എഴുത്തുകുത്ത്

ഗാഡ്ഗിലിനെ മറന്ന നാട്

പശ്ചിമഘട്ടത്തിന്‍റെ കാവലാൾ പ്രഫ. മാധവ് ഗാഡ്ഗിലിന്‍റെ മരണം രാജ്യത്തിന്‍റെ പരിസ്ഥിതി സംരക്ഷണത്തിനൊരു കനത്ത ആഘാതമാണ്. കേരളത്തിലെ പരിസ്ഥിതി സ്നേഹികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഞാനിവിടെ കുറിക്കട്ടെ.

‘‘പശ്ചിമഘട്ടം ആകെ തകര്‍ക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടികള്‍ എടുത്തില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നത് വന്‍ ദുരന്തമാണ്. അതിനു നിങ്ങള്‍ വിചാരിക്കുന്നതുപോലെ യുഗങ്ങള്‍ ഒന്നും കഴിയേണ്ടതില്ല –നാലോ അഞ്ചോ വർഷം മതി. അന്ന് ഞാനും നിങ്ങളും ജീവിച്ചിരിക്കുന്നുണ്ടാകും. ആരാണ് കള്ളം പറയുന്നതെന്നും ആരാണ് ഭയപ്പെടുത്തുന്നതെന്നും അന്ന് നിങ്ങള്‍ക്ക് മനസ്സിലാകുo.’’

ഗാഡ്ഗിലിന്‍റെ ഈ വാക്കുകള്‍ 2018ലെ മഹാപ്രളയവും, 2024ലെ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലും കാണിച്ചു തന്നു. കാര്യങ്ങള്‍ കൃത്യമായി പഠിക്കുന്നവരുടെ പ്രവചനങ്ങൾ അങ്ങനെയാണ് വന്നുഭവിക്കുക എന്നതിന്‍റെ ഉദാഹരണങ്ങളാണവ. എന്നിട്ടും നാടും, രാജ്യവും ഭരിക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് ‘പരിസ്ഥിതി’യും, ‘പരിതസ്ഥിതി’യും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയില്ലെന്നതാണ് വസ്തുത. പരിസ്ഥിതിയാണ് ഭൂമിയുടെ നിലനിൽപിന്‍റെ ആധാരമെന്നിരിക്കേ, തങ്ങള്‍ക്ക് ചവിട്ടി മെതിക്കാനും, ചൂഷണം ചെയ്യാനുമുള്ളതാണ് അതെന്ന വിചാരത്തില്‍ ‘കാട്ടിലെ മരം തേവരുടെ ആന’ എന്ന മട്ടില്‍ വലിയോട് വലിയാണ്.

വായുവും വെള്ളവും മണ്ണും സസ്യങ്ങളും ജന്തുജാലങ്ങളും അവയുടെ പരസ്പര ബന്ധങ്ങളും, മനുഷ്യനിർമിത സാഹചര്യങ്ങളും ഉള്‍പ്പെടുന്ന ഈ ഭൗതിക സമ്പത്താണ്‌ ജീവന്‍റെ നിലനിൽപിനും വളര്‍ച്ചക്കും ആധാരം. നമുക്കു ചുറ്റുമുള്ള പ്രകൃതിദത്തവും, മനുഷ്യനിർമിതവുമായ എല്ലാ ഘടകങ്ങളുടെയും കൂട്ടായ്മയാണ് പരിസ്ഥിതി. അതിനെ സംരക്ഷിക്കാന്‍ മുന്നോട്ടിറങ്ങുന്നവര്‍ ദുർലഭമായിരിക്കും. സംഹരിക്കാനാണെങ്കില്‍ ലക്ഷം ലക്ഷം പിന്നാലെയുണ്ടാകും. അതിന് ഒത്താശ ചെയ്തുകൊടുക്കാൻ കാണാമറയത്തിരുന്ന് ഭരണകൂടങ്ങൾ ചരടുവലിക്കും.

പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി ജീവന്‍ കൊടുക്കാന്‍ തയാറായിരുന്ന മഹാത്യാഗിയായിരുന്നു ഗാഡ്ഗില്‍. പശ്ചിമഘട്ടം മുഴുവന്‍ കാല്‍നടയായി സഞ്ചരിച്ച് പ്രകൃതിയെ തൊട്ടറിഞ്ഞ ആ വ്യക്തിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്‍റെ ഒരു ചിത്രം കവര്‍പേജായി കൊടുത്ത് ആഴ്ചപ്പതിപ്പിന് പ്രത്യേകപതിപ്പ് ഇറക്കാമായിരുന്നു. പകരം അദ്ദേഹവുമായി ടി. മനുപ്രസാദ് നടത്തിയ പഴയകാല ഒരു സംഭാഷണം പുനഃപ്രകാശനം ചെയ്ത് പ്രസിദ്ധീകരിച്ചത് ഉചിതമായില്ല എന്നാണ് ഒരു പരിസ്ഥിതി പ്രേമിയായ എന്‍റെ എളിയ അഭിപ്രായം.

സണ്ണി ജോസഫ്‌, മാള

ഉന്മാദദേശീയതയുടെ 100 വർഷങ്ങളെ കൃത്യമായി വിവരിച്ച പ്രത്യേക പതിപ്പ്

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ തീക്ഷ്ണ നാളുകളിൽ 1925ലെ ഒരു വിജയദശമി നാളിൽ നാഗ്‌പൂരിൽ സ്ഥാപിച്ച രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ തീവ്ര ഉന്മാദ ഹിന്ദുത്വം കഴിഞ്ഞ 100 വർഷമായി പലവിധത്തിൽ പത്തിവിടർത്തിയാടുന്നത് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു. ആ തീവ്രത ആസുരഭാവത്തിൽ അഴിഞ്ഞാടുന്ന വർത്തമാന കാല ഇന്ത്യയിൽ ആർ.എസ്.എസ് രൂപവത്കരണത്തിനു ശേഷമുള്ള ഒരു നൂറ്റാണ്ടിനെയും സംഘ്പരിവാർ നീക്കങ്ങളെയുമെല്ലാം അവലോകനം ചെയ്ത ആഴ്ചപ്പതിപ്പിന്റെ പ്രത്യേക പതിപ്പ് വിഷയത്തെ ആഴത്തിൽ വായിക്കാനുള്ള അവസരമൊരുക്കി.

‘മറക്കരുത്, ചരിത്രം’ എന്ന ‘തുടക്കം’ േപജ് അവസാനിപ്പിക്കുന്നിടത്ത്, ഭക്ഷണത്തിന്റെയും വേഷത്തിന്റെയും പേരിൽ ആക്രമിക്കപ്പെടാത്ത ഒരിടമായി രാജ്യം പുനഃസ്ഥാപിക്കപ്പെടണമെങ്കിൽ നമ്മൾ ഫാഷിസത്തിന്റെ ചരിത്രം പഠിച്ചേ മതിയാകൂ എന്ന ആഹ്വാനം നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. ‘രാജ്യം പുനഃസ്ഥാപിക്കപ്പെടണം’ എന്ന് എടുത്തുപറയുന്നിടത്താണ് അടിവരയിടേണ്ടത്; കാരണം നമ്മുടെ രാജ്യം അത്രകണ്ട് മാറിയിരിക്കുന്നു എന്നല്ല, മാറ്റിയിരിക്കുന്നു എന്നതാണ് യാഥാർഥ്യം.

തന്റെ എല്ലാം കൊണ്ടുപോകാനും തനിക്ക് നിങ്ങളുടെ ഒന്നും ആവശ്യമില്ലെന്നും മനുഷ്യനെന്നുള്ള അവകാശം മാത്രം തിരിച്ചു തരാനും ആവശ്യപ്പെടുകയാണ് ശരൺകുമാർ ലിംബാള ‘വെള്ളക്കടലാസ്’ എന്ന തന്റെ കവിതയിലൂടെ. പൗരാവകാശങ്ങൾ ചവിട്ടിമെതിക്കപ്പെടുമ്പോൾ ഒരായിരം പേർ ഒരേസമയം ഒന്നിച്ചുയർത്തേണ്ട ചോദ്യം കവി ഒറ്റക്കു ചോദിക്കുകയാണിവിടെ. വോട്ടവകാശം പോലും തട്ടിത്തെറിപ്പിക്കപ്പെടുമ്പോൾ നമ്മുടെ അവകാശം വെള്ളക്കടലാസ് പോലെ ശൂന്യം എന്നാണ് കവി പറയാതെ പറയുന്നത്.

‘ഉന്മാദ ദേശീയതയുടെ നൂറു വർഷങ്ങൾ’ എന്ന ഒ. അബ്ദുറഹ്മാന്റെ ലേഖനം ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യ പുലർത്തുന്ന ഇന്ത്യാ രാജ്യത്തെ നൂറു വർഷത്തെ നിരന്തര പ്രയ്തനത്തിലൂടെ ആർ.എസ്.എസ് പിടിയിലൊതുക്കിയത് എങ്ങനെയെന്ന് അക്കമിട്ട് പറയുന്നു.

സ്വാതന്ത്ര്യ സമരകാലത്ത് ദേശീയതയുടെയും ദേശാഭിമാനത്തിന്റെയുമൊക്കെ വക്താക്കളെന്ന് ഉദ്ഘോഷിച്ചു നടന്ന പലരും ഹിന്ദുത്വത്തിന്റെ തീവ്ര വക്താക്കളായിരുന്നുവെന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല. അതിന്റെ പിന്മുറക്കാരായിരുന്നവർ പിന്നീട് സോഷ്യലിസ്റ്റ് നേതാക്കളായി മേനി നടിച്ചിരുന്നുവെങ്കിലും ക്രമേണ ബി.ജെ.പി പാളയത്തിൽ എത്തിയതിൽ അത്ഭുതപ്പെടാനൊന്നുമില്ല. അതിൽ ചില ഉദാഹരണങ്ങൾ മാത്രമാണ് ജോർജ് ഫെർണാണ്ടസ്, രാംവിലാസ് പാസ്വാൻ, നിതീഷ് കുമാർ തുടങ്ങിയവർ.

ഇനിയും എത്രയോ കോൺഗ്രസ് ബിംബങ്ങളും സോഷ്യലിസ്റ്റ് ‘സിംഹ’ങ്ങളും ബി.ജെ.പി പാളയത്തിൽ എത്താനിരിക്കുന്നു. മതത്തെ അടിസ്ഥാനമാക്കി രാജ്യം വിഭജിക്കപ്പെടണമെന്ന ആവശ്യം ഓൾ ഇന്ത്യാ മുസ്​ലിം ലീഗും മുഹമ്മദലി ജിന്നയും മാത്രമാണ് ഉന്നയിച്ചതെന്ന വാദം കാലാകാലങ്ങളായി പറഞ്ഞുകേൾക്കുമ്പോഴും അതിനു മുമ്പുതന്നെ ഹിന്ദു മഹാസഭ മേധാവി വി.ഡി. സവർക്കർ ദ്വിരാഷ്ട്ര സൃഷ്ടിക്കുവേണ്ടി മോഹിച്ചിരുന്നുവെന്നും അതിനുവേണ്ടി എത്രമാത്രം വാദിച്ചിരുന്നുവെന്നും ഹിന്ദു മഹാസഭയുടെ പ്രസിഡന്റായിരുന്ന ഭായി പരമാനന്ദ് രാജ്യവിഭജനത്തിന്റെ രൂപരേഖ അവതരിപ്പിച്ചതെങ്ങനെയെന്നും ലേഖനത്തിൽ വസ്തുതകൾ നിരത്തി അവതരിപ്പിക്കുന്നത് ശ്രദ്ധേയം തന്നെ.

രാഷ്ട്രീയ പ്രവർത്തനത്തിന്റെ തുടക്കക്കാലം മുതൽ തന്നെ ശക്തമായ മതേതര മുഖമായ അപൂർവം നേതാക്കളിൽ ഒരാളാണ് ലാലുപ്രസാദ് യാദവ്. ഇന്നും അണുവിട വ്യതിചലിക്കാതെ അതേ മതേതര മുഖം കാത്തുസൂക്ഷിക്കുന്ന ആളാണ് അദ്ദേഹം. അദ്ദേഹവുമായി നളിൻ വർമ നടത്തിയ അഭിമുഖം ഹ്രസ്വമെങ്കിലും അതിൽ പറഞ്ഞുവെക്കുന്ന ഓരോ കാര്യത്തിലും മതേതര ഇന്ത്യയുടെ പ്രതീക്ഷകളാണുള്ളത്. ഭരണഘടന​െയയും നിയമവാഴ്ചയെയും അട്ടിമറിച്ച് മനുസ്മൃതിയുടെ പാഠങ്ങൾ അടിച്ചേൽപിക്കാനുള്ള വർഗീയ ഭരണകൂടത്തെ പരാമർശിച്ച് അവസാനിപ്പിക്കുന്ന അഭിമുഖം അക്ഷരാർഥത്തിൽ പകരുന്നത് സുപ്രധാനമായ ചില മുന്നറിയിപ്പുകളാണ്.

തുഷാർ ഗാന്ധി എഴുതി ആർ.കെ. ബിജുരാജ് മൊഴിമാറ്റം നടത്തിയ ‘സവർക്കറും ഗോദ്​െസയും’ എന്ന ലേഖനം സവർക്കറും ഗാന്ധിഘാതകനായ നാഥുറാം വിനായക് ഗോദ്​െസയും ഗാന്ധിവധത്തിലെ കൂട്ടുപ്രതി നാരായൺ ആപ്തെയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ചരിത്രം തുറന്നുകാണിക്കുന്നു. രാജ്യത്ത് ഹിന്ദുത്വവാദം ശക്തമാക്കാനുള്ള ശ്രമത്തിലായിരുന്നു ആശയങ്ങൾകൊണ്ടും പ്രവൃത്തികൾകൊണ്ടും ഒറ്റക്കെട്ടായ ഈ ത്രിമൂർത്തികൾ. അതുകൊണ്ട് തന്നെ അവർക്ക് മഹത്തായ ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കാനാവുന്നില്ല; അതേസമയം കാടത്തത്തിന്റെ തീവ്രമുഖമായ മനു സ്മൃതിയിലേക്ക് തിരിച്ചുപോകാൻ വെമ്പൽകൊള്ളുന്നു. മനുഷ്യനെ നാലായി തിരിക്കുന്ന വർണവ്യവസ്ഥയുടെ ജീർണിച്ച മുഖം പേറാൻ ഇനിയും വെമ്പൽ കൂട്ടുന്ന ഇക്കൂട്ടർ ഭരണഘടനയെ നോക്കുകുത്തിയാക്കാൻതന്നെയാണ് ശ്രമിക്കുന്നതെന്ന് വ്യക്തം.

നാസിസത്തിന്റെയും ഫാഷിസത്തിന്റെയും ആശയധാരകൾ ഇന്ത്യയിലും നടപ്പാക്കാൻ ശ്രമിക്കുന്ന സംഘ്പരിവാറിന്റെ യഥാർഥ ചിത്രം ജെ.വി. പവാറിന്റെ ‘ബുദ്ധിസ്റ്റുകളെയും ഇന്ന് വിലക്കെടുക്കാൻ അവർക്കാകുന്നു’ എന്ന ലേഖനത്തിൽ വ്യക്തമായി വരച്ചിടുന്നുണ്ട്.

ഗോഗു ശ്യാമള എഴുതി കെ. മുരളി മൊഴിമാറ്റം നടത്തിയ ‘ജീവനാണ് ബീഫ്’ എന്ന കവിത കേവലം ബീഫ് കഴിക്കാനുള്ള ആഗ്രഹം മാത്രമല്ല വെളിവാക്കുന്നത്, മറിച്ച് ഇന്ത്യയിൽ ആര് ഏത് വേഷം ധരിക്കണം, എന്ത് ഭക്ഷണം കഴിക്കണം എന്നതുപോലും സംഘ് പരിവാർപോലുള്ള തീവ്ര ഹിന്ദുത്വശക്തികൾ തീരുമാനിക്കപ്പെടുന്ന ഇന്നത്തെ സാഹചര്യത്തെ തുറന്നുകാണിക്കൽകൂടിയാണ്. ബീഫ് ഞങ്ങളുടെ സംസ്കാരമാണെന്ന് പറഞ്ഞ് കവിത അവസാനിപ്പിക്കുമ്പോൾ നാം പടുത്തുയർത്തിയ മഹത്തായ സംസ്കാരത്തിനു മേൽ വർഗീയ വിഷം ചീറ്റുന്നവർക്കെതിരെയുള്ള ശക്തമായ താക്കീതാണ് ഈ കവിത നൽകുന്നത്.

‘ആ മൂല്യങ്ങളിലേക്ക് രാജ്യത്തെ തിരികെയെത്തിക്കണം’ എന്ന തലക്കെട്ടിൽ ഹിന്ദുത്വയുടെ നൂറു വർഷങ്ങളെ പരിശോധിച്ച് രാംപുനിയാനി എഴുതിയ ലേഖനം ആർ.എസ്.എസിന്റെ തുടക്ക കാലം മുതൽ ഇന്നുവരെ നടത്തിയ കുൽസിത ശ്രമങ്ങൾ വ്യക്തമായി പറയുന്നു. വർഗീയ ശക്തികൾ അടിച്ചേൽപ്പിക്കുന്ന അടിസ്ഥാന യാഥാർഥ്യങ്ങളെ ഭരിക്കുന്നത് സവർക്കറുടെ ആശയങ്ങളും ആദർശങ്ങളുമാണെന്ന വസ്തുതയാണ് ലേഖനം തുറന്നുകാട്ടുന്നത്. എല്ലാവരെയും ചേർത്തുപിടിക്കുന്നുവെന്നു പറയുമ്പോഴും മുസ്​ലിം, ക്രൈസ്തവ വിഭാഗത്തിൽനിന്നും ഒറ്റ എം.പി പോലും ബി.ജെ.പിക്ക് ഇല്ലാത്തതിലെയും, സ്ത്രീകൾ, ദലിതർ, ഇതര പിന്നാക്കക്കാർ എന്നിവരോടുള്ള ബി.ജെ.പിയുടെ അകൽച്ചയും പോലുള്ള കാര്യങ്ങളും രാംപുനിയാനി കൃത്യമായി ചർച്ചചെയ്യുന്നുണ്ട്.

രാജേഷ് കെ. എരുമേലി എഴുതിയ ‘മെയിൻ കാംഫിൽനിന്ന് വിചാരധാരയിലേക്കുള്ള ദൂരം’ എന്ന ലേഖനം അക്ഷരാർഥത്തിൽ ഹിറ്റ്ലറുടെ ആത്മകഥയിൽനിന്നും ആർ.എസ്.എസിന്‍റെ ആത്മകഥയായ വിചാരധാര എങ്ങനെ പകർത്തി എന്നതിന്റെ വസ്തുതാപരമായ അന്വേഷണമാണ്.

ബഹുസ്വരതക്ക് നേരെയുള്ള കടന്നാക്രമണത്തെക്കുറിച്ചും പശുവിന്റെ പേരിലുള്ള ആക്രമണങ്ങളെക്കുറിച്ചുമൊക്കെ പരാമർശിക്കുന്ന ഉൾലേഖനങ്ങൾ വർഗീയ ഫാഷിസ്റ്റ് ശക്തികൾ അധികാരത്തിന്റെ പിൻബലത്തിൽ നടത്തുന്ന കടന്നാക്രമണങ്ങളുടെ തുറന്നുകാട്ടൽ തന്നെയായി.

അനിൽകുമാർ എ.വി എഴുതിയ ‘പകർച്ചവ്യാധിയായി കാവി നിറമുള്ള പ്ലേഗ്’ , ‘ഹിന്ദു രാഷ്ട്രത്തിലേക്കുള്ള ചുവടുകൾ’ എന്നീ ദീർഘ ലേഖനങ്ങളാണ് ഉന്മാദ ദേശീയത നൂറു വർഷങ്ങൾ പിന്നിടുമ്പോൾ ആർ.എസ്.എസും അതിന്റെ അനുയായികളും ഇതുവരെ പുറത്തെടുത്ത തനിനിറം അർഥ ആശങ്കക്കിടയില്ലാത്ത വണ്ണം തുറന്നുകാണിക്കുന്നത്. രാജ്യം എങ്ങനെ ഹിന്ദു രാഷ്ട്രത്തിലേക്കുള്ള ചുവടുകൾ അടിപ്പിക്കുന്നുവെന്ന് ലേഖനങ്ങളിൽനിന്ന് വ്യക്തമായി വായിച്ചെടുക്കാം.

മീഡിയാസ്കാനിൽ യാസീൻ അശ്റഫ് എഴുതിയ ‘ഛായയും പ്രതിച്ഛായയും: മായ്ക്കാൻ കഴിയാത്ത കളങ്കങ്ങൾ’ എന്ന ലേഖനം ആർ.എസ്.എസ് സംഘ്പരിവാർ സംഘങ്ങൾ പുറത്ത് പറഞ്ഞു നടക്കുന്നതല്ല അകത്ത് കൊണ്ടു നടക്കുന്നത് എന്നത് പുറം വെടിപ്പ്, അകം വെറുപ്പ് എന്ന തലക്കെട്ടിനു താഴെ അർഥശങ്കക്കിടയില്ലാത്ത വണ്ണം വ്യക്തമാക്കുന്നുണ്ട്.

കോൺഗ്രസുകാർക്ക് ഒപ്പം ജയിലിൽ കിടന്നത് അവരിൽ ആർ.എസ്.എസ് ആശയം പ്രചരിപ്പിക്കാൻ വേണ്ടി, ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുത്ത് അറസ്റ്റു വരിച്ച ഹെഡ്ഗേവാർ അന്ന് ചെയ്തത് അക്കാലഘട്ടത്തിലെ ആശയ പ്രചാരണമായിരുന്നെങ്കിൽ ഇന്ന് ഏറെ വേഗത കൈവരിച്ച സിനിമ ഉൾപ്പെടെയുള്ള കലാരൂപങ്ങളെയും സാമൂഹിക മാധ്യമങ്ങളെയും ഇക്കൂട്ടർ വളരെ ചടുലമായി ഉപയോഗിക്കുകയാണ്.

വെറുപ്പിന്റെ അങ്ങാടിയിൽ കട നടത്തുന്ന ഗോദി മീഡിയ മുൻനിര പ്രചാരകർ ആകുന്നതിലെ അപകടമാണ് ലേഖകൻ തുറന്നു കാണിക്കുന്നത്. പ്രത്യേക പതിപ്പ് വായിച്ച് അവസാന പേജിൽ എത്തുമ്പോൾ വി.ആർ. രാഗേഷിന്റെ ഒടുക്കം/ പൊരുൾവരയാണ് അക്ഷരാർഥത്തിൽ വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തിലെ ‘രാഷ്ട്രീയ അപകടം’ യഥാവിധി വരച്ചിടുന്നത്. ഇതിലുമപ്പുറം ഒരു ‘പൊരുൾ വര’ എങ്ങനെയെന്നേ ചോദിക്കാനുള്ളൂ.

അധികാര കസേരയിൽ ഇരുന്ന് കൊതി തീരാത്തവർ ഇനിയും വോട്ടിന് യാചിക്കുമ്പോൾ (vote for) ജനാധിപത്യത്തിലെ പരമപ്രധാനമായ ഓരോ വോട്ടും എവിടെയൊക്കെയോ എങ്ങനെയോ നഷ്ടപ്പെട്ടുവെന്നു തിരിച്ചറിഞ്ഞവർ നഷ്ടപ്പെട്ട വോട്ടിനു വേണ്ടി (for vote) കുത്തിയിരുന്ന് പോസ്റ്റർ പതിച്ച് വോട്ട് അന്വേഷിക്കുന്ന ദയനീയ ചിത്രം എസ്.ഐ.ആർ പരിഷ്കരണത്തിലെ ഉന്മാദ ദേശീയതയുടെ പങ്കും വിളിച്ചു പറയുന്നുണ്ട്. ഏതാണ്ട് ഒരു മാസക്കാലത്തിനപ്പുറം നീണ്ട, പരന്ന വായനക്ക് ‘ഉന്മാദ ദേശീയതയുടെ നൂറു വർഷങ്ങൾ’ അവതരിപ്പിച്ച ആഴ്ചപ്പതിപ്പിനും ലേഖകർക്കും അഭിനന്ദനങ്ങൾ.

ദിലീപ് വി. മുഹമ്മദ്, മൂവാറ്റുപുഴ

ചരിത്രവും വർത്തമാനവും ഭാവിയും ഇഴചേർന്ന കഥ

പുതുവർഷപ്പതിപ്പിലെ (ലക്കം 1454-55) ഭാവിഭൂതം കഥ ശ്രദ്ധേയമായി. ചരിത്രവും വർത്തമാനവും ഭാവിയും ഇഴചേർന്ന കഥ. ഭാവിയിൽ ബാപ്പു ഭൂതത്തിൽ മറയുമെന്ന പ്രവചനം കഥയുടെ രാഷ്ട്രീയവായനകൂടി ആവശ്യപ്പെടുന്നു. ഗാന്ധിജിക്ക് മുന്നിൽ പ്രകൃതിയുടെ പകർന്നാട്ടങ്ങൾ ഒപ്പിയെടുത്ത് അവതരിപ്പിച്ചതും ഹൃദ്യമായി. ദൈവം സത്യമാണ് എന്ന് പറഞ്ഞ് സത്യത്തെ വ്യാഖ്യാനിച്ച ഗാന്ധി പിന്നീട് സത്യം ദൈവമാണെന്ന് തിരുത്തുകയായിരുന്നു. അങ്ങനെ തന്‍റെ ജീവിതംതന്നെ സത്യാന്വേഷണ പരീക്ഷണമാക്കിയ ഗാന്ധിയോടുള്ള കുഞ്ഞിന്‍റെ ചോദ്യത്തിലാണ് കഥയുടെ മൂർച്ച. തെറ്റ് എപ്പോഴും തെറ്റ് തന്നെയായിരിക്കുകയും ശരി എപ്പോഴും ശരിതന്നെയായിരിക്കുകയും ചെയ്യുന്ന കാലമുണ്ടോ എന്ന ചോദ്യം കസ്തൂർബയുടേതാണ് എന്ന് നമ്മൾ തിരിച്ചറിയുന്നു. തന്‍റെ നിലപാടു തറയിൽനിന്ന് ഗ്രേസി ടീച്ചർ നടത്തുന്ന രാഷ്ട്രീയ സാംസ്കാരിക വായനകൂടിയാണ് ഈ കഥ. ലളിതമായ, ഹൃദ്യമായ ആലോചനാമൃതമായ ഒരു ചെറിയ കഥ. കഥാകാരിക്ക് അഭിനന്ദനങ്ങൾ.

എം. രഘുനാഥ്, കാക്കൂർ

തീപിടിച്ച കവിത

വിമീഷ് മണിയൂർ എഴുതിയ ‘കോവിഡ് കാലത്തെ തെങ്ങ്’ (ലക്കം 1449) എന്ന കവിത വായിച്ചു. തീവ്രമായൊരു വായനാനുഭവമാണ് ഈ കവിതയിൽനിന്ന് ലഭിച്ചത്. പുറമെ ശാന്തവും ലളിതവുമെന്ന് തോന്നുന്ന കവിത അതിന്‍റെ ശക്തമായ അടിയൊഴുക്കുകൊണ്ട് കത്തുന്ന ജീവിതങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. കവിക്ക് അഭിനന്ദനങ്ങൾ.

രാജേഷ് പനങ്ങാട്ടിൽ, മാഹി

Tags:    
News Summary - Letters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.