എഴുത്തുകുത്ത്

യുദ്ധത്തി​െന്റ നിഴൽ കേരളത്തിന്റെ അടുക്കളയിൽ

അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരെ നടത്തുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ലോകത്തിന്റെ പലഭാഗങ്ങളിലും സാമ്പത്തികവും സാമൂഹികവുമായ പ്രതിസന്ധികൾ ഉയർന്നുവരുകയാണ്. യുദ്ധം നടക്കുന്നത് ആയിരക്കണക്കിന് കിലോമീറ്റർ അകലെയായിരുന്നാലും അതിന്റെ പ്രത്യാഘാതം സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും ബാധിക്കുന്നുവെന്നത് ഇപ്പോൾ വീണ്ടും വ്യക്തമായിരിക്കുകയാണ്. കേരളവും അത്തരമൊരു പ്രതിസന്ധിയെ നേരിടുന്ന സംസ്ഥാനമായി മാറി. പ്രത്യേകിച്ച് പാചകവാതക വിതരണത്തിൽ ഉണ്ടായ തടസ്സം. സംസ്ഥാനത്ത് വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ ലഭ്യത വലിയതോതിൽ കുറഞ്ഞതോടെ നിരവധി ഹോട്ടലുകൾ പ്രവർത്തനം നിർത്തേണ്ടി വന്നിരിക്കുകയാണ്. പല സ്ഥലങ്ങളിലും ഹോട്ടലുകൾ താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.

ചില സ്ഥലങ്ങളിൽ വിറകടുപ്പുകളെ ആശ്രയിച്ചാണ് ഹോട്ടലുകൾ പ്രവർത്തനം തുടരാൻ ശ്രമിക്കുന്നത്. എന്നാൽ, അത് സ്ഥിരമായ പരിഹാരമല്ലെന്ന് ഹോട്ടലുടമകൾ പറയുന്നു. വേഗത്തിൽ ഭക്ഷണം തയാറാക്കേണ്ട ഹോട്ടൽ സംവിധാനത്തിൽ വിറകടുപ്പുകൾ ഉപയോഗിക്കുന്നതു വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതോടെ, പല സ്ഥലങ്ങളിലും ഭക്ഷണത്തിന്റെ ലഭ്യത കുറയുകയും വില കൂടുകയും ചെയ്യുന്ന സാഹചര്യവും രൂപപ്പെട്ടിട്ടുണ്ട്.

ചില ഹോട്ടലുകൾക്ക് മെനു കുറക്കേണ്ടിവന്നിട്ടുണ്ട്. ചിലർ രാവിലെ മാത്രം ഭക്ഷണം നൽകുകയും ഉച്ചയും രാത്രിയും അടക്കുകയും ചെയ്യുന്ന അവസ്ഥയിലേക്കാണ് എത്തിച്ചേരുന്നത്. പാചകവാതക വിതരണത്തിൽ ഉണ്ടായ തടസ്സത്തിന് പിന്നിൽ ആഗോള സാഹചര്യങ്ങളാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മധ്യപൂർവേഷ്യയിൽ യുദ്ധസാഹചര്യം രൂപപ്പെടുമ്പോൾ എണ്ണയും വാതകവും ഉൾപ്പെടെയുള്ള ഊർജവിഭവങ്ങളുടെ വിതരണത്തിൽ അനിശ്ചിതത്വം ഉണ്ടാകുന്നത് സ്വാഭാവികമാണ്. ലോകവിപണിയിൽ വില ഉയരുകയും വിതരണ ശൃംഖലയിൽ തടസ്സങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. ഇതിന്റെ പ്രതിഫലനം ഇന്ത്യ പോലുള്ള രാജ്യങ്ങളിലും ഉടനെ അനുഭവപ്പെടുന്നു. കേരളത്തിൽ ഹോട്ടൽ മേഖലയിലാണ് ഈ പ്രതിസന്ധി ആദ്യം എത്തിയത്.

ഹോട്ടൽ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും യുദ്ധം വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഹോട്ടലുകൾ അടച്ചിടുകയോ പ്രവർത്തനം കുറക്കുകയോ ചെയ്താൽ തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടാനുള്ള സാധ്യതയും ഉയരുന്നു. ഇതിനകംതന്നെ ജീവിതച്ചെലവ് ഉയർന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള പ്രതിസന്ധികൾ സാധാരണ തൊഴിലാളികളുടെ ജീവിതത്തെ കൂടുതൽ പ്രയാസത്തിലാക്കുന്നു.

ഭക്ഷണത്തിനായി ഹോട്ടലുകളെ ആശ്രയിക്കുന്ന വിദ്യാർഥികളും ഒറ്റക്ക് താമസിക്കുന്ന ആളുകളും ഇപ്പോൾ വലിയ ബുദ്ധിമുട്ടിലാണ്. പലരും സ്വന്തം വീട്ടിൽ പാചകംചെയ്യാനുള്ള സൗകര്യം ഇല്ലാത്തവരാണ്. അതിനാൽ, ഹോട്ടലുകൾ അടഞ്ഞുപോകുമ്പോൾ ഇവർക്ക് ഭക്ഷണം ലഭിക്കുകതന്നെ പ്രയാസമാകുന്നു. ഈ സാഹചര്യത്തിൽ സർക്കാർ ഇടപെടൽ അനിവാര്യമാണെന്ന് പലരും അഭിപ്രായപ്പെടുന്നു. വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കാനായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഹോട്ടൽ സംഘടനകളും ആവശ്യപ്പെടുന്നു. വിതരണ ശൃംഖലയിൽ ഉണ്ടാകുന്ന തടസ്സങ്ങൾ വേഗത്തിൽ പരിഹരിക്കാനും ആവശ്യമായ സിലിണ്ടറുകൾ സംസ്ഥാനത്തേക്ക് എത്തിക്കാനും ശ്രമങ്ങൾ വേണമെന്ന് അവർ പറയുന്നു.

യുദ്ധങ്ങൾ നടക്കുമ്പോൾ അതിന്റെ ആഘാതം നേരിട്ട് യുദ്ധഭൂമിയിലല്ലാത്ത സ്ഥലങ്ങളിലും അനുഭവപ്പെടാറുണ്ട്. ലോകം ഇന്ന് പരസ്പരം ബന്ധപ്പെട്ടു നിൽക്കുന്ന ഒരു സംവിധാനമാണ്. ഒരു രാജ്യത്ത് ഉണ്ടാകുന്ന പ്രതിസന്ധി മറ്റൊരു രാജ്യത്തിന്റെ സാമ്പത്തിക സാഹചര്യത്തെയും ജനജീവിതത്തെയും ബാധിക്കാറുണ്ട്. ഇപ്പോൾ കേരളം നേരിടുന്ന പാചകവാതക പ്രതിസന്ധിയും അതിന്റെ ഒരു ഉദാഹരണമാണ്.

സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ട പ്രശ്നമായതിനാൽ ഈ പ്രതിസന്ധിക്ക് വേഗത്തിൽ പരിഹാരം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. ഹോട്ടലുകൾ വീണ്ടും സാധാരണരീതിയിൽ പ്രവർത്തിക്കാൻ സാധിക്കണം. ഭക്ഷണംപോലുള്ള അടിസ്ഥാന ആവശ്യങ്ങളിൽപോലും ജനങ്ങൾ ബുദ്ധിമുട്ടേണ്ട സാഹചര്യം ഉണ്ടാകരുത്.

ലോകത്ത് നടക്കുന്ന യുദ്ധങ്ങളുടെ നിഴൽ കേരളത്തിന്റെ അടുക്കളകളിലേക്ക് വരെ എത്തുന്ന ഇന്നത്തെ സാഹചര്യം നമ്മെ ഒരു കാര്യമാണ് ഓർമിപ്പിക്കുന്നത്. ലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത് ഉണ്ടാകുന്ന അശാന്തിയും സംഘർഷവും ഒടുവിൽ സാധാരണ ജനങ്ങളുടെ ജീവിതത്തെയാണ് ബാധിക്കുന്നത്.

എ.പി. അബ്ദുല്ല ആരിഫ് ഹാശിമി, കളത്തൂർ

‘ജാതശ്ശേരി’: വായിക്കുമ്പോൾ പിരിമുറുക്കം സൃഷ്ടിക്കുന്ന ആഖ്യാനം

എൻ. ഹരിയുടെ കഥ ‘ജാതശ്ശേരി’ (ലക്കം 1460) വായിച്ചു. കഥാകൃത്ത് ജനിച്ച ഗ്രാമത്തെ പശ്ചാത്തലമാക്കിയാണ് കഥ വികസിക്കുന്നത്. ഒരു ഓട്ടോറിക്ഷ ഡ്രൈവറെ ആഖ്യാതാവാക്കിയാണ് എഴുത്തുകാരൻ കഥയെ മുന്നോട്ടുകൊണ്ടുപോകുന്നത്. നെഞ്ചുവേദന വന്ന വിളനിലത്തെ ജോർജ് അച്ചായനെ ആശുപത്രിയിൽ എത്തിച്ച് മടങ്ങുന്ന വഴിക്ക് ജാതശ്ശേരിയിലേക്ക് ഓട്ടോ തിരിക്കുമ്പോഴാണ് ചുടലമുക്കിൽനിന്ന് കാഞ്ഞിക്കൽതറയിലെ ദിവാകരേട്ടനെപ്പോലെ രൂപസാദൃശ്യമുള്ള ഒരാൾ അയാളെ കൈ ഉയർത്തി വിളിക്കുന്നത്. 54 വർഷം മുമ്പ് നാടുവിട്ട ദിവാകരന്റെ അനിയൻ മാധവനാണ് താനെന്ന് അയാൾ ഓട്ടോക്കാരനെ പരിചയപ്പെടുത്തുന്നു.

റേഡിയോമുക്കിനടുത്തുള്ള കുടുംബവീട്ടിൽ അയാളെ എത്തിക്കണമെന്ന് പറഞ്ഞപ്പോൾ ഓട്ടോ ഡ്രൈവർക്ക് സംശയം തോന്നി. കാരണം ദിവാകരന് രണ്ട് പെങ്ങന്മാരാണുള്ളത്. അനുജൻ ഉള്ളതായി ആരും പറഞ്ഞ് കേട്ടിട്ടില്ല. നാടിന് സംഭവിച്ച മാറ്റങ്ങൾ യാത്രയിൽ ഇരുവരുടെയും ചർച്ചാവിഷയമാകുന്നുണ്ട്. ചെറുപ്പകാലത്ത് യുക്തിവാദിയും സ്വതന്ത്രചിന്താഗതിക്കാരനുമായ ദിവാകരൻ ഇപ്പോൾ നാട്ടിലെ ക്ഷേത്രത്തിന്റെ ഭാരവാഹിയാണെന്നറിഞ്ഞപ്പോൾ മാധവൻ അത്ഭുതപ്പെടുന്നുണ്ട്. തറവാട്ട് വീട്ടിൽ മാധവനെത്തിയെന്ന വാർത്ത നാട്ടുകാരിൽ സംശയം സൃഷ്ടിക്കുന്നു. ദിവാകരന് മാധവൻ എന്ന പേരിൽ ഒരു സഹോദരനുള്ള വിവരം ആ ഗ്രാമത്തിലെ തലമുതിർന്ന ആളിനുപോലും അറിയില്ല. ദിവാകരനോട് അന്വേഷിക്കാമെന്ന് വെച്ചാൽ വീട് പൂട്ടിയിരിക്കുകയാണ്. എവിടെപ്പോയെന്ന് ആർക്കും അറിവില്ല. ദിവാകരനെ അന്വേഷിക്കാനിറങ്ങിയ മാധവനെയും കാണാനില്ല.

തറവാട്ട് മുറ്റത്ത് നാട്ടുകാർ തടിച്ചുകൂടിയിട്ടുമുണ്ട്. ദിവാകരൻ സ്ഥിരമായി കാണുന്ന സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചെങ്കിലും എവിടെപ്പോയെന്ന് ആർക്കും അറിവില്ല. മാധവന്റെ ബാഗ് തുറന്ന് പരിശോധിച്ചപ്പോൾ ഓട്ടോ ഡ്രൈവർക്ക് കിട്ടുന്നത് മുഷിഞ്ഞ കുറേ വസ്ത്രങ്ങളും രണ്ട് പുസ്തകങ്ങളുമാണ്. രണ്ട് യാത്രാ വിവരണ ഗ്രന്ഥങ്ങൾ. ഒന്ന് ഒരു ഹിമാലയൻ യാത്രാവിവരണവും രണ്ടാമത്തേത് എസ്.കെ. പൊറ്റെക്കാട്ടിന്റെ ‘കാപ്പിരികളുടെ നാട്ടിലും’.

വായനക്കാരിൽ പിരിമുറുക്കം സൃഷ്ടിക്കുന്ന ആഖ്യാനമാണ് ‘ജാതശ്ശേരി’യുടേത്. സമകാലിക ഇന്ത്യൻ രാഷ്ട്രീയ യാഥാർഥ്യങ്ങളോട് ചേർത്തുവെച്ച് വായിക്കുമ്പോൾ വായനക്കാരന്റെ ചിന്തയെ പ്രചോദിപ്പിക്കുന്ന ഘടകങ്ങൾ കഥയിൽ കഥാകൃത്ത് ആവിഷ്കരിച്ചിരിക്കുന്നതായി കാണാം. വിപ്ലവവും ആത്മീയതയും സ്വത്വപ്രതിസന്ധിയുമൊക്കെ ചർച്ചചെയ്യുന്ന ‘ജാതശ്ശേരി’ എൻ. ഹരിയുടെ മികച്ച കഥകളിലൊന്നാണ്.

അനിൽ സി. പള്ളിക്കൽ (ഫേസ്ബുക്ക്)

‘പിറവിത്തുയർ’ വികാരനിർഭരമായ കഥ

പുതുവത്സരപ്പതിപ്പിൽ (1454-55) ഫർസാന എഴുതിയ ‘പിറവിത്തുയർ’ എന്ന കഥ വായിച്ചു. പുതുവർഷപ്പതിപ്പ് കഥകളും കവിതകളും ലേഖനങ്ങളും കൊണ്ട് വിഭവസമൃദ്ധം. അതിൽതന്നെ ഫർസാനയുടെ കഥ അനായാസമായി വായിച്ചുപോകാനായി. കഥ വായിച്ചപ്പോൾ മനസ്സിൽ കുടിയേറിയ ചില സന്ദർഭങ്ങൾ ഇവിടെ ഒന്ന് വിവരിക്കട്ടെ.

മേലാൽ ഇച്ചേച്ചിയെ കണ്ടുപോകരുത് എന്ന് നമ്പീശേട്ടന്റെ തീർപ്പുണ്ടായതിന്റെ കാരണം അറിയില്ല. എന്നുവെച്ച് ഇച്ചേച്ചിയെ കാണാതെ ജീവിക്കാൻ പറ്റുമോ? ആകെയുള്ള ഉടപ്പിറപ്പാണ്. അങ്ങനെയാണ് ശനിയാഴ്ചകളിൽ ആനന്ദി ടീച്ചറെ കാണാൻപോവുകയാണെന്ന് കളവുപറഞ്ഞ് നമ്പീശേട്ടനില്ലാതെ ഇച്ചേച്ചിയെ കാണാൻ പോയിത്തുടങ്ങിയത്.

പലതരത്തിലും ഇച്ചേച്ചിയെ കഷ്ടപ്പെടുത്തിയിട്ടുള്ളവളാണ്. പണ്ടു മുതൽ വാക്കുകൾ ഉപയോഗിക്കുന്നതിൽ ഇച്ചേച്ചി മിടുക്കിയാണ്. പലതും കണ്ടില്ലെന്നു നടിക്കാനും കണ്ണുകൊണ്ട് ഒപ്പിയെടുക്കാനും ബഹുമിടുക്കി. ഇച്ചേച്ചിയെ എന്നിട്ടും കണ്ടില്ല. തെക്കുഭാഗത്തുള്ള പച്ചക്കറിത്തോട്ടത്തിൽ ഇച്ചേച്ചിയുടെ കൃഷിയിടത്തിൽ പലതരം പച്ചക്കറികൾ. കൈനിറയെ പച്ചക്കറികളുമായി തിരിച്ചുപോകാം എന്നുറപ്പിച്ച് കിഴക്കുഭാഗത്തുള്ള പേറ്റുമുറിയുടെ മുന്നിലെത്തിയപ്പോൾ പൊടുന്നനെ നിന്നു.

സർക്കാർ ആശുപത്രിയിൽനിന്ന് അമ്മയും ഇ​ച്ചേച്ചിയും നമ്പീശേട്ടനുമെല്ലാം അംബാസഡർ കാറിൽ ഒരു സന്ധ്യക്ക് മനക്കലേക്ക് വന്നതോർമ വന്നു. പേറ്റുമുറിയിൽ അധികമാരും തങ്ങാറില്ല. ഇച്ചേച്ചിപോലും അവിടെ പ്രവേശിക്കാറില്ല- അമ്മക്ക് അത് ഇഷ്ടമല്ല. മരജനാലയിലെ കിഴുത്തകളിൽകൂടി അമ്മയെയും കുഞ്ഞിമോളെയും നോക്കും ഇച്ചേച്ചി.

പേറ്റുകഴിഞ്ഞ് ഒരു ദുരിതകാലംതന്നെയായിരുന്നു. അവിടെ കിടന്നിട്ട് ശ്വാസംമുട്ടുന്നതുപോലെ. നമ്പീശേട്ടൻ ഇടക്കിടെ വരും. എന്നാൽ, പലമുറിയിലേക്ക് കയറില്ല. ആ സമയത്ത് ഭാര്യയെ കാണുന്നത് മോശമാണുപോലും. അമ്മ കുഞ്ഞിമോളെ എടുത്തുകൊണ്ടുപോയി നമ്പീശേട്ടനെ കാണിക്കും. നമ്പീശേട്ടൻ കൊഞ്ചിക്കുന്നത് കേൾക്കാം. നമ്പീശേട്ടനെ, ഒന്നു കെട്ടിപ്പിടിക്കണം എന്നതായിരുന്നു ഏറ്റവും വലിയ മോഹം. അല്ലെങ്കിൽ ‘അമ്മ്യുട്ട്യേ’ എന്ന വിളിയൊന്നു കേട്ടാലും മതി. ഇഷ്ടങ്ങളെല്ലാം അടക്കി പേറ്റുമുറിയിൽതന്നെ കുടുങ്ങിക്കിടന്നു.

ആരോടെങ്കിലുമൊന്ന് വർത്തമാനം പറയാനും കൊതിയായി. ഉറക്കെ ഇച്ചേച്ചിയെ വിളിച്ചെങ്കിലും അവിടെയെങ്ങും കണ്ടില്ല. വാശിക്കാരിക്കുഞ്ഞ് മുലകുടിക്കാൻ തീരെ കൂട്ടാക്കിയില്ല. മുലയിൽ പാൽ തിങ്ങിനിറഞ്ഞ് പൊട്ടാറായിട്ടും നെഞ്ചിലൊരു ഭാരം കയറ്റിവെച്ചതുപോലെ. വേദനകൊണ്ട് പുളഞ്ഞ് വാവിട്ട് കരഞ്ഞു. ഇച്ചേച്ചി സഹതാപത്തോടെ നോക്കി. ഒക്കെ ഭേദമാവും എന്ന് അമ്മ. കുഞ്ഞിമോൾക്ക് എന്തൊരു ഭംഗി എന്ന് ചിലപ്പോൾ തോന്നി. പക്ഷേ, ഏതു നേരവും കരച്ചിൽതന്നെ. വായിച്ചു മുന്നേറവെ ഏറെ തങ്ങിനിന്നതും വീണ്ടുമൊരിക്കൽ കൂടി വായിക്കാൻ തോന്നിയതുമായ വരികൾ ഇവയാണ്:

അമ്മുക്കുട്ട്യേ... ഇച്ചേച്ചിയുടെ ദാരുമായ ശബ്ദം. ഒരു തേങ്ങൽ. കുഞ്ഞിമോൾ പോയിട്ട് കൊല്ലം മുപ്പത് തികയുകയാണ്. ‘‘എന്നാലും അമ്മുക്കുട്ട്യേ നീ കുഞ്ഞിമോളോട് അങ്ങനെ....’’ ഇച്ചേച്ചിയുടെ തേങ്ങൽ വീണ്ടും. ഇത്രയും കാലം അണിഞ്ഞ ചമയങ്ങളെല്ലാം അഴിച്ചുവെച്ചു. ഉടലാകെ വിയർക്കാൻ തുടങ്ങി...

കെട്ടുറപ്പും ഏകാഗ്രതയുമുള്ള ഈ കഥ അത്യന്തം വികാരനിർഭരവുമാണ്. ഈ കഥ വായിച്ചപ്പോൾ ഒരു ചോരക്കുഞ്ഞിന്‍റെ ശ്വാസംമുട്ടിയുള്ള കരച്ചിൽ വീണ്ടും കേട്ടു. കഥ വളരെ ലളിതവും ആഖ്യാന ചാരുതയുള്ളതുമാണ്. കഥയെഴുതിയ ഫർസാനക്കും ആഴ്ചപ്പതിപ്പിനും അഭിനന്ദനങ്ങൾ.

സദാശിവൻ നായർ, എരമല്ലൂർ

ഈ ലിസ്റ്റിൽ ഇന്ത്യ ടുഡേ മാത്രമല്ല

ആഴ്ചപ്പതിപ്പിലെ പതിവു പംക്തിയായ മീഡിയസ്കാനിലെ –‘ഇങ്ങനെയൊക്കെയാണ് ഇന്ത്യ ടുഡേ’ (ലക്കം 1465) അധ്യായം വായിച്ചു. ഇന്ത്യ ടുഡേ മാത്രമല്ല, ഇന്ന് ഇന്ത്യയിലെ പല മാധ്യമസ്ഥാപനങ്ങളും മാധ്യമപ്രവർത്തകരും ഇങ്ങനെയൊക്കെ തന്നെയാണ്. വർഗീയതയുടെയും ആഴത്തിലുള്ള പച്ചനുണകളുടെയും ദുഷ്ടസംവിധാനങ്ങളുടെ നാലാം തൂണായി ഇന്നത്തെ മാധ്യമങ്ങൾക്കു രൂപമാറ്റം സംഭവിച്ചിരിക്കുന്നു. വായനക്കാൻ ഈ സത്യം പകൽവെളിച്ചം പോലെ തിരിച്ചറിയേണ്ടതുണ്ട്.

ടി.ഐ. ലാലു, പഴമുക്ക്, തൃശൂർ

ജാതീയതക്കെതിരായ ധീരമായ ചെറുത്തുനിൽപ്

ശിവകുമാർ ആർ.പി എഴുതിയ കത്ത് -‘പി.കെ.ബി പതിപ്പിൽ മികവുറ്റ രചനകൾ’ (ലക്കം 1463)വായിച്ചു. മാധ്യമം പത്രാധിപരായിരുന്ന പി.കെ. ബാലകൃഷ്ണനെ കുറിച്ച് ഒരുപാട് കാര്യങ്ങൾ അദ്ദേഹം വിവരിച്ചു. അതിൽനിന്ന് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാനും സാധിച്ചു. കേരളത്തിൽ നിലനിന്നിരുന്ന ജാതീയതക്കെതിരെയും തൊട്ടുകൂടായ്മക്കെതിരെയും പ്രതികരിച്ച ആളായിരുന്നല്ലോ പി.കെ.ബി. അദ്ദേഹത്തിന്‍റെ ആ ധിഷണാശൈലിതന്നെയാണ് മാധ്യമവും പിന്നീട് തുടർന്നുപോന്നത്. ന്യൂനപക്ഷങ്ങൾക്ക് പുറമെ ദലിത്, ആദിവാസി വിഭാഗത്തിനുവേണ്ടിയും അശരണർക്കുവേണ്ടിയും എഴുതി പ്രതികരിച്ചു.

ഇന്നും ഇത്തരത്തിൽ പ്രതികരിക്കാൻ ഒരുപക്ഷേ മാധ്യമത്തിന് മാത്രമേ സാധിക്കൂ എന്ന് ഉറക്കെ പറയേണ്ട വസ്തുതയാണ്. ഇന്ത്യയിലെയും കേരളത്തിലെയും ഹിന്ദു മതത്തിലെ ജാതി വ്യവസ്ഥ, തൊട്ടുകൂടായ്മ, ചാതുർവർണ്യം എന്നിവ രാജ്യപുരോഗതിക്ക് തടസ്സമായി ഇന്നും നിലനിൽക്കുന്നു. കേരളത്തിൽ തിരുവിതാംകൂറിലാണ് ഏറ്റവും ശക്തമായി ജാതിവ്യവസ്ഥ നിലനിന്നിരുന്നത്. ഇന്നും നിലനിൽക്കുന്നു എന്ന് പറയേണ്ടിവരും.

എന്നാൽ, പലനിലക്കുമുള്ള ബോധവത്കരണത്തിലൂടെയും വിവിധ പ്രവർത്തനങ്ങളിലൂടെയും കേരളത്തിലെ പിന്നാക്ക വിഭാഗത്തിന് സമൂഹത്തിന്‍റെ ഉന്നതിയിലെത്താൻ സാധിക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അതിൽ വിവിധ മാധ്യമങ്ങളും അവരുടേതായ പങ്കുവഹിച്ചിട്ടുണ്ട്. എന്നാൽ, ശക്തമായി പ്രതികരിച്ചത് മാധ്യമം മാത്രമാണ്. ഇത് ഇനിയും തുടരേണ്ടതുണ്ട്. സവർണ-ഫാഷിസ്റ്റ് ശക്തികൾക്കെതിരെ ഇനിയും ശക്തമായരീതിയിൽ പ്രതികരിക്കാൻ ‘മാധ്യമ’ത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

ആർ. ദിലീപ്, ശ്രീവിഹാർ മുതുകുളം

Tags:    
News Summary - letters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.