയും കാലഹരണപ്പെടുന്നില്ല. ഒരു പദവും ജീർണമാകുന്നില്ല. പ്രാചീനമല്ലേ, അത് നിഘണ്ടുവിൽ അന്ത്യവിശ്രമംകൊള്ളട്ടെ എന്ന് വിധി പ്രസ്താവിക്കാൻ ജീവിതത്തെ ആഴത്തിലും പരപ്പിലും നെഞ്ചോടു ചേർത്തുവെക്കുന്ന കാലത്തോളം അസാധ്യം. അഗാധ മുദ്രിതമായ ഈ ഉൾസാരത്തെ അനുസന്ധാനം ചെയ്യുന്നതാണ് രമേഷ് പഞ്ചവള്ളിലിന്‍റെ ‘മലയാളം ക്ലിപ്തം’ കഥ (ലക്കം 1489).
ജീവിതത്തിന്‍റെ ആദിമധ്യാന്തങ്ങൾ പുതിയ ഭാഷയും വ്യാകരണവും മാത്രമല്ല ഉൽപാദിപ്പിക്കുന്നത്. പ്രാക്തനമായ ഭൂതത്തിന്‍റെ, അടഞ്ഞുപോയെന്ന് നമ്മൾ നിരീക്ഷിക്കുന്ന അടരുകളും ഭാഷയെ ചടുലമായി അടയാളപ്പെടുത്തുന്നുണ്ട്. കാരണം, ഇന്നലെകളുടെയും ഇന്നിന്‍റെയും ഉപോൽപന്നമാണ് ഭാഷ. ചവിട്ടടികൾ അടയാളപ്പെടുത്തിയ പ്രതലങ്ങളൊക്കെയും മുന്നോട്ടായലിന്‍റെ ജീവത്തായ ചൂണ്ടു വിരലൊടികളോ, സഞ്ചാരത്തിന്‍റെ ഇന്ധനമോ ആണ്. അതുകൊണ്ടുതന്നെ പിണ്ഡം വെച്ചു പടിക്കു പുറത്താക്കാൻ വെമ്പുന്ന ഏതു വാക്കും ഉണ്മയുടെ ഉന്മാദമായി നമ്മിലേക്കു തന്നെ പടർന്നേറുന്നു. പിന്നെ പുതിയത്, പഴയത് എന്ന് വ്യത്യസ്ത കള്ളികളിലാക്കി നിർത്താൻ കഴിയാതെ സമ്യക്കായി, ഒരൊറ്റ ഏകകമായി മുഴുവൻ ഭാഷയും നമ്മിൽതന്നെ ഉൾച്ചേരുന്നു.
ബാലചന്ദ്രൻ പുറപ്പെടാൻ നോക്കുമ്പോൾ ‘കാലപ്പഴക്കത്താൽ ക്രാങ്കിപ്പല്ലുകളിന്മേൽ ചങ്ങലക്കണ്ണികൾ പിടിക്കാതെ തെന്നി വികൃതമായ ലോഹശബ്ദങ്ങൾ പുറപ്പെടുവിക്കുന്നത്’ എന്തുകൊണ്ടെന്ന് നമ്മൾ വായനക്കാർ അറിയുന്നു. അയാൾ അപ്പോൾ കേൾക്കുന്നതും ‘‘ഋ, ഔ, അഃ’’ ശബ്ദങ്ങൾതന്നെയാണല്ലോ!
സലാം കരുവമ്പൊയിൽ
‘സിൻജെ’ ഓർമകളെ ഉണർത്തുന്ന ഒരിടം
‘മാധ്യമം’ വാർഷികപ്പതിപ്പിലെ ജയശ്രീ പള്ളിക്കലിന്റെ ‘സിൻജെ’ എന്ന കവിത ഇഷ്ടപ്പെട്ടു. സാങ്കേതികയുഗത്തിൽ വളർന്ന ഒരു തലമുറയുടെ ഓർമകളും ഏകാന്തതയും സ്വത്വാന്വേഷണവും വളരെ ലളിതവും ഹൃദയസ്പർശിയുമായ ഭാഷയിൽ ഇതിൽ പകർത്തിവെച്ചിരിക്കുന്നു. ഡിജിറ്റൽ ലോകത്തിന്റെ തിളക്കങ്ങൾക്കിടയിൽ നഷ്ടപ്പെട്ടുപോകുന്ന സ്പർശം, ഗന്ധം, അടുപ്പം തുടങ്ങിയ ഇന്ദ്രിയാനുഭവങ്ങളെയും മനുഷ്യബന്ധങ്ങളുടെ ചൂടിനെയും കവിത സൂക്ഷ്മമായി തിരിച്ചുപിടിക്കുന്നു.
“എന്റെ ഓർമകൾക്ക് തിളക്കങ്ങളേയുള്ളൂ, സുഗന്ധങ്ങളില്ല...” എന്ന വരി പ്രത്യേകമായി മനസ്സിൽ തങ്ങി. ഇവിടെ ‘തിളക്കം’ സാങ്കേതികലോകത്തിന്റെ ദൃശ്യസമ്പന്നതയെയും ‘സുഗന്ധം’ ജീവിതത്തിന്റെ ആത്മബന്ധമുള്ള, ശരീരസാന്നിധ്യമുള്ള ഓർമകളെയും പ്രതിനിധാനം ചെയ്യുന്നതായി തോന്നുന്നു. ഈ വൈരുധ്യം കവിതയുടെ കേന്ദ്രപ്രതീകമായി പ്രവർത്തിക്കുകയും ആധുനിക ജീവിതത്തിന്റെ ശൂന്യത കൂടുതൽ തീവ്രമാക്കുകയും ചെയ്യുന്നു.
‘സിൻജെ’ എന്ന ശീർഷകവും കവിതയുടെ ആശയലോകവുമായി ചേർന്നുനിൽക്കുന്ന ഒരു പ്രതീകാത്മകത സൃഷ്ടിക്കുന്നു. ഓർമകളെ സൂക്ഷിക്കുന്നതും തിരിച്ചുവിളിക്കുന്നതുമായ ഒരു ഇടമോ അടയാളമോപോലെ അത് വായിക്കാം. ലളിതമായ വാക്കുകളും സംഭാഷണ സാന്നിധ്യമുള്ള ശൈലിയും കവിതയെ വായനക്കാരനോട് അടുപ്പിക്കുന്നു; അതേസമയം, നേരിട്ട് പറയാതെ സൂചനകളിലൂടെയും ദൃശ്യബിംബങ്ങളിലൂടെയും വികാരങ്ങൾ ഉണർത്തുന്ന രീതി കവിതക്ക് ആഴം നൽകുന്നു. കാലത്തിന്റെ മാറ്റങ്ങളെ അടയാളപ്പെടുത്തുന്നതിനൊപ്പം മനുഷ്യബന്ധങ്ങളുടെയും പഴയ ജീവിതാനുഭവങ്ങളുടെയും ചൂട് ഓർമിപ്പിക്കുന്ന നല്ലൊരു കവിതയാണിത്. ആധുനികതയെ നിരാകരിക്കാതെ, അതിന്റെ ഉള്ളിലെ നഷ്ടബോധത്തെയും ഏകാന്തതയെയും ചോദ്യംചെയ്യുന്നതാണ് കവിതയുടെ പ്രധാന ശക്തി.
വാർഷികപ്പതിപ്പിലെ വിഭവങ്ങളെല്ലാം പൊതുവേ വളരെ മികച്ച നിലവാരം പുലർത്തിയവയായിരുന്നു. വൈവിധ്യവും വായന സുഖവും ഒരുപോലെ നൽകുന്ന നല്ലൊരു വാർഷികപ്പതിപ്പ് തന്നെയായിരുന്നു ഇത്തവണയും.
തോമസ് മൂന്നാനപ്പള്ളി
ആഖ്യാനഭംഗിയിൽ മികവു പുലർത്തിയ ‘തീറ്റബാക്കി’
ഒരു ഹോംസ്റ്റേയെ പശ്ചാത്തലമാക്കി ഉണ്ണികൃഷ്ണൻ കളീക്കൽ മാധ്യമം വാർഷിക പതിപ്പിൽ എഴുതിയ കഥയാണ് ‘തീറ്റബാക്കി’. സീസൺ കഴിഞ്ഞ് ഒന്നരമാസം കഴിഞ്ഞിട്ടും ആരും തിരിഞ്ഞ് നോക്കാത്ത അവിടേക്ക് ഒരു ഡോക്ടർ ഫാമിലി അതിഥികളായി എത്തുന്നു എന്ന വാർത്ത ഭാര്യയോടും മക്കളോടും വളരെയധികം സന്തോഷത്തോടെയാണ് അയാൾ അറിയിച്ചത്. കാടിന്റെ തുടക്കത്തിൽ സ്ഥിതി ചെയ്യുന്ന ‘ഫോറസ്റ്റ്ബ്ലൂ’ എന്ന അവരുടെ ഹോംസ്റ്റേ നീണ്ട ഇടവേളക്ക് ശേഷമാണിപ്പോൾ സജീവമാകുന്നത്. െഗസ്റ്റുകൾക്ക് ഭക്ഷണം ഒരുക്കുന്നതിൽ അയാൾക്ക് വലിയ സന്തോഷമാണ്.
ഭാര്യയും അയാൾക്കൊപ്പം ചേർന്നുനിൽക്കുന്നു. ഗസ്റ്റിന് ഒരുക്കിയ ഭക്ഷണത്തിന്റെ ബാക്കി കഴിക്കാൻ അവരൊക്കെ കാത്തിരിക്കാറുണ്ട്. എന്നാൽ, അതിഥികൾക്കായി വീടൊഴിഞ്ഞ് കൊടുത്തിട്ട് ഔട്ട്ഹൗസിലെ പരിമിതമായ സൗകര്യങ്ങളിലേക്ക് മാറുവാൻ മക്കളായ സുജക്കും പ്രിയക്കും ഇളയകുട്ടിക്കും ഒട്ടും ഇഷ്ടമല്ല. എങ്കിലും, അമ്മക്കൊപ്പം ക്ലീനിങ് ജോലികളിൽ അവരും സഹായികളായുണ്ട്. ലോ കോളജിൽ അവസാന വർഷ എൽഎൽ.ബിക്ക് പഠിക്കുമ്പോൾ പ്രൈവറ്റ് ഹോസ്റ്റലിൽവെച്ചുണ്ടായ ഒരു അസാധാരണ സംഭവമാണ് പ്രിയയുടെ പഠനം താറുമാറാക്കിയത്.
ഹോസ്റ്റൽ ഇന്നും അവൾക്കൊരു പേടിസ്വപ്നമാണ്. എസ്റ്റേറ്റ് ഉടമയായ ഇന്ദ്രഭാനു കർത്താ തന്റെ സഹായിയായിരുന്ന പ്രിയയുടെ അച്ഛന് വാക്കാൽ നൽകിയതാണ് ആ ഹോംസ്റ്റേ. ഹോംസ്റ്റേയിലെ അതിഥികൾക്കൊപ്പം പുതിയതായി താമസിക്കാനെത്തുന്ന അഡ്വ. ജയിൻ തോമസിന്റെ കടന്നുവരവോടെയാണ് കഥ മറ്റൊരുതലത്തിലേക്ക് നീങ്ങുന്നത്. ആരാണ് ജയിൻ തോമസ്? അയാളെ കണ്ടപ്പോൾ പേടിച്ചരണ്ട് പുതപ്പിനുള്ളിൽ അഭയം തേടുന്നു പ്രിയ. താമസിക്കാനെത്തിയവരുടെ യഥാർഥ ഉദ്ദേശ്യം തിരിച്ചറിയുന്നതോടെ ഉലഞ്ഞുപോകുന്ന കുടുംബം.
സന്ദർശകരോട് വീടിന്റെ ഉടമസ്ഥാവകാശത്തേക്കുറിച്ച് തർക്കിക്കുന്ന സുജ. തീൻമേശയിൽ സന്ദർശകർക്കായി അവശേഷിക്കുന്ന ഭക്ഷണ വിഭവങ്ങൾ. ഒരിക്കൽ മുന്നിൽ വിളമ്പിക്കിട്ടിയത് തിന്നു തീർക്കാതെ ബാക്കിെവച്ചാലോ... വീണ്ടും അതിനോട് കൊതിതോന്നിയാലോ... പ്രിയയിലെന്തോ പറയാൻ ബാക്കി വെച്ചിട്ടുണ്ട് കഥാകൃത്ത്. വായനക്കാർ ആ സമസ്യപൂർത്തീകരിക്കട്ടെ... ആഖ്യാനഭംഗിയിലും പ്രമേയ പരിചരണത്തിലും മികവുപുലർത്തുന്ന കഥ.
അനിൽ സി. പള്ളിക്കൽ
ഭരണകൂട വേട്ടക്ക് സമര യുവത്വത്തെ വിട്ടുകൊടുക്കരുത്
ആഴ്ചപ്പതിപ്പിൽ (ലക്കം 1484) ഡൽഹിയിൽ നടന്ന ജെൻസി സമരവുമായി ബന്ധപ്പെട്ട ലേഖനങ്ങൾ വായിച്ചു. ഡൽഹിയിൽ പ്രതിപക്ഷ, യുവജന പ്രസ്ഥാനങ്ങളും രാഹുൽ ഗാന്ധിയുമുൾപ്പെടെ നേതാക്കൾ ചേർന്നു നടത്തിയ മുന്നേറ്റം ബി.ജെ.പി സർക്കാറിന്‍റെ അക്ഷരാർഥത്തിൽ പിടിച്ചുകുലുക്കുന്ന ഒന്നായി എന്നതിൽ തർക്കമില്ല. നീറ്റ് പരീക്ഷ നടത്തിപ്പിലെ ക്രമക്കേടിനെ തുടർന്ന് നിരവധി വിദ്യാർഥികളാണ് ആത്മഹത്യ ചെയ്തത്. നിരവധി പേരുടെ ഭാവി തുലാസിലാവുകയും ചെയ്തു. ഇതിനെതിരെ നടന്ന മുന്നേറ്റം യഥാർഥത്തിൽ സർക്കാറിന്‍റെ മുതുകത്തടിച്ച ആണിപോലെയായി. ഇത്ര ശക്തമായൊരു സമരം ഇതുവരെയായി ബി.ജെ.പി സർക്കാറിന് നേരിടേണ്ടി വന്നിട്ടില്ല.
ഹിന്ദുമതത്തിലെ മനുസ്മൃതി, ആർ.എസ്.എസ് തത്ത്വം എന്നിവ അനുസരിച്ച് ഭരിക്കുന്ന ബി.ജെ.പി സർക്കാർ ഭരണഘടനയിലെ ഉയർന്ന മൂല്യങ്ങൾ വെല്ലുവിളിക്കുകയാണ്. ദലിതുകൾ, ആദിവാസികൾ, മുസ്ലിംകൾ മറ്റ് ന്യൂനപക്ഷങ്ങളെല്ലാം ഇന്ന് വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്. ബി.ജെ.പി എവിടെയെല്ലാം ഒറ്റക്ക് ഭരിക്കുന്നുവോ അവിടങ്ങളിലെല്ലാം അവശജനങ്ങൾ കഷ്ടത നേരിടുന്നു.
മമത ബാനർജിയുടെ നേതൃത്വത്തിൽ വലിയ കുഴപ്പമില്ലാതെ ഭരണം നടന്നിരുന്ന ബംഗാളിൽ തെരഞ്ഞെടുപ്പ് തട്ടിപ്പിലൂടെ അധികാരത്തിലെത്തിയ ബി.ജെ.പി സർക്കാർ അവിടെ പ്രശ്നങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. നേരത്തേ കർഷകരുടെ നേതൃത്വത്തിൽ വലിയ സമരത്തിലൂടെ സർക്കാറിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഭരണഘടന ഉയർത്തിപ്പിടിച്ച് സമരംചെയ്യുന്ന സംഘടന നേതാക്കളെ ബി.ജെ.പി നേതൃത്വം പ്രഫഷനൽ രീതിയിൽ അടിച്ചമർത്താനാണ് ശ്രമിക്കുന്നത്. ഇതിനെതിരെ ജനാധിപത്യ-മതേതര വിശ്വാസികൾ ഒന്നിച്ചിറങ്ങണം. സാധാരണക്കാർക്ക് ജീവിക്കാൻ കഴിയുന്ന സാഹചര്യം ഇന്ത്യയിൽ ഉണ്ടാവേണ്ടതുണ്ട്. ജെൻസി സമരം അതിന്‍റെ ആദ്യപടിയായി കണ്ട് വരുംനാളുകളിൽ ഫാഷിസ്റ്റ് ഭരണകൂട ഭീകരതയെ ഒന്നിച്ചുനേരിടാൻ ഒാരോരുത്തരും തങ്ങളാലാവുംവിധം ചെയ്യണം.
ആർ. ദിലീപ്, ശ്രീവിഹാർ മുതുകുളം
സാഡിസ്റ്റുകളുടെ ആവാസസ്ഥലിയായോ ലോകം?
വംശീയവെറിയുടെയും അധിനിവേശ മോഹങ്ങളുടെയും പേരില്‍ മാത്രമല്ല, ലൈംഗിക ചൂഷണങ്ങള്‍ക്ക് വിധേയമായും ഇന്ന് ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്ന കുട്ടികൾക്കുവേണ്ടി പത്രാധിപര്‍ കുറിച്ചിട്ടിരിക്കുന്ന ‘കുഞ്ഞുങ്ങള്‍ക്കുവേണ്ടി ഒരു നിമിഷം’ എന്ന തുടക്കം ഇരുത്തിച്ചിന്തിപ്പിക്കുന്നു (ലക്കം 1479). ഇത് വായിച്ചുകഴിഞ്ഞ് ദിവസങ്ങൾക്കുശേഷം ബംഗളൂരുവിൽനിന്ന് റിപ്പോർട്ടു ചെയ്യപ്പെട്ട ‘ഡേ കെയര്‍ സെന്‍ററില്‍ കുഞ്ഞുങ്ങളെ വാഷിങ് മെഷീനിലിട്ട് കൊടുംക്രൂരത’ എന്ന ബൈലൈന്‍ പത്രവാര്‍ത്തകൂടി കണ്ടപ്പോള്‍ ഇത്രക്കും ക്രൂരരാണോ മനുഷ്യര്‍ എന്നാലോചിച്ച് മൂക്കത്ത് വിരല്‍ വെച്ചുപോയി.
സാഡിസ്റ്റുകളുടെ ആവാസസ്ഥലിയായി ഈ ലോകം മാറുകയാണോ? നമ്മുടെ കവിതകളിലും കഥകളിലുമൊക്കെ കുഞ്ഞുങ്ങളെ ഈശ്വരന്‍റെ പ്രതീകങ്ങളായും വാനമ്പാടികളും ചിത്രശലഭങ്ങളും നിഷ്കളങ്കതയുടെ കാണപ്പെട്ട അടയാളങ്ങളുമായാണ് അവതരിപ്പിച്ചു കാണാറ്. എന്നാല്‍, യഥാർഥത്തിൽ സംഭവിക്കുന്നതോ വിശ്വസിക്കാനാവാത്ത കാര്യങ്ങളും. അതിന്‍റെ യഥാർഥ ചിത്രമായ പത്രാധിപരുടെ ‘തുടക്ക’ത്തിനോട് ഞാൻ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.
സണ്ണി ജോസഫ്, മാള
കാർട്ടൂണുകളെ വംശീയ സ്വാർഥത്തിനായി ഉപയോഗിക്കുന്നത് കഷ്ടം
മീഡിയാസ്കാനിൽ (ലക്കം 1475) ആഫ്റ്റൻ പോസ്റ്റൻ എന്ന നോർവീജിയൻ പത്രം പ്രസിദ്ധീകരിച്ച വംശീയ കാർട്ടൂണിനെക്കുറിച്ച് യാസീൻ അശ്റഫ് എഴുതിയത് വായിച്ചു. വായനക്കാർക്ക് ചിരിക്കാനും ചിന്തിക്കാനും അവസരം കൊടുക്കുന്ന ഒന്നാണ് കാർട്ടൂൺ. പക്ഷേ, കാർട്ടൂണുകളെ പടിഞ്ഞാറൻ സങ്കുചിത മാധ്യമ മനസ്സുകൾ വംശീയ സ്വാർഥത്തിനായി ഇപ്പോഴും ഉപയോഗിക്കുന്നുവെന്നത് കഷ്ടംതന്നെ.
സാമ്പ്രദായിക സാമ്രാജ്യത്വമെല്ലാം കുറ്റിയറ്റുപോയിട്ടു കാലം കുറച്ചായെങ്കിലും വംശവെറി ഇനിയും അസ്തമിച്ചിട്ടില്ല എന്ന് ഈ വംശീയ കാർട്ടൂൺ വെളിവാക്കുന്നു. വായനക്കാരെ വഴിതെറ്റിക്കുന്നതും വെള്ളക്കാരല്ലാത്തവരെ കരുതിക്കൂട്ടി കറുപ്പിക്കുന്നതുമായ ഇത്തരം പാശ്ചാത്യ മാധ്യമ ശൈലി ഒട്ടും ശരിയല്ല, കടുത്ത മനുഷ്യാവകാശ ലംഘനവുമാണ്. ഈ ദുസ്സാമർഥ്യത്തിനെതിരെ ലോക മനഃസാക്ഷി ശക്തമായി പ്രതികരിക്കേണ്ടതുണ്ട്.
ടി.ഐ. ലാലു, പഴമുക്ക് തൃശൂർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.