മനുഷ്യമനസ്സിന്റെ സങ്കീർണമായ അടരുകളെ, പ്രത്യേകിച്ച് മാനസികാഘാതത്തിന് ഇരയായ ഒരു സ്ത്രീയുടെ ആന്തരികലോകത്തെ അതീവ ഗൗരവത്തോടെ സമീപിക്കുന്ന കഥയാണ് സലിൻ മാങ്കുഴിയുടെ ‘മഹാമായ’ (ലക്കം 1466). വെറുമൊരു ഗർഭകാല വിവരണത്തിനപ്പുറം, കുറ്റബോധവും (Guilt) നൈരാശ്യവും ഒരു വ്യക്തിയെ എങ്ങനെയെല്ലാം വിഭ്രാന്തിയിലാക്കുന്നു എന്ന് കഥാകൃത്ത് ഇതിൽ വരച്ചുകാട്ടുന്നു. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡറും (PTSD) വിഭ്രാന്തികളും സൈദ്ധാന്തികതയില്‍നിന്ന് കഥയിലേക്ക് വന്നുചേരുന്നത് കലാപരമായിതന്നെയാണ്.
കഥയിലെ നായികയായ മായ അനുഭവിക്കുന്നത് ഇത്തരത്തില്‍ ഗുരുതരമായ മാനസികാഘാതമാണ്. ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന കുറ്റം അവളുടെ ഉപബോധമനസ്സിനെ നിരന്തരം വേട്ടയാടുന്നുണ്ട്. ജയിലിലെ ശിക്ഷാകാലത്തിന് ശേഷവും മാനസികമായി അവൾ ഇപ്പോഴും ആ ഇരുണ്ട ലോകത്താണ് കഴിയുന്നത്. ചുറ്റുമുള്ള ശബ്ദങ്ങൾ അസഹ്യമായി തോന്നുന്നതും, നിറങ്ങളെ വെറുക്കുന്നതും, താൻ ഇപ്പോഴും ഗർഭിണിയാണെന്ന് വിശ്വസിക്കുന്നതും (Pseudocyesis/Delusion) അവളുടെ മനസ്സ് നേരിടുന്ന ആഘാതത്തിന്റെ ലക്ഷണങ്ങളാണ്. മിഥ്യാബോധവും യാഥാർഥ്യത്തിൽനിന്നുള്ള പലായനവും കഥയുടെ മനഃശാസ്ത്രപരമായ പരിച്ഛേദങ്ങളായി മാറുന്നു.
മായ തന്റെ നഷ്ടപ്പെട്ട കുഞ്ഞിനെ വയറ്റിൽ ഇപ്പോഴും ജീവനോടെ കൊണ്ടുനടക്കുന്നു എന്ന് വിശ്വസിക്കുന്നു. ‘‘ഉള്ളിലെ തുടിപ്പിന് മൂന്നുമാസമായപ്പോഴേക്കും തീരെ ചെറിയ ശബ്ദങ്ങൾപോലും താങ്ങാനാവാത്തവിധം അവൾ ദുർബലയായി’’ എന്ന വിവരണം അവളുടെ മിഥ്യാബോധത്തെ (Delusion) സൂചിപ്പിക്കുന്നു. യാഥാർഥ്യത്തിലെ വേദനകളിൽനിന്ന് രക്ഷനേടാൻ അവളുടെ മനസ്സ് നിർമിച്ചെടുത്ത ഒരു സംരക്ഷണ കവചമാണ് ഈ ‘കൽപിത ഗർഭകാലം’.
താൻ ചെയ്ത പ്രവൃത്തിക്ക് പ്രായശ്ചിത്തമെന്നോണം അവൾ അനുഭവിക്കുന്ന ഏകാന്തതയെ ‘ഏകാന്തത പിടികൂടിയ ഭ്രാന്ത്’ എന്ന് വിശേഷിപ്പിക്കാം. ആശുപത്രിയിലെയും ജയിലിലെയും ഇടനാഴികളിലൂടെ വയർ താങ്ങിപ്പിടിച്ചു നടക്കുമ്പോൾ അവൾ തന്നിലേക്ക് തന്നെ ചുരുങ്ങുകയാണ്. ‘‘ഒറ്റപ്പെട്ടുപോയതുപോലെ അവളെ മനസ്സിലാക്കാത്തവരുടെ മുന്നിൽ നെഞ്ചെരിച്ചിലും ഛർദിയും കടന്നുപിടിച്ചു’’ എന്ന വരികൾ മാനസികമായ പിരിമുറുക്കം ശാരീരിക അസ്വസ്ഥതകളായി (Somatization) മാറുന്നതിനെ കാണിക്കുന്നു.
കഥയുടെ അവസാന ഭാഗം മായയുടെ മനസ്സിന്റെ ഒരു ശുദ്ധീകരണ പ്രക്രിയയാണ് (Catharsis). പഴയകാലത്തെ പ്രണയവും, അച്ഛന്റെയും അമ്മയുടെയും സ്നേഹവും ഓർത്തെടുക്കുന്നതിലൂടെ അവൾ നഷ്ടപ്പെട്ട സമാധാനം കണ്ടെത്താൻ ശ്രമിക്കുന്നു. അച്ഛൻ പാടുന്ന പാട്ടിൽ ലയിച്ച് അവൾ ഉറക്കത്തിലേക്ക് ആഴുന്നത് മനസ്സിനേറ്റ മുറിവുകൾക്കുള്ള ഒരു ചികിത്സയായാണ് കഥാകൃത്ത് അവതരിപ്പിക്കുന്നത്. മനഃശാസ്ത്രപരമായ കാഴ്ചപ്പാടിൽ ‘മഹാമായ’ ഒരു വ്യക്തിയുടെ പതനത്തെയും അതിജീവനത്തിനായുള്ള ഉപബോധമനസ്സിന്റെ പോരാട്ടത്തെയുമാണ് അടയാളപ്പെടുത്തുന്നത്. കുറ്റകൃത്യവും ശിക്ഷയും എന്നതിനേക്കാൾ, ഒരു സ്ത്രീയുടെ വൈകാരികമായ തകർച്ചയും അവൾ തേടുന്ന മാപ്പും പ്രത്യാശയുമാണ് ഈ കഥയെ ഹൃദയസ്പർശിയാക്കുന്നത്. വായനയില്‍നിന്ന് അനുക്രമമായ ആസ്വാദനത്തിലേക്ക് സലിന്‍ മാങ്കുഴി വായനക്കാരെ കൊണ്ടുപോകുന്നത് കൃത്യമായ ഒരു സൈക്കോളജിക്കല്‍ മൂവിലൂടെ ആണ് എന്നതാണ് ഈ കഥയുടെ വിജയവും. അതുകൊണ്ടുതന്നെ മഹാമായ എന്ന ശീര്‍ഷകം അത്യധികം ഉചിതവുമായിരിക്കുന്നു.
എല്‍.ആര്‍. മധുജന്‍ (സൈക്കോളജിസ്റ്റ് കരുണാസായി)
യുഗൻ ഹാബർമാസ് എന്ന പ്രമുഖ ജർമൻ ചിന്തകന്റെ ധാർമികചിന്തകളെ ആഴത്തിൽ അവതരിപ്പിക്കുന്ന കെ. സെന്തിൽ കുമാറിന്റെ ‘ഹാബർമാസിന്റെ ധാർമികലോകം’ എന്ന ലേഖനം (ലക്കം 1467) വായനക്കാരെ ചിന്തയുടെ പുതിയ ദിശകളിലേക്ക് നയിക്കാൻ പര്യാപ്തമാണ്.
ആശയവിനിമയത്തെയും (communication) സംവാദാത്മകതയെയും (dialogue) അടിസ്ഥാനമാക്കിയുള്ള ഹാബർമാസിന്റെ ധാർമികത, ആധുനിക ലോകത്തിൽ മനുഷ്യബന്ധങ്ങളുടെ സുതാര്യതയും നീതിയും എങ്ങനെ ഉറപ്പാക്കാമെന്ന ചോദ്യത്തിന് ശക്തമായ മറുപടിയാണ് നൽകുന്നത്. ലേഖകൻ ഈ സങ്കീർണമായ തത്ത്വചിന്ത വളരെ ലളിതമായ ഭാഷയിൽ അവതരിപ്പിക്കുന്നതിലൂടെ സാധാരണ വായനക്കാരനെയും ഈ ലേഖനം ആകർഷിക്കുമെന്നതിൽ സംശയമില്ല. ഹാബർമാസിന്റെ ‘communicative action’ എന്ന ആശയം, സമൂഹത്തിലെ സത്യവും നീതിയും എങ്ങനെ സംവാദത്തിലൂടെ കണ്ടെത്താം എന്നതിനെക്കുറിച്ച് വ്യക്തമായ ദിശാബോധം നൽകുന്നു. ലേഖനത്തിൽ ഈ ആശയം വിശദീകരിക്കുന്ന രീതി വളരെ ശ്രദ്ധേയമാണ്.
വ്യക്തികളുടെ സ്വാതന്ത്ര്യവും സാമൂഹിക ഉത്തരവാദിത്തവും തമ്മിലുള്ള സമതുലനാവസ്ഥ എങ്ങനെ നിലനിർത്താം എന്ന ചർച്ചയും ലേഖനത്തിന് കൂടുതൽ ആഴം നൽകുന്നു. അതോടൊപ്പം, സമകാലിക രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളുമായി ഈ ചിന്തകളെ ബന്ധിപ്പിക്കുന്നതിലൂടെ ലേഖനം കൂടുതൽ പ്രസക്തമാകുന്നു. മൊത്തത്തിൽ, ഈ ലേഖനം ഒരു സാധാരണ നിരൂപണം മാത്രമല്ല; മറിച്ച് ഒരു ധാർമിക അന്വേഷണയാത്രകൂടിയാണ്. ഹാബർമാസിന്റെ ആശയങ്ങളെ മലയാള വായനക്കാർക്ക് അടുത്തറിയാൻ സഹായിക്കുന്നതോടൊപ്പം, നമ്മുടെ സ്വന്തം സാമൂഹികജീവിതത്തെ വിലയിരുത്താനും ഇത് പ്രചോദനം നൽകുന്നു. ചിന്തയും സംവാദവും മനുഷ്യജീവിതത്തിന്റെ കേന്ദ്രമാണെന്ന് ഓർമിപ്പിക്കുന്ന ഈ ലേഖനം, വായനാനുഭവത്തെ സമ്പന്നമാക്കുന്ന ഗൗരവമുള്ള ഒരു സാഹിത്യസൃഷ്ടിയാണെന്നതിൽ രണ്ടു പക്ഷമില്ല.
കിഴുമുണ്ടയൂർ നാരായണൻ, പേരാമംഗലം
ആഴ്ചപ്പതിപ്പിൽ എ.കെ. വാസു എഴുതിയ ‘കെ.കെ. കൊച്ച് തിരുത്തിയത് ആരെ?’ എന്ന ലേഖനം (ലക്കം 1464) സത്യത്തിലേക്ക് വിരൽചൂണ്ടുന്നു. അയ്യൻകാളിയെ അറിയില്ലെന്നു പറഞ്ഞ സാക്ഷാൽ ഇ.എം.എസിനെ പറ്റി നാം ചിന്തിച്ച് പൊട്ടിച്ചിരിക്കേണ്ടി വരും. ഇ.എം.എസ് മാത്രമല്ല, മറ്റു പല നേതാക്കന്മാരും ജാതിസംവരണത്തിന് എതിരെനിന്നവരായിരുന്നു. പ്രഫ. അംബേദ്കർ ബി.സി വിഭാഗത്തിന് ഭരണഘടനയിൽ സംവരണം ഉറപ്പുവരുത്തണമെന്ന് വാദിച്ച
പ്പോൾ സാക്ഷാൽ നെഹ്റു അന്ന് അതിനെ ശക്തമായി എതിർത്തു. പട്ടേലാണ് അംബേദ്കർക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചത്. അങ്ങനെ ബി.സി വിഭാഗത്തിന് നിയമപരിരക്ഷ ഭരണഘടനയിൽ ഉണ്ടാകുന്നു. 1990 ആഗസ്റ്റ് മാസത്തിൽ വി.പി. സിങ് മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ അതിനെ എതിർത്തത് ആരൊക്കെയായിരുന്നു? വസന്ത് സാേഠ (കോൺഗ്രസ്), എൽ.കെ. അദ്വാനി (ബി.ജെ.പി), സോമനാഥ് ചാറ്റർജി (സി.പി.എം), ഭോഗേന്ദ്ര ഝാ (സി.പി.ഐ), രാജീവ് ഗാന്ധി (കോൺഗ്രസ്) തുടങ്ങിയവർ അന്ന് പാർലമെന്‍റിൽ നടത്തിയ പ്രസംഗം കുപ്രസിദ്ധമായിരുന്നു. രാജീവ് ഗാന്ധി അന്ന് ബി.ജെ.പിയുടെ ഭാഷയിലാണ് സംസാരിച്ചത്. ജാതി സെൻസസിന് വേണ്ടി മുറവിളികൂട്ടുന്ന രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ നാടകം നമ്മെ അമ്പരപ്പിക്കുന്നു. സംവരണത്തിനെതിരെ രഹസ്യമായി പിന്തുണ പ്രഖ്യാപിച്ച ഒട്ടേറെ നേതാക്കൾ നമ്മുടെ പാർലമെന്‍റിൽ ഉണ്ടായിരുന്നു. റാം മനോഹർ ലോഹ്യയാണ് സംവരണത്തിനുവേണ്ടി അംബേദ്കർക്കുശേഷം ഏറ്റവും കൂടുതൽ വാദിച്ചതെന്ന സത്യം നാം വിസ്മരിക്കുന്നു.
സുഭാഷ് ചാർവാകൻ, കൂത്താട്ടുകുളം
കെ. ജയകുമാറിന്‍റെ ‘കൊല്ലപ്പെട്ട കുഞ്ഞുങ്ങൾ’ (ലക്കം 1466) കവിത ഹൃദയസ്പർശിയായി. ചുണ്ടിലെ പുഞ്ചിരി മായാത്ത, നിരുപാധികം കൊല്ലപ്പെടുന്ന ഫലസ്തീനിലെ പിഞ്ചുകുഞ്ഞുങ്ങളെ ജയകുമാറിന്‍റെ വരികൾക്കിടയിൽ വളരെ വ്യക്തമായി കാണാം. പരിഭവമോ പരാതികളോ ഇല്ലാത്ത കുരുന്നുകളുമായുള്ള കൂടിക്കാഴ്ചയെ വളരെ മനോഹരമായി അവതരിപ്പിക്കാനും, വായനക്കാരുടെ ഹൃദയത്തിന്‍റെ അടിത്തട്ടിൽ അതിന്‍റെ അലയൊലികൾ സൃഷ്ടിക്കാനും കവിക്ക് സാധിച്ചിട്ടുണ്ട്.
വർഗീയതയുടെയും കലാപങ്ങളുടെയും വിഷം ചീറ്റുന്ന കരിനാഗങ്ങൾക്ക് ഭൂമിയിൽ മാത്രമേ നിലനിൽപുള്ളൂവെന്നും കവി ഉണർത്തുന്നു. പകയോ സങ്കടമോ ഇല്ലാത്ത കുരുന്നുകളുടെ നിറമുള്ള ഓർമകളും വർണാഭമായ ആഗ്രഹങ്ങളും ചിതലരിച്ചിട്ടുണ്ടാവും! യുദ്ധവെറിയന്മാർ ഭൂമിയെ ചുട്ടെരിക്കും മുമ്പേ അവർ യാത്രയായി. വെടിയൊച്ചകളില്ലാത്ത, അരികുവത്കരണമില്ലാത്ത നല്ലൊരു ഭൂമിയെ അവർ പണിയുന്നുണ്ടാവും.
ആദിൽ പേരാമ്പ്ര
ഒരു സൈക്കോപാത്തിന്‍റെ സംഹാരതാണ്ഡവവും അയാളെ തളക്കാനുള്ള പൊലീസ് ഓഫിസറുടെ നിതാന്തജാഗ്രതക്കുമപ്പുറം ‘കളങ്കാവൽ’ എന്ന സിനിമ കാലാതീതമാവുന്നത് അതിന്റെ ഞെട്ടിക്കുന്ന കാസ്റ്റിങ് തന്നെയാണെന്ന് പറയാതെ വയ്യ. എത്രയൊക്കെ സാമൂഹിക നവോത്ഥാനം ഉദ്ഘോഷിച്ചാലും മലയാളി തങ്ങളുടെ മനസ്സിന്റെ ഉള്ളിൽ കൊണ്ടുനടക്കുന്ന കറുത്ത നിറത്തോടുള്ള, അല്ലെങ്കിൽ അടിസ്ഥാനവർഗത്തിൽപെട്ടവരോടുള്ള അസ്പൃശ്യതയോട് വാചാലമായൊരു കലഹംകൂടിയാണ് മമ്മൂട്ടി കമ്പനിയുടെ ഈ വെച്ചുമാറൽ എന്നുപറഞ്ഞാൽ അതിൽ അതിശയോക്തി തെല്ലുമില്ല.
ഒരുപക്ഷേ, സത്യനിലും നസീറിലും തുടങ്ങുന്ന കച്ചവട സിനിമയുടെ കാഴ്ചകളിൽ എവിടെയും ആഘോഷിക്കപ്പെടാത്ത ഒരു നടനെ നായകനാക്കി ഇൻഡസ്ട്രി ഭരിക്കുന്ന മഹാനടൻ കൊടുംവില്ലനാവുന്ന അനുഭവം നമ്മൾ കേട്ടിരിക്കാൻ ഇടയില്ല. ഭാവിയിലും വല്ലാതെയൊന്നും ആവർത്തിക്കപ്പെടാൻ ഇടയില്ലാത്ത നിഴൽക്കാഴ്ചകളിലെ നവോത്ഥാനംകൂടിയായി ഇതിനെ കാണാവുന്നതാണ്. കലാഭവൻ മണിയെപ്പോലൊരു നടനെ സവർണ കഥാപാത്രമായും ജഗന്നാഥ വർമയെ കീഴാള വേഷത്തിലും ഒരിക്കൽപോലും കാണാൻ കഴിയാത്ത തരത്തിൽ ജാതിബോധത്തിന് കാവൽനിൽക്കുന്ന ഒരു മേഖലയിൽ ഇങ്ങനെ ഒരു പരീക്ഷണം നടത്തി വിജയിപ്പിച്ച മമ്മൂട്ടി എന്ന മഹാനടൻ ഇക്കാര്യത്തിൽ വലിയ കൈയടിതന്നെ അർഹിക്കുന്നുണ്ട്.
ഇസ്മായിൽ പതിയാരക്കര, ബഹ്‌റൈൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.