എഴുത്തുകുത്ത്
എ.ഐ കാലത്ത് സംവിധായകന്റെ സ്ഥാനം ചുരുങ്ങുന്നില്ല
പി.കെ. സുരേന്ദ്രൻ നയിച്ച് റാസി മുഹമ്മദ്, കൃഷാന്ത്, ഹാഷിർ ചില്ലിടത്ത് എന്നിവർ പങ്കെടുത്ത ‘സിനിമയിൽനിന്ന് സംവിധായകൻ പുറത്താക്കപ്പെടുമോ?’ എന്ന സംവാദം (ലക്കം 1490) ഗൗരവമുള്ളതാണ്. നിർമിതബുദ്ധി (Artificial Intelligence) സിനിമയുടെ സൃഷ്ടിപ്രക്രിയയിലേക്ക് അതിവേഗം കടന്നുവന്നുകൊണ്ടിരിക്കുന്ന ഒരു കാലമാണിത്. കഥയുടെ രൂപരേഖ തയാറാക്കാനും തിരക്കഥ വികസിപ്പിക്കാനും കഥാപാത്രങ്ങളെ സൃഷ്ടിക്കാനും ദൃശ്യങ്ങൾ രൂപപ്പെടുത്താനും സംഗീതവും ശബ്ദവും നിർമിക്കാനും വരെ നിർമിതബുദ്ധി ഇന്ന് സഹായകമാണ്. ഒരു കാലത്ത് സിനിമയുടെ സൃഷ്ടിക്ക് ആവശ്യമായിരുന്ന മനുഷ്യരുടെ വലിയൊരു സംഘപ്രവർത്തനത്തിന്റെ കുറെ ഭാഗങ്ങൾ യന്ത്രങ്ങൾക്ക് ഏറ്റെടുക്കാൻ കഴിയുന്ന സാഹചര്യവും ഇന്ന് കൈവന്നിരിക്കുന്നു. ഇതോടെ സ്വാഭാവികമായും ഒരു സംശയം നമ്മുടെ മനസ്സിലുയരും: സിനിമ സൃഷ്ടിക്കാൻ ഇത്രയും ശേഷിയുള്ള യന്ത്രങ്ങൾ മുന്നിലെത്തുമ്പോൾ സംവിധായകന് ഇനി എന്ത് പ്രസക്തിയാണുള്ളതെന്ന്.
എന്നാൽ, സിനിമ സാങ്കേതികവിദ്യയുടെ മാത്രം ഉൽപന്നമല്ല എന്നതാണ് സത്യം. അത് മനുഷ്യന്റെ അനുഭവങ്ങളുടെയും സ്വപ്നങ്ങളുടെയും സംഘർഷങ്ങളുടെയും വികാരങ്ങളുടെയും കലാപരമായ ആവിഷ്കാരമാണ്. അതുകൊണ്ടുതന്നെ എ.െഎയുടെ വളർച്ച സംവിധായകന്റെ പ്രസക്തി ഇല്ലാതാക്കുന്നതിനു പകരം അദ്ദേഹത്തിന്റെ ഉത്തരവാദിത്തത്തെ കൂടുതൽ സങ്കീർണമാക്കുകയാണ് ചെയ്യുന്നത്.
എ.ഐക്ക് ആയിരക്കണക്കിന് ദൃശ്യസാധ്യതകൾ മുന്നോട്ടുവെക്കാൻ കഴിഞ്ഞേക്കാം; പക്ഷേ അവയിൽ ഏതാണ് മനുഷ്യന്റെ ഹൃദയത്തെ സ്പർശിക്കുക എന്ന് തീരുമാനിക്കുന്നത് സംവിധായകന്റെ കലാബോധമാണ്. ഒരു കഥാപാത്രം എപ്പോൾ മൗനത്തിലാകണം, ഒരു ദൃശ്യം എവിടെ അവസാനിക്കണം, ഒരു മുഖഭാവത്തിന് എത്ര നേരം സ്ക്രീനിൽ ഇടം നൽകണം, പ്രേക്ഷകന്റെ മനസ്സിൽ ഏത് വികാരം ഉണർത്തണം –ഇത്തരം തീരുമാനങ്ങൾക്ക് പിന്നിൽ ജീവിതത്തെ നിരീക്ഷിച്ചും അനുഭവിച്ചും നേടിയ മനുഷ്യബോധമുണ്ട്. എ.ഐക്ക് വിവരങ്ങളെ കൂട്ടിച്ചേർക്കാനും മാതൃകകൾ തിരിച്ചറിയാനും കഴിയും; എന്നാൽ ഒരു മനുഷ്യന്റെ വേദനയെ മറ്റൊരു മനുഷ്യന്റെ വേദനയായി തിരിച്ചറിയുന്ന അനുഭൂതിയുടെ ആഴം അതിന് സ്വതന്ത്രമായി ഉണ്ടോ എന്നത് ഇന്നും വലിയ ചോദ്യമാണ്. അതിനാൽ ഭാവിയിലെ സംവിധായകൻ എ.ഐയോട് മത്സരിക്കുന്ന ഒരാളായിരിക്കില്ല; മറിച്ച് എ.ഐയെ ഒരു ശക്തമായ സൃഷ്ടിസഹായിയാക്കി മാറ്റുന്ന ഒരാളായിരിക്കും. യന്ത്രത്തിന്റെ വേഗവും മനുഷ്യന്റെ ഭാവനയും ഒന്നിച്ചുചേരുമ്പോഴാണ് പുതിയ സിനിമാഭാഷകൾ പിറക്കുക.
അതുകൊണ്ട് എ.ഐ കാലഘട്ടത്തിൽ സംവിധായകന്റെ സ്ഥാനം ചുരുങ്ങുകയല്ല, മറിച്ച് ‘സാങ്കേതിക നിയന്ത്രകൻ’ എന്നതിൽനിന്ന് ‘അർഥത്തിന്റെ ശിൽപി’ എന്ന നിലയിലേക്ക് മാറുകയാണ്. എന്ത് പറയണം എന്നതിനേക്കാൾ എന്തുകൊണ്ട് പറയണം, എങ്ങനെ പറയണം, ആരുടെ ജീവിതമാണ് പറയപ്പെടാതെ പോകുന്നത് എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ഇനി സംവിധായകന്റെ മുന്നിലുള്ളത്. സാങ്കേതികമായി കുറ്റമറ്റ ഒരു സിനിമ നിർമിക്കാൻ എ.ഐ സഹായിച്ചേക്കാം; എന്നാൽ, ആ സിനിമക്ക് ഒരു ആത്മാവും നിലപാടും മനുഷ്യസ്പർശവും നൽകേണ്ടത് സംവിധായകനാണ്. ഭാവിയിലെ മികച്ച സംവിധായകൻ ഏറ്റവും കൂടുതൽ എ.ഐ ഉപകരണങ്ങൾ ഉപയോഗിക്കുന്നയാൾ ആയിരിക്കണമെന്നില്ല; മറിച്ച് യന്ത്രം സൃഷ്ടിച്ച അനന്തമായ സാധ്യതകളിൽനിന്ന് മനുഷ്യന് പ്രസക്തമായ ഒരു സത്യം കണ്ടെത്താൻ കഴിയുന്നയാളായിരിക്കും. ചുരുക്കി പറഞ്ഞാൽ എ.ഐ സിനിമയെ മാറ്റിയേക്കാം; പക്ഷേ സിനിമക്ക് അർഥം നൽകുന്ന മനുഷ്യദൃഷ്ടിയുടെ ആവശ്യം അതിലൂടെ അവസാനിക്കുകയില്ല.
കിഴുമുണ്ടയൂർ നാരായണൻ, പേരാമംഗലം
ദുരന്ത മാധ്യമപ്രവർത്തനമാണ് നടപ്പു മാധ്യമദീനം
‘മീഡിയാസ്കാനി’ൽ യാസീൻ അശ്റഫ് എഴുതിയ ‘കൊണ്ടാലറിയില്ല, കണ്ടാലറിയും’ (ലക്കം 1489) എന്ന കുറിപ്പ് വായിച്ചു. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ടു ചെയ്യാൻ മാധ്യമങ്ങൾ താൽപപര്യപ്പെടുന്നില്ല. അതേസമയം കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച വാർത്തകളിൽ വായനക്കാർക്കു താൽപര്യമൊന്നും കുറഞ്ഞിട്ടില്ല. റോയിട്ടേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സ്റ്റഡി ഓഫ് ജേണലിസം അടുത്തിടെ നടത്തിയ വിശകലനം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന ആഘാതത്തിന്റെ ഊക്ക് എത്ര ശക്തമാണെന്നു മാധ്യമ ലോകം പറഞ്ഞുതരുന്നില്ല. ദുരന്തമാധ്യമ പ്രവർത്തനം (Disaster journalism) ആണ് നടപ്പു മാധ്യമദീനം. നേപ്പാൾ ദുരന്തം ഇതിനു ചെറിയൊരു മാറ്റം സൃഷ്ടിച്ചു. വളരെ നല്ല കാര്യം. കാലാവസ്ഥ ദുരന്തംപോലുള്ള വിഷയങ്ങളിൽ സ്ഥിരമായി ശ്രദ്ധവെക്കുന്നത് മാധ്യമധാർമികതയുടെ ഉത്തമ മാതൃകാ പ്രകടനമാകും. ഒപ്പം മാധ്യമങ്ങളുടെ ഈ വിഷയത്തിലെ ഓരോ അവഗണനക്കും വായനക്കാർ ജാഗ്രതകൊണ്ടു മറുപടി പറയേണ്ടതുമുണ്ട്.
ടി.ഐ. ലാലു, പഴമുക്ക് തൃശൂർ
വായനക്കാരോട് അടുപ്പം: ‘മാധ്യമം’ തന്നെ മുന്നിൽ
ആഴ്ചപ്പതിപ്പ് കിട്ടിയാൽ ആദ്യം നോക്കുന്നതും വായിക്കുന്നതും ‘എഴുത്തുകുത്ത്’ പംക്തിയാണ്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അർഹമായ പരിഗണന മിക്ക ആഴ്ചപ്പതിപ്പുകളും കൊടുക്കാറുണ്ട്. എഴുത്തുകാരും വായനക്കാരുമാണല്ലോ എല്ലാ മാധ്യമങ്ങളെയും നിലനിർത്തുന്നത്. അതുകൊണ്ട് വായനക്കാർക്ക് മാന്യമായ പരിഗണന നൽകേണ്ടത് അനിവാര്യമാണുതാനും. മാധ്യമം ആഴ്ചപ്പതിപ്പ് ഈ വിഷയത്തിൽ മുൻപന്തിയിൽ നിൽക്കുന്നു എന്നുപറയാൻ ഏറെ സന്തോഷമുണ്ട്. മിക്കവാറും എല്ലാ ആഴ്ചപ്പതിപ്പുകളും മാസികകളും വായനക്കാരുടെ കത്തുകൾക്ക് പ്രഥമ സ്ഥാനം നൽകുന്നത് അഭിനന്ദനാർഹമാണ്. ആദ്യ പേജിൽതന്നെ എഴുത്തുകാരോടൊപ്പം വായനക്കാരെയും പ്രാധാന്യം നൽകി നിലനിർത്തുന്നതിൽ മുഖ്യ ആഴ്ചപ്പതിപ്പുകളും മാസികകളും തമ്മിലൊരു മത്സരംതന്നെ കാണുന്നതും ശ്രദ്ധേയമാണ്.
വായനക്കാരില്ലെങ്കിൽ എഴുത്തുകാരുമുണ്ടാവില്ലല്ലോ? എഴുത്തുതന്നെ മുഖ്യം എന്ന് സമ്മതിക്കുന്നതോടൊപ്പം വായനയും അതിലേറെതന്നെ മുഖ്യമാണ് എന്നാണ് നേര്. എഴുത്തുകാരും വായനക്കാരും തമ്മിലുള്ള ഈ ബന്ധം എന്നും നിലനിൽക്കുമെന്ന് കരുതുന്നു. കാരണം, വായനക്കാരില്ലെങ്കിൽ മാധ്യമങ്ങൾക്ക് നിലനിൽപില്ലല്ലോ. അതുകൊണ്ട് ഒരു രചന വായിച്ച് അതേക്കുറിച്ച് എഴുതുന്ന കത്തുകൾ ആസ്വാദനവും അതോടൊപ്പം എഴുത്തിന്റെ ഗുണദോഷങ്ങൾ വിചിന്തനം ചെയ്യുന്ന നിരൂപണങ്ങളുമാണ്. കത്തെഴുതുന്നവർ നിരൂപകനും വിമർശകനുമാണ്.
എന്നാൽ, എഴുത്തുകാരെ വേദനിപ്പിക്കുന്ന രീതിയിലുള്ള നിരൂപണങ്ങളോ വിമർശനങ്ങളോ കത്തെഴുതുന്നവർ നടത്താറുമില്ല. കാരണം, പ്രസിദ്ധീകരണങ്ങളുടെയും എഴുത്തുകാരുടെയും വായനക്കാരുടെയും നിലനിൽപാണ് ഏറെ പ്രാധാന്യമർഹിക്കുന്നത്. എഴുത്തുകാർക്കും ചിലപ്പോൾ തെറ്റ് പറ്റാവുന്നതാണല്ലോ. അതു ചൂണ്ടിക്കാണിക്കേണ്ടത് കത്തെഴുതുന്നവരുടെ കർത്തവ്യവുമാണ്. എഴുത്തുകാരെ പോലെ സാഹിത്യപരിചയവും വായനാ അറിവും നന്നായുള്ളവരാണ് കത്തെഴുത്തുകാർ. അതുകൊണ്ട് ജനാധിപത്യത്തിന്റെയും എഴുത്തിന്റെയും നിലനിൽപിന് ഈ രണ്ട് ഘടകങ്ങളും അനിവാര്യമാണെന്നതിൽ സംശയമില്ല. എഴുത്തുകാരുമായുള്ള ബന്ധം നിലനിർത്തുന്നതിൽ മാധ്യമം ആഴ്ചപ്പതിപ്പ് ഏറെ മുന്നിലാണെന്നത് ഏറെ സന്തോഷം നൽകുന്ന വസ്തുതയാണ്. കൂടുതൽ ആത്മാർഥതയോടെ കൂടുതൽ വായനക്കാരിലേക്ക് ഈ പ്രസിദ്ധീകരണം എത്തട്ടെ എന്നാശംസിച്ചു നിർത്തുന്നു.
സദാശിവൻ നായർ, എരമല്ലൂർ
മനസ്സിൽ ആഴത്തിൽ പതിഞ്ഞ കവിത
ആഴ്ചപ്പതിപ്പിൽ സാബ്ലൂ തോമസ് എഴുതിയ കവിത ‘നാം ഒരു ബോൺസായ് പൂന്തോട്ടം’ (ലക്കം 1490) വായിച്ചു. നല്ല കവിത. ഒരുപാട് ഇഷ്ടപ്പെട്ടു. ജീവനില്ലാത്ത മുറികൾ, അതിലെ ജീവനില്ലാത്ത ഉപകരണങ്ങൾ, വളർച്ചയുടെ കടയ്ക്കൽ കത്തിവെച്ച് വളർച്ച മുരടിപ്പിക്കുന്ന പ്രവർത്തനങ്ങൾ, ഇതിന്റെയെല്ലാം പഴി മറ്റുള്ളവരുടെ മേലിട്ട് വിശുദ്ധ കവചത്തിലൊളിക്കുന്ന പുതിയകാല ജന്മങ്ങൾ, പഴിക്കാനും ശപിക്കാനും മാത്രം വിധിക്കപ്പെട്ടവർ. മതിലിനപ്പുറമുള്ളവരെല്ലാം നമുക്ക് അന്യരും പരദേശികളുമല്ലേ.
സ്വന്തം കുഞ്ഞുമതിലുകൾക്കപ്പുറമുള്ള ഏവരെയും അന്യരും പരദേശികളുമായി കണ്ട് പഴിക്കാനും ശപിക്കാനും മാത്രം പരിശീലിച്ച പുതിയകാല ജന്മങ്ങളുടെ പൊള്ളത്തരങ്ങളെയാണ് കവിതയിൽ വിചാരണ ചെയ്യുന്നത്. ഉള്ളിൽ ചിന്തകളുടെ തീപ്പൊരിയിടുന്ന, ഏറെക്കാലം നീറിപ്പുകയുന്ന മനോഹരമായ ഒരു സർഗസൃഷ്ടി.
ശാന്താ ജോൺ, പാപ്പനംകോട്
ഇരുളേ നടുവാമരുളേ
ചരിത്രശേഷിപ്പുകൾ തിരഞ്ഞെത്തുന്ന പുതിയ തലമുറ. നായകന്റെ പങ്കാളിയായിരുന്ന സത്യവതിയിലൂടെ ഭൂതകാല അലച്ചിലുകളിലേക്കും അസാധാരണമായ ഭയങ്ങളിലേക്കും തിരികെ നടത്തുന്നു മാധ്യമം വാർഷികപ്പതിപ്പിൽ വന്ന ഫർസാനയുടെ കഥ ‘ഇരുളേ നടുവാമരുളേ...’ അവിടെനിന്ന്, കടലെടുത്തുപോയ മനുഷ്യരുടെയും തീവണ്ടിയുടെയും ദുരന്തഭൂമിയിലേക്കാണ് കഥ വികസിക്കുന്നത്. ഫർസാനയുടെ മുൻ കഥകളിൽനിന്ന് വ്യത്യസ്തമായി ആന്തരിക തളർച്ചകൾക്കും ദൃശ്യാത്മകതക്കും പ്രാധാന്യം നൽകുന്ന ഭാഷാശൈലിയാണ് എഴുത്തുകാരി ഇതിൽ സ്വീകരിച്ചിരിക്കുന്നത്. കടലും തീവണ്ടിബോഗിയും പശ്ചാത്തലമാകുന്ന വിശാലമായ കഥാഘടന തികച്ചും പുതിയൊരു ആഖ്യാനപരിസരം സൃഷ്ടിച്ചെടുക്കുന്നു.
അബ്ദുൽ വാഹിദ് തവളേങ്ങൽ (ഫേസ്ബുക്ക്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.