11 വർഷത്തെ ജയിൽവാസത്തിനുശേഷം മാവോവാദി നേതാവ് രൂപേഷ് അടുത്തിടെ മോചിതനായി. ജയിലിൽവെച്ച് അധികൃതർ പ്രസിദ്ധീകരണം തടഞ്ഞ നോവൽ ‘ബന്ധിതരുടെ ഓർമക്കുറിപ്പുകള്‍’ പ്രകാശിതമാവുകയാണ്. ആ പശ്ചാത്തലത്തിൽ രൂപേഷ് സംസാരിക്കുന്നു.
ഇന്ത്യയിലെ മാവോവാദി പ്രസ്ഥാനം ഭരണകൂട വേട്ടയാല്‍ ക്രൂരമായ അടിച്ചമര്‍ത്തല്‍ നേരിടുന്ന സമകാലിക സന്ദര്‍ഭമാണിത്. ‘ഓപറേഷന്‍ കഗാറി’ലൂടെ വടക്കു കിഴക്കന്‍ മേഖലകളില്‍ ആദിവാസികള്‍ വംശീയ ഉന്മൂലനത്തിന് വിധേയമാകുന്നു. ഇന്ത്യയില്‍നിന്ന് മാവോവാദികളെ പൂര്‍ണമായും അമര്‍ച്ചചെയ്യുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരിക്കുന്നത്. സി.പി.ഐ (മാവോവാദി) ജനറല്‍ സെക്രട്ടറി നമ്പാല കേശവ റാവുവിനെ (ബസവ രാജു) 2025 മേയ് 25നാണ് കൊലപ്പെടുത്തിയത്. ഛത്തിസ്ഗഢിലെ അബുജ്മര്‍ വനമേഖലയില്‍ നടന്ന ഓപറേഷനില്‍ 27 മാവോവാദികൾക്കൊപ്പണ് പൊലീസ് റാവുവിനെയും കൊലചെയ്തത്.
ഇത്തരത്തില്‍ മാവോവാദി പ്രസ്ഥാനം നിരവധി വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തിലാണ് കേരളത്തിലെ മാവോവാദി നേതാവ് രൂപേഷ് തന്‍റെ നിലപാടുകള്‍ വ്യക്തമാക്കുന്നത്. നാല്‍പതിലധികം യു.എ.പി.എ കേസുകളിലും രാജ്യദ്രോഹ കുറ്റത്തിനും രൂപേഷിനെ ജയിലില്‍ അടക്കുകയായിരുന്നു. 2015ലാണ് കോയമ്പത്തൂരിലെ കരുമത്തംപെട്ടിയില്‍വെച്ച് രൂപേഷിനെയും മറ്റ് നാല് പ്രവര്‍ത്തകരെയും തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്.
11 വര്‍ഷത്തെ തടവിനുശേഷം നിബന്ധനകളോടെ രൂപേഷിന് ജാമ്യം ലഭിച്ചിരിക്കുകയാണ്. തൃശൂര്‍ ജില്ലയിലെ വാടാനപ്പള്ളിയിലാണ് രൂപേഷ് ജനിച്ചത്. സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏർപ്പെട്ടതിന്‍റെ ഭാഗമായി തീവ്രവാദി എന്ന് മുദ്രകുത്തി. മാവോവാദി പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ് ജയിലില്‍ അടക്കപ്പെട്ടത്. ജയിലിൽ വെച്ച് രൂപേഷ് രണ്ട് നോവലുകള്‍ എഴുതി. ആദ്യത്തേത് 2013ല്‍ ‘മാവോയിസ്റ്റ്’ (ഡി.സി ബുക്സ്), ‘വസന്തത്തിലെ പൂമരങ്ങള്‍’ (ഗ്രീന്‍ ബുക്സ്) എന്നീ രണ്ട് പേരുകളില്‍ പുറത്തിറങ്ങി. രണ്ടാമത്തെ നോവലായ ‘ബന്ധിതരുടെ ഓർമക്കുറിപ്പുകള്‍’ ഡി.സി ബുക്സ് ഇപ്പോള്‍ പ്രസിദ്ധീകരിക്കുകയാണ്. രൂപേഷുമായി കോയമ്പത്തൂരില്‍ വെച്ച് നടത്തിയ ദീര്‍ഘ സംഭാഷണത്തിന്‍റെ ആദ്യഭാഗമാണിത്.
ജയില്‍ ജീവിതാനുഭവത്തില്‍നിന്നും ഈ സംഭാഷണം തുടങ്ങാമെന്നു തോന്നുന്നു. 11 വര്‍ഷമാണ് തടവറയില്‍ കഴിഞ്ഞത്. എങ്ങനെയാണ് ആ ദിവസങ്ങളെ ഓര്‍ത്തെടുക്കുന്നത്?
ദീര്‍ഘനാളത്തെ ജയില്‍വാസം സീരിയസായ മെന്‍റല്‍ ഇഫക്ട് ഉണ്ടാക്കിയിട്ടുണ്ട്. ന്യൂറോപ്ലാസ്റ്റിസിറ്റി എന്ന് പറയുംപോലെ. ഞാന്‍ ശരിക്കും ആള്‍ക്കാരോട് അങ്ങോട്ട് കയറി സംസാരിക്കുന്ന വ്യക്തിയാണ്. എന്നാല്‍, ഇപ്പോള്‍ ഒരു അന്തര്‍മുഖത്വം ഫീല്‍ ചെയ്യുന്നു. ആള്‍ക്കാരെ പോയി നേരില്‍ കണ്ട് സംസാരിക്കാന്‍ ബുദ്ധിമുട്ട്, ഫോണിലൂടെ സംസാരിക്കാന്‍ സാധിക്കുന്നില്ല. വളരെ കുറച്ച് ഫോൺകാളുകള്‍ മാത്രമാണ് അറ്റന്‍റ് ചെയ്യുന്നത്. അതായത്, ഡിസ് കണക്ട് ചെയ്യുന്ന അവസ്ഥ. ഞാന്‍ ആലോചിക്കുകയായിരുന്നു, നീണ്ട കാലത്തെ ജയില്‍വാസം ഒരു വ്യക്തി എന്നനിലയില്‍ എത്ര വേഗമാണ് എല്ലാവരെയും മാറ്റുന്നതെന്ന്. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക ബന്ധമുള്ള എനിക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും? ഇപ്പോഴും പൊതുയിടത്തിലേക്ക് പൂര്‍ണമായും ഇറങ്ങിവരാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നില്ല.
ജയിലില്‍നിന്ന് വന്നതിനുശേഷം ഒറ്റപ്പെടല്‍ അനുഭവപ്പെടുന്നുണ്ടോ? അവിടെ സൗഹൃദങ്ങളൊക്കെ ഉണ്ടായിരുന്നോ?
ജയിലില്‍വെച്ചുപോലും പലപ്പോഴും മറ്റൊരുതരത്തില്‍ കണക്ടഡായിരുന്നു. കപ്പൽച്ചേതമു ണ്ടാകുമ്പോള്‍ നിവര്‍ത്തിയില്ലാതെ കുപ്പിയില്‍ സന്ദേശം അയക്കുംപോലെ കിട്ടിയ വിലാസത്തിലൊക്കെ കത്തുകളയക്കും. പുസ്തകങ്ങള്‍ ആവശ്യപ്പെട്ടായിരുന്നു അവയെല്ലാം. ഒരുപാട് പേര് പുസ്തകങ്ങള്‍ നല്‍കി. നേരില്‍ കണ്ട് പരിചയമില്ലാത്ത ദേവിക ടീച്ചര്‍ വരെ കുറെ പുസ്തകം തന്നു. ഫൈന്‍ അടയ്ക്കാനുള്ള പൊതുഫണ്ട് ശേഖരണത്തില്‍ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തുക ലഭിക്കുകയും തുടര്‍ന്ന് അത് നിര്‍ത്തിവെക്കുകയുമാണ് ചെയ്തത്. അത്രമാത്രം സപ്പോര്‍ട്ട് മനുഷ്യര്‍ തരുന്നുണ്ട്. ജയിലിനുള്ളില്‍ നിരാഹാര സമരങ്ങള്‍ക്കുപോലും പുറത്തുനിന്നും അകത്തുനിന്നും പിന്തുണ ലഭിച്ചു. അതുകൊണ്ടൊക്കെയാണ് പിടിച്ചുനിന്നത്.
വേണമെങ്കില്‍ പിടിക്കപ്പെട്ട സമയത്തുതന്നെ പൊലീസിന് ഫെയ്ക്ക് എന്‍കൗണ്ടര്‍ ചെയ്യാമായിരുന്നു. ആന്ധ്ര സ്പെഷല്‍ ഇന്‍റലിജന്‍സ് ബ്യൂറോയാണ് അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റ് ജനങ്ങള്‍ അറിഞ്ഞതുകൊണ്ട് മാത്രമാണ് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം എന്ന കഥയില്‍ ഞങ്ങളുടെ പേര് സ്ഥാനം പിടിക്കാതെ പോയതെന്നാണ് എനിക്ക് തോന്നുന്നത്. ജയിലില്‍നിന്ന് വന്ന ശേഷവും ഒറ്റപ്പെടല്‍ തോന്നുന്നില്ല. സഖാക്കളും സുഹൃത്തുക്കളും കാണാന്‍ വരുമായിരുന്നു. പുറത്തു വന്ന ശേഷവും അങ്ങനെതന്നെ. കഴിഞ്ഞ ദിവസം കോഴിക്കോട്ടുനിന്നും ഒരു സുഹൃത്ത് രണ്ടു കിലോ അരിയും മറ്റ് സാധനങ്ങളുമായി കോയമ്പത്തൂരില്‍ കാണാന്‍ വന്നു. ഇതെല്ലാം എനിക്ക് നല്ല ഊര്‍ജമാണ് നല്‍കുന്നത്.
രണ്ടാമത്തെ നോവല്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത് എപ്പോഴാണ്?
നോവല്‍ പ്രസിദ്ധീകരിക്കാന്‍ ജയിലില്‍വെച്ചുതന്നെ തീരുമാനിച്ചിരുന്നു. അനുമതി ആവശ്യമില്ലെന്ന് കരുതി ഷൈനക്ക് കൈമാറി. അങ്ങനെ ഡി.സി ബുക്സ് പ്രസിദ്ധീകരിക്കാമെന്ന് പറഞ്ഞു. സാധാരണഗതിയില്‍ ഒരു എഴുത്തുകാരന്‍ ഒരു കൃതി, നോവല്‍ എഴുതുന്ന പോലെയല്ല ഞാന്‍ എഴുതിയത്. വര്‍ഷങ്ങളോളം അതിന്‍റെ കഥയും കഥാപാത്രങ്ങളും മനസ്സിലിട്ടു പാകപ്പെടുത്തിയാണ് പലരും എഴുതുന്നത്. എഴുതിക്കഴിഞ്ഞാല്‍ ഒരു ശൂന്യത ഉണ്ടാകും. അതില്‍നിന്നും നമ്മളിങ്ങു പോരും. റോളാങ് ബാർതും ദറീദയുമൊക്കെ പറയുംപോലെ പിന്നെ എഴുത്തുകാരന് അതില്‍ ഒരു പങ്കുമില്ല. അത് വായനക്കാരന്‍റേതാണ്.
ഇതിന്‍റെ കാര്യത്തില്‍ അങ്ങനെയല്ല. എഴുതി ക്കഴിഞ്ഞിട്ടും ഇത് ജയിലിന് പുറത്തു കടത്തുക എന്നത് വലിയ പ്രശ്നമാണ്. ചെറിയ പേപ്പറല്ലല്ലോ, ഒരു ലാര്‍ജ് ടെക്സ്റ്റല്ലേ. പിന്നെ പ്രസിദ്ധീകരണം, ഞാന്‍ ആദ്യം വിചാരിച്ചിരുന്നത് അത് വലിയ പ്രശ്നമല്ലെന്നാണ്. കാരണം പുറമേക്കൊരു സോക്കോള്‍ഡ് ലെഫ്റ്റാണ്. ആന്തരികമായി അധികാരത്തിന്‍റെ സൂക്ഷ്മ രൂപങ്ങളെ നോവല്‍ അടയാളപ്പെടുത്തുന്നു. പുരോഗമനപരം എന്നു കരുതുന്ന അധികാരഘടനയാണ് ഇതില്‍ പരാമര്‍ശിക്കപ്പെടുന്നത്. ആ അർഥത്തില്‍ പൊതുവായനയില്‍ ഇത് അംഗീകരിക്കപ്പെടും എന്നൊരു തോന്നല്‍ (വ്യാമോഹം) എനിക്കുണ്ടായിരുന്നു. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ഇന്‍സ്റ്റിറ്റ്യൂഷനായിട്ട് അത് സാധ്യമല്ല എന്ന് മനസ്സിലായി.
ഒരു രാഷ്ട്രീയത്തടവുകാരന്‍റെ നോവലൊന്നും പ്രസിദ്ധീകരിക്കാവുന്ന ജനാധിപത്യ കാഴ്ചപ്പാടോ പരിസരമോ കേരളത്തിലില്ല. അത് തെളിയിക്കുന്ന അനുഭവമാണ് തുടര്‍ന്ന് ഉണ്ടാകുന്നത്. അത്തരം അധികാര ഘടനയാണ് ഇവിടെ നിലനില്‍ക്കുന്നത്. പ്രസിദ്ധീകരിക്കാന്‍ ജയില്‍ വകുപ്പിന്‍റെ അനുമതി ലഭിക്കാതെ വന്നതോടെ സാമൂഹിക, സാഹിത്യ രംഗത്തെ നിരവധിപേര്‍ അനുകൂല നിലപാട് സ്വീകരിച്ചു രംഗത്തു വന്നു. ഇത്തരം സാഹചര്യം നിലനില്‍ക്കെതന്നെ തടസ്സമൊന്നും വരില്ലെന്ന് സുഹൃത്ത് അനൂപ് ജയിലില്‍വെച്ച് എന്നോട് പറഞ്ഞു. എന്നാല്‍ അത്ര ലളിതമായിരുന്നില്ല കാര്യങ്ങള്‍.
ജയില്‍ വകുപ്പ് നോവല്‍ പ്രസിദ്ധീകരിക്കാന്‍ അനുമതി തന്നില്ലല്ലോ. പിന്നെ എങ്ങനെയാണ് ഇത് സാധ്യമായത്?
ഈ സമയത്താണ് ജസ്റ്റിസ് വി.ജി. അരുണിന്‍റെ നല്ലൊരു ജഡ്ജ്മെന്‍റ് അദ്ദേഹം വിരമിക്കുന്നതിന് തൊട്ടുമുമ്പ് വരുന്നത്. തടവുകാരന്‍റെ സാഹിത്യകൃതി തടവിലിടാന്‍ പാടില്ലെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൂന്ന് മാസത്തിനുള്ളില്‍ നടപടി സ്വീകരിക്കണമെന്നുമായിരുന്നു ആ വിധി. 2026 ഫെബ്രുവരി രണ്ടിന് ഈ പ്രശ്നത്തിന് പരിഹാരമായി. എന്നിട്ടും തുടര്‍നടപടിയുണ്ടായില്ല. സുഹൃത്തുക്കള്‍ ചേര്‍ന്ന് കോടതി അലക്ഷ്യത്തിന് കേസ് കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ ഒരു നീക്കം നടത്തിയാല്‍ വീണ്ടും നീളാനാണ് സാധ്യതയെന്ന് തിരിച്ചറിഞ്ഞതിനാല്‍ വിവരാവകാശ അപേക്ഷ നല്‍കി. തടവുകാരുടെ കൃതി പ്രസിദ്ധീകരിക്കുന്നതിന് അനുമതി വേണ്ട എന്ന് അപ്പോഴാണ് മനസ്സിലാകുന്നത്.
പ്രിസണ്‍ റൂളിലോ, പ്രിസണ്‍ ആക്ടിലോ പ്രൊസീജ്യര്‍ നിയമമായുള്ള സി.ആര്‍.പി.സിയിലോ യു.എ.പി.എയിലോ ഇത് പറയുന്നില്ല. അങ്ങനെ വിവരാവകാശത്തിനുള്ള മറുപടി വെച്ചാണ് ഡി.സി ബുക്സിന് കത്ത് അയക്കുന്നത്. തുടർന്നാണ് ജയിലില്‍ കിടക്കുമ്പോള്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിക്കുന്നത്. എന്നാല്‍, ജയിലിന് പുറത്തിറങ്ങിയ ശേഷമാണ് ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നത്. ഈ നോവല്‍ ഒരുപാട് ആള്‍ക്കാരുടെ കൂട്ടായ പരിശ്രമവും സാംസ്കാരിക പ്രതിരോധവുമായാണ് ഞാന്‍ കാണുന്നത്. ഈ നോവല്‍ നന്നായി വായിക്കപ്പെടുമെന്നാണ് കരുതുന്നത്. ഇനി വായനക്കാര്‍ തീരുമാനിക്കട്ടെ.
വ്യവസായ വിപ്ലവാനന്തര യൂറോപ്പിലെ ആധുനികതൊഴിലാളി വര്‍ഗത്തിന്‍റെ നേതൃത്വത്തില്‍ വിമോചനത്തിനായി ആവിഷ്കരിക്കപ്പെട്ട മാര്‍ക്സിസം ഛത്തിസ്ഗഢ്, ഝാർഖണ്ഡ് പോലുള്ള പിന്നാക്ക പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നടപ്പിലാക്കാന്‍ ശ്രമിച്ചതിലുള്ള ആശയപരമായ വീഴ്ചയല്ലേ വര്‍ത്തമാന കാലത്ത് ഇന്ത്യയിലെ മാവോവാദിപ്രസ്ഥാനം നേരിട്ട തിരിച്ചടിക്ക് കാരണം?
തീര്‍ച്ചയായും ഇന്ത്യയിലെ മാവോവാദി പ്രസ്ഥാനത്തിന് വലിയ തിരിച്ചടി നേരിട്ടിട്ടുണ്ട് എന്നു തന്നെയാണ് സമീപകാല പത്ര വാര്‍ത്തകളില്‍നിന്നും റിപ്പോര്‍ട്ടുകളില്‍നിന്നും ഞാന്‍ മനസ്സിലാക്കുന്നത്. പ്രസ്ഥാനം ഇതു നിശിതമായി പരിശോധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ലോക കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം ഏകരൂപമായിരുന്നില്ല എന്ന് നമുക്കറിയാവുന്നതാണ്.
ചോദ്യത്തില്‍ ഉന്നയിച്ച വിധം ആധുനിക യൂറോപ്യന്‍ തൊഴിലാളി വര്‍ഗം അതിന്‍റെ അസ്തിത്വം സ്ഥാപിച്ചെടുത്ത 1848ലെ തൊഴിലാളി വര്‍ഗ ഉയിര്‍ത്തെഴുന്നേല്‍പിന് തൊട്ട് തന്നെ യൂറോപ്പിലെ പിന്തിരിപ്പന്‍ ഭരണകൂടങ്ങള്‍ തൊഴിലാളിവര്‍ഗ മുന്നേറ്റങ്ങളെയും സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങെളയും അതിരൂക്ഷമായി അടിച്ചമര്‍ത്തുകയുണ്ടായി. ചരിത്രം പരിശോധിച്ചാല്‍ 1852നു ശേഷം പശ്ചിമ യൂറോപ്പില്‍ തൊഴിലാളിവര്‍ഗത്തിനും സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ക്കും വന്‍ തിരിച്ചടി നേരിടുകയും അക്ഷരാർഥത്തില്‍ നിശ്ചലമാവുകയും ഉണ്ടായി. മാര്‍ക്സിനുപോലും ജർമനിയില്‍നിന്നും ഫ്രാന്‍സില്‍ നിന്നും പലായനം ചെയ്യേണ്ടി വരുകയുണ്ടായി.
പിന്നീടുണ്ടായ അത്യുജ്ജ്വല തൊഴിലാളിവര്‍ഗ മുന്നേറ്റമായ പാരിസ് കമ്യൂണ്‍ കേവലം 71 ദിവസത്തിനകം രക്തരൂഷിതമായി കശാപ്പു ചെയ്യപ്പെട്ടു. സമാനമായ അനുഭവം 1905ലെ റഷ്യന്‍ വിപ്ലവത്തിന്‍റെ തിരിച്ചടിയിലൂടെ ആവര്‍ത്തിക്കുകയുണ്ടായി. 1926 മുതല്‍ 31 വരെയുള്ള കാലയളവില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അതിതീവ്രമായ ചുറ്റിവളയല്‍, അടിച്ചമര്‍ത്തല്‍ നേരിടേണ്ടിവന്നു. മാവോയടക്കമുള്ള നാമമാത്രമായ നേതൃത്വവും കേഡര്‍മാരുമൊഴികെ ബാക്കിയുള്ള പാര്‍ട്ടി നേതൃത്വവും ബഹുജന അടിത്തറയും വിവിധ ഘട്ടങ്ങളില്‍ കുമിന്താങ്ങ് അടിച്ചമര്‍ത്തലിനെ തുടര്‍ന്ന് ഇല്ലായ്മ ചെയ്യപ്പെട്ടു.
പിന്നീട് അവശേഷിച്ച നേതൃത്വവും കേഡര്‍മാരും നടത്തിയ ചരിത്രപരമായ പിന്‍വാങ്ങലാണ് മഹത്തായ ലോങ് മാര്‍ച്ച് എന്ന പേരില്‍ അറിയപ്പെട്ടത്. ഈ മാര്‍ച്ചിന്‍റെ ആരംഭത്തില്‍ ഉണ്ടായിരുന്ന കേഡര്‍മാരില്‍ അഞ്ചില്‍ നാലു ഭാഗവും ഇത് പരിസമാപ്തിയിലെത്തിയപ്പോഴേക്ക് രക്തസാക്ഷികളായി. വിജയകരമായ ഈ പിന്‍വാങ്ങലാണ് പിന്നീട് വിപുലമായ താവള പ്രദേശങ്ങള്‍ കെട്ടിപ്പടുക്കുന്നതിലേക്കും 1949ല്‍ ജനകീയ ചൈനയുടെ രൂപവത്കരണത്തിനും വഴിയൊരുക്കിയത്. ഈ വിധത്തില്‍ രക്തരൂഷിതമായ അടിച്ചമര്‍ത്തലുകളേയും തിരിച്ചടികളേയും അതിജീവിച്ചും പാഠം ഉൾക്കൊണ്ടുള്ള തിരുത്തല്‍ പ്രക്രിയയിലൂടെയുമാണ് ഒക്ടോബര്‍ വിപ്ലവവും ജനകീയ ചൈനയും മറ്റു ജനകീയതൊഴിലാളിവര്‍ഗ ഉയിര്‍ത്തെഴുന്നേല്‍പുകളും ചരിത്രത്തില്‍ രൂപപ്പെട്ടത്.
മാവോവാദി പ്രസ്ഥാനത്തിന്‍റെ ചരിത്രത്തിലും തിരിച്ചടികളുടെയും കുതിച്ചുചാട്ടങ്ങളുടെയും അനുഭവം കണ്ടെത്താനാകും?
ഇന്ത്യന്‍ മാവോവാദി പ്രസ്ഥാനത്തിന്‍റെ ചരിത്രം പരിശോധിച്ചാല്‍ തിരിച്ചടികളുടെയും കുതിച്ചുചാട്ടങ്ങളുടെയും അനുഭവം തിരിച്ചറിയാനാകും. 1970ല്‍ ഇന്ത്യന്‍ മാവോയിസ്റ്റ് പാര്‍ട്ടി (സി.പി.ഐ -എം.എല്‍) രൂപവത്കരിക്കപ്പെട്ട് കേവലം രണ്ടു വര്‍ഷത്തിനകം തന്നെ സ്ഥാപക ജനറല്‍ സെക്രട്ടറിയും സുപ്രധാന നേതാവുമായ ചാരുമജൂംദാര്‍ രക്തസാക്ഷിയാവുകയും 1973 ആകുന്നതോടെ ഏറക്കുറെ പൂര്‍ണമായും നേതൃത്വത്തെയും പ്രസ്ഥാനത്തെയും അടിച്ചമര്‍ത്തുന്നതില്‍ ഭരണകൂടം വിജയം നേടുകയുമുണ്ടായി.പിന്നീടുള്ള കാലയളവില്‍ രാഷ്ട്രീയവും ആശയശാസ്ത്രപരവുമായ ഭിന്നതകളും സംഘടനാപരമായ പിളര്‍പ്പുകളും പ്രസ്ഥാനം അഭിമുഖീകരിച്ചു. തുടര്‍ന്നുവന്ന അടിയന്തരാവസ്ഥയില്‍ മിക്കവാറുമെല്ലാ നേതാക്കളും പ്രവര്‍ത്തകരും അനുഭാവികള്‍പോലും തടവിലടക്കപ്പെട്ട് ഏറ്റവുമധികം അടിച്ചമര്‍ത്തല്‍ നേരിട്ടത് മാവോവാദി പ്രസ്ഥാനങ്ങള്‍ക്കുതന്നെയായിരുന്നു.
പിന്നീട് എപ്പോഴാണ് ചെറിയ തോതിലെങ്കിലും മാറ്റം സംഭവിക്കുന്നത്?
’70കളുടെ അവസാനത്തോടെ ചിത്രം മാറി മറിയുന്നുണ്ട്. തെറ്റുതിരുത്തല്‍ നടപടികളുടെ തുടര്‍ച്ചയായാണ് കിഷന്‍ജി അടക്കമുള്ളവരുടെ നേതൃത്വത്തില്‍ ജഗത്യാല്‍ മുന്നേറ്റം ഉണ്ടാകുന്നതും ആര്‍.എസ്.യു (RSU), റയട്ടു കൂലി സംഘം, സിംഘര്‍ണി ഖനി തൊഴിലാളി സംഘം, അധ്യാപക യൂനിയന്‍, APCLC അടക്കമുള്ള മറ്റു സിവില്‍ സൊസൈറ്റി സംഘടനകളും രൂപംകൊണ്ട വിശാല ആന്ധ്രയിലേക്ക് പ്രസ്ഥാനം ആഴത്തിലിറങ്ങി ചെല്ലുന്നതും തുടര്‍ന്ന് തമിഴ്നാട്ടിലേക്കും കര്‍ണാടകയിലേക്കും മഹാരാഷ്ട്രയിലേക്കും ഒക്കെ വ്യാപിക്കുന്നതും.
റയട്ടു കൂലി സംഘത്തിന്‍റെ വാറങ്കല്‍ സമ്മേളനത്തില്‍ 12 ലക്ഷം പേര്‍ പങ്കെടുത്തതായി ഔദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഒപ്പം ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി പിടിച്ചെടുത്ത് ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യപ്പെടുകയുമുണ്ടായി. എന്നാല്‍, 2000ത്തിനു ശേഷം ആന്ധ്രപ്രദേശിലുണ്ടായ അതിരൂക്ഷമായ അടിച്ചമര്‍ത്തലിനെ തുടര്‍ന്ന് ആദ്യം നല്ലമല പ്രദേശത്തുനിന്നും പിന്നീട് തെലങ്കാന മേഖലയില്‍നിന്നും പിന്‍വാങ്ങേണ്ടുന്ന സാഹചര്യം വിപ്ലവപ്രസ്ഥാനത്തിനുണ്ടായി.
സല്‍വാജുദൂം പോലെയുള്ള ഭരണകൂടവേട്ട വന്‍തിരിച്ചടിക്ക് കാരണമായില്ലേ?
’80 മുതല്‍ സജീവമായ ബസ്തറിലെ ജനകീയ മുന്നേറ്റം 2000ത്തിന്‍റെ തുടക്കത്തില്‍ നൃശംസമായ ആദിവാസിവേട്ടയുടെ ഭാഗമായ സല്‍വാജൂദൂം എന്ന പേരിലുള്ള ഭരണകൂടവേട്ടയെ തുടര്‍ന്ന്, നീണ്ടവര്‍ഷങ്ങളോളം തുടര്‍ച്ചയായി സാധാരണ ജനജീവിതംപോലും നിശ്ചലമായി. ഇതിനുശേഷം കെട്ടഴിച്ചുവിട്ട സംയുക്തസേനകളുടെ ഏകോപനത്തോടെയുണ്ടായ ‘ഓപറേഷന്‍ ഗ്രീന്‍ ഹണ്ടി’ലെ വിവിധ ഘട്ടങ്ങളും സമീപകാലത്തെ ‘ഓപറേഷന്‍ കഗാറും’ പോരാടുന്ന ജനങ്ങള്‍ക്കെതിരായ സമ്പൂര്‍ണ (all out) യുദ്ധമായിരുന്നു.
സമാനമായ പുനഃസംഘടനാ പ്രക്രിയയും വിവിധ ഘട്ടങ്ങളിലായുള്ള അടിച്ചമര്‍ത്തലുകളും ബിഹാര്‍, ഝാര്‍ഖണ്ഡ് കേന്ദ്രീകരിച്ചും നടന്നുവന്നിരുന്നു. ഈ വിധത്തില്‍ ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ഒട്ടു മൊത്ത ചരിത്രം മുന്നേറ്റങ്ങളുടെ മാത്രമല്ല, തിരിച്ചടികളുടേതും കൂടിയാണ്. അടിസ്ഥാന പ്രശ്നം തിരിച്ചടികളില്‍നിന്ന് നമ്മള്‍ പാഠങ്ങള്‍ ഉൾക്കൊള്ളുന്നുണ്ടോ എന്നതാണ്. പാരിസ് കമ്യൂണിന്‍റെ അനുഭവപാഠങ്ങളില്‍നിന്നാണ് (1905ലെ പരാജയത്തില്‍നിന്നും) 1917ലെ ഒക്ടോബര്‍ വിപ്ലവമുണ്ടാകുന്നത്. ചിയാങ് കാങ് മേഖലയിലെ ചുറ്റിവളയല്‍ അടിച്ചമര്‍ത്തലിനെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ ശേഷിയെ സംരക്ഷിക്കാനായി നടത്തിയ പിന്‍വാങ്ങലാണ് മഹത്തായ ലോങ് മാര്‍ച്ച് ആയത്.
അഞ്ചില്‍ നാലു ഭാഗം നഷ്ടമായിട്ടും ഇതിന്‍റെ പാഠങ്ങളില്‍നിന്നാണ് താവള പ്രദേശങ്ങളുണ്ടാകുന്നതും അവസാനം ജനകീയ ചൈന സാക്ഷാത്കരിക്കപ്പെടുന്നതും. പിന്നീടുള്ള ചരിത്രം ഇതില്‍നിന്നുപോലും വ്യത്യസ്തമാണ്. ലോക വിപ്ലവ കേന്ദ്രങ്ങളായ സോവിയറ്റ് യൂനിയനും ജനകീയ ചൈനയുമെല്ലാംതന്നെ പ്രതിവിപ്ലവ കേന്ദ്രങ്ങളായി എന്ന തിരിച്ചറിവില്‍ നിന്നുതന്നെയാണ് ’70കളുടെ ഒടുക്കം മുതല്‍ പുതിയ മാവോവാദി മുന്നറ്റങ്ങള്‍ക്കു തുടക്കം കുറിക്കപ്പെട്ടത്. ആവര്‍ത്തനവിരസമാണെങ്കിലും പർവതങ്ങളെ നീക്കം ചെയ്യാന്‍ ശ്രമിക്കുന്ന വൃദ്ധന്‍റെ ആ പഴയ കഥ ഇപ്പോഴും പ്രസക്തമാകുന്നതിന്‍റെ പശ്ചാത്തലം ഇതാണ്.
ഈ സമയത്ത് മുതലാളിത്തം അതിന്‍റെ വളര്‍ച്ച ദ്രുതഗതിയില്‍ തുടരുകയല്ലേ?
ശരിയാണ്. മറുവശത്ത് ഒരു വ്യവസ്ഥിതി എന്ന നിലയില്‍ കഴിഞ്ഞ മൂന്നു നൂറ്റാണ്ടിലെ മുതലാളിത്തത്തെ പരിശോധിച്ചാല്‍ അങ്ങേയറ്റം ദാരുണമായ ചരിത്രമാണ് നമ്മുടെ മുന്നിലുള്ളത്. തൊഴിലാളി വര്‍ഗം അതിന്‍റെ അസ്തിത്വം തിരിച്ചറിഞ്ഞ 1848ല്‍ തന്നെ അതിന്‍റെ എല്ലാവിധ ലിബറല്‍ മുഖം മൂടിയും അഴിച്ചു വെച്ച് പിന്തിരിപ്പന്‍ മതാധിപത്യവുമായി കണ്ണിചേര്‍ന്ന് അതിന്‍റെ അടിസ്ഥാന നിലപാടുകളായ സ്വാതന്ത്ര്യവും (Liberty) സാഹോദര്യവും (Fraternity) കൈയൊഴിയുകയും സമത്വ (equality) മെന്നതിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തു. 20ാം നൂറ്റാണ്ടിന്‍റെ തുടക്കത്തോടെ അങ്ങേയറ്റം ജീര്‍ണിച്ച ഫിനാന്‍സ് മൂലധന രൂപം ആര്‍ജിച്ച് ദരിദ്ര രാജ്യങ്ങളെയും ജനങ്ങളെയും പഴയതും പുതിയതുമായ കൊളോണിയല്‍ കൊള്ള രൂക്ഷമാക്കി.
അപരിഹാര്യമായ സാമ്പത്തിക പ്രതിസന്ധിയില്‍ കൂപ്പുകുത്തികൊണ്ട് അങ്ങേയറ്റം ഹിംസാത്മകമായ വിധത്തില്‍ ഫിനാന്‍സ് മൂലധനത്തിന്‍റെ ദേശീയസങ്കുചിത മുഖമായ ഫാഷിസ്റ്റ് രൂപം കൈവരിച്ചു. മറ്റൊരു ധാര നവ കൊളോണിയല്‍ ചൂഷണവും നിയന്ത്രണവുമായ വിഭവ കൊള്ളയിലൂടെ തടിച്ചു കൊഴുത്തു. ട്രംപ്, പുട്ടിന്‍, ഷീ കാലത്ത് അങ്ങേയറ്റത്തെ കുത്തകവത്കരണവും മൂലധന കേന്ദ്രീകരണവുമായ അവസ്ഥയില്‍നിന്ന് ലോകത്തെമ്പാടും വിഭവ കൊള്ളക്കായുള്ള പ്രോക്സി യുദ്ധങ്ങളും ദേശരാഷ്ട്രങ്ങളിലേക്കുള്ള നേരിട്ട അധിനിവേശങ്ങളും വര്‍ണ, വംശവെറിയും നിറഞ്ഞ നവ ഫാഷിസ്റ്റ് രൂപം കൈവരിക്കുകയുണ്ടായി. സ്വകാര്യതപോലും (വ്യക്തിഗത വിവരങ്ങള്‍) വില്‍പന ചരക്കാവും വിധം അധഃപതിച്ച ഒന്നായി.
ഛത്തിസ്ഗഢിലേക്ക് തിരിച്ചു വരാം. സായുധ ചെറുത്തു നിൽപുകള്‍ എന്നു മുതലാണ് ആരംഭിക്കുന്നത്?
എണ്‍പതുകളില്‍ മാവോവാദികള്‍ വരുന്നതോടെയാണ് അവിടത്തെ സായുധ ഉയിര്‍ത്തെഴുന്നേല്‍പ്പിന് തുടക്കം കുറിക്കപ്പെടുന്നത് എന്ന മനസ്സിലാക്കല്‍ ഒരർഥത്തില്‍ ചരിത്രനിഷേധംകൂടിയാണ്. പാരിസിലെ ജനങ്ങളുടെ ഉയിര്‍ത്തെഴുന്നേൽപിന്‍റെ സമകാലികമായിതന്നെ ബസ്തറിലെ മുറിയ ഗോണ്ടുകള്‍ ബ്രിട്ടീഷ് കോളനി നയത്തിനെതിരെ സായുധ ഉയിര്‍ത്തെഴുന്നേൽപുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഒക്ടോബര്‍ വിപ്ലവത്തിനുമുമ്പേ തന്നെ 1910ല്‍ ഉയര്‍ന്നുവന്ന ഭൂംകല്‍ ഉയിര്‍ത്തെഴുന്നേല്‍പ് ഇന്നത്തെ ഛത്തിസ്ഗഢിലെ വിവിധ മേഖലകളിലേക്ക് മാത്രമല്ല തെലങ്കാനയിലേക്കും മഹാരാഷ്ട്രയിലേക്കും മധ്യപ്രദേശിലേക്കും ഒഡിഷയിലേക്കുമൊക്കെ വ്യാപിച്ചിരുന്നു.
46 ഉപജില്ലകള്‍ അസ്വസ്ഥ ബാധിത പ്രദേശങ്ങളായി കണക്കാക്കി രൂക്ഷമായ അടിച്ചമര്‍ത്തല്‍ കെട്ടഴിച്ചു വിട്ടു. ആദ്യഘട്ടത്തില്‍ ബ്രിട്ടീഷ് പട്ടാളത്തെ മുട്ടുകുത്തിക്കാന്‍ ഭൂംകല്‍ പോരാളികള്‍ക്ക് കഴിഞ്ഞു എന്നതിനാലാണ് അത് ഇന്ത്യന്‍ സ്വാതന്ത്ര സമര ചരിത്രത്തിലെ സുപ്രധാന അധ്യായമാകുന്നത്. ആഗോളീകരണ നയങ്ങള്‍ക്കുമുമ്പുതന്നെ ആരംഭിച്ച ഖനിജ സമ്പത്തുകളുടെ വിഭവകൊള്ളതന്നെയാണ് ചത്തിസ്ഗഢിലെ ജനകീയ ചെറുത്തുനിൽപിന്‍റെ അടിസ്ഥാനം.
ചെറുത്തുനില്‍പ് ശക്തമാകുന്നത് എപ്പോഴാണ്?
ആയിരക്കണക്കിന് ധാരണാ പത്രങ്ങളിലൂടെ ഇത് തീവ്രമായി. 2000 മുതല്‍ ചെറുത്തുനിൽപുകള്‍ ശക്തമാകുകയും ഇതിനെ അടിച്ചമര്‍ത്തുന്നതിന് ആണ് ഗ്രീന്‍ ഹണ്ടും പിന്നീട് കഗാറും ആരംഭിക്കുന്നത്. സൈനികമായി മേല്‍ക്കൈ സ്ഥാപിച്ചിട്ടും അംബാനിക്കും പോസ്കോ, വേദാന്ത, ഹിന്‍റാല്‍കോ, ടാറ്റ എന്നിവരുടെ വിഭവ കൈയേറ്റത്തിനെതിരായി ഈ മേഖലയിലെ ജനങ്ങളുടെ ചെറുത്തുനില്‍പുകള്‍ ശക്തമായി തുടരുകയാണ്.
ഛത്തിസ്ഗഢില്‍ മാത്രമല്ല വിവിധ സംസ്ഥാനങ്ങളിലും ഇത്തരം അടിച്ചമര്‍ത്തല്‍ ഭരണകൂടം ശക്തമാക്കിയിട്ടുണ്ടല്ലോ?
ഛത്തിസ്ഗഢിലെ (ഝാര്‍ഖണ്ഡിലെയും) കേന്ദ്രീകൃത അടിച്ചമര്‍ത്തലിന് മറ്റൊരു വശം കൂടിയുണ്ട്. ഇന്ത്യയിലെ മൊത്തം ഖനിജ സമ്പത്തിന്‍റെ പകുതിയോളം ഛത്തിസ്ഗഢ്, ഝാര്‍ഖണ്ഡ്, ഒഡിഷ, ബംഗാള്‍, ബിഹാര്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍നിന്നാണ്. ഈ സംസ്ഥാനങ്ങളിലാണ് ഇന്ത്യയിലെ വിപ്ലവപ്രസ്ഥാനം ശക്തമായി നിലനിന്നിരുന്നത്. ലക്ഷക്കണക്കിന് കോടി രൂപയുടെ നൂറുകണക്കിന് ധാരണപത്രങ്ങളിലൂടെ പോസ്കോയും വേദാന്തയും അദാനിയും ഹിന്‍റാല്‍കോയുമടക്കമുള്ള കുത്തകകള്‍ പതിനായിരക്കണക്കിന് ഹെക്ടര്‍ ആദിവാസി ഭൂമികളില്‍ ഖനനത്തിന് നിയമ വിരുദ്ധമായി അനുവാദം നേടിയെടുത്തിട്ടുണ്ട്.
വനനിയമങ്ങളുടെയും വനാവകാശ നിയമത്തിന്റെയും പട്ടിക പ്രദേശം എന്ന രീതിയിലുള്ള ഭരണഘടനാ സംരക്ഷണവും ‘പെസ’പ്രകാരമുള്ള ഗ്രാമസഭകളുടെ നിയമപരമായ അധികാരവുമൊക്കെ മറികടന്നാണ് നിര്‍ബന്ധിതമായ രീതിയില്‍ ബലപ്രയോഗത്തിലൂടെ അദാനിയടക്കമുള്ള കുത്തകകളുടെ നിയമ വിരുദ്ധ ഖനനം നടക്കുന്നത്. ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്റര്‍ വനമേഖലകളാണ് ഇതിന്‍റെ ഭാഗമായി ഇല്ലായ്മ ചെയ്യപ്പെടുന്നത്. മൊത്തം ഖനിജ സമ്പത്തിന്‍റെ 15 ശതമാനത്തോളം ഛത്തിസ്ഗഢും ഒമ്പത് ശതമാനത്തോളം ഝാര്‍ഖണ്ഡുമാണെന്നതും പുതിയ കാലത്തെ സെമികണ്ടക്ടര്‍ ഉപയോഗത്തിനുള്ള ക്രിട്ടിക്കല്‍ മിനറലുകളുടെ അനന്തസാധ്യതയും ഈ കുത്തകകളുടെ കുടിയൊഴിപ്പിക്കലിനും അധിനിവേശത്തിനും കാരണമാകുന്നു.
2013ല്‍ 274 സ്വകാര്യ മൈനിങ് കമ്പനികള്‍ക്ക് ഖനനത്തിന് അനുമതി നല്‍കിയിരുന്നുവെങ്കിലും ഇതില്‍ വിപ്ലവ ജനകീയ ചെറുത്തുനില്‍പുകളെ തുടര്‍ന്ന് ഭൂരിപക്ഷത്തിനും പ്രവര്‍ത്തനം സാധ്യമായിരുന്നില്ല. വിപ്ലവപ്രസ്ഥാനം ഏറ്റവും സജീവമായിരുന്നു എന്നു രേഖപ്പെടുത്തിയ 2008, 2009 കാലഘട്ടത്തില്‍ ഛത്തിസ്ഗഢ് സംസ്ഥാനത്തിന്‍റെ ഖനന നടപടികളില്‍നിന്നുള്ള വരുമാനം 1234 കോടി രൂപയും 1661 കോടി രൂപയുമായിരുന്നുവെങ്കില്‍ വിപ്ലവപ്രസ്ഥാനം ദുര്‍ബലമായതായി കണക്കാക്കപ്പെടുന്ന 2024, 2025 കാലഘട്ടത്തില്‍ അത് യഥാക്രമം 15,000 കോടിയും 16,692 കോടിയുമാണ്.
അദാനിയടക്കമുള്ള കുത്തകകള്‍ക്ക് നിയമവിരുദ്ധമായി അനുവദിച്ച ഒട്ടേറെ നികുതി ഇളവുകള്‍ക്കു ശേഷമാണ് ഇതെന്ന് ഓര്‍ക്കണം. ഓപറേഷന്‍ കഗാറിന്‍റെ വിജയ പശ്ചാത്തലത്തില്‍ 2025ല്‍ ഇന്ത്യയിലെ ഖനനമേഖലയിലെ സ്വകാര്യ നിക്ഷേപം പതിന്മടങ്ങ് വർധിക്കുകയും നിലവില്‍ 21.57 ബില്യൺ അമേരിക്കല്‍ ഡോളറായി മാറുകയും ചെയ്തു. ജനങ്ങള്‍ക്കെതിരായ അതിതീവ്ര യുദ്ധം കെട്ടഴിച്ചുവിടപ്പെടുമ്പോഴും ദന്തേവാഡയിലും കാങ്കറിലും കോര്‍ബിയിലും സര്‍ഗുജയിലും നിയാംഗിരിയിലുമൊക്കെ ആയിരക്കണക്കിനു ജനങ്ങള്‍ രണോത്സുകമായി പോരാട്ട വഴിയിലാണ് എന്നതാണ് വസ്തുത.
നമ്മള്‍ ഇത് പറയുന്ന സമയത്തുതന്നെ ഹസദിയോ അരാഡ് മേഖലയില്‍ നിയമവിരുദ്ധമായി പതിനായിരത്തോളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരായി ആബാലവൃദ്ധം ജനങ്ങളും ഉജ്ജ്വല പോരാട്ടത്തിലാണ്. ഒരുകൂട്ടം പ്രവര്‍ത്തകരുടെയും നേതാക്കളുടെയും അവസരവാദപരമായ കീഴടങ്ങല്‍ വാദത്തെ ആദിവാസി ജനത തള്ളിക്കളഞ്ഞത് സോണി-സോറി-സോനു സംവാദത്തില്‍ നമ്മള്‍ കണ്ടതാണ്. എവിടെ അടിച്ചമര്‍ത്തല്‍ ഉണ്ടോ? അവിടെ ജനങ്ങളുടെ പ്രതികരണമുണ്ടാകുമെന്ന പൊതുതത്ത്വം തന്നെയാണിത്.
ക്ലാസിക്കല്‍ മാര്‍ക്സിസത്തില്‍നിന്നും വ്യത്യസ്തമായി മാര്‍ക്സിസത്തെ പുതുതായി വായിക്കുന്ന സമീപനം പ്രധാനമായും അക്കാദമിക് ലോകത്ത് നടക്കുന്നുണ്ട്. അതിന് ബുദ്ധിജീവി സംവാദം എന്ന നിലയില്‍ സാധ്യതയുണ്ടെങ്കിലും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാകുമോ?
മറ്റൊരു സുപ്രധാന വസ്തുത മാർക്സിസം യൂറോ കേന്ദ്രീകൃതമായ ഒന്നാണെന്ന വിമര്‍ശനമാണ്. മാര്‍ക്സിസത്തെ എങ്ങനെ വായിക്കണമെന്നതാണ് പ്രശ്നം. മറ്റു ദര്‍ശനങ്ങളില്‍നിന്ന് മാര്‍ക്സിസം വേറിടുന്നത് അതൊരു ഡോഗ്മയല്ല എന്നതിലാണ്. എന്നിരുന്നാലും നിരവധി മാര്‍ക്സിസ്റ്റുകളും കമ്യൂണിസ്റ്റു പാര്‍ട്ടികളും വരെ മാര്‍ക്സിസത്തെ അവസരവാദപരമായി വരട്ടുതത്ത്വവാദത്തിന്‍റെ കാഴ്ചപ്പാടില്‍ അവതരിപ്പിക്കുന്നുണ്ട്.
19ാം നൂറ്റാണ്ടിലെ ആദ്യപകുതിയിലെ യങ്ങ് ഹെഗലിയന്‍മാരായ മാര്‍ക്സിനും ഏംഗല്‍സിനും ചരിത്രപരമായ പരിമിതികള്‍ കൊണ്ടുള്ള വിവര ദാരിദ്ര്യംമൂലം, സ്വഭാവികമായും യൂറോപ്പിന് പുറത്തുള്ള സാമൂഹിക, സാമ്പത്തിക ചലനങ്ങളെ വിശകലനം ചെയ്യുന്നതില്‍ ന്യൂനതകളുണ്ടായിട്ടുണ്ട് എന്നത് വസ്തുതയാണ്. യൂറോപ്യന്‍ മുതലാളിത്തത്തിന്‍റെ കടന്നുവരവിന്‍റെ ഭാഗമായി തദ്ദേശീയമായി തൊഴിലാളിവര്‍ഗം ഉദയംചെയ്യുന്നത് ഈ രാജ്യങ്ങളിലെ സാമൂഹിക മാറ്റത്തിൽ സുപ്രധാന പങ്കു വഹിക്കുമെന്നായിരുന്നു അന്നത്തെ കാഴ്ചപ്പാട്. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നടത്തിയ റെയില്‍വേ നിക്ഷേപത്തെയും അയര്‍ലൻഡിലെ വിപ്ലവമുന്നേറ്റത്തിന് ബ്രിട്ടീഷ് തൊഴിലാളി വര്‍ഗത്തിന്‍റെ മുഖ്യ പങ്ക് ഊന്നുന്നതിലുമൊക്കെ ഇത് മനസ്സിലാക്കാവുന്നതാണ്.
എന്നാല്‍, മാര്‍ക്സും ഏംഗല്‍സും പിന്നീടിത് തിരുത്തുന്നത് കാണാന്‍ കഴിയും. ‘മൂലധനം’ പ്രസിദ്ധീകരിക്കപ്പെട്ട് രണ്ടുവര്‍ഷത്തിനകംതന്നെ അയര്‍ലൻഡിനെക്കുറിച്ചുള്ള തന്‍റെ ധാരണകള്‍ തിരുത്തുന്നതായി മാര്‍ക്സ് എഴുതിയിരുന്നതായി കെവിന്‍ ആന്‍റേഴ്സനെ പോലെയുള്ളവര്‍ മാര്‍ക്സിന്‍റെ കുറിപ്പുകളെ വിശകലനം ചെയ്ത് വിവരിക്കുന്നുണ്ട്. അയര്‍ലൻഡിലെ ജനങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ് ബ്രിട്ടീഷ് മേധാവിത്വ വര്‍ഗത്തെ ദുര്‍ബലപ്പെടുത്തുമെന്നും ഇത് ബ്രിട്ടീഷ് തൊഴിലാളി വര്‍ഗ വിപ്ലവത്തെ സഹായിക്കുമെന്നും വിശദമാക്കുന്നുണ്ട്.
1872, 1875ലെ ഫ്രഞ്ച് ‘മൂലധന’ പതിപ്പില്‍ മുതലാളിത്തം പിന്നാക്ക പ്രദേശങ്ങളെ വികസിപ്പിക്കുമെന്ന കാഴ്ചപ്പാടിന്‍റെ ഭാഗമായ കേന്ദ്ര പുറം ഭാഗം (Center Periphery) കാഴ്ചപ്പാടുകള്‍ മാര്‍ക്സ് കൈയൊഴിയുന്നുണ്ട്. ഗോഥ പരിപാടിയുടെ വിമര്‍ശനത്തിലും (Critic of Godha Program) 1875ല്‍ എഴുതിയ പാരിസ് കമ്യൂണിന്‍റെ അനുഭവ പാഠ വിശകലനത്തിലും ഈ പുതിയ നിലപാടുകളുടെ പ്രതിഫലനം കാണാം. ഇതിനെ ഉറപ്പിക്കുന്നതാണ് 1882ല്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോക്ക് മാര്‍ക്സും ഏംഗല്‍സും എഴുതിയ മുഖവുര. ഇതില്‍ കൂടുതല്‍ സാമൂഹിക അടിസ്ഥാനത്തിലുള്ള റഷ്യന്‍ കര്‍ഷക ഗ്രാമ സമുദായങ്ങള്‍ വിപ്ലവ മാറ്റം ഉണ്ടാക്കിയെടുക്കുന്നതിനു സഹായകമാകുന്നുവെന്ന് വിലയിരുത്തിയിരുന്നു.
മാര്‍ക്സിന്‍റെ അവസാന കാലത്ത് റഷ്യന്‍ കര്‍ഷക സമുദായത്തെക്കുറിച്ചും ഇവിടങ്ങളിലെ സാമുദായിക ഉടമസ്ഥതയിലുള്ള സ്വത്തു ബന്ധങ്ങളെക്കുറിച്ചും ആഴത്തില്‍ പഠനം നടത്തിയ കേവിലേവിസ്കിയുമായും അമേരിക്കന്‍ നരവംശ പണ്ഡിതനായ ലൂയി മോര്‍ഗനുമായും വളരെയടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.
1880-1881 കാലത്ത് മോര്‍ഗനുമായുള്ള ആശയവിനിമയത്തിന്‍റെ ഭാഗമായി തയാറാക്കിയിരുന്ന കുറിപ്പുകളുടെ ഒരു ഭാഗമാണ് ഏംഗല്‍സ് അദ്ദേഹത്തിന്‍റെ ‘കുടുംബം സ്വകാര്യസ്വത്ത് ഭരണകൂടം’ എന്ന ക്ലാസിക് കൃതിക്ക് അടിസ്ഥാനമാക്കിയത്. 1879, 1882 കാലത്തായി മാര്‍ക്സ് എഴുതിയതായി കണക്കാക്കപ്പെടുന്ന ‘എത്തനോളജിക്കല്‍ നോട്ട്ബുക്ക്’ യൂറോപ്പിനു പുറത്തുള്ള സമൂഹങ്ങളെക്കുറിച്ചുള്ള പഠനമായിരുന്നു. തീര്‍ച്ചയായും ഇത് യൂറോപ്പിനു പുറത്തുള്ള മൂലധന വ്യാപനത്തിന്‍റെ സൂക്ഷ്മ വശങ്ങളാണ് എന്നുപറയാം. ഈ വിധത്തില്‍ മുന്‍കാലങ്ങളിലെ ആശയശാസ്ത്ര നിലപാടുകളിലെ കുറവുകള്‍ മാര്‍ക്സും ഏംഗല്‍സും നികത്തുന്നതു കാണാം. തുടര്‍ന്ന് ലെനിന്‍ ഈ പ്രശ്നത്തെ സൈദ്ധാന്തികമായും പ്രായോഗികമായും പരിശോധിക്കുന്നത് ഒക്ടോബര്‍ വിപ്ലവത്തിലൂടെയാണ്.
വികസിത തൊഴിലാളിവര്‍ഗം താരതമ്യേന കുറവുള്ളതും വിപുലമായ കര്‍ഷക ജനസാമാന്യമുള്ളതുമായ ‘യൂറോപ്പിലെ രോഗി’ എന്നറിയപ്പെട്ട റഷ്യയില്‍ തൊഴിലാളി കര്‍ഷക സഖ്യത്തിലൂടെ ഒക്ടോബര്‍ വിപ്ലവം പൂര്‍ത്തീകരിക്കപ്പെട്ടത് മുമ്പുന്നയിച്ച ആധുനിക തൊഴിലാളി വർഗമുള്ളയിടത്തേ വിപ്ലവം സാധ്യമാകുകയുള്ളൂ എന്ന വരട്ടുതത്ത്വവാദത്തിനുള്ള മറുപടിയായിരുന്നു.
മാവോയുടെ മാര്‍ഗം മറ്റൊന്നായിരുന്നില്ലേ?
മാവോ സേതുങ് വിപ്ലവപാത സ്വീകരിക്കുന്നതിലും വിപ്ലവാനന്തര പുനര്‍നിര്‍മാണത്തിലും വ്യവസ്ഥാപിതമായ യൂറോ കേന്ദ്രീകൃത നിലപാടുകള്‍ നിരാകരിക്കുക മാത്രമല്ല സോവിയറ്റ് മാതൃകയുടെ രീതികള്‍ കൈയൊഴിയുകയുമുണ്ടായി. സോവിയറ്റ് യൂനിയനില്‍നിന്ന് പഠിക്കുകയും അതിനെ നിരാകരിക്കുകയും ചെയ്യുന്നതിലൂടെയാണ് ചൈനീസ് വിപ്ലവം വിജയിപ്പിക്കാനാകുകയുള്ളൂ എന്ന നിലപാട് ആശയശാസ്ത്രപരവും പ്രായോഗികവുമായി സ്ഥാപിച്ചെടുത്തതായിരുന്നു 1949 ല്‍ ജനകീയ ചൈന സാധ്യമാക്കിയത്.
സാമ്രാജ്യത്വ മൂലധനത്തിനോട് ആശ്രിതത്വം പുലര്‍ത്തുന്ന കൊളോണിയല്‍, അർധ കൊളോണിയല്‍ മുതലാളി വർഗത്തിന്‍റെ വർഗ സ്വഭാവം ദല്ലാള്‍ എന്നു വിലയിരുത്തി തൊഴിലാളി വര്‍ഗ നേതൃത്വത്തില്‍ കര്‍ഷക പെറ്റിബൂര്‍ഷ്വാ, ദേശീയ ബൂര്‍ഷ്വാ വിഭാഗങ്ങളുമായി ഐക്യപ്പെട്ടുകൊണ്ടുള്ള നാലു വര്‍ഗ ഐക്യമുന്നണിയിലൂടെ പുത്തന്‍ ജനാധിപത്യവിപ്ലവ പദ്ധതി അവതരിപ്പിച്ചത് യൂറോ കേന്ദ്രീകൃ വരട്ടുതത്ത്വ മാര്‍ക്സിസത്തെ കൈയൊഴിയലായിരുന്നു. മാര്‍ക്സിനും ലെനിനും തുടര്‍ച്ചയായി വിപ്ലവ കേന്ദ്രം പടിഞ്ഞാറു നിന്ന് കിഴക്കോട്ട് മാറിയെന്നായിരുന്നു ഇതിനെ മാവോ വിശകലനം ചെയ്തത്.
വിപ്ലവാനന്തര പുനര്‍നിര്‍മാണത്തില്‍ സോവിയറ്റ് വികസന മാതൃകയില്‍നിന്ന് മാവോ വിച്ഛേദനം നടത്തുന്നുണ്ട്. ഇവിടെ വെച്ച് മാവോ നിശിതമായി സ്റ്റാലിനെ വിമര്‍ശിക്കുന്നുണ്ട്. സോഷ്യലിസ്റ്റ് പുനര്‍ നിർമാണ പ്രക്രിയയില്‍ സ്റ്റാലിന്‍ സാങ്കേതികവിദ്യക്കും വിദഗ്ധ കേഡര്‍മാര്‍ക്കുമാണ് ഊന്നല്‍ കൊടുക്കുന്നതെന്നും രാഷ്ട്രീയത്തിനും ബഹുജനങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്നില്ലെന്നും വിമര്‍ശിക്കുന്നു.
അതേപോലെ ഉൽപാദന ബന്ധങ്ങളെക്കുറിച്ചു മാത്രം സംസാരിക്കുകയും ഉപരിഘടനയെപ്പറ്റിയോ ഉപരിഘടനയും സാമ്പത്തിക അടിത്തറയും തമ്മിലുള്ള ബന്ധത്തെപ്പറ്റിയോ സംസാരിക്കുന്നില്ല എന്ന നിലപാടു മുന്നോട്ടുവെച്ചു. ഈ വിധത്തില്‍ ആശയപരമായും പ്രായോഗികമായും മാര്‍ക്സിസം വരട്ടുതത്ത്വവാദ നിലപാടുകളോട് വേര്‍പെടുകയുണ്ടായിട്ടുണ്ട് എന്നും ഇന്ത്യയിലെ വിപ്ലവമുന്നേറ്റത്തിനേറ്റ തിരിച്ചടി ഈ വിധം പിന്നാക്ക-മുന്നാക്ക പ്രശ്നമല്ലെന്നും വളരെ ഗൗരവവും സൂക്ഷമവുമായ വിശകലനം ആവശ്യപ്പെടുന്നതാണെന്നുമാണ് ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.