എഴുത്തുകുത്ത്

കുടുംബത്തിലും ജനാധിപത്യം വരട്ടെ

‘അടുക്കള പുതുക്കി പണിയേണ്ടതുണ്ടോ‍?’ എന്ന ചോദ്യവുമായി ഡോ. കെ.പി. രാജേഷ് എഴുതിയ ലേഖനം വായിച്ചു. പൊതുവിൽ മികച്ചതെന്നോ ഗംഭീരമെന്നോ പറയാമെങ്കിലും ഇതിലെ അടിസ്ഥാന പ്രശ്നങ്ങളൊന്നും അദ്ദേഹം അഡ്രസ് ചെയ്തില്ല എന്ന വിമർശനമുണ്ട്. അടുക്കള ജനാധിപത്യവത്കരിക്കുക എന്ന് പറയുമ്പോൾ നമ്മുടെ കുടുംബങ്ങൾ ജനാധിപത്യവത്കരിക്കപ്പെട്ടിട്ടില്ല എന്നതിന്റെ ഭാഗമായിട്ടാണ് അതിനെ കാണേണ്ടത്.

സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്രയായിട്ടും ജനാധിപത്യം ഒരു അടവ് നയത്തിനപ്പുറം നമ്മുടെ ഒരു ജീവിതദർശനമായി ഒരു ഇന്ത്യക്കാരനും ജനാധിപത്യത്തെ എടുത്തിട്ടില്ല. പൊതുവിൽ നമ്മുടെ ജനാധിപത്യവിരുദ്ധ സമീപനത്തിന്‍റെകൂടി ഭാഗമായി നിലനിൽക്കുന്ന പുരുഷാധിപത്യത്തിന്‍റെ ഭാഗമായിട്ടുകൂടി നമ്മുടെ അടുക്കളയെ നോക്കിക്കാണേണ്ടതുണ്ട്.

അമ്മായിയമ്മ-മരുമകൾ പോരിനെപോലും അടുക്കളയിലെ ഈയൊരു അധികാര മേൽ-കീഴ് ബന്ധത്തിന്‍റെ അടിസ്ഥാനത്തിൽ വിലയിരുത്തേണ്ടതുണ്ട്. സ്ത്രീക്ക് അധികാരമുള്ള ഒരേയൊരു ഇടം അടുക്കളയാണ്. അതിലേക്ക് പുതിയൊരാൾ വരുമ്പോൾ അവിടെ അധികാര തർക്കം ഉണ്ടാകുന്നതാണ് അമ്മായിയമ്മ-മരുമകൾ പോരിന്‍റെ ഒരു അടിസ്ഥാനം എന്ന് മൈത്രേയൻ വിലയിരുത്തുന്നു.

അടുക്കള ജനാധിപത്യവത്കരിക്കുക എന്ന് പറയുന്നത് നമ്മുടെ ജീവിത ദർശനമായി ജനാധിപത്യത്തെ എടുക്കുന്നതിനു ശേഷം സംഭവിക്കുന്ന ഒന്നാണ്. കുടുംബം പുരുഷാധിപത്യത്തിന്‍റെ കേന്ദ്രമാണെന്നും ജനാധിപത്യ വിരുദ്ധ ഇടമാണെന്നും പറയുമ്പോൾ കുടുംബം പിരിച്ചുവിടണം എന്ന് നവ ഫെമിനിസ്റ്റുകൾ പറയാറുണ്ട്.

എന്നാൽ, ഇന്ത്യയിൽ സവർണ കുടുംബങ്ങൾ പിരിച്ചുവിട്ടാൽ ഒന്നും സംഭവിക്കില്ല, പകരം ഗുണങ്ങളായിരിക്കുമുണ്ടാവുക. സവർണർക്ക് അനുകൂലമായ ഒരു സംവിധാനം ഇവിടെ നിലനിൽക്കുന്നതുകൊണ്ട് അവരെ സഹായിക്കാൻ പലതുമുണ്ടാകും. എന്നാൽ അവർണ സ്ത്രീകളെ സംബന്ധിച്ച് അവരുടെ കുടുംബമായിരിക്കും അവർക്ക് സഹായമായി കൂടെയുണ്ടാവുക.

ചെയ്യാത്ത തെറ്റിന്‍റെ പേരിലോ വിചാരണ ഇല്ലാതെയോ മുസ്‍ലിംകൾ ഉൾ​െപ്പടെ എത്രയോ പേർ ജയിലുകളിൽ കിടക്കുന്നുണ്ട്. അവർക്കെല്ലാം താങ്ങായി നിൽക്കുന്നത് അവരുടെ കുടുംബമാണ്. അപ്പോ കുടുംബം പിരിച്ചുവിട്ടാൽ ഇവരുടെയൊക്കെ അവസ്ഥ എന്താകുമെന്ന് ചിന്തിച്ച് നോക്കിയാൽ മതി. അപ്പോൾ കേവലമായി അടുക്കളയെ ജനാധിപത്യവത്കരിക്കുക എന്നതിനപ്പുറം കുടുംബത്തെ ജനാധിപത്യവത്കരിക്കുകയാണ് വേണ്ടത്.

അവർണ, ആദിവാസി, ദലിത്, ബഹുജൻ, മുസ്‍ലിം സമൂഹത്തെ സംബന്ധിച്ച് കുടുംബമാണ് അവർക്ക് ആണിയായി നിൽക്കുന്ന വലിയ ഘടകം. അതുകൊണ്ട് തന്നെ എല്ലാ കുടുംബങ്ങളും ഒരുപോലെ നമുക്ക് കാണാൻ പറ്റില്ല. കുടുംബം പിരിച്ചുവിടണം എന്ന് നവ ഫെമിനിസ്റ്റുകൾ പറയുന്നതിനെ നമ്മൾ ആ രീതിയിൽകൂടി നോക്കി കാണേണ്ടതുണ്ട്.

ക്ലാസ് കമ്യൂണിറ്റി പ്രിവിലേജ് ഉള്ളവർക്ക് മാത്രമേ കുടുംബം പിരിച്ചുവിട്ടാലും ഗുണങ്ങളുണ്ടാവുകയുള്ളൂ. നോൺ ക്ലാസ് അവർണ മുസ്‍ലിം കുടുംബത്തെ സംബന്ധിച്ച് കുടുംബമാണ് അവരുടെ നിലനിൽപിന്‍റെ ആധാരശില തന്നെ. അതുകൊണ്ട് തന്നെ ജനാധിപത്യവത്കരണം എന്നത് പൊതുവായി സംഭവിക്കേണ്ടുന്ന ഒന്നാണ്. അതു നമ്മുടെ ജീവിത ദർശനമായി മാറ്റേണ്ടുന്ന ഒന്നുമാണ്. അങ്ങനെ ജീവിതദർശനമായി ജനാധിപത്യം മാറുമ്പോൾ കുടുംബങ്ങളും അടുക്കളയുമെല്ലാം ജനാധിപത്യവത്കരിക്കപ്പെടും.

പ്രതീഷ് ബി (യുക്തിവാദി, ആന്റി ഇസ്‍ലാമോഫോബിയ ആക്ടിവിസ്റ്റ്)

വീടാകണം ജനാധിപത്യത്തിന്റെ ആദ്യ പാഠശാല

‘അടുക്കള: ലിംഗ (അ)സമത്വ മനോനിലയുടെ ചരിത്രപരത’ എന്ന ഡോ. കെ.പി. രാജേഷിന്റെ ലേഖനം (ലക്കം 1485) വായിച്ചു. ജനാധിപത്യം എന്നത് വോട്ടെടുപ്പ് ദിവസത്തിൽ മാത്രം ഓർമിക്കേണ്ട ഒരു വാക്കല്ല. പാർലമെന്റിലും നിയമസഭയിലും ഗ്രാമസഭയിലും മാത്രം കേൾക്കേണ്ട ശബ്ദവുമല്ല. മനുഷ്യൻ മറ്റൊരു മനുഷ്യനെ എങ്ങനെ കാണുന്നു, അവന്റെ സ്വാതന്ത്ര്യത്തെ എത്രമാത്രം മാനിക്കുന്നു, തീരുമാനങ്ങളിൽ അവന് എത്രമാത്രം ഇടം നൽകുന്നു എന്നതിലാണ് യഥാർഥ ജനാധിപത്യം ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ജനാധിപത്യത്തിന്റെ ആദ്യപാഠശാല വീടായിരിക്കണം. ആ പാഠശാലയിലെ ഏറ്റവും പ്രധാനപ്പെട്ട മുറി അടുക്കളയും.

നമ്മുടെ വീടുകളിൽ ജനാധിപത്യം പലപ്പോഴും സ്വീകരണമുറിയുടെ ചുവരിൽ തൂങ്ങുന്ന ഒരു മനോഹര ചിത്രം മാത്രമാണ്. പുറത്തേക്ക് നോക്കുമ്പോൾ എല്ലാവരും തുല്യർ. എന്നാൽ, അടുക്കള വാതിൽ കടന്നാൽ, ആ തുല്യത അപ്രത്യക്ഷമാകും. ഭക്ഷണം എല്ലാവരും കഴിക്കുന്നു; പക്ഷേ ഭക്ഷണം പാകംചെയ്യേണ്ടത് ആരാണ്? വീട് എല്ലാവരുടേതുമാണ്; പക്ഷേ വീട് വൃത്തിയാക്കേണ്ടത് ആരാണ്? കുട്ടികൾ മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്; എന്നാൽ അവരുടെ പഠനം, വസ്ത്രം, ഭക്ഷണം, രോഗം, സമയം... ഇവയെല്ലാം ആരുടെ അദൃശ്യ അധ്വാനത്തിലാണ് നിലനിൽക്കുന്നത്? ഇവിടെയാണ് നമ്മുടെ ജനാധിപത്യബോധത്തിന്റെ ഒരു വലിയ വൈരുധ്യം ഒളിച്ചിരിക്കുന്നത്.

പൊതുജീവിതത്തിൽ സ്ത്രീക്കും പുരുഷനും തുല്യ അവകാശം വേണമെന്ന് പറയുന്ന ഞാനടക്കമുള്ള സമൂഹം, സ്വന്തം വീട്ടിൽ പലപ്പോഴും അതിന്റെ പകുതിപോലും നടപ്പാക്കുന്നില്ല. പുരുഷൻ സമ്പാദിക്കുന്നതിനെ ‘ജോലി’ എന്നു വിളിക്കുകയും സ്ത്രീ ചെയ്യുന്ന വീട്ടുപണിയെ ‘കടമ’ എന്ന് വിളിക്കുകയും ചെയ്യുന്ന ഭാഷയിൽ തന്നെ അസമത്വത്തിന്റെ വിത്തുണ്ട്. അടുക്കളയിൽ ചെലവഴിക്കുന്ന മണിക്കൂറുകൾക്ക് ശമ്പളം ലഭിക്കാത്തതിനാൽ അതിന് മൂല്യമില്ലെന്ന ധാരണയും അതിൽനിന്നാണ് വളരുന്നത്.

അടുക്കള അതുകൊണ്ട് വെറും ഭക്ഷണം പാകംചെയ്യുന്ന ഇടമല്ല. അത് അധികാരബന്ധങ്ങളുടെ ഏറ്റവും പഴയ പരീക്ഷണശാലകളിലൊന്നാണ്. ജനാധിപത്യം അവകാശങ്ങൾ ആവശ്യപ്പെടാനുള്ള ശേഷി മാത്രമല്ല; ഉത്തരവാദിത്തങ്ങൾ പങ്കിടാനുള്ള മനസ്സുകൂടിയാണ്. ‘എനിക്ക് എന്താണ് ലഭിക്കുക?’ എന്ന ചോദ്യത്തോടൊപ്പം ‘ഞാൻ എന്താണ് ചെയ്യേണ്ടത്?’ എന്ന ചോദ്യവും ഉയരുമ്പോഴാണ് ജനാധിപത്യബോധം പൂർണമാകുന്നത്.

ഇവിടെ അടുക്കളക്ക് ഒരു പ്രത്യേക പ്രാധാന്യമുണ്ട്. കാരണം, ഭക്ഷണം മനുഷ്യന്റെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യമാണ്. ഒരാൾ ഭക്ഷണം പാകംചെയ്യുകയും മറ്റൊരാൾ ഭക്ഷണം കഴിക്കുകയും ചെയ്യുന്നിടത്ത് അധ്വാനവും ഉപഭോഗവും തമ്മിലുള്ള ബന്ധം ദിവസേന ആവർത്തിക്കപ്പെടുന്നു. ആ അധ്വാനം പങ്കിടാൻ പഠിക്കുന്ന കുട്ടി പിന്നീട് സമൂഹത്തിലെ മറ്റു അധ്വാനങ്ങളെയും ബഹുമാനിക്കാൻ പഠിക്കും. വീട്ടുജോലി ‘താഴ്ന്ന’ ജോലിയല്ലെന്ന് തിരിച്ചറിയുന്നവന് ശുചീകരണ തൊഴിലാളിയുടെ അധ്വാനത്തെയും അവഗണിക്കാൻ കഴിയില്ല. പരിചരണം ഒരു കടമ മാത്രമല്ല, സാമൂഹിക മൂല്യമാണെന്ന് മനസ്സിലാക്കുന്നവന് വയോധികരുടെയും രോഗികളുടെയും കുട്ടികളുടെയും ആവശ്യങ്ങൾ കൂടുതൽ മനുഷ്യസ്നേഹത്തോടെ കാണാൻ കഴിയും.

അതുകൊണ്ടുതന്നെ അടുക്കളയിൽ നടക്കുന്ന ചെറിയൊരു മാറ്റത്തിന് സമൂഹത്തിന്റെ വലിയൊരു മാറ്റവുമായി ബന്ധമുണ്ട്. ‘ആൺകുട്ടികൾ അടുക്കളയിൽ കയറരുത്’ എന്ന പഴയ വിലക്ക് തകർന്നുവീഴണം. ‘പെൺകുട്ടികൾ വീട്ടുപണി പഠിച്ചിരിക്കണം’ എന്ന ഉപദേശത്തോടൊപ്പം ‘ആൺകുട്ടികളും വീട്ടുപണി പഠിച്ചിരിക്കണം’ എന്ന വാചകവും സ്വാഭാവികമാകണം. പെൺകുട്ടിക്ക് സാമ്പത്തിക സ്വാതന്ത്ര്യം ആവശ്യമാണെന്നതുപോലെ ആൺകുട്ടിക്ക് പരിചരണത്തിന്റെ സംസ്കാരവും ആവശ്യമാണെന്ന് നാം മനസ്സിലാക്കണം.

ജനാധിപത്യത്തിന്റെ മഹത്തായ ആശയങ്ങൾ പലപ്പോഴും വളരെ ചെറിയ പ്രവൃത്തികളിലൂടെയാണ് ജീവിതത്തിലേക്ക് ഇറങ്ങിവരുന്നത്. ഭക്ഷണമേശയിൽ എല്ലാവരും ഒരുമിച്ച് ഇരിക്കുക. വീട്ടിലെ തീരുമാനങ്ങളിൽ കുട്ടികൾക്കും അഭിപ്രായം പറയാൻ അവസരം നൽകുക. വീട്ടുജോലികൾ ലിംഗത്തിന്റെ അടിസ്ഥാനത്തിൽ അല്ല, സമയത്തിന്റെയും കഴിവിന്റെയും അടിസ്ഥാനത്തിൽ പങ്കിടുക. ഒരാൾ ചെയ്യുന്ന അധ്വാനത്തിന് മറ്റൊരാൾ നന്ദി പറയുക. വിശ്രമിക്കാനുള്ള അവകാശം എല്ലാവർക്കും ഒരുപോലെ അംഗീകരിക്കുക.

ഇവയെല്ലാം ഭരണഘടന വായിക്കുന്നതുപോലെതന്നെ പ്രധാനപ്പെട്ട ജനാധിപത്യപാഠങ്ങളാണ്. ചുരുക്കത്തിൽ ജനാധിപത്യം പാർലമെന്റിൽ തുടങ്ങുന്നതല്ല; പലപ്പോഴും അത് ഒരു അടുക്കളയിലെ ചെറിയൊരു സംഭാഷണത്തിൽ തുടങ്ങുന്നു. ‘ഇന്ന് ഭക്ഷണം ആരാണ് ഉണ്ടാക്കുക?’ എന്ന ചോദ്യത്തിന് ‘അത് അമ്മയുടെ ജോലിയല്ലേ?’ എന്ന മറുപടിക്ക് പകരം ‘നമുക്ക് എല്ലാവർക്കും ചേർന്ന് ഭക്ഷണമുണ്ടാക്കാം’ എന്ന മറുപടി ഉയരുന്ന ദിവസം, ഒരു വീട്ടിൽ ജനാധിപത്യം ജനിക്കുന്നു.

അടുക്കളയെ സ്ത്രീയുടെ വിധിയെന്ന നിലയിൽ കാണുന്ന കാലം അവസാനിക്കേണ്ടിയിരിക്കുന്നു. അതിനെ മനുഷ്യരുടെ പങ്കാളിത്തത്തിന്റെ ഇടമാക്കി മാറ്റേണ്ട സമയം അതിക്രമിച്ചു. കാരണം ഒരു സമൂഹത്തിന്റെ ജനാധിപത്യബോധം അതിന്റെ നിയമപുസ്തകങ്ങളിൽ മാത്രം എഴുതപ്പെട്ടിരിക്കുന്നതല്ല; അത് ഓരോ വീട്ടിലെയും അടുക്കളയിലും, ഭക്ഷണമേശയിലും, ഓരോ ചെറിയ ഉത്തരവാദിത്വ പങ്കിടലിലും ദിവസവും എഴുതപ്പെടുകയാണ്. ജനാധിപത്യത്തിന്റെ ഭാവി ബാലറ്റ് പെട്ടിയിൽ അല്ല, അടുക്കളയിലെ ചെറിയ പാത്രത്തിലാണ് തിളച്ചുകൊണ്ടിരിക്കുന്നത്.

കിഴുമുണ്ടയൂർ നാരായണൻ, പേരാമംഗലം

വാക്കുകൾ വർണങ്ങളായും രൂപങ്ങളായും തെളിയുന്ന കഥ

രൂപഭദ്രമായ പദസമ്പന്നതയുടെ സമഗ്രതയും ലാളിത്യവും പേറുന്ന ഏതൊരു കഥയും സുഖകരമായ വായനാനുഭവത്തിന്റെ താക്കോലാണ്. അത്തരത്തിലുള്ള കഥകൾ രൂപശിൽപങ്ങളായി വായനാനന്തരവും വായനക്കാരനെ പിന്തുടർന്നുകൊണ്ടേയിരിക്കും. കഥയുടെ പശ്ചാത്തലം, കഥാപാത്രങ്ങൾ, അവർ വിഹരിക്കുന്ന ലാൻഡ്സ്‌കേപ് എന്നിവ കഥയുടെ, അതിൽ ജീവിക്കുന്ന മനുഷ്യരുടെ ശാരീരിക മാനസിക ഘടനയുമായി ചേർത്തുനിർമിക്കുക എന്നത് കഥാകാരന്റെ മികവിന്റെ സൂചകങ്ങളാണ്. ഇത്തരത്തിൽ, ഒരു കാൻവാസിൽ ചിത്രം വരക്കുന്ന രീതിയിൽ വാക്കുകൾ വർണങ്ങളായും രൂപങ്ങളായും തെളിമയാർന്ന് രൂപങ്ങളും രൂപഭേദങ്ങും കഥാഗതിയെ സമ്പന്നമാക്കുന്നു ഗായത്രിയുടെ ‘കുമ്പളവും അഞ്ചു ഇബിലീസുകളും’ (ലക്കം 1484) എന്ന കഥ.

പതിവ് ജീവിതശീലങ്ങളും നിത്യേനയുള്ള, മടുപ്പില്ലാതെ നീങ്ങുന്ന ദിനചര്യകളുമായി ഒരു കുന്നിൻ മുകളിലും അതിന്റെ താഴ്വാരത്തിലുമായി ഒരു ഘടികാരത്തിലെ ചലനവും ശബ്ദവുംപോലെ ക്രമമായി നീങ്ങിക്കൊണ്ടിരുന്ന ചില മനുഷ്യരുടെ ഇടയിൽ പെട്ടെന്ന് രണ്ടുപേർക്കിടയിൽ രൂപപ്പെട്ട അപതാളവും അതിന്റെ ഐറണിക്കലായ പരിണാമവും ഒരു ശരാശരി മനുഷ്യന്റെ നിലനിൽപിനെയും സ്വത്വബോധത്തെയും രൂപപ്പെടുത്തുന്ന സാമൂഹിക മനഃശാസ്ത്രത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ഐറണി, സിനിസിസം എന്നീ ഭാവങ്ങളിൽ ഒരു സന്ദർഭത്തിൽ കഥാഗതിയിൽ കടന്നുവരുന്ന ഘടകങ്ങൾ കഥാപാത്രങ്ങളുടെയും അവർ വിഹരിക്കുന്ന സാമൂഹിക ഘടനയുടെയും സ്വത്വബോധത്തിന്റെയും സ്വാഭാവിക ഉൽപന്നമായി അനുഭവേദ്യമാക്കുന്നതിൽ കഥാകാരൻ വിജയിച്ചു എന്ന് പറയാം.

റോബർട്ട്‌ ലോപ്പസ് തിരുവനന്തപുരം

Tags:    
News Summary - letters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.