മുരടിച്ച ഗോത്രവ്യവസ്ഥ

കേരളത്തിലെ ദേശീയതയുടെ പ്രശ്നത്തെക്കുറിച്ച് ചരിത്രകാരനും നോവലിസ്റ്റും നിരൂപകനുമായ പി.കെ. ബാലകൃഷ്ണ​നുമായി ജനകീയ സാംസ്കാരിക വേദിയുടെ മുഖപത്രമായ ‘പ്രേരണ’ക്കായി ചിന്തകരായ ഡോ. ബി. രാജീവനും ഡോ. ഉദയകുമാർ പിയും 1980കളുടെ തുടക്കത്തിൽ നടത്തിയ സംഭാഷണമാണിത്. ശ്രീനാരായണ ഗുരുവിനെയും കേരളത്തിലെ ദേശീയപ്രശ്നത്തെക്കുറിച്ചും പി.കെ. ബാലകൃഷ്ണൻ തന്റെ നിലപാടുകൾ തുറന്നവതരിപ്പിക്കുന്നു. നമ്മുടെ ദേശീയത, ഇന്ന് സജീവമായ ശ്രദ്ധയർഹിക്കുന്ന ഒരു വിഷയമാണല്ലോ. ‘ഇന്ത്യൻ ദേശീയത’ എന്ന സങ്കൽപത്തെക്കുറിച്ച് നിരവധി വിഭിന്നാഭിപ്രായങ്ങൾ ഉയർന്നുവന്നു. ഇതിനെപ്പറ്റി എന്താണഭിപ്രായം?അങ്ങനെയുള്ള ഒരു ഇന്ത്യൻ ദേശീയത...

കേരളത്തിലെ ദേശീയതയുടെ പ്രശ്നത്തെക്കുറിച്ച് ചരിത്രകാരനും നോവലിസ്റ്റും നിരൂപകനുമായ പി.കെ. ബാലകൃഷ്ണ​നുമായി ജനകീയ സാംസ്കാരിക വേദിയുടെ മുഖപത്രമായ ‘പ്രേരണ’ക്കായി ചിന്തകരായ ഡോ. ബി. രാജീവനും ഡോ. ഉദയകുമാർ പിയും 1980കളുടെ തുടക്കത്തിൽ നടത്തിയ സംഭാഷണമാണിത്. ശ്രീനാരായണ ഗുരുവിനെയും കേരളത്തിലെ ദേശീയപ്രശ്നത്തെക്കുറിച്ചും പി.കെ. ബാലകൃഷ്ണൻ തന്റെ നിലപാടുകൾ തുറന്നവതരിപ്പിക്കുന്നു.

നമ്മുടെ ദേശീയത, ഇന്ന് സജീവമായ ശ്രദ്ധയർഹിക്കുന്ന ഒരു വിഷയമാണല്ലോ. ‘ഇന്ത്യൻ ദേശീയത’ എന്ന സങ്കൽപത്തെക്കുറിച്ച് നിരവധി വിഭിന്നാഭിപ്രായങ്ങൾ ഉയർന്നുവന്നു. ഇതിനെപ്പറ്റി എന്താണഭിപ്രായം?

അങ്ങനെയുള്ള ഒരു ഇന്ത്യൻ ദേശീയത ഒരുകാലത്തും ഉണ്ടായിരുന്നില്ല. കീഴടക്കിയ പ്രദേശങ്ങളെ കുത്തിത്തയ്ച്ചുണ്ടാക്കിയ പുസ്തകത്തിന്റെ പുറന്താളിൽ ബ്രിട്ടീഷുകാർ ‘ഇന്ത്യ’ എന്നു പേരെഴുതിയതോടുകൂടിയാണ് ദേശീയതയെ സംബന്ധിക്കുന്ന ഈ മിഥ്യാസങ്കൽപം ഉടലെടുക്കുന്നതു തന്നെ. ദേശീയതയും ഭൂമിശാസ്ത്രവുമായുള്ള ബന്ധത്തെപ്പറ്റി നമ്മുടെ രാഷ്ട്രീയ ചരിത്രകാരന്മാർ പുലർത്തുന്ന അബദ്ധ ധാരണകൾതന്നെ ഈ സങ്കൽപത്തിന്റെ അർഥശൂന്യത വെളിവാക്കുന്നതാണ്. അഫ്ഗാനിസ്താനും ബർമയും മുറിച്ചുമാറ്റിക്കഴിഞ്ഞാലും ബാക്കിയുള്ളത് അവർക്ക് അവിഭക്ത ഇന്ത്യയാണ്. പാകിസ്താൻ പോയാലും അവശേഷിക്കുന്നത് അവിഭക്ത ഇന്ത്യയാണ്. ഇപ്പോൾ അസം ഇന്ത്യൻ യൂനിയൻ വിട്ടുപോയാലും അവർ ഇതുതന്നെ പറയും. വിവിധ ദേശീയതകൾക്ക് സ്വയം നിർണയാവകാശമുള്ള ഫെഡറേഷൻ എന്ന ആശയം ഇന്നത്തെ ഇന്ത്യയിൽ അയഥാർഥമാണ്.

ഭിന്ന ദേശീയതകളുടെ മേൽ കൃത്രിമമായി കെട്ടിയുണ്ടാക്കിയ ഒരു കൃത്രിമ രാഷ്ട്രീയ ഘടനയാണ് ഇന്ത്യൻ ദേശീയ ഭരണകൂടം. ഈ കൃത്രിമമായ കേന്ദ്രീകൃത ഫെഡറേഷനെ തകർത്താൽ മാത്രമേ ഏതു വിപ്ലവവും സാധ്യമാവൂ എന്നതാണെന്റെ വിശ്വാസം. ഈ ഫെഡറേഷൻ സങ്കൽപത്തിൽനിന്നാരംഭിക്കുന്ന ഒരു ചിന്തക്കും ശരിയായ ദേശീയതയെ കാണാൻ കഴിയുകയില്ല. നമ്മുടെ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് സംഭവിച്ച ദുരന്തങ്ങളിലൊന്നാണിത്. അവർക്ക് ഒരുതരി മണ്ണുപോലും നഷ്ടപ്പെടുന്നത് ഇഷ്ടമല്ല. അവർക്ക് ഇന്ത്യയെ മുഴുവനായിത്തന്നെ വേണം.

ഈ ഇന്ത്യൻ ദേശീയത എന്ന സങ്കൽപം അയഥാർഥമാണെങ്കിലും യഥാർഥമായ ഒരു ദേശീയത നമുക്കൊക്കെയില്ലേ? അടുത്തകാലത്ത് അസം, മണിപ്പൂർ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ഉടലെടുത്ത പ്രശ്നങ്ങൾ, ദേശീയത അവിടെ ശക്തവും സജീവവുമായ സത്യമാണെന്ന് വെളിവാക്കുന്നുണ്ട്. അതുപോലെ നമുക്ക് സാംസ്കാരികമായും സാമൂഹികമായും യഥാർഥമായിട്ടുള്ള ഒരു ദേശീയതയെപ്പറ്റി ചിന്തിച്ചുകൂടേ? ഉദാഹരണമായി, കേരളീയമായ ഒരു ദേശീയതയെപ്പറ്റി?

ദേശീയതയുടെ നിർവചനങ്ങളനുസരിച്ചുള്ള ലക്ഷണങ്ങളെല്ലാം ഭദ്രമായി ഒത്തിണങ്ങിയിട്ടുള്ള ഒരു സ്ഥലമാണ് കേരളം. ഭാഷകൊണ്ടും ഭൂമിശാസ്ത്രംകൊണ്ടും സംസ്കാരംകൊണ്ടും സാംസ്കാരിക സ്വഭാവങ്ങൾകൊണ്ടും കേരളീയമായ ഒരു ദേശീയതയെപ്പറ്റിയുള്ള ചിന്ത പ്രസക്തവുമാണ്. പക്ഷേ, നമ്മുടെ ഈ ദേശീയ സ്വഭാവത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സവിശേഷത കേരളീയർക്ക് ദേശീയബോധമില്ല എന്നതാണ്. ഉദാഹരണത്തിന്, തമിഴ്നാടുമായും മറ്റും താരതമ്യം ചെയ്താലറിയാം, ഇവിടെ ദേശീയബോധം എത്രയോ കുറവാണെന്ന്.

എന്തുകൊണ്ടാവാം കേരളീയമായ ഒരു ദേശീയത ഇവിടെ ഉണ്ടായിട്ടും കേരളീയമായ ഒരു ദേശീയബോധം ഇവിടെ ഉണ്ടാവാതെ പോയത്?

ഇത് ചരിത്രപരമായി പരിശോധിക്കേണ്ട ഒരു വിഷയമാണ്. നമ്മുടെ സാമൂഹികഘടന അതിപ്രാകൃതമായ ഒരു ഗോത്രവ്യവസ്ഥയിൽ (Primitive tribal system) നിന്നും ഒരിക്കലും പുരോഗമിച്ചിട്ടില്ല. 19ാം നൂറ്റാണ്ടിന്റെ പകുതി കഴിയുംവരെ ഇവിടെ ആഡംബരം എന്ന ആശയം തന്നെയില്ല. നല്ല വീടുകളില്ല, വസ്ത്രങ്ങളുടെ ഉപയോഗം കുറവായിരുന്നു. എല്ലാത്തരം പുതിയ വസ്തുക്കൾക്കുമെതിരെ വിലക്കുകളായിരുന്നു. പഴയ കേരള സമൂഹത്തിൽ ചൂഷണമില്ല. അങ്ങേയറ്റം പ്രാകൃതമായ ഒരു ഗോത്രവ്യവസ്ഥ മാത്രമായിരുന്നു ഇവിടെ നിലനിന്നിരുന്നത്.

ഈ ഗോത്രവ്യവസ്ഥ ഒരു പരിധിവരെ വികസിക്കുകയും അവിടെ​െവച്ച് അതിന്റെ വികാസം മുരടിച്ചുപോവുകയുമാണുണ്ടായത്. അതിന്‍റെ പുറത്ത് പിൽക്കാലത്ത് ബാഹ്യവികാസങ്ങൾ വന്നുവീണു. പക്ഷേ, ഇന്നും നമ്മുടെ രാഷ്ട്രീയവും വൈകാരികവുമായ പ്രതികരണങ്ങളുടെ ആഴത്തിൽ ഈ ഗോത്രവ്യവസ്ഥ തന്നെയാണുള്ളത്. ഇന്നും ഒരു സദ്യ ഉണ്ടു കഴിഞ്ഞാൽ അതേപ്പറ്റി പ്രാകൃതമായ ഒരു സന്തുഷ്ടിയോടെ വിസ്മയിക്കുന്ന ഒരു ജനതയെ മറ്റെങ്ങും കാണുകയില്ല.

ഈ ഗോത്രഘടന ഇന്നത്തെ സമൂഹത്തിൽ എങ്ങനെയാണ് നിലനിൽക്കുന്നത്?

ഗോത്രഘടനയുടെ സ്വഭാവം ഭിന്നഗോത്രങ്ങളുടെ പരസ്പരമുള്ള ബന്ധപ്പെടലിനെ സംബന്ധിക്കുന്ന വിലക്കുകളാണല്ലോ. ഇത് കടുത്ത ഒരു ജാതിവ്യവസ്ഥക്ക് വഴിവെച്ചു. ജാതിവിവേചനങ്ങളെ കുറിച്ചുള്ള ശക്തമായ ബോധമാണു കേരളീയരുടെ ഒരു സാമാന്യസ്വഭാവം. നമ്മുടെ നാടൻ കലകളൊന്നും ദേശീയമല്ല, അവ ബന്ധപ്പെട്ടിരിക്കുന്നത് ഏതെങ്കിലും പ്രത്യേക ജാതിയുമായാണ്. അപ്പോൾ പിന്നെ എങ്ങനെയാണ് ഐക്യരൂപ്യമുള്ള ഒരു കേരള ദേശീയത ഇന്നും ലക്ഷണയുക്തമായി കാണപ്പെടുന്നതെന്ന പ്രശ്നം വരുന്നു. നമ്പൂതിരിമാർ ഈ ഗോത്രവ്യവസ്ഥയുടെ വിലക്കുകൾക്ക് അടിമകളായിരുന്നില്ല. അവർക്ക് എവിടെയും സഞ്ചരിക്കാം. കൊച്ചി രാജാവും പറവൂർ രാജാവുമായി ഒരു യുദ്ധമുണ്ടെങ്കിൽ അവർക്ക് രണ്ടിടത്തും ചെല്ലാം. നായന്മാർ അഖില കേരളാടിസ്ഥാനത്തിൽ ഐക്യരൂപമുള്ള ഒരു സമുദായമായിത്തീർന്നത് നമ്പൂതിരിമായുമുള്ള ഐക്യംകൊണ്ടാവാൻ വഴിയുണ്ട്.

വളരെ പ്രാകൃതമായൊരു ഗോത്രഘടനയിൽ വെച്ച് നമ്മുടെ സമൂഹത്തിന്റെ വികാസം മുരടിച്ചുപോയെന്നു പറഞ്ഞല്ലോ. അതിന്റെ കാരണം എന്തായിരുന്നു?

നമ്പൂതിരിമാരായിരുന്നു രാഷ്ട്രീയാധികാരമുള്ള വിഭാഗം, സമൂഹത്തിന്റെ തലച്ചോറെന്ന നിലയിൽ അവരായിരുന്നു സമൂഹത്തിന്റെ സ്വാഭാവിക വികാസത്തിന് കാരണമായിത്തീരേണ്ടിയിരുന്നത്. അവർ ഗോത്രജീവിതത്തെ ഒരു പരിധിവരെ വളരാനനുവദിച്ചു. പക്ഷേ, സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാനായി സമൂഹത്തിന്റെ വളർച്ച അവിടെവെച്ച് മുരടിപ്പിക്കുകയുംചെയ്തു. വീടുകളുടെ പണി അതിനെപ്പറ്റിയുണ്ടായിരുന്ന ശ്ലോകങ്ങൾക്കപ്പുറത്തേക്ക് പോകുവാൻ അവർ അനുവദിച്ചില്ല. കൃഷിസ്ഥലങ്ങളിൽ നിസ്സാരമായ ഒരു ചാലുകീറിയാൽ ജലസേചനം സാധിക്കുമായിരുന്നെങ്കിലും അവർ അതിന് അനുവദിച്ചില്ല. ഇങ്ങനെ ഉൽപാദന ശക്തികളുടെ വികാസത്തെ അവർ ബോധപൂർവം മുരടിപ്പിച്ചു. ഇതിന്‍റെ പ്രത്യാഘാതമായി നമ്പൂതിരി സമുദായംതന്നെ സാമൂഹികമായി മുരടിച്ചു.

അവർ രണ്ട് വിരുദ്ധ ജീവിതങ്ങൾക്കിടയിൽപ്പെട്ട് പ്രാകൃതത്വത്തിലേക്കും മാന്ദ്യത്തിലേക്കും വീണുപോയി. അവരുടേത് രണ്ടായി പിളർന്ന മനസ്സായിത്തീർന്നു (dual psychology). ഉദാഹരണത്തിന് അവരുടെ കുടുംബജീവിതം തന്നെയെടുക്കാം. ഉന്നതമായ ആത്മീയതയെ വിളംബരംചെയ്യുന്ന അനുഷ്ഠാനങ്ങളാണ് വിവാഹത്തെയും സന്താനലബ്ധിയെയും സംബന്ധിച്ചുള്ളത്. വിവാഹത്തിനുശേഷം ഏഴു ദിവസം തമ്മിൽ തൊടാതെ ഒരുമിച്ച് കിടക്കേണ്ടിയിരുന്ന നിഷ്ഠാബദ്ധമായ ദാമ്പത്യമായിരുന്നു അവരുടേത്. ഇത് ഒരുവശം. പ്രശ്നത്തിന്റെ മറുവശം കാണണമെങ്കിൽ സന്ധ്യക്ക് പ്രാകൃത കേരളത്തിലെ ഏതെങ്കിലുമൊരു ഇല്ലത്തിൽനിന്ന് സംബന്ധംകൂടാനായി ചൂട്ടുമെടുത്ത് ഓടുന്ന നമ്പൂതിരിയെ നോക്കിയാൽ മതി. ദയനീയമായ വ്യഭിചാരം. ഈ വൈരുധ്യത്തിന്റെ കാരണം അവരുടെ കുടുംബത്തിൽ തന്നെയുണ്ട്.

മൂത്തയാൾക്ക് മാത്രമേ വിവാഹം പറഞ്ഞിട്ടുള്ളൂ. നമ്പൂതിരി യുവാവിന് സ്വന്തം വീട്ടിൽ കയറിക്കൂടാ. അങ്ങനെ ജീവിതോന്മുഖമായ പ്രവർത്തനങ്ങൾക്കാവശ്യമായ വൈകാരിക പ്രേരണകൾ മുഴുവൻ അവർക്കും നഷ്ടപ്പെട്ടു. ഒരു സദ്യക്ക് വേണ്ടി 30-40 മൈൽ യാത്രചെയ്യുന്ന നമ്പൂതിരിമാരുണ്ടായിരുന്നു. പക്ഷേ അവരൊരിക്കലും ഈ യാത്രാക്ലേശം മാറ്റാൻ എന്ത് ചെയ്യാനാവുമെന്നുപോലും ചിന്തിച്ചില്ല. അപ്പോൾ മനസ്സിലാക്കാമല്ലോ ആ സമുദായം ചെന്നുവീണ ബുദ്ധിപരമായ നിശ്ചലതയുടെ അളവ്. സ്ത്രീകളുടെ കാര്യം ഇതിലും കഷ്ടമായിരുന്നു. വിവാഹം കഴിക്കാതെ മരിച്ചുപോവുന്ന നമ്പൂതിരി സ്ത്രീകളായിരുന്നു കൂടുതലും.

ഈ ജീവിതത്തിന്റെ ദയനീയമായ വിഡ്ഢിത്തം കണ്ടെത്തണമെങ്കിൽ സ്മാർത്തവിചാരത്തിന് കുറ്റസമ്മതം നടത്താത്ത ‘സാധന’ത്തെ പീഡിപ്പിച്ചിരുന്ന രീതി നോക്കിയാൽ മാത്രം മതി. അന്തർജന പായയിൽ ചുരുട്ടിക്കെട്ടി പുരപ്പുറത്തുനിന്ന് താഴേക്ക് ഉരുട്ടിയിടുമായിരുന്നുവത്രേ, പക്ഷേ, പായയിൽ ചുരുട്ടിക്കെട്ടുന്ന കാര്യത്തിലവർ പ്രത്യേകം ശ്രദ്ധിക്കും. കാരണം, അന്തർജനമല്ലേ, ആരും കാണരുതല്ലോ. നായന്മാരുടെ സാമൂഹിക ജീവിതത്തിൽ ഈ ഹാസ്യാത്മകമായ വൈരുധ്യം വേറൊരു രൂപത്തിലാണ്. നമ്പൂതിരിയുടെ വീട്ടിൽ അവൻ ദാസനാണ്. ഇലനായരോ, ചൂലു നായരോ, ചാണകം നായരോ ഒക്കെയാണ്. പുറത്തിറങ്ങിയാലോ, അവൻ വാളെടുത്ത മുഷ്‍കനായി കഴിഞ്ഞു. അവന്‍റെയും കുടുംബജീവിതം കഷ്ടമായിരുന്നു.

സന്ധ്യ മയങ്ങുമ്പോൾ വീട്ടിലെ പുരുഷന്മാർ എങ്ങോട്ടൊക്കെ യോ സംബന്ധത്തിനു പോവുന്നു. മറ്റേതോ വീട്ടിലെ പരിഷ്മാർ ഇവിടെയുമെത്തുന്നു. പഴയ കുടുംബങ്ങൾ യഥാർഥത്തിൽ വേശ്യാലയങ്ങളായിരുന്നു. കാരണവർ, മറ്റൊരു വീട്ടിൽ ഉറങ്ങാൻ പോയിരുന്ന വേശ്യാലയ മാനേജരായിരുന്നു. ‘ശാരദ’യിൽ പ്രത്യക്ഷമായും ‘ഇന്ദുലേഖ’യിൽ പരോക്ഷമായും കടന്നുവരുന്ന പ്രശ്നങ്ങളിലൊന്നിതാണ്. നായന്മാരും നമ്പൂതിരിമാരുമായുള്ള ബന്ധത്തിലുമുണ്ട് ഈ തമാശ. നമ്പൂതിരി ദിവസവും സംബന്ധം കൂടാൻ നായർ വീട്ടിലെത്തുമെങ്കിലും നായരെ തൊട്ടാൽ കുളിക്കുന്ന പതിവ് അയാൾ ഉപേക്ഷിച്ചില്ല. അങ്ങനെ സമൂഹത്തെ ചലിപ്പിക്കേണ്ട രണ്ടു ശക്തിക സമൂഹത്തിന്റെ തലച്ചോറും കരങ്ങളും ഉപയോഗശൂന്യമായി. തലച്ചോറായി നമ്പൂതിരി സമുദായം സമൂഹത്തിന്റെ വളർച്ച തടഞ്ഞ് സ്വയം നിശ്ചലതയിലേക്കു വീണു. കരങ്ങളായിരുന്ന നായന്മാർ മറ്റു സമുദായങ്ങളെ മർദിച്ചൊതുക്കുന്നതിൽ മാത്രം ശ്രദ്ധിക്കുകയുംചെയ്തു. സാമൂഹികമായ മുരടിപ്പിനു പിന്നിൽ സാമൂഹികമായ ബുദ്ധിമാന്ദ്യമാണുണ്ടായിരുന്നതെന്നു തോന്നുന്നു.

 

പഴയകാല നമ്പൂതിരി കുടുംബങ്ങളിലെ ഒരു വിവാഹ ചടങ്ങ്

ചേലാക്കലാപംപോലെയുള്ള സമരങ്ങളൊക്കെ ഈ ഗോത്രഘടനയെ തകർക്കാനുള്ള കലാപങ്ങളായിരുന്നില്ലേ?

പക്ഷേ, അത്തരം നീക്കങ്ങളുണ്ടായത് നമ്മുടെ സമൂഹത്തിന്റെ ഉള്ളിൽനിന്നും സ്വാഭാവികമായിട്ടല്ല. പാശ്ചാത്യ സംസ്കാരത്തിന്‍റെ കടന്നുവരവോടെയാണ് ഈ ഗോത്രഘടനക്കെതിരെ കലാപമുണ്ടാവുന്നത്. ക്രിസ്ത്യൻ മിഷനറിമാരായിരുന്നു അവയുടെ പ്രധാന പ്രേരകശക്തി. ഗോത്രഘടനക്കും ജാതിവ്യവസ്ഥക്കുമെതിരെയുള്ള ഏറ്റവും വലിയ സമരം ശ്രീനാരായണഗുരുവിന്റെ പ്രസ്ഥാനമായിരുന്നു.

എന്തായിരുന്നു ശ്രീനാരായണന്‍റെ ജാതിവിരുദ്ധ കലാപത്തിന്റെ അന്തസ്സ്?

ശ്രീനാരായണൻ ഒരു ക്രിസ്ത്യൻ പ്രോഡക്ട് ആയിരുന്നു. സ്വാമി തന്നെ പറഞ്ഞിട്ടുണ്ടല്ലോ. നമുക്ക് സന്യാസം തന്നത് സായിപ്പാണെന്ന്. പക്ഷേ, സ്വാമിയുടെ പ്രസ്ഥാനം മതമായിരുന്നു –മതത്തിന്റെ രൂപത്തിലുള്ളതായിരുന്നുവെന്ന് പറഞ്ഞാലും പോരാ, അത് മതം തന്നെയായിരുന്നു. മനുഷ്യന്റെ ഉള്ളറയിലെ ഒരു ആത്മീയ വിഷം എന്ന നിലയിലാണ് സ്വാമി ജാതിയെ കണ്ടത്. ജാതിയുടെ മനശ്ശാസ്ത്രത്തിലൂന്നിക്കൊണ്ടാണ് സ്വാമി ജാതിക്കെതിരെ പൊരുതിയത്. ജാതി എന്നാൽ തന്നെക്കാൾ താണ ജാതിക്കാരോട് മനുഷ്യൻ പുലർത്തുന്ന സ്പർധയാണ്. അതിനെ കീഴടക്കിയാലല്ലാതെ ജാതി നശിക്കുന്നില്ല. ജാതിയെ വെട്ടിയകറ്റുകയാണ് വേണ്ടത്, ഉയർന്ന ജാതിക്കാരനാവാൻ ശ്രമിക്കുകയല്ല.

അതുകൊണ്ടാണ് സ്വാമി ക്ഷേത്ര പ്രവേശനത്തിനെതിരായിരുന്നത്. ഈഴവൻ നായരാവാൻ ശ്രമിക്കുകയാണവിടെ. സ്വാമി ക്ഷേത്രം സ്ഥാപിച്ചപ്പോൾ ഉദ്ദേശിച്ചത് ഈഴവനെ പുലയനാക്കുക എന്നതായിരുന്നു. അത് പരാജയപ്പെട്ടു. സ്വാമി തന്നെ അവസാനകാലത്ത് ഇനി ക്ഷേത്രങ്ങൾ സ്ഥാപിക്കുന്നില്ല എന്നു പറഞ്ഞു. ഈഴവരും അതിനു താഴെയുള്ള ജാതിക്കാരും ജാതിചിന്ത കൂടാ​തെ കഴിയുന്ന സ്ഥലമായിരിക്കണം അത് എന്ന ഉദ്ദേശ്യം പരാജയപ്പെട്ടതുകൊണ്ടാണദ്ദേഹം അങ്ങനെ പറഞ്ഞത്. ജാതി എന്ന് പറയുന്ന ആന്തരിക രോഗത്തെ ചികിത്സിച്ചു മാറ്റാൻ നാരായണന്‍റെ പ്രസ്ഥാനത്തിനും കഴിഞ്ഞില്ല.

എസ്.എൻ.ഡി.പി യോഗം സ്വാമിയുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായി ജാതി ചിന്തയിലുറച്ച ഒരു സംഘടനയായിത്തീർന്നപ്പോൾ സ്വാമി അതിൽ നിരാശനായിരുന്നു. ജാതി വിവേചനമില്ലാത്ത ഒരു പുതിയ സംഘടനയെപ്പറ്റി അദ്ദേഹം ചിന്തിക്കുകപോലും ചെയ്തിരുന്നു. സത്യവ്രതനെയാണദ്ദേഹം അതിനായി കണ്ടിരുന്നത്. ചരിത്രപരമായ യാദൃച്ഛികതകളാൽ അത് നടക്കാതെ പോയി. നിരാശയിലവസാനിച്ച ഈ ആത്മീയ കലാപത്തിന്റെ അവസാനത്തെ നാടകം കണ്ണൂരെ അമ്പലത്തിൽ ഈഴവരെ പ്രവേശിപ്പിക്കുന്ന വേളയിലാണ് സംഭവിക്കുന്നത്.

ദീർഘമായ വിവാദങ്ങൾക്ക് ശേഷം മാസത്തിലൊരിക്കൽ ഈഴവർക്ക് അമ്പലത്തിൽ പ്രവേശിക്കാൻ അനുവാദം കിട്ടി. അമ്പലത്തിൽ കടന്ന സ്വാമി ആദ്യത്തെ കൽത്തൂണിൽ ചാരി തേങ്ങിക്കരഞ്ഞു. ക്ഷേത്രപ്രവേശനം സ്വാമിയുടെ പ്രസ്ഥാനത്തിന്റെ ഫലവും അതിന്‍റെ പരാജയത്തിന്റെ ദൃഷ്ടാന്തവുമായിരുന്നു. അത് സ്വാമിയുടെ പ്രസ്ഥാനത്തിന്റെ റിസൽറ്റും ബിട്രയലുമായിരുന്നു.

 

പി.കെ.ബി തന്‍റെ രചനാവേളയിൽ

ജാതിവ്യവസ്ഥക്കെതിരെയുള്ള സമരം, സാമ്രാജ്യത്വ വിരുദ്ധസമരവുമായി ചേർന്നു പോകാഞ്ഞതല്ലേ നാരായണന്‍റെ പ്രസ്ഥാനത്തിന്‍റെ പരാജയത്തിനുള്ള കാരണം?

സ്വാമി സാമ്രാജ്യത്വ വിരുദ്ധ സമരത്തെ സംബന്ധിച്ച് ഉദാസീനനായിരുന്നു. കാരണം, താൻ പറഞ്ഞതുപോലെ, നാരായണൻ പ്രസ്ഥാനത്തിന്റെ പ്രേരകശക്തികൾ പാശ്ചാത്യമായിരുന്നു. ഒന്നാം ലോകത്തിന്റെ കാലത്ത് സ്വാമി പറയുകയുണ്ടായി: ‘‘സായിപ്പാണു നമുക്കു സന്യാസം തന്നത്. അതുകൊണ്ട് അവരുടെ വിജയത്തിനായി പ്രാർഥിക്കണം’’ എന്ന്. സ്വാമിയുടെ പ്രസ്ഥാനവും ദേശീയ പ്രസ്ഥാനവുമായി ചേരാത്തതിന് വേറൊരു കാരണവുമുണ്ട്. നമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് എന്നും ഒരു ജാതിഹിന്ദുവിന്റെ നിലപാടാണുണ്ടായിരുന്നത്. സ്വാതന്ത്ര്യ സമരചരിത്രം പരിശോധിച്ചു നോക്കിയാൽ ഇത് വ്യക്തമാവും.

ഈ സാമൂഹിക പ്രസ്ഥാനങ്ങൾക്കൊക്കെ നമ്മുടെ ജാതിബോധത്തിന്റെ കാഠിന്യത്തെ കുറക്കാൻ സാധിച്ചിട്ടുണ്ടോ?

ഇല്ല. കേരളത്തിലെ ജാതിബോധം മറ്റു സ്ഥലങ്ങളിലേതുപോലല്ല. വിഷാണുക്കളെ പരീക്ഷണശാലയിൽ വളർത്തി വികസിപ്പിച്ചാൽ എങ്ങനെയിരിക്കും, അതുപോലെ നൂറു ശതമാനം പൂർണവും ശക്തവുമായി വിഷമാണ് ഇവിടത്തെ ജാതിബോധം. ഈ സാമൂഹികപ്രസ്ഥാനങ്ങളും മറ്റും കാരണം വടക്കേ ഇന്ത്യയിലെപോലെ ഇവിടെ വ്യാപകവും ഭീകരവുമായ ഹരിജന മർദനമില്ല. പക്ഷേ, നമ്മുടെ പെട്ടെന്നുള്ള വൈകാരിക പ്രതികരണങ്ങളിലെല്ലാം ജാതിയുണ്ട്. പണ്ടൊക്കെ ഇതു പറയുവാൻ ആളുകൾക്ക് ലജ്ജയെങ്കിലുമുണ്ടായിരുന്നു.

ഇപ്പോൾ ലജ്ജ പോലുമില്ല. ഞാനിപ്പോൾ സ്വാമിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ കേൾക്കുന്നവർ ആദ്യം ചിന്തിക്കുന്നത് “കണ്ടില്ലേ... അയാളുടെ ഒരു ഈഴവ സ്പിരിറ്റ്’’ എന്നായിരിക്കും. ചരിത്രസത്യങ്ങളോടു പോലുള്ള നമ്മുടെ പ്രതികരണം ജാതിയാണ്. ഭാഷയിലാണെങ്കിൽ സർവനാമങ്ങളും ക്രിയകളുമൊക്കെ ജാതിഘടനയുമായി ഗാഢബന്ധമുള്ളവയാണ്. പഴമൊഴികളിൽ ബഹു ഭൂരിപക്ഷവും ഇന്നുപറഞ്ഞാൽ, ഏതെങ്കിലും ജാതിക്കാരെപ്പറ്റിയായിത്തീരും. അത്രക്ക് ആഴത്തിലാണ് ഈ ജാതി വിവേചനം ഇന്ന് നിലനിൽക്കുന്നത്. നമ്മുടെ രാഷ്ട്രീയവും സംസ്കാരവും നിറച്ചു ജാതിയായതിൽ വിസ്മയിക്കാനെന്തിരിക്കുന്നു?

 

ഇത് നമ്മുടെ ദേശീയബോധത്തെ എത്രമാത്രം തകർത്തിട്ടുണ്ടാവണം?

തമിഴ്നാടുമായി താരതമ്യംചെയ്താൽ മതിയല്ലോ. സാമൂഹികമായ പ്രവർത്തനങ്ങളിൽ (Collective effort) അവർ നമ്മെക്കാൾ എത്രയോ മുന്നിലാണ്. ഒറ്റക്കൊറ്റക്ക് അവർക്ക് കേരളീയരുടെയത്ര ബുദ്ധിയോ വിവേകമോ ഇല്ല എന്നതാണല്ലോ ധാരണ. പക്ഷേ, അവരുടെ സാമൂഹികസൃഷ്ടികൾ എത്രയോ ഉന്നതമാണ് –അവരുടെ ക്ഷേത്രങ്ങൾ, അവരുടെ സംഗീതം, അവരുടെ രാഷ്ടീയ സ്ഥാപനങ്ങൾ ഇവയൊക്കെ. നമ്മുടെ കോഴിക്കൂട് പോലെയുള്ള അമ്പലങ്ങളും അവയുമായി ഒന്നു നോക്കിയാൽ മതി. രാഷ്ട്രീയത്തിൽപോലും അവരുടെ സാമൂഹിക പ്രതികരണങ്ങൾ ഇതര ദേശീയതകളുടേതിൽനിന്ന് വ്യത്യാസമുള്ളവയാണ്. ഇത്തരത്തിലുള്ള ഒരു സാമൂഹികശക്തിയും സാമൂഹിക വികാരവും നമുക്ക് നഷ്ടപ്പെട്ടു. കേരളീയമായി ദേശീയത അനുഭവത്തിൽ സത്യമല്ലാതെയായി.

നമുക്ക് ജാതിയെ നിഷേധിച്ച് വീണ്ടും ദേശീയബോധം എങ്ങനെയാണ് ഉയർത്തിക്കൊണ്ടുവരാനാവുക?

അത് ക്ലേശകരമാണ്. മിശ്രവിവാഹം, മതപരിവർത്തനം ഇവ കൊണ്ടൊന്നും അത് സാധിക്കുമെന്ന് തോന്നുന്നില്ല. ജാതിയെ കുറക്കാനുള്ള പരിശ്രമങ്ങളൊക്കെ ജാതിയെ ശക്തിപ്പെടുത്താൻ ഉപകരിക്കുന്നതായാണ് കാണപ്പെടുന്നത്. വ്യാവസായികമായും സാംസ്കാരികമായും മറ്റുമുണ്ടായ പുതിയ വികാസങ്ങൾ മുഖേന ഉപജാതികൾ (Sub caste) നശിക്കുന്നതായി കാണപ്പെടുന്നുണ്ട്. പക്ഷേ ജാതി നശിക്കുന്നില്ല എന്നല്ല, ജാതിസംഘടനകൾ, അവയുടെ ആഭിമുഖ്യത്തിലുള്ള വ്യവസായങ്ങൾ, കോളജുകൾ, ബാങ്കുകൾ ഇവയൊക്കെ ഉടലെടുക്കുന്നതായാണ് കാണപ്പെടുന്നത്. വ്യാവസായിക യുഗത്തിന്റെ കടന്നുവരവ് ജാതിഘടനയെ പൊളിക്കേണ്ടതായിരുന്നു.

പക്ഷേ, ജാതിയുടെ അടിസ്ഥാനത്തിൽ വ്യവസായങ്ങളാരംഭിച്ച് ഈ പുതിയ സാഹചര്യത്തിലും ജാതി ശക്തിപ്പെടുകയാണ്. NSS, SNDP തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ വ്യവസായങ്ങളാരംഭിച്ചു വരുന്ന കാലമാണല്ലോ ഇത്. അതുകൊണ്ട് ജാതി പൂർണമായി നശിക്കുന്നതിനെപ്പറ്റി ഞാനൊരു ശുഭാപ്തി വിശ്വാസിയല്ല. ജാതിയുടെ നിലനിൽപിനെ അംഗീകരിച്ചുകൊണ്ടുതന്നെ അതുകൊണ്ടുള്ള അസൗകര്യം കഴിയുന്നത്ര കുറക്കുന്ന ഒരു സംവിധാനത്തെപ്പറ്റി നാം ആലോചിക്കേണ്ടിയിരിക്കുന്നു.

ജാതിബോധത്തിൽനിന്ന് വിമുക്തമായി ദേശീയബോധം വളർത്താനായുള്ള സമരം വർഗസമരവുമായി ബന്ധിപ്പിച്ചാൽ അത് വിജയകരമാവില്ലേ?

ഉയർന്ന ജാതിക്കാർക്കിടയിൽ ഉപജാതികൾ (Sub Caste) ഇല്ലാതായിട്ടുണ്ടെങ്കിലും താണ ജാതിക്കാരുടെ ഇടയിൽ ഇന്നും അവ നിലനിൽക്കുന്നതായാണ് കാണപ്പെടുന്നത്. അവരുടെയിടയിൽ പണ്ടുണ്ടായിരുന്ന ഗോത്രവിലക്കുകൾ ഇന്നും പുതിയ രൂപങ്ങളിൽ നിലനിൽക്കുന്നുണ്ട്. അതു തുടച്ചുനീക്കാൻ സാധിക്കുകയാണെങ്കിൽ അവരെ വർഗപരമായൊരു അടിസ്ഥാനത്തിൽ സംഘടിപ്പിക്കാൻ സാധിച്ചേക്കും.

===============

കടപ്പാട്: പ്രദീപ് പനങ്ങാട്

Tags:    
News Summary - , ഡോ. ഉദയകുമാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-18 08:57 GMT