ബംഗാളിലെ ശ്രദ്ധേയ കവിയും നോവലിസ്റ്റും വിവർത്തകയുമാണ് ഭാസ്വതി ഘോഷ്. തന്റെ എഴുത്തുവഴികളെയും സാഹിത്യ കാഴ്ചപ്പാടുകളെയും കുറിച്ച് അവർ എഴുത്തുകാരനും കവിയുമായ പി.എസ്. മനോജ്കുമാറുമായി സംസാരിക്കുന്നു.
ഭാസ്വതി ഘോഷ് ജനിച്ചത് ന്യൂഡൽഹിയിലാണ്. വിഭജനപൂർവ കാലഘട്ടത്തിൽ ഇന്നത്തെ ബംഗ്ലാദേശിൽ വേരുകളുള്ള കുടുംബമായിരുന്നു ഭാസ്വതിയുടേത്. വിഭജനശേഷം അവരുടെ മുത്തച്ഛനും മുത്തശ്ശിയും പശ്ചിമ ബംഗാളിലേക്ക് കുടിയേറി. കുടിയേറ്റത്തെത്തുടർന്നുള്ള കാലഘട്ടത്തിലെ യാതനാഭരിതമായ ജീവിതസാഹചര്യങ്ങളെ അവർ അതിജീവിച്ചു. പിന്നീട് കുടുംബം ന്യൂഡൽഹിയിലേക്ക് കുടിയേറുകയും അവിടെ സ്ഥിരവാസമാക്കുകയുംചെയ്തു.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദുരന്തപൂർണവും ദാരുണവുമായ ഘട്ടങ്ങളിലൂടെ കടന്നുപോയ, കഥാകൃത്തായ മുത്തശ്ശി അമിയ സെൻ, ഭാസ്വതിയുടെ കൃതികളിൽ പാരമ്പര്യത്തിന്റെയും ചരിത്രബോധത്തിന്റെയും ഭാഷാബോധത്തിന്റെയും സാംസ്കാരികസ്മൃതികളുടെയും കാവൽത്തറയിൽ നിൽക്കുന്നത് കാണാനാകും. ഭാസ്വതിയുടെ കവിതകളിലും നോവലിലും വിവർത്തനപ്രവർത്തനങ്ങളിലും ഈ സാന്നിധ്യം പ്രകടമാണ്. ഇപ്പോൾ കാനഡയിൽ താമസിക്കുന്ന ഭാസ്വതി ജീവിതംകൊണ്ടും സ്മൃതികൾകൊണ്ടും അനേകം ഭൂവിടങ്ങളിലൂടെ കടന്നുപോകുന്നവളാണ്. അവരുടെ കവിതകളിലും ഇതര രചനകളിലും ഇത്തരം സ്ഥലമുദ്രകളുടെയും നദിമുദ്രകളുടെയും അടയാളങ്ങൾ കാണാനാകും.
‘Nostalgic for a Place Never Seen’ എന്ന കവിതാസമാഹാരവും Victory Colony 1950 എന്ന നോവലും ‘My Days With Ramkinkar Baij’ എന്ന വിവർത്തന കൃതിയും ശ്രദ്ധ നേടിയവയാണ്. സമയത്തിനകത്തും പുറത്തുമുള്ള ചലനങ്ങൾ എന്ന ശീർഷകത്തിൽ അവരുടെ കവിതകൾ ഫേബിയൻ ബുക്സ് മലയാളത്തിൽ പ്രസിദ്ധീകരിക്കുന്നു. 2009ൽ അവരുടെ ‘My Days With RamkinkarBaij’ എന്ന കൃതിക്ക് വിവർത്തനത്തിനുള്ള ചാൾസ് വാലസ് (ഇന്ത്യ) ട്രസ്റ്റ് ഫെലോഷിപ് നേടുകയുണ്ടായി. 2022ൽ ‘വിക്ടറി കോളനി’, 1950 പ്രഗതി വിഹാർ സാഹിത്യോത്സവത്തിൽ മികച്ച ആദ്യ നോവലിനുള്ള പുരസ്കാരപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നു.
ഭാസ്വതി ഘോഷിന്റെ കവിതകളും നോവലും വിവർത്തനംചെയ്തതിന്റെയും അവരുടെ വിവർത്തനകൃതികൾ വായിച്ചറിഞ്ഞതിന്റെയും അടിസ്ഥാനത്തിൽ അവരുടെ രചനകളെ സാധ്യമാക്കിയ സാംസ്കാരിക-ചരിത്ര-വൈയക്തിക തലങ്ങളെ അടുത്തു കാണാനുള്ള ശ്രമങ്ങളാണീ അഭിമുഖത്തിലുള്ളത്.
ഞാൻ വളർന്ന സാഹചര്യം സാഹിത്യത്തിലും എഴുത്തിലും താൽപര്യമുളവാക്കുന്നതിന് സഹായകരമായിരുന്നു. എന്റെ അമ്മ ഡൽഹി സർവകലാശാലയിലെ ആർട്സ് ലൈബ്രറിയിലാണ് ജോലിചെയ്തിരുന്നത്. എന്റെ അമ്മൂമ്മ ബംഗാളി ഭാഷയിൽ എഴുതുമായിരുന്നു. ഞങ്ങളുടേത് ഒരു കൂട്ടുകുടുംബമായിരുന്നു. വർഷങ്ങളോളം പുസ്തകങ്ങൾക്കൊപ്പമാണ് ഞാൻ വളർന്നത്. എഴുത്തിന്റെ അന്തരീക്ഷവും നിത്യജീവിതത്തിൽ എനിക്കുണ്ടായിരുന്നു. ഇത് സാഹിത്യത്തോടും എഴുത്തിനോടും സ്വാഭാവികമായ ഒരു താൽപര്യം എന്നിൽ ഉണർത്തിയിട്ടുണ്ട്. പിൽക്കാലത്ത് ഞാൻ പത്രപ്രവർത്തകയായും ജോലി ചെയ്തിട്ടുണ്ട്.
ഈ സാഹചര്യത്തിൽ, അമ്മൂമ്മ അമിയ സെൻ എന്നിൽ ഉളവാക്കിയിട്ടുള്ള ആഴമുള്ളതും ജീവിതത്തോട് ചേർന്നുനിൽക്കുന്നതുമായ സ്വാധീനത്തെക്കുറിച്ച് പറയാതിരിക്കാൻ സാധിക്കുകയില്ല. എന്റെ എഴുത്തിനെ അവർ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. എന്റെ ബാല്യകാല ഓർമകളിലേക്ക് എനിക്ക് എത്താൻ സാധിക്കുന്നിടത്തോളം സഞ്ചരിക്കുമ്പോൾ, അവിടെ എന്റെ മുത്തശ്ശി വായിക്കുകയും എഴുതുകയും ചെയ്യുന്നത് എനിക്ക് കാണാനാവും. അത് അവരുടെ ജീവിതം നിലനിർത്തിയിരുന്ന ഔഷധങ്ങളായാണ് അവർ കരുതിയിരുന്നത്. (അങ്ങനെ അവർ അതിനെ കണ്ടിരുന്നു എന്നാണ് ഞാൻ മനസ്സിലാക്കിയത്). ജോലി കഴിഞ്ഞ് തിരിച്ചെത്തിയാൽ അവർ എഴുതാൻ ഇരിക്കും. ഭക്ഷണം പാചകംചെയ്യുന്നതിനിടയിൽ, മറ്റു വീട്ടുപണികൾ ചെയ്യുന്നതിനിടയിൽ, രാത്രി വൈകുവോളം, മറ്റെല്ലാവരും ഉറങ്ങിക്കഴിഞ്ഞ് അവർ എഴുതുമായിരുന്നു.
പ്രഭാതത്തിൽ മറ്റുള്ളവരെല്ലാം എഴുന്നേൽക്കുന്നതിനു മുമ്പ് അവർ ചെയ്തിരുന്ന ആദ്യത്തെ പ്രവൃത്തി എഴുത്തായിരുന്നു. അവർക്കൊരിക്കലും ഒരു എഴുത്തുമേശയുണ്ടായിരുന്നില്ല. ഒരു പുൽപ്പായ നിലത്തുവിരിച്ച്, അതിൽ കമിഴ്ന്നു കിടന്ന് അവർ എഴുതുന്നതാണ് ഞാൻ കണ്ടിട്ടുള്ളത്. അപ്പോൾ അവർ കൈകൾ തലയിണയിൽ വെക്കുമായിരുന്നു. ഒരു മുഴുവൻസമയ എഴുത്തുകാരി എന്ന നിലയിൽ എന്റെ ആദ്യത്തെ അനുഭവം അമ്മൂമ്മയായിരുന്നു. എഴുത്തുകൊണ്ട് ജീവനോപായം നേടുന്ന ഒരാൾ എന്ന നിലയിലല്ല. മറിച്ച്, അവരുടെ എഴുത്തുസമയത്തെ കാർന്നുതിന്നാൻ ആയിരക്കണക്കിന് കാരണങ്ങളും ഉത്തരവാദിത്തങ്ങളും ഉണ്ടായിരിക്കുമ്പോഴും അതെല്ലാം തീർത്ത്, സമയമുണ്ടാക്കി ഓരോ സമയകണവും എഴുത്തിനായി കൈപ്പിടിയിൽ ഒതുക്കിയിരുന്ന ഒരാൾ എന്ന അനുഭവം.
ഞാൻ എപ്പോഴും സാഹിത്യത്തിന്റെ ലോകത്താണ് ഉണ്ടായിരുന്നത് എന്ന തോന്നലാണ് എന്നിലുള്ളത്. അതിലേക്ക് പ്രവേശിക്കാൻ ഏതെങ്കിലും ഒരു വാതിൽ തള്ളിത്തുറക്കേണ്ട കാര്യം എനിക്കുണ്ടായിരുന്നില്ല. മറ്റെന്ത് സാധനങ്ങളെക്കാൾ പുസ്തകങ്ങളെ വിലമതിച്ചിരുന്ന ഒരു കുടുംബത്തിലാണ് ഞാൻ വളർന്നത്. എപ്പോഴും വായനസാമഗ്രികൾ എനിക്ക് ചുറ്റും ഉണ്ടായിരുന്നു. പ്രത്യേകിച്ചും ബംഗാളി പുസ്തകങ്ങൾ. അവ എന്റെ ജീവിത സാഹചര്യങ്ങളിൽനിന്നു തികച്ചും വ്യത്യസ്തമായ മറ്റു ലോകങ്ങളെ എനിക്കുള്ളിൽ വളർത്താൻ സഹായിക്കുകയുണ്ടായി. സാഹിത്യത്തോടുള്ള ഈ പ്രതിപത്തി എന്നിലുറപ്പിച്ചത് ഞാൻ പഠിച്ച വിദ്യാലയമാണ് –ഡൽഹിയിലെ ശ്യാമപ്രസാദ് വിദ്യാലയം.
മറ്റു വിഷയങ്ങളുടെ ബോധനമാധ്യമം ഇംഗ്ലീഷ് ആയിരുന്നെങ്കിലും അവിടെ ഞങ്ങളെ ബംഗാളി ഒരു വിഷയമായി പഠിപ്പിച്ചിരുന്നു. രവീന്ദ്രനാഥ ടാഗോർ, ക്വാസി നസ്റുൽ ഇസ്‍ലാം, സത്യേന്ദ്രനാഥ ബോസ്, സുകാന്തോ ഭട്ടാചാര്യ, ജാസിമുദ്ദീൻ, ശരത് ചന്ദ്ര ചാറ്റർജി, താരാശങ്കർ ബന്ദ്യോപാധ്യായ, സുകുമാർ റേ, ബിഭൂതി ഭൂഷൻ ബന്ദ്യോപാധ്യായ തുടങ്ങി അനേകം എഴുത്തുകാരുടെ രചനകൾ അവിടെയുള്ള പഠനത്തിലൂടെ പരിചിതമായി. അങ്ങനെ ബംഗാളി സാഹിത്യം എനിക്ക് ഉന്മേഷദായകമായ ഒരു അനുഭൂതിയായി മാറി. ബംഗാളി സാഹിത്യത്തിലുള്ള ഈ അടിത്തറ സമകാലികരായ മുതിർന്ന എഴുത്തുകാരുടെ രചനകളിലൂടെ കടന്നുപോകാനുള്ള സംവേദനക്ഷമത എനിക്കു നൽകി. മഹാശ്വേതാ ദേവി, കൃഷ്ണ സോബതി, അമിതാവ് ഘോഷ്, റോഹിൻടൻ മിസ് രി, എന്റെതന്നെ മുത്തശ്ശിയായ അമിയാ സെൻ തുടങ്ങിയവരുടെ കൃതികളിലേക്ക് പ്രവേശിക്കാൻ അതുകൊണ്ടുതന്നെ എനിക്കു ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നില്ല.
അബോധതലത്തിലാണ് അവയെന്നെ സ്വാധീനിച്ചിട്ടുള്ളത് എന്നാണ് ഞാൻ കരുതുന്നത്. ഞാൻ വായിച്ച ബംഗാളി എഴുത്തുകാരുടെ രചനകളിൽനിന്ന് ബംഗാളിന്റെ ഭൂരാശികളുടെ പരപ്പ് ഉൾക്കൊള്ളുന്നതിനോടൊപ്പം അവയിലെ വൈകാരിക തലങ്ങളും ശൈലീപരമായ അനന്യതകളും ഞാൻ ഉൾക്കൊണ്ടിട്ടുണ്ട്. കഥകളാണ് താൽപര്യമെങ്കിലും അതാണ് പ്രധാനമായും വായിക്കുകയെങ്കിലും ഞാൻ പല വിഷയങ്ങളിലുള്ള പുസ്തകങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. കവിതകളും ജീവചരിത്രങ്ങളും ധാരാളം വായിക്കാറുണ്ട്. ഓരോ ദിവസവും എന്റെ ജോലികൾ ആരംഭിക്കുക ഏതെങ്കിലും ബംഗാളി പുസ്തകത്തിലെ കുറച്ചു പേജുകൾ വായിച്ചാണ്. മുഴുവൻസമയ ജോലിയുള്ളതിനാൽ പകൽ സമയം വായന സാധ്യമല്ല. പക്ഷേ, ഉച്ചഭക്ഷണസമയവും ഒഴിവുസമയവും വായനക്കായി ഉപയോഗിക്കാറുണ്ട്. അത്തരം വായനകളിൽ കവിതകളും ആത്മകഥാ കുറിപ്പുകളും സംസ്കാരം, ശാസ്ത്രം, മനഃശാസ്ത്രം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ലേഖനങ്ങളും ഉൾപ്പെടും. രാത്രിയാണ് വായനയുടെ സമയം- അത്താഴത്തിനു ശേഷം, കിടക്കുമ്പോൾ.
ഞാൻ വളരെ വൈകി മാത്രം എഴുതിത്തുടങ്ങിയ വ്യക്തിയാണ്. എഴുതാൻ ആരംഭിച്ചപ്പോൾ, എന്റേതായ ഒരു ശൈലി പതുക്കെ രൂപപ്പെട്ടു വന്നു. അത് നിത്യജീവിതത്തിൽനിന്നുള്ള വൈകാരിക തലങ്ങളും ബിംബങ്ങളുമായി ഇണക്കിച്ചേർക്കുന്ന പ്രക്രിയയായാണ് രൂപപ്പെട്ടുവന്നത്. വൈകാരിക ഭൂപടങ്ങളെ വിനിമയം ചെയ്യുന്നതിനുള്ള ഒരു രചനാതന്ത്രമായാണ് അത് വികസിച്ചത്.
നിങ്ങളുടെ കൃതികൾ –നോവലാകട്ടെ, കവിതകളാകട്ടെ– ഒരു തലത്തിൽ ആഴത്തിൽ ചരിത്രാവബോധം പുലർത്തുകയും യാതനാഭരിതവും കഠിനവുമായ മനുഷ്യാനുഭവങ്ങളെ ഇഴപിരിച്ചെടുക്കുകയും അവയെ വിഷാദഭരിതമായ ഓർമകളാക്കി അവതരിപ്പിക്കുകയുംചെയ്യുന്നുണ്ട്. മറുതലത്തിൽ ഈ ചരിത്രബോധ്യങ്ങളെ സമ്പന്നമായ അനുഭവധാരകളാക്കുകയും നിത്യജീവിത സന്ദർഭങ്ങളിലെ ആന്തരികമൂല്യങ്ങളായും ജീവിതസമ്പത്തുക്കളായും അവതരിപ്പിക്കുന്നുമുണ്ട്. ഗൃഹാതുരതയെ ചരിത്രവത്കരിക്കുന്ന ഈ രചനാസമീപനത്തെ വിശദീകരിക്കാമോ?
ദീർഘകാലം ഞാൻ അന്തർമുഖിയും അതുകൊണ്ടുതന്നെ വീടിനകത്ത് കഴിഞ്ഞവളുമായിരുന്നു. വീടിനകത്ത് അത്രമാത്രം അടച്ചിരുന്നതിനാൽ വല്ലപ്പോഴും ഉണ്ടാകുന്ന കൂടിച്ചേരലുകൾപോലും വലിയതോതിൽ എനിക്ക് ബുദ്ധിമുട്ടുളവാക്കിയിരുന്നു. അതെല്ലാം ഒരൊറ്റ ദിവസംകൊണ്ട് മാറ്റേണ്ടിവന്നു. വിവാഹം കഴിച്ച് പടിഞ്ഞാറോട്ട് ഞാൻ കുടിയേറി. വീടിന്റെ സുഖദായകവും സുരക്ഷിതത്വം നിറഞ്ഞതുമായ പരിധികളിൽനിന്ന് വളരെ ദൂരെ കടലുകൾക്കപ്പുറത്ത് മറ്റൊരു ഭൂഖണ്ഡത്തിൽ പുതിയൊരു രാജ്യത്ത് പുതിയൊരു നഗരത്തിൽ പുതിയ വീട്ടിൽ എനിക്ക് എന്നെ കണ്ടെത്തേണ്ടതായി വന്നു. വടക്കൻ അമേരിക്കയിൽ താമസിക്കാൻ തുടങ്ങിയ ആദ്യകാലത്ത് വീടോർമകളുടെ ഭാരം എന്നെ വന്നു മൂടാറുണ്ടായിരുന്നു.
ആ ഓർമകളും അതിന്റെ വേദനകളുമാണ് വിഭജനാനന്തരം കിഴക്കൻ ബംഗാളിലെ വീട് നഷ്ടപ്പെട്ട്, അവിടെയുണ്ടായിരുന്ന എല്ലാം ഉപേക്ഷിച്ചു പോരേണ്ടിവന്ന എന്റെ മുത്തശ്ശിയിൽ വേർപാടിന്റെ വേദന എത്രമാത്രമായിരുന്നു എന്നും എന്തായിരുന്നു എന്നും എന്നെ ബോധ്യപ്പെടുത്തിയത്. ഇത്തരത്തിൽ മറ്റൊരാളുടെ വേദന സ്വന്തം അനുഭവങ്ങളിലൂടെ സ്വന്തമാക്കാൻ ശ്രമിച്ചത് എന്നെ പലതരത്തിൽ ബാധിച്ചിട്ടുണ്ട് –എന്റെ അമ്മയും മുത്തശ്ശിയും പാചകം ചെയ്തിരുന്ന രീതിയിൽ ഞാൻ പരമ്പരാഗത ഭക്ഷണങ്ങൾ പാചകം ചെയ്യാൻ തുടങ്ങി. കൂടുതൽ ശ്രദ്ധയോടെ എന്റെ മുത്തശ്ശിയുടെ കഥകൾ ഞാൻ വായിക്കാൻ തുടങ്ങി. കാലക്രമത്തിൽ ഞാൻ കവിതകൾ എഴുതാൻ തുടങ്ങി. ഇതെല്ലാം, എന്റെ കാവ്യശബ്ദത്തിന്റെ ജീവശേഷിയുടെ ഉറവുകളായിരുന്നു.
ചിത്രകലാകാരന്മാരുടെ രചനകളെ അസൂയയോടെ നോക്കുന്ന ഒരാൾ എന്ന നിലയിൽ, നിങ്ങളുടെ ഈ നിരീക്ഷണം വലിയൊരു അംഗീകാരമായി ഞാൻ സ്വീകരിക്കുന്നു. ഇത്തരം കവിതകൾ എഴുതുമ്പോൾ ഏതെങ്കിലും തരത്തിലുള്ള ചിട്ടപ്പെടുത്തലുകൾ ഉണ്ടാകാറില്ല. ഞാൻ അടിസ്ഥാനപരമായി കാഴ്ചയുടെ ഒരാളാണ്. ഒരു അന്തരീക്ഷത്തിൽനിന്ന് ദൃശ്യങ്ങൾ ആന്തരവത്കരിക്കാൻ ഞാൻ എപ്പോഴും ശ്രമിക്കാറുണ്ട്. അതുപോലെ തന്നെ അതിന്റെ വിശദാംശങ്ങളായി സ്പർശം, ശബ്ദങ്ങൾ, മണങ്ങൾ തുടങ്ങിയവയും. കവിതകളിലേക്ക് പ്രതിഫലനത്തിന്റെ ഒരിടത്തുനിന്ന് അവ പിന്നീട് കടന്നുവരാറുണ്ട്. നിങ്ങൾ ഉദാഹരണങ്ങളായി പരാമർശിച്ച രണ്ടു കവിതകൾ വളരെ കൗതുകകരമാണ്. കാരണം, അവ രണ്ട് വളരെ വ്യത്യസ്തമായ സന്ദർഭങ്ങളിൽ എഴുതപ്പെട്ടവയാണ്. ‘എന്റെ അമ്മയുടെ വീട്ടിൽ ഉറങ്ങുമ്പോൾ’ എന്ന കവിത, ആ ശീർഷകം സൂചിപ്പിക്കുന്നതുപോലെ, എന്റെ അമ്മയുടെ വീട്ടിൽ സന്ദർശനം നടത്തിയ സമയത്ത് രൂപപ്പെട്ടതാണ്, ഞാൻ വളർന്ന ഒരു സാഹചര്യം അതിലുണ്ട്.
അമ്മയുടെ കിടപ്പുമുറിയുടെ വാതിൽ തുറക്കുന്നത് ഒരു വയലിലേക്കാണ്. എന്റെ വളർച്ചയുടെ കാലങ്ങളുള്ള സ്ഥലമാണത്–ചിലപ്പോഴെല്ലാം കളിച്ചിരുന്ന, പലപ്പോഴും മറ്റുള്ളവർ കളിക്കുന്നത് കണ്ടുകൊണ്ടിരുന്ന, വയൽ. പലപ്പോഴും അവിടെ കളിച്ചിരുന്നത് ആൺകുട്ടികളാണ്. ഞാൻ ആ വയലിലേക്ക് എപ്പോൾ നോക്കിയാലും, ആ സ്ഥലത്തോട് ഒരു പ്രത്യേക തരത്തിലുള്ള ആകർഷണം എന്നിൽ നിറയാറുണ്ട്. വളരെ വർഷങ്ങൾക്കു മുമ്പുതന്നെ, ആൺകുട്ടികൾ പന്തുകളിക്കുന്ന ആ വയൽ എനിക്ക് കൗതുകകരമായി തോന്നിയിരുന്നു. ഞങ്ങളുടെ വീടിന്റെ പിൻവാതിലിൽ നിന്നിരുന്നപ്പോഴെല്ലാം, ആ വയലിനെക്കുറിച്ചുള്ള ജിജ്ഞാസയും അവിടേക്കു പോകാനുള്ള ഉദ്വേഗവും എന്നിൽ നിറഞ്ഞിരുന്നെന്ന് എനിക്ക് ബോധ്യപ്പെടുകയുണ്ടായി.
‘മാലേകോണിനുമേൽ സൂര്യാസ്തമയം’ ഇതിൽനിന്ന് തികച്ചും വ്യത്യസ്തമാണ്. ഹവാനയിൽനിന്ന് ഒരു യാത്ര കഴിഞ്ഞ് മടങ്ങുന്ന സമയത്താണ് ആ കവിത ഞാൻ എഴുതിയത്. ആ ദ്വീപരാഷ്ട്രം സന്ദർശിച്ചത് എന്നെ സംബന്ധിച്ചിടത്തോളം ഒരു വസ്തുതാപരിശോധന കൂടിയായിരുന്നു. ക്യൂബൻ വിപ്ലവത്തെക്കുറിച്ചും ഫിദൽ കാസ്ട്രോ, ചെഗുവേര തുടങ്ങിയവരെക്കുറിച്ചുമുള്ള കഥകൾ മിത്തുകൾപോലെ നമ്മുടെ ബോധമണ്ഡലത്തിൽ നിറഞ്ഞവയാണ്. സാമ്പത്തിക ഞെരുക്കത്താലും തകർന്നടിയുന്ന സാമൂഹിക സുരക്ഷാ സംവിധാനങ്ങളാലും ആ രാജ്യത്തിലെ പൗരന്മാർ വലയുന്നതാണ് സന്ദർശന സമയത്തു ഞാൻ കണ്ടത്. അതിലേക്ക് നയിച്ച പല ഘടകങ്ങൾ ഉണ്ടാകാം –യു.എസ് ഏർപ്പെടുത്തിയിരിക്കുന്ന അതികഠിനമായ സാമ്പത്തിക ഉപരോധവും സോവിയറ്റ് യൂനിയന്റെ പതനവും അതിൽ ഉൾപ്പെടും. വിപ്ലവപൂർവ ക്യൂബയിൽ ഉപയോഗിച്ചിരുന്ന കാറുകളുടെ പഴഞ്ചൻ മാതൃകകളാണ് ഇപ്പോഴും തെരുവുകളിലുള്ളത് എന്നത് ഒരേസമയം സ്വപ്നതുല്യവും വേദനാജനകവുമാണ്. അവ ഇപ്പോൾ വെറും പാട്ടകളാണ്. ഭക്ഷണം അതിനിയന്ത്രിതമാണ്. ഇന്റർനെറ്റ് സൗകര്യങ്ങളാകട്ടെ ഇപ്പോഴും വളരെ അടിസ്ഥാനപരമാണ്.
അതേസമയം, എല്ലാവർക്കും ഒരേ തരത്തിലുള്ള ജീവിതരീതികളും ആനന്ദത്തിനുള്ള മാർഗങ്ങളുമാണ് ഉള്ളത് എന്നതിനാൽ, സമൂഹം കുറെക്കൂടി തുല്യതയുള്ളതാെണന്ന് എനിക്ക് തോന്നി. ഹവാനയുടെ തീരങ്ങളിൽ എട്ടു കിലോമീറ്ററോളം നീളത്തിൽ സ്ഥിതിചെയ്യുന്ന കടൽഭിത്തിയും തെരുവും കോട്ടമൈതാനവും കെട്ടിടങ്ങളും ഉൾപ്പെടുന്നതാണ് ഹവാനയിൽ മാലേകോൺ. മാലേകോണിനുമേൽ സൂര്യാസ്തമയം കണ്ടുനിന്നപ്പോൾ ഉള്ളിൽ അടിഞ്ഞിരുന്ന മിത്തുകളും യാഥാർഥ്യത്തിന്റെ അഭിമുഖീകരണങ്ങളും മുഖാമുഖം നിന്നു. അങ്ങനെയാണ് ആ കവിത രൂപപ്പെട്ടത്. നിത്യേനയെന്നോണം സാധാരണക്കാരായ ക്യൂബൻ ജനത ഏർപ്പെടേണ്ടിവരുന്ന സംഘർഷങ്ങളുടെ ദൃശ്യങ്ങളെയും അതിനിടയിലും സംഗീതവും കായിക വിനോദങ്ങളും സൂര്യാസ്തമയങ്ങളും നിറച്ചുകൊണ്ട് അവർ ആസ്വദിക്കുന്ന ജീവിത നിമിഷങ്ങളെയും അവിടത്തെ കാഴ്ചകളെയും ശബ്ദങ്ങളെയും ചേർത്തുകൊണ്ടാണ് ആ കവിത ഞാൻ എഴുതിയത്.
ഇത് വളരെ കൗതുകകരമായ ചോദ്യമാണ്. കാരണം, ഞാൻ നദികൾക്കരികിൽ യഥാർഥത്തിൽ അധികമൊന്നും ഉണ്ടായിട്ടില്ല. കഥകളിലൂടെയാണ് നദികൾ എന്നിലേക്ക് പ്രധാനമായും എത്തിയിട്ടുള്ളത്. അവയിലേറെയും എന്റെ മുത്തശ്ശി പറഞ്ഞു തന്നവയാണ്. കവിതകളിലൂടെയും പാട്ടുകളിലൂടെയും അവ എന്നിൽ നിറഞ്ഞിട്ടുണ്ട്. എന്റെ കവിതകളിലും നദികൾ പ്രത്യക്ഷപ്പെടുന്നുണ്ട്. കുടിയേറ്റത്തിന്റെ പാതകളെ പിന്തുടർന്നാണ് അവ പലപ്പോഴും എത്തിച്ചേരുന്നത്. അല്ലെങ്കിൽ, അതുമായി ബന്ധപ്പെട്ട ഓർമകളുമായി അവ വന്നുചേരും. ഞാൻ കണ്ടിട്ടേയില്ലാത്ത സ്ഥലത്തോടുള്ള ഗൃഹാതുരത്വം എന്ന കവിതയുടെ കാര്യം എടുക്കുക; ഞാൻ സുഗന്ധയെ അതിൽ പരാമർശിക്കുന്നുണ്ട്. എന്റെ മുത്തശ്ശി പലപ്പോഴും പറയാറുണ്ടായിരുന്ന നദിയാണത്. ഇപ്പോഴത്തെ ബംഗ്ലാദേശിലെ ബരിസാലിലെ അവരുടെ ഗ്രാമത്തിലൂടെ ഒഴുകിയിരുന്ന നദിയാണത്.
ആ നദിയുടെ സാന്നിധ്യം അവരുടെ നഷ്ടങ്ങളുടെ പട്ടികയിലാണ് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഡൽഹിയിൽ ഒരു വീട് വെച്ചപ്പോൾ അവർക്ക് ആ വീടിന് സുഗന്ധയെന്ന് പേര് ഇടണമെന്നുണ്ടായിരുന്നു. ദൗർഭാഗ്യവശാൽ അത് സംഭവിച്ചില്ല. കാരണം, വീട് പണിതതിനു ശേഷവും അതിനൊരു പേര് നിശ്ചയിച്ച് ഫലകം വെക്കുകയുണ്ടായില്ല. ജിജ്‌ഞാസ ഉണർത്തുന്ന തരത്തിൽ വളരെ വിശദമായാണ് അവർ ആ നദിയെക്കുറിച്ച് പറയുക. ഞാനത് ശ്രദ്ധാപൂർവം കേട്ടിരിക്കാറുണ്ട്. അങ്ങനെ ആ നദിയുമായി ഞാൻ ഒരു ആത്മബന്ധം രൂപപ്പെടുത്തിയിരുന്നു. അവരുടെ ആഖ്യാനങ്ങളിലൂടെ ബരിസാലിലെ എല്ലാ കാര്യങ്ങളുമായും ഞാൻ പരിചിതയായിരുന്നു. ഞാൻ ആ സ്ഥലത്ത് ഉണ്ടാകേണ്ടവൾ ആയിരുന്നു എന്നും എനിക്ക് ആ പ്രദേശം നഷ്ടമായി എന്നും തോന്നുന്ന തരത്തിൽ ആ പ്രദേശം എന്നിൽ ഉള്ളടുപ്പം ഉണർത്തിയിരുന്നു.
ഇത്തരത്തിലുള്ള ഉള്ളടുപ്പത്തോട് വിരുദ്ധമായ തലങ്ങളിൽ നദികൾ എന്റെ കവിതകളിൽ വന്നിട്ടുണ്ട്. ഞാൻ ഒരിക്കലും ഒണ്ടാരിയോയിലെ, ലണ്ടനിലെ തേംസ് നദി കണ്ടിട്ടില്ല. ഞാൻ ജീവിക്കുന്ന സ്ഥലമാണത്. നിങ്ങൾക്ക് ഒരുപക്ഷേ അനുമാനിക്കാൻ കഴിയുന്ന തരത്തിൽ, നഗരവും (ലണ്ടൻ) നദിയും (തേംസ്) ബ്രിട്ടീഷ് നഗരത്തിന്റെയും നദിയുടെയും പേരിന്റെ പകർപ്പുകളാണ്. ‘റൂട്ട് 13’ എന്ന കവിതയിൽ പ്രത്യക്ഷപ്പെടുന്ന തേംസ് നദി ഇംഗ്ലണ്ടിലെ നദിയുടെയത്ര നീളമുള്ളതല്ല. പക്ഷേ, അതെനിക്ക് വളരെ പ്രിയങ്കരമാണ്. കാരണം, ആ നദിയുടെ തടങ്ങളിൽ നിർമിച്ചിരിക്കുന്ന പടിഞ്ഞാറൻ ഒണ്ടാരിയോ കാമ്പസിനെ അത് സഹൃദയവത്കരിച്ചിരിക്കുന്ന രീതി ശ്രദ്ധേയമാണ്.
കവിതയിൽ സ്ഥലങ്ങളെ കൊണ്ടുവരാനുള്ള വലിയൊരു ദൗർബല്യം എനിക്കുണ്ട്. സിനിമയിൽ എന്നപോലെ, സ്ഥലങ്ങളെയുണർത്തുന്ന കവിതകൾ എനിക്ക് മുന്നിൽ പുതിയ ലോകങ്ങളിലേക്കും അവയിൽ ഉള്ളടങ്ങിയിരിക്കുന്ന മാന്ത്രികതയിലേക്കും വാതിലുകൾ തുറക്കാറുണ്ട്. അത് മഹ്മൂദ് ദർവീശിന്റെ കവിതകളാകട്ടെ, ആഖ ഷാഹിദ് അലി, മീന അലക്സാണ്ടർ, രൂപ അഹമ്മദ് തുടങ്ങിയവരുടെ കവിതകൾ ആകട്ടെ, അതല്ലെങ്കിൽ മറ്റേതൊരു കവിയുടെയും രചനകൾ ആകട്ടെ, ചരിത്രവും രാഷ്ട്രീയവും വ്യക്തിപരമായ അനുഭവങ്ങളും ആനന്ദങ്ങളും പ്രതിഫലിപ്പിക്കുന്ന പ്രത്യേക സ്ഥലരാശികൾ ഉള്ള ഏത് കവിതയും എന്നെ ആകർഷിക്കാറുണ്ട്. വളരെ ആഴത്തിൽ ലോകവ്യവസ്ഥയുടെ ദൈനംദിനതയുമായി ബന്ധപ്പെട്ട് നിൽക്കുമ്പോഴും ഒരു സ്ഥലത്തിന് എങ്ങനെയാണ് വളരെ വ്യക്തിപരവും ഏതാണ്ട് അനന്യവുമായ ഒരു ചരിത്രം നിങ്ങൾക്ക് പ്രദാനം ചെയ്യാൻ സാധിക്കുന്നതെന്ന് എന്നെ എപ്പോഴും കുഴക്കിയിട്ടുള്ള കാര്യമാണ്.
നിങ്ങൾ ആരെ കാണുന്നു, ആർക്കൊപ്പം ഭക്ഷണം കഴിക്കുന്നു, വഴികളിൽ നിങ്ങൾ അനുഭവിക്കുന്ന അത്ഭുതങ്ങൾ, നിങ്ങൾക്കു നേരിടേണ്ടിവരുന്ന നിരാശകൾ –ഇവയെല്ലാം വ്യക്തിപരമായ ചരിത്രത്തിന്റെ ഭാഗമാണ്. മറ്റൊരു തരത്തിൽ മനസ്സിലാക്കപ്പെടുന്ന സ്ഥലരാശിയുടെ ചരിത്രത്തിൽ ഉൾപ്പെടുന്നതാണ് ഇവയും. കവിതയിൽ, ഇത് വളരെ കൗതുകകരമായ ഒരു ഉൾച്ചേർക്കലാണ്. ഇത്രയും വർഷങ്ങളിലൂടെ, ഞാൻ എന്റെ ആദ്യ വീട്ടിടമായി കരുതുന്ന ഡൽഹിയിലും എന്റെ യാത്രകളിലും –പ്രത്യേകിച്ചും ലാറ്റിനമേരിക്കയിലേക്കുള്ള യാത്രകൾ– ഒരു സ്ഥലം എങ്ങനെയാണ് അതിന്റെ പല അടരുകൾ പ്രദർശിപ്പിച്ച് അതിനുള്ളിൽതന്നെ നമുക്ക് മുന്നിൽ വിടരുന്നതെന്ന് പരിശോധിക്കാനുള്ള സമ്പന്നമായ ഇന്ധനം എനിക്ക് നൽകിയിട്ടുണ്ട്. അതിന്റെ മാസ്മരികത വലുതാണ്. അതുകൊണ്ടുതന്നെ ഞാൻ വീണ്ടും വീണ്ടും അത്തരം കാവ്യരചനയിലേക്ക് എത്തിച്ചേർന്നുകൊണ്ടേയിരിക്കുന്നു.
തീർച്ചയായും സ്വാധീനങ്ങൾ പ്രകടമാണ്. നാം ജീവിക്കുന്ന ലോകത്തുനിന്ന് മാറിനിൽക്കുന്നവരല്ല എഴുത്തുകാർ. അതുകൊണ്ടുതന്നെ സമകാലിക രാഷ്ട്രീയ സാമൂഹിക അന്തരീക്ഷങ്ങൾ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ എഴുത്തിനെ സ്വാധീനിക്കുകതന്നെ ചെയ്യും. നാം ജീവിക്കുന്ന കാലഘട്ടത്തിലെ സംഭവവികാസങ്ങൾ മാത്രമല്ല, നമ്മെ സ്വാധീനിക്കുക. ഭൂതകാല സംഭവങ്ങളും നമ്മെ സ്വാധീനിക്കുകതന്നെ ചെയ്യും. ഞാൻ നേരത്തേ പറഞ്ഞതുപോലെ, വിഭജനം എന്നെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്.
അത് ജീവിതാനുഭവം എന്ന നിലയിൽ അല്ല; ഞാൻ അക്കാലഘട്ടത്തെ സംഭവങ്ങൾക്കൊന്നും സാക്ഷിയല്ല. യഥാർഥത്തിൽ, എന്റെ ആദ്യ നോവൽ ‘വിക്ടറി കോളനി’, 1950ൽ യുവതിയായ ഒരു അഭയാർഥിയുടെ കഥയാണ്. വിഭജനാനന്തര കൽക്കത്തയിലെ അരാജക സാഹചര്യങ്ങളിൽ എത്തിപ്പെടുന്ന ഒരുവളുടെ ജീവിതമാണ് അതിലുള്ളത്. എന്റെ മുത്തശ്ശി മുത്തച്ഛന്മാരിൽനിന്ന് ഞാൻ കേട്ട കഥകൾ– വിഭജനത്തെ തുടർന്ന് ജനിച്ച ഇടങ്ങൾ നഷ്ടപ്പെട്ട ആൾക്കാരെക്കുറിച്ചും സ്വതന്ത്ര ഇന്ത്യയിൽ അവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നിറഞ്ഞ ജീവിതങ്ങളെക്കുറിച്ചും ഞാൻ ഉൾക്കൊണ്ട കാര്യങ്ങൾ– എന്നിൽ ആഴത്തിൽ സ്വാധീനങ്ങൾ ഉളവാക്കിയിട്ടുണ്ട്.
അതുപോലെത്തന്നെ, ഡൽഹിയിലെ എന്റെ വളർച്ചയുടെ കാലഘട്ടങ്ങൾ എനിക്ക് നൽകിയ അനുഭവങ്ങൾ ചെറുതല്ല. 1984ലെ സിഖ് വിരുദ്ധകലാപം, ഇന്ത്യയിലും ലോകത്തിൽ മറ്റിടങ്ങളിലും തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന്റെ വർധിതമാകുന്ന ശേഷി തുടങ്ങിയ കാര്യങ്ങൾ ഒരു എഴുത്തുകാരി എന്ന നിലയിലും വ്യക്തിയെന്ന നിലയിലും എന്നെ ആഴത്തിൽ ബാധിച്ച/ ബാധിക്കുന്ന കാര്യങ്ങളാണ്. എന്റെ കവിതകളിൽ ഇതിന്റെ പ്രതിഫലനങ്ങൾ ഉണ്ട് (പ്രേതങ്ങളോട് സംസാരിക്കുമ്പോൾ, ഇരുണ്ട കാലങ്ങളിൽ പാടുമ്പോൾ, എന്റെ മരുമകളോട് ഞാൻ പറയുന്നതായി വിഭാവനംചെയ്യുന്ന കാര്യങ്ങൾ, തുടങ്ങിയവയിൽ). അതുപോലെത്തന്നെ വ്യക്തിജീവിതത്തെ പ്രതിഫലിപ്പിക്കുന്ന കുറിപ്പുകളിലും (വീടുകളും ലോകവും, മഞ്ഞിൽ വേരുപടർത്തൽ തുടങ്ങിയവയിൽ) ഇത്തരം പ്രമേയങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. എന്റെ കഥകളിൽ – നോവലിലും ചെറുകഥകളിലും– സമകാലത്തിന്റെ പ്രതിഫലനങ്ങൾ ശക്തമായുണ്ട്. ‘ബുൾഡോസർ’ എന്ന കഥ ഉദാഹരണമാണ്. വീട് ഇടിച്ചുതകർക്കപ്പെട്ട ഒരു ഫലസ്തീനിയൻ പെൺകുട്ടിയുടെ ഭാഷണമായാണ് ഞാൻ ആ കഥ എഴുതിയത്.
സമകാല രാഷ്ട്രീയത്തോട് തീവ്രമായി സംവേദനക്ഷമത പുലർത്തുന്ന വ്യക്തിയാണ് ഞാൻ. വളരെ പുരോഗമനപരമായ ആശയങ്ങൾ പുലർത്തുന്നവർക്കൊപ്പം വളർന്നുവന്ന വ്യക്തിയാണ് ഞാൻ. എന്റെ മുത്തശ്ശി രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് വളരെ വിമർശനബുദ്ധിയോടെ എഴുതാറുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വൈയക്തിക ജീവിതത്തിലേക്ക് രാഷ്ട്രീയ പ്രശ്നങ്ങൾ ഉൾച്ചേർക്കാൻ ഞാൻ എപ്പോഴും പരിശ്രമിച്ചിട്ടുണ്ട്. നിത്യജീവിതത്തിലെ സാധാരണ അനുഭവങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം വലിയ സാമൂഹിക-രാഷ്ട്രീയ സംഭവങ്ങളെക്കാൾ ചെറുതല്ല. എഴുത്തുകാരിയെന്ന നിലയിൽ, വാസ്തവത്തിൽ, ദൈനംദിന സംഭവങ്ങൾ എന്നെ കൂടുതൽ ആകർഷിക്കാറുണ്ട്. ചൂടുചട്ടിയിലെ പൊരിയൽ ശബ്ദം, മഞ്ഞുകാലത്ത് നാരങ്ങകൾ തൊലിപൊളിക്കുന്നത്, സൂര്യപ്രകാശം തെരുവുമരങ്ങളെ താണ്ടി വീടിന്റെ സ്വീകരണമുറിയുടെ ചുവരിൽ വീഴുന്നത്, ഭക്ഷണസമയത്ത് സുഹൃത്തുക്കളുടെയും അയൽക്കാരുടെയും നേരമ്പോക്കുകൾ, അമ്മയുടെ ശരീരം വാർധക്യത്തെ പുൽകുന്നത്, മേശയുടെ ജീവിതയാത്ര –അങ്ങനെ അങ്ങനെ നിത്യജീവിതത്തിൽ നമുക്കു മുന്നിൽ അഴിഞ്ഞുവരുന്ന യഥാർഥകാലത്തെ അറിയാനും അവയാൽ ഓർമകളുടെ മാർഗഫലകം തീർക്കാനും എനിക്കേറെ ഇഷ്ടമാണ്.
എഴുത്തിന്റെ എല്ലാ മേഖലകളെയും പരിഗണിക്കുമ്പോൾ, കവിതകളാണ് ഏറ്റവും ആത്മകഥാപരം എന്ന് എനിക്കു തോന്നാറുണ്ട്. കവിത ഒരാളുടെ ജീവിത പശ്ചാത്തലത്തിൽനിന്നല്ല രൂപപ്പെടുന്നതെങ്കിലും അത് കവിതയുടെ വിഷയത്തിൽ കവി നടത്തുന്ന വാറ്റിയെടുക്കലിന്റെ ഫലമാണ്. എന്റെ ആദ്യ സമാഹാരമായ ‘ഞാൻ കണ്ടിട്ടേയില്ലാത്ത സ്ഥലത്തോടുള്ള ഗൃഹാതുരത്വം’ എന്ന കൃതിയിലെ പല കവിതകളും ആത്മകഥാപരമാണ്. സ്ഥലങ്ങളുടെ, ബന്ധങ്ങളുടെ, സ്ഥാനചലനങ്ങളുടെയെല്ലാം കണ്ടെടുപ്പുകളാണ് അതിലുള്ളത്. അതിൽ അവസാനത്തെ പ്രമേയമാണ് ഒരുപക്ഷേ, സമാഹാരത്തിലെ ഏറ്റവും ശക്തമായി അവതരിപ്പിക്കപ്പെട്ട വിഷയം. ഏതാണ്ട് ഒന്നര ദശാബ്ദമായി എന്റെ വീടായി മാറിയ കാനഡയിലേക്കുള്ള കുടിയേറ്റത്തോടെ എന്റെ അനുഭവത്തെ തീക്ഷ്ണമാക്കിയ വിഷയം.
വിവാഹത്തെത്തുടർന്ന് ഇന്ത്യയിൽനിന്ന് വടക്കൻ അമേരിക്കയിലേക്ക് നടത്തിയ ദീർഘയാത്രക്കിടെ ആദ്യമായി, 1947ൽ ഇന്ത്യ സ്വതന്ത്രമായപ്പോൾ വിഭജനത്തെ തുടർന്ന് കിഴക്കൻ ബംഗാളിൽനിന്ന് വേരറുത്ത് പലായനം ചെയ്യേണ്ടി വന്നപ്പോൾ എന്റെ അമ്മൂമ്മ അനുഭവിച്ച നഷ്ടബോധങ്ങളുടെ ആഴം എത്രയായിരുന്നു എന്നു മനസ്സിലാക്കാൻ എനിക്കു സാധിച്ചു. ആ നിമിഷം മുതൽ അവരുടെ സ്ഥാനഭ്രംശത്തിന്റെ കഥകളും അതിനെത്തുടർന്നുണ്ടായ മാനസികാഘാതങ്ങളും എനിക്കു കേവലം കഥകൾ മാത്രമല്ലാതായിത്തീർന്നു. അവയെനിക്ക് അവരുടെ അനുഭവങ്ങളുടെ രീതികളിലല്ലെങ്കിലും യഥാർഥമായിത്തീർന്നു –വീട്ടിൽനിന്നുള്ള വേർപാടും കുടുംബത്തിൽനിന്നും സ്നേഹിക്കുന്നവരിൽനിന്നും അകലെയാവുന്നതും എന്റെയും അനുഭവമായി മാറി.
ആ നോവലിന്റെ രചനക്ക് ഒരുപാട് ഗവേഷണങ്ങൾ ആവശ്യമായി വന്നു. കാരണം പ്രത്യേക പ്രദേശത്ത്, നിർവചിക്കപ്പെട്ട കാലഘട്ടത്തിലാണ് ആ നോവൽ നിശ്ചയിക്കപ്പെട്ടത്. വിപുലമായ ഗവേഷണങ്ങൾ നടത്തുകയെന്നത് വെല്ലുവിളികൾ നിറഞ്ഞ കാര്യമായിരുന്നു. കാരണം, ഞാൻ ഇന്ത്യക്കു വെളിയിലാണ് താമസിച്ചിരുന്നത്. അതുകൊണ്ടുതന്നെ ലൈബ്രറികൾ, ആർക്കൈവുകൾ എന്നിവ സന്ദർശിക്കുന്നത് ബുദ്ധിമുട്ടായിരുന്നു. ഓൺലൈൻ ലൈബ്രറികളെയും ആഖ്യാനങ്ങളെയും ആശ്രയിക്കേണ്ടിവന്നിട്ടുണ്ട്. പല രേഖകളുടെയും ആഖ്യാനങ്ങളുടെയും ആധികാരികത ഉറപ്പുവരുത്തുക എന്നതും അവയുടെ വസ്തുനിഷ്ഠത കണ്ടെത്തുകയെന്നതും കഠിനശ്രമമായിരുന്നു. അഭയാർഥികളായി എത്തിച്ചേർന്നവരുടെ അഭിമുഖങ്ങൾ അടിസ്ഥാനപ്പെടുത്തി രചിക്കപ്പെട്ട ചില പുസ്തകങ്ങളും അവർ തന്നെ എഴുതിയ പുസ്തകങ്ങളും വലിയതോതിൽ സഹായകമായി.
ഡൽഹിയിൽ 1970കളുടെ അവസാനത്തിലും 1980കളിലുമായി ജനിച്ചുവളർന്ന വ്യക്തിയാണ് ഞാൻ. കുറേക്കാലത്തേക്ക് വിഭജനത്തിൽ എന്റെ കുടുംബത്തിനുണ്ടായ നഷ്ടങ്ങളെക്കുറിച്ച് എനിക്കൊന്നും അറിയില്ലായിരുന്നു. അവ എന്റെ ബോധത്തിന്റെ പാളികളിൽ നേരിട്ട് വന്നുചേർന്ന അറിവുമായിരുന്നില്ല. എന്റെ അമ്മൂമ്മ –അമിയ സെൻ– എന്റെ ബാല്യകാല ഭാവനകളെ അവരുടെ കിഴക്കൻ ബംഗാളിലെ ഗ്രാമത്തിന്റെ കഥകളാൽ നിറച്ചു. അവിടത്തെ ഹരിതാഭമായ ജൈവതയാലും നദിയുടെ മനോഹാരിതയാലും അവരത് എന്നിൽ നിറച്ചു. അവിടത്തെ പഴത്തോട്ടങ്ങളും നിറയെ മീനുകളുള്ള കുളങ്ങളും എന്നിൽ നിറഞ്ഞു.
ഞങ്ങളുടെ അധോതല മധ്യവർഗ ജീവിതയാഥാർഥ്യങ്ങളിൽ ആ സമ്പന്നത എടുത്തുകാണിക്കുന്ന അന്തരമായിരുന്നു. ഞാൻ വളർന്നപ്പോൾ മാത്രമാണ്, ആ കഥകളിൽ അദൃശ്യമായി നിറഞ്ഞിരുന്നുവെങ്കിലും വിഭജനത്തിന്റെ കാഠിന്യങ്ങളും നഷ്ടങ്ങളും എന്തായിരുന്നുവെന്ന് എനിക്ക് ബോധ്യപ്പെട്ടത്. വളർന്നപ്പോൾ എനിക്കനുഭവപ്പെട്ട കാര്യം, പലായനം വൈകാരികമായും സാമ്പത്തികമായും എന്റെ മുത്തച്ഛനെയും മുത്തശ്ശിയെയും– അതിന്റെ നേരിട്ടുള്ള ഇരകൾ– മാത്രമല്ല ബാധിച്ചത് എന്ന കാര്യമാണ്. അത് പിൽക്കാല തലമുറകളിൽ ഒരു വൈകാരികമുദ്രയായി തുടർന്നു– എന്റെ അമ്മയിലും അമ്മാവന്മാരിലും; എന്റെ സഹോദരന്മാരിലും എന്നിലും.
കുടുംബത്തിന്റെ ചരിത്രം നേരിട്ട് നോവലെഴുതാൻ എന്നെ സഹായിച്ചിട്ടില്ല. പക്ഷേ, തീർച്ചയായും അതിന് വലിയതോതിൽ ഉപബോധസ്വാധീനങ്ങൾ ഉളവാക്കാൻ സാധിച്ചിട്ടുണ്ട്. ആ സ്വാധീനവും എന്റെ അമ്മൂമ്മയുടെ ചെറുകഥകൾ വായിച്ചതിന്റെ സ്വാധീനങ്ങളും ‘വിക്ടറി കോളനി, 1950’ലെ നായികയായ അമലയെക്കുറിച്ച് എഴുതാൻ എന്നെ പ്രാപ്തയാക്കി. അമ്മൂമ്മയുടെ കഥകളിൽ അവരുടെ വൈയക്തികവും കുടുംബപരവുമായ ചരിത്രം അവിഭാജ്യഘടകമായിരുന്നു. അമലയും എന്റെ പൂർവികരെപ്പോലെ കിഴക്കൻ ബംഗാളിലെ ബരിസാലിൽനിന്നുള്ളവളാണ്. അവരും 1949-50 കാലഘട്ടത്തിലെ പടർന്നുപരന്ന വർഗീയലഹളകൾക്ക് സാക്ഷിയാവുന്നുണ്ട്. ആ കാലമാണ് നോവലിന്റെ കാലം.
ഭാസ്വതി ഘോഷ് തന്‍റെ രചനാ വേളയിൽ
വിവർത്തനത്തിൽ എന്റെ യാത്രകൾ ആകസ്മികമായിരുന്നു. അത് ആലോചിച്ചുറപ്പിച്ച് എത്തിച്ചേർന്ന ഇടമല്ല. ഞാൻ എന്റെ ബ്ലോഗിൽ ചിലപ്പോഴെല്ലാം ടാഗോർ കൃതികളും മറ്റു ചില ബംഗാളി എഴുത്തുകാരായ സുകുമാർ റായ്, ഉപേന്ദ്രകിഷോർ റായ്, സുബോധ് ഘോഷ് തുടങ്ങിയവരുടെ കൃതികൾ വിവർത്തനംചെയ്ത് ഇടുമായിരുന്നു. ഈ വിവർത്തനങ്ങൾ എനിക്കും വളരെ ചെറുതെങ്കിലും കൃത്യമായി ഇടപെട്ടിരുന്ന ഞാൻ കൂടി അംഗമായിരുന്ന ബ്ലോഗർ കൂട്ടായ്മയിലെ അംഗങ്ങൾക്കും വേണ്ടിയായിരുന്നു. അങ്ങനെയിരിക്കെ, 2007ൽ എപ്പോഴോ ‘ശിൽപി രാംകിങ്കർ അലാപ്ചരി’ എന്ന ബംഗാളി പുസ്തകം ഞാൻ വായിച്ചു. അതെന്നെ വലിയതോതിൽ സ്പർശിച്ച പുസ്തകമാണ്. അതുകൊണ്ടുതന്നെ അതിലെ ചില ഭാഗങ്ങൾ ഞാൻ വിവർത്തനംചെയ്തു. അത് ഞാൻ ബ്ലോഗിൽ പ്രസിദ്ധീകരിച്ചു. ഏതാണ്ട് അതേ സമയത്താണ് ചാൾസ് വാലസ് വിവർത്തന ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചത്.
അതിലേക്ക് ഞാൻ എന്റെ പ്രപോസൽ ആയി ഈ പുസ്തകം സമർപ്പിക്കുകയും അത് തിരഞ്ഞെടുക്കപ്പെടുകയുംചെയ്തു. അങ്ങനെയാണ് രാംകിങ്കർ ബൈജുമൊത്തുള്ള എന്റെ ദിനങ്ങൾ സാധ്യമായത്. ബംഗാളിയിൽ ആ പുസ്തകം രചിച്ചത് സോമേന്ദ്രനാഥ് ബന്ദോപാധ്യായയാണ്. ഇന്ത്യയിലെ ഏറ്റവും ആദരിക്കപ്പെട്ട ശിൽപി-കലാകാരന്റെ മനസ്സിലേക്കും കലാഹൃദയത്തിലേക്കും ആഴ്ന്നിറങ്ങിയുള്ള കാഴ്ചകളാണ് ആ പുസ്തകത്തിൽ ഉള്ളത്. ആ പുസ്തകം ജീവചരിത്രമോ അഭിമുഖ പരമ്പരയോ അല്ലെങ്കിലും, അത് ഇവ രണ്ടിനെക്കാളും ഉപരിയാണ്. രാംകിങ്കർ ബൈജിന്റെ ജീവിതവും കലയും പോലെ അംഗീകൃത നിർവചനങ്ങൾ പുസ്തകം അതിലംഘിക്കുന്നു. ഒരു വർഷത്തോളം സമയമെടുത്ത് നടത്തിയ ഔപചാരികമല്ലാത്ത സംഭാഷണങ്ങൾ വായിച്ചുപോയപ്പോൾ അത് വിവർത്തനം ചെയ്യാതെ വയ്യ എന്നെനിക്ക് തോന്നി.
അവർ തമ്മിലുള്ള സംഭാഷണത്തെ വായനക്കാരിയെന്ന നിലയിൽ എന്നെ ആകർഷിച്ചത് രചയിതാവിന്റെയും കലാകാരന്റെയും സംഭാഷണ രീതികളിൽ വരുത്തിയിട്ടുള്ള വ്യത്യാസങ്ങളാണ്. രണ്ടു ശബ്ദങ്ങളും വ്യത്യസ്തമാക്കി ക്കൊണ്ട്, അവയെ വേർതിരിച്ചുകൊണ്ട്, ബന്ദോപാധ്യായ ഗംഭീരമായ ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ സംഭാഷണം അതിനാഗരികവും ശിൽപിയുടേത് വിലക്കുകളില്ലാത്ത പ്രകാശനവുമാണ്. അതിനുശേഷം ഞാൻ കഥകളും ചില കവിതകളും ഗദ്യകൃതികളും കത്തുകളും വിവർത്തനംചെയ്തു. ഞാനിപ്പോൾ പതുക്കെയാണെങ്കിലും ആരണ്യലിപി വിവർത്തനംചെയ്യുകയാണ്. എന്റെ അമ്മൂമ്മ അമിയ സെൻ എഴുതിയ കത്തുരൂപത്തിലുള്ള അനുഭവസാക്ഷ്യമാണത്. 1960കളിൽ ഇന്ത്യ സർക്കാർ ആവിഷ്കരിച്ച ദണ്ഡകാരണ്യ അഭയാർഥി പുനരധിവാസ പദ്ധതിയെക്കുറിച്ചുള്ള കൃതിയാണത്. അവരുടെ മറ്റു ചില കഥകളും ഞാൻ വിവർത്തനംചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.