‘പശ്ചിമേഷ്യൻ യുദ്ധവും അമേരിക്കയുടെ വാണിജ്യ രാഷ്ട്രീയ തന്ത്രങ്ങളും’ എന്ന കെ.എം. സീതിയുടെ ലേഖനം (ലക്കം 1463) വായിച്ചു. പശ്ചിമേഷ്യ (Middle East) എന്ന പ്രദേശം ലോകരാഷ്ട്രീയത്തിലെ ഏറ്റവും സങ്കീർണമായ മേഖലയായി ഏറെക്കാലമായി കണക്കാക്കപ്പെടുന്നു. ഇവിടെ നടക്കുന്ന യുദ്ധങ്ങളും സംഘർഷങ്ങളും വെറും പ്രാദേശിക രാഷ്ട്രീയ വൈരങ്ങൾ മാത്രമല്ല; അവ ആഗോള സാമ്പത്തിക താൽപര്യങ്ങളുടെയും ശക്തിപോരാട്ടങ്ങളുടെയും ഭാഗവുമാണ്. പ്രത്യേകിച്ച് എണ്ണസമ്പത്ത്, വ്യാപാരപാതകൾ, സൈനിക സ്വാധീനം എന്നിവ കാരണം ലോകത്തിലെ പ്രധാന ശക്തികൾ ഈ പ്രദേശത്തോട് നിരന്തരം ശ്രദ്ധപുലർത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ അമേരിക്കയുടെ പങ്കും അതിന്റെ വാണിജ്യ-രാഷ്ട്രീയ തന്ത്രങ്ങളും നിരന്തരം ചർച്ചചെയ്യപ്പെടുന്ന വിഷയങ്ങളാണ്.
ആദ്യമായി, പശ്ചിമേഷ്യയുടെ പ്രാധാന്യം എണ്ണസമ്പത്തിനോടാണ് ബന്ധപ്പെട്ടിരിക്കുന്നത്. ലോകത്തിലെ വലിയ എണ്ണശേഖരങ്ങളുടെ ഒരു വലിയ വിഹിതം ഈ പ്രദേശത്താണ് നിലനിൽക്കുന്നത്. അതിനാൽ ഊർജസുരക്ഷയും ആഗോള വിപണിയിലെ എണ്ണവിലയുടെ സ്ഥിരതയും ഉറപ്പാക്കുക എന്നത് അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി മാറി. പല വിശകലനങ്ങളും ചൂണ്ടിക്കാണിക്കുന്നത്, ഈ ലക്ഷ്യം കൈവരിക്കാൻ അമേരിക്ക പലപ്പോഴും പ്രദേശിക രാഷ്ട്രീയത്തിൽ നേരിട്ടോ പരോക്ഷമായോ ഇടപെട്ടിട്ടുണ്ട് എന്നതാണ്.
രണ്ടാമതായി, വാണിജ്യപരമായ താൽപര്യങ്ങൾക്കും ഈ പ്രദേശത്തെ സംഘർഷങ്ങളുമായി ബന്ധമുണ്ടെന്ന വാദം ചിലർ ഉന്നയിക്കുന്നു. ആയുധവ്യാപാരം, പുനർനിർമാണ കരാറുകൾ, സൈനിക സഖ്യങ്ങൾ എന്നിവയിലൂടെ വലിയ സാമ്പത്തിക നേട്ടങ്ങൾ ലഭിക്കുന്നുവെന്ന അഭിപ്രായവുമുണ്ട്. അമേരിക്കൻ പ്രതിരോധ വ്യവസായത്തിന് പശ്ചിമേഷ്യയിലെ ചില സംഘർഷങ്ങൾ വിപണിയായി പ്രവർത്തിക്കുന്നുവെന്ന വിമർശനം പല ഗവേഷകരും ഉന്നയിച്ചിട്ടുണ്ട്. എന്നാൽ, ഇതേസമയം അമേരിക്കയുടെ നിലപാട് അനുസരിച്ച്, അവരുടെ ഇടപെടലുകൾ പ്രധാനമായും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ ഉള്ളതാണെന്ന വാദവുമുണ്ട്.
മൂന്നാമതായി, രാഷ്ട്രീയതന്ത്രത്തിന്റെ ഭാഗമായി സഖ്യരാഷ്ട്രങ്ങളെയും വിരുദ്ധശക്തികളെയും നിയന്ത്രിക്കുന്ന ശ്രമങ്ങളും കാണാം. ചില രാജ്യങ്ങളുമായി സൈനിക-സാമ്പത്തിക സഖ്യങ്ങൾ സ്ഥാപിക്കുകയും ചില രാജ്യങ്ങളോട് ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്ന നയം അമേരിക്ക പിന്തുടർന്നിട്ടുണ്ട്. ഇത് പ്രാദേശിക ശക്തിസമത്വം നിലനിർത്താനുള്ള ശ്രമമാണെന്ന് ചിലർ കാണുമ്പോൾ, മറ്റുചിലർ അത് ആഗോള രാഷ്ട്രീയ സ്വാധീനം നിലനിർത്താനുള്ള തന്ത്രമാണെന്നും വിലയിരുത്തുന്നു.
അതേസമയം, പശ്ചിമേഷ്യയിലെ എല്ലാ സംഘർഷങ്ങളും അമേരിക്കൻ തന്ത്രങ്ങളുടെ ഫലമെന്നു പറയുന്നത് യാഥാർഥ്യത്തെ ലഘൂകരിക്കുന്നതായിരിക്കും. മതപരമായ വ്യത്യാസങ്ങൾ, ചരിത്രപരമായ വൈരങ്ങൾ, പ്രാദേശിക രാഷ്ട്രീയ മത്സരങ്ങൾ, സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങൾ തുടങ്ങിയ നിരവധി ഘടകങ്ങൾ ഈ യുദ്ധങ്ങൾക്ക് പിന്നിലുണ്ട്. അതിനാൽ ഇവയെ മുഴുവൻ പുറത്തുനിന്നുള്ള ഇടപെടലുകളിലേക്ക് മാത്രം ചുരുക്കിക്കാണുന്നത് സമഗ്രമായ വിലയിരുത്തലാകില്ല.
ചുരുക്കിപ്പറഞ്ഞാൽ പശ്ചിമേഷ്യയിലെ യുദ്ധങ്ങൾ ആഗോള രാഷ്ട്രീയത്തിന്റെ സങ്കീർണതയെ വെളിവാക്കുന്ന ഉദാഹരണങ്ങളാണ്. ഇവിടെ സാമ്പത്തിക താൽപര്യങ്ങളും സുരക്ഷാ ആശങ്കകളും മനുഷ്യാവകാശ പ്രശ്നങ്ങളും പരസ്പരം ചേർന്ന് കിടക്കുന്നു. അമേരിക്കയുടെ വാണിജ്യ-രാഷ്ട്രീയ തന്ത്രങ്ങൾ ഈ സമവാക്യത്തിലെ ഒരു ഘടകംമാത്രമാണെങ്കിലും, അതിന്റെ സ്വാധീനം വലിയതാണെന്ന് പറയാം. എന്നാൽ, ഈ വിഷയത്തെ സമഗ്രമായി മനസ്സിലാക്കാൻ പ്രാദേശിക രാഷ്ട്രീയവും ചരിത്രവും അന്താരാഷ്ട്ര ശക്തിപോരാട്ടങ്ങളും ഒരുപോലെ പരിഗണിക്കേണ്ടതാണ്.
കിഴുമുണ്ടയൂർ നാരായണൻ, പേരാമംഗലം
റാവുള ഭാഷയിൽ ‘തൂത്തു’ എന്നതിന് മറ്റെന്തെങ്കിലും അർഥമുണ്ടോ എന്നറിയില്ല, മുറ്റമടിക്കുന്നതിന് തൂക്കുക എന്നു പറയാറുണ്ടെങ്കിലും തുടച്ചു എന്ന അർഥത്തിലാണ് ആ ക്രിയക്ക് തെക്കൻ ഭാഗങ്ങളിൽ വ്യാപ്തി. ആഴ്ചപ്പതിപ്പിൽ (ലക്കം 1461) സുകുമാരൻ ചാലിഗദ്ധയെഴുതിയ കവിതയുടെ തലക്കെട്ട് ‘തൂത്തു’ എന്നാണ്. കവിത അവസാനിക്കുന്നതും അതേ വാക്കിലാണ്. പ്രയോഗഭംഗികൊണ്ട് കവിതയിൽ അതിനു നേരെ എതിരർഥം വരും. ‘ചൂടുള്ള ഇളം വെയിലിൽ പതുക്കെ ചാടിയ ഒരോന്ത്, ഓർത്തിരിക്കാൻ തുന്നിവച്ച ഒരു തോർത്തെടുത്ത് തൂത്തു’ എന്നാണ് അവസാന വരി.
ശരീരത്തിൽ പറ്റിയിരിക്കുന്ന വെള്ളം തുടച്ചുകളയാനാണ് തോർത്തെടുത്തു തൂക്കുന്നത്, കവിതയിൽ ഓർത്തിരിക്കാൻ തുന്നിവച്ച തോർത്തായതുകൊണ്ട്, അതുകൊണ്ടു തൂത്താൽ ഇളവെയിലിന്റെ ചൂട് മായുമെന്നാണോ അതുപോലെയുള്ള നിരവധി ഇളവെയിലുകളുടെ ചൂട്/അനുഭവം തിരിച്ചുവരുമെന്നാണോ കവിത അർഥമാക്കുന്നത്? തീർച്ചയായും രണ്ടാമത്തേതാണ്.
കവിത പിറകിലേക്കു വായിച്ചാൽ ഇളവെയിൽചൂടുപോലുള്ള കാടനുഭവങ്ങളുടെ ദൃക്സാക്ഷിത്വം കാണാം. മാന്ത്രികനായ നാട്ടുവൈദ്യൻ മയിൽപ്പീലി ഉഴിയുമ്പോൾ ചെന്നെത്തുന്നതുപോലെ, എന്നാൽ തീരെ ഒച്ചപ്പാടില്ലാത്ത അബോധാത്മകവും ഭ്രമാത്മകവുമായ മാനസിക അനുഭവമാണ് കവിത പങ്കുവെക്കുന്നത്. ഞാൻ എന്ന കർത്താവ് /കർത്രി കവിതയിലില്ല. അതുകൊണ്ട് വായനയിൽ താദാത്മ്യപ്പെടുന്ന എല്ലാവരും കവിതയിലെ കാഴ്ചകളുടെ പങ്കാളികളായി മാറാം.
പുഴയിൽ പൂത്തിരുന്ന മാവിലെ കൂവുന്ന മാനിണകൾ, കറുത്ത വാവിനെ കൂട്ടിരുത്തുന്ന മഴക്കോള്, ഒരുങ്ങി യാത്ര പോകുന്ന ഉണക്കാനിട്ട തുണികൾ, വയലുകാണാൻ പൂതി പിടിച്ച വെയില്, എരിവെടുത്ത് കനവു വിട്ടുപോകുന്ന കാട്ടുതുമ്പി –ഇങ്ങനെയുള്ള ഭ്രമകൽപനകൾക്കു പുറമെ കവിതയിൽ അതിസാധാരണമായ കാഴ്ചകളും കൂടിക്കലരുന്നുണ്ട്. (വയറു നിറയെ ചോറുണ്ട് ആലിൽ ചുറ്റിക്കിടക്കുന്ന ചേരപാമ്പ്, ചേമ്പിലയിലെ ഉരുണ്ടുകളിക്കുന്ന നീർമണികൾ, മണ്ണിൽത്തട്ടി വീണ ഓട്ടക്കാരി) നഗരജീവിതത്തിനു തീരെ പരിചിതമല്ലാത്ത കാഴ്ചകളെയാണ് ‘ഓർമകൾ തുന്നിയ തോർത്തിന്റെ’ രൂപകത്തിലൂടെ വ്യക്തിപരമായ അനുഭവമായി അവതരിപ്പിച്ചിരിക്കുന്നത് എന്നു വായിക്കാനാണ് എനിക്കിഷ്ടം.
അത് തൂത്തുകളയുന്നതോടെ പോകുന്നതല്ല, കൂടുതൽ തിളങ്ങുന്നതാണ്. കാട് എന്ന വാക്ക് കവിതയിൽ ഉപയോഗിച്ചിട്ടില്ല. അപരിചിത മേഖലയെന്ന നിലയിലും മാനും പുള്ളും ഞണ്ടും കാട്ടുതുമ്പിയും പുഴയും മാവും മുളയും ഇലഞ്ഞിയും വയലും ചേമ്പിലകളും ഉള്ള വൈവിധ്യമാർന്ന ഈ ഭൂഭാഗം, കാടല്ലെങ്കിൽ സസ്യങ്ങളാലും ജലത്താലും സമ്പന്നമായ ഓരപ്രദേശമാണ്. എന്തായാലും നഗരജീവിതത്തിന്റെ ബദലായി നിൽക്കുന്നു എന്ന അർഥത്തിലും ജൈവസമൃദ്ധിയാലും സുതാര്യമായ കാൽപനിക ലോകത്തിലേക്കുള്ള ക്ഷണപത്രമെന്ന നിലയിലും കവിതക്കുള്ളിലെ ഈ ലോകത്തിനു പ്രവർത്തിക്കാനാകുന്നുണ്ട്.
മറ്റൊരു തരത്തിൽ ബോധത്തിൽ കുടിയിരിക്കുന്ന അബോധത്തിന്റെ പ്രതീകാവസ്ഥകൂടിയാണ് ഈ പ്രദേശത്തിനുള്ളതെന്നും വാദിക്കാം. ടി.പി. വിനോദ് ഒരു കവിതയിൽ ‘അബോധത്തിനിരിക്കാനുള്ള സ്ഥലമായിട്ടാണ് ബോധത്തെ’ നിർവചിക്കുന്നത്. അത്രക്ക് പോകേണ്ടതില്ലെങ്കിലും സഹജീവിതത്തിന്റെ പ്രാക്തനലോകം ഇപ്പോഴും ഒരു തുരുത്തായി ബോധമനസ്സിൽ കുടിയിരിക്കുന്നുണ്ടാവണം.
മനുഷ്യവാസത്തിന്റെ ആ ആദിമമേഖലയിൽനിന്ന് ഇളവെയിലേറ്റ (ഇളം ചൂടുള്ള) ഒരോർമ വന്ന്, തിരക്കും വെപ്രാളവും പിടിച്ച ബോധമനസ്സിന്റെ ആവേഗങ്ങളെ കുറച്ചുസമയം ‘തൂത്തു കളഞ്ഞതിന്റെ’ രൂപാകാത്മകമായ ആവിഷ്കാരമായും ‘തൂത്തു’ എന്ന കവിതയെ വായിക്കാമെന്നു തോന്നുന്നു. ആ അർഥത്തിൽ മായികവും പ്രാകൃതികവുമായ സൗന്ദര്യക്കാഴ്ചകളെ ഓർമപ്പെടുത്തിക്കൊണ്ട്, അന്യഥാശിഥിലമായ ‘ആധുനിക’ മനസ്സുകളെ ‘തൂത്തുവാരി’ ഒരിടത്ത് കൂട്ടിവെക്കാനുള്ള ശ്രമംകൂടി ആ ക്രിയാംശത്തിൽ ബന്ധിപ്പിച്ചു െവച്ചിട്ടില്ലേ?
ശിവകുമാർ ആർ.പി, തിരുവനന്തപുരം (ഫേസ്ബുക്ക്)
ലീലാവതി ടീച്ചറുടെ അപൂർവ ജീവചരിത്ര രചനകളെക്കുറിച്ച് ഡോ. രതി മേനോൻ എഴുതിയ ലേഖനം അർഥപൂർണമായി (ലക്കം 1457). ആഴ്ചപ്പതിപ്പിന്റെ കവർചിത്രമായി ടീച്ചറുടെ ഫോട്ടോ കൊടുത്തതും ശ്ലാഘനീയമാണ്. ഇന്ന് ജീവിച്ചിരിക്കുന്നവരിൽ പ്രഥമഗണനീയായ നിരൂപകയാണ് ലീലാവതി ടീച്ചർ. ടീച്ചറെപ്പോലെ പ്രഗല്ഭയും പ്രസിദ്ധയുമായ മറ്റു സ്ത്രീ നിരൂപകർ അപൂർവമായി മാത്രമേ ഉണ്ടായിട്ടുള്ളൂ. പണ്ഡിതശ്രേഷ്ഠയായ അധ്യാപിക, ബഹുമാന്യയായ പ്രഭാഷക, സർവാദരണീയയായ നിരൂപക, ജീവചരിത്ര രചയിതാവ് എന്നീ നിലകളിലെല്ലാം ടീച്ചർ പ്രസിദ്ധയാണ്. ടീച്ചറുടെ നിരൂപണ ഗ്രന്ഥങ്ങളെല്ലാം അത്യപൂർവങ്ങളായ സാഹിത്യ സൃഷ്ടികൾതന്നെയാണെന്ന് ഏവർക്കുമറിയാം.
ജീവചരിത്ര രചനയിലും മുഖ്യസ്ഥാനത്തുതന്നെ ടീച്ചറെ ഓർക്കേണ്ടതാണെന്ന് ഡോ. രതി മേനോൻ എഴുതിയത് അർഥവത്താണ്. ടീച്ചറുടെ ജീവചരിത്ര രചനകളെക്കുറിച്ച് സമഗ്രമായ വിശദാംശവും ലേഖിക എഴുതിയിരിക്കുന്നു. ഇന്റർമീഡിയറ്റിന് ശാസ്ത്രത്തിൽ ഒന്നാം റാങ്കുകാരിയായ ടീച്ചർ മലയാള സാഹിത്യ പഠനത്തിലേക്ക് വഴിമാറിയത് ഭാഷക്കും സാഹിത്യത്തിനും ലഭിച്ച അപൂർവ ഭാഗ്യമെന്നുതന്നെ പറയണം. പാണ്ഡിത്യത്തോടൊപ്പം ധീരതയും ടീച്ചറുടെ എടുത്തുപറയേണ്ടതായ ഗുണവിശേഷംതന്നെയാണ്. ഭാഷക്കും സാഹിത്യത്തിനും അവർ നൽകിയ അപൂർവ സംഭാവനകൾ വിലമതിക്കേണ്ടതുതന്നെയാണ്.
ഏതു വിഷയമായാലും തലനാരിഴ കീറി സംശയത്തിനിടയില്ലാത്ത രീതിയിൽസമർഥിക്കുക എന്നത് ടീച്ചറുടെ സവിശേഷതയാണ്. ഭാഷയോടും സാഹിത്യത്തോടുമുള്ള അഗാധവും ആത്മാർഥവുമായ പ്രതിബദ്ധതയാണിതിന് കാരണം. ജീവചരിത്ര രചനയിലും ഈ പ്രതിബദ്ധത തെളിയിക്കാൻ പര്യാപ്തമാണ് ടീച്ചറുടെ ജീവചരിത്ര രചനകൾ എന്നാണ് ലേഖിക സമർഥിക്കുന്നത്. തന്റെ വിശ്വാസപ്രമാണങ്ങളോട് ചേർന്നുനിൽക്കുന്നവരുടെ രചനകൾ മാത്രമേ ടീച്ചർ പഠനവിഷയമാക്കുന്നുള്ളൂ എന്ന പ്രത്യേകതയും എടുത്തുപറയണം.
മഹാകവി ജി. ശങ്കരക്കുറുപ്പ്, ഗാന്ധിജി, ഇന്ദിര ഗാന്ധി, എബ്രഹാം ലിങ്കൻ, മൗലാനാ അബുൽ കലാം ആസാദ് എന്നിവരുടെ ജീവചരിത്രങ്ങൾ ടീച്ചറുടെ ശ്രദ്ധേയങ്ങളായ കൃതികൾതന്നെയാണ്. മലയാള കവിതാ സാഹിത്യ ചരിത്രം, നാലു കവികളുടെ കാവ്യലോകം, വർണരാജികൾ എന്നീ ഗ്രന്ഥങ്ങളും എടുത്തുപറയേണ്ടതുതന്നെയാണ്.
ടീച്ചറുടെ മനുഷ്യസ്നേഹവും ഭാവിയോടും സാഹിത്യത്തോടുമുള്ള ആത്മാർഥമായ സ്നേഹവും കഠിനാധ്വാനവും വിലമതിക്കപ്പെടേണ്ടതാണ്. ടീച്ചറുടെ ഭാഷാ സ്നേഹത്തിനും സാഹിത്യ പരിശ്രമങ്ങൾക്കും ഉദാത്തമായ തെളിവ് നൽകുന്നത്. ഭാഷക്കും സാഹിത്യത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ടീച്ചറുടെ അർപ്പണബോധവും സേവന സന്നദ്ധതയും ഭാഷയും സാഹിത്യവും ഉള്ളിടത്തോളംകാലം ആദരിക്കപ്പെടുമെന്ന് തീർച്ചയാണ്. ടീച്ചറുടെ വിലമതിക്കാനാവാത്ത സംഭാവനകളെക്കുറിച്ച് ഹൃദ്യവും ആകർഷകവുമായ ലേഖനം എഴുതിയ ഡോ. രതീ മേനോനും അത് പ്രസിദ്ധീകരിച്ച മാധ്യമം ആഴ്ചപ്പതിപ്പിനും അഭിനന്ദനങ്ങൾ.
സദാശിവൻ നായർ, എരമല്ലൂർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.