സിനിമയെന്ന മേച്ചിൽപുറത്തെ ഏകാകിയായ വള്ളുവനാട്ടുകാരൻ

മലയാള സിനിമാലോകത്ത് ഒരുകാലത്ത് തിളങ്ങുന്ന താരമായിരുന്നു മേലാറ്റൂർ രവിവർമ. സംവിധായകൻ, തിരക്കഥാകൃത്ത് എന്നിങ്ങനെ വ്യത്യസ്ത നിലകളിൽ സജീവമായിരുന്ന അദ്ദേഹവുമായി നടത്തിയ സംഭാഷണം ‘‘കുട്ടികളുടെ കളിപ്പാട്ടമല്ല. സൂക്ഷിച്ചു കൈകാര്യംചെയ്തില്ലെങ്കിൽ ചോര വരും. അതൽപം വിലയുള്ള സാധനമാണ്...’’ 1981ൽ പ്രദർശനശാലകളിലെത്തിയ പി.എൻ. സുന്ദരം സംവിധാനംചെയ്ത ‘കോളിളക്കം’ എന്ന സിനിമയിലെ സംഭാഷണങ്ങളിലൊന്നാണിത്. സുഗുണ സ്ക്രീനിന്റെ ബാനറിൽ വി. ജയാനന്ദ് അവതരിപ്പിച്ച് സി.വി. ഹരിഹരൻ നിർമിച്ച ഈ ചിത്രം മലയാള ചലച്ചിത്ര ചരിത്രത്തിൽ ഇടം നേടുന്നത് അനശ്വര-സാഹസിക നടനായിരുന്ന ജയന്റെ അവസാന ചിത്രമായിട്ടാണ്. ഈ സിനിമയുടെ സംഭാഷണം...

മലയാള സിനിമാലോകത്ത് ഒരുകാലത്ത് തിളങ്ങുന്ന താരമായിരുന്നു മേലാറ്റൂർ രവിവർമ. സംവിധായകൻ, തിരക്കഥാകൃത്ത് എന്നിങ്ങനെ വ്യത്യസ്ത നിലകളിൽ സജീവമായിരുന്ന അദ്ദേഹവുമായി നടത്തിയ സംഭാഷണം

‘‘കുട്ടികളുടെ കളിപ്പാട്ടമല്ല.

സൂക്ഷിച്ചു കൈകാര്യംചെയ്തില്ലെങ്കിൽ

ചോര വരും. അതൽപം വിലയുള്ള സാധനമാണ്...’’

1981ൽ പ്രദർശനശാലകളിലെത്തിയ പി.എൻ. സുന്ദരം സംവിധാനംചെയ്ത ‘കോളിളക്കം’ എന്ന സിനിമയിലെ സംഭാഷണങ്ങളിലൊന്നാണിത്. സുഗുണ സ്ക്രീനിന്റെ ബാനറിൽ വി. ജയാനന്ദ് അവതരിപ്പിച്ച് സി.വി. ഹരിഹരൻ നിർമിച്ച ഈ ചിത്രം മലയാള ചലച്ചിത്ര ചരിത്രത്തിൽ ഇടം നേടുന്നത് അനശ്വര-സാഹസിക നടനായിരുന്ന ജയന്റെ അവസാന ചിത്രമായിട്ടാണ്. ഈ സിനിമയുടെ സംഭാഷണം രചിച്ചത് മലയാള സിനിമയുടെ സുവർണകാല പ്രതിനിധിയായ മേലാറ്റൂർ രവിവർമയാണ്. ഇതിന്‍റെ തിരക്കഥയിൽ പങ്കാളിയായിട്ടുണ്ടെങ്കിലും സിനിമയിൽ നിർമാതാവിന്റെ പേരിലാണ് അത് ചേർത്തിരുന്നത്.

80ന്റെ നിറവിലെത്തിയ മേലാറ്റൂർ രവിവർമയെ പെരിന്തൽമണ്ണ നഗരത്തിൽവെച്ച് കാണുമ്പോഴൊക്കെ കൈയിൽ ഒന്നിൽ കൂടുതൽ ആനുകാലികങ്ങളുണ്ടാവാറുണ്ട്. അൽ അമാൻ ബുക്ക്സ്റ്റാളിൽ അദ്ദേഹത്തിന് എടുത്തുവെച്ച മാധ്യമവും, മലയാളവും മാതൃഭൂമിയും അടക്കമുള്ള ആഴ്ചപ്പതിപ്പുകൾ വാങ്ങിയിട്ടുള്ള വരവായിരിക്കും. വായനയും സാംസ്‌കാരിക പരിപാടികളിലെ സാന്നിധ്യവുമൊക്കെയായി ഇന്നും അദ്ദേഹം ഊർജസ്വലനാണ്. മേലാറ്റൂരിലെ രാജകുടുംബാംഗമായ പാലക്കോട് ഭവനിലെ രവിവർമ തന്റെ സിനിമാനുഭവങ്ങൾ ഇത്തിരിനേരം പങ്കുവെച്ചു.

സിനിമയോടടുക്കുന്നത്?

കൈയെത്തും ദൂരത്തിനപ്പുറത്തായിരുന്നു ഒരുപാട് കാലം മലപ്പുറത്തുകാർക്ക് സിനിമ. സ്കൂൾ പഠനകാലത്ത് തന്നെ കലയോടും സാഹിത്യത്തോടും ഏറെ താൽപര്യമായിരുന്നു. കോഴിക്കോട്ടെ ഗുരുവായൂരപ്പൻ കോളജിലെ ബിരുദ പഠനകാലത്ത് സിനിമയോടും ഏറെ മോഹമായിരുന്നു. ക്രൗൺ തിയറ്ററിൽ പ്രദർശിപ്പിച്ചിരുന്ന ഇംഗ്ലീഷ് സിനിമകളുടെ നിരന്തരമുള്ള കാഴ്ചകൾ സിനിമയോടുള്ള ആവേശം പിന്നെയും വർധിപ്പിച്ചു. അങ്ങനെയാണ് പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുന്നത്. സിനിമയെന്ന ദൃശ്യമാധ്യമത്തിന്റെ അളവും ലോക സിനിമകളെ കുറിച്ചും ആഴത്തിൽ പഠിക്കാൻ പുണെയിലെ പഠനകാലത്ത് സാധിച്ചു. അടൂർ ഗോപാലകൃഷ്ണനും അന്നവിടെ വിദ്യാർഥിയായിരുന്നു.

മലയാള സിനിമയിലേക്ക്?

പി. ഭാസ്കരൻ മാസ്റ്റർ മുഖേനയാണ് എ. വിൻസെന്റ് മാസ്റ്ററുമായി അടുക്കുന്നത്. അക്കാലത്ത് അദ്ദേഹം എം.ടി. വാസുദേവൻ നായരുടെ ആദ്യ ചലച്ചിത്ര രചനയായ ‘മുറപ്പെണ്ണി’ന്റെ കടലാസുപണികളിലായിരുന്നു. അങ്ങനെ ‘മുറപ്പെണ്ണി’ൽ അദ്ദേഹത്തിന്റെ സഹായിയായി കൂടി. ചിത്രീകരണത്തിനാവശ്യമായ പല രംഗങ്ങളും പകർത്തിയെഴുതാൻ നിയോഗിക്കപ്പെട്ടത് താനായിരുന്നു. വള്ളുവനാടിന്റെ കഥ പറഞ്ഞ ‘മുറപ്പെണ്ണി’ൽ ആ നാട്ടുകാരനായ ഒരാൾ കൂടെ ഉണ്ടായിരുന്നതും മാസ്റ്റർക്ക് സന്തോഷമായെന്ന് പിന്നീട് മനസ്സിലായി. പെർഫെക്ഷന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയാറാകാത്ത വിൻസെന്റ് മാസ്റ്ററുടെ സിനിമാകളരിയിലെ കാലങ്ങൾ തന്റെ ജീവിതത്തിലെ മഹാഭാഗ്യമാണെന്ന് അഭിമാനത്തോടെ പറയുന്നു. ഒരു രംഗം തന്നെ പല വിധത്തിൽ ചിത്രീകരിക്കുകയും അതിൽ മികച്ച പ്രകടനം കാഴ്ചവെച്ചവരെ അപ്പോൾതന്നെ അഭിനന്ദിക്കുകയും ചെയ്യുമായിരുന്നു മാസ്റ്റർ. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും നിത്യഹരിതമായി നിലനിൽക്കുന്നതും. ‘നദി’, ‘തുലാഭാരം’, ‘ത്രിവേണി’, ‘നഗരമേ നന്ദി’, ‘അസുരവിത്ത്’, ‘ഗന്ധർവക്ഷേത്രം’ തുടങ്ങി പത്തോളം ചിത്രങ്ങളിൽ മാസ്റ്ററുടെ ചൂടും ചൂരും അനുഭവിക്കാനായി.

സ്വതന്ത്ര സംവിധാനത്തിലേക്ക്?

ഞാൻ പഠിച്ച സിനിമയോ ഉദ്ദേശിച്ച ഇതിവൃത്തങ്ങളോ ഒന്നും സ്വതന്ത്രമായി ചലച്ചിത്രമാക്കാൻ അവസരം വന്നില്ല എങ്കിലും സിനിമയിലൊരു മേൽവിലാസം ഉണ്ടാക്കാൻ ഏറെ ആഗ്രഹിച്ചു. അങ്ങനെയാണ് പ്രേംനസീറിനെ നായകനാക്കി പി. പത്മനാഭനുമായി ചേർന്ന് റെയിൻബോ പിക്ചേഴ്സിന്റെ ബാനറിൽ 1977ൽ തിരക്കഥയെഴുതി ‘അനുഗ്രഹ’മെന്ന സിനിമ പിറക്കുന്നത്. തോപ്പിൽ ഭാസിയാണ് സംഭാഷണം രചിച്ചത്. ജയഭാരതി, കെ.പി. ഉമ്മർ, വിൻസെന്റ് തുടങ്ങി വലിയ താരനിര തന്നെ ഉണ്ടായിരുന്നു. വയലാർ, പി. ഭാസ്കരൻ, മങ്കൊമ്പ് ഗോപാലകൃഷ്ണൻ, ശങ്കർ ഗണേഷ് തുടങ്ങിയ വമ്പന്മാരായിരുന്നു സംഗീതവിഭാഗം കൈകാര്യംചെയ്തത്. യേശുദാസ് അടക്കമുള്ളവർ പാടിയ മികച്ച ഗാനങ്ങൾ ചിത്രത്തിന്റെ ആകർഷണമായിരുന്നു.

‘‘കരിമ്പുനീരൊഴുകുന്ന പമ്പാനദി...’’, ‘‘സ്വർണമയൂരഥത്തിൽ.. .’’ എന്നിവ ‘അനുഗ്രഹ’ത്തിലെ പാട്ടുകളാണ്. തുടർന്നെടുത്ത ‘അവൾക്ക് മരണമില്ല’ സിനിമയിൽ സോമൻ, വിധുബാല അടക്കമുള്ള താരങ്ങളായിരുന്നു അഭിനേതാക്കൾ. പിന്നീട് ജയ് മാരുതി പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി.ഇ. വാസുദേവൻ നിർമിച്ച ‘ജിമ്മി’ എന്ന സിനിമയും സംവിധാനംചെയ്തു. ഒരു നായയെ കേന്ദ്രകഥാപാത്രമാക്കിയ കുറ്റാന്വേഷണ ചിത്രം ശ്രദ്ധ നേടിയെങ്കിലും സാമ്പത്തികമായി വലിയ നേട്ടങ്ങൾ തുടർന്നുള്ള സംവിധാന സംരംഭങ്ങൾക്ക് കൈവരിക്കാനായില്ല.

പൊലിഞ്ഞുപോയ സ്വപ്‌നങ്ങൾ?

എന്റെ സ്വപ്ന സിനിമയായിരുന്നു എൻ.പി. മുഹമ്മദിന്റെ തിരക്കഥയിൽ പ്രേംനസീർ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച ‘അന്തമാൻ അബ്ദുള്ള.’ വലിയ ആഘോഷമായി പൂജാവേളയും റെക്കോഡിങ്ങുമൊക്കെ കഴിഞ്ഞ് എഴുപതിനായിരം അടിയോളം ഫിലിമിൽ ചിത്രീകരിച്ചെങ്കിലും പൂർത്തിയാകാത്തത് മനസ്സിനെന്നും ഏറെ വേദനയാണ്. ഖിലാഫത്ത് കാലത്ത് അന്തമാനിലേക്ക് നാടുകടത്തപ്പെട്ട ഒരാളുടെ കഥ ചെറുപ്പത്തിൽ അമ്മ പറഞ്ഞുതന്നതായിരുന്നു. പ്രേംജിയെ നായകനാക്കി ‘ഒരു യാത്ര തുടങ്ങുന്നു’, മറ്റൊരു സംരംഭമായ ‘ഏഴാം സ്വർഗം’ തുടങ്ങിയവയൊക്കെ മനസ്സിലുണ്ടായിരുന്ന സംവിധാന സംരംഭങ്ങളായിരുന്നു.

കോളിളക്കവും ജയനും?

‘വക്ത് ’ എന്ന ഹിന്ദി സിനിമയെ ആധാരമാക്കിയാണ് ‘കോളിളക്കം’ നിർമിക്കുന്നത്. അക്കാലത്തെ ഒരു സാധാരണ വാണിജ്യ സിനിമ മാത്രമായിരുന്നു അത്. എന്നാൽ, ജയന്റെ അവസാന സിനിമയാകുകയും അദ്ദേഹത്തിന്റെ ഹെലികോപ്ടറിൽ ചിത്രീകരിച്ച സാഹസിക രംഗങ്ങൾ സിനിമയിലുണ്ടാകുകയും പിൽക്കാലത്ത് നല്ല പ്രിന്റുകൾ കാണാൻ പ്രേക്ഷകർക്ക് സാധിക്കുകയും ചെയ്തതോടെയാണ് ‘കോളിളക്കം’ കൂടുതൽ ചർച്ചയാവുന്നത്. ചെന്നൈയിലെ ഷോളവാരത്തെ പഴയ വിമാനത്താവളത്തിൽ ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരിക്കുമ്പോൾ ഞാനും കൂടെയുണ്ടായിരുന്നു. ചെറിയ ചാറ്റൽമഴ പെയ്തിരുന്നു അന്ന്. ചെറിയ വിമാനങ്ങൾ ഇറങ്ങാനായി കോൺക്രീറ്റ് ചെയ്ത തറയായിരുന്നു അവിടെ. 30 അടി ഉയരത്തിൽനിന്നാണ് ജയൻ താഴെ വീണത്. ഹെലികോപ്ടറിന്റെ ശബ്ദം കാരണം താനും സിനിമയുമായി ബന്ധപ്പെട്ട മറ്റു ചിലരും കുറച്ച് ദൂരെ മാറിനിൽക്കുകയായിരുന്നു. നിയന്ത്രണം വിട്ട ഹെലികോപ്ടർ കത്തിയാണ് താഴെ വീണത്.

സിനിമയെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ പലപ്പോഴും അതിലെ പാട്ടുകൾ അത്രയൊന്നും ഓർത്തെടുക്കാറില്ല. ‘‘ഓമൽ കലാലയ വർഷങ്ങളേ...’’ ‘‘ഒരായിരം കൂട്ടുകാരെ...’’ ‘‘ഒന്നായിക്കഴിഞ്ഞ നാം ഈ ദിനത്തിൽ ഓരോ വഴിക്കിതാ യാത്രയായ്...’’ ബിച്ചു തിരുമല-എം.എസ്. വിശ്വനാഥൻ, ജോളി എബ്രഹാം, വാണി ജയറാം തുടങ്ങിയവർ സംഗമിച്ച ഈ പാട്ട് അക്കാലത്ത് കാമ്പസുകളിൽ വലിയ തരംഗംതന്നെ സൃഷ്ടിച്ചിരുന്നു. കൃഷ്ണൻ നായരെന്ന യഥാർഥ പേരുകാരനായ ജയനോളം പൗരുഷമുള്ള നടൻ പിന്നീട് മലയാള സിനിമയിൽ ഉണ്ടായിട്ടുമില്ല.

പ്രേംനസീറാണോ ഇഷ്ടനടൻ?

തന്റെ ആദ്യ ചിത്രത്തിലെ നായകനായ പ്രേംനസീറാണ് പ്രിയപ്പെട്ട നടൻ. സംവിധായകന്റെ നടനായിരുന്നു അദ്ദേഹം. സിനിമ സംവിധായകന്റേതാണെന്ന് വിശ്വസിച്ച കലാകാരൻ. പുതിയ ആളുകളെ ഇത്രകണ്ട് പ്രോത്സാഹിപ്പിച്ച ഒരാൾ മലയാള സിനിമയിൽ വേറെയില്ല. ഒരു സിനിമ പരാജയപ്പെട്ടാൽ സംവിധായകനെ വിളിച്ച് അടുത്ത പടം തുടങ്ങാൻ പറയുന്ന നടൻ. നസീറിനെപ്പോലെ മറ്റൊരാൾ ഇല്ല, അന്നും ഇന്നും എന്നും.

അവസാന സംരംഭങ്ങൾ എന്തായിരുന്നു?

മലയാളി മനസ്സിൽ എന്നും പാടിക്കൊണ്ടിരിക്കുന്ന ഒരുപിടി സൂപ്പർഹിറ്റ് ഗാനങ്ങളുമായി പി.എൻ. സുന്ദരം ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ച ‘കക്ക’ക്ക് തിരക്കഥ നിർവഹിച്ചു. മോസസിന്‍റേതായിരുന്നു കഥയും സംഭാഷണവും. രഘുവരൻ, രോഹിണി, കക്ക രവി, വി.ഡി. രാജപ്പൻ, അച്ചൻകുഞ്ഞ് തുടങ്ങി നിരവധി അഭിനേതാക്കൾ ‘കക്ക’യിൽ മികച്ച പ്രകടനം കാഴ്ച​െവച്ചു. ‘‘മണവാളൻ പാറ ഇത് മണവാട്ടിപ്പാറ...’’, ‘‘കായലൊന്ന് ചിരിച്ചാൽ കരയാകെ പൂമുത്ത്...’’, ‘‘പാദസരങ്ങൾക്ക് പൊട്ടിച്ചിരി കുപ്പിവളകൾക്ക് കുട്ടിക്കളി...’’ തുടങ്ങി പി. ഭാസ്കരൻ മാസ്റ്ററുടെ നാടൻ ശീലുകൾക്ക് കെ.വി. മഹാദേവനാണ് ഈണമിട്ടത്. യേശുദാസ്, ബ്രഹ്മാനന്ദൻ, ലതാരാജു, എസ്. ജാനകി, സുജാത മോഹൻ എന്നിവരാണ് ശ്രോതാക്കളുടെ കാതുകൾക്ക് ഇമ്പംപകർന്ന ‘കക്ക’യിലെ പാട്ടുകൾക്ക് ശബ്ദം നൽകിയത്. ഗാനങ്ങൾക്ക് വലിയ പ്രാധാന്യം ഉണ്ടായിരുന്ന മലയാള സിനിമയുടെ ആ നല്ല കാലത്ത് ഓരോ സിനിമയിലെയും പാട്ടുകൾക്ക് സിനിമയുടെ രചയിതാവുമായും അടുത്തബന്ധമുണ്ടായിരുന്നു. പിന്നീട് ഇതേ സംവിധായകനുമായുള്ള സൗഹൃദം കാരണം മമ്മൂട്ടി-ഷാനവാസ്‌ തുടങ്ങിയവർ അഭിനയിച്ച ‘പ്രതിജ്ഞ’ക്ക് സംഭാഷണം നിർവഹിക്കുകയുണ്ടായി.

 

ഐ.വി. ശശിയിൽനിന്ന് പുരസ്കാരം സ്വീകരിക്കുന്ന മേലാറ്റൂർ രവിവർമ

അന്നും ഇന്നും?

മലയാള സിനിമയുടെ നല്ല കാലമാണെന്ന് വിശേഷിപ്പിക്കപ്പെടുമ്പോഴും തമിഴനും ഹിന്ദിക്കാരനും ചവച്ചുതുപ്പിയ വിഷയങ്ങൾ പുതിയ സിനിമകളായി പുറത്തിറങ്ങിയിരുന്നു. കലയും കച്ചവടവും ചേർന്നുള്ള സിനിമകൾ നിർമിക്കപ്പെട്ടപ്പോഴും മുടക്കിയ പണത്തിന് ഇരട്ടിയിലേറെ ലാഭം എന്ന ലക്ഷ്യംവെച്ച് സിനിമ നിർമാണത്തിന് പുറപ്പെട്ടവരും ധാരാളമുണ്ടായിരുന്നു. എൺപതുകളിൽതന്നെ ഇന്ത്യൻ സിനിമയുടെ ഹോളിവുഡായ കോടമ്പാക്കത്തുനിന്ന് നാട്ടിലേക്ക് പുറപ്പെട്ടു. പിന്നീട് കൃഷിയും വീട്ടുകാര്യങ്ങളുമായി നാട്ടിൽ കൂടുകയായിരുന്നു. അധ്യാപികയായി വിരമിച്ച ഭാര്യ രുഗ്മിണിയും ഡോക്ടറായ മകൾ അനുരാധയുമാണ് കുടുംബം.

* * *

സിനിമാ ലോകത്തെ ചലനങ്ങളെല്ലാം ഇന്നും നോക്കിക്കാണുന്ന മേലാറ്റൂർ രവിവർമ സംസ്ഥാന ടെലിവിഷൻ അവാർഡ് നിർണയ കമ്മിറ്റിയിൽ കഥേതര വിഭാഗത്തിൽ ജൂറിയായും പ്രവർത്തിച്ചിട്ടുണ്ട്. ചലച്ചിത്രലോകത്തെ സാങ്കേതിക വിദഗ്ധരുടെ സംഘടനയിൽ അംഗത്വമുള്ള അദ്ദേഹം വള്ളുവനാടിന്റെ ചരിത്ര പശ്ചാത്തലത്തിൽ ‘ഒരു വള്ളുവനാടൻ പഴങ്കഥ’ എന്ന നോവലും സിനിമ ഓർമകളുമായി ‘35 MM ഫ്രെയിമിൽ ഒതുങ്ങാത്ത ഓർമചിത്രങ്ങൾ’ എന്നിങ്ങനെ രണ്ട് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Tags:    
News Summary - Melatur Ravi Varma interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.