ഒരിക്കൽ ബെൻ ജോൺസൻ വേഗത്തിന്റെ രാജാവായി ലോകമെങ്ങും തിളങ്ങി. രണ്ടു ദിവസത്തിനുശേഷം ആ റെക്കോഡ് പിൻവലിക്കപ്പെട്ടു. ഒളിമ്പിക്സ് സ്വർണവും തിരിച്ചുകൊടുക്കേണ്ടിവന്നു. അപമാനിതനായി ട്രാക്ക് വിട്ട ആ വ്യക്തി കേരളത്തിന്റെ മണ്ണിൽനിന്ന് സംസാരിക്കുന്നു. The two most warriors are patience and time. -Leo Tolstoy -War and Peace9.79 സെക്കൻഡ്. 37 വർഷങ്ങൾക്കു മുമ്പ് ഭൂമിയിലെ ഒരു അത്ഭുതസമയം. ട്രാക്കിൽ വെടിയൊച്ച മുഴങ്ങുമ്പോഴേക്കും മിന്നൽപോലെയായിരുന്നു ഭൂമിയിലെ ഏറ്റവും വേഗതയേറിയ മനുഷ്യൻ പിറന്നത്. ഒരു മനുഷ്യന്റെ കാലുകൾക്ക് ആ സമയദൂരത്തിൽ 100 മീറ്റർ ഓടാൻ കഴിയില്ലെന്ന്...
ഒരിക്കൽ ബെൻ ജോൺസൻ വേഗത്തിന്റെ രാജാവായി ലോകമെങ്ങും തിളങ്ങി. രണ്ടു ദിവസത്തിനുശേഷം ആ റെക്കോഡ് പിൻവലിക്കപ്പെട്ടു. ഒളിമ്പിക്സ് സ്വർണവും തിരിച്ചുകൊടുക്കേണ്ടിവന്നു. അപമാനിതനായി ട്രാക്ക് വിട്ട ആ വ്യക്തി കേരളത്തിന്റെ മണ്ണിൽനിന്ന് സംസാരിക്കുന്നു.
The two most warriors are patience and time. -Leo Tolstoy -War and Peace
9.79 സെക്കൻഡ്. 37 വർഷങ്ങൾക്കു മുമ്പ് ഭൂമിയിലെ ഒരു അത്ഭുതസമയം. ട്രാക്കിൽ വെടിയൊച്ച മുഴങ്ങുമ്പോഴേക്കും മിന്നൽപോലെയായിരുന്നു ഭൂമിയിലെ ഏറ്റവും വേഗതയേറിയ മനുഷ്യൻ പിറന്നത്. ഒരു മനുഷ്യന്റെ കാലുകൾക്ക് ആ സമയദൂരത്തിൽ 100 മീറ്റർ ഓടാൻ കഴിയില്ലെന്ന് അപ്പോൾതന്നെ വിമർശകർ വിധിയെഴുതി. അയാളുടെ അതിവേഗത്തിന്റെ കാലുകളെ അവർ സംശയത്തോടെ നോക്കി. ആ സമയത്തിനും, അയാളുടെ നേട്ടത്തിനും 48 മണിക്കൂർ മാത്രമായിരുന്നു ആയുസ്സ്. ഉത്തേജക മരുന്നിന്റെ കരിനിഴൽ ആ വേഗത്തിന്റെ കാലുകളെ പൊതിഞ്ഞു.
100 മീറ്ററിൽ അന്ന് കുറിച്ചിട്ട അതിവേഗത്തിന്റെ സമയംപോലെ, ആ ലോക റെക്കോഡും അന്ന് നേടിയ ഒളിമ്പിക്സ് സ്വർണവും അതിവേഗം അവർ തിരിച്ചെടുത്തു. ഇതിഹാസമായി മാറേണ്ട മനുഷ്യൻ അപമാനിതനായി മടങ്ങി. കാലമെത്ര കഴിഞ്ഞു. ഒരു മനുഷ്യന് പിന്നിടാൻ കഴിയില്ലെന്ന് കായികലോകം വിധിയെഴുതിയ ആ സമയവും കടന്ന് അതിവേഗത്തിന്റെ വേറെയും ചില കാലുകൾ പിന്നെയും ഓടി. ലോകം അവരെ വാഴ്ത്തി – ഭൂമിയിലെ ഏറ്റവും വേഗതയേറിയ മനുഷ്യൻ പിറന്നുവെന്ന്. അത്ഭുത സമയങ്ങൾ പിന്നെയും പിറന്നിട്ടും, ട്രാക്കിൽ വേഗത്തിന്റെ തമ്പുരാക്കന്മാർ മിന്നിയിട്ടും, 9.79 സെക്കൻഡ് കായിക ചരിത്രത്തിൽ ഒരിക്കലും മറക്കാനാവാത്ത, മായ്ക്കാനാവാത്ത സമയമായി, നിലച്ചുനിൽക്കുന്നു.
ഒരേസമയം നായകനും വില്ലനുമായി മാറിയ ബെൻ ജോൺസൻ, 1988 സോൾ ഒളിമ്പിക്സിൽ 100 മീറ്റർ ഓട്ടത്തിൽ ലോക റെക്കോഡും സ്വർണവും നേടിയ ബെൻ ജോൺസൻ, ഒടുവിൽ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട് അപമാനത്തിന്റെ നീർച്ചുഴിയിൽ വീണ സ്പ്രിന്റ് ഇതിഹാസം. 37 വർഷങ്ങൾക്കിപ്പുറം ആദ്യമായി കേരളത്തിലെത്തിയ ഭൂമിയിലെ പഴയ വേഗരാജാവ് മനസ്സ് തുറക്കുന്നു.
9.79 സെക്കൻഡ് എന്ന നിഗൂഢത
ബെന്നിന്റെ അഭിമുഖം കിട്ടുമെന്ന് ഉറപ്പായപ്പോഴാണ് കോഴിക്കോടേക്ക് വണ്ടികയറിയത്. കടപ്പുറത്ത് എത്തിയപ്പോൾ ജനസാഗരത്തിനു മുന്നിൽ ബെൻ കത്തിക്കയറുന്നു. പ്രശസ്ത സ്പോർട്സ് ലേഖകൻ സനിൽ പി. തോമസ് ബെന്നിനൊപ്പം വേദിയിലുണ്ട്. ബെൻ പുറത്തിറങ്ങിയപ്പോൾ ആൾക്കൂട്ടം പൊതിയാൻ തുടങ്ങി. ആ തിരക്കിനിടയിലും അയാളുടെ ഓട്ടപ്പാച്ചിലിന് വേഗം കുറഞ്ഞിട്ടില്ലെന്നു തോന്നി. ഒപ്പം കൂടി അൽപം കഴിഞ്ഞപ്പോഴേക്കും ബെൻ ഏറെക്കാലം പരിചയമുള്ളപോലെ സംസാരം തുടങ്ങി. 9.79 സെക്കൻഡ് എന്ന അത്ഭുതസമയത്തെ കുറിച്ചുതന്നെ ചോദിച്ചുതുടങ്ങി.
9.79 സെക്കൻഡ്. ഭൂമിയിൽ പുതിയൊരു വേഗരാജാവ് പിറന്ന സമയം. വേഗത്തിൽതന്നെ ലോക റെക്കോഡ് നഷ്ടമായി. നേടിയ സ്വർണവും അത്രയും വേഗം നഷ്ടമായി. നായകൻ വില്ലനായി മാറി. അന്ന് നേരിട്ട അപമാനം, വേദന... കാലം കുറെയായില്ലേ. ഇപ്പോൾ എന്ത് തോന്നുന്നു?
ഞാൻ നേരിട്ട അപമാനം ഇപ്പോഴും ഒരു മുറിവാണ്. ഒരു മനുഷ്യന് സഹിക്കാവുന്നതിലപ്പുറമുള്ള വേദനയും അപമാനവും ഞാൻ സഹിച്ചു. എന്നെ ചതിച്ചതാണ്. എന്നെ ബലിയാടാക്കിയതാണ്. ചരിത്രത്തിൽനിന്ന് എന്റെ പേര് മായ്ച്ചുകളയാൻ ശ്രമമുണ്ടായി. പക്ഷേ, അതൊരിക്കലും സാധിക്കില്ല. എന്റെ വർഷങ്ങളുടെ അധ്വാനം വിഫലമായി. ലോകം മുഴുവൻ എതിരായിട്ടും എന്റെ അമ്മ ഒപ്പം നിന്നു. 9.83 സെക്കൻഡ് എന്ന ലോക റെക്കോഡ് എന്റെ പേരിൽ നിലനിൽക്കുമ്പോഴാണ് ഞാൻ സോൾ ഒളിമ്പിക്സിൽ എത്തുന്നത്. 9.79 സെക്കൻഡിൽ ഞാൻ ഓടി. ലോക റെക്കോഡും ഇട്ടു. ഞാൻതന്നെയാണ് വേഗത്തിന്റെ രാജാവ്.
ബെൻ ജോൺസനും ലേഖികയും സംഭാഷണത്തിൽ
ഉത്തേജക മരുന്ന് വിവാദത്തെ തുടർന്ന് വംശീയ അധിക്ഷേപങ്ങളും നേരിട്ടല്ലോ?
അതേ. കൗമാരത്തിൽ ജമൈക്കയിൽനിന്ന് ഞാൻ കാനഡയിൽ എത്തിയതാണ്. കാനഡക്കുവേണ്ടിയാണ് ഞാൻ സ്വർണം നേടിയത്. വർഷങ്ങൾക്കുശേഷം ഒരു 100 മീറ്ററിൽ അവർക്ക് ഒരു ഒളിമ്പിക്സ് സ്വർണം നേടിയപ്പോൾ കനേഡിയൻ മാധ്യമങ്ങൾ എന്നെ വാഴ്ത്തി. എന്നാൽ, ഉത്തേജക വിവാദത്തിന്റെ പേരിൽ എന്റെ സ്വർണവും ലോക റെക്കോഡും നഷ്ടമായപ്പോൾ കനേഡിയൻ മാധ്യമങ്ങൾക്ക് ഞാൻ ജമൈക്കക്കാരനായി. വംശീയ അധിക്ഷേപം കൂടിയായപ്പോൾ അപമാനത്തിന്റെ ആഴം കൂടി.
ആ പ്രതിസന്ധികളെ എങ്ങനെയാണ് നേരിട്ടത്?
ഞാൻ പറഞ്ഞില്ലേ, ലോകം മുഴുവൻ എന്നെ ഒറ്റപ്പെടുത്തിയപ്പോഴും അമ്മ കൂടെ നിന്നു. ഞാൻ പല തിരിച്ചറിവുകളിലും ആയിരുന്നു അക്കാലത്ത്. എപ്പോൾ നിശ്ശബ്ദനാവണമെന്ന് അപ്പോഴാണ് പഠിച്ചത്; എപ്പോൾ ശബ്ദിക്കണമെന്നും. നമ്മൾ ജനിക്കുമ്പോൾ കൈയിൽ പണമൊന്നും ഇല്ലല്ലോ. മരിക്കുമ്പോഴും ഒന്നും കൊണ്ടുപോവുന്നില്ല. അതിനിടയിലെ ജീവിതം സന്തോഷത്തോടെ കഴിയുന്നു. മകളോടും പേരക്കുട്ടികളോടും ഒപ്പം ഞാൻ അതീവ സന്തോഷവാനാണ്.
100 മീറ്ററിന്റെ ഗ്ലാമർ ലോകത്തുനിന്ന് ബെന്നിന്റെ ഇന്നത്തെ മാറ്റം എങ്ങനെയാണ്?
സാധാരണ സ്പ്രിന്റർമാർക്ക് ഭാരോദ്വഹനത്തിന് കഴിവുണ്ടാകാറില്ല. എന്നാൽ, ഇന്ന് ഞാൻ ഭാരോദ്വഹനത്തിനു പ്രാധാന്യം നൽകുന്നുണ്ട്. അത് പരിശീലിക്കുന്നുണ്ട്. അതിനൊപ്പം കായിക താരങ്ങൾക്ക് പരിശീലനം നൽകുന്നു. ചിട്ടയായ പരിശീലനങ്ങളാണ് എന്റെ രീതി. ഞാൻ കർക്കശക്കാരനായ പരിശീലകൻതന്നെയാണ്.
ബെൻ ഇപ്പോൾ പരിശീലകൻകൂടി ആണല്ലോ. ഫുട്ബാൾ ഇതിഹാസം മറഡോണയെയും പരിശീലിപ്പിച്ചു?
അതെ. ഞാനും മറഡോണയും തമ്മിൽ നല്ല സൗഹൃദം ഉണ്ടായിരുന്നു. 1998ൽ ഞാൻ മറഡോണക്ക് പരിശീലനം നൽകി. ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായിരുന്നു അത്. പിന്നീട് ലഹരിക്കെതിരായ ഒരു കാമ്പയിനിലും ഞങ്ങൾ ഒപ്പമുണ്ടായിരുന്നു. ഡീഗോ ഒരു മജീഷ്യൻതന്നെയായിരുന്നു.
സോൾ എന്ന മുറിവ്, കാൾ എന്ന ശത്രു
ട്രാക്കിലെ എക്കാലത്തെയും വലിയ ഇതിഹാസങ്ങളിൽ ഒരാളായ കാൾ ലൂയിസിന്റെ മുഖ്യ എതിരാളികൂടിയായിരുന്നു ബെൻ ജോൺസൻ. ബെന്നും കാളും മത്സരിക്കുമ്പോഴെല്ലാം കായിക ലോകം ആകാംക്ഷയോടെ മിഴിനട്ടു. കാൾ ലൂയിസിന്റെ ലോക റെക്കോഡ് ബെൻ തിരുത്തിയത് 1987ൽ ആണ്. 9.83 സെക്കൻഡ് എന്ന പുതിയ സമയം ബിഗ് ബെൻ കുറിച്ചു. തന്റെതന്നെ ആ റെക്കോഡാണ് അയാൾ സോൾ ഒളിമ്പിക്സിൽ തിരുത്തിയത്.
1984 ലോസ് ആഞ്ജലസ് ഒളിമ്പിക്സിൽ നാല് സ്വർണവുമായി ജെസി ഓവൻസിന്റെ ലോക റെക്കോഡിന് ഒപ്പം എത്തി നിൽക്കുകയായിരുന്നു കാൾ. ആ താരപ്രഭയിൽ എത്തിയ അയാൾ ബെന്നിനു പിന്നിൽ രണ്ടാമനായി. എന്നാൽ, സോളിൽ പൊന്നണിഞ്ഞ ബെൻ നിഷ്കാസിതനായതോടെ വെള്ളി നേടിയ കാളിന് സ്വർണം സമ്മാനിച്ചു. സംഭാഷണം കാൾ ലൂയിസിലേക്ക് കടന്നപ്പോൾ ബെന്നിന്റെ മുഖഭാവം മാറി. അതുവരെ ഏറെ പ്രസരിപ്പോടെ ഇരുന്ന ബെൻ ജോൺസന്റെ മുഖം വലിഞ്ഞുമുറുകി.
രണ്ട് ഇതിഹാസങ്ങളുടെ ഏറ്റുമുട്ടൽ ആയിരുന്നല്ലോ സോൾ ഒളിമ്പിക്സിലെ ഏറ്റവും വലിയ ആകർഷണം –ബെൻ ജോൺസണും കാൾ ലൂയിസും. എന്നാൽ, വിവാദത്തിനുശേഷം കാളിനെ കണ്ടിരുന്നോ?
ഇല്ല, ഞാൻ ഒരിക്കൽ മാത്രമാണ് കാളിനെ കണ്ടത്. എന്നാൽ അന്ന് എന്റെ മുന്നിൽനിന്ന് അയാൾ ഒഴിഞ്ഞുമാറി. സോളിലെ ട്രാക്കിൽ എന്റെ ലക്ഷ്യം സ്വർണം നേടുക എന്നതായിരുന്നില്ല. കാളിനെ തോൽപിക്കുക എന്നതായിരുന്നു. അന്ന് ഫിനിഷിങ് പോയന്റ് എത്തുന്നതിന്റെ തൊട്ടുമുമ്പ് ഞാൻ കാൾ എവിടെ എത്തിയെന്നു നോക്കിപ്പോയി. അങ്ങനെ ചെയ്തില്ലെങ്കിൽ അതിലും മികച്ച സമയം ഞാൻ കുറിച്ചിട്ടുണ്ടാകും. കാൾ ലൂയിസ് ഒരിക്കലും ഒരു നല്ല മനുഷ്യൻ അല്ല. ഒരുകാലത്തും അയാളെ ബഹുമാനിക്കാൻ എനിക്ക് കഴിയില്ല. സ്വർണം നേടുക മാത്രം ആയിരുന്നു അയാളുടെ ലക്ഷ്യം. അതിന് എന്റെ സ്വർണമാണ് അയാൾ നഷ്ടപ്പെടുത്തിയത്. സോളിൽ അന്ന് കൂടെ ഓടിയ ഒരാളുമായും പിന്നെ ഞാൻ സൗഹൃദം സ്ഥാപിച്ചില്ല. ഞാൻ സഹിച്ച അപമാനം അത്ര വലുതായിരുന്നു. എന്റെ വേദനയുടെ ആഴം അത്ര വലുതായിരുന്നു.
വീണ്ടും തിരികൊളുത്തിയ വിവാദം
2012ൽ ബ്രിട്ടീഷ് സ്പോർട്സ് എഴുത്തുകാരനായ റിച്ചാർഡ് മൂർ എഴുതിയ ‘The Dirtiest Race in History’ എന്ന പുസ്തകമാണ് സോൾ ഒളിമ്പിക്സ് വിവാദത്തിന് വീണ്ടും തിരികൊളുത്തിയത്. ഉത്തേജക വിവാദത്തിനെ കുറിച്ച് റിച്ചാർഡ് വർഷങ്ങൾ നീണ്ട അന്വേഷണം നടത്തി, സോളിൽ അന്ന് ഫൈനലിൽ മത്സരിച്ച എട്ടിൽ ഏഴുപേരെയും നേരിൽ കണ്ടു. കാൾ ലൂയിസ് മാത്രം ഒഴിഞ്ഞുമാറി. റിച്ചാർഡിന്റെ കണ്ടെത്തൽ ഞെട്ടിക്കുന്നതായിരുന്നു. ആറുപേരും ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിവ് സഹിതം കണ്ടെത്തി. കാൾ ലൂയിസ് ഉൾപ്പെടെയായിരുന്നു അത്. ഒരേ കുറ്റം പലരും ചെയ്തു. ട്രാക്കിലെ അമേരിക്കൻ ആധിപത്യത്തിനിടെ ബെൻമാത്രം നിഷ്കാസിതനായത് ഇന്നും തുടരുന്ന നിഗൂഢത.
ബോൾട്ടിനെ തോൽപിക്കാനാകില്ല
മനുഷ്യസാധ്യമല്ലെന്നായിരുന്നു ബെൻ ജോൺസന്റെ സമയത്തെക്കുറിച്ച് പലരും വിമർശിച്ചത്. എന്നാൽ, ആ സമയവും കടന്ന് ഇന്ന് മനുഷ്യന്റെ അതിവേഗത്തിന്റെ സമയം 9.58 സെക്കൻഡാണ്. ഉസൈൻ ബോൾട്ട് സ്ഥാപിച്ച ലോകറെക്കോഡ് ഇന്നും ഇളകിയിട്ടില്ല. ബോൾട്ടിനെ കുറിച്ച് ചോദിക്കുമ്പോൾ ബെൻ ജോൺസന്റെ മുഖത്തും ഒത്തിരി സ്നേഹം.
ബെന്നിനെ വിമർശിച്ചവർ പിന്നീട് ബോൾട്ടിന്റെ അത്ഭുത സമയവും കണ്ടല്ലോ. ബെൻ ജോൺസന് ഉസൈൻ ബോൾട്ടിനെ തോൽപിക്കാൻ കഴിയുമോ?
ബോൾട്ടും ഞാനും രണ്ട് കാലഘട്ടമാണ്. ഉസൈൻ ബോൾട്ടിന്റെ കാലത്ത് ട്രാക്കിലെ ടെക്നോളജി മാറി. അതുകൊണ്ട് തന്നെ ബോൾട്ടിനെ തോൽപിക്കാൻ എനിക്ക് കഴിയില്ല. ബോൾട്ടുതന്നെയാകും ഒന്നാമൻ. ഈ കാലഘട്ടത്തിൽ പുതിയ ടെക്നോളജിയുമായി മത്സരിച്ചെങ്കിൽ ഞാൻ ലോക റെക്കോഡുകൾ നേടുമായിരിന്നു. 1996ന് ശേഷമായിരുന്നു കായികരംഗത്ത് പുതിയ സാങ്കേതികമാറ്റങ്ങൾ വന്നത്. ട്രാക്കുകളുടെ ഘടന വികസിപ്പിക്കാൻ ലക്ഷക്കണക്കിന് ഡോളറാണ് ചെലവാക്കുന്നത്. അത്ലറ്റുകളുടെ ഷൂസുകൾ വരെ വേഗത്തെ സഹായിക്കുന്നതാണ്. എന്റെ കാലഘട്ടത്തിൽ അത്തരം ടെക്നോളജി ഇല്ലായിരുന്നു.
മറഡോണക്കൊപ്പം ബെൻ ജോൺസൻ
ബോൾട്ട് ഒരു കാവ്യനീതി...
ചരിത്രത്തിൽനിന്ന് തന്നെ മായിച്ചുകളയാൻ ശ്രമം നടത്തി എന്നാണ് ബെൻ ജോൺസൻ പറയുന്നത്. എന്നാൽ, 100 മീറ്ററിന്റെ ചരിത്രത്തിൽ മറ്റൊരു തനിയാവർത്തനമുണ്ട്. കിരീടവും ചെങ്കോലും നഷ്ടപ്പെട്ട് ബെൻ ജോൺസൻ എന്ന വേഗത്തിന്റെ രാജകുമാരൻ കണ്ണീരോടെ മടങ്ങിയ ആ നിമിഷത്തിലേക്ക് ഒന്ന് തിരിഞ്ഞുനോക്കാം.
വംശീയ അധിക്ഷേപം നേരിട്ട അയാളെ ജമൈക്കക്കാരൻ എന്നാണ് കനേഡിയൻ മാധ്യമങ്ങൾപോലും വിളിച്ചത്. ഇന്ന് ലോകത്തെ ഏറ്റവും വേഗതയേറിയ കാലുകളുടെ ഉടമ ഒരു ജമൈക്കക്കാരനാണ് –ഉസൈൻ ബോൾട്ട്. ഇതൊരു കാവ്യനീതിയാവാം. ബോൾട്ടിന്റെ അത്ഭുത സമയത്തെ തകർക്കാൻ അടുത്ത കാലത്തൊന്നും ആർക്കും കഴിയില്ലെന്ന് ബെൻ ജോൺസൻ പറയുന്നു. ജമൈക്കക്കാരനെന്ന് വംശീയ അധിക്ഷേപം നേരിട്ട അപമാനം മായ്ക്കുന്ന പുഞ്ചിരിയാണോ അയാളുടെ മുഖത്ത് അപ്പോൾ കണ്ടത്... അറിയില്ല. ഏറെ സന്തോഷത്തോടെ ഒരു കൈ തന്നു ഇതിഹാസം പറഞ്ഞവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.