നാടിനെ ചലിപ്പിക്കാതെ നാടകവേദി മാത്രമെന്തിന് പൂത്തുലഞ്ഞു നിൽക്കണം?

മലയാള നാടകവേദിയിൽ നിലപാടുകൊണ്ടും അവതരണത്തിലെ വ്യത്യസ്തതകൊണ്ടും തീർത്തും വേറിട്ട വ്യക്തിത്വമാണ് സ്വപ്നേഷ് ബാബു. അദ്ദേഹം തിയറ്ററിനെയും തന്റെ നാടക അനുഭവങ്ങളെയും വ്യത്യസ്തമായ കോണിൽനിന്ന് വീക്ഷിക്കുകയാണ് ഈ സംഭാഷണത്തിൽ. മർദിതരുടെ ജീവിതം അനുദിനം പ്രശ്നസങ്കീർണമായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ, സാമൂഹിക സാഹചര്യത്തിൽ കലാകാരൻമാർ എവിടെ നിൽക്കുന്നു എന്നത് എന്നും ഉയർന്നുവന്നിട്ടുള്ള ചോദ്യമാണ്. സമൂഹത്തിന്‍റെ പ്രതിബിംബമാണ് കല. സമൂഹത്തെ സ്വാധീനിക്കാനും ചലിപ്പിക്കാനും കലക്ക്​ കഴിയും. അതുപോലെതന്നെ കലയെ സമൂഹവും സ്വാധീനിക്കുന്നു. പ്രതിസന്ധിഗ്രസ്ഥമായ സമൂഹത്തിന് ദിശാ​േബാധം പകർന്നു നൽകുക എന്ന...

മലയാള നാടകവേദിയിൽ നിലപാടുകൊണ്ടും അവതരണത്തിലെ വ്യത്യസ്തതകൊണ്ടും തീർത്തും വേറിട്ട വ്യക്തിത്വമാണ് സ്വപ്നേഷ് ബാബു. അദ്ദേഹം തിയറ്ററിനെയും തന്റെ നാടക അനുഭവങ്ങളെയും വ്യത്യസ്തമായ കോണിൽനിന്ന് വീക്ഷിക്കുകയാണ് ഈ സംഭാഷണത്തിൽ.

മർദിതരുടെ ജീവിതം അനുദിനം പ്രശ്നസങ്കീർണമായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ, സാമൂഹിക സാഹചര്യത്തിൽ കലാകാരൻമാർ എവിടെ നിൽക്കുന്നു എന്നത് എന്നും ഉയർന്നുവന്നിട്ടുള്ള ചോദ്യമാണ്. സമൂഹത്തിന്‍റെ പ്രതിബിംബമാണ് കല. സമൂഹത്തെ സ്വാധീനിക്കാനും ചലിപ്പിക്കാനും കലക്ക്​ കഴിയും. അതുപോലെതന്നെ കലയെ സമൂഹവും സ്വാധീനിക്കുന്നു.

പ്രതിസന്ധിഗ്രസ്ഥമായ സമൂഹത്തിന് ദിശാ​േബാധം പകർന്നു നൽകുക എന്ന ലക്ഷ്യംകൂടി കലക്കുണ്ട്. അത് സാധ്യമാകുന്നുണ്ടോ എന്നതാണ് സമകാലികമായ പ്രശ്നം. സാമൂഹികാസമത്വങ്ങൾക്കെതിരെ കലയെ ശക്തമായി ഉപയോഗിച്ച് പുത്തൻ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കലാപ്രവർത്തനം നടത്തുന്ന നാടകക്കാരനാണ് സ്വപ്നേഷ് ബാബു. ദേശകാലങ്ങളിൽ കുടുങ്ങിക്കിടക്കാത്തവൻ. അവധൂതവേഷം സ്വയം തിരഞ്ഞെടുത്തയാൾ. നിർമാണത്തൊഴിലാളി എന്ന നിലയിൽ ജീവസന്ധാരണം നടത്തുകയും അതിലൂടെ കിട്ടുന്ന തുച്ഛമായ തുക ബാക്കിവെച്ച് രാത്രികളിൽ നാടകപരിശീലനം നടത്തുകയുംചെയ്യുന്ന കലാകാരൻ.

അയാൾ സൃഷ്ടിച്ച അരങ്ങുകൾ, തൊഴിലാളികൾക്കും സാധാരണ ജനങ്ങൾക്കുംവേണ്ടിയായിരുന്നു. അധികാരം പലവിധത്തിൽ മനുഷ്യജീവിതത്തിനുമേൽ ഫണം വിടർത്തിനിൽക്കുകയും വിലക്കുകൾ സാധാരണമാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ‘കമ’ എന്ന നാടകത്തിന്‍റെ പിറവി. പേരു സൂചിപ്പിക്കുന്നതുപോലെ ബഹുവിധ മാനങ്ങളുള്ള പ്രമേയം. സൂക്ഷ്മരാഷ്ട്രീയം ചർച്ചചെയ്യുന്ന നാടകം അരങ്ങിനു പിന്നിലുള്ള രാഷ്ട്രീയത്തെയും ഇഴകീറി പരിശോധിക്കുന്നു. നാടകവേദിയെ വിമർശന വിധേയമാക്കുന്ന നാടകത്തിന്‍റെ ആദ്യ അവതരണം പ്രഗല്ഭരും പ്രമുഖരുമടങ്ങുന്ന നാടക കലാകാരൻമാരുമടങ്ങിയ ജനകീയ സദസ്സിന് മുന്നിലാണ് നടന്നത്. രാഷ്ട്രീയ നാടകങ്ങൾ അന്യമാകുന്ന സമകാലിക പരിതഃസ്ഥിതിയെപ്പറ്റിയും അരങ്ങിന്‍റെ രാഷ്ടീയത്തെപ്പറ്റിയും സംവിധായകൻ സംസാരിക്കുന്നു.

അരങ്ങിനെ വിമർശനവിധേയമാക്കി ജനരംഗ വേദി അവതരിപ്പിച്ച ‘കമ’യെ നാടകലോകം ഇരുകൈകളും നീട്ടി സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നോ. ആദ്യ അവതരണം കഴിഞ്ഞപ്പോഴുള്ള അനുഭവമെന്താണ്?

സമൂഹവും കലയും രണ്ടല്ല എന്നു വിശ്വസിക്കുന്നയാളാണ് ഞാൻ. സമൂഹത്തിൽ രൂഢമൂലമായ പ്രവണതകളും പുരുഷാധിപത്യവും സ്ത്രീവിവേചനവും വർഗ, വർണ വ്യത്യാസവുമെല്ലാം അരങ്ങിലുമുണ്ട്. ആ രാഷ്ട്രീയത്തെ തുറന്നവതരിപ്പിച്ചുകൊണ്ടു മാത്രമേ കലയിൽ പുരോഗതിയുണ്ടാകൂ എന്ന് ഞാൻ കരുതുന്നു. സമൂഹത്തെയെന്നപോലെ തന്നെ കലയെയും വിമർശനവിധേയമാക്കേണ്ടതുണ്ട്. കലയുടെയും സംസ്കാരത്തിന്‍റെയും മേഖലകളിലുള്ള കടന്നുകയറ്റത്തെപ്പറ്റി നാം സംസാരിക്കാറുണ്ട്. മുതലാളിത്ത മൂല്യങ്ങൾ കലാരംഗത്തും സംസ്ഥാപിതമാകുന്നു. ഫാഷിസ്റ്റ് അനുകൂല പ്രവണതകൾ ഒളിച്ചു കടത്തപ്പെടുന്നു. എന്നാൽ, അതിനെതിരായ പ്രതിപ്രവാഹം സൃഷ്ടിക്കപ്പെടുന്നില്ല. അതിനുള്ള ശ്രമമാണ് കഴിഞ്ഞ രണ്ട് ദശകങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നത്.

നാടകവിമർശനമാണ് പ്രമേയമെന്നതുകൊണ്ടുതന്നെ തുടർ സംവാദങ്ങളും പ്രതിനാടകങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. പുതു തലമുറ നാടകക്കാരടങ്ങുന്ന ചില കോണുകളിൽനിന്നെങ്കിലും അനുകൂല സൂചനകൾ ലഭിച്ചത് സന്തോഷകരമാണ്. എല്ലാ അർഥത്തിലും വ്യവസ്ഥാപിതമായ കാഴ്ചശീലങ്ങളെ പിന്തുടരുന്ന, പുരോഗമന നാട്യം ചമയുന്ന നാടകങ്ങൾക്കുപോലും തുടർ അവതരണങ്ങൾ സാധ്യമാകാത്ത, സാമൂഹിക സാഹചര്യമാണുള്ളത്. ഭരണകൂടതലത്തിലും സാമ്പത്തികമായും വിവിധ മേഖലകളിൽ സ്വാധീനമുള്ളവരുടെ നാടകങ്ങൾക്കാണ് ഇവിടെ തുടർ അവതരണങ്ങൾ സാധ്യമാകുന്നത്.

ലോകത്തിലെ ഏറ്റവും ശക്തമായ കലയെ തങ്ങളുടെ ഇടുങ്ങിയ ഇടത്തിൽ ഒതുക്കാൻ ശ്രമിക്കുന്ന മലയാള നാടക പരിസരത്ത് നാടകത്തിലൂടെ സാമൂഹിക വിമർശനം നിരന്തരം നടത്തുന്ന എന്നെപ്പോലെയുള്ള വരത്തൻമാർ പൊതുവേദികളിലെ സ്വീകാര്യത ഒരിക്കലും പ്രതീക്ഷിക്കാറില്ല. സാധാരണ ജനങ്ങളുടെ പിന്തുണ എപ്പോഴും കിട്ടാറുമുണ്ട്. അതു മാത്രമാണ് എന്തെല്ലാം പ്രതിസന്ധി ഉണ്ടായാലും നാടക സാംസ്കാരിക പ്രവർത്തനം തുടരാനുള്ള ഊർജം.

 

‘കമ’ നാടകത്തിലെ ഒരു രംഗം

‘കമ’ എന്ന നാടകത്തിന്റെ രാഷ്ട്രീയവും ലിംഗപരവുമായ ഉന്നങ്ങൾ പ്രേക്ഷകർക്ക് അനുഭവവേദ്യമായി എന്നത് ശരിയാണ്. പക്ഷേ, ആസ്വാദനത്തിന്‍റെ രസച്ചരട് പൊട്ടിച്ചെറിയുന്ന തരത്തിലുള്ള രംഗാവതരണം പുതുമയായിരുന്നു. ഇത് ബോധപൂർവം കൊണ്ടുവന്നതാണോ?

വൈകാരികതകളുടെയും ഗിമ്മിക്കുകളുടെയും അതിപ്രസരണത്തിലൂടെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുക എന്റെ ലക്ഷ്യമല്ല. നാടകം കാണുന്ന പ്രേക്ഷകനെ കലയുടെ ആനന്ദത്തോടൊപ്പം തന്നെ അസ്വസ്ഥപ്പെടുത്തുകയും പുതിയ ചിന്തകളുടെയും ചോദ്യങ്ങളുടെയും ചൂണ്ടുവിരൽ ആകുക എന്നതുകൂടിയാണ് നാടക കലാകാരന്റെ കടമ എന്ന് തീരുമാനമെടുത്ത ഒരാളാണ് ഞാൻ. ഹൈന്ദവ ഫാഷിസം സാംസ്‌കാരികമായ കടന്നുകയറ്റം നടത്തുകയും സംഘ്പരിവാറിന്റെ ആശയപ്രചാരണം ശക്തമായി രീതിയിൽ നടക്കുകയും അതാണ് ആർഷഭാരത സംസ്‌കാരത്തിന്റെ അടിത്തറയെന്ന് ഉറപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ സാഹചര്യം നമ്മുടെ നാട്ടിൽ നിലവിലുണ്ട്. ഇത്തരം അവസ്ഥയിൽ ഒരു കലാകാരന് നിഷ്‌കളങ്കതയോടെ നോക്കിനിൽക്കാനാവില്ല.

രാഷ്ട്രീയ അടിത്തറയുടെ അടിസ്ഥാനത്തിലുള്ള ഉപരിഘടന മാത്രമേ ഒരു സമൂഹത്തിൽ ദൃശ്യമാകൂ. ഇത് സാധാരണമാണ്. എന്നാൽ സാംസ്‌കാരിക ഉപരിഘടനയുടെ സജീവമായ ഇടപെടലുകൾ വഴി രാഷ്ട്രീയ അടിത്തറയെ മാറ്റിമറിക്കാൻ കഴിയുമെന്നാണ് ചരിത്രം നമ്മെ പഠിപ്പിച്ചിട്ടുള്ളത്. ഇത്തരത്തിലുള്ള സാംസ്‌കാരിക ഇടപെടലുകൾ നടത്താൻ നാടക അരങ്ങിനെ ഉപയോഗിക്കുകയാണ് ഞാൻ.

അതുകൊണ്ടുതന്നെ ആഖ്യാനത്തിന് പുതിയ രീതികൾ അവലംബിക്കേണ്ടിവരും. പ്രമേയത്തിനനുസരിച്ച് അവതരണരീതി സ്വീകരിച്ചതും അതുകൊണ്ടാണ്. വ്യവസ്ഥാപിതമായ രീതികളെ തച്ചുടച്ചുകൊണ്ടാണ് ഓരോ കാലങ്ങളിലും ഇത്തരം ഇടപെടലുകൾ ഉണ്ടായിട്ടുള്ളത്. അസംബന്ധ നാടകങ്ങളുടെ പിറവിയൊക്കെ അങ്ങനെയാണ്. കാഴ്ചക്കാരൻ നാടകത്തിന്റെ വൈകാരിക അംശങ്ങളിൽ മുഴുകി അതിന്റെ രാഷ്ട്രീയ അംശങ്ങൾ മറക്കുന്നത് ഒഴിവാക്കാൻ ഇടക്കിടെ ഇത് നാടകമാണെന്ന് ഓർമപ്പെടുത്തുന്ന ബ്രഹ്ത്തിയൻ സ്‌കൂൾ ഉണ്ടായിട്ടുണ്ട്. വ്യവസ്ഥാപിതമായ കാഴ്ചാരൂപങ്ങളെ അസ്വസ്ഥപ്പെടുത്താനും പുതുക്കിപ്പണിയാനുമാണ് അവർ ശ്രമിച്ചത്.

മലയാള നാടകവേദിയെ സമഗ്രമായി പരിശോധിക്കാനും വിമർശന വിധേയമാക്കാനും നാടകത്തിന് കഴിഞ്ഞോ?

‘കമ’ മലയാള നാടകവേദിയെ സമഗ്രമായ അർഥത്തിൽ പരിശോധിക്കാനും വിമർശനാത്മകമായി മനസ്സിലാക്കാനുമുള്ള ഒരു ഉദ്യമമാണ്. ഒന്നേ മുക്കാൽ മണിക്കൂറിനുള്ളിൽ അത് പൂർത്തിയാക്കാൻ സാധിക്കുമെന്ന് ഞാൻ കരുതുന്നില്ല. എങ്കിലും അതിന്റെ മലയാള നാടകവേദിയുടെ നാഴികക്കല്ലുകളെ സൂചിപ്പിക്കാനും അടയാളപ്പെടുത്താനും സാധിച്ചിട്ടുണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം. ജനങ്ങൾ കൂടുതലായി കാണുന്നത് പ്രഫഷനൽ നാടകങ്ങളാണ്. അതേസമയം അക്കാദമിയുടെയും മറ്റും പ്രഫഷനലും അമച്വറുമായ നാടകങ്ങൾ ഉൾപ്പെടുന്നതാണ് മലയാള നാടക​േവദിയുടെ ചരിത്രം. ഈ നാടകങ്ങളിൽ പലതും മലയാളിസമൂഹത്തെ ഗുണപരമായി സ്വാധീനിച്ചിട്ടുള്ളവയാണ്.

‘കമ’യിൽ കാലിക രാഷ്ട്രീയം, മലയാള നാടകവേദിയുടെ ചരിത്രം എന്നിവയെപ്പോലെ തന്നെ പാട്രിയാർക്കൽ സൊസൈറ്റിയിൽ സ്ത്രീപക്ഷ നാടകങ്ങളുടെ അവസ്ഥ എന്നിവ ഇഴകീറി പരിശോധിക്കാൻ ചെറിയ ശ്രമം നടത്തിയിട്ടുണ്ട്. നാടകചരിത്രമെടുത്തു കഴിഞ്ഞാൽ സ്ത്രീപക്ഷ നാടകങ്ങളും സ്ത്രീകൾ മുഖ്യപങ്ക് വഹിക്കുന്ന നാടകങ്ങളും അത്രയധികമില്ല. തീർച്ചയായും സമൂഹത്തിന്റെ പ്രതിഫലനം നാടകവേദിയിലും കാണാം. അതുകൊണ്ടാണ് ‘കമ’യിലെ സ്ത്രീ കഥാപാത്രങ്ങൾ പെണ്ണുപൂക്കുന്ന നാട് സ്വപ്‌നം കാണുന്നത്.

നാടകവും സമൂഹവും രണ്ടല്ലെന്ന് നാടകത്തിൽതന്നെ പലവുരു വ്യക്തമാക്കുന്നുണ്ട്. നാടകവേദി സമൂഹത്തിന്റെ ഒരു പരിച്ഛേദം തന്നെയാണ്. നാടകക്കാരുടെ വിഷയം നാടകരൂപത്തിൽതന്നെ പറഞ്ഞു തുടങ്ങിയാൽ അത് നാടകത്തിൽ തന്നെ അവതരിപ്പിച്ചാൽ ഒരു കണ്ണാടിയാവുകയും വിവിധ സാമൂഹിക വായനകൾ സാധ്യമാകുകയും ചെയ്യും. നാടകം എന്ന നിലയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് പ്രൊഡക്ഷനാണ്. പ്ലേകൾ ഉണ്ടാവുക, പ്രൊഡക്ഷൻ ഉണ്ടാവുക... ഒരു നിർമാണ കമ്പനിയുടെ ഉൽപന്നം മാത്രമായി നാടകം മാറുക, ജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യമാണ് പ്രധാനമായും ഇവർ നിർവഹിച്ചുകൊണ്ടിരിക്കുന്നത്.

നാടിനെ ഒന്നു ചലിപ്പിക്കുകപോലും ചെയ്യാതെ നാടകവേദി മാത്രം പൂത്തുലഞ്ഞു നിന്നിട്ട് എന്താണ് കാര്യമെന്ന് ഈ നാടകം ചോദിക്കുന്നുണ്ട്. ഗ്രാമീണ നാടകവേദികളും പ്രാദേശിക ക്ലബുകളുമൊക്കെ ഇല്ലാതായി. രാഷ്ട്രീയ അതിപ്രസരം ഇല്ലാതാക്കി എന്നും പറയാം. അത്തരമൊരു സാഹചര്യത്തിൽ ഭരണകൂടത്തിന്റെ ഫണ്ടുകൊണ്ടാണ്, അല്ലെങ്കിൽ സ്‌പോൺസർഷിപ് മൂലമാണ്, അതുമല്ലെങ്കിൽ സെലിബ്രിറ്റികൾ അതിന്റെ ഭാഗമാവുമ്പോഴാണ് നാടകം കളിക്കപ്പെടുന്നത്. ഒന്നുകിൽ മത്സരങ്ങൾ നടത്തണം, അല്ലെങ്കിൽ ഫണ്ട് ലഭിക്കണം. അപ്പോൾ ഇതിന് അനുഗുണമായ നാടകങ്ങളാണ് രൂപപ്പെടുക.

നാടകക്കാരുടെ സീസൺ എന്നു പറയുന്നത് സ്‌കൂൾ കലോത്സവങ്ങളും കോളജ് മത്സരങ്ങളുമാണ്. പിന്നെ വർഷത്തിലൊരിക്കലുള്ള അക്കാദമി നാടക മത്സരങ്ങളും. ഇതിൽനിന്നും കിട്ടുന്ന തുകയാണ് നാടകങ്ങളുടെ അടിസ്ഥാനം. എനിക്ക് ലഭിക്കണമെന്നുണ്ടെങ്കിൽ മറ്റൊരാളെ വെട്ടിമാറ്റിയാലേ സാധിക്കൂ എന്ന അവസ്ഥ. നാടകക്കാർ തമ്മിലുള്ള പരസ്പര സഹകരണവും ബന്ധവും ഇല്ലാതാകുന്നത് ഇങ്ങനെയാണ്.

കലക്ക് വിശുദ്ധി കൽപിക്കുന്നത് ഫ്യൂഡലിസത്തിന്റെ ഒരു സ്വഭാവമാണ്. ജനങ്ങളുമായുള്ള ബന്ധം നാടകവേദിക്ക് നഷ്ടപ്പെട്ടതുകൊണ്ടാണ് കലക്ക് വിശുദ്ധമായ സൗന്ദര്യം വേണം, പാരമ്പര്യമായ സംഗീതം വേണം എന്നിങ്ങനെ ഫ്യൂഡലിസത്തിന്റെ അവശിഷ്ടങ്ങളായ കാഴ്ചപ്പാടുകൾക്ക് പ്രാമുഖ്യം വരുന്നത്. ആ സ്‌പേസ് എങ്ങനെയാണ് ഉണ്ടാകേണ്ടത് എന്ന ഓർമപ്പെടുത്തൽകൂടിയായിരുന്നു ‘കമ’. അതുകൊണ്ടാണ് വിമർശനവിധേയമായി കരുണയും, ഒഥല്ലോയും ‘കമ’യുടെ ഭാഗമാകുന്നതും, ഭോമ പോലുള്ള നാടകഭാഗങ്ങൾ ‘കമ’യിൽ പകർന്നാട്ടമാടുന്നതും ‘സ്പാർട്ടക്കസ്’, ‘നാടുഗദ്ദിക’, ‘നായ്ക്കളി’യൊക്കെ ഓർമിപ്പിക്കപ്പെടുന്നതും.

 

സ്വപ്നേഷ് ബാബുവിന്റെ ഒരു നാടകം

അരങ്ങിലെ സ്ത്രീ എന്നത് എക്കാലത്തും അവഗണന നേരിടുന്നയാളാണോ?

മികച്ച അഭിനയം കാഴ്ചവെക്കുന്ന നടിമാർപോലും അവഗണിക്കപ്പെടുന്നുണ്ട്. മലയാള നാടകവേദിയുടെ ചരിത്രം എഴുതുമ്പോൾപോലും അവർക്ക് കാര്യമായ പ്രാതിനിധ്യം ലഭിക്കുന്നില്ല. ‘കമ’യിലെ സ്ത്രീകഥാപാത്രങ്ങൾ പാട്രിയാർക്കൽ സമൂഹത്തെയും നാടകവേദിയിൽ അതുണ്ടാക്കുന്ന സ്വാധീനത്തെയും രൂക്ഷമായി ചോദ്യംചെയ്യുന്നുണ്ട്. പെണ്ണു പൂക്കുന്നത് കണ്ടിട്ടുണ്ടോ എന്ന നായികയുടെ ചോദ്യം ഉയരുന്നത് ആ പശ്ചാത്തലത്തിലാണ്. നമുക്കും വേണം ഒരു നാട്യശാസ്ത്രം, എല്ലാം ആണിലാണെന്ന ചരിത്രം അത് തിരുത്തിയേ മതിയാകൂ.

‘കമ’യിലെ നാടകവീട്ടിൽ രണ്ടു കഥാപാത്രങ്ങളുണ്ട്. ഭാര്യയും ഭർത്താവും. അവർ രണ്ടു സാമൂഹിക വിഭാഗത്തിൽപ്പെടുന്നവരാണെന്ന് തുടക്കത്തിൽതന്നെ പറയുന്നുണ്ട്. ആ നാടകവീട്ടിലെ പ്രധാന നടിയുടെ സ്ഥാനം എന്താണ് എന്ന ചോദ്യം അവിടെ ഉയരുന്നുണ്ട്. കഴിഞ്ഞ അക്കാദമി നാടകമത്സരത്തിൽ ഒരു സ്ത്രീ നാടകക്കാരിയുടെ നാടകംപോലും ഉണ്ടായില്ല എന്നത് ഒരു വസ്തുതയാണ്. കാലാകാലങ്ങളായി സമൂഹത്തിൽ നിലനിന്നിരുന്ന പുരുഷാധിപത്യ പ്രവണതകൾ നാടകവേദിയിലും തുടരുന്നു എന്നതിന്റെ ഉദാഹരണമാണിത്.ഇത് പ്രശ്നവത്​കരിക്കാൻ മുൻകാലങ്ങളിൽ ശ്രദ്ധേയമായ പല നാടകഭാഗങ്ങളും ‘കമ’യിൽ പകർന്നാട്ടമാടുന്നുണ്ട്.

മറക്കാൻ ശ്രമിക്കുന്ന ഇങ്ങനെയുള്ള നാടകങ്ങളിലേക്ക് പ്രേക്ഷകർ ഒരു അന്വേഷണം നടത്തണമെന്ന താൽപര്യത്തോടുകൂടിയാണ് ഇങ്ങനെ ചെയ്തത്. ഏറ്റവുമധികം നാടകസംഘങ്ങൾ കളിച്ച, ജനകീയ ക്ലബുകൾ കളിച്ച നാടകമായിരുന്നു ഒരുകാലത്ത് ‘രാവുണ്ണി’. കുറച്ചു മാത്രം നാടകങ്ങൾ എഴുതി മുപ്പത്തിയൊന്നാം വയസ്സിൽ മരിച്ചുപോയ പി.എം. താജ് എന്ന പ്രതിഭയുടെ നാടകം. ഇങ്ങനെയുള്ള നാടകങ്ങളെയും നാടകക്കാരെയും കുറിച്ചുള്ള ഓർമപ്പെടുത്തലുകൾ അതിന്റെ തുടർച്ചയുണ്ടാകണമെന്ന നിലയിലേക്ക് കൂടി വിരൽചൂണ്ടും.

നാടകവേദിയിലെ സ്ത്രീ കഥാപാത്രങ്ങൾ പറയുന്നുണ്ട്, ഞങ്ങൾ പറഞ്ഞു നടക്കുന്നവരല്ല, ചെയ്തു കാണിക്കുന്നവരാണെന്ന്. മാനുഷി അടക്കമുള്ള സ്ത്രീനാടക സംഘങ്ങൾക്ക് തുടർച്ചയുണ്ടാകാതെ പോയത് എന്തുകൊണ്ടെന്ന ചോദ്യംകൂടി ഈ നാടകം ഉന്നയിക്കുന്നു. അങ്ങിങ്ങായി ഉണ്ടാകുന്ന ചെറുനാടകസംഘങ്ങൾ മുഖ്യധാരയിലെത്താത്തത് സമൂഹത്തെ ആകമാനം വിഴുങ്ങിയിരിക്കുന്ന പുരുഷകേന്ദ്രീകൃത ലോകത്തിന്റെ ഇടപെടൽ കൊണ്ടാണെന്ന തിരിച്ചറിവിലാണ് ഈ നാടകം നാടകവേദിയോട് തന്നെ കലഹിക്കുന്നത്.

ജാതി, പെൺ വിവേചനങ്ങൾ പ്രമേയമാകുന്ന നിരവധി നാടകങ്ങൾ കഴിഞ്ഞ സംഗീത നാടക അക്കാദമി നാടകമത്സരത്തിൽ അവതരിപ്പിക്കപ്പെട്ടിരുന്നു. അവയൊന്നും ഫലപ്രദമാകുന്നില്ല എന്ന അഭിപ്രായമുണ്ടോ?

എത്രയെത്ര പെണ്ണുങ്ങളെയാണ് നിങ്ങൾ അരങ്ങിലും അണിയറയിലും ഇട്ട് ചവിട്ടി മെതിച്ചത് എന്നാണ് ‘കമ’ യിലെ ഒരു കഥാപാത്രമായ മാളുവിന്റെ ചോദ്യം. അതിനുശേഷം നിങ്ങൾ തന്നെ അത് നിങ്ങൾക്ക് വേണ്ടിയുള്ള ആവിഷ്‌കാര വിഭവങ്ങൾക്ക് ഇന്ധനമാക്കി മാറ്റും. പൊതുസ്വീകാര്യമെന്ന നിലയിൽ ജാതി പ്രമേയമാകുന്ന നാടകങ്ങൾപോലും പരാജയപ്പെടുന്നത് ഈ സന്ദർഭത്തിലാണ്. ഇത്തരം പ്രമേയങ്ങളുള്ള നാടകങ്ങളെ പോലും വിലയിരുത്തപ്പെടുന്നത് അഭിനയമികവിന്റെയും നൂതന സങ്കേതങ്ങളുടെയും പ്രയോഗത്തിന്റെയും അടിസ്ഥാനത്തിലാണ്. അഭിനയമികവിനുള്ള ഒരു സങ്കേതം മാത്രമാണ് ജാതി വിഷയം. അതല്ലാതെ സാമൂഹിക മാറ്റത്തിനുള്ള ഉപകരണമായി അപ്പോഴും നാടകം മാറ്റപ്പെടുന്നില്ല. രംഗവേദിയിലെ ഒരു മൈക്ക് പോലെയോ പൂവുപോലയോ ഒരു മേശ പോലെയോ മാത്രമായി ജാതിവിഷയം ചുരുക്കപ്പെടുന്നു.

നിലവിൽ സമൂഹം ചർച്ച ചെയ്യപ്പെടുന്നതിനെ വിഷയമാക്കുകയും കൈയടി വാങ്ങിക്കുകയും ചെയ്യുക എന്നതിലുപരി ആ കഥാപാത്രങ്ങളെയും ആ വിഷയത്തെയും മുഖ്യമാക്കി സ്വത്വ അഭിമാനമുള്ളവരുടെ കൂട്ടായ്മയിൽ ശക്തമായ ആവിഷ്കാരങ്ങൾ ഉണ്ടാകേണ്ടതുണ്ട്. ഒരു വിഷയം ചർച്ചാവിഷയമാകാൻ അനുയോജ്യമായ സങ്കേതങ്ങളാണ് നമ്മൾ സ്വീകരിക്കേണ്ടത്. ഞാൻ പറയാൻ ഉദ്ദേശിക്കുന്ന വിഷയത്തെ കൂടുതൽ ജനങ്ങളിലേ​െക്കത്തിക്കുവാൻ പര്യാപ്തമായ നവീനമായ ഉപാധികളെ കുറിച്ച് നമ്മൾ അന്വേഷിക്കുമ്പോഴാണ് കല നവീകരിക്കപ്പെടുന്നത്.

 

‘കരിരാവണം’

അരങ്ങ് പ്രമേയമാകുമ്പോൾ അഭിനേതാക്കളും, പരമ്പരാഗതമായി അവർ അനുവർത്തിച്ചുവന്ന ശീലങ്ങളുടെ തടവുകാരായിരിക്കുമല്ലോ. അവരുടെ അഭിപ്രായങ്ങൾ പരിഗണിച്ചിട്ടുണ്ടോ?

സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളിലുള്ളവരാണ് ‘കമ’യിൽ അഭിനേതാക്കളായും അണിയറ പ്രവർത്തകരായും എത്തിയത്. അവരെ ഒരു കൂട്ടായ്മയിലേക്ക് മാറ്റിയെടുക്കുക എന്നതായിരുന്നു നാടകത്തിന്റെ ആദ്യഘട്ടം. വിവിധ സാമൂഹിക വിഷയങ്ങളിൽ ഭിന്നാഭിപ്രായം ഉള്ളവർ. നാടകം സമൂഹത്തോട് പങ്കുവെക്കാൻ ഉദ്ദേശിച്ച വിഷയത്തിൽപോലും വ്യത്യസ്ത അഭിപ്രായമുള്ളവർ. അതുകൊണ്ടുതന്നെ ഓരോ പരിശീലന ക്യാമ്പിലും കടുത്ത സംഘർഷാവസ്ഥയാണ് നിലനിന്നിരുന്നത്. ഈ സംഘർഷത്തിലൂടെയും ഉരകല്ലുരസലുകളിലൂടെയുമാണ് ഈ നാടകം രൂപപ്പെട്ടുവന്നത്.

നാടകം അരങ്ങിലെത്തുമ്പോഴേക്കും ആശയപരമായ ഐക്യം ഈ നാടക കൂട്ടായ്മയിൽ സാധിച്ചു എന്നതാണ് അനുഭവം. നാടകത്തിന്റെ ആശയം അങ്ങനെ അഭിനേതാക്കളിൽ ലക്ഷ്യം കാണുന്നു. അവതരണം കഴിയുമ്പോൾ ഓരോ നടീനടൻമാരിലും കൂട്ടായ്മയിൽ ആകമാനം ഒരു മാറ്റം സംഭവിക്കുന്നു. അതാണ് സംഘം ചേരുമ്പോൾ നടക്കുന്ന പരിവർത്തനം. അത് നാടകത്തിൽ മാത്രം സാധ്യമാകുന്നതാണ്. നാടകത്തെക്കുറിച്ചുള്ള നാടകം ആകുമ്പോൾതന്നെ ‘കമ’യിൽ അരങ്ങും അണിയറയും ഒന്നാകുന്ന അനുഭവവുമുണ്ട്. അണിയറക്കാരും അരങ്ങിൽ എത്തുന്നതോടെയാണ് നാടകം അവസാനിക്കുന്നത്.

നാടകത്തിലെ കഥാപാത്രമായ മാളു പങ്കുവെക്കുന്ന ഒരഭിപ്രായമുണ്ട്. എനിക്ക് എന്തിനെ കുറിച്ചും ഭയമാണ്, എപ്പോഴും ഭയം. ഒരാളെ ഇഷ്ടപ്പെട്ടാൽ അയാളെന്നെ ആക്രമിക്കുമോ എന്ന ഭയം...

ഈ ഭയം നാം ഓരോരുത്തരുടെയുമാണ്, ഈ ഭയത്തെ മുൻനിർത്തിയാണ് എല്ലാ അധികാരങ്ങളും നിലനിൽക്കുന്നത്. നാളെ തൊഴിൽ ഉണ്ടാകുമോ എന്ന ഭയം. കുഞ്ഞുങ്ങളെ വിദ്യാലയത്തിലേക്ക് അയച്ചാൽ ആക്രമിക്കപ്പെടാതെ തിരിച്ചെത്തുമോ എന്ന ഭയം. ഈ നിമിഷം നാമൊരു രാജ്യദ്രോഹി ആയേക്കുമോ എന്ന ഭയം. ഇത് സമൂഹത്തിന്റെ പരിച്ഛേദമാണ്. പ്രണയിക്കാൻപോലും ഭയപ്പെടേണ്ടിവരുന്ന ഒരു സാമൂഹിക അവസ്ഥ. ഭരണകൂടം ഉൽപാദിപ്പിക്കുന്ന ഭയത്തിൽനിന്നും നാടകവേദിക്കും മാറിനിൽക്കാൻ സാധിക്കുന്നില്ല. പരസ്പരം പ്രണയിക്കുമ്പോൾതന്നെ നാടകത്തിലെ കഥാപാത്രങ്ങൾ പരസ്പരം ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇത് സമൂഹത്തിലെ ചെയ്തികൾതന്നെയാണ്.

കെ.ജെ. ബേബിയും സുരാസു വും ജോൺ എബ്രഹാമും പി.എം. ആന്റണിയും അടക്കമുള്ള ആളുകളുടെ മരണം കേവലം ഒരു മരണമായി കാണാൻ കഴിയില്ല. അതൊക്കെ സമൂഹം നടത്തുന്ന കൊലപാതകങ്ങളാണ്. ലാഭം മാത്രം ആഗ്രഹിക്കുന്ന ഈ വിൽപനച്ചന്തയിൽ മണ്ണിനെ അത്രമാത്രം സ്‌നേഹിക്കുന്നവർക്ക് ഇവിടെ ജീവിക്കാൻ കഴിയില്ല. സമകാലിക മലയാള നാടകവേദിക്ക് അതിൽ പങ്കുണ്ട്.

തൊഴിലാളിയെയും കർഷകനെയും പുച്ഛത്തോടെ കാണുന്ന ഒരു സമൂഹത്തിന് മാറ്റം സംഭവിക്കണമെങ്കിൽ, അവന്റെ ഭാഷയെയും വിയർപ്പിനെയും ആദരപൂർവം കാണുന്ന കലാരൂപങ്ങളുണ്ടാകണം. തൊഴിലിടങ്ങളിൽനിന്നുള്ള അനുഭവങ്ങളിൽനിന്നാണ് ഞാൻ സംഭാഷണങ്ങൾ സൃഷ്ടിച്ചിട്ടുള്ളത്. ബോധതലത്തിൽ ഞങ്ങൾക്ക് ഒ.സി.ഡി ആണെന്ന് നിശ്ചയിക്കുന്ന മനുഷ്യരാണ് പലരും. മറ്റുള്ളവരെ തൊടാനും മണ്ണിലൊന്ന് ചവിട്ടാനും വിയർപ്പിന്റെ നാറ്റമടിക്കാതിരിക്കാനുമൊക്കെയുള്ള ഒരു പ്രതിരോധ കവചം തീർക്കുന്നു. അതാണ് ആരോഗ്യ പ്രബുദ്ധ കേരളം എന്ന് വീമ്പിളക്കുന്നു. മനുഷ്യന്റെ ചൂടും ചൂരും ഒക്കെ നാടകവേദിയിലേക്ക് കൊണ്ടുവരാനും നവീകരിക്കാനുമൊക്കെയാണ് ആഗ്രഹിക്കുന്നത്. കാഴ്ചക്കാരന്റെ കാഴ്ചാതലത്തെ മുറിവേൽപിക്കണം എന്നത് എന്റെ അടങ്ങാത്ത ആഗ്രഹമാണ്.

പുറമെ പുരോഗമനകാരികളായ ആളുകൾ പച്ചയായ ജീവിതത്തിൽ പാരമ്പര്യത്തെ മുറുകെപ്പിടിക്കുന്നവരാണ്. നാടകവേദിയിലും ഈ ഇരട്ടത്താപ്പ് ദൃശ്യമാണ്. ഇതിനെ എങ്കിലും പൊളിച്ചടുക്കുക എന്നത് എന്റെ ലക്ഷ്യമാണ്. കരിങ്കണ്ണനും കരിരാവണവുമൊക്കെ നിരവധി വേദികളിൽ അവതരിപ്പിക്കുമ്പോഴും ഈയൊരു സങ്കൽപം കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. ഒരു സ്ഥലത്ത് നാടകം കളിക്കാൻ തീരുമാനിച്ചാൽ ആ പ്രദേശത്തെ ജനങ്ങളുടെ പിന്തുണയോടെ അവരുടെ ഭാഷക്കും സംസ്‌കാരത്തിനും അനുഗുണമായ രീതിയിൽ നാടകം വാർത്തെടുക്കുക എന്ന നാടോടി നാടകസങ്കൽപത്തിൽനിന്നാണ് എന്റെ പല നാടകങ്ങളും രൂപപ്പെട്ടു വന്നിട്ടുള്ളത്.

 

രംഗാവതരണത്തിലെ നൂതനത്വംകൊണ്ട് വിസ്മയിപ്പിക്കുന്ന നാടകങ്ങൾ ധാരാളമായി അരങ്ങിലെത്തുന്നുണ്ട്. എന്നാൽ, അവയുടെ പ്രമേയങ്ങൾ കാലവുമായി സംവദിക്കുന്നതല്ല എന്ന വിമർശനമുണ്ട്. ഇതിനെ എങ്ങനെയാണ് കാണുന്നത്?

ഉത്തരാധുനികതയുടെ സമീപനങ്ങൾ നാടകവേദിയിലും ദൃശ്യമാണ്. ചരിത്രത്തിലും രാഷ്ട്രീയത്തിലും വലിയ അവഗാഹമില്ലാത്ത പുതിയ തലമുറ സ്‌ക്രിപ്റ്റിനെ അവഗണിക്കുകയും രംഗാവതരണത്തിലെ നൂതന സങ്കേതങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയുംചെയ്യുന്നത് അത്ര നല്ല പ്രവണതയായി തോന്നുന്നില്ല. ഒരു ടെക്‌സ്റ്റിനെ രംഗാവതരണത്തിനുള്ള ടെക്‌സ്റ്റായി മാറ്റുന്നതിലുള്ള വൈദഗ്ധ്യം മാത്രമാണ് വിലയിരുത്തപ്പെടുന്നത്. ആശയത്തിന് പ്രാധാന്യം നൽകുന്നില്ല, അവതരണത്തിൽ മാത്രമായി ഒതുങ്ങിപ്പോകുന്നു. ഇത്തരം ചിന്തകൾ രൂഢമാകുന്നതിന് പിന്നിൽ ഭരണകൂട അജണ്ടയുണ്ടെന്ന് നിസ്സംശയം പറയും. വേദിയിലെ പുകയും മഞ്ഞും നാടകത്തിന്‍റെ ദൗർബല്യത്തെ മറയ്ക്കാൻ കൊള്ളാം. ‘കമ’യിൽ അതും വിമർശനവിധേയമാക്കുന്നുണ്ട്.

ഭരണകൂടത്തിന്‍റെ മർദക സ്വഭാവത്തെ ചോദ്യംചെയ്യുന്ന കലാകാരൻമാരോട് ഔദ്യോഗിക സംവിധാനങ്ങൾ എങ്ങനെയാണ് പ്രതികരിക്കുന്നത്?

മനുഷ്യന്റെ ജീവിതപ്രശ്‌നങ്ങളും രാഷ്ട്രീയ സമസ്യകളും ചർച്ചാവിഷയമാക്കിക്കഴിഞ്ഞാൽ ഭരണകൂടത്തിന്റെ അപ്രീതിക്ക് കാരണമാകുമെന്ന് തീർച്ചയാണ്. അതുകൊണ്ടുതന്നെ ആരും ആ സാഹസത്തിന് മുതിരുന്നില്ല. ഭരണകൂട ഇടപെടലുകൾ കൂടുതൽ ശക്തമാകുമ്പോൾ മനുഷ്യനോട് സംവദിക്കുവാനും സംഘം ചേരാനും നാടകം മാത്രമായിരിക്കും ബാക്കിയുണ്ടാകുക. ഇതര കലാരൂപങ്ങൾ മിക്കതും സെൻസറിങ്ങിന് വിധേയമാകും. സിനിമയുടെ പേരുപോലും സെൻസർ ചെയ്യപ്പെടുന്ന കാലയളവിലാണ് നമ്മൾ ഇതൊക്കെ സംസാരിക്കുന്നത്. സ്തുതിഗീതങ്ങളാകുന്ന കലകൾക്ക് പ്രശ്നമുണ്ടാകില്ല. അപ്പോഴും നാടകം ഒരു വീട്ടുമുറ്റത്തോ, മൈതാനത്തോ, തെരുവിലോ രൂപപ്പെട്ട് ജനങ്ങളോട് സംവദിച്ചുകൊണ്ടിരിക്കും.

നാടകം കളിച്ചതിന്‍റെ പേരിൽ ഏഴു വർഷം കേസ് നടത്തിയ ആളാണ് ഞാൻ. പാലക്കാട് മനുഷ്യാവകാശ സംഘടന നടത്തിയ ഒരു പരിപാടിയിൽ സംഘാടകർ ക്ഷണിച്ചതനുസരിച്ചാണ് ഞാൻ എത്തിയത്. ബസ് സ്റ്റാൻഡ് പരിസരത്ത് നാടകം കളിച്ചു. മൈക്ക് പെർമിഷൻ പലപ്പോഴും പൊലീസ് നൽകുകയില്ല. നിങ്ങൾ പരിപാടി നടത്തിക്കോ എന്ന് പറയും. അതനുസരിച്ചാണ് നാടകം കളിച്ചത്. നാടകം കഴിഞ്ഞപ്പോൾ മൈക്ക് പെർമിഷനില്ല എന്നതിന്‍റെ പേരിൽ പൊലീസ് ​േകസെടുത്തു. രണ്ടാംപ്രതി ഞാനായിരുന്നു. മൈക്കും സാമഗ്രികളും പിടിച്ചെടുക്കുകയും ചെയ്തു. പിന്നീട് ഏഴു വർഷമാണ് ആ കേസിനു പിന്നാലെ നടന്നത്. അവസാനം കോടതി വെറുതെ വിട്ടു. ചെങ്ങറ സമരകാലത്ത് ഭൂ സമരങ്ങളെ പിന്തുണക്കുക എന്ന് ആഹ്വാനം ചെയ്തുകൊണ്ട് സമരത്തെ പിന്തുണച്ച് നാടകം കളിക്കാൻ പോയി. എടത്വാ പരിസരത്ത് വെച്ച് പൊലീസ് തടഞ്ഞു. അവിടെ വള്ളംകളി നടക്കുന്ന സമയമായിരുന്നു.

നൂറുകണക്കിന് പേർ നിൽക്കുന്നു. അവരുടെ പിന്തുണയോടെ പൊലീസിന്റെ വിലക്ക് ഭേദിച്ച് അവരുടെ മുന്നിൽ നാടകം കളിച്ചു. തെരുവാണ് എന്‍റെ അരങ്ങ്. ആവിഷ്കാര സ്വാതന്ത്ര്യത്തിനുവേണ്ടി പോസ്റ്റർ ഒട്ടിച്ചതിനാണ് ഭരണകൂടം എന്നെ യു.എ.പി.എ ചുമത്തി ജയിലിൽ അടച്ചതും വർഷങ്ങളോളം കേസ് നടത്തി ഒടുവിൽ വെറുതെ വിട്ടതും.

 

നാടകത്തോട് ആഭിമുഖ്യം തോന്നിയത് എപ്പോഴാണ്?

നാടകത്തിനോട് കുട്ടിക്കാലത്തു തന്നെ താൽപര്യമുണ്ട്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾതന്നെ നാടകം കളിക്കുന്നുണ്ട്. ആദ്യമായി രചനയും സംവിധാനവും ചെയ്യുന്നത് കുട്ടികളുടെ നാടകമാണ്. ഇരുപത്തഞ്ചു വർഷം മുമ്പ് കണ്ണൂർ ജില്ലയിൽ മട്ടന്നൂരിനടുത്തായിരുന്നു അത്. ഒരു കൂട്ടുകാരനെ തേടി അവന്റെ വീട്ടിലെത്തിയപ്പോഴാണ് അപ്രതീക്ഷിതമായി സ്കൂൾ നാടകം പരിശീലിപ്പിക്കാമോ എന്ന ചോദ്യം ഉയർന്നത്. സ്കൂൾ യുവജനോത്സവം നടക്കാൻ രണ്ടു ദിവസം മാത്രം. നാലു ഗ്രൂപ്പ് നാടകം ചെയ്യുന്നുണ്ട്. ആ നാട്ടിലെ തന്നെ രണ്ട് ക്ലബുകാരാണ് രണ്ടു സംഘങ്ങളെ അഭ്യസിപ്പിക്കുന്നത്. മൂന്നാമത്തെ സംഘത്തെ ആ സ്കൂളിന്‍റെ പ്രിൻസിപ്പലിന്റെ മകനും അധ്യാപകനുമായ ആൾ അഭ്യസിപ്പിക്കുന്നു. രാത്രിയിൽ സുഹൃത്തിന്റെ വീടിന്റെ തട്ടിൻപുറത്തിരുന്ന് കുത്തിക്കുറിച്ച പേപ്പറുമായി അടുത്ത ദിവസം സ്കൂളിലെത്തി റിഹേഴ്സല്‍ തുടങ്ങി.

പെ​െട്ടന്ന് പ്രിൻസിപ്പലിന്‍റെ മകനായ കക്ഷി കയറിവന്ന് അഭിനേതാക്കളായ കുട്ടികളെ അടിച്ചോടിച്ചു. കൈയിലെ ചൂരൽ ചൂണ്ടി ആ അധ്യാപകൻ എന്നോടും ആജ്ഞാപിച്ചു. ‘‘...ഇതെന്റെ സ്കൂളാ. വരത്തനായ തനിക്കെന്താ ഇവിടെ കാര്യം... നീ ഇവിടെ നാടകം പഠിപ്പിക്കണ്ട...’’ കൈയേറ്റത്തിന് വന്നപ്പോൾ തിരിച്ചാക്രോശിച്ച എന്നെ കൂട്ടുകാരൻ പിടിച്ചുകൊണ്ടു പോയി. സമാധാന ചർച്ചയുണ്ടായി. നാടകം അവതരിപ്പിക്കാൻ പ്രിൻസിപ്പൽ സമ്മതിച്ചു. വീണ്ടും തടസ്സങ്ങളുണ്ടായി. പ്രധാനവേഷം ചെയ്തിരുന്ന പെൺകുട്ടി പിന്മാറി.

‘‘മാഷേ, അവൾക്ക് പകരം ഞാനഭിനയിക്കാം.’’ സ്കൂളിനടുത്ത് കച്ചവടം ചെയ്യുന്ന കടക്കാരന്റെ മകൾ രംഗത്തെത്തി. നാടകം നടന്നു. സമ്മാനവും ലഭിച്ചു. അതായിരുന്നു ആദ്യ അനുഭവം. പിന്നീട് നിരവധി നാടകങ്ങൾ രചിക്കുകയും തെരുവിൽ കളിക്കുകയുംചെയ്തിട്ടുണ്ട്. നാൽപതോളം നാടകങ്ങൾ രചിച്ചിട്ടുണ്ട്. പല ഭീഷണികളെയും പ്രതിസന്ധികളെയും അതിജീവിച്ചാണ് ഇവയൊക്കെ അരങ്ങിലെത്തിച്ചത്. പല ജോലികൾചെയ്ത് പല നാടുകളിൽ അലഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ വരത്തൻ എന്ന പട്ടം പ്രശ്നമായി തോന്നിയിട്ടില്ല. നാടോടി നാടകക്കാരൻ എന്ന് തന്നെ സ്വയം വിളിക്കാനാണിഷ്ടം.

‘ഇതെന്റെ രക്തമാകുന്നു’ (തെരുവുനാടകം),സ്വപ്നേഷ് ബാബു

 

പി.എം. ആന്‍റണിയുടെ നാടകയാത്രയിൽ സ്വപ്നേഷ് അംഗമായിരുന്നു. ആ അനുഭവം ഏതു രീതിയിലാണ് സ്വാധീനിച്ചത്?

പി.എം. ആന്‍റണിയോടൊത്തുള്ള നാടകപ്രവർത്തനം വലിയ അനുഭവമായിരുന്നു. കണ്ണൂരിലെ കലാ പ്രവർത്തനത്തിലൂടെ കൂടുതൽ അനുഭവങ്ങളിലൂടെ മുന്നോട്ടുപോകാൻ കഴിയുന്നില്ല എന്ന് തോന്നിയപ്പോഴാണ് എങ്ങോട്ടെന്നില്ലാതെ പുറപ്പെട്ടത്. വ്യവസ്ഥാപിത ജീവിതത്തിന്റെ ബാധ്യതകൾ ഇല്ലാത്തവരെ കണ്ടെത്തി നിരന്തരം ചലിക്കുന്ന നാടകസംഘമുണ്ടാക്കണം എന്നായിരുന്നു ആഗ്രഹം. യാതൊരു കെട്ടുപാടുകളുമില്ലാത്ത ഒരു നാടകസംഘം.

പി.എം. ആന്‍റണിയുടെ നാടകയാത്ര കണ്ടപ്പോൾ അങ്ങനെയൊരു സംഘമായി അനുഭവപ്പെട്ടു. പിന്നീട് അവരോടൊപ്പമായത് സ്വാഭാവികം മാത്രം. ‘അരങ്ങിൽനിന്ന് അടുക്കളയിലേക്ക്’ എന്നായിരുന്നു ആ നാടകയാത്രയുടെ പേര്. അരങ്ങ് വീട്ടുമുറ്റങ്ങളിലേക്ക് കടന്നുവരുന്ന അപൂർവത. സാധാരണക്കാരായ ജനമായിരുന്നു കാഴ്ചക്കാർ. അവരെ മാത്രം ആശ്രയിച്ചാണ് നാടകയാത്ര മുന്നോട്ടുപോയത്. ഭക്ഷണവും താമസവുമെല്ലാം നാടകയാത്ര ചെല്ലുന്നിടത്തെ ആളുകൾ നൽകും. മുൻകൂട്ടി ഒന്നും നിശ്ചയിച്ചിരുന്നില്ല. വലിയ പ്രതിസന്ധികളെ അതിജീവിച്ചാണ് യാത്ര മുന്നോട്ടുപോയിരുന്നത്. പി.എം. ആന്റണിയുടെ നിശ്ചയദാർഢ്യം ഒന്നുമാത്രമായിരുന്നു അതിനെ മുന്നോട്ടു നയിച്ചത് എന്ന് പറയാം. ആ യാത്രയുടെ അനുഭവം വളരെ വലുതായിരുന്നു. പിന്നീടുള്ള ജീവിതംതന്നെ നാടകത്തിനുവേണ്ടിയായി മാറിയത് ആ യാത്ര നൽകിയ അനുഭവങ്ങളുടെ കരുത്താണ്. ആ നാടകയാത്രയിൽ ഉള്ളവരോടൊപ്പം ഇന്നും നാടകങ്ങൾ ഒരുക്കാൻ കഴിയുന്നത് ആ പ്രവർത്തന തുടർച്ച തന്നെ.

ലളിതമായ വസ്തുവകകൾ ഉപയോഗിച്ചാണ് ഞാൻ രംഗസംവിധാനം എപ്പോഴും തയാറാക്കുന്നത്. ഗുൽഫിഷ എന്ന പേരിൽ സ്കൂൾ വിദ്യാർഥികൾക്കായി ചെയ്ത നാടകത്തിൽ ഞാൻ വർക്ക് സെറ്റിൽ ഉപയോഗിച്ചിരുന്ന സ്കഫോൾഡ് മാത്രമാണ് രംഗസജ്ജീകരണമായി ഉപയോഗിച്ചത്. മിക്കവാറും പാഴ് വസ്തുക്കളിൽനിന്നുതന്നെയാണ് ഞാൻ നാടകവിതാനങ്ങൾ ഒരുക്കിയിരുന്നത്. ആലപ്പുഴ കടപ്പുറത്ത് അടുത്തിടെയാണ് ‘ആസാദി’ എന്ന നാടകം കളിച്ചത്. പി.എം. ആന്റണിയുടെ കൂടെ നാടകം കളിച്ചിരുന്ന ആദ്യകാല നാടകപ്രവർത്തകരടക്കം അഭിനേതാക്കളായി ഉണ്ടായിരുന്നു.

നാടക ഗറില എന്ന് താങ്കൾ പി.എം. ആന്‍റണിയെ വിശേഷിപ്പിച്ചു കണ്ടിട്ടുണ്ട്. അതേ പേര് സ്വപ്നേഷിനും യോജിക്കുമെന്ന് തോന്നുന്നു?

കാഴ്ചക്കാരുടെ മനസ്സിൽ കുറെ ചോദ്യങ്ങൾ ബാക്കിവെക്കാൻ സാധിക്കുന്നില്ലെങ്കിൽ നാടകം അർഥപൂർണമാകുന്നില്ല. നാടകയാത്രയുടെ തുടർച്ചയുണ്ടാക്കാനാണ് ഇത്രയുംകാലം ശ്രമിച്ചത്. നിരവധി തടസ്സങ്ങളുണ്ടായി. തടസ്സം ഭരണകൂടം മാത്രമല്ല, ജനങ്ങളുടെ കപടപ്രബുദ്ധത ഒരു കാരണമാണ്. എല്ലാവിധ ആനുകൂല്യങ്ങളും പറ്റുന്ന, നാടകക്കാർ ഇരട്ടത്താപ്പ് മനസ്സിലും പ്രവൃത്തിയിലും പേറുന്നവരാണ്. അവർ സഫ്ദർ ഹശ്മിയെ വാഴ്ത്തും. സെമിനാർ നടത്തും. എന്നാൽ, അദ്ദേഹം കളിച്ചതുപോലെ വ്യവസ്ഥിതിയെ ചോദ്യംചെയ്യുന്ന നാടകം കളിക്കാൻ അവർക്ക് സാധിക്കുമോ.

‘‘പെണ്ണുണർന്നാലേ മണ്ണുണരൂ’’ എന്നാണ് ‘കമ’യിലൂടെ ഞാൻ പറയാൻ ശ്രമിച്ചത്. ആശ സമരം നടക്കുന്നു. സ്ത്രീകൾ മുന്നോട്ടുവരുന്നു. ആണും പെണ്ണും വ്യത്യസ്ത ലിംഗ വിഭാഗങ്ങളും തോളോടുതോൾ ചേർന്ന് നടത്തുന്ന സമരങ്ങളിലാണ് പ്രതീക്ഷ. നാടകപ്രവർത്തകരും ജനകീയ സമരങ്ങളോട് കൈകോർക്കണം. ജനകീയ നാടകവേദി എന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള പ്രയത്നത്തിലാണ് ഞാൻ. തുടർന്നും കേരളത്തിലെ തെരുവുകളിൽ ഉണ്ടാകും... ജനകീയ നാടകങ്ങളുമായി...

Tags:    
News Summary - interview with Swapnesh Babu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-18 08:57 GMT