എഴുത്തുകുത്ത്​

കമ്യൂണിസ്റ്റ് പാർട്ടി ചെയ്തത് വലിയ തെറ്റ്

ഡോ. അജയകുമാർ കോടോത്തിന്‍റെ രാഷ്ട്രീയ വിശകലന ലേഖനം (ലക്കം 1459) അതിന്‍റെ സമഗ്രതകൊണ്ട് ശ്രദ്ധേയമാണ്. സ്വാതന്ത്ര്യം നേടിയ ഇന്ത്യയിൽ ജവഹർലാൽ നെഹ്റുവിന്‍റെ മന്ത്രിസഭയോടും പൊതുവേ കോൺഗ്രസിനോടും ഇവിടത്തെ കമ്യൂണിസ്റ്റ് പാർട്ടി എടുക്കേണ്ടിയിരുന്ന നിലപാട് എന്താണെന്ന് ഡോ. അജയകുമാർ കൃത്യമായി വിലയിരുത്തുന്നു.

സമൂഹത്തിന്‍റെ സമസ്ത മേഖലകളിലും ദരിദ്രമായിരുന്ന ഒരു ഇന്ത്യയെ എങ്ങനെയാണ് വളരെ മതേതരവും ശാസ്ത്രീയവും ഇടതുപക്ഷവും ആയ വഴികളിലൂടെ നെഹ്റുവും സഹപ്രവർത്തകരും ഉയർത്തിക്കൊണ്ടുവന്നത് എന്നത് ചരിത്രം. ആ നെഹ്റുവിനെയും ഗാന്ധിജിയെയുമൊന്നും അംഗീകരിക്കാത്ത നിലപാടെടുത്ത കമ്യൂണിസ്റ്റ് പാർട്ടി വലിയ തെറ്റാണ് ചെയ്തത്. ഇന്ത്യൻ നാഷനൽ കോൺഗ്രസും ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയും ഒരുമിച്ചു നിന്നിരുന്നെങ്കിൽ ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര ചരിത്രം തീർച്ചയായും മറ്റൊന്നാകുമായിരുന്നു.

കമ്യൂണിസ്റ്റ് പാർട്ടികൾക്ക് വന്ന അപചയം ഡോ. അജയകുമാർ വളരെ വേദനയോടെ അവതരിപ്പിക്കുന്നുണ്ട്. കൂടുതൽ കൂടുതൽ ജനാധിപത്യവത്കരിക്കുന്നതിന് പകരം ലെനിനിസ്റ്റ് തത്ത്വം എന്നൊക്കെ പറഞ്ഞ് പാർട്ടി ഭാരവാഹികളിലേക്ക് മുഴുവൻ അധികാരവും ആവാഹിച്ചുവെച്ചതാണ്, അതുവഴി കർഷക തൊഴിലാളി വർഗങ്ങളെ അകലേക്ക് മാറ്റിനിർത്തിയതാണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് പറ്റിയ വലിയ തെറ്റ്. അത് ഇന്നും ആവർത്തിക്കുന്നു.

കഴിഞ്ഞ 25 വർഷംകൊണ്ട് കമ്യൂണിസ്റ്റ് പാർട്ടികൾ പരമാവധി ജനകീയ ജനാധിപത്യത്തിൽനിന്ന് അകലുകയും വ്യക്തികേന്ദ്രീകൃതമോ ഭാരവാഹിത്വ കേന്ദ്രീകൃതമോ ആയ ഒരു അധികാര വ്യവസ്ഥയിൽ അഭിരമിക്കുന്ന രീതി കൈവരിക്കുകയും ചെയ്തിട്ടുണ്ട്.

ജനാധിപത്യവത്കരിക്കുക എന്നതല്ലാതെ മറ്റൊരു മരുന്നില്ലാ എന്ന് ഡോ. അജയകുമാർ ആവർത്തിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ഇന്ത്യയിലെ വിവിധ കമ്യൂണിസ്റ്റ് പാർട്ടികളുടെ ഐക്യവും വളരെ പ്രധാനപ്പെട്ട കാര്യമാണ്. നേതാക്കന്മാരുടെ കടുംപിടിത്തമാണ് വാസ്തവത്തിൽ അത് അസാധ്യമാക്കുന്നത്; പ്രത്യേകിച്ച് സി.പി.എമ്മിലെ നേതാക്കളുടെ. ഈ ലേഖനം കമ്യൂണിസ്റ്റ് പാർട്ടികളുടെ നേതാക്കന്മാർ വായിച്ചിട്ട് എന്തെങ്കിലും പ്രയോജനം ഉണ്ടാകുമെന്ന് തോന്നുന്നില്ല. അണികൾ വായിക്കട്ടെ. അവർ വിലയിരുത്തട്ടെ.

വി.എസ്. അനിൽകുമാർ, മരുതംമുക്ക് -കണ്ണൂർ

പ്രകൃതിയും മരണബോധവും: ‘ജമന്തി’യിൽ

പുതുവർഷപ്പതിപ്പിൽ (ലക്കം 1454-55) പ്രസിദ്ധീകരിച്ച ശ്രീജിത് കൊന്നോളിയുടെ ‘ജമന്തി’ മലയാള ചെറുകഥാ സാഹിത്യത്തിൽ വളരെ കുറച്ചുപേർ മാത്രം കൈകാര്യംചെയ്ത വിഷയത്തെ പ്രമേയമാക്കുന്നു. മരണമെന്ന ശാശ്വത സത്യത്തെ ഇത്രത്തോളം ഇന്ദ്രിയാനുഭൂതികളുമായി ചേർത്തുനിർത്തിയ കഥകൾ കുറവാണ്. ‘ജമന്തി’ കേവലം ഒരു വ്യക്തിയുടെ മരണഭയത്തിന്റെ ചിത്രീകരണമല്ല, മറിച്ച് ജീവിതത്തിന്റെ അർഥശൂന്യതയെയും പ്രകൃതിയുടെ നിഗൂഢമായ ആവർത്തനചക്രത്തെയും കുറിച്ചുള്ള വലിയൊരു ദർശനമാണ്.

മരണം സംഭവിക്കുന്നതിനെക്കാൾ, മരണം മനുഷ്യബോധത്തിലേക്ക് കടന്നുവരുന്ന നിമിഷമാണ് ഈ കഥയുടെ യഥാർഥ വിഷയമാകുന്നത്. ശ്രീധരന്റെ അനുഭവങ്ങളിലൂടെ, ശരീരത്തിന്റെ അന്ത്യത്തേക്കാൾ ഭയാനകമായ ഒന്നിനെ –അർഥം നഷ്ടപ്പെടുന്ന അവസ്ഥയെ –കഥ തുറന്നുകാട്ടുന്നു. അതുകൊണ്ടുതന്നെ ‘ജമന്തി’ സമകാലിക മലയാള സാഹിത്യത്തിൽ ഒരു അസ്തിത്വപരവും ദാർശനികവുമായ രചനയായി നിലകൊള്ളുന്നു.

പരമ്പരാഗത കഥകളിൽ മരണം ഒരു സമാപനമാണെങ്കിൽ ഇവിടെ അതൊരു ചോദ്യമാണ് –ജീവിതം എന്തായിരുന്നു? ഓർമകൾ ഇല്ലാതാകുമ്പോൾ മനുഷ്യൻ ആരാണ്? ഇവിടെ മരണം ഒരു സംഭവമായിട്ടല്ല, ബോധാവസ്ഥയായി മാറുന്നു. ശരീരമരണത്തേക്കാൾ മുമ്പ് നടക്കുന്ന അസ്തിത്വമരണമാണ് കഥയുടെ പ്രമേയം.

ഈ കഥയിലെ കേന്ദ്രബിംബം ജമന്തിപ്പൂവാണ്. സാധാരണയായി മംഗളകർമങ്ങൾക്കും അലങ്കാരങ്ങൾക്കും ഉപയോഗിക്കുന്ന ഈ പുഷ്പം, ശ്രീധരൻ എന്ന കഥാപാത്രത്തിന്റെ ബോധമണ്ഡലത്തിൽ ഭീതിയുടെ പര്യായമായി മാറുന്നു. ഷർട്ടിന്റെ പോക്കറ്റിൽ വെച്ച പൂവ് ഉണ്ടാക്കുന്ന കറ, മായ്ക്കാനാവാത്ത മരണത്തിന്റെ മുദ്രയാണ്. ഗന്ധമില്ലാത്ത ജമന്തിപ്പൂവിന് മരണത്തിന്റെ തണുപ്പും ഏകാന്തതയുമുണ്ടെന്ന് കഥാകൃത്ത് സ്ഥാപിക്കുന്നു. ഇത് വായനക്കാരന്റെ ഉള്ളിൽ ഒരുതരം ‘സിനസ്തീഷ്യ’ സൃഷ്ടിക്കുന്നു; മഞ്ഞനിറം ഇവിടെ ഒരു കാഴ്ചയല്ല, മറിച്ച് ഭയത്തിന്റെ ഒരു ഗന്ധമായി മാറുന്നു. മലയാള സാംസ്കാരികബോധത്തിൽ മഞ്ഞ ക്ഷയത്തിന്റെയും ജീർണതയുടെയും മരണത്തിന്റെയും സൂചനയാണ്. ‘ജമന്തി’യിലെ മഞ്ഞ തിളങ്ങുന്നില്ല, ഉന്മേഷം നൽകുന്നില്ല; മറിച്ച് പതുക്കെ പടരുന്ന അസ്വസ്ഥതയായി വായനക്കാരന്റെ മനസ്സിൽ പതിയുന്നു. ശ്രീധരന്റെ ഭയം വാക്കുകളായി പറയപ്പെടുന്നില്ല, വർണമായി അനുഭവിപ്പിക്കപ്പെടുന്നു. വർണം തന്നെ കഥയുടെ ഭാഷയായി മാറുന്ന അപൂർവ സാന്ദ്രതയാണ് ഇവിടെ കാണുന്നത്.

‘ജമന്തി’യെ ലോകോത്തര കൃതികളുമായി ചേർത്തു വായിക്കുമ്പോൾ കഥയുടെ ആഴം വർധിക്കുന്നു. ടോൾസ്റ്റോയിയുടെ ‘ഇവാൻ ഇല്ലിച്ചിന്റെ മരണം’ എന്ന കൃതിയിലെ ഇവാൻ ഇല്ലിച്ചിനെപ്പോലെ ശ്രീധരനും തന്റെ മരണത്തെ ഒരു അധിനിവേശമായി കാണുന്നു. തന്റെ ശരീരത്തിലെ നരയിലും ചുളിവുകളിലും അയാൾ ഒരു ‘കിഴവനെ’ കാണുന്നത് ഇവാൻ ഇല്ലിച്ചിന്റെ ശാരീരിക വേദനക്ക് തുല്യമാണ്. ഇരുവരും നേരിടുന്നത് ‘അസ്തിത്വപരമായ ഏകാന്തത’യാണ്. തന്റെ ഭയം പങ്കുവെക്കാൻ പത്മിനി അരികിലുണ്ടെങ്കിലും ശ്രീധരൻ തന്റെ ഹെൽമെറ്റിനുള്ളിലെ നിശ്ശബ്ദതയിൽ ഒറ്റപ്പെട്ടുപോവുകയാണ്. താരാശങ്കർ ബാനർജിയുടെ ‘ആരോഗ്യനികേതനം’ എന്ന നോവലിലെ ജീവൻമശായ്ക്ക് മരണം ഒരു പ്രവചനകലയും ജീവിതത്തിന്റെ പൂർത്തീകരണവുമാണ്. എന്നാൽ, ശ്രീധരന് അതൊരു ഭ്രമാത്മകമായ അനുഭവമാണ്. ‘ആരോഗ്യനികേതനം’ മരണത്തെ അറിവിലൂടെ കീഴടക്കാൻ ശ്രമിക്കുമ്പോൾ, ‘ജമന്തി’ മരണത്തെ പ്രകൃതിയിലൂടെ സ്വീകരിക്കാൻ പഠിപ്പിക്കുന്നു.

കഥയിലെ ഉറുമ്പുകളുടെ യാത്ര ശ്രദ്ധേയമായ ഒരു ദർശനമാണ്. പലവഴികളിലൂടെ സഞ്ചരിക്കുന്ന ഉറുമ്പുകൾ റീത്തിനടുത്തെത്തുമ്പോൾ ഒറ്റവരിയായി മാറുന്നത്, വൈവിധ്യമാർന്ന ജീവിതാനുഭവങ്ങൾക്കൊടുവിൽ മനുഷ്യൻ മരണമെന്ന ‘ഒറ്റവാതിലിൽ’ എത്തുന്നതിനെ സൂചിപ്പിക്കുന്നു. ജീവിതം എന്നത് മരണത്തിലേക്കുള്ള ഒറ്റവരി യാത്രയാണ് എന്ന കഥയുടെ ഏറ്റവും ആഴമേറിയ പാഠം ഇവിടെ ദൃശ്യരൂപം കൈവരിക്കുന്നു.

ചത്ത നായുടെ നഖങ്ങളിൽ കുടുങ്ങിയ ജമന്തിയിതൾ, മരണം അദൃശ്യമായി നമ്മെ പിന്തുടരുന്നു എന്നതിന്റെ തെളിവാണ്. നായുടെ യാദൃച്ഛിക മരണം, നിഷ്കളങ്കമായ ജീവൻ പെട്ടെന്ന് അവസാനിക്കുന്നതിന്റെ ദൃശ്യമാണ്; മരണം ദൂരെയല്ല, അപ്രതീക്ഷിതമായി ഏത് നിമിഷവും സംഭവിക്കാവുന്ന ഒന്നാണെന്ന് ഇത് ശ്രീധരനെ ഓർമിപ്പിക്കുന്നു. കഥയുടെ ആഖ്യാനം അതിരൂക്ഷമായ സംഭവവികാസങ്ങൾ ഒഴിവാക്കി നിശ്ശബ്ദതക്കും ഓർമകൾക്കും അസ്വസ്ഥമായ അനുഭവങ്ങൾക്കും കൂടുതൽ ഇടം നൽകുന്നു. ഉറക്കമില്ലായ്മയും ഓർമകളുടെ ആക്രമണവും യാഥാർഥ്യവും ഭ്രമവും തമ്മിലുള്ള അതിരുകൾ മങ്ങുന്നതും ചേർന്ന് ‘ജമന്തി’യെ മരണബോധത്തിന്റെ മനശ്ശാസ്ത്രപഠനമാക്കി മാറ്റുന്നു.

കഥയിലെ മരണവീട്ടു ചടങ്ങുകളും ഔപചാരിക ദുഃഖവും സാമൂഹിക നാടകങ്ങളായി അവതരിപ്പിക്കപ്പെടുന്നു. സമൂഹം മരണത്തെ നേരിടുന്നില്ല, മറിച്ച് അതിനെ നിയന്ത്രിക്കുകയും രൂപകൽപന ചെയ്യുകയുംചെയ്യുന്നു. ശ്രീധരൻ ഈ നാടകത്തിൽ പൂർണമായി പങ്കെടുക്കാൻ കഴിയാത്ത വ്യക്തിയാണ്. അവന്റെ ഒറ്റപ്പെടൽ സാമൂഹികം മാത്രമല്ല, അസ്തിത്വപരംകൂടിയാണ്.

കഥയുടെ തുടക്കത്തിൽ ജമന്തിച്ചെടികൾ ആക്രോശത്തോടെ പിഴുതെറിയുന്ന ശ്രീധരൻ, അവസാനം ആയിരക്കണക്കിന് ചിത്രശലഭങ്ങളാൽ പൊതിയപ്പെട്ട് ജമന്തിക്കാട്ടിലേക്ക് നടന്നുപോകുന്നു. ചിത്രശലഭങ്ങൾ ആത്മാവിന്റെയും പരിവർത്തനത്തിന്റെയും സൗന്ദര്യത്തിന്റെയും പ്രതീകങ്ങളാണ്. ഭയപ്പെട്ടിരുന്ന അതേ മഞ്ഞനിറത്തിലേക്ക് അയാൾ അലിഞ്ഞുചേരുന്നു. ഇവിടെ മരണം ഒരു പരാജയമല്ല, മറിച്ച് പ്രകൃതിയുടെ വലിയൊരു ലയനമാണ്. ‘അഹം’ (Ego) ഇല്ലാതാകുന്നതോടെ മരണഭയം ഇല്ലാതാകുന്നു എന്ന അദ്വൈത ദർശനമാണ് ഇവിടെ തെളിയുന്നത്. പത്മിനിയുടെ ആലിംഗനം ഒരു താൽക്കാലിക ആശ്വാസമാണെങ്കിലും അതൊരു അന്തിമപരിഹാരമല്ല. ശലഭങ്ങൾ ശ്രീധരനെ ആനയിക്കുന്ന ദൃശ്യത്തിൽ മരണത്തോടുള്ള സമർപ്പണമോ അർഥശൂന്യതയെ അംഗീകരിക്കുന്ന അവസ്ഥയോ അടങ്ങിയിരിക്കുന്നു. ഉത്തരം ഇല്ലായ്മതന്നെയാണ് കഥയുടെ ദാർശനിക ശക്തി.

എഴുത്തുകാരൻ ‘ജമന്തി’യിലൂടെ നിർമിച്ചെടുക്കുന്നത് മരണത്തിന്റെ ഒരു നവീന സൗന്ദര്യശാസ്ത്രമാണ്. പത്മിനിയുടെ സ്നിഗ്ധമായ ദാമ്പത്യം ഒരു വശത്തും, മരണത്തിന്റെ തണുത്ത വിരലുകൾ മറുവശത്തും നിൽക്കുമ്പോൾ ജീവിതം എന്നത് ഈ രണ്ടു ധ്രുവങ്ങൾക്കിടയിലുള്ള ഒരു ഊഞ്ഞാലാട്ടമാണെന്ന് കഥ നമ്മെ ബോധ്യപ്പെടുത്തുന്നു. ഭാഷയിലെ ദൃശ്യാത്മകതയും ദാർശനികമായ ഗാംഭീര്യവും ‘ജമന്തി’യെ മലയാളത്തിലെ എക്കാലത്തെയും മികച്ച കഥകളിലൊന്നായി മാറ്റുന്നു.

മരണം അർഥം നൽകുന്നില്ലെങ്കിൽ ജീവിതത്തിന് അർഥം എവിടെയാണെന്ന് ഈ കഥ ചോദിക്കുന്നു. അതുകൊണ്ടുതന്നെ ‘ജമന്തി’ വായിച്ചുതീരുന്ന കഥയല്ല; വായിച്ചശേഷം വായനക്കാരനിൽ തുടർന്നുനിൽക്കുന്ന ഒരു അസ്തിത്വാനുഭവമായി മാറുന്ന ഒന്നാണ്. മരണം പരാജയമല്ല, അത് ജീവിതത്തിന്റെ അനിവാര്യമായ അവസാനമാണ് എന്ന തിരിച്ചറിവിലേക്കുള്ള ഒരു നിശ്ശബ്ദ യാത്രയാണ്. ആ യാത്രയെക്കുറിച്ചുള്ള ബോധം തന്നെയാണ് മനുഷ്യനെ വേദനിപ്പിക്കുന്നത് എന്ന സത്യം, ‘ജമന്തി’ വായനക്കാരന്റെ ഉള്ളിൽ ദീർഘകാലം നിലനിൽക്കുന്ന ഒരു ദാർശനിക അസ്വസ്ഥതയായി മാറ്റുന്നു.

താജ്മൻസൂർ ടി, പിണങ്ങോട്

മലയാള ഭാഷക്ക് പദങ്ങൾ കൊരുത്ത് മാല ചാർത്തുന്ന ലീലാവതി ടീച്ചർ

ഡോ. എം. ലീലാവതി ടീച്ചറുമായി ആഴ്ചപ്പതിപ്പിൽ (ലക്കം 1457) ഡോ. രതി മേനോൻ നടത്തിയ സംഭാഷണവും ഡോ. സുമി ജോയി ഓലിയപ്പുറം എഴുതിയ ലേഖനവും ടീച്ചറുടെ സാഹിത്യലോകത്തേക്ക് വെളിച്ചം വീശുന്നതായി. ഈ പ്രായത്തിലും ചിന്തിക്കുകയും എഴുതുകയും ചെയ്യുന്ന ലീലാവതി ടീച്ചർ മലയാളത്തിന്‍റെ പുണ്യമാണ്.

ഒരു സ്ത്രീയുടെ ജീവിതം ജീവിച്ചു കൊണ്ട് ഒട്ടേറെ പ്രബന്ധങ്ങളും ജീവചരിത്രക്കുറിപ്പുകളും എഴുതിയ ടീച്ചർ വായനക്കാരുടെ സംവേദന ലോകത്തെ സാന്ദ്രമാക്കുന്നു. കെ.പി. അപ്പൻ എഴുതുന്നു -കവിതയിലാണ് ടീച്ചറുടെ ത്രിൽ. മലയാള കാവ്യ സാഹിത്യത്തിലെ മുത്തും പവിഴവും മനഃശാസ്ത്ര തലങ്ങളും സാമൂഹിക ധ്വനിയും ശാന്തി സമാധാന ഗുണങ്ങളും നിർധാരണംചെയ്യുന്ന ടീച്ചറുടെ ലേഖനങ്ങൾ സൗഹൃദയരുടെ ആന്തര ലോകത്തെ സമൃദ്ധമാക്കുന്നു. ഫെമിനിസവുമായി ബന്ധം പൂണ്ടു നിൽക്കുന്ന രോഗ ചിന്തകൾ അവരിലില്ല. സ്ത്രീ സ്വാതന്ത്ര്യവും ധർമപാലനവും ഒരു നാണയത്തിന്‍റെ ഇരു വശങ്ങളാണെന്നും ആ ചിന്തക‍ൾ വ്യക്തമാക്കുന്നു.

ഈ കത്തെഴുതുന്ന ആൾക്ക് കവിതയെ, കവിതയുടെ ആന്തര ലോകത്തെ ആസ്വദിക്കാൻ പ്രാപ്തമാക്കിയത് ആ കാവ്യനിരൂപക ഗ്രന്ഥങ്ങളാണ്. താണ്ഡവതാളം പോലെ ഒഴുകുന്ന ആ ഭാഷയുടെ ലാവണ്യവും സുഗന്ധവും വായനക്കാരിൽ നിറയുന്നു. ശുദ്ധ മലയാളത്തിന്‍റെ രക്തക്കൊഴുപ്പ് ആ ഭാഷയിലുണ്ട്.

സുഭാഷ് ചാർവാകൻ, കൂത്താട്ടുകുളം

തിരിച്ചറിവുകളുടെ വാതിൽ തുറക്കപ്പെടുന്ന കാത്തിരിപ്പ്

‘ഒറ്റാലും തെറ്റാലിയും’ എന്ന തന്റെ പംക്തിയിൽ വിജു വി. നായർ എഴുതിയ ‘വേഴാമ്പൽ’ എന്ന ലേഖനം (ലക്കം 1459 ) വായിച്ചപ്പോൾ തോന്നിയതാണ് ഇവിടെ കുറിക്കുന്നത്. കാത്തിരിപ്പ് പലപ്പോഴും ഒരു ശൂന്യതയായി നമ്മൾ തെറ്റിദ്ധരിക്കുന്നു. എന്നാൽ, അത് സ്വയം ശ്രദ്ധിക്കപ്പെടുമ്പോൾ, അതീവ സൂക്ഷ്മമായ തിരിച്ചറിവുകളുടെ വാതിൽ തുറക്കപ്പെടുകയാണെന്ന് നമുക്ക് മനസ്സിലാകും.

കാത്തിരിക്കുന്ന നിമിഷങ്ങളിൽ നാം പുറത്തേക്ക് നോക്കാതെ അകത്തേക്ക് തിരിയുകയാണ്. അപ്പോൾ വെളിപ്പെടുന്നത് നമ്മുടെ ക്ഷമയുടെ അതിരുകൾ, ഭയങ്ങളുടെ ഉറവുകൾ, പ്രതീക്ഷകളുടെ യഥാർഥ രൂപം എന്നിവയാണ്. സമയം മുന്നോട്ടു പോകുമ്പോൾ, ആ മൗനം നമ്മെ പഠിപ്പിക്കുന്നത് നമ്മുടെ അകത്തളത്തിലെ അസ്ഥിരതയും ഉറപ്പും ഒരുപോലെ തിരിച്ചറിയാൻ കഴിയുന്ന ഒരു വെളിച്ചത്തെപ്പറ്റിയാണ്.

പ്രതീക്ഷിച്ച ലക്ഷ്യങ്ങളിലേക്കുള്ള യാത്രക്കിടയിൽതന്നെ ജീവിതം സംഭവിച്ചുകൊണ്ടിരിക്കുന്നു. പ്രതീക്ഷകൾ നമ്മെ എവിടെയെത്തിക്കും എന്നതിലുപരി, അവ നമ്മെ എങ്ങനെ രൂപപ്പെടുത്തുന്നു എന്നതാണ് നിർണായകം. എന്തിനെ കാത്തിരിക്കുന്നു, എത്രമാത്രം കാത്തിരിക്കുന്നു, അതിനിടെ നാം നമ്മളെ എങ്ങനെ കാണുന്നു –ഇവയിലൂടെയാണ് നമ്മുടെ വ്യക്തിത്വം പതുക്കെ രേഖപ്പെടുത്തപ്പെടുന്നത്. അങ്ങനെ, പ്രതീക്ഷിതങ്ങൾ നിറവേറുമ്പോൾ മാത്രമല്ല, അവ നിറവേറാത്ത ഇടവേളകളിലൂടെയും നമ്മൾ നമ്മളെ കണ്ടെത്തുകയാണ്.

കിഴുമുണ്ടയൂർ നാരായണൻ, പേരാമംഗലം

Tags:    
News Summary - letters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.