എഴുത്തുകുത്ത്
വായിക്കുന്ന രാഷ്ട്രീയക്കാരനും വായിക്കാത്ത രാഷ്ട്രീയക്കാരനും
ഈ വർഷമിറങ്ങിയ ഓണപ്പതിപ്പുകളുടെ ഒരു പ്രത്യേകത അവയിൽ മിക്കതും വി.ഡി. സതീശനെന്ന വായനക്കാരനായ മുഖ്യമന്ത്രിയെക്കൊണ്ട് പേജുകൾ നിറച്ചു എന്നതാണ്. മാധ്യമം വാർഷികപ്പതിപ്പിൽ വി.ഡി. സതീശനുമായും സി.പി.എമ്മിന്‍റെ മുതിർന്ന നേതാവ് പി. ജയരാജനുമായും നടത്തിയ അഭിമുഖം വായിച്ച് മനസ്സു നിറഞ്ഞു. വായിക്കാത്ത, വായനയോട് വിമ്മിട്ടം തോന്നുന്ന രാഷ്ട്രീയക്കാർ നിറഞ്ഞ കേരളത്തിൽനിന്ന് വായനയെ ഇഷ്ടപ്പെടുകയും പുസ്തകങ്ങളെയും എഴുത്തുകാരെയും സുഹൃത്തുക്കളാക്കുകയും ചെയ്യുന്ന കേരളത്തിലെ മുഖ്യമന്ത്രിയെ വായിക്കുമ്പോൾ അഭിമാനവും സന്തോഷവും തോന്നുന്നു.
വായനയും ചിന്തയും ഇന്ത്യൻ രാഷ്ട്രീയത്തിന് അന്യമായിരുന്നില്ല. പരന്ന വായനയുടെയും ആഴമേറിയ ചിന്തയുടെയും ഉൽപന്നമാണ് ഇന്ത്യൻ രാഷ്ട്രീയം. നമ്മുടെ ദേശീയ നേതാക്കളെല്ലാം വിശാലമായ വായനയും അഗാധചിന്തയുമുള്ള ലോകത്തിലെതന്നെ മുൻനിരയിൽ നിൽക്കുന്ന ബുദ്ധിമാൻമാരും ചിന്തകന്മാരുമായിരുന്നു. അതുകൊണ്ടാണ് അവർക്ക് ബ്രിട്ടനെ കീഴ്പ്പെടുത്താനും ലോകത്തിൽതന്നെ വ്യത്യസ്ത കാഴ്ചപ്പാടുള്ള ജനാധിപത്യ, മതേതര രാഷ്ട്രം കെട്ടിപ്പടുക്കാനുമായത്.
പുസ്തകങ്ങളെ ഗുരുവായി കണ്ട വ്യക്തിയായിരുന്നു മഹാത്മാഗാന്ധി. ഒരിക്കൽ ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിൽനിന്നും ധർബനിലേക്കുള്ള ട്രെയിൻ യാത്രയിൽ ഒരു സുഹൃത്ത് നൽകിയ ജോൺ റസ്കിന്റെ ‘അൺ ടു ദ ലാസ്റ്റ്’ ഒരൊറ്റ രാത്രികൊണ്ടാണ് അദ്ദേഹം വായിച്ചുതീർത്തത്. ഈ പുസ്തകം തന്റെ ജീവിതംതന്നെ മാറ്റി മറിച്ചു, എന്ന് മഹാത്മാഗാന്ധി പിന്നീട് പറയുകയുണ്ടായി.
എല്ലാ ദിവസവും 14 മണിക്കൂർ വായനക്ക് വേണ്ടി വിനിയോഗിച്ചിരുന്ന വ്യക്തിയായിരുന്നു ജവഹർലാൽ നെഹ്‌റു. ഒമ്പതുവർഷം ജയിലിൽ കിടന്ന നെഹ്‌റു ‘‘പുസ്തകങ്ങളില്ലായിരുന്നുവെങ്കിൽ താൻ ഭ്രാന്തനാകുമായിരുന്നു’’ എന്നാണ് പറഞ്ഞത്. നെഹ്‌റു ജയിലിൽവെച്ച് രചിച്ച ഗ്രന്ഥങ്ങൾ റഫറൻസില്ലാതെയായിരുന്നു എഴുതിയിരുന്നതെന്ന് ഓർക്കുമ്പോൾ അദ്ദേഹത്തിന്റെ വായനയുടെയും ഓർമശക്തിയുടെയും പാണ്ഡിത്യത്തിന്റെയും മുന്നിൽ നാം നമിച്ചുപോകും.
അമേരിക്കയിലും ബ്രിട്ടനിലും പഠിക്കുന്ന കാലത്ത് പുസ്തകങ്ങൾ വാങ്ങാൻവേണ്ടി ഭക്ഷണംപോലും കഴിക്കാതെ പണം സ്വരൂപിക്കുമായിരുന്നു അംബേദ്കർ. രാവിലെ ആറു മുതൽ രാത്രി അടക്കുന്നതുവരെ ബ്രിട്ടീഷ് മ്യൂസിയം ലൈബ്രറിയിൽ അദ്ദേഹം ചെലവഴിക്കുമായിരുന്നു. പുസ്തകം വാങ്ങാൻ ഭാര്യയുടെ ആഭരണം വിറ്റ കഥയും അംബേദ്‌കറെ പറ്റിയുണ്ട്. അംബേദ്‌കറുടെ ലൈബ്രറിയിൽ 35,000 പുസ്തകങ്ങളുടെ വൻ ശേഖരംതന്നെ ഉണ്ടായിരുന്നു.
ചെറുപ്പത്തിൽതന്നെ വലിയ ലൈബ്രറിയുടെ ഉടമയും വലിയ പണ്ഡിതനുമായ ആളാണ് അബുൽ കാലം ആസാദ്. തന്റെ ജയിൽജീവിതത്തിൽ എഴുതിയതാണ് ‘തർജുമാനുൽ ഖുർആൻ’ എന്ന വിശിഷ്ട ഗ്രന്ഥം. കേരളത്തിൽ മുമ്പും വായനയും എഴുത്തും തപസ്യയാക്കിയ മുഖ്യമന്ത്രിമാരും രാഷ്ട്രീയക്കാരുമുണ്ടായിട്ടുണ്ട്. അവരിൽ പ്രധാനിയായിരുന്നു ഇ.എം.എസ് നമ്പൂതിരിപ്പാട്. അക്കാദമിക് വിദ്യാഭ്യാസം കൊണ്ടല്ല വായനകൊണ്ടും ചിന്തകൊണ്ടും നേടിയെടുത്തതായിരുന്നു ഇ.എം.എസിന്റെ ധിഷണയും ഭരണ നൈപുണ്യവും.
നൂറിൽപരം ഗ്രന്ഥങ്ങളുടെ രചയിതാവായ ഇ.എം.എസ് നിരന്തരമായി വായിക്കുമായിരുന്നു. 1940ൽ ജയിലിൽ കിടന്നപ്പോൾ മാർക്സിന്റെ ‘ദാസ് ക്യാപിറ്റൽ’ അരിച്ചുപൊറുക്കി വായിച്ച് നോട്ടെഴുതുന്ന ഇ.എം.എസിനോട് ‘‘ഇതെല്ലാം വായിച്ചിട്ടെന്താ കാര്യം’’ എന്നൊരാൾ ചോദിച്ചു. വായിക്കാതെ എഴുതിയാൽ ജനങ്ങളെ പറ്റിക്കുന്നതിന് തുല്യമാണെന്നായിരുന്നു ഇ.എം.എസിന്റെ മറുപടി. തന്നെ രൂക്ഷമായി വിമർശിക്കുന്ന പുസ്തകങ്ങൾ വരെ സൂക്ഷ്മമായി വായിക്കുന്ന ഇ.എം.എസ് ‘‘എതിരാളിയെ വായിക്കാത്തവൻ അർധസത്യവാദിയാണെന്ന്’’ പറയുമായിരുന്നു. 1988ൽ മരിക്കുന്നതിന് തലേദിവസവും അദ്ദേഹം പുസ്തകം വായിച്ചിരുന്നു.
കേരളത്തിലെ കിടയറ്റ മുഖ്യമന്ത്രിയും വായനക്കാരനും ഗ്രന്ഥകാരനുമായിരുന്നു സി. അച്യുതമേനോൻ. ചെറുപ്പത്തിൽതന്നെ കലയും സാഹിത്യവും വായിച്ചിരുന്ന അദ്ദേഹം ഭരണത്തിലും അത് തുടർന്നു. തന്റെ മേശപ്പുറത്ത് എപ്പോഴും പുസ്തകമുണ്ടായിരിക്കും. ഫയൽ തീർക്കുന്നതിനിടയിൽ ഒഴിവു സമയമുണ്ടാകുമ്പോൾ ഒന്നോ രണ്ടോ പേജ് വായിക്കും. വീണ്ടും ഫയൽ നോക്കും. മന്ത്രിയായിരിക്കുമ്പോഴും എങ്ങനെ വായിക്കുന്നു എന്ന് ചോദിച്ച ഒരു ഗ്രന്ഥകാരനോട് ‘‘വായിക്കാത്ത മുഖ്യമന്ത്രിക്ക് ഭരിക്കാനവകാശമില്ല’’ എന്നായിരുന്നു അച്യുതമേനോന്റെ മറുപടി.
വായനയിൽനിന്ന് അനിർവചനീയമായ ആനന്ദ ലഹരി അനുഭവിച്ച വായനക്കാരനായിരുന്നു പി. ഗോവിന്ദപ്പിള്ള എന്ന പി.ജി. 50,000 പുസ്തകങ്ങൾകൊണ്ട് അദ്ദേഹത്തിന്റെ വീട് നിറഞ്ഞിരുന്നു. മകൻ രാധാകൃഷ്ണൻ എം.ജി എഴുതിയ ‘വായിച്ചുതീരാത്ത അച്ഛൻ’ എന്ന പുസ്തകമാണ് അദ്ദേഹത്തിന്റെ വായന ലഹരിയുടെ ഏറ്റവും വലിയ തെളിവ്.
‘‘അച്ഛന്റെ ഈ കമ്പത്തെ വായനഭ്രാന്തെന്നോ വായനരതി (ബിബ്ലിയോഫീലിയ) എന്നോ ആകും വിളിക്കാൻ കൂടുതൽ ചേർന്ന പദം’’ എന്ന് രാധാകൃഷ്ണൻ എഴുതുന്നു. ‘വൈജ്ഞാനിക വിപ്ലവം ഒരു സാംസ്‌കാരിക ചരിത്രം’ എന്ന ഒരൊറ്റ പുസ്തകം മതി പി. ഗോവിന്ദപ്പിള്ള എന്ന പണ്ഡിത മനീഷിയെ മനസ്സിലാക്കാൻ.
കിടയറ്റ പഠനഗ്രന്ഥങ്ങൾകൊണ്ടും യാത്രാവിവരണംകൊണ്ടും മലയാളത്തെ സമ്പന്നമാക്കിയ എം.പി. വീരേന്ദ്രകുമാർ രാഷ്ട്രീയക്കാരിൽ ധിഷണാശാലിയായിരുന്നു. ‘‘പുസ്തകം വാങ്ങൽ എനിക്ക് ഒരു ലഹരിയാണെങ്കിൽ പുസ്തകം വായിക്കൽ മറ്റൊരു ലഹരിയാണ്’’ എന്ന് ഒരിക്കൽ അദ്ദേഹം പറഞ്ഞു. ‘‘ഞാൻ ഭക്ഷണം കഴിക്കാതിരിക്കും പക്ഷേ പുസ്തകം വായിക്കാതിരിക്കില്ല’’ എന്നും അദ്ദേഹം തന്റെ വായനയെപ്പറ്റി പറഞ്ഞിട്ടുണ്ട്.
പത്രാധിപരും മന്ത്രിയുമായിരുന്ന സി.എച്ചും നല്ല വായനക്കാരനായിരുന്നു. ശശി തരൂരിനെപ്പോലെ എം.കെ. മുനീറിനെപ്പോലെ രാഷ്ട്രീയനേതൃത്വത്തിൽ നിന്നുകൊണ്ടുതന്നെ വായനയും എഴുത്തും മുന്നോട്ടുകൊണ്ടുപോകുന്ന ചിലർ ഇന്നുമുണ്ടെങ്കിലും വായന പൊതുരാഷ്ട്രീയത്തിൽനിന്നും ഏറെ അകന്നുപോയിട്ടുണ്ട്.
ലോക രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും വായനയിൽനിന്നും അകന്ന രാഷ്ട്രീയ നേതൃത്വങ്ങൾ ലോകത്തെ നാശത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യനെ മനസ്സിലാക്കാമെന്നതാണ് വായനകൊണ്ടുള്ള ഏറ്റവും വലിയ നേട്ടം. മനുഷ്യനെ മനസ്സിലാക്കാത്ത ഭരണാധികാരി അധികാരമോഹിയും സ്വേച്ഛാധിപതിയുമായിരിക്കും.
വി.ഡി. സതീശന് വായനയിൽ ലഭിച്ച ജനാധിപത്യബോധവും മനുഷ്യത്വവും ഭരണരംഗത്ത് കേരളീയ ജനതക്ക് അനുഭവിക്കാനാവും എന്നാണ് പ്രതീക്ഷ. അതേസമയം, വായനയിൽനിന്നകലുന്ന ഒരു സാമൂഹിക ചുറ്റുപാട് സമൂഹത്തിൽ വളർന്നുവരുന്നുണ്ട്. മലയാളിയുടെ ദിനചര്യയായിരുന്ന പത്രവായനയിൽനിന്നുപോലും മലയാളി അകലുന്നു. പത്രവിതരണത്തിലൂടെ കൈമണി സമ്പാദിച്ചിരുന്ന വിദ്യാർഥികൾക്കുപോലും വലിയ പ്രതിസന്ധിയാണ് പത്രവായന സമൂഹത്തിൽ കുറഞ്ഞുപോകുന്നതിലൂടെ ഉണ്ടായിട്ടുള്ളത്. രാസലഹരിക്ക് അടിമയാകുന്നതുപോലെ മൊബൈൽ ലഹരി കുട്ടികളെ വായനയിൽനിന്നും അകറ്റുന്നു. ഇതുമൂലം കുട്ടികളിലെ ആത്മഹത്യ വർധിച്ചിട്ടുണ്ട്. ഭരണാധികാരി എന്നനിലയിൽ വി.ഡി. സതീശന് വായനക്കാരും എഴുത്തുകാരും പത്ര-മാധ്യമ പ്രവർത്തകരും നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കാനും പരിഹാരം കണ്ടെത്താനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കെ.എ. റഹീം കുളത്തൂർ
എണ്ണേണ്ടത് ജനങ്ങളെയാണ്, വോട്ടർമാരെയല്ല
‘തുടക്കം’ കോളത്തിൽ എഴുതിയ ‘വേണ്ടത് സമഗ്ര സെൻസസ്’ (ലക്കം 1488) എന്ന ലേഖനത്തിന് അനുബന്ധമായാണ് ഈ കുറിപ്പ്. ഇന്ത്യപോലൊരു മഹാരാജ്യത്തെ മനസ്സിലാക്കാൻ കൃത്യമായ ജനസംഖ്യ കണക്ക് മാത്രം മതിയാകില്ല; മനുഷ്യരുടെ ജീവിതത്തിന്റെ യഥാർഥ ചിത്രം വരച്ചുകാട്ടുന്ന ഒരു സമഗ്ര സെൻസസ് അനിവാര്യമാണ്. എത്രപേർ ജീവിക്കുന്നു എന്നതിനപ്പുറം അവർ എങ്ങനെ ജീവിക്കുന്നു, എവിടെയാണ് താമസിക്കുന്നത്, അവരുടെ തൊഴിൽ, വിദ്യാഭ്യാസം, വാസസ്ഥിതി, കുടിയേറ്റം, സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശ്വസനീയമായ വിവരങ്ങളാണ് ഒരു ആധുനിക ക്ഷേമരാഷ്ട്രത്തിന്റെ ആസൂത്രണത്തിന് അടിത്തറയാകേണ്ടത്.
എന്നാൽ, സെൻസസ് പോലൊരു അടിസ്ഥാന ഭരണ പ്രക്രിയപോലും രാഷ്ട്രീയ താൽപര്യങ്ങളുടെയും തെരഞ്ഞെടുപ്പ് കണക്കുകൂട്ടലുകളുടെയും നിഴലിൽപ്പെടുന്നത് ആശങ്കജനകമാണ്. ജനങ്ങളെ എണ്ണുന്നതിനു പകരം വോട്ടർമാരെ എണ്ണുന്ന മനോഭാവം വളർന്നാൽ സെൻസസിന്റെ വിശ്വാസ്യതക്കുതന്നെ മങ്ങലേൽക്കും.
പ്രത്യേകിച്ച് ജാതി, മതം, ഭാഷ, പ്രദേശം തുടങ്ങിയ സാമൂഹിക വിഭാഗങ്ങളെ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുമ്പോൾ രാഷ്ട്രീയ ഇടപെടലിന്റെ സാധ്യത കൂടുതലാണ്. ഈ വിവരങ്ങൾ പിന്നാക്ക വിഭാഗങ്ങളുടെ യഥാർഥ അവസ്ഥ മനസ്സിലാക്കാനും സംവരണം, വിദ്യാഭ്യാസം, തൊഴിൽ, ക്ഷേമപദ്ധതികൾ തുടങ്ങിയവ കൂടുതൽ നീതിപൂർവം ആസൂത്രണം ചെയ്യാനും സഹായിക്കും. അതേസമയം, കണക്കുകൾ രാഷ്ട്രീയ ആയുധങ്ങളായി മാറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അതുകൊണ്ടുതന്നെ സെൻസസ് ആരെയും അനുകൂലിക്കാനോ പ്രതികൂലിക്കാനോ വേണ്ടിയുള്ള ഉപകരണമല്ല, രാജ്യത്തിന്റെ സാമൂഹിക യാഥാർഥ്യം കണ്ണാടിപോലെ പ്രതിഫലിപ്പിക്കുന്ന രേഖയാണ് എന്ന ബോധം ഭരണകൂടത്തിനും രാഷ്ട്രീയകക്ഷികൾക്കും ഒരുപോലെ ഉണ്ടായിരിക്കണം. വിവരശേഖരണത്തിന്റെ രീതിയും ചോദ്യാവലിയും കണക്കുകളുടെ പരിശോധനയും പ്രസിദ്ധീകരണവും സുതാര്യവും സ്ഥാപനപരമായി സ്വതന്ത്രവുമായിരിക്കണം.
ഇന്ത്യക്ക് ഇന്ന് ആവശ്യമായത് രാഷ്ട്രീയത്തിന്റെ പുകമറയിൽനിന്ന് മോചിതമായ, ശാസ്ത്രീയവും സമഗ്രവും വിശ്വാസ്യതയുള്ളതുമായ ഒരു സെൻസസാണ്. രാജ്യത്തിന്റെ വികസനനയങ്ങൾ ഊഹങ്ങളുടെയും രാഷ്ട്രീയ അവകാശവാദങ്ങളുടെയും അടിസ്ഥാനത്തിലല്ല, യാഥാർഥ്യങ്ങളുടെ കണക്കുപുസ്തകത്തെ ആശ്രയിച്ചായിരിക്കണം രൂപപ്പെടുന്നത്. ഒരു രാജ്യത്തെ ജനങ്ങൾ വെറും വോട്ടുകളുടെ കൂട്ടമല്ല; അവകാശങ്ങളും ആവശ്യങ്ങളും സ്വപ്നങ്ങളും അസമത്വങ്ങളും പ്രതീക്ഷകളുമുള്ള മനുഷ്യരാണ്. ആ മനുഷ്യരുടെ യഥാർഥ ചിത്രം കണക്കുകളിൽ പതിയുമ്പോഴാണ് ജനാധിപത്യം കൂടുതൽ ഉത്തരവാദിത്തമുള്ളതാകുന്നത്. അതിനാൽ സെൻസസ് രാഷ്ട്രീയത്തിന് വേണ്ടിയല്ല, ജനങ്ങൾക്കുവേണ്ടിയാകണം; കണക്കുകൾ അധികാരത്തിന്റെ ഭാഷയല്ല, ഭരണത്തിന്റെ കണ്ണാടിയാകണം.
കിഴുമുണ്ടയൂർ നാരായണൻ, പേരാമംഗലം
പാട്ടിന്‍റെ പാലാഴി നീന്തിക്കടന്ന എസ്. ജാനകി
എസ്. ജാനകിയെ കുറിച്ച് സജി ശ്രീവത്സം എഴുതിയ ഓർമ (ലക്കം 1482) ശ്രദ്ധേയമായി. ഈണത്തിന്‍റെ ഓരോ വഴികളിലുമുണ്ട് ജാനകി എന്നദ്ദേഹം എഴുതുന്നു. വിശ്രമമില്ലാതെ ദശാബ്ദങ്ങൾ പാടിയശേഷം സ്വയം ഏകാന്തതയിലേക്കും വിശ്രമത്തിലേക്കും നിതാന്ത ഭക്തിയിലേക്കും ഒതുങ്ങുകയായിരുന്നു അവർ എന്നും ലേഖകൻ പറയുന്നു.
വൈവിധ്യമാർന്ന സിനിമാഗാനങ്ങൾ പാടാൻ മാത്രമായി സൃഷ്ടിക്കപ്പെട്ട ഗായികയാണ് എന്നു തോന്നുമായിരുന്നു. ‘‘വീണേ... വീണേ... വീണക്കുഞ്ഞേ...’’ എന്ന ജാനകിയുടെ ഗാനം കേൾക്കുമ്പോഴേ നമുക്കങ്ങനെ തോന്നും. വീണയും ഗായികയും ഒന്നായി തോന്നുന്ന അപൂർവ നിമിഷം.
കുട്ടിക്കാലത്ത് നാദസ്വര വിദ്വാന്‍റെയടുത്ത് സംഗീതം പഠിക്കാനായി പോയപ്പോൾ ലതാമങ്കേഷ്കറുടെ ഗാനമാണ് അവരെ പാടിക്കേൾപ്പിച്ചത്. ഇവളുടെ സിംഹാസനം സിനിമാഗാനത്തിലാണെന്ന് മനസ്സിലാക്കിയ ഗുരു ഇനിയൊന്നും പഠിക്കേണ്ടതില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു എന്നത് ചരിത്രം. കാലത്തിന്‍റെ നിയോഗവും ഇതുതന്നെയായിരുന്നു. ജാനകിയെ പാട്ടിന്‍റെ പട്ടമഹർഷിയാക്കിയത് ഇളയരാജയാണ്. അദ്ദേഹത്തിന്‍റെ ഈണങ്ങളിൽ നിതാന്ത സാന്നിധ്യമായിരുന്നു എസ്. ജാനകി. പാട്ടിനെ ഭാവാത്മകതയോടെ നിർമിച്ചെടുക്കാനുള്ള അനന്യമായ കഴിവാണ് ഈ ഗായികയെ വ്യത്യസ്തയാക്കിയത്.
ഏത് സംഗീത സംവിധായകന്‍റെയും മനസ്സ് കാണാനും അത് പകരംവെക്കാനില്ലാത്തരീതിയിൽ പ്രതിഫലിപ്പിക്കാനുമുള്ള കഴിവ് എസ്. ജാനകിയേക്കാൾ മറ്റാർക്കെങ്കിലും ഉണ്ടോ എന്ന് ഉറപ്പിച്ച് പറയാനുമാവില്ല. എത്രയെത്ര ഗാനങ്ങളാണ് ഇളയരാജക്കു വേണ്ടി അവർ പാടിയിട്ടുള്ളത്. മലയാളത്തിലാണെങ്കിൽ ‘‘തളിരിട്ട കിനാക്കൾ’’ മുതൽ അവർ സൃഷ്ടിച്ച ഗാനങ്ങളുടെ അലയൊലികൾ അടങ്ങിയിട്ടുമില്ല. അവർ മലയാളത്തിൽ പാടിയ സുന്ദരഗാനങ്ങൾ എക്കാലവും ഒാർമിക്കപ്പെടുകതന്നെ ചെയ്യും.
സംഗീത സംവിധായകരുടെ വൈവിധ്യമാർന്ന സംഗീതത്തെ അവരുടെ കാഴ്ചപ്പാടുകൾക്കപ്പുറത്തേക്ക് സാധ്യമാക്കിയെടുത്തതാണ് സംഗീതത്തിലെ എസ്. ജാനകിയുടെ ഉദാത്തമായ സംഭാവനകൾ! യേശുദാസുമായും എസ്.പി.ബിയുമായും ഇളയരാജക്കൊപ്പവും നൂറുകണക്കിന് ഗാനങ്ങൾ പാടാൻ അവസരം ലഭിച്ച അപൂർവ നേട്ടവും അവർക്കുതന്നെ. ഒരാൾക്കും എസ്. ജാനകിയുടെ ഭാവത്തിനോ ആർദ്രതക്കോ ഒപ്പം സഞ്ചരിക്കാൻ സാധിച്ചിട്ടില്ലെന്നതാണ് യാഥാർഥ്യം. പാട്ടിന്‍റെ ഒരു ഇതിഹാസംതന്നെയായിരുന്നു അവർ.
‘‘ആ നിമിഷത്തിന്‍റെ നിർവൃതിയിൽ...’’, ‘‘ഒരുവട്ടം കൂടി...’’ തുടങ്ങിയ ഗാനങ്ങൾ എന്നും ഓർമിക്കുന്നതാണ്. ഡ്യുയറ്റ് പാടുന്ന ആദ്യകാലത്ത് തന്‍റെ പേര് ആദ്യം വെക്കണമെന്ന് അവർ നിർബന്ധം പിടിക്കുമായിരുന്നു. തന്‍റെ കഴിവിലുള്ള അപാരമായ ആത്മവിശ്വാസമാണ് ആ നിർബന്ധത്തിനു പിന്നിൽ. വൈകിവന്ന പത്മഭൂഷൺ നിരസിക്കാനുള്ള കാരണവും അതുതന്നെ. ഇത്ര വിനയാന്വിതയായ ഒരു ഗായികയെ അടുത്തകാലത്തൊന്നും കണ്ടിട്ടില്ലെന്നാണ് സമകാലിക സംഗീതലോകം ഒന്നടങ്കം പറഞ്ഞത്.
സദാശിവൻ നായർ, എരമല്ലൂർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.