രാജ്യാന്തരതലത്തിൽതന്നെ ശ്രദ്ധേയനായ സംവിധായകൻ ഡോ. ബിജു സിനിമയെക്കുറിച്ചും ചലച്ചിത്രോത്സവങ്ങളെക്കുറിച്ചും തന്റെ നിലപാടുകളെക്കുറിച്ചും സംസാരിക്കുന്നു. കഴിഞ്ഞ ലക്കം തുടർച്ച. മുഖ്യധാരാ സിനിമകള്‍ക്ക് കൂടുതല്‍ സംസ്ഥാന പുരസ്കാരങ്ങള്‍ ലഭിക്കുന്നുണ്ടല്ലോ. അടുത്ത സമയത്താണ് ഇത്തരമൊരു മാറ്റം കണ്ടുതുടങ്ങിയത്? സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജനകീയമായി മാറുന്നു. തിയറ്ററുകളില്‍ വിജയിക്കുന്ന ജനപ്രിയ സിനിമകള്‍ക്കും പുരസ്കാരം ലഭിച്ചതാണ് ഇതിന് കാരണം എന്നൊക്കെയാണ് പലരുടെയും വാദം. സാംസ്കാരികവും സാമൂഹികവും കലാപരവുമായ മൂല്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള സിനിമാ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനാണ്...
രാജ്യാന്തരതലത്തിൽതന്നെ ശ്രദ്ധേയനായ സംവിധായകൻ ഡോ. ബിജു സിനിമയെക്കുറിച്ചും ചലച്ചിത്രോത്സവങ്ങളെക്കുറിച്ചും തന്റെ നിലപാടുകളെക്കുറിച്ചും സംസാരിക്കുന്നു. കഴിഞ്ഞ ലക്കം തുടർച്ച.
മുഖ്യധാരാ സിനിമകള്‍ക്ക് കൂടുതല്‍ സംസ്ഥാന പുരസ്കാരങ്ങള്‍ ലഭിക്കുന്നുണ്ടല്ലോ. അടുത്ത സമയത്താണ് ഇത്തരമൊരു മാറ്റം കണ്ടുതുടങ്ങിയത്?
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജനകീയമായി മാറുന്നു. തിയറ്ററുകളില്‍ വിജയിക്കുന്ന ജനപ്രിയ സിനിമകള്‍ക്കും പുരസ്കാരം ലഭിച്ചതാണ് ഇതിന് കാരണം എന്നൊക്കെയാണ് പലരുടെയും വാദം. സാംസ്കാരികവും സാമൂഹികവും കലാപരവുമായ മൂല്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള സിനിമാ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. അവാര്‍ഡിന്‍റെ നിയമാവലിയില്‍തന്നെ ഇക്കാര്യം പറയുന്നുണ്ട്. ‘ഉന്നതമായ സൗന്ദര്യബോധവും സാങ്കേതിക മികവ് പുലര്‍ത്തുന്നതും സാമൂഹികവും വിദ്യാഭ്യാസപരവും സാംസ്കാരികവുമായ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ മലയാള ചലച്ചിത്രങ്ങളുടെ നിർമാണം പ്രോത്സാഹിപ്പിക്കുക എന്നതാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്‍റെ ലക്ഷ്യം.’ ഇതാണ് നിയമാവലിയില്‍ പറയുന്നത്. മൂല്യപരമായ ഈ കാഴ്ചപ്പാട് ഇപ്പോള്‍ അട്ടിമറിക്കപ്പെടുകയാണ്.
ജൂറിയല്ലേ സിനിമകള്‍ തെരഞ്ഞെടുക്കുന്നത്. അവരാണല്ലോ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത്?
ചലച്ചിത്ര പുരസ്കാരം സര്‍ക്കാര്‍ നിയോഗിക്കുന്ന ഒരു ജൂറിയാണല്ലോ നിര്‍ണയിക്കുന്നത്. ജൂറിയുടെ കാഴ്ചപ്പാടും അവരുടെ കലാബോധവും സാംസ്കാരികതയും ലോകസിനിമയുമായുള്ള പരിചയവും സാമൂഹിക ബോധവുമൊക്കെ അടിസ്ഥാനപ്പെടുത്തിയാണ് അവാര്‍ഡ് പ്രഖ്യാപനമുണ്ടാകുന്നത്. ബുദ്ധദേവദാസ് ഗുപ്ത, ഗിരീഷ് കാസറവള്ളി, ജാനു ബറുവ തുടങ്ങിയവര്‍ ജൂറി ചെയര്‍മാന്മാരായി ഇരുന്നിടത്താണ് ഇത്തരത്തില്‍ ഒരു ധാരണയും ഇല്ലാത്തവര്‍ കടന്നുവരുന്നത്.
ഈ വര്‍ഷത്തെ ജൂറി ചെയര്‍മാനായ പ്രകാശ് രാജ് ഇന്ത്യയിലെ പ്രധാന നടനാണ്. അദ്ദേഹത്തിന്‍റെ പൊളിറ്റിക്കല്‍ നിലപാടുകളോട് ഐക്യെപ്പടുന്നു. അക്കാര്യത്തില്‍ സംശയമില്ല. എന്നാല്‍, അദ്ദേഹം കൂടുതലും അഭിനയിച്ചിട്ടുള്ളത് കച്ചവട സിനിമകളിലാണ്. അദ്ദേഹത്തിന്‍റെ സെന്‍സിബിലിറ്റി അത്തരം കാഴ്ചപ്പാടിലൂടെ രൂപപ്പെടുന്നതാണ്. ഇക്കുറി അവാര്‍ഡ് ലഭിച്ച സിനിമകള്‍ വാണിജ്യപരമായി നല്ല സിനിമകളാണ്. അതിന്‍റെ ആഖ്യാനവും വളരെ പ്രധാനമാണ്. ചലച്ചിത്ര അവാര്‍ഡുകള്‍ക്ക് ഇത്തരം ചിത്രങ്ങളെയല്ല പരിഗണിക്കേണ്ടത്. ഇത്തരം സിനിമകള്‍ക്ക് ഫിലിംഫെയര്‍, ചാനല്‍ അവാര്‍ഡുകള്‍ കൊടുക്കാവുന്നതാണ്. ഈ അവാര്‍ഡിന്‍റെ ജൂറി ചെയര്‍മാനായി അടൂരോ ടി.വി. ചന്ദ്രനോ ആയിരുന്നെങ്കില്‍ ഈ സിനിമകളായിരിക്കില്ല തിരഞ്ഞെടുക്കുക. പ്രാഥമിക ജൂറിക്ക് കൃത്യമായ കാഴ്ചപ്പാട് ഇെല്ലങ്കിലും ഇത് സംഭവിക്കും. ജൂറി ചെയര്‍മാന്‍റെയും അംഗങ്ങളുടെയും സെന്‍സിബിലിറ്റിയെക്കുറിച്ച് സര്‍ക്കാറിന് ധാരണയുണ്ടായിരിക്കണം. അത് ഇവിടെ ഉണ്ടായിട്ടില്ല.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം നല്‍കുന്നതിലും ഇത്തരത്തില്‍ ഗൗരവക്കുറവ് ഉണ്ടായിട്ടുണ്ടോ?
അതിന്‍റെ പ്രശ്നങ്ങള്‍ നമ്മള്‍ കണ്ടതാണല്ലോ. ക്വാളിറ്റിയുള്ളവരെ തെരഞ്ഞെടുക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല. അക്കാദമിക് സ്വഭാവമുള്ളവരാണ് ചെയര്‍മാന്‍ സ്ഥാനത്ത് വരേണ്ടത്. പ്രിയദര്‍ശനെയും രഞ്ജിത്തിനെയും പോലെയുള്ളവര്‍ വന്നാല്‍ അവര്‍ക്ക് അവരുടേതായ സംഭാവനയേ ചെയ്യാന്‍ കഴിയൂ. ലോക ചലച്ചിത്രമേള ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ അക്കാദമിക്ക് ചെയ്യാന്‍ സാധിക്കും. അതിന് അക്കാദമിക് അറിവ് ആവശ്യമുള്ളവരാണ് വേണ്ടത്. ഒരു ഗ്ലാമര്‍ പോസ്റ്റ് എന്നനിലയില്‍ ആരെയെങ്കിലും ചെയര്‍മാന്‍ സ്ഥാനത്തേക്ക് കൊണ്ടുവെക്കുകയാണ്. റസൂല്‍ പൂക്കുട്ടി വന്നാല്‍ എന്തുമാറ്റം വരുമെന്ന് അറിയില്ല. വലിയ തിരക്കിനിടയില്‍ അദ്ദേഹത്തിന് എന്തുചെയ്യാന്‍ കഴിയും. വല്ലപ്പോഴും വന്നുപോകുന്നു എന്നല്ലാതെ എന്ത് സാധിക്കും. മുഴുവന്‍ സമയവും കാര്യങ്ങള്‍ നോക്കിനടത്തേണ്ടയാളാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍. അല്ലാതെ ഒരു ഓര്‍ണമെന്‍റല്‍ പോസ്റ്റല്ല. അക്കാര്യത്തില്‍ സര്‍ക്കാറിന് അലസതയുണ്ട്. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് ആള്‍ക്കാര്‍ വന്നുപോകുന്നു എന്നല്ലാതെ മറ്റൊന്നുമില്ല. അതാണ് അക്കാദമി ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്തത്.
ലോക സിനിമയുടെ നെറുകയില്‍ ഇന്ത്യന്‍ കൈയൊപ്പു ചാര്‍ത്തിയ ബംഗാള്‍ സിനിമയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ച്?
ബംഗാളില്‍നിന്ന് ഇപ്പോള്‍ സീരിയസായുള്ള സിനിമകള്‍ കുറവാണ്. വിനോദ സിനിമകളാണ് അധികവും പുറത്തിറങ്ങുന്നത്. പഴയൊരു അവസ്ഥ കാണാനാകുന്നില്ല. അസമില്‍നിന്ന് കുറെ നല്ല സിനിമകള്‍ വരുന്നുണ്ട്. അസമിലെ രാഷ്ട്രീയ കാലാവസ്ഥയായിരിക്കാം അതിന് കാരണം. നോര്‍ത്ത് ഈസ്റ്റില്‍നിന്ന് നല്ല സിനിമകള്‍ വരുന്നുണ്ട്. അതായത് സിക്കിം, മണിപ്പൂര്‍ എന്നിവിടങ്ങളില്‍നിന്ന്. ബംഗാളിലെ പ്രതിഭകളുടെ നീണ്ടനിര അവസാനിച്ചതാകാം നല്ല സിനിമകള്‍ പുറത്തു വരാത്തതിന് കാരണം.
സമകാലിക തമിഴ് സിനിമയില്‍ കീഴാളപക്ഷ ഉണര്‍വ് ഉണ്ടാകുന്നുണ്ടല്ലോ?
തമിഴ് സിനിമ ഇപ്പോള്‍ കുറച്ചുകൂടി ഗ്രൗണ്ട് റിയാലിറ്റി തിരിച്ചറിയുന്നുണ്ട്. തമിഴിന്‍റെ പഴയ സെന്‍സിബിലിറ്റിയെ മാറ്റിമറിക്കാന്‍ അതിന് സാധിക്കുന്നുണ്ട്. അടിസ്ഥാന സമൂഹങ്ങളുടെ കഥപറയുന്ന സിനിമകള്‍ തമിഴ് മുഖ്യധാരാ സിനിമയുടെ ഭാഗമായാണ് പുറത്തിറങ്ങുന്നത്. വെട്രിമാരന്‍, പാ. രഞ്ജിത്ത്, മാരി ശെല്‍വരാജ് എന്നിവര്‍ എന്‍റര്‍ടെയ്ൻമെന്‍റായാണ് സിനിമ അവതരിപ്പിക്കുന്നതെങ്കിലും അതിനുള്ളിലൊരു സൂക്ഷ്മ രാഷ്ട്രീയമുണ്ട്. നാളിതുവരെയുള്ള തമിഴ് സിനിമയുടെ കാഴ്ചകളെ അട്ടിമറിച്ചുകൊണ്ടാണ് ഇവരുടെ സിനിമകള്‍ തിയറ്ററില്‍ വിജയം നേടുന്നത്. ഈ മാറ്റം പ്രധാനമാണ്.
സമാന്തര സിനിമ, കമേഴ്സ്യല്‍ സിനിമ, മധ്യവര്‍ത്തി സിനിമ ഇത്തരമൊരു വേര്‍തിരിവിന്‍റെ ആവശ്യമുണ്ടോ?
ലോകത്ത് എല്ലായിടത്തും ഇത്തരത്തിലുള്ള വേര്‍തിരിവുണ്ട്. ഒരു ലോജിക്കുമില്ലാതെ ആളുകളെ എന്‍റര്‍ടെയ്ന്‍ ചെയ്യിക്കുക എന്നതാണ് മുഖ്യധാരാ സിനിമയുടെ ലക്ഷ്യം. ആളുകള്‍ ഇഷ്ടപ്പെടുന്നത് പാട്ടും നൃത്തവും എന്ന രീതിയിലുള്ള പ്രതീതിയാണ് ഇവര്‍ സൃഷ്ടിക്കുന്നത്. അതിനപ്പുറത്ത് എല്ലാത്തരം ആളുകളെയും സ്വാധീനിക്കുന്ന സിനിമകളുമുണ്ട്. ഇത്തരം സിനിമകളാണ് ആര്‍ട്ട് ഹൗസ് എന്ന് അറിയപ്പെടുന്നത്. അതിന് പറ്റിയ ഇടം ലഭിക്കുന്നില്ല എന്നതാണ് പ്രശ്നം. നമ്മുടെ മേളകളില്‍ പ്രദര്‍ശിപ്പിക്കുന്ന കിം കിം ഡുക്കിന്‍റെ സിനിമകള്‍ അദ്ദേഹത്തിന്‍റെ രാജ്യത്ത് റിലീസ് ചെയ്യുകയോ ബോക്സ് ഓഫിസ് വിജയം നേടുകയോ ചെയ്യുന്നവയല്ല.
ആര്‍ട്ട് ഹൗസ് സിനിമകള്‍ തിയറ്ററില്‍ കാണാന്‍ കഴിയാത്തതാണ് എന്നൊരു ധാരണ നിർമിക്കുന്നതില്‍ ആദ്യകാല സമാന്തര സിനിമകള്‍ കാരണമായിട്ടുണ്ട്. 70കളിലും 80കളിലും ഇറങ്ങിയ ചില സിനിമകള്‍ ഈ ധാരണയെ ഉറപ്പിച്ചെടുക്കാന്‍ ഇടയാക്കി. അന്നത്തെ സിനിമകള്‍ക്ക് ആവശ്യത്തിലധികം ഇഴച്ചില്‍ ഉണ്ടായിരുന്നു. ഇത് പ്രേക്ഷകരെ അകറ്റി എന്നത് നിഷേധിക്കാനാകാത്ത സത്യമാണ്. എന്നാല്‍, എല്ലാ സിനിമകളെയും ആ അളവുകോലില്‍ കാണുന്നതാണ് പ്രശ്നം. ഇപ്പോഴത്തെ ആര്‍ട്ട് ഹൗസ് സിനിമകള്‍ ദൃശ്യഭാഷയിലും ആഖ്യാനത്തിലും ഒരുപാട് മാറിയിട്ടുണ്ട്.
അരവിന്ദന്‍, കെ.ജി. ജോര്‍ജ്, ഷാജി എം. കരുണ്‍ എന്നിവരുടെ സിനിമകളുടെ സവിശേഷതകള്‍?
അരവിന്ദന്‍ ജീനിയസായ സംവിധായകനാണ്. വ്യത്യസ്തമായ പരീക്ഷണങ്ങളും സങ്കേതങ്ങളും സിനിമയില്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഒരു ഫോര്‍മാറ്റില്‍ മാത്രം നില്‍ക്കുന്നവയല്ല. കാവ്യാത്മക ദൃശ്യാവിഷ്കാരമാണ് അരവിന്ദന്‍റെ സിനിമകള്‍. പ്രമേയവും വ്യത്യസ്തമാണ്. കെ.ജി. ജോര്‍ജിന് അര്‍ഹമായ അംഗീകാരം ലഭിച്ചില്ല. മുഖ്യധാരയുടെ ഭാഗമായിരിക്കുമ്പോഴും സൂക്ഷ്മമായ രാഷ്ട്രീയം ആവിഷ്കരിക്കാന്‍ ജോര്‍ജിന് കഴിഞ്ഞു. സ്ത്രീപക്ഷ കാഴ്ചപ്പാടുകള്‍ മുന്‍നിര്‍ത്തി സിനിമ അവതരിപ്പിക്കാന്‍ ധൈര്യം കാട്ടിയ വ്യക്തിയാണദ്ദേഹം. ആര്‍ട്ട് ഹൗസ് സിനിമയെ സ്ഥിരം പാറ്റേണില്‍നിന്ന് പുതുക്കിയ സംവിധായകരാണ് ഷാജി എന്‍. കരുണും ടി.വി. ചന്ദ്രനും. സാമൂഹിക വ്യക്തിബന്ധങ്ങളെ വൈകാരികത ചോര്‍ന്നുപോകാതെ അവതരിപ്പിക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. ആര്‍ട്ട് ഹൗസ് സിനിമകള്‍ക്ക് ഇടമില്ലാത്ത അവസ്ഥയിലൂടെയാണ് മലയാള സിനിമാലോകം കടന്നുപോകുന്നത്. പരീക്ഷണാത്മക സിനിമകള്‍ക്ക് സാധ്യതയില്ലാത്ത സാംസ്കാരിക പൊതുമണ്ഡലമാണ് ഇവിടെയുള്ളത്. രാഷ്ട്രീയ സിനിമകള്‍ക്ക് ഇവിടെ നില്‍ക്കാന്‍ സാധിക്കുന്നില്ല. നമ്മുടെ ഫ്രെയ്മിന് പുറത്താണ് രാഷ്ട്രീയം.
ജനകീയ സിനിമ എന്ന സങ്കല്‍പത്തില്‍ ജോണ്‍ എബ്രഹാമിനെപ്പോലുള്ളവര്‍ നടത്തിയ ഇടപെടലുകളെ എങ്ങനെ വിലയിരുത്തുന്നു?
ജോണ്‍ എബ്രഹാമിന്‍റെ സിനിമകളേക്കാള്‍ ആള്‍ക്കാര്‍ ഇഷ്ടപ്പെട്ടത് അദ്ദേഹത്തിന്‍റെ അയഞ്ഞ ജീവിതമാണ്. സ്രഷ്ടാവിന്‍റെ സൃഷ്ടിയെ ആഘോഷിക്കുന്നതിനെക്കാളും അയാളുടെ അരാജക ജീവിതമാണ് ആഘോഷിക്കുന്നതെങ്കില്‍ അത് പരാജയമാണ്. അതിന്‍റേതായ എല്ലാ പോരായ്മകളും ജോണിന്‍റെ സിനിമകളിലുണ്ട്. സിനിമ ചെയ്യുക എന്നത് ഗൗരവമായ കാര്യമാണ്. അത് ശ്രദ്ധയോടെ ചെയ്യേണ്ടതാണ്. ലോകപ്രശസ്തരായ എല്ലാ ചലച്ചിത്ര പ്രതിഭകളും സിനിമയെ ഗൗരവത്തോടെ കാണുന്നവരാണ്. ഈ അർഥത്തില്‍ ജോണിനെ മാതൃകയായി ഞാന്‍ കാണുന്നില്ല.
എം.ടിയുടെ സിനിമകള്‍ വള്ളുവനാടിന്‍റെ സാംസ്കാരികതയെ ഉറപ്പിക്കുകയായിരുന്നോ?
ഒന്നു രണ്ടു സിനിമകള്‍ മാറ്റിനിര്‍ത്തിയാല്‍ ഫ്യൂഡല്‍ ഗൃഹാതുരതയുടെ ആവിഷ്കാരമാണ് എം.ടിയുടേത്. വികാരങ്ങളെ തട്ടിയുണര്‍ത്തി മെലോഡ്രാമ ശൈലിയാണ് എം.ടിയുടെ സിനിമകള്‍ സ്വീകരിച്ചിട്ടുള്ളത്. ലളിതമെന്ന് തോന്നാമെങ്കിലും ഒരു പ്രത്യേക സമുദായത്തിന്‍റെ സ്വത്വത്തെ നിർമിക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തിയത്.
ന്യൂജനറേഷന്‍ സിനിമകള്‍ ഭാവുകത്വപരമായി വ്യത്യസ്തതകള്‍ സൃഷ്ടിക്കുമ്പോഴും താരാധിപത്യത്തിന് മാറ്റമില്ലല്ലോ?
പുതിയ തലമുറ നല്ല സിനിമകള്‍ പുറത്തിറക്കുന്നുണ്ട്. ഈ മാറ്റം ആഹ്ലാദം നല്‍കുന്ന സംഗതിയാണ്. പഴയ ഭാവുകത്വത്തെ കുറച്ചെങ്കിലും മാറ്റാന്‍ അതിന് കഴിയുന്നുണ്ട്. താര ആരാധനയും താരാധിപത്യവും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇടക്ക് ചിലര്‍ കയറിവരുന്നുണ്ടെങ്കിലും ഇന്‍ഡസ്ട്രി അവരുടെ കൈപ്പിടിയില്‍തന്നെയാണ്. നിർമാണ/വിതരണ കമ്പനികള്‍, തിയറ്ററുകള്‍, അതുമായി ബന്ധപ്പെട്ട് അനുബന്ധ വ്യവസായങ്ങള്‍ ഇതെല്ലാം ഇവരുടെ കൈകളിലാണ്. താരങ്ങളുടെ ഇമേജ് ഇടിയുമ്പോള്‍ അവരുടെ എത്ര മോശം സിനിമകളും പ്രദര്‍ശിപ്പിക്കാന്‍ ചാനലുകള്‍ ഉള്‍പ്പെടെ രംഗത്ത് വരുന്നു. അടിസ്ഥാനപരമായി മലയാള സിനിമയില്‍ താരാധിപത്യത്തിന് ഒരു ഇടിവും സംഭവിച്ചിട്ടില്ല.
ബഹിഷ്കൃതരുടെ രാഷ്ട്രീയം
2005ല്‍ ‘സൈറ’യിലൂടെ ആരംഭിച്ച യാത്ര 2025ല്‍ ‘പാപ്പാ ബുക്ക’യില്‍ എത്തിനില്‍ക്കുന്നു. 20 വര്‍ഷത്തിനിടെ 15 സിനിമകള്‍. ഒട്ടുമിക്ക സിനിമകളും അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതത് ദേശത്തെ അടിത്തട്ട് സമൂഹങ്ങളുടെ ജീവിതം മലയാള സിനിമയിലേക്ക് സവിശേഷമായി പ്രവേശിക്കുന്നത് താങ്കളുടെ സിനിമയിലൂടെയാണെന്ന് വിലയിരുത്തിയാല്‍?
ഏത് ദേശത്തിലെയാണെങ്കിലും മനുഷ്യജീവിതത്തിന്‍റെ സങ്കീര്‍ണതകളെക്കുറിച്ച് സവിശേഷമായി അടിസ്ഥാന സമൂഹങ്ങളുടെ ജീവിതത്തെ ആവിഷ്കരിക്കാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. ‘സൈറ’ പലായനത്തിന്‍റെ മുറിവുകളെക്കുറിച്ചാണ് പറയുന്നത്. 2009ലാണ് ‘രാമന്‍’ റിലീസാകുന്നത്. ഇന്നും ഏറെ പ്രസക്തമായ സിനിമയാണത്. അധിനിവേശമാണ് അതിന്‍റെ പ്രമേയം. അമേരിക്കന്‍ സാമ്രാജ്യത്വത്തെ മുന്‍നിര്‍ത്തിയാണ് ആ സിനിമ ഒരുക്കിയിരിക്കുന്നത്. ഇസ്രായേല്‍ ഫലസ്തീനില്‍ നടത്തുന്ന വംശീയത ഈ സിനിമക്ക് സമകാലിക ലോകത്തും പ്രസക്തിയുണ്ട് എന്നതിന്‍റെ ഉദാഹരണമാണ്. ‘പേരറിയാത്തവര്‍’ അടിത്തട്ടു ജീവിതങ്ങളുടെ നേര്‍ ആവിഷ്കാരമാണ്. ജാത്യാധിപത്യവും ഭരണകൂട അധികാരങ്ങളും എത്ര ആഴത്തിലാണ് അടിസ്ഥാന മനുഷ്യരുടെ ജീവിതത്തെ തകര്‍ക്കുന്നതെന്ന സൂക്ഷ്മ രാഷ്ട്രീയമാണ് ഇതിലൂടെ തുറന്നിടുന്നത്. ‘വെയില്‍മരങ്ങളും’ ഈ അർഥത്തില്‍തന്നെ മനസ്സിലാക്കാവുന്ന സിനിമയാണ്. കോർപറേറ്റുകള്‍, വന്‍കിട കമ്പനികള്‍ ഭൂമി കൈയേറുമ്പോള്‍ സാധാരണക്കാരുടെ അതിജീവനം പ്രതിസന്ധിയിലാകുന്നതിനെക്കുറിച്ചാണ് ‘വെയില്‍മരങ്ങള്‍’.
സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തില്‍ പ്രതിസന്ധി നേരിടേണ്ടിവന്നിട്ടുണ്ടോ?
‘കാടുപൂക്കുന്ന നേരം’ എന്ന സിനിമയുമായി ബന്ധപ്പെട്ട് ചില ഒഴിവാക്കലുകളും സംവാദങ്ങളും ഉണ്ടായിട്ടുണ്ട്. എന്‍റെ മറ്റു സിനിമകളിലധികവും കാമ്പസുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഈ സിനിമയുടെ ആദ്യ പ്രദര്‍ശനം ഗോവയിലായിരുന്നു. കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് നിലമ്പൂരില്‍ മാവോവാദി വേട്ടയുടെ ഭാഗമായി നാലുപേരെ വെടിവെച്ചു കൊല്ലുന്നത്. പൊലീസ് നേരിട്ട് മാവോവാദികളെ വെടിവെച്ചുകൊല്ലുന്ന നടപടി കേരളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമാണ്. ആ സമയത്ത് ഐ.എഫ്.എഫ്.കെ അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്ക് ഈ സിനിമ തിരഞ്ഞെടുത്തിരുന്നു. ഫെസ്റ്റിവലില്‍ തിരഞ്ഞെടുത്ത ശേഷമാണ് ഈ കൊലപാതകം നടക്കുന്നത്. ഐ.എഫ്.എഫ്.കെയില്‍ സിനിമ കാണാന്‍ നല്ല തിരക്കുണ്ടായിരുന്നു. ഇടതുപക്ഷത്തിന്‍റെ പ്രധാന നേതാക്കള്‍ ഈ സിനിമ കാണാന്‍ അവിടെ വന്നിരുന്നു. ഈ സിനിമ നമുക്കാണല്ലോ പ്രശ്നമുണ്ടാക്കുന്നതെന്ന് അവര്‍ പറഞ്ഞു.
ഇന്ത്യയിലെ വിവിധ ഇടങ്ങളില്‍ ഇത്തരം എന്‍കൗണ്ടറുകള്‍ നടക്കുന്നുണ്ടെന്നും ഈ തൊപ്പി നിങ്ങള്‍ക്കാണ് ചേരുന്നതെങ്കില്‍ അതവിടെ ഇരിക്കട്ടെയെന്നും ഞാന്‍ അവരോട് മറുപടി പറഞ്ഞു. സിനിമ പ്രദര്‍ശിപ്പിക്കാമെന്ന് നേരത്തേ ഏറ്റിരുന്ന കോളജുകള്‍ മാവോവാദികളെ വെടിവെച്ചുകൊന്ന സംഭവം ഉണ്ടായതോടെ അതിന്‍റെ തീയതി നീട്ടിവെക്കണമെന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. ഇടതുപക്ഷം എന്നൊക്കെ പറയുന്നത് എത്രമാത്രം കാപട്യമാണെന്ന് മനസ്സിലാക്കിയ സംഭവമാണിത്. എന്‍റെ മറ്റൊരു സിനിമക്കും ഇത്തരം അനുഭവം ഉണ്ടായിട്ടില്ല. ഐ.എഫ്.എഫ്.കെയില്‍ നല്ല ജനക്കൂട്ടം ഉണ്ടായിരുന്നു. എന്നാല്‍, േപ്രക്ഷകരുടെ പുരസ്കാരം ഒന്നും ലഭിച്ചില്ല. സിനിമ മുന്നോട്ടുവെച്ച രാഷ്ട്രീയമാണ് അതിന് കാരണം എന്നു തോന്നുന്നു. സിനിമ പുറത്തുവരാതിരിക്കാനുള്ള ബോധപൂര്‍വമായ ശ്രമവും നടന്നിട്ടുണ്ട്. അലന്‍, താഹ വിഷയങ്ങള്‍ പിന്നീടാണ് ഉണ്ടാകുന്നത്. പുസ്തകം കൈയില്‍വെച്ചതിന് യു.എ.പി.എ ചുമത്തിയ സ്റ്റേറ്റാണിത്. മലയാളത്തില്‍ മാവോവാദി വിഷയം ചര്‍ച്ച ചെയ്യുന്ന സിനിമ അതിനു ശേഷം ഇതുവരെ കാര്യമായി ഉണ്ടായിട്ടില്ല.
അടിസ്ഥാന സമൂഹജീവിതത്തെ കര്‍തൃത്വപരമായി അടയാളപ്പെടുത്താന്‍ അടുത്തകാലത്തിറങ്ങിയ സിനിമകള്‍ ശ്രമിക്കുന്നുണ്ടല്ലോ. അത് ആര്‍ട്ട് ആണെങ്കിലും കമേഴ്സ്യലാണെങ്കിലും. സ്ത്രീപക്ഷ സിനിമകളും ഉണ്ടാകുന്നുണ്ടല്ലോ?
അടുത്തകാലത്തിറങ്ങുന്ന കമേഴ്സ്യല്‍ സിനിമകളില്‍ ദലിത് ജീവിതം ആവിഷ്കരിക്കപ്പെടുന്നുണ്ട് എന്നത് യാഥാർഥ്യമാണ്. കോളനി ജീവിതമായും മറ്റുള്ളവര്‍ക്കായി ജീവിക്കുന്നവരായും ഇത്തരം മനുഷ്യരുടെ രക്ഷക്ക് മറ്റു സമുദായങ്ങളില്‍നിന്നും ആളുകള്‍ എത്തിച്ചേരണം എന്നൊക്കെയുള്ള ആവിഷ്കാരങ്ങളാണുണ്ടാകുന്നത്. കീഴാള സമൂഹങ്ങളുടെ ജ്ഞാനത്തെ ഉയര്‍ത്തുന്ന സിനിമകള്‍ എണ്ണത്തില്‍ കുറവാണ്. എല്ലാകാലവും ദൈന്യത മാത്രം പറഞ്ഞുകൊണ്ടിരിക്കുന്ന തരത്തിലാണ് ഇവിടെ ദലിത് ജീവിതങ്ങള്‍ ആവിഷ്കരിക്കപ്പെടുന്നത്. ഭൂമി, ഭരണകൂട ഭീകരത, അധികാര പങ്കാളിത്തം ഇത്തരം നിരവധി പ്രശ്നങ്ങളാണ് ദലിതരും ആദിവാസികളും മറ്റു പിന്നാക്ക സമൂഹങ്ങളും നേരിടുന്നത്. ഈ വിഷയങ്ങള്‍ സൂക്ഷ്മമായി ചര്‍ച്ചചെയ്യുന്ന സിനിമകള്‍ ഇല്ല എന്നതാണ് യാഥാർഥ്യം. സ്ത്രീപക്ഷ സിനിമകള്‍ ഉണ്ടാകുന്നുണ്ട്. ചലച്ചിത്രമേഖലയിലേക്ക് സ്ത്രീകള്‍ കടന്നുവരുന്നതിനാല്‍ വലിയ മാറ്റം സംഭവിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് നേരത്തേ സൂചിപ്പിച്ചുവല്ലോ.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.