‘തമിഴകത്ത് സ്റ്റാലിൻ അല്ലാതെ ആര്’ എന്ന് ‘മാധ്യമം’ ആഴ്ചപ്പതിപ്പ് (ലക്കം 1469) ചോദ്യമുയർത്തിയതിന്റെ തൊട്ടുപിന്നാലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. സ്റ്റാലിൻ ആരുമല്ലാതെയായി! ‘‘സിങ്കം സിങ്കിളാതാൻ വരും’’ എന്ന വിജയിയുടെ പ്രഖ്യാപനത്തെ ലേഖകൻ അസംബന്ധമെന്ന് പരിഹസിച്ച് നാവടക്കും മുമ്പേ ടി.വി.കെ തമിഴകത്തെ ഏറ്റവും വലിയ ഒറ്റപ്പാർട്ടിയായി! അല്ലെങ്കിലും ഈ വിശകലനക്കാരൊന്നും മണ്ണിൽ കാലുകുത്തിയല്ല നിൽക്കുന്നത് എന്ന യാഥാർഥ്യം ഇനിയും തിരിച്ചറിയപ്പെട്ടിട്ടില്ല. പ്ലാനിങ് വിഭാഗത്തിന്റെ തലപ്പത്തിരുന്ന് ഒരു വിദ്വാൻ മുമ്പൊരു വിശകലനം നടത്തിയത് ഓർമ വരുന്നു.
ജനസംഖ്യ വർധിക്കുന്നത് നല്ലതാണ്. എന്തെന്നാൽ മാൻപവർ വർധിക്കും എന്നായിരുന്നു മാന്യദേഹത്തിന്റെ കണ്ടുപിടിത്തം! ഇന്ത്യയുടെ ഏറ്റവും വലിയ ശാപം ജനസംഖ്യാ വർധനയാണെന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരാൾ ഒരു വിഭാഗത്തിന്റെയും തലപ്പത്തിരിക്കാൻ യോഗ്യനല്ലതന്നെ! ജനസംഖ്യ വർധിക്കുമ്പോൾ ദാരിദ്ര്യമാണ് വർധിക്കുന്നത്.
ദരിദ്രർ വർധിക്കുന്തോറും തങ്ങളുടെ പ്രശ്നപരിഹാരത്തിന് അവർ ദൈവത്തിങ്കലേക്ക് കൂടുതൽ ചായും. ഈ ചാഞ്ഞ ജനതയെ മതത്തിന്റെ പേരിൽ ചൂഷണംചെയ്യാൻ എളുപ്പമാണ്. അധികാരം പിടിച്ചെടുക്കാനും നിലനിർത്താനും മതം ശക്തമായൊരു ഉപകരണമായിത്തീരുന്നത് അങ്ങനെയാണ്. വടക്കേ ഇന്ത്യയിൽ അതാണിപ്പോൾ സംഭവിക്കുന്നത്.
ഗ്രേസി (എഴുത്തുകാരി)
‘മാമ്പഴം’ കവിതയിലെ അമ്മയും കുഞ്ഞും എം.എൻ. വിജയനും എന്ന പി.പി. സത്യന്‍റെ പഠനം (ലക്കം 1469) ആസ്വദിച്ച് വായിച്ചു. വൈലോപ്പിള്ളി ശ്രീധരമേനോന്റെ ‘മാമ്പഴം’ കവിതക്ക് 100 വയസ്സ് തികയുവാൻ ഇനി 10 വർഷം മാത്രം അവശേഷിക്കുന്നു. ആ കവിതയെ മനഃശാസ്ത്രപരമായി അവലോകനം ചെയ്ത് എം.എൻ. വിജയൻ തയാറാക്കിയ പഠനത്തിന് കവിതയെക്കാൾ ഏകദേശം പത്തു വയസ്സിനിളപ്പം.
ചുരുക്കിപ്പറഞ്ഞാൽ ‘മാമ്പഴം’ കവിതയും വിജയൻ മാഷിന്‍റെ പഠനവും മലയാള കാവ്യലോകത്തുദയം ചെയ്തിട്ട് ഇപ്പോൾ മുക്കാൽ നൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. ഇതിനിടയിൽ എത്രയോ തലമുറകൾ ഈ വിഷയം ചർവിതചർവണം ചെയ്തിട്ടുള്ളതാണ്. എങ്കിലും ആസ്വാദക മനസ്സിൽ ആ കവിതയും വിജയൻ മാഷിന്‍റെ പഠനവും (ആ കവിതയുടെ ആസ്വാദനത്തിൽ ഏൽപിച്ച മുറിവും)ഇന്നും അങ്ങനെതന്നെ നിൽക്കുന്നുവെന്നുള്ളതിന് ഉദാഹരണമാണല്ലോ പി.പി. സത്യൻ തയാറാക്കിയ ഈ ലേഖനം. കവിതയുടെയും വിജയൻ മാഷിന്‍റെ പഠനത്തിന്‍റെയും പുനർവായനയാകാം ഇപ്പോൾ ലേഖകനെ ഇതിനു പ്രേരിപ്പിച്ചത്.
1936ൽ എഴുതപ്പെട്ട ‘മാമ്പഴം’ എന്ന ഈ 48 വരി കവിതയോളം ഹൃദയാവർജകമായി മറ്റൊരു 48 വരി കവിത പിൽക്കാലത്ത് മലയാളത്തിൽ എഴുതപ്പെട്ടിട്ടിെല്ലന്നും, ഇത്രത്തോളംതന്നെ പ്രസിദ്ധമായ മറ്റൊരു കവിത ഉണ്ടായിട്ടുണ്ടെന്ന് പറയാവുന്നത് ചങ്ങമ്പുഴയുടെ ‘വാഴക്കുല’ മാത്രമാെണന്നുമാണ് വിജയൻ മാഷിന്‍റെ അഭിപ്രായം. ഇവിടെയാണ് പി.പി. സത്യൻ ‘മാമ്പഴം’ കവിതയിൽ നാർസിസവും ഇഡിപ്പസ് കോംപ്ലക്സും ആരോപിക്കുന്ന വിജയൻ മാഷ് ‘വാഴക്കുല’യിൽ ഓറൽ സെക്സ് അഫിനിറ്റി ആരോപിക്കാത്തതിന്‍റെ കാരണം ആരായുന്നത്.
‘മാമ്പഴം’ കവിതക്ക് ഇത്രയധികം പ്രശസ്തി ഉണ്ടാകാനുള്ള കാരണം മാരാരുടെ വാക്കുകൾ ഉദ്ധരിച്ച് വിജയൻ മാഷ് പറയുന്നുണ്ട് ‘‘കവികൾ വാക്കുകൊണ്ടേൽപിക്കുന്ന അനുഭൂതിക്ക് ഒരിക്കലും മറക്കരുതാത്ത ദാർഢ്യം കിട്ടുന്നത് അവയുടെ കലാത്മകത കൊണ്ടാണ്... മറ്റൊന്നല്ല പ്രസ്തുത കൃതിയിലെ ഈ വരികൾക്കുള്ള മേന്മയും’’ ഇവിടെ കലാത്മകത എന്നത് ഉദാഹരണ സഹിതം മാരാർ പറയാത്തതുകൊണ്ട് വിജയൻ മാഷ് അതിനോട് യോജിക്കുന്നില്ല.
വിജയൻ മാഷിന്‍റെ അഭിപ്രായത്തിൽ ഈ കവിതയുടെ വിജയം കലാത്മകതയല്ല മറിച്ച് മനഃശാസ്ത്രപരതയാണ്. ഈ ആശയം ഭാഗികമായി ശരിയാെണന്നു പറയാം. എങ്ങനെയെന്നാൽ, അമ്മയും കുഞ്ഞും തമ്മിലുള്ള സ്നേഹത്തിന്‍റെ കൊടുക്കൽ വാങ്ങൽ എന്ന യൂനിവേഴ്സൽ ട്രൂത്താണല്ലോ കവിതയിലെ ഇതിവൃത്തം. മഡോണ ആൻഡ് ചൈൽഡ് എന്ന തിയറി! ഇത് ഏതു കലാരൂപത്തിലും കാലദേശഭേദമന്യേ എന്നും ആസ്വാദകശ്രദ്ധ ആകർഷിക്കുന്ന ആശയമാണ്. തീർച്ചയായും ഈ ആശയംതന്നെയാണ് കവിതയുടേയും വിജയത്തിന്‍റെ പ്രധാന ഘടകം എന്നുപറയാതെ വയ്യ.
എന്നാൽ, വിജയൻ മാഷ് മനഃശാസ്ത്രപരം എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഈ തത്ത്വമൊന്നുമല്ല. അതിങ്ങനെയാണ്, ‘മാമ്പഴം’ ഒരമ്മയെയും ഉണ്ണിയെയും വിഷയമാക്കി കവി എഴുതുന്ന വാക്യങ്ങളല്ല. അമ്മയെക്കുറിച്ചുള്ള ഉണ്ണിയുടെ ചിന്തയാണ്. അതൊരാദർശത്തിന്റെ വ്യാഖ്യാനമല്ല, അഭിലാഷത്തിന്റെ പൂരണമാകുന്നു. തന്റെ ആഗ്രഹത്തിനു വിപരീതമായി നിൽക്കുന്ന അമ്മ, തന്റെ മരണത്താൽ പശ്ചാത്താപതപ്തയായി മുന്നിൽ മുട്ടുകുത്തുന്നു എന്ന് അവൻ സങ്കൽപിക്കുന്നു. ഈ സങ്കൽപമാണ് അവന്‍റെ നിർവൃതി. ഈ സങ്കൽപമാണ് അവന്‍റെ വിജയവും. ഈ ബാലഭാവനയുടെ രൂപവത്കരണമായി ‘മാമ്പഴ’ത്തെ വീക്ഷിക്കേണ്ടിയിരിക്കുന്നു. ഇതാണ് വിജയൻ മാഷിന്‍റെ കണ്ടെത്തൽ.
തുടർന്ന് കുട്ടിയുടെ മരണം ആത്മഹത്യയാണെന്നും അത് അമ്മയെ ജയിക്കാൻവേണ്ടി ചെയ്തതാെണന്നും മാമ്പഴം അമ്മയുടെ മുലയാണെന്നും വിജയൻ മാഷ് സ്ഥാപിക്കുന്നു. ഈ ആശയം ആസ്വാദക ഉദരങ്ങളിൽ ഇരുമ്പുലക്കയായി കിടക്കുകയാണ്. ഏറെ ചുക്കുവെള്ളം കുടിച്ചിട്ടും ദഹിച്ചിട്ടില്ല. വിജയൻ മാഷിന്‍റെ നിലപാടുകളോട് നമുക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. ഒരു കൃതി പ്രസിദ്ധീകൃതമായിക്കഴിഞ്ഞാൽ ആസ്വാദകന് അത് ഏതു തലത്തിലും ആസ്വദിക്കാം. എന്നാൽ, വിജയൻ മാഷിന്‍റെ ഈ നിലപാടിനോട് ഹൃദയംകൊണ്ടു ചിന്തിക്കുന്ന മഹാഭൂരിപക്ഷവും വിയോജിക്കുകയാണ് ചെയ്തത്. ‘മാമ്പഴം’ കവിത വൈലോപ്പിള്ളി ശ്രീധരമേനോൻ സ്വന്തം അനുഭവത്തിൽനിന്നും എഴുതിയിട്ടുള്ളതാണെന്ന് അദ്ദേഹത്തിന്‍റെ ജീവചരിത്രകാരനായ രഘുനാഥൻ രേഖപ്പെടുത്തുന്നു.
വൈലോപ്പിള്ളിയുടെ ഏറ്റവും ഇളയ അനുജനായിരുന്ന കൃഷ്ണൻകുട്ടിയാണ് ഈ കവിതയിലെ ബാലൻ. എല്ലാവരുടെയും വാത്സല്യഭാജനമായിരുന്ന ഈ കുഞ്ഞ് അഞ്ചുവയസ്സുള്ളപ്പോൾ അപസ്മാരം ബാധിച്ച് മരിച്ചുപോയി. കവിയെ മാനസികമായി ഏറെ ഉലച്ച സംഭവമായിരുന്നു ഇത്. ഈ സംഭവമാണ് പിന്നീട് മാമ്പഴമായി അവതരിച്ചത്. ആസ്വാദകർ ഉടുപ്പിക്കുന്ന പൊന്നാടകളും പൂമാലകളും ഒക്കെയണിഞ്ഞ്, എല്ലാത്തിനും മൂകസാക്ഷിയായി ആ മാവ് ഇപ്പോഴും വൈലോപ്പിള്ളി തറവാട്ടിൽ നിൽക്കുന്നു. ഏറെ അകലെയല്ലാതെ അനുജന്‍റെ കുഴിമാടവും.
വൈലോപ്പിള്ളിയുടെ ഏറ്റവും അടുത്ത സഹകാരിയും കവിയുടെ കൃതികളെക്കുറിച്ച് ആഴത്തിൽ പഠിച്ചിട്ടുള്ളയാളുമാണ് വിജയൻ മാഷ്. വൈലോപ്പിള്ളിയുടെ ഏറ്റവും വലിയ അഭ്യുദയകാംക്ഷിയും വൈലോപ്പിള്ളി കവിതകളെക്കുറിച്ച് ഏറ്റവുമധികം പ്രഭാഷണങ്ങൾ നടത്തിയിട്ടുള്ള ആളുമാണ്.
പിന്നെ എന്തുകൊണ്ടാകാം അദ്ദേഹം ഇത്തരത്തിൽ ഒരു പഠനം അവതരിപ്പിച്ചത്. എന്റെ നിഗമനത്തിൽ, കൃതികളെ മനഃശാസ്ത്രപരമായി വിശകലനം ചെയ്യുന്ന ഒരു പുതിയ ചിന്താപദ്ധതി നടപ്പാക്കുകയായിരുന്നിരിക്കാം അദ്ദേഹത്തിന്‍റെ ലക്ഷ്യം. വിജയൻ മാഷിന്‍റെ ഈ വിശകലനം വന്നതിനുശേഷം കവിയുമായി മുഖാമുഖം കണ്ടിട്ടുള്ളപ്പോഴൊക്കെ തന്നെ ഈ വിശകലനത്തിൻമേൽ വൈലോപ്പിള്ളിക്കുണ്ടായിരുന്ന അതൃപ്തി വെളിവാക്കിയിട്ടുണ്ടെന്ന് വിജയൻ മാഷ് തന്നെ എഴുതിയിട്ടുണ്ട്. പി.പി. സത്യൻ, വിജയൻ മാഷിനെ ‘പ്രൊക്രുറ്റസി’നോട് ഉപമിച്ചത് ഏറെ ചിരിപ്പിച്ചു. ലേഖകന്‍റെ ധാർമികരോഷം മനസ്സിലാകും. എന്നിരുന്നാലും യഥാർഥത്തിൽ വിമർശകരും നിരൂപകരും പ്രൊക്രുറ്റസുമാരാണോ?
നമുക്ക് അവരുടെ നിലപാടുകളോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. പക്ഷേ, അവർ വിരൽചൂണ്ടുന്ന ദിശകളിൽ നമ്മൾ കണ്ണോടിക്കാതെ പോകാനാകുമോ? കാണാത്ത കാഴ്ചകൾ ചൂണ്ടിക്കാട്ടേണ്ടത് അവരുടെ കടമയല്ലേ? വിജയൻ മാഷും അതു തന്നെയല്ലേ ചെയ്തത്? എന്തുതന്നെയായാലും ‘മാമ്പഴ’വും അതിൻമേലുള്ള പഠനവും വീണ്ടും ചർച്ചാ വിഷയമാക്കിയതിന് പി.പി. സത്യന് അഭിനന്ദനങ്ങൾ.
ബദറുദീൻ എം. കുന്നിക്കോട്
പാട്ടെഴുത്ത്, വ്യക്തി, ചലച്ചിത്രവിശേഷങ്ങളെല്ലാം പങ്കുവെച്ച് ജയരാജ് മിത്ര രണ്ട് ലക്കങ്ങളിലായി (1467, 1468) തയാറാക്കിയ എഴുത്ത് പാട്ടുപ്രേമികളായ ഞങ്ങൾക്കേറെ സന്തോഷം പകർന്നുതന്നു. പരിചയപ്പെടുന്നവരോടെല്ലാം സൗമ്യമായും എളിമയോടുകൂടിയും ഇടപെട്ടിരുന്ന പൂവച്ചലിന്റെ വിയോഗം അകാലത്തിലായിരുന്നു. 1980-85 കാലഘട്ടം ഇദ്ദേഹത്തിന്റെ ജനപ്രിയ ഗാനങ്ങളെക്കൊണ്ട് സമ്പന്നമായിരുന്നു മലയാളനാട്. അടിസ്ഥാനപരമായി കവിയായിരുന്നെങ്കിലും കടിച്ചാൽ പൊട്ടാത്ത വാക്കുകളൊന്നും ഒരിക്കലും ഖാദർ തന്റെ പാട്ടുകളിൽ ചേർത്തുവെച്ചില്ല.
അതുകൊണ്ടുകൂടിയാണ് ആകാശവാണിയുടെ പല നിലയങ്ങളിലും ഇന്നും ചലച്ചിത്രഗാന പ്രക്ഷേപണങ്ങളിൽ സാധാരണ ശ്രോതാക്കൾ പൂവച്ചൽ ഖാദർ രചിച്ച പാട്ടുകൾ പലപ്പോഴും ചോദിച്ചുകൊണ്ടിരിക്കുന്നത്. കോഴിക്കോടൻ സൗഹൃദത്തിന്റെ ഓർമകളിലാണ് അദ്ദേഹം യേശുദാസ് പാടിയ ഒരു പാട്ട് ഇങ്ങനെ തുടങ്ങിയത് ‘‘കോഴിക്കോട്ടൊരു കോയ പണ്ടൊരു പെണ്ണ് കാണാൻ പോയി ഖത്തറിൽ നിന്നും കൊണ്ടുവന്നോരത്തറ് മെയ്യിൽ പൂശി...’’ (ചിത്രം: ഒരു തരം രണ്ടു തരം മൂന്നുതരം. സംഗീതം: എസ്.പി. വെങ്കിടേശ്)
മലയാള സിനിമയിൽ വന്ന മുസ്ലിം ഭക്തിഗാനങ്ങളിൽ തലയെടുപ്പോടെ നിൽക്കുന്ന പാട്ടാണ് ശ്രീനി സംവിധാനം ചെയ്ത ‘പതിനാലാം രാവ്’ എന്ന സിനിമക്ക് വേണ്ടിയെഴുതിയ ‘‘അഹദോന്റെ തിരുനാമം മൊളിന്തിന്റെ സമയത്ത്...’’ നിലമ്പൂർ ഷാജി എന്ന ഗായകന്റെ പുതിയ സ്വരവും കെ. രാഘവൻ മാഷിന്റെ ഈണവുംകൊണ്ട് പ്രിയപ്പെട്ടതാണ്.
കോഴിക്കോട് ആകാശവാണിയിലെ ജനകീയ അവതാരകനായിരുന്ന രാഘവൻ മാഷിന്റെ മകൻ കനകാംബരൻ സിനിമക്ക് വേണ്ടി പാടിയപ്പോഴും പൂവച്ചൽ ഖാദർ ആയിരുന്നു വരികളെഴുതിയത്. ‘തീരാത്തബന്ധങ്ങൾ’ എന്ന സിനിമയിലെ ‘‘എടി, എന്തെടി രാജമ്മേ.. ഞാൻ പറഞ്ഞതെന്തായീ’’ ഒരു തമാശ പാട്ടായിരുന്നു. എസ്. ജാനകിയായിരുന്നു കൂടെ പാടിയത്.
സംവിധായകൻ രാജസേനൻ സംഗീതം പകർന്ന് യേശുദാസ് ചിത്ര എന്നിവർ ചേർന്നു പാടിയ ‘‘പാടുമൊരു കിളിയായി മാനസം...’’ അതിമനോഹരമായ പാട്ടാണ് (ചിത്രം: ഒന്ന് രണ്ട് മൂന്ന് ) അങ്ങനെയങ്ങനെ ധാരാളം വൈവിധ്യമാർന്ന പാട്ടുകൾക്ക് തൂലിക ചലിപ്പിച്ച പൂവച്ചൽ ഖാദർ ഒരിക്കലും ഗാനാസ്വാദകരുടെ മനസ്സിൽനിന്ന് മായുന്നില്ല.
കെ.പി. മുഹമ്മദ് ഷെരീഫ് കാപ്പ്, പെരിന്തൽമണ്ണ
വിജു വി. നായരുടെ ‘ഒറ്റാലും തെറ്റാലിയും’ പംക്തിയിലെ ‘(അ)വിരാമം’ എന്ന അധ്യായം മരണത്തിന്റെ ഭൗതികതയെയും ദാർശനികതയെയും പറ്റി ഗൗരവതരമായ ചില ചർച്ചകൾക്ക് വഴിതുറക്കുന്നുണ്ട്. എങ്കിലും, ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ചില നിഗമനങ്ങൾ പ്രായോഗികമായ മനുഷ്യാനുഭവങ്ങളുമായി ഒത്തുപോകുന്നില്ല എന്ന് പറയാതെ വയ്യ.
മരണബോധമല്ല, ജീവനതൃഷ്ണയാണ് കാതൽ: മരണം എന്നൊരു ‘ഡെഡ്‌ലൈൻ’ ഉള്ളതുകൊണ്ടാണ് മനുഷ്യൻ ഓരോ നിമിഷവും തീവ്രതയോടെ ജീവിക്കുന്നത് എന്ന ലേഖകന്റെ വാദം കേൾക്കാൻ രസമുണ്ടെങ്കിലും വസ്തുതാപരമായി അതിൽ പാണ്ഡിത്യപരമായൊരു വിടവുണ്ട്. സാധാരണ മനുഷ്യൻ തന്റെ ദൈനംദിന ജീവിതത്തിൽ മരണത്തെ ഒരു പ്രേരണയായി ഒരിക്കലും കാണുന്നില്ല. നേരെമറിച്ച്, താൻ ഒരിക്കലും മരിക്കില്ല എന്ന അബോധപൂർവമായ വിശ്വാസത്തിലാണ് ഓരോ മനുഷ്യനും പ്രവർത്തിക്കുന്നത്.
ആയിരം കൊല്ലം ആയുസ്സുണ്ടെങ്കിൽ മനുഷ്യൻ നിഷ്ക്രിയനാകുമെന്ന ലേഖകന്റെ നിരീക്ഷണം ദുർബലമാണ്. മനുഷ്യന്റെ ജിജ്ഞാസയും സർഗാത്മകതയും മരണഭയത്തിൽനിന്ന് ഉണ്ടാകുന്നതല്ല. ആയിരം കൊല്ലം ജീവിക്കുന്ന ഒരാൾക്ക് ആയിരം തരം അനുഭവങ്ങൾ തേടാനുള്ള തൃഷ്ണയുണ്ടാകും. കാലമല്ല, താൽപര്യങ്ങളാണ് മനുഷ്യനെ കർമനിരതനാക്കുന്നത്.
ലേഖകൻ പറയുന്നതുപോലെ മരണത്തെ ഓർത്ത് ഓരോ നിമിഷവും വിലമതിച്ച് ജീവിക്കുന്നവർ വിരളമാണ്. യഥാർഥത്തിൽ, മരണത്തെക്കുറിച്ച് ചിന്തിക്കാതിരിക്കാനുള്ള കഴിവാണ് മനുഷ്യനെ സമാധാനത്തോടെ ജീവിക്കാൻ സഹായിക്കുന്നത്. മരണത്തെ നിരന്തരം ഓർത്തുകൊണ്ട് ഒരാൾക്ക് സാധാരണ ജീവിതം നയിക്കാൻ സാധ്യമല്ല.
ബോധത്തിന്റെ മരണം: മസ്തിഷ്ക മരണം സംഭവിച്ചാൽ ജീവിതം അവസാനിക്കുന്നു എന്ന് ലേഖകൻ ശാസ്ത്രീയമായി പറയുന്നുണ്ടെങ്കിലും, ഈ ‘ബോധം’ നിലനിൽക്കുന്ന കാലത്തോളം അത് മരണത്തെ ഒരു ശത്രുവായോ പരിധിയായോ കാണുന്നില്ല. മരണം തനിക്കു സംഭവിക്കില്ലെന്ന മട്ടിലുള്ള മനുഷ്യന്റെ ഈ ‘അഭിനയം’ തന്നെയാണ് ജീവിതത്തിന്റെ യഥാർഥ സൗന്ദര്യം. അത് തിരിച്ചറിയുന്നതിൽ ലേഖകൻ പരാജയപ്പെടുന്നു.
മരണം ജീവിതത്തിന് അർഥം നൽകുന്നു എന്ന കുഞ്ചൻ നമ്പ്യാരുടെയും റിൽകെയുടെയും വരികൾ ഉദ്ധരിക്കുമ്പോഴും, സാധാരണ മനുഷ്യന്റെ ‘ജീവന സഹജാവബോധത്തെ’ വിസ്മരിക്കുന്നത് വലിയൊരു പാളിച്ചയാണ്. മരണം ജീവിതത്തിന് തീവ്രത നൽകുന്നു എന്നത് ഒരു കവി ആശയമോ ദാർശനിക വ്യായാമമോ മാത്രമാണ്. യഥാർഥത്തിൽ, മരണം എന്ന മഹാസത്യത്തെ ബോധപൂർവം വിസ്മരിച്ചുകൊണ്ട് ഓരോ നിമിഷവും ആഘോഷമാക്കുന്നതാണ് മനുഷ്യന്റെ ഏറ്റവും വലിയ വിജയം. ഈ പ്രായോഗിക സത്യത്തെ അഭിസംബോധന ചെയ്യാതെ പോയി എന്നതാണ് വിജു വി. നായരുടെ ഈ ലേഖനത്തിന്റെ പരിമിതി.
ശിഖ മോഹൻദാസ് (എഴുത്തുകാരൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.