എഴുത്തുകുത്ത്

‘മീഡിയാസ്കാൻ’ പത്രധർമത്തിന്‍റെ കാവലാൾ

യാസീൻ അശ്റഫ് എഴുതുന്ന ‘മീഡിയാസ്കാൻ’ പംക്തി, നിഷ്പക്ഷമായി വാർത്ത നൽകുന്നതിൽ ദേശീയ-അന്തർദേശീയ മീഡിയകളെ ബാധിച്ച ജീർണത എത്രമേൽ മാരകമെന്നത് തുറന്നുകാട്ടുന്നു. വാർത്താമാധ്യമങ്ങളുടെ വഴിവിട്ട പോക്കിനെ നീതിയുടെയും മാനവികതയുടെയും പക്ഷത്തുനിന്നുകൊണ്ട് കണിശമായി മൂല്യവിചാരണക്ക് വിധേയമാക്കി, മുടങ്ങാതെ തുടരുന്ന ഇതുപോലൊരു വാർത്താ നിരൂപണ പംക്തി സ്വതന്ത്ര മലയാള പത്രപ്രവർത്തന രംഗത്ത് ഇദംപ്രഥമമാണെന്നു പറയാം.

സാഹിത്യ നിരൂപണ രംഗത്ത് എം. കൃഷ്ണൻ നായർ തുടർന്ന ‘സാഹിത്യ വാരഫലം’ എഴുത്തുകാർക്കും സാഹിത്യ വിദ്യാർഥികൾക്കുമിടയിൽ ഏറെ ശ്രദ്ധ നേടിയതുപോലെ മീഡിയാസ്കാൻ പ്രചാരം നേടിക്കഴിഞ്ഞിരിക്കുന്നു. യുദ്ധക്കൊതിയരായ സാമ്രാജ്യത്വ വാമനർക്ക് വാഴ്ത്തുപാട്ടായും ഭരണകർത്താക്കൾക്കു മുന്നിൽ നട്ടെല്ലൊടിഞ്ഞ വഴങ്ങിത്തൊഴിലായും തൊഴിലിനെ പരുവപ്പെടുത്തിയ ജേണലിസ്റ്റ് ജീർണത പ്രിന്‍റ്-വിഷ്വൽ മീഡിയകളെ കൂലിയെഴുത്തിന്‍റെയും പെയ്ഡ് ന്യൂസിന്‍റെയും കുപ്പത്തൊട്ടിയാക്കുന്നത്, യാസീൻ അശ്റഫ് ഉദാഹരണ സഹിതം വിശദമാക്കുമ്പോൾ ‘The roaring lion at dawn’ എന്ന പഴയ വിശേഷണത്തിലേക്ക് ഹതാശമായൊന്ന് തിരിഞ്ഞുനോക്കിപ്പോയി.

‘വാക്കെനിക്കെല്ലാം ഒളിക്കും വിലം, നിനക്കങ്കം കുറിക്കും ഉടവാൾ’ എന്ന കവിതാ ശകലം അൻവർ അലിയുടേതായി ഓർമയിലുണ്ട്. വിലം എന്നാൽ ഗുഹ.

‘യുദ്ധം മറക്കുന്ന കളിയെഴുത്ത്’ എന്ന തലക്കെട്ടിൽ (ലക്കം 1483) വന്ന മീഡിയാസ്കാൻ വായിച്ചപ്പോഴാണ് മുമ്പെന്നോ മനസ്സിൽ പതിഞ്ഞ ഈ കവിതാശകലം ഓർത്തത്. ‘ആകാശവാണി വായിക്കാത്ത വാർത്തകൾ കേട്ടിരിക്കുമ്പോൾ’ എന്നൊരു കവിതയും പ്രസിദ്ധീകരിച്ചതോർക്കുന്നു. വാക്കുകളിലൂടെ ചില മാധ്യമ പ്രവർത്തകർ ചിലതൊക്കെ വെളിപ്പെടുത്താൻ ശ്രമിക്കുമ്പോൾ പല മാധ്യമ പ്രവർത്തകരും വാക്കുകളെ പലതും മറച്ചുവെക്കാനുള്ള ഗുഹയാക്കുന്നു. മറ്റു ചിലരാകട്ടെ, വാക്കുകളെ വേട്ടയാടാനുള്ള ഉടവാളുമാക്കുന്നു എന്ന നെഞ്ചുലയ്ക്കുന്ന നേര് ‘മീഡിയാസ്കാനി’ലൂടെ ആഴ്ചതോറും വിശദമാക്കിക്കൊണ്ടേയിരിക്കുന്നു.

ഈയിടെ അമേരിക്കയിലും അതിനുമുമ്പ് ഖത്തറിലും നടന്ന ലോക ഫുട്ബാളിന്‍റെ അരങ്ങിലും അണിയറയിലുമൊക്കെ മീഡിയകളുടെ ഇരട്ടത്താപ്പ് എങ്ങനെയൊക്കെയാണ് വസ്തുതകളെ വളച്ചൊടിച്ചതെന്നും സത്യത്തെ കുഴിച്ചുമൂടിയതെന്നും യുദ്ധവെറിപൂണ്ട ട്രംപിന്‍റെ ഡംഭിന് ഫിഫയടക്കം വഴങ്ങിയതെന്നും ‘യുദ്ധത്തെ മറക്കുന്ന കളിയെഴുത്ത്’ എന്ന ശീർഷകത്തിൽ യാസീൻ അശ്റഫ് തുറന്നുകാട്ടുന്നു.

അനീതിയും അന്ധമായ പക്ഷപാതിത്വങ്ങളും അസത്യങ്ങളും അർധസത്യങ്ങളും നെറികേടുകളും കൊടികുത്തിവാഴുന്ന സമകാലിക മീഡിയകളുടെ ചതിക്കുഴികൾ ചൂണ്ടിക്കാണിച്ച്, ആ ചതുപ്പുകളിൽ ആണ്ടുമുങ്ങിപ്പോകാതിരിക്കാൻ ഏകാഗ്ര ജാഗ്രമായ ധിഷണയുമായി ‘മീഡിയാസ്കാനി’ലൂടെ, പത്രധർമത്തിന്‍റെ അസ്തിവാരമായ മാനവികമൂല്യങ്ങൾക്ക് കാവലിരിക്കുന്നു യാസീൻ അശ്റഫ്. ആൾക്കൂട്ടത്തിൽ മനുഷ്യനെ തിരയുന്ന ഡയോജനീസിന്‍റെ വിളക്കുപോലെ, മൂല്യാധിഷ്ഠിത മാധ്യമലോകത്തേക്ക് വഴികാണിക്കുന്ന ‘മീഡിയാസ്കാൻ’ എന്ന വഴിവിളക്ക് അനവരതം പ്രകാശിക്കട്ടെ.

മുഹമ്മദ്കുട്ടി എളമ്പിലാക്കോട്

സമോവറിന്റെ മാഹാത്മ്യം

അന്ന് വിദ്യാർഥികളായ ഞങ്ങൾക്ക് സമോവർ, പെട്രോമാക്സ്, ഗ്രാമഫോൺ, ഉച്ചഭാഷിണി, കൽക്കരി തിന്ന് കൂകിപ്പായുന്ന തീവണ്ടി എന്നിവയെല്ലാം കൗതുകം പകർന്നവയായിരുന്നു. വൈദ്യുതി, കമ്പ്യൂട്ടർ, എ.ഐ എന്നിവയുടെ വരവുമൂലം ഇത്തരം യന്ത്രങ്ങളും ഉപകരണങ്ങളും ഇന്നെവിടെയോ പോയ്മറഞ്ഞിരിക്കുന്നു.

അതുപോലെ ചായക്കടകൾ, ലൈബ്രറികൾ അമ്പലമുറ്റത്തെ ആലിൻചുവടുകൾ, ഇതെല്ലാം മനുഷ്യസങ്കേതങ്ങളായിരുന്നു. ഉത്സവങ്ങൾ, താലപ്പൊലികൾ, രാഷ്ട്രീയ യോഗങ്ങൾ ഓരോ പ്രദേശത്തുമുള്ള മൈതാനങ്ങൾ അവിടെ ഉണ്ടാകുന്ന കഥാപ്രസംഗങ്ങൾ, സൈക്കിൾ യജ്ഞം, രാഷ്ട്രീയപ്രസംഗങ്ങൾ, സിനിമകൾ, സർക്കസുകൾ ഇതെല്ലാം അന്നത്തെ ജനങ്ങളിൽ രാഷ്ട്രീയ ഉദ്ബുദ്ധതയും നവോത്ഥാന ചിന്തകളും വിനോദങ്ങളും കിളിർക്കാൻ സഹായകമായിരുന്നു.

ആഴ്ചപ്പതിപ്പിൽ (ലക്കം 1482) അൻസാർ റഹുമത്തുള്ള എഴുതിയ ‘സമോവർ’ എന്ന കവിത വായിച്ചപ്പോഴുണ്ടായ ചിന്തകളാണിത്. അയൽപക്ക ബന്ധങ്ങൾ, കാർഷിക കൂട്ടായ്മകൾ വിതക്കുന്നവന്റെയും കൊയ്യുന്നവന്റെയും അത് പരസ്പരം പങ്കുവെക്കുന്നവന്റെയും കൂടി കാലഘട്ടമായിരുന്നു അന്ന്. ജാതിയോ വർഗമോ ഉണ്ടായിരുന്നില്ല. മനുഷ്യർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

നമുക്ക് സ്വാതന്ത്ര്യം ലഭിച്ചു. പുതുയുഗം പിറന്നു. നമ്മുടെ നാട്ടുകാർ, രാഷ്ട്രീയ പാർട്ടികൾ, സ്വാതന്ത്ര്യം നേടിത്തന്ന നേതാക്കൾ, അവരുടെ വീരഗാഥകൾ, നല്ല നാളേക്കുള്ള കാൽവെപ്പുകൾ, പുതിയ പദ്ധതികൾ, ക്ഷേമരാഷ്ട്രത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചുമുള്ള പ്രതീക്ഷകൾ... ഇതൊക്കെയായിരുന്നു അന്നത്തെ നമ്മുടെ ചിന്തകൾ.

ഇന്ന് കാലം മാറി കോലം മാറി. പക്ഷേ മനുഷ്യൻ മാത്രം മാറിയില്ല. അവൻ ചാണകയുഗത്തിലേക്ക് തിരിച്ചുപോകാനുള്ള തന്ത്രപ്പാടിലാണ്. എന്തോ കഥ, അന്നത്തെ മലനാടു മുതൽ എന്തെല്ലാം സമുദ്ധാരണ പ്രവർത്തനങ്ങൾ, നവോത്ഥാന ചിന്തകൾ, പരിഷ്കരണ പ്രവർത്തനങ്ങൾ, രാഷ്ട്രീയ മര്യാദകൾ, സാമുദായിക സൗഹാർദങ്ങൾ, ഓണം, പെരുന്നാൾ, ക്രിസ്മസ് ഇതൊക്കെ ഇന്ന് എവിടെ. ഇല്ലായ്മയും വല്ലായ്മയും ജനങ്ങളിൽനിന്ന് ഇതിലൂടെ പമ്പ കടന്നിരിക്കുന്നു.

അന്ന് വീടുകളിൽ പാൽച്ചായ ഉണ്ടാകാറില്ല. വിരുന്നുകാർ വരുമ്പോഴേ ഉണ്ടാകാറുള്ളൂ. നാട്ടിൻപുറങ്ങളിലും പട്ടണങ്ങളിലും ഒരു ചൂടുചായ സിപ്പു ചെയ്യാൻ എല്ലാവരും ചായക്കടയിലേക്കാണ് പോകുക. അവിടെ സമോവറിനും ചായ ഒഴിക്കുന്നവനും പുട്ടും കടലയും ഉണ്ടാക്കുന്നവനും വളരെ പ്രാധാന്യമുണ്ട്. നാടൻ എരുമപ്പാലിൽ ഒരു ഗ്ലാസ് കൊഴുത്ത ചൂടുചായ കിട്ടിയാൽ ഏതു മകരക്കുളിരും പമ്പ കടക്കും. ഇനി ആ കാലം തിരിച്ചുവരില്ല. കവിതക്ക് അഭിനന്ദനങ്ങൾ.

വി.എം. ഹംസ, മാരേക്കാട്

‘മണിനാദം’, ‘രമണൻ’, ‘മാമ്പഴം’: എന്നും പ്രിയപ്പെട്ട കവിതകൾ

‘മണിനാദം’, ‘രമണൻ’, ‘മാമ്പഴം’ എന്നീ കവിതകളുടെ 90ാം വാർഷികമാണിത്. ഈ കവിതകളെക്കുറിച്ച് കേസരി ബാലകൃഷ്ണപിള്ള, ജോസഫ് മുണ്ടശ്ശേരി, പ്രഫ. എം.എൻ. വിജയൻ എന്നിവർ നടത്തിയ പഠനങ്ങളെക്കുറിച്ച് എറണാകുളം ജില്ല ലൈബ്രറി കൗൺസിൽ പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന് പ്രഫ. എം. തോമസ് മാത്യു എഴുതിയ അവതാരികയായ ‘കതിർമ’ (ലക്കം 1480) വായിച്ചു.

ഈ മൂന്ന് കവികളും ഒരേ നാട്ടുകാരും ഒരേ സാഹിത്യ ഗുരുവിന്‍റെ ഒരേ കാലത്തെ ശിഷ്യരുമാണ് എന്നുള്ളതാണ് ഇവർ തമ്മിലുള്ള ബാഹ്യമായ സാദൃശ്യമെന്നും, എന്നാൽ ഇതൊന്നും ഇങ്ങനെയൊരു സംപുടം ഒരുക്കുന്നതിനുള്ള സാധൂകരണമാകുന്നില്ല എന്നും മരണത്തെ പ്രമേയമാക്കുന്നു എന്നതാണ് ഈ മൂന്ന് കവിതകളും വായിക്കുമ്പോൾ നമ്മുടെ മനസ്സിലെത്തുന്ന വികാരമെന്നും തോമസ് മാത്യു സാർ എഴുതുന്നു.

‘മണിനാദം’ ഇടപ്പള്ളി രാഘവൻ പിള്ളയുടെ ആത്മഹത്യ കുറിപ്പ് പോലത്തെ രചനയാണെന്നും ഇടപ്പള്ളിയുടെ ആത്മഹത്യ ചങ്ങമ്പുഴയിൽ സൃഷ്ടിച്ച വികാര വിസ്ഫോടനത്തിന്‍റെ പ്രതിഫലനമാണെന്നും വൈലോപ്പിള്ളിയുടെ ‘മാമ്പഴം’ മറ്റൊരു മരണത്തെ പ്രമേയമാക്കുന്നുവെന്നും എന്നാൽ ഈ മരണങ്ങളുടെ സാദൃശ്യം കവിതയുടെ പരിഗണനയിൽ സാരമായ വിഷയമല്ലെന്നും തോമസ് മാത്യു എഴുതി.

മൂന്നു കവിതയുടെയും പ്രമേയം മരണമാണെന്നത് ശരിതന്നെ. പക്ഷേ, മൂന്നു മരണങ്ങളും മൂന്ന് സാഹചര്യങ്ങളിലാണ് നടക്കുന്നത്. ചങ്ങമ്പുഴ, ആസ്വാദക മനസ്സിൽ പ്രതിഷ്ഠ നേടിയ കൃതിയാണ് ‘രമണൻ’. എന്നാൽ, വൈലോപ്പിള്ളിയുടെ ‘സഹ്യന്‍റെ മകനോ’ ‘ഊഞ്ഞാലോ’ പോലെ കവനസത്തയെ വെളിപ്പെടുത്താൻ ‘മാമ്പഴ’ത്തിന് കഴിയുകയില്ല എന്നും അദ്ദേഹം പറയുന്നു. മൃത്യുബോധത്തിന്‍റെ നിലവിളി ഈ മൂന്ന് കവിതകളിലും ഉണ്ടുതാനും. കണ്ണീരുപ്പു പുരട്ടാത്ത ആസ്വാദനങ്ങളൊന്നും മനുഷ്യനിലില്ല എന്നതും യാഥാർഥ്യമാണ്. ഈ മൂന്നു കവിതകളും നമ്മെ മൃത്യുവിനു മുന്നിൽ നിർത്തി ജീവിതത്തെക്കുറിച്ച് ആലോചിക്കൂ എന്നാണ് ആവശ്യപ്പെടുന്നത്.

ഒ​തു​ക്കി​പ്പി​ടി​ച്ച വാ​ക്കു​ക​ളി​ല്‍ മ​നു​ഷ്യ​ജ​ന്മ​ത്തി​ന്റെ ദൈ​ന്യ​ത്തെ മു​ഴു​വ​ന്‍ ആ​വി​ഷ്‌​ക​രി​ച്ച ക​വി​യാ​ണ് വൈലോപ്പിള്ളിയെന്നും ആ​ഘോ​ഷ​ങ്ങ​ളി​ല്ലാ​ത്ത ജീ​വി​ത​മാ​യി​രു​ന്നു രാ​ഘ​വ​ൻ പി​ള്ള​യു​ടേ​തെന്നും ച​ങ്ങ​മ്പു​ഴ വി​കാ​ര​ത്തി​ന്റെ നേ​ര്‍നാ​ദ​മാ​ണെന്നും ഈ ​കാ​വ്യാ​ദ​ര്‍ശ​ത്തി​ന്റെ സാ​ക്ഷാ​ത്കാ​ര​മാ​ണ് ച​ങ്ങ​മ്പു​ഴയുടെ കവിതയെന്നും അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​ചു​ര​പ്ര​ചാ​രം നേ​ടി​യ ക​വി​ത​യാ​ണ് ‘ര​മ​ണ​ന്‍’ എന്ന കവിതക്ക് നിദാനമെന്നും അതുകൊണ്ട് ഈ മൂന്ന് കവിതകളും സമാന സവിശേഷതയുള്ളവയാണെന്ന് പറയുന്നത് അത്മഗതമാണെന്നും തോമസ് മാത്യു പറയുന്നത് ശരിതന്നെയാണ്. ‘രമണന്‍റെ’ പതിപ്പുകൾ ചൂടപ്പം പോലെ വിറ്റുപോയത് ഒരു അത്ഭുതമാണെന്നും അദ്ദേഹം പറയുന്നുണ്ട്. മുണ്ടശ്ശേരിയുടെ നിരൂപണത്തിലും ഇക്കാര്യം പറയുന്നുണ്ട്.

വൈ​ലോ​പ്പി​ള്ളി​യും ച​ങ്ങ​മ്പു​ഴ​യും സ്‌​നേ​ഹി​ത​രും ഒ​രേ ക​ള​രി​യി​ല്‍ അ​ഭ്യ​സി​ച്ചി​രു​ന്ന​വ​രുമായിരുന്നെങ്കിലും അ​വ​രു​ടെ ക​വി​ത​ക​ള്‍ ത​മ്മി​ല്‍ താ​ര​ത​മ്യ​മി​ല്ല. വാ​ക്കു​ക​ളെ​ക്കൊ​ണ്ട് മ​യൂ​ര​നൃ​ത്ത​മാ​ടി​ക്കുന്ന ചങ്ങമ്പുഴയുടെ രീതി വൈലോപ്പിളിക്ക് വശമില്ല, അത് അദ്ദേഹത്തിന്‍റെ ആദർശവുമല്ല. എല്ലാ കവികളും പ​നി​നീ​ര്‍പ്പൂ​വി​ന്റെ മാ​ദ​ക​സു​ഗ​ന്ധ​ത്തി​ല്‍ മ​യ​ങ്ങാ​ന്‍ ഇ​ഷ്ട​പ്പെ​ടുമ്പോൾ വൈ​ലോ​പ്പി​ള്ളി ക​യ്പ​വ​ല്ല​രി​യെ​ക്കു​റി​ച്ചാണ് എഴുതിയത്. ‘‘ഒറ്റ വെറ്റില നൂറുതേച്ചു നീ തന്നാലുമീ -ത്തിരുവാതിരരാവു താംബൂലപ്രിയയല്ലോ’’ എന്ന് എഴുതിയ വൈലോപ്പിള്ളി വാർധക്യത്തിലെത്തിയ ദമ്പതികളെ കുറിച്ചാണ് വിവരിക്കുന്നത്. ഇ​ട​പ്പ​ള്ളിയും ചങ്ങമ്പുഴയും വൈലോപ്പിള്ളിയും എന്നും മലയാളത്തിലെ പ്രിയ കവികൾതന്നെയാണ്. അവരെന്നും തെളിച്ചമുള്ള അവരുടെ കവിതകളാൽ മായാതെ നിലനിൽക്കുകതന്നെ ചെയ്യും.

സദാശിവൻ നായർ, എരമല്ലൂർ

വായനക്കാർക്ക് നൽകുന്നത് അർഹമായ പരിഗണന

ലക്കം 1483ൽ വായനക്കാർ എഴുതുന്ന ‘എഴുത്തുകുത്ത്’ പംക്തിക്കുവേണ്ടി ഏഴ് പേജുകൾ നീക്കിവെച്ചിരിക്കുന്നു. വളരെ നല്ല കാര്യം. മുൻകാലങ്ങളിൽ നമ്മുടെ ദിനപത്രങ്ങളിലും മറ്റും വായനക്കാരുടെ അടയാളവാക്യമായ കത്തുകൾ വളരെയേറെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്ന പതിവുണ്ടായിരുന്നു. ഇന്നിപ്പോൾ പല പത്രങ്ങളിലും വായനക്കാരുടെ കത്തുകൾ പ്രസിദ്ധീകരിക്കാറില്ല. അപൂർവം ചില പത്രങ്ങൾ വായനക്കാരുടെ കത്തുകൾ പ്രസിദ്ധീകരിക്കുന്നുണ്ട്. വേണം വേണ്ട എന്ന മട്ടിൽ.

ആഴ്ചപ്പതിപ്പുകളാണ് വായനക്കാരുടെ കത്തുകൾ പ്രസിദ്ധീകരിക്കുന്നതിനു ഇപ്പോഴും സന്നദ്ധരാവുന്നത്. സത്യത്തിൽ വായനക്കാരാണ് പത്രമാധ്യമങ്ങളുടെ നിലനിൽപിന്റെ മുഖ്യ കാരണക്കാർ. അതിനാൽ വായനക്കാർക്ക് പരിഗണന കൊടുക്കേണ്ടത് അനിവാര്യമാണ്. പത്രധർമം വഴിതെറ്റുമ്പോൾ അത് തിരിച്ചുപിടിക്കാനും മാധ്യമങ്ങൾക്കു നടപ്പുകാലത്തെ യാഥാർഥ്യബോധത്തോടെ നേരിടാനും വായനക്കാരുടെ കത്തുകൾ പ്രാപ്തമാക്കിയേക്കാം. ആയതിനാൽ നാലാമത്തെ സ്തംഭത്തിൽ വായനക്കാരുടെ പ്രതികരണങ്ങൾക്കും എഴുത്തുകുത്തുകൾക്കും ഒരൽപം ഇടംകൊടുക്കാം.

ടി.ഐ. ലാലു, പഴമുക്ക് തൃശൂർ

രക്തത്തിൽ മുങ്ങിയ ബാല്യങ്ങൾ

ജെംസർ എഴുതിയ കവിത ‘നോവ്’ (ലക്കം 1483) ഏറെ പ്രശംസയർഹിക്കുന്നു. യുദ്ധകലുഷിതമായ നവവേളകളിലെ നൊമ്പരങ്ങളും വൈകാരിക നിമിഷങ്ങളെയും കവി ഇതിൽ വെളിപ്പെടുത്തുന്നു.

ഇനിയൊരു ഋതു ഇതുപോലെ പിറക്കരുതേ... എന്നാശിച്ച് കഴിയുന്ന ജനത, ആത്മാവ് നഷ്ടപ്പെട്ട ഘടികാരസൂചികൾ പരസ്പരം കുത്തി നോവിക്കുന്നത് വകവെക്കാതെ ‘‘അക്ഷരം എഴുതേണ്ട കൈകൾ ചിതറിപ്പോയ കല്ലുകൾക്കിടയിൽ അമ്മയുടെ ശരീരം തിരയുന്ന’’ അവസ്ഥ, പുസ്തകം തുറക്കേണ്ട കൈകളും സ്കൂളിലേക്ക് നടക്കേണ്ട കാലുകളും ചെന്നെത്തുന്നത് അടച്ചുപൂട്ടിയ വാതിലുകളുടെ അഭയകേന്ദ്രത്തിലേക്കാണ്.

കാലം തീർത്ത മുറിവുകൾ ഓരോന്നായി തേട്ടിയെടുത്ത് വിതുമ്പുന്ന ബാല്യങ്ങളുടെ ശോച്യമായ രംഗങ്ങളും കവി അനുവാചകരിലേക്കെത്തിക്കുന്നു. ‘‘ഇനിയും എത്ര കുഞ്ഞുങ്ങളുടെ കരച്ചിൽ വേണം നിനക്കൊരു മനുഷ്യനാകാൻ..?’’ എന്ന വരികൾ ഏറെ വൈകാരികത ചെലുത്തുന്നു.

റിസ്‌വാൻ മംഗലം ഡാം

ആ​ശ്രി​ത​ത്വ​ത്തി​ൽ​നി​ന്ന് ആ​ത്മാ​ഭി​മാ​ന രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക്

ആ​ശ്രി​ത​ത്വ​ത്തി​ൽ​നി​ന്ന് ആ​ത്മാ​ഭി​മാ​ന രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് എന്ന ത​ല​ക്കെ​ട്ടി​ൽ അ​ഡ്വ. സ​ജി കെ. ​ചേ​ര​മ​ൻ എ​ഴു​തി​യ​ത് (ല​ക്കം 1466) ശ​രി​യാ​ണ്. ആ​ദി​വാ​സി നേ​താ​വ് സി.​കെ. ജാ​നു​വി​ന്റെ പാ​ർ​ട്ടി​യും സ​ണ്ണി എം. ​ക​പി​ക്കാ​ടി​ന്റെ സ്ഥാ​നാ​ർ​ഥി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളും വാ​യി​ച്ചു. കേ​ര​ള​ത്തി​ൽ ഇ​ന്നു​വ​രെ ദ​ലി​ത​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി​ട്ടി​ല്ല. ഒ​രേ​ക്ക​ർ വ​സ്തു​വെ​ങ്കി​ലും ഉ​ള്ള ദ​ലി​ത​ർ കേ​ര​ള​ത്തി​ൽ ഉ​ണ്ടോ എ​ന്ന് സം​ശ​യ​മാ​ണ്. കേ​ര​ള​ത്തി​ലെ പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ സെ​ൻ​സ​സ് കൊ​ടു​ത്തി​രു​ന്ന​ല്ലോ. ആ​റു ശ​ത​മാ​നം പ​ട്ടി​ക​ജാ​തി​ക്കാ​ർ ക്രൈ​സ്ത​വ​രാ​ണ്.

എ​ന്നാ​ൽ, സു​റി​യാ​നി ​ക്രി​സ്ത്യാ​നി​ക​ൾ ഈ ​ദ​ലി​ത് ക്രി​സ്ത്യാ​നി​യോ​ട് ഇ​ന്നും അ​വ​ഗ​ണ​ന കാ​ണി​ക്കു​ന്നു; സ​വ​ർ​ണ ഹി​ന്ദു​ക്ക​ൾ കാ​ണി​ക്കു​ന്ന​പോ​ലെ. യു.​ഡി.​എ​ഫ്, എ​ൽ.​ഡി.​എ​ഫ്, എ​ൻ.​ഡി.​എ എ​ല്ലാം സ​വ​ർ​ണ​ത​ക്കാ​ണ് മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന​ത്. ഡോ. ​അം​ബേ​ദ്ക​ർ, അ​യ്യ​ൻ​കാ​ളി, പൊ​യ്ക​യി​ൽ അ​പ്പ​ച്ച​ൻ തു​ട​ങ്ങി​യ ദ​ലി​ത് നേ​താ​ക്ക​ൾ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ പ​ട്ടി​ക​ജാ​തി, വ​ർ​ഗ​ക്കാ​ർ ത​ള്ളി​ക്ക​ള​യു​ന്നു. ദ​ലി​ത്, പി​ന്നാ​ക്ക, അ​വ​ശ​ജ​ന​ങ്ങ​ൾ ഒ​ന്നി​ച്ചു​നി​ന്നാ​ൽ മാ​ത്ര​മേ സ​വ​ർ​ണ സ​ർ​ക്കാ​റി​ൽ​നി​ന്ന് അ​വ​കാ​ശ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​നാ​കൂ.

പു​രോ​ഗ​മ​നം പ്ര​സം​ഗി​ക്കു​ന്ന​വ​ർ​പോ​ലും ത​ന്റെ മ​ക​ളെ പി​ന്നാ​ക്ക, ദ​ലി​ത​രെ​ക്കൊ​ണ്ട് കെ​ട്ടി​ക്കാ​ൻ ധൈ​ര്യം കാ​ണി​ക്കി​ല്ല. കേ​ര​ള​ത്തി​ലെ ഈ​ഴ​വ​രു​ടെ പാ​ർ​ട്ടി​ക​ളെ​ന്ന് പ​റ​യു​ന്ന എ​സ്.​ആ​ർ.​പിക്കോ ബി.​ഡി.​ജെ.​എ​സി​നോ ശ​ക്തി​പ്രാ​പി​ക്കാ​നാ​യി​ല്ല. ഇ​തി​ൽ​പ​റ​ഞ്ഞ​തു​പോ​ലെ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​നുശേ​ഷ​വും അ​ധി​കാ​രം ഇ​ല്ലാ​ത്ത​വ​ർ അ​വ​കാ​ശം ഇ​ല്ലാ​ത്ത​വ​രാ​യി​ത​ന്നെ തു​ട​രും.

ആ​ർ. ദി​ലീ​പ്, ശ്രീ​വി​ഹാ​ർ,മു​തു​കു​ളം

Tags:    
News Summary - letters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.