‘കാലികം, കലുഷിതം’ വിഷയത്തിൽ രണ്ട് കഥകളും 14 കവിതകളും മറ്റ് വിഭവങ്ങളുമായി പുറത്തിറങ്ങിയ ആഴ്ചപ്പതിപ്പ് സ്ത്രീ പതിപ്പ് (ലക്കം 1463) ഗംഭീരമായി. 14 കവിതകളിൽ ഏതാണ് മികച്ചത്, മികച്ചതല്ലാത്തത് എന്ന് അടയാളപ്പെടുത്തുന്നില്ല. കാരണം, ഇതിൽ എഴുതിയ 14 കവികളും മലയാള കവിതയിലെ ശ്രദ്ധേയരായ എഴുത്തുകാരാണ്. കവിതകളുടെ ലോകം അറിഞ്ഞവർ എഴുത്തിനെ ഗൗരവമായി ഉൾക്കൊണ്ടവർ. അതുകൊണ്ടുതന്നെ ഒരോ കവിതയെയും കുറിച്ച് വിശകലനം ചെയ്യുന്നില്ല. ആത്മനിഷ്ഠതയോടെ കാലബോധത്തെ ഉൾക്കൊണ്ട് പ്രതീക്ഷകൾക്കു മേലുള്ള തുറന്നെഴുത്ത് സാധ്യമാകുന്നു എന്നതാണ് കവിതയുടെ വിജയം. ഭദ്രമായൊരിടത്ത് 14 കവിതകൾ ആഴ്ചപ്പതിപ്പിന്‍റെ ഏടുകളിൽ നിറഞ്ഞപ്പോൾ അതൊരു പുതുപ്പിറവിയുടെ അക്ഷരോത്സവമായി. കവികൾക്ക് ആശംസകൾ.
ജയപ്രകാശ് എറവ് (ഫേസ്ബുക്ക്)
ചരിത്രകാരനും വിമർശകനും പത്രാധിപരും നോവലിസ്റ്റുമായിരുന്ന പി.കെ. ബാലകൃഷ്ണന്‍റെ ജന്മശതാബ്ദി വർഷമാണിത്. ആഴ്ചപ്പതിപ്പിന്‍റെ (ലക്കം 1461) പ്രത്യേക പതിപ്പ് എന്തുകൊണ്ടും അദ്ദേഹത്തിനുള്ള ഓർമച്ചെപ്പ് തന്നെയായി. അതിൽവന്ന ലേഖനങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടതുതന്നെ. സർഗാത്മകമായ രചനകളാണ് പി.കെ. ബാലകൃഷ്ണന്‍റെ പ്രത്യേകത. സുമി ജോയി ഓലിയപ്പുറം എഴുതിയ അനുസ്മരണം പ്രതിഭാശാലിയായ പി.കെ. ബാലകൃഷ്ണന്‍റെ സമഗ്രമായ വ്യക്തിത്വത്തിന്‍റെ ഒരു യഥാർഥ ചിത്രീകരണം തന്നെയാണ്.
ആദ്യ കൃതിയായ ‘ചന്തുമേനോൻ: ഒരു പഠനം’ മുതൽ ‘ഇനി ഞാൻ ഉറങ്ങട്ടെ’ എന്ന വിഖ്യാത നോവൽ വരെ എഴുതിയ അദ്ദേഹത്തെ ‘ഉറങ്ങാത്ത മനീഷി’ എന്നാണ് സാനു മാഷ് വിശേഷിപ്പിച്ചത്. രാഷ്ട്രീയ നേതാവ്, പത്രപ്രവർത്തകൻ, പത്രാധിപർ എന്നിങ്ങനെ വ്യത്യസ്ത രംഗങ്ങളിൽ തിളങ്ങിനിന്ന പ്രഗല്ഭ വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്നു അദ്ദേഹം. പി.കെ. ബാലകൃഷ്ണന്‍റെ സാഹിത്യ സംഭാവനകൾ നിസ്തുലമാണെന്ന് ലേഖിക പറയുന്നു. ‘നോവൽ സിദ്ധിയും സാധനയും’ എന്ന അദ്ദേഹത്തിന്‍റെ കൃതി അതിന് ഉത്തര ദൃഷ്ടാന്തമാണെന്നും ലേഖിക എഴുതി. ‘ഇനി ഞാൻ ഉറങ്ങട്ടെ’ എന്ന രചന നോവൽ ചരിത്രത്തിൽ ഒരു വഴിത്തിരിവ് തന്നെ സൃഷ്ടിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ നിരൂപണങ്ങൾ വിശാലമായ വായനയുടെ പ്രത്യക്ഷ ഉദാഹരണമാണെന്നും ലേഖിക എഴുതി.
പി.കെ. ബാലകൃഷ്ണന്‍റെ സമഗ്ര സംഭാവനകളെ കുറിച്ച് വാസുദേവൻ കുപ്പാട്ട് എഴുതിയ രണ്ടു ലേഖനങ്ങളും സന്ദർഭോചിതമായി. ‘ഇനി ഞാൻ ഉറങ്ങട്ടെ’ എന്ന നോവൽ പി.കെ.ബിയുടെ മകൾ പി.കെ. ജയലക്ഷ്മി ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. ജയലക്ഷ്മിയുടെ വിവർത്തനം ശ്രദ്ധ നേടുകയുണ്ടായെന്ന് വാസുദേവൻ കുപ്പാട്ട് എഴുതി. കാവ്യാത്മകമായ ഭാഷയാണ് അച്ഛൻ നോവലിൽ ഉപയോഗിക്കുന്നതെന്ന് ജയലക്ഷ്മി പറയുന്നു. ഏതു വിഷയത്തെ പറ്റിയും സംസാരിക്കാൻ താൽപര്യമുള്ള ആളായിരുന്നു അച്ഛനെന്നും ജയലക്ഷ്മി പറയുന്നു. മക്കൾക്ക് തികഞ്ഞ സ്വാതന്ത്ര്യമാണ് അദ്ദേഹം അനുവദിച്ചിരുന്നത്. അച്ഛന്‍റെ ബുദ്ധിപരമായ ഔന്നത്യവും അമ്മയും ക്ഷമയും തമ്മിൽ ഒത്തുപോകുന്ന ദാമ്പത്യമായിരുന്നെന്നും മകൾ സാക്ഷ്യപ്പെടുത്തുന്നു.
വാസുദേവൻ കുപ്പാട്ടിന്‍റെ മറ്റൊരു ലേഖനത്തിൽ പി.കെ.ബിയുടെ ധൈഷണിക ലോകത്തെയാണ് വരച്ചുകാട്ടുന്നത്. ‘ഇനി ഞാൻ ഉറങ്ങട്ടെ’ എന്ന നോവലിനെ കുറിച്ചും ‘പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ’ എന്ന നോവലിനെ കുറിച്ചും വിശദമായ ഒരാസ്വാദനവും ലേഖകൻ എഴുതിയിട്ടുണ്ട്. ‘മാധ്യമ’ത്തിലും ‘കേരള കൗമുദി’യിലും പി.കെ.ബി ദീർഘകാലം പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്. സർഗാത്മക സാഹിത്യത്തിലും നിരൂപണ രംഗത്തും സ്വന്തം പാത വെട്ടിത്തുറന്ന അദ്ദേഹത്തിന് വഴങ്ങാത്ത വിഷയങ്ങളില്ലെന്നും വാസുദേവൻ കുപ്പാട്ട് എഴുതി.
‘മാധ്യമം’ പത്രത്തിന്‍റെ ആദ്യ എഡിറ്ററായിരുന്ന പി.കെ.ബിയെ ഓർക്കുകയാണ് വയലാർ ഗോപകുമാർ ‘കർണൻ’ എന്ന ലേഖനത്തിൽ. മഹാഭാരതത്തിലെ ഉജ്ജ്വല കഥാപാത്രമായ കർണന്‍റെ കഥയാണ് ‘ഇനി ഞാൻ ഉറങ്ങട്ടെ’ എന്ന നോവൽ. മലയാള സാഹിത്യ പ്രവർത്തന രംഗത്തും സാംസ്കാരിക മേഖലകളിലും സാമൂഹിക രംഗത്തും ഒറ്റയാനായി തലയെടുപ്പോടെനിന്ന ധിഷണാശാലിയായിരുന്നു പി.കെ.ബി എന്നും വയലാർ ഗോപകുമാർ എഴുതി.
എല്ലാ ലേഖനങ്ങളും വായിച്ചു കഴിഞ്ഞപ്പോൾ പി.കെ.ബിയുടെ സാഹിത്യ സംഭാവനകളെ കുറിച്ചും സാംസ്കാരിക സാമൂഹിക പ്രവർത്തനങ്ങളെ കുറിച്ചും വ്യക്തമായ ചിത്രം ലഭിക്കാൻ ഇടയായി. പി.കെ.ബിയുടെ ജന്മശതാബ്ദി പ്രത്യേക പതിപ്പ് പ്രസിദ്ധീകരിച്ച മാധ്യമം ആഴ്ചപ്പതിപ്പിനും ലേഖകർക്കും അഭിവാദ്യങ്ങൾ.
സദാശിവൻ നായർ എരമല്ലൂർ
ആഴ്ചപ്പതിപ്പിൽ ഇ.കെ. ദിനേശൻ എഴുതിയ ‘നിങ്ങളുടെ മൗനം വംശീയവാദികൾക്ക് നൽകുന്ന ആത്മധൈര്യം ചെറുതല്ല’ എന്ന ലേഖനം (ലക്കം 1456) വായിച്ചു. നമ്മുടെ നാട്ടിൽ ഇന്നും നിലനിൽക്കുന്ന ഹിന്ദു വർഗീയ ക്രൂരത (സവർണത)കൾ എത്ര ആഴത്തിലാണുള്ളതെന്ന് ഇത് വായിച്ചാൽ മനസ്സിലാക്കാം. പാലക്കാട്ട് ഉത്തരേന്ത്യക്കാരനായ ദലിത് തൊഴിലാളിയെ ‘ബംഗ്ലാദേശി’യാണെന്നും ന്യൂനപക്ഷ സമുദായ അംഗമാണെന്നും ആരോപിച്ച് ആൾക്കൂട്ട കൊല നടത്തിയത് അടുത്തിടെയാണ്.
മതന്യൂനപക്ഷങ്ങൾ (മുസ്‍ലിം, ക്രിസ്ത്യൻ), ദലിതർ എന്നിവർ ഇന്ന് കൂടുതലായി ആക്രമിക്കപ്പെടുന്നു. പാലക്കാട്ടുതന്നെ വർഷങ്ങൾക്കുമുമ്പ് അട്ടപ്പാടിയിൽ മധു എന്ന ദലിത് യുവാവ് അൽപം അരി മോഷ്ടിച്ചു എന്നു പറഞ്ഞ് മർദിച്ചുകൊന്നത് മറക്കാനായിട്ടില്ല. രാജ്യം ഭരിക്കുന്ന സവർണ ഫാഷിസ്റ്റ് ശക്തികളുടെ ഒത്താശേയാടുകൂടിയാണ് ഓരോ ആൾക്കൂട്ട കൊലയും നടമാടുന്നത്. ഇന്ത്യയിൽ ആർ.എസ്.എസ്, വി.എച്ച്.പി എന്നിവർ പ്രചരിപ്പിക്കുന്ന വർഗീയ ഫാഷിസ്റ്റ് അജണ്ടക്കെതിരെ പ്രതികരിക്കാൻ ഇന്ന് രാജ്യത്ത് കാര്യമായി ആരുമില്ല എന്നുതന്നെ പറയേണ്ടിവരും.
നൂറ്റാണ്ടുകളായി പത്ത് ശതമാനമുള്ള സവർണരുടെ ആധിപത്യം നിലനിൽക്കുന്ന ഇന്ത്യയിൽ അവർെക്കതിരെ ഉയർന്ന എതിർ ശബ്ദങ്ങളെ സവർണർ ചെറുത്തുതോൽപിച്ചു. ദലിത് വിഭാഗത്തിൽനിന്ന് വന്ന പ്രസിഡന്‍റുമാരായ ദ്രൗപതി മുർമു, രാംനാഥ് ഗോവിന്ദ്, കെ.ആർ. നാരായണൻ എന്നിവർക്കുവരെ സവർണരിൽനിന്ന് ജാതി വിവേചനം നേരിടേണ്ടി വന്നു. ഇതിൽ മാറ്റം വരണമെങ്കിൽ ശക്തമായ പ്രതിേരാധം ജനാധിപത്യ വിശ്വാസികളിൽനിന്ന് ഉയരേണ്ടത് അനിവാര്യമാണ്.
ആർ. ദിലീപ്, ശ്രീവിഹാർ മുതുകുളം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.