ഭരണകൂടം 'വൈറ്റ് കോളർ ടെററിസ’ത്തിലൂടെ ലക്ഷ്യമിടുന്നത് എന്താണ്?

ഭീമ-കൊറേഗാവ് കേസിൽ അറസ്റ്റിലായി അഞ്ചര വർഷം ജയിലിലടക്കപ്പെട്ട മലയാളിയും ഡൽഹി സർവകലാശാല പ്രഫസറുമായിരുന്ന എം.ടി. ഹാനിബാബു അടുത്തിടെ ജാമ്യത്തിൽ പുറത്തിറങ്ങി. അദ്ദേഹം തടവറജീവിതത്തെക്കുറിച്ചും തന്റെ നാൾവഴികളെക്കുറിച്ചും സമകാലിക ​ഇന്ത്യൻ അവസ്ഥകളെക്കുറിച്ചും സംസാരിക്കുന്നു.

വിമർശനങ്ങളെ അടിച്ചമർത്താൻ, വിമതശബ്ദങ്ങളെയെല്ലാം ഭയപ്പെടുത്തി നിലക്കുനിർത്താൻ മോദി ഭരണകൂടം നടത്തിയ വേട്ടയാടലിന്റെ ഏറ്റവും വലിയ തെളിവാണ് ഭീമ-കൊറേഗാവ് കേസ്. മനുഷ്യാവകാശങ്ങൾക്കും പൗരാവകാശങ്ങൾക്കുംവേണ്ടി ഭരണഘടന മുൻനിർത്തി പോരാടിയ രാജ്യത്തെ പ്രഗല്ഭരായ 16 പേരെയായിരുന്നു അന്ന് ഹിന്ദുത്വ സർക്കാർ അകാരണമായി തടവിലാക്കിയത്. അതിലൊരാളായിരുന്നു മലയാളിയും ഡൽഹി സർവകലാശാല പ്രഫസറുമായിരുന്ന എം.ടി. ഹാനി ബാബു.

സർവകലാശാലകളിലെ സംവരണാവകാശങ്ങൾക്കും പ്രഫ. ജി.എൻ. സായിബാബയുടെ വിടുതലിനുള്ള പോരാട്ടങ്ങൾക്കും മുൻപന്തിയിലുണ്ടായിരുന്ന ഹാനി ബാബു 2020 ജൂലൈ 28നാണ് അറസ്റ്റിലാകുന്നത്. വിചാരണ തടവുകാരൻ ആയിരുന്നിട്ടും ജാമ്യം ലഭിക്കാൻ നീണ്ട അഞ്ചരവർഷക്കാലത്തെ നിയമപോരാട്ടം വേണ്ടിവന്നു. 2025 ഡിസംബർ നാലിന് ജാമ്യം ലഭിച്ചശേഷം നൽകിയ അഭിമുഖത്തിൽ സ്വാതന്ത്ര്യം, ജയിൽ ജീവിതം, ഭരണകൂട വേട്ടയാടൽ, വർത്തമാനകാല ഇന്ത്യൻ സാഹചര്യങ്ങൾ എന്നിവയെ കുറിച്ചെല്ലാം വിശദമായി സംസാരിക്കുകയാണ് ഹാനി ബാബു.

അഞ്ചരവർഷം നീണ്ട വിചാരണത്തടവ്, ഒടുവിൽ ജാമ്യം. നിലവിൽ ലഭിച്ചിരിക്കുന്ന സ്വാതന്ത്ര്യത്തെ എങ്ങനെ കാണുന്നു?

സ്വാതന്ത്ര്യം തീർച്ചയായും നല്ലതുതന്നെയാണ്. പക്ഷേ ആ സ്വാതന്ത്ര്യം നഷ്ടപ്പെടുമ്പോഴാണ് അതിന്റെ വില അറിയുന്നതും, എന്താണ് യഥാർഥത്തിൽ സ്വാതന്ത്ര്യം എന്ന് ചിന്തിക്കാനുള്ള അവസരം ലഭിക്കുന്നതും. അങ്ങനെ ആലോചിക്കുമ്പോൾ, പലപ്പോഴും നമ്മൾ പുറത്ത് അനുഭവിക്കുന്നു എന്ന് കരുതുന്ന സ്വാതന്ത്ര്യം ഏത് അളവു വരെ തടവറയിലെ ബന്ധനത്തിൽനിന്ന് വ്യത്യസ്തമാണെന്ന് ചിന്തിച്ചുപോകാറുണ്ട്.

പ്രിയപ്പെട്ടവരെ കാണുക, അവരോട് മതിയാകുന്നതുവരെ സംസാരിച്ചിരിക്കുക, ഇഷ്ടമുള്ള ഭക്ഷണം ആഗ്രഹിക്കുന്ന സമയത്ത് കഴിക്കുക, ഇഷ്ടപ്പെട്ട പാട്ടു കേൾക്കുക –അങ്ങനെ നമ്മുടെ ഇഷ്ടങ്ങൾക്കനുസരിച്ചുള്ളതൊന്നും ജയിലിനുള്ളിൽ സാധ്യമല്ലല്ലോ? ഇതെല്ലാം എത്ര വലിയ പ്രിവിലേജ് ആണ് എന്നത് തടവിൽ ആയതിനുശേഷമാണ് ഞാൻ മനസ്സിലാക്കുന്നത്.

അന്ധകാരം, നിശ്ശബ്ദത പിന്നെ ഏകാന്തത –ഇവ മൂന്നിന്റേയും അഭാവമായിരുന്നു എന്നിൽ ഏറ്റവുമധികം നഷ്ടബോധമുണ്ടാക്കിയത്. ജയിലിനുളിൽ ലൈറ്റുകൾ ഒരിക്കലും അണയ്ക്കാറില്ല, കണ്ണിൽ കറുത്ത തുണിയിട്ടാണ് പലരും ഉറങ്ങിയിരുന്നത്. രാത്രി വൈകുവോളം വലിയ ശബ്ദത്തിൽ ടി.വി വെച്ചിട്ടുണ്ടാകും. തിങ്ങിനിറഞ്ഞ ബാരക്കിനുള്ളിലെ മനുഷ്യരുടെ ശബ്ദങ്ങളും ഉണ്ടാകും. ഒരു നിമിഷംപോലും ജയിലിനുള്ളിൽ ഒറ്റക്കിരിക്കാൻ സാധിക്കില്ല. എപ്പോഴും നിരീക്ഷണത്തിലുമായിരിക്കും. അങ്ങനെ നമ്മൾ പുറത്തനുഭവിച്ച വളരെ ചെറിയ സ്വാതന്ത്ര്യങ്ങൾപോലും എത്രമാത്രം വലുതായിരുന്നു എന്ന തിരിച്ചറിവ് ഉണ്ടാവുന്നത് അതെല്ലാം നഷ്ടപ്പെട്ട് ജയിലിനുള്ളിൽ ഇരുന്നപ്പോഴായിരുന്നു. അതേക്കുറിച്ച് ആലോചിച്ചതുപോലും അപ്പോഴായിരുന്നു.

പക്ഷേ അപ്പോഴും, ജയിലിന് പുറത്തുള്ള ലോകത്ത് എത്തിയാൽ, അവിടെ നമ്മൾ നിലനിൽക്കുന്നത് അധികാര സംവിധാനങ്ങളുടെ നിരന്തര നിരീക്ഷണത്തിലാണ്. നമ്മുടെ ശാരീരിക-മാനസിക ചിന്തകൾ പോലും നിയന്ത്രിക്കപ്പെടുന്നു. അതുപോലും ഭരണകൂടവിരുദ്ധ പ്രവർത്തനങ്ങളായി ചിത്രീകരിക്കപ്പെടുന്നു. അങ്ങനെയൊരു സാഹചര്യത്തിൽ പുറംലോകവും തടവറയെന്ന് നാം വിളിക്കുന്ന ഇടങ്ങളും തമ്മിൽ യഥാർഥത്തിൽ എത്രമാത്രം വ്യത്യാസമുണ്ടെന്ന ചോദ്യവും ഉയരുന്നുണ്ട്.

2020 ജൂലൈ 23ന് എൻ.ഐ.എയുടെ ചോദ്യംചെയ്യലിന് ഹാജരാകാൻ പോകുമ്പോൾ അറസ്റ്റിന്റെ എന്തെങ്കിലും സൂചനയുണ്ടായിരുന്നോ? ആറുദിവസം നീണ്ട ചോദ്യംചെയ്യൽ എങ്ങ​െനയാണ് അനുഭവപ്പെട്ടത്? എന്തുകൊണ്ടായിരിക്കാം താങ്കൾ വേട്ടയാടപ്പെട്ടത്?

ഇല്ല, അങ്ങനെ ഒരു സൂചനയും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അടുത്തദിവസം തിരിച്ചുവരാൻ പാകത്തിൽ ടിക്കറ്റ് പോലും ബുക്ക് ചെയ്തിട്ടാണ് സുഹൃത്തായ വക്കീലും ഞാനും മുംബൈയിൽ എത്തിയത്. അവിടെ എൻ.ഐ.എ ഓഫിസിൽ എത്തിയപ്പോഴാണ് എന്റെ വീട്ടിൽ റെയ്ഡ് നടത്തി ഹാഷ് വാല്യൂപോലും തരാതെ അവർ എടുത്തുകൊണ്ട് പോയ എന്റെ ലാപ്ടോപ്പിൽ അറുപതോളം ഫയലുകൾ ഉണ്ടെന്നും, ആ ഫയലുകളിൽ ചില കത്തുകൾ ഉണ്ടെന്നും, അത് പ്രകാരം ഞാനൊരു മാവോയിസ്റ്റ് ആണെന്നും പറയുന്നത്. സംഭവങ്ങളുടെ ഗൗരവം ഞാൻ മനസ്സിലാക്കുന്നതും അപ്പോഴാണ്.

എന്റെ അറിവിൽ ഉള്ളതല്ല ആ ഫയലുകൾ എന്ന് പറഞ്ഞപ്പോൾ എങ്കിൽ പിന്നെ അതാരാണ് ലാപ്ടോപ്പിൽ നിക്ഷേപിച്ചത് എന്ന് പറയാനായിരുന്നു അവർ നിർബന്ധിച്ചത്. അങ്ങനെ എന്നെ മാപ്പ് സാക്ഷിയാക്കാനായിരുന്നു അവരുടെ ഉദ്ദേശ്യം. അതിന് വിസമ്മതിച്ചപ്പോൾ അവർ എന്നോട് അവിടെ ഹോട്ടൽ മുറിയെടുത്ത് താമസിക്കാനും അടുത്തദിവസം വരാനും നിർദേശിച്ചു. കോവിഡ് കാലമായിരുന്നു അത്. മാറിയിടാൻ ഒരു ഡ്രസ് പോലും കൈവശമുണ്ടായിരുന്നില്ല. കടകൾ എല്ലാം ഏഴു മണിക്ക് അടക്കുമായിരുന്നു. ഒടുവിൽ ഹോട്ടലിലെ ബാത്തിങ് ഗൗൺ ഉപയോഗിച്ചാണ് അന്നുരാത്രി തള്ളിനീക്കിയത്. അതിനിടെ വീട്ടുകാരെയും കാര്യങ്ങൾ വിളിച്ചറിയിച്ചിരുന്നു.

ഇങ്ങനെ അഞ്ചുദിവസം അവരെന്നെ ചോദ്യംചെയ്യുകയും രാത്രി ഹോട്ടലിൽ പോകാൻ അനുവദിക്കുകയും ചെയ്തു. ആ ദിവസങ്ങളിലെല്ലാം അവർ പറയുന്നത് ചെയ്യാൻ വിസമ്മതിച്ച്‌ ഞാൻ പിടിച്ചുനിന്നു. അഞ്ചാമത്തെ ദിവസം വൈകുന്നേരം അഞ്ചുമണിയോടെയാണ് എന്നെ അറസ്റ്റ് ചെയ്യുന്നത്. കോർപറേറ്റുകളുടെ അധിനിവേശത്തിന് എതിരെ ശക്തമായി ശബ്ദമുയർത്തിയതുകൊണ്ടുമാത്രം, മാവോവാദി ആണെന്ന പേരിൽ 10 വർഷത്തോളം ജയിലിൽ കിടന്ന എന്റെ സുഹൃത്തും സഹപ്രവർത്തകനുമായ ജി.എൻ. സായിബാബക്കുവേണ്ടി പ്രവർത്തിച്ചതും, ഡൽഹി യൂനിവേഴ്സിറ്റിയിലെ സംവരണ നയങ്ങളുടെ പോരായ്മകൾ ചൂണ്ടിക്കാണിച്ച് അതിനെതിരെ കാമ്പയിൻ നടത്തിയതുമാണ് എന്നെ ഭരണകൂടത്തിന്റെ കണ്ണിൽ പ്രശ്നക്കാരനാക്കി മാറ്റിയത്.

ഭീമ-കൊറേഗാവ് കേസുമായി ബന്ധപ്പെട്ടുള്ള അറസ്റ്റിന് പിന്നാലെയാണ് ‘അർബൻ നക്സൽ’ ഉൾപ്പെടെയുള്ള വാക്കുകൾ കൂടുതൽ പ്രചാരത്തിലാകുന്നത്. ഇന്നത് ‘വൈറ്റ് കോളർ ടെററിസം’ വരെ എത്തിനിൽക്കുന്നു. ഇത്തരം പദപ്രയോഗങ്ങൾ, അതും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ളതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത്?

അക്കാദമിക സമൂഹത്തിന് കടിഞ്ഞാണിടാനും എപ്പോഴും ഭീതിയുടെ നിഴലിൽ നിർത്താനും വേണ്ടിയാണ് എന്നു തോന്നുന്നു, പ്രതിരോധങ്ങളെ നിയമവിരുദ്ധമാക്കി, തടഞ്ഞുനിർത്താനാണ് ഇത്തരം പ്രയോഗങ്ങൾ ഉപയോഗിക്കുന്നത്. ഇതിലൂടെ നീതിക്കും ന്യായത്തിനുംവേണ്ടി ശബ്ദമുയർത്തുന്ന ഏതൊരാളെയും തടവറകളിലേക്ക് എളുപ്പത്തില്‍ തള്ളാനും ഭരണകൂടത്തിന് കഴിയുന്നു. യു.എ.പി.എ പോലെയുള്ള നിയമങ്ങൾ ഉപയോഗിച്ച് നിരവധി വർഷങ്ങൾ ഒരാളെ വിചാരണ തടവുകാരനായി തന്നെ നിലനിർത്താം എന്നതാണ് സത്യം. ആരോ പറയുന്നത് കേട്ടിട്ടുണ്ട്, യു.എ.പി.എ എന്നത് മുസ്‍ലിം സമുദായത്തിലുള്ളവരെ നിയന്ത്രിക്കാനുള്ള ഒരു നിയമമായി വ്യാഖ്യാനിക്കാനാകുമെന്ന്. കാരണം അതിന്റെ ഇരകൾ പകുതിയിലേറെയും മുസ്‍ലിംകളാണ്.

മാത്രമല്ല, ‘വൈറ്റ് കോളർ ടെററിസം’ എന്നത് ഭീകരവാദംപോലെ തന്നെ മുസ്‍ലിം സമുദായത്തെ അക്രമാസക്തരായി അടയാളപ്പെടുത്താനും അതിലൂടെ മറ്റു പല രാഷ്ട്രീയ നേട്ടങ്ങൾ ഉണ്ടാക്കാനുംവേണ്ടിയാണ് ഉപയോഗിക്കപ്പെടുന്നത്. ഇന്ത്യൻ സാഹചര്യത്തിൽ ഹിന്ദു ഏകീകരണംപോലെയുള്ള അജണ്ടകളാണ് ഇതിലൂടെ നടപ്പാക്കപ്പെടുന്നത്. മാധ്യമങ്ങൾ ക്രൈം ത്രില്ലറുകളുടെ ഭാഷ കടമെടുത്തുകൊണ്ടാണ് ഈ പ്രയോഗങ്ങളും അതിനെ കുറിച്ചുള്ള കഥകളും പ്രചരിപ്പിക്കുന്നത്. ടി.ആർ.പി റേറ്റ് കൂട്ടുമ്പോൾതന്നെ ഒപ്പം വളരുന്നത് മുസ്‍ലിം സമുദായത്തിന്റെ അപരവത്കരണവും അവർക്കെതിരെയുള്ള വിദ്വേഷ കുറ്റകൃത്യങ്ങളുമാണ്.

കോവിഡ് സമയത്തെ തടവുജീവിതത്തെ കുറിച്ച് സായിബാബ ഉൾപ്പെടെയുള്ളവർ പറഞ്ഞിരുന്നു. താങ്കൾക്കും വലിയ രീതിയിലുള്ള ശാരീരികബുദ്ധിമുട്ടുകൾ നേരിട്ട കാലയളവായിരുന്നു അത്. ആ സമയമൊന്ന് ഓർത്തെടുക്കാമോ?

കോവിഡ് കാലത്തെ തടവുജീവിതം എനിക്ക് ശാരീരികമായും മാനസികമായും അതികഠിനമായ അനുഭവമായിരുന്നു. മരണം മുന്നിൽ കണ്ട സമയം. ഇന്ത്യൻ ജയിൽവ്യവസ്ഥ എന്നോട് ചെയ്ത അനീതി തീർത്തും നിസ്സഹായമായി കണ്ട് നിൽക്കേണ്ടി വന്ന അവസ്ഥ. ജയിലിന് പുറത്തുനിന്നുള്ള പിന്തുണ ഇല്ലായിരുന്നെങ്കിൽ ഞാൻ എന്തായാലും മരിച്ചുപോയേനെ. ഇതാണ് പല ജയിൽവാസികൾക്കും സംഭവിക്കുന്നത്.

കോവിഡിന്റെ ഭാഗമായി എന്റെ കണ്ണിൽ ഗുരുതരമായ ഒരു അണുബാധയുണ്ടായിരുന്നു. കണ്ണുകൾ കത്തുന്നതുപോലുള്ള വേദന, കാഴ്ച മങ്ങുന്ന അവസ്ഥ, അങ്ങനെ തുടർച്ചയായ അസ്വസ്ഥതകൾ ഉണ്ടായിരുന്നു. കണ്ണുകൾ പഴുത്തു പുറത്തേക്ക് തള്ളിനിൽക്കുമ്പോൾപോലും ‘‘ഇന്ന് നല്ല കുറവുണ്ടല്ലോ’’ എന്നായിരുന്നു ജയിലറിന്റെ പ്രതികരണം. എന്നെ ആശുപത്രിയിലേക്ക് മാറ്റിയത് അടിയന്തര ശുശ്രൂഷ ആവശ്യമുള്ള ഒരു രോഗിയെന്ന നിലയിൽ ആയിരുന്നില്ല, മറിച്ച് യാതൊരു വിലയുമില്ലാത്ത തടവുകാരനെന്ന നിലയിലാണ്. അടിയന്തരമായി അഡ്മിറ്റ് ചെയ്യേണ്ട അവസ്ഥയിലും എന്നെ കൊണ്ടുപോയത് ഔട്ട്‌പേഷ്യന്റായിട്ടായിരുന്നു.

എന്റെ ഭാര്യ –ജെനി റൊവീന– അടിയന്തര ചികിത്സ ആവശ്യപ്പെട്ട് ബോംബെ ഹൈകോടതിയെ സമീപിക്കേണ്ടിവന്നു. അതുപോലെ മാധ്യമങ്ങളിലും വാർത്തവന്നു. അതിനുശേഷമാണ് കാര്യങ്ങൾ അൽപം മാറുന്നത്. അപ്പോഴും അണുബാധയുണ്ടായി 12 ദിവസം കഴിഞ്ഞാണ് എനിക്ക് ചികിത്സ ലഭിച്ചത്. അൽപംകൂടി വൈകിയിരുന്നെങ്കിൽ അണുബാധ തലച്ചോറിനെ ബാധിച്ചേനേ എന്നാണ് അന്ന് എന്നെ കണ്ട ഡോക്ടർ പറഞ്ഞത്. സാധാരണയായി മെഡിക്കൽ സൗകര്യങ്ങൾ ഇല്ലാത്ത ആദിവാസി സമൂഹങ്ങളിൽ മാത്രമാണ് ഇത്ര ഗുരുതരമായ അണുബാധകൾ കണ്ടുവരാറുള്ളത് എന്നാണ് പിന്നീട് എന്റെ റിപ്പോർട്ടുകൾ കണ്ട ഡോക്ടർമാർ അഭിപ്രായപ്പെട്ടത്.

ജയിൽ സംവിധാനത്തിലെ വലിയൊരു പോരായ്മയുടെ ഉദാഹരണമാണിത്. ജയിലുകളിൽ രോഗികൾക്ക് അടിയന്തര ശുശ്രൂഷ ലഭിക്കാനുള്ള സംവിധാനങ്ങൾ കുറവാണ്. ജയിലിനുള്ളിൽ ഡോക്ടർമാരുടെ പോസ്റ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. പുറത്തേക്ക് കൊണ്ടുപോകാൻ ആണെങ്കിൽ, അതിനുള്ള പൊലീസുകാരും ഉണ്ടാകാറില്ല. അതുകൊണ്ട് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കുപോലും പൂർണമായ ചികിത്സ കിട്ടാതെ ജയിലിനുള്ളിൽ കഴിയേണ്ടിവരുന്നു. സായിബാബയുടെ കേസിലുള്ള പാണ്ഡു നരോട്ടെ എന്ന ആദിവാസി ആക്ടിവിസ്റ്റ് എച്ച് വൺ എൻ വൺ വന്നു മരിച്ചത് അങ്ങനെയാണ്. ഫാദർ സ്റ്റാൻ സ്വാമിയും ഇങ്ങനെയാണ് മരിച്ചത്. ഇതെല്ലാം കസ്റ്റഡി മരണങ്ങളായി കണക്കാക്കപ്പെടും.

കേരളത്തിൽനിന്ന് ഡൽഹി യൂനിവേഴ്സിറ്റിയിലേക്കുള്ള യാത്ര–കേവലം അക്കാദമിക കാര്യങ്ങളിൽമാത്രം ഒതുങ്ങിനിൽക്കാതെ സംവരണാവകാശങ്ങൾ, ജി.എൻ. സായിബാബക്കു വേണ്ടിയുള്ള കമ്മിറ്റി രൂപവത്കരണം ഉൾപ്പെടെയുള്ള മനുഷ്യാവകാശ പ്രശ്നങ്ങളുടെ മുൻപന്തിയിൽ താങ്കളുണ്ടായിരുന്നു. ആ യാത്രയെ കുറിച്ചൊന്ന് വിശദീകരിക്കാമോ?

കേരളത്തിൽനിന്ന് എം.എ കഴിഞ്ഞശേഷം പിഎച്ച്.ഡി ചെയ്യാനാണ് ഞാൻ ആദ്യം ഹൈദരാബാദിലേക്ക് പോയത്. അവിടെ ലെക്ചററായി അഞ്ചുകൊല്ലം ജോലിയും ചെയ്തു. അതിനുശേഷമാണ് 2007ൽ ഡൽഹി യൂനിവേഴ്സിറ്റിയിലേക്ക് പോകുന്നത്. ചെറിയൊരു കാമ്പസ് ആണെങ്കിൽപോലും, ഹൈദരാബാദിൽ പഠിക്കുന്ന കാലത്തും ജോലിചെയ്യുമ്പോഴുമൊക്കെ അവിടത്തെ കാര്യങ്ങളിൽ ഇടപെടൽ നടത്തിയിരുന്നു. ടീച്ചേഴ്സ് അസോസിയേഷന്റെ സെക്രട്ടറി കൂടിയായിരുന്നു അന്ന് ഞാൻ. അക്കാലത്ത് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂനിവേഴ്സിറ്റിയിൽ (ഇഫ്ലു) വർഷങ്ങളായി ജോലിചെയ്തിരുന്ന പാചക തൊഴിലാളികളെപോലും സ്ഥിരപ്പെടുത്തിയിരുന്നില്ല. അതിനെതിരെ വിദ്യാർഥികളുടെ നേതൃത്വത്തിൽ സ്റ്റാഫുകൾ ഉൾപ്പെടെ അണിനിരന്നുകൊണ്ട് സമരം നടത്തിയിരുന്നു. ആദ്യമായി പ്രഫ. ജി.എൻ. സായിബാബയുമായി ഒരു സമരവേദി പങ്കിടുന്നത് അന്നാണ്.

ഹോസ്റ്റലിൽ ആയിരുന്നില്ല എങ്കിൽകൂടി സായിബാബ സമരത്തിന് എല്ലാവിധ പിന്തുണയും നൽകിയിരുന്നു. അവിടെനിന്നാണ് സൗഹൃദം തുടങ്ങുന്നത്. പിന്നീട് ഞാൻ ഡൽഹി യൂനിവേഴ്സിറ്റിയിലേക്ക് പോയി. അവിടെ വിദ്യാർഥി പ്രവേശനത്തിൽ ഒ.ബി.സി സംവരണം നടപ്പാക്കുന്നത് തീർത്തും അന്യായമായായിരുന്നു. വീണ്ടും ജി.എൻ. സായിബാബയെ കണ്ടുമുട്ടുകയും, എന്താണ് ചെയ്യാൻ പറ്റുക എന്ന് അദ്ദേഹവുമായി ആലോചിക്കുകയുംചെയ്തു. ആ ചർച്ചയുടെ ഭാഗമായി ഒരു ഗ്രൂപ് ഉണ്ടാക്കി. ഡൽഹി യൂനിവേഴ്സിറ്റി വലിയൊരു കാമ്പസ് ആയതുകൊണ്ട്, പെട്ടെന്നൊരു മൂവ്മെന്റ് ആയി മാറ്റാൻ ചെറിയ തടസ്സങ്ങൾ ഉണ്ടായിരുന്നു. കൂടാതെ സംവരണവിഷയം ആയതുകൊണ്ട് നിയമപരമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു. അങ്ങനെയാണ് കോടതി വഴി ഈ പ്രശ്നത്തെ നേരിടാമെന്ന് തീരുമാനിക്കുന്നത്.

ആ സമയത്ത് ഓപറേഷൻ ഗ്രീൻ ഹണ്ട് ഉൾപ്പെടെയുള്ള വിഷയങ്ങളിലും സായിബാബ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. അതിനെതിരെ പോരാടിയിരുന്നു. മുഴുവൻ സമയം അധ്യാപനവും സംവരണ വിഷയങ്ങളിലെ ഇടപെടലുകളും ഉള്ളതിനാൽ സായിബാബക്കൊപ്പം അതിലേക്ക് പോകാൻ എനിക്ക് സാധിച്ചിരുന്നില്ല. പക്ഷേ, ഞങ്ങൾ കാണുകയും സംസാരിക്കുകയും ഒക്കെ ചെയ്യുമായിരുന്നു. സംവരണ വിഷയത്തിൽ കേസ് ഫയൽ ചെയ്യാനും മറ്റുമൊക്കെ സായിബാബ സഹായിച്ചിരുന്നു.

ആ സമയത്താണ് സായിബാബക്കെതിരെ കേസ് വരുന്നതും മാവോവാദിയാണെന്നും മറ്റും ആരോപണം ഉയരുന്നതും. 2014 ലായിരുന്നു അറസ്റ്റുണ്ടായത്. അതിനെതിരെ കുറച്ച് ടീച്ചേഴ്സും മറ്റും ചേർന്ന് ഒരു ഡിഫെൻസ് കമ്മിറ്റി രൂപവത്കരിക്കാൻ തീരുമാനിച്ചു. ഒരു സുഹൃത്ത് എന്ന നിലയിലും സാമൂഹിക പ്രതിബദ്ധതയുള്ള ഒരാൾ എന്ന നിലയിലും എനിക്കതിൽനിന്ന് വിട്ടുനിൽക്കാൻ തോന്നിയില്ല. വളരെ തുറന്നൊരു പ്രവർത്തന രീതിയിൽ ഞാൻ ഇടപെടുകയുംചെയ്തു. ഇടതുപക്ഷത്തുനിന്ന് പലരും സംഘടനയുടെ ഭാഗമാകുമ്പോൾതന്നെ ചിലർ തന്ത്രപരമായി മാറിനിൽക്കുകയുംചെയ്തിരുന്നു. ഇങ്ങനെയുള്ള ഇടപെടലുകൾ നടത്തുന്നതിൽ ഭയം തോന്നുന്നില്ലേ, ഭരണകൂടം ലക്ഷ്യംവെക്കില്ലേ തുടങ്ങിയ ചോദ്യങ്ങൾ അന്നു ഞാൻ നേരിട്ടിരുന്നു. നിയമവിരുദ്ധമായ ഒന്നും ചെയ്യുന്നില്ലല്ലോ എന്ന ബോധ്യം അപ്പോഴൊക്കെ എനിക്കുണ്ടായിരുന്നു. നിയമാനുസൃതമായി സായിബാബക്കുവേണ്ടി എന്തൊക്കെ ചെയ്യാം എന്നായിരുന്നു ഞങ്ങൾ ആലോചിച്ചിരുന്നത്. അതുകൊണ്ടുതന്നെ തെറ്റൊന്നും ചെയ്യുന്നില്ല എന്ന പൂർണബോധ്യത്തിലായിരുന്നു എന്റെ ഇടപെടലുകൾ.

 

ഓപറേഷൻ കഗാറിന്റെ ബാക്കിപ​ത്രം

വർഷങ്ങളായി വിചാരണപോലും ആരംഭിക്കാതെ കഴിയുന്ന നൂറുകണക്കിന് പേർ ഇന്ത്യൻ ജയിലുകളിലുണ്ട്. ഉമർ ഖാലിദിനെ പോലുള്ള ആക്ടിവിസ്റ്റുകളുടെ അവസ്ഥയും മറ്റൊന്നല്ല. രാജ്യത്തെ ജുഡീഷ്യൽ സംവിധാനത്തെ എങ്ങനെ വിലയിരുത്തുന്നു?

സാധാരണ പൗരന്റെ മൗലികാവകാശങ്ങൾ പരിരക്ഷിക്കുന്നതിനെക്കാൾ, ഭരണകൂടത്തിന്റെയും അവരുടെ അന്വേഷണ ഏജൻസികളുടെയും അതിര് കടന്ന പ്രവൃത്തികളെ ന്യായീകരിക്കാനും, അവ തെറ്റാണെന്ന് പറയുമ്പോൾപോലും അതിന് ഉത്തരവാദിയായവർക്ക് എതിരെ ഒരു നടപടിയും എടുക്കാതെ പ്രവർത്തിക്കാനുമുള്ള പ്രവണതയാണ് ഇന്ത്യൻ ജുഡീഷ്യറിക്കുള്ളത്. മറ്റൊരു പോരായ്മ വളരെ നീണ്ടുപോകുന്ന വിചാരണയാണ്. പലപ്പോഴും എട്ടും പത്തും വർഷങ്ങളാണ് വിചാരണ തുടങ്ങാതെ നീണ്ടുപോകുന്നത്. തുടങ്ങിയാൽതന്നെ വർഷങ്ങളോളം നീണ്ടുനിൽക്കുന്നതും സാധാരണയാണ്. പന്ത്രണ്ടും പതിനാലും വർഷങ്ങളായി നീണ്ടുപോകുന്ന വിചാരണ തടവുകാരെ ഞാൻ തലോജ ജയിലിൽ കണ്ടിട്ടുണ്ട്.

ഞങ്ങളുടെ കേസിൽതന്നെ ഏഴു വർഷത്തിലധികമായി ജയിലിൽ കിടക്കുന്നവരുണ്ട്. ജയിലിൽ ഉള്ളവരിൽ ഭൂരിപക്ഷവും വിചാരണ തടവുകാരാണ്. അതിൽ പലരും പാവപ്പെട്ടവരിൽതന്നെ പാവപ്പെട്ട കീഴാളരാണ്. അതിൽതന്നെ ഭൂരിപക്ഷം മുസ്‍ലിം –ദലിത് സമുദായങ്ങളിൽനിന്നുള്ളവരാണ്. പലരും ജാമ്യം കിട്ടിയിട്ടും തുച്ഛമായ ജാമ്യ തുക കെട്ടിവെക്കാനില്ലാതെ വർഷങ്ങളോളം ജയിലിൽ കിടക്കുന്നതും കാണാം. ലീഗൽ എയ്ഡ് പോലെ, അധികം പ്രിവിലേജ് ഇല്ലാത്തവരെ സഹായിക്കാനുള്ള പദ്ധതികൾ ഒന്നുംതന്നെ ശരിയായരീതിയിൽ അല്ല നടന്നുവരുന്നത്.

ജയിലിൽ കിടക്കുന്നവർ ചോരയും നീരുമുള്ള മനുഷ്യരാണെങ്കിലും കോടതിക്ക് അവർ വെറും നമ്പറുകളും ഫയലുകളും മാത്രമാണ്. അവയുടെ പിന്നിലുള്ള മനുഷ്യരെ കാണാനോ, തകർന്നുപോയ കുടുംബങ്ങളുടെ അവസ്ഥയെ കുറിച്ച് ആലോചിക്കാനോ നീതിന്യായത്തിനുവേണ്ടി ഉണ്ടാക്കിയിട്ടുള്ള ഈ ആധുനിക വ്യവസ്ഥക്ക് കഴിയാറില്ല. അതുകൊണ്ടുതന്നെ ഒരുദിവസത്തിൽനിന്ന് മറ്റൊരു ദിവസത്തിലേക്ക് (താരിഖ് പേ താരിഖ്) ഒരുമടിയുമില്ലാതെ ജീവിതങ്ങളെ തള്ളിനീക്കുന്ന ഈ വ്യവസ്ഥയിൽ ന്യായം എന്നതിനെക്കാളും അന്യായവും അനീതിയുമാണ് നടന്നുപോരുന്നത്.

മറ്റുള്ള വിഭാഗങ്ങൾക്ക് സമാനമായി ദലിത്- ഒ.ബി.സി വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നേടാനുള്ള ഇടങ്ങളായി ഇന്ത്യയിലെ സർവകലാശാലകൾ മാറിയിട്ടില്ല എന്നതാണ് യാഥാർഥ്യം. എന്താണ് അതിന് ഇന്നും തടസ്സം സൃഷ്ടിക്കുന്നത്? കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇന്ത്യൻ കാമ്പസുകൾക്ക് സംഭവിക്കുന്ന മാറ്റങ്ങളെ ഏതുതരത്തിലാണ് നോക്കിക്കാണുന്നത്?

ജ്ഞാനം ഉൽപാദിപ്പിക്കുന്ന ഇടങ്ങളായിട്ടാണല്ലോ സർവകലാശാലകളെ കാണുന്നത്. പക്ഷേ ഇത്തരം ഇടങ്ങൾ മെച്ചപ്പെടണമെങ്കിൽ മാറേണ്ടത് അവിടെ ഉൽപാദിപ്പിക്കപ്പെടുന്ന ജ്ഞാനം തന്നെയാണ്. അതിന് സാമൂഹികമായ മാറ്റംതന്നെ ആവശ്യമാണ്. ഒപ്പം അവിടെ എത്തിപ്പെടുന്ന ആളുകളിലും ആ മാറ്റം വേണം. എന്നാലിപ്പോഴും അവിടങ്ങളിലേക്ക് കീഴാളർ കടന്നുവരരുത് എന്ന തീരുമാനത്തോടെയാണ് ഇപ്പോഴും നിലനിൽക്കുന്ന ബ്രാഹ്മണിക്കൽ വ്യവസ്ഥ പ്രവർത്തിക്കുന്നത്. ഇതേ കാരണംകൊണ്ടാണ് അവർ ഉന്നത വിദ്യാഭ്യാസത്തെ ഒരു സവർണ കുത്തകയായി നിലനിർത്തിയത്. അതുകൊണ്ടാണ് കാഞ്ച ഐലയ്യ അതിനെ അഗ്രഹാരങ്ങൾ എന്ന് വിശേഷിപ്പിച്ചത്.

ഒരുതരം ഗേറ്റ് കീപ്പിങ്ങിലൂടെ (GATE KEEEPING) കീഴാളരെ സർവകലാശാലകളിൽനിന്ന് മാറ്റിനിർത്തുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്. മണ്ഡൽ കമീഷന് എതിരെ വലിയ പ്രതിഷേധം ഉണ്ടായത് അതുകൊണ്ടാണ്. ദലിത്-ബഹുജൻ വിഭാഗങ്ങളുടെ ചെറുത്തുനിൽപ്പ് ഒന്നുകൊണ്ട് മാത്രമായിരുന്നു മണ്ഡൽ റിപ്പോർട്ട് നടപ്പാക്കപ്പെട്ടത്. അതിലൂടെ ദലിത് ബഹുജൻ സമുദായങ്ങൾ സർവകലാശാലകളിലേക്ക് എത്തിപ്പെടുകയുംചെയ്തു. ഒരു മാറ്റം ഉണ്ടാകാനാണ് എന്നെപ്പോലെ പലരും സംവരണത്തിനുവേണ്ടി പൊരുതിയിരുന്നത്. എന്നാൽ, നമ്മൾ യൂനിവേഴ്സിറ്റികളിലേക്ക് കടന്നുവന്നതുകൊണ്ടുമാത്രം എല്ലാം മാറും എന്നതല്ല യാഥാർഥ്യം. കാരണം, ഇവിടെ ഇപ്പോഴും അധികാരത്തിലുള്ളത് സവർണർതന്നെയാണ്.

അതിനാൽതന്നെ ഇതിനുള്ളിലേക്ക് കടന്നുവന്നവർക്കുപോലും ഒന്നുംചെയ്യാൻ കഴിയാറില്ല. മാത്രമല്ല, ഇത്രമാത്രം ബ്രാഹ്മണിക്കലായ ഒരു വ്യവസ്ഥക്കുള്ളിൽ നിലനിന്നുപോരുക എന്നതുതന്നെ ഒരു വലിയ പോരാട്ടമാണ്. പലരും അവിടെ നിലനിൽക്കാൻതന്നെ പാടുപെടുന്നു. അവർക്ക് പലപ്പോഴും പലതുമായും സന്ധിചെയ്യേണ്ടിവരുന്നു. അങ്ങനെ ചെയ്യാതെ നിൽക്കുന്നവർ ശിക്ഷിക്കപ്പെടുന്നതിന് ഞാൻ ഒരു ഉത്തമ ഉദാഹരണമാണ്.

ദലിത്-ബഹുജൻ വിഭാഗങ്ങളുടെ വിമോചന ഭാഷ ഇംഗ്ലീഷ് ആണെന്ന വീക്ഷണമുള്ള ഒരാൾ എന്ന നിലയിൽ NEP പ്രകാരം ഹിന്ദിക്കുവേണ്ടിയുള്ള കേന്ദ്രസർക്കാറിന്റെ നീക്കം അരികുവത്കരിക്കപ്പെട്ട വിഭാഗങ്ങളെ എങ്ങനെയാണ് ബാധിക്കുക? അവർക്കുള്ള അവസരങ്ങൾ വികസിപ്പിക്കുന്നതിനു പകരം ഭാഷാപരമായ ഭൂരിപക്ഷവാദത്തെ ശക്തിപ്പെടുത്താനാകുമോ ആ നീക്കം വഴിവെക്കുക?

ഭാഷ വെറും സംസാരത്തിനുള്ള ഉപകരണം മാത്രമല്ല. ആരാണ് സംസാരിക്കേണ്ടത്? ആരാണ് അറിവിലേക്കും അവസരങ്ങളിലേക്കും പ്രവേശിക്കേണ്ടത്? എന്നൊക്കെയാണ് ഭാഷയിലൂടെ നിശ്ചയിക്കപ്പെടുന്നത്. ദലിത് ബഹുജൻ വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഇംഗ്ലീഷ് മാത്രമല്ല അവർക്ക് വിദേശ ഭാഷ. ഭൂരിപക്ഷം ദലിത്–ബഹുജൻ സമൂഹങ്ങൾക്കും ഹിന്ദിയും സ്വന്തം ഭാഷയല്ല. ഹിന്ദി ബെൽറ്റിൽപോലും അങ്ങനെ അല്ലേ? അവിടെ പല ഭാഷകളെയും ഇല്ലാതാക്കിക്കൊണ്ടാണ് ഹിന്ദി വളർന്നത്. ശരിക്കും ഹിന്ദി ഭരണകൂടത്തിന്റെ മറ്റൊരു അധികാരഭാഷ മാത്രമാണ്. മാത്രമല്ല, ഹിന്ദി പലപ്പോഴും ബ്രാഹ്മണാധിപത്യത്തിന്റെ ഭാഗമായാണ് പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസവും അറിവും അധികാരവും ഈ ഭാഷയിലൂടെ നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു.

ഇംഗ്ലീഷ് ആ നിയന്ത്രണങ്ങളിൽ ചിലതെങ്കിലും മറികടക്കാൻ നമ്മെ സഹായിക്കുന്നുണ്ട്. NEP വഴി ഹിന്ദിക്ക് നൽകുന്ന പ്രാധാന്യം സാംസ്കാരികമായ അധികാരം കൈയാളുന്ന ഒരു ഭാഷയെയും സംസ്കാരത്തെയും കൂടുതൽ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇംഗ്ലീഷിലേക്കുള്ള പ്രവേശനം കുറക്കുകയും, ഹിന്ദിയെ ദേശീയ ഐക്യത്തിന്റെ ഭാഷയായി ഉയർത്തിക്കാണിക്കുകയും ചെയ്താൽ, അരികുവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് അവസരങ്ങൾ കൂടുകയില്ല. മറിച്ച്, അവ ചുരുങ്ങും. കാരണം, ഉയർന്ന വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും തൊഴിൽ അവസരങ്ങളിലുമെല്ലാം ഇപ്പോഴും നിർണായകമായ ഭാഷ ഇംഗ്ലീഷാണ്. ആ ഭാഷയിൽനിന്ന് ദലിത്–ബഹുജൻ കുട്ടികളെ അകറ്റുന്ന നയം, അവരെ പിന്നിലാക്കുന്ന ഒന്നായി മാറും.അതിനാൽ, NEP പ്രകാരമുള്ള ഹിന്ദി പ്രോത്സാഹനം ഒരു നിഷ്കളങ്കമായ ഭാഷാനയമല്ലെന്ന് ഞാൻ കരുതുന്നു. അത് ഭാഷാപരമായ ഭൂരിപക്ഷവാദത്തെ ശക്തിപ്പെടുത്തുന്ന ഒരു രാഷ്ട്രീയ നീക്കമാണ്. മാതൃഭാഷയും ദേശീയ സംസ്കാരവും എന്നൊക്കെയുള്ള പേരിൽ, ഇപ്പോൾത്തന്നെ പിന്നാക്കം നിൽക്കുന്നവരുടെ മുന്നേറ്റം തടയുന്ന ഒരു സംവിധാനമായാണ് ഇതിനെ കാണേണ്ടത്.

ഇംഗ്ലീഷിലൂടെ ദലിത്-ബഹുജൻ സമൂഹങ്ങൾ നേടിയ ചെറിയ അവസരങ്ങൾ പോലും ഈ നയത്തിലൂടെ നഷ്ടപ്പെടുമോ എന്നതാണ് ഏറ്റവും വലിയ പ്രശ്നം. കാരണം, അധികാരസ്വഭാവമുള്ള ഒരു ഭാഷയെ എല്ലാവർക്കും നിർബന്ധിതമാക്കുന്ന പ്രക്രിയയാണ് NEPയിലൂടെ നടപ്പാക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ, ഈ നീക്കം വിമോചനത്തിലേക്കല്ല, കൂടുതൽ ശക്തമായ ഭാഷാപരമായ ഭൂരിപക്ഷവാദത്തിലേക്കാണ് നമ്മെ നയിക്കുന്നത്.

ഫാദർ സ്റ്റാൻ സ്വാമിയിൽനിന്ന് പ്രഫ. ജി.എൻ. സായിബാബ വരെ എത്തിനിൽക്കുമ്പോൾ ഇത്തരം സ്ഥാപനവത്കൃത കൊലപാതകങ്ങളോടുള്ള ഇന്ത്യൻ സമൂഹത്തിന്റെ പ്രതികരണത്തിലെ മാറ്റം പ്രകടമാണ്. ജനാധിപത്യ വിരുദ്ധത അല്ലെങ്കിൽ ഏകാധിപത്യ പ്രവണതകളെ സ്വാഭാവികവത്കരിക്കുന്ന ഒരു ജനതയായി ഇന്ത്യൻ സമൂഹം മാറുകയാണോ?

ഇന്ത്യൻ സമൂഹം എന്നത് ഒരൊറ്റ, ഏകരൂപമായ ഘടകമല്ല. വിവിധ രാഷ്ട്രീയ നിലപാടുകളും സാമൂഹിക-സാംസ്കാരിക പശ്ചാത്തലങ്ങളും ഉൾക്കൊള്ളുന്ന, തീർത്തും വിഭജിതമായ ഒരു സമൂഹമാണ്. അതിനാൽതന്നെ ഫാദർ സ്റ്റാൻ സ്വാമിയുടെയും പ്രഫ. ജി.എൻ. സായിബാബയുടെയും ഇൻസ്റ്റിറ്റ്യൂഷനൽ കൊലപാതകങ്ങളെ കുറിച്ചുള്ള ഇന്ത്യൻ സമൂഹത്തിന്റെ പ്രതികരണം എന്നത് ഒരൊറ്റ രീതിയിൽ നിർവചിക്കാനാവില്ല.ഇന്ന് ഭരണകൂടത്തെ നിയന്ത്രിക്കുന്ന രാഷ്ട്രീയശക്തികൾക്ക് തെരഞ്ഞെടുപ്പുകളിൽ ലഭിക്കുന്നത് ഏകദേശം 30-45 ശതമാനം വോട്ടുകളാണ്. അതായത്, രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെ പിന്തുണയോടെയല്ല ഭരണകൂടം പ്രവർത്തിക്കുന്നത്. എന്നാൽ, ശക്തമായ സംഘടനാപരമായ അടിത്തറയും (പ്രധാനമായും ആർ.എസ്.എസ്–ബി.ജെ.പി) തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ രീതിയും ഒത്തുചേരുമ്പോൾ ഈ ന്യൂനപക്ഷ പിന്തുണയെ ഭൂരിപക്ഷത്തിന്റെ ശബ്ദം എന്നനിലയിൽ അവതരിപ്പിക്കപ്പെടുന്നു.

ഭരണകൂടത്തിന്റെ ഇത്തരം നടപടികൾക്കെതിരായ ശബ്ദങ്ങൾ പൂർണമായും ഇല്ലാതായിട്ടില്ല. മുമ്പുണ്ടായിരുന്നു, ഇന്നും ഉണ്ട്. പക്ഷേ ആ ശബ്ദങ്ങൾ വിഭജിക്കപ്പെട്ട നിലയിലാണ്; ഒത്തൊരുമിച്ചുള്ള ശക്തമായ പ്രതിരോധമായി മാറാൻ അവർക്കാവുന്നില്ല. അതേസമയം, ഭരണകൂടത്തെ പിന്തുണക്കുന്ന ശബ്ദങ്ങൾ കൂടുതൽ ഉച്ചത്തിൽ കേൾക്കുകയുംചെയ്യുന്നു. മാധ്യമങ്ങളും തെരഞ്ഞെടുപ്പ് സംവിധാനങ്ങളുമാണ് അതിനുള്ള സഹായങ്ങൾ നൽകുന്നത്. ഇത്തരം അനീതികളെ തുറന്നെതിർത്തവർക്ക് അന്നും ഇന്നും അറസ്റ്റുകൾ, നിയമനടപടികൾ, സാമൂഹിക ഒറ്റപ്പെടുത്തൽ എല്ലാം നേരിടേണ്ടിവന്നിട്ടുണ്ട്. എന്നാൽ, ഇതെല്ലാംകൊണ്ട് ഇന്ത്യൻ ജനത ഏകാധിപത്യത്തെ പിന്തുണക്കുന്നു എന്നുപറയാൻ കഴിയില്ല. എന്നാൽ, ഈ പിന്തുണയില്ലായ്മയെപോലും ഭരണകൂടം നിശ്ശബ്ദ സമ്മതമായി മാറ്റിക്കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ ഘട്ടമാണിന്ന് നിലനിൽക്കുന്നത്.

ഇന്ത്യയിലെ ആദിവാസി മേഖലകൾ കേന്ദ്രീകരിച്ച്, സായുധ പോരാട്ടങ്ങൾ അവസാനിപ്പിക്കുകയെന്ന പേരിൽ നടത്തിപ്പോരുന്ന ഓപറേഷൻ കാഗർ അതിന്റെ അന്തിമഘട്ടത്തോട് അടുക്കുകയാണ്. ഈ മേഖലകളിലെ ആദിവാസി ജനസമൂഹത്തിന്റെ കുടിയിറക്കലിനാണ് ആത്യന്തികമായി ഇത് വഴിവെക്കുകയെന്ന ആശങ്ക പ്രബലമാണ്. പക്ഷേ ഇതേക്കുറിച്ച് അധികം ചർച്ചകൾ ഉയർന്നുവരുന്നില്ല. ആദിവാസികളുടെ ഉന്മൂലനത്തെ, ജി.ഡി.പി വളർച്ചകൊണ്ട് മറച്ചുപിടിച്ചാൽ അത് സ്വീകരിക്കപ്പെടുന്ന ഒരു രാഷ്ട്രീയ സമൂഹമായി ഇന്ത്യ മാറുന്നുവെന്നാണോ?

ആദിവാസി മേഖലകൾ കേന്ദ്രീകരിച്ച് സായുധപോരാട്ടങ്ങൾ അവസാനിപ്പിക്കുകയെന്ന പേരിൽ നടത്തിപ്പോരുന്ന ഓപറേഷൻ കാഗർ, ഈ മേഖലകളിലെ ആദിവാസി ജനസമൂഹത്തിന്റെ ഉന്മൂലത്തിന് വഴിവെക്കുകയാണ് ചെയ്യുന്നത്. ഇതുപോലുള്ള നടപടികൾ സുരക്ഷയുടെയും വികസനത്തിന്റെയും പേരിലാണ് പൊതുസമ്മതി നേടുന്നത്. എന്നാൽ, യഥാർഥത്തിൽ, ഇത്തരം പ്രവർത്തനങ്ങൾ ആദിവാസി മേഖലകളിലെ ഭൂമിയും വിഭവങ്ങളും കോർപറേറ്റ് മൂലധനത്തിന് തുറന്നുകൊടുക്കുന്ന പ്രക്രിയയുടെ ഭാഗമാണ് എന്ന് ഉപരിപ്ലവമായ പഠനത്തിലൂടെപോലും മനസ്സിലാക്കാവുന്നതാണ്. പറയപ്പെടുന്നത് സായുധപോരാട്ടം അവസാനിപ്പിക്കാൻ എന്നാണ്, എന്നാൽ യഥാർഥത്തിൽ നടക്കുന്നത് ഇവിടത്തെ ജനങ്ങളുടെ കുടിയിറക്കലാണ്.

ഇതിനെക്കുറിച്ച് വ്യാപകമായ ചർച്ചകൾ ഉയർന്നുവരാത്തത് ഇന്ത്യൻ രാഷ്ട്രീയ സമൂഹത്തിന്റെ വലിയൊരു പരാജയമാണ്. ദേശത്തിന്റെ പ്രധാന ഭാഗമായി ആദിവാസി ജനത ഇപ്പോഴും കണക്കാക്കപ്പെടുന്നില്ല. പകരം, അവർക്കുണ്ടാകുന്ന നഷ്ടങ്ങളെ ജി.ഡി.പി വളർച്ച, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ ആശയങ്ങളിലൂടെ മറച്ചുവെക്കുകയാണ്. അങ്ങനെയൊരു രാഷ്ട്രീയ സംസ്കാരമാണ് ഇവിടെ നിലനിൽക്കുന്നത്. അതിനെ തന്നെയാണ് ബി.ജെ.പി ഉപയോഗിക്കുന്നത്. ഇതൊരു പുതിയ കാര്യവുമല്ല. ഈ വിഷയങ്ങളിൽ സംസാരിക്കുന്ന ശബ്ദങ്ങൾ വളരെ കുറവാണെങ്കിലും ഇവിടെയും ഇന്ത്യൻ ജനത ഒരേപോലെയല്ല പ്രതികരിക്കുന്നത്. കാരണം, അന്നും ഇന്നും ആദിവാസി സമുദായത്തിന്റെ പ്രശ്നങ്ങൾ മുഖ്യധാര രാഷ്ട്രീയത്തിന്റെ പുറത്താണ്. അതുകൊണ്ട് തന്നെ ആദിവാസികളുടെ ശക്തമായ പ്രതിരോധങ്ങളെ അടിച്ചമർത്താനും, ദേശവിരുദ്ധം എന്ന ലേബലിൽ ഒതുക്കാനും ഭരണകൂടത്തിന് എന്നും കഴിഞ്ഞിരുന്നു.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഈ വിഷയങ്ങൾ ചർച്ചചെയ്യപ്പെടുന്നില്ല എന്നതും ഈ അവസ്ഥക്ക് കാരണമാകുന്നു. എന്നിരുന്നാലും ഇന്ന് ഭരണകൂടത്തിന്റെ കോർപറേറ്റ് താൽപര്യങ്ങളെ ആരെക്കാളും നന്നായി പ്രതിരോധിക്കുന്ന ഒരു സമൂഹമായി ആദിവാസി സമുദായങ്ങൾ വളർന്നിരിക്കുന്നു എന്നതാണ് സത്യം.

 

അവസാനമായി ഒരു ചോദ്യം, ഇത്തരം അറസ്റ്റുകളിലൂടെ എന്താണോ ഭരണകൂടം ലക്ഷ്യമിട്ടത്, അതവർ നേടിയെന്ന് കരുതുന്നുണ്ടോ?

വിമർശനാത്മക ചിന്ത പുലർത്തുന്ന അധ്യാപകരെയും ബുദ്ധിജീവികളെയും നിശ്ശബ്ദരാക്കുക എന്നതാണ് ഭരണകൂടത്തിന്റെ പ്രധാന ലക്ഷ്യം. ആ അർഥത്തിൽ, ഒരു പരിധിവരെ അവർ വിജയിച്ചിട്ടുണ്ട്. പല അധ്യാപകരും ഇന്ന് തുറന്നു സംസാരിക്കാൻ ഭയക്കുന്നുണ്ട്. സ്വയം സെൻസർഷിപ് ശക്തമായിട്ടുണ്ട്. എന്നാൽ, ഈ നിശ്ശബ്ദത പൂർണമല്ല, ഒരിക്കലും അതു സ്ഥിരവുമല്ല. ചരിത്രപരമായി നോക്കിയാൽ, അറസ്റ്റുകളും അടിച്ചമർത്തലുകളും ചിന്തകളെ പൂർണമായി അവസാനിപ്പിച്ചിട്ടില്ല. അതിനുപകരം കൂടുതൽ ശക്തമായ പ്രതിരോധങ്ങൾക്ക് വഴിയൊരുക്കുകയാണ് ചെയ്തിട്ടുള്ളത്.

ഇപ്പോൾ ഉണ്ടാകുന്നത് താൽക്കാലികമായ ഒരു മൗനമാണ്, എന്നാൽ, അതിനൊപ്പംതന്നെ കൂടുതൽ ആഴത്തിലുള്ള പ്രതിഷേധവും അസ്വസ്ഥതയും രൂപപ്പെടുന്നുണ്ട് എന്നതും ശരിയാണ്. അതുകൊണ്ട്, ഭരണകൂടം ലക്ഷ്യമിട്ടത് പൂർണമായി നേടിയെന്ന് പറയാൻ കഴിയില്ല. അവർ നിയന്ത്രണം വർധിപ്പിച്ചിട്ടുണ്ട്. പക്ഷേ, ചിന്തയെയും പ്രതിരോധത്തെയും പൂർണമായി ഇല്ലാതാക്കാൻ അവർക്കാവില്ല.

Tags:    
News Summary - government aiming for through 'white-collar terrorism'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.