ആകാശവാണിയിലൂടെ പ്രക്ഷേപണ നാടകത്തിന്റെ തലക്കുറിതന്നെ മാറ്റിയെഴുതിയ കെ.വി. ശരത് ചന്ദ്രൻ 34 വർഷം നീണ്ട സർഗാത്മകജീവിതത്തിനുശേഷം വിരമിച്ചിരിക്കുന്നു. അദ്ദേഹം റേഡിയോയെക്കുറിച്ച്, നാടകങ്ങളെക്കുറിച്ച്, തന്റെ സർവിസ് ജീവിതത്തെക്കുറിച്ചുമെല്ലാം തുറന്നു സംസാരിക്കുന്നു.
‘‘കാണുക കടലിനെ കൺചിമ്മാതെ’’ എന്നാണ് ചലച്ചിത്രകാരന്മാർ അവരുടെ സിനിമകളിലൂടെ പറയുക... എന്നാൽ ‘‘കാൺക കടലിനെ കൺതുറക്കാതെ’’ എന്നാണ് യഥാർഥ റേഡിയോ നാടകകാരൻ അവരുടെ നാടകങ്ങളിലൂടെ പറയാതെ പറയുന്നത്. സിനിമയിൽ നമുക്ക് കടലിനെ കാണാം എന്നേയുള്ളൂ... റേഡിയോ നാടകത്തിൽ കടലിനെ കൺതുറക്കാതെ നമുക്ക് കാണാം. അനുഭവിക്കാം. ഇവിടെ ഉപ്പുരസം ചുണ്ടിൽ പകർന്നു കടൽക്കാറ്റുകൾ ചീറി കടന്നുപോയെന്ന് വരാം... ഇവിടെ കടൽ കാക്കകൾ നിങ്ങളുടെ അടഞ്ഞ കണ്ണുകൾക്ക് തൊട്ടുമുന്നിലൂടെ ചിറകുരസ്സി, പറന്നു കടന്നുപോയെന്നും വരാം.’’
ഇങ്ങനെ 2013ൽ റേഡിയോ നാടകത്തെക്കുറിച്ച് ഒരു ആനുകാലികത്തിൽ ലേഖനമെഴുതിയ ഒരാൾ 2026ൽ ‘കാൺക കടലിനെ കൺതുറക്കാതെ’ എന്ന ശീർഷകത്തിൽത്തന്നെ ഒരു റേഡിയോ നാടകമെഴുതി സംവിധാനം ചെയ്യുന്നു... അത് കലാപരമായി മികവുറ്റ നാടകമാവുന്നു... ജനങ്ങളേറ്റെടുക്കുന്നു... പ്രക്ഷേപണ നാടകത്തിന്റെ തലക്കുറി തന്നെ മാറ്റിയെഴുതിയ ആ പ്രതിഭാധനൻ ഇക്കഴിഞ്ഞ മാസം ആകാശവാണിയിലെ ഉന്നത പദവിയിൽനിന്ന് വിരമിച്ചു. 34 വർഷം നീണ്ടസർഗാത്മകവും ജനകീയവുമായ ആ പ്രക്ഷേപണ ജീവിതത്തിന് പേര് കെ.വി. ശരത് ചന്ദ്രൻ.
ഭരണകൂട മാധ്യമങ്ങളിലെ കലാകാരൻമാർ, മാനുഷികതയിലൂന്നിയുള്ള ഭരണകൂടവിരുദ്ധ സൃഷ്ടികൾ ചട്ടവിരുദ്ധമായി ഒളിച്ചുകടത്തുന്നത്, ചരിത്രത്തിൽ പലയിടത്തും ദൃശ്യമായ സർഗാത്മക പ്രക്രിയയാണ്... ഭരണകൂടം എത്ര ജാഗ്രത്തായാലും ഈ ഒളിച്ചുകടത്തൽ എളുപ്പത്തിൽ തിരിച്ചറിയാനാകണമെന്നില്ല.
പൗരാവകാശങ്ങളും ആവിഷ്കാര സ്വാതന്ത്ര്യവും ഉൾപ്പെടെയുള്ള മൗലികാവകാശങ്ങൾക്ക് ആസൂത്രിത നിയന്ത്രണമേർപ്പെടുത്തുന്ന ഇക്കാലത്ത് സർക്കാറിന്റെ ഔദ്യോഗിക മാധ്യമങ്ങളിൽ ഒരുകലാകാരന് പ്രവർത്തിക്കാൻ ഏറെ പരിമിതികളുണ്ട്. അങ്ങനെയുള്ള കാലത്ത് ആകാശവാണിയുടെ അകം, നാടകമടക്കമുള്ള പരിപാടികൾകൊണ്ട് പുതുക്കിപ്പണിത കലാകാരനാണ് കെ.വി. ശരത് ചന്ദ്രൻ.
ഒരുപക്ഷേ, ഓൾ ഇന്ത്യ റേഡിയോ എന്ന ഈ പ്രക്ഷേപണ സംവിധാനത്തിൽ സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളെ ഒളിച്ചുകടത്തി ആകാശവാണിയെ ജീവസ്സുറ്റതാക്കിയ പ്രക്ഷേപകരുടെ കേരള മാതൃകയാണ് ശരത് ചന്ദ്രന്റെ മൂന്നുപതിറ്റാണ്ട് നീണ്ട റേഡിയോ നാടക ജീവിതം. നിരന്തരവും നിസർഗസുന്ദരവുമായ പരീക്ഷണങ്ങളിലൂടെ ക്ഷയോന്മുഖമായ റേഡിയോ ശ്രവണവ്യവസ്ഥയുടെ അതിജീവനത്തിനു വേണ്ടി മൂന്നരപ്പതിറ്റാണ്ടോളം നീണ്ടുനിന്ന തന്റെ ഔദ്യോഗിക ജീവിതത്തിൽ നടത്തിയ ശ്രമങ്ങൾ രേഖപ്പെടുത്തേണ്ടതുണ്ട്. റേഡിയോയുടെയും റേഡിയോ നാടകത്തിന്റെയും, ചരിത്രത്തെക്കുറിച്ചും, മാധ്യമമെന്ന നിലയിൽ അത് നേരിട്ട പ്രതിസന്ധികളെക്കുറിച്ചും, അത് മറികടക്കാനുള്ള അതിജീവന ശ്രമങ്ങളെക്കുറിച്ചും, റേഡിയോയുടെ ഭാവിയെക്കുറിച്ചും അദ്ദേഹം പങ്കുവെച്ച നിരീക്ഷണങ്ങൾ ഇങ്ങനെ...
ശബ്ദം ഏറ്റവും വലിയ ജനാധിപത്യ മാധ്യമം
കനേഡിയൻ മാധ്യമ ചിന്തകനായ മാർഷൽ മക് ലൂഹന്റെ മാധ്യമചിന്തകൾ, ശബ്ദം വഴിയുള്ള വിനിമയത്തെ, അതിന്റെ സവിശേഷ പ്രാധാന്യത്തെ പരാമർശിക്കുന്നുണ്ട്. ആദിമമനുഷ്യന്റെ ആദ്യ മാധ്യമംതന്നെ ശബ്ദമാണ്. പരസ്പരം കമ്യൂണിക്കേറ്റ് ചെയ്തത് ശബ്ദവൈവിധ്യങ്ങളിലൂടെയാണ്. ശബ്ദസന്ദേശങ്ങളിലൂടെയാണ്, മനുഷ്യഗോത്രങ്ങളിൽ വിനിമയം സാധ്യമായിരുന്നത്. ഈ വിനിമയരീതിക്ക് വിവേചനങ്ങളും അതിർവരമ്പുകളുമില്ലായിരുന്നു. അതേസമയം ഏറ്റവും സുതാര്യവുമായിരുന്നു. അച്ചടിയും അക്ഷരവിദ്യയും പ്രാബല്യത്തിൽ വന്നതോടെയാണ് ഈ വിനിമയ വ്യവസ്ഥ അട്ടിമറിക്കപ്പെടുന്നത്. ഭാഷണത്തിലും ശ്രവണത്തിലും ഊന്നിയിരുന്ന വിനിമയം പതിയെ ദൃശ്യാത്മകമായി. അച്ചടി വന്നതോടെ ആശയ കൈമാറ്റത്തിന്റെ വിസ്തൃതി കുറയുകയായിരുന്നു.
പരിമിതികൾ ഏറി. അക്ഷരവിദ്യ സ്വായത്തമാക്കിയവരും അല്ലാത്തവരും എന്നുള്ള രണ്ട് തട്ടുകൾ സൃഷ്ടിക്കപ്പെട്ടു. അത് സാമൂഹിക വിവേചനങ്ങളെ കൂടുതൽ കരുത്തുറ്റതാക്കി. അക്ഷരം തൊട്ടുകൂടാത്തവനെയും കൂടാവുന്നവനെയും സൃഷ്ടിച്ചു. കാലാന്തരത്തിൽ പത്രം, ടെലിവിഷൻ എന്നിവ ജനാധിപത്യത്തിന് വിത്തിട്ടു എന്നുതോന്നാമെങ്കിലും അടിസ്ഥാനതലത്തിൽ കുറെ ദോഷങ്ങളും ചെയ്തിട്ടുണ്ട്. ശബ്ദത്തിന്റെ വിശാലമായ പ്രയോഗതലങ്ങൾ അറിയുന്ന ആൾക്കുമാത്രമേ അതിന്റെ ആഴം മനസ്സിലാക്കാൻ കഴിയൂ.
മാർഷൽ മക്ലൂഹൻ ഗോത്രസമൂഹങ്ങൾക്കകത്തെ പൊതു ആശയവിനിമയവ്യവസ്ഥയെ കുറിച്ച് പഠിച്ചിരുന്നു. അക്ഷര സംസ്കാരം ഉരുത്തിരിഞ്ഞുവരുന്നതോടെ പൊതു വിനിമയ വ്യവസ്ഥ കുറയുകയാണുണ്ടായത് എന്ന് അദ്ദേഹം ദർശിക്കുന്നുണ്ട്. അക്ഷരവിദ്യയുടെ സാങ്കേതിക വിസ്ഫോടനമായ അച്ചടിയന്ത്രം പതിനഞ്ചാംനൂറ്റാണ്ടിന്റെ രണ്ടാം പാതിയിലാണ് യാഥാർഥ്യമാകുന്നത്. അതോടെ ശബ്ദം എന്ന മാധ്യമത്തേക്കാൾ സ്വീകാര്യത കാഴ്ച എന്ന ഇന്ദ്രിയാനുഭവത്തിന് കൈവന്നു എന്നാണ് മക്ലൂഹൻ 1962ൽ പ്രസിദ്ധീകരിച്ച ‘The Gutenberg Galaxy’ എന്ന ഗ്രന്ഥത്തിൽ നിരീക്ഷിക്കുന്നത്. അനിവാര്യമായ സാങ്കേതിക വിപ്ലവത്തിൽ സ്വാഭാവികമായ പരിണാമമെന്ന് പറയാമെങ്കിലും റേഡിയോയുടെ തിരിച്ചുവരവ്, ആ കാലത്തെ തിരിച്ചുപിടിക്കുകകൂടിയാണ് ചെയ്യുന്നത് എന്ന് കാണാനാകും.
ശബ്ദനാടകത്തിന് തിരശ്ശീല ഉയരുന്നു
ശബ്ദനാടകങ്ങൾക്ക്, സുദീർഘമായ ചരിത്രമുണ്ട്. നീറോ ചക്രവർത്തിയുടെ സദസ്സുകളിൽ നാടകം വായിക്കപ്പെടുകയായിരുന്നു. നീറോ ചക്രവർത്തിയുടെ ഉപദേഷ്ടാവുകൂടിയായിരുന്ന സെനക്ക രാജസദസ്സിൽ വായിച്ചു കേൾപ്പിച്ച നാടകങ്ങളിൽ റേഡിയോ നാടക ചരിത്രം തുടങ്ങുന്നു എന്ന് കരുതുന്നവരുണ്ട്. എന്നാൽ, അതിനുമപ്പുറത്തുള്ള മനുഷ്യന്റെ ഗോത്രജീവിത സംസ്കാരത്തിലേക്ക് അതിന്റെ അടരുകളുണ്ടെന്ന് സൂചിപ്പിക്കുന്ന പഠനങ്ങളുമുണ്ട്. പ്രാക്തന ഗോത്രങ്ങളിലെ കഥ പറച്ചിലിലും പാട്ടിലും നൃത്തത്തിലും ശ്രവ്യനാടകത്തിന്റെയും അടിസ്ഥാനം കിടപ്പുണ്ട്.
ഭാഷണവും ശ്രവണവുമായിരുന്നു ഗോത്രജീവിതത്തിലെ മുഖ്യവിനിമയോപാധി. സംസാരിച്ചും കേട്ടും തിരിച്ചു സംസാരിച്ചും സംവദിച്ചിരുന്ന ഗോത്രകേന്ദ്രീകൃതവും ശ്രവണ പ്രധാനവുമായ വിനിമയവ്യവസ്ഥ അക്ഷരവിദ്യയും അച്ചടിസാങ്കേതികതയും പ്രാപ്യമായവർക്കുമാത്രം വിനിമയം സാധ്യമാകുന്ന, ദൃശ്യപ്രധാനമായ ഒന്നായിമാറുന്നു. ഈ മാറ്റത്തെ മക്ലൂഹൻ കാണുന്നത് Detribalise ചെയ്യപ്പെട്ട വ്യവസ്ഥയായാണ്. മനുഷ്യരാശിയെ അതിന്റെ ഗോത്രസമൂഹത്തിൽനിന്ന് ചിതറിച്ചുകളഞ്ഞ് വ്യക്തികേന്ദ്രീകൃതമാക്കുകയാണ് അക്ഷരവിദ്യയും, അച്ചടിവിദ്യയും ചെയ്തതെന്ന് മക്ലൂഹൻ കരുതുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം ഇലക്ട്രോണിക് മാധ്യമങ്ങളുടെ ആവിർഭാവമുണ്ടാകുന്നതുവരെ കണ്ണുകളെയും കാഴ്ചയെയും അവലംബിച്ചുനിൽകുന്ന ഈ വിനിമയവ്യവസ്ഥക്കായിരുന്നു ആധിപത്യം.
റേഡിയോയുടെ വരവ്
റേഡിയോയുടെ വരവോടെ അക്ഷരവിദ്യയെന്ന നിഗൂഢ ജ്ഞാനപദ്ധതിയിൽനിന്ന് പൊതുസമൂഹത്തിന്റെ വിനിമയവ്യവസ്ഥ സ്വതന്ത്രമാക്കപ്പെടുകയും ഭാഷണത്തിന്റെയും ശ്രവണത്തിന്റെയും ആദിമസ്രോതസ്സുകളിലേക്ക് മനുഷ്യവിനിമയം മടങ്ങിയെത്തുകയുമാണ്. ഈ സംക്രമണകാലത്തെ Retribalise ചെയ്ത വിനിമയകാലമായാണ് മക്ലൂഹൻ വിശേഷിപ്പിക്കുന്നത്. ഇവിടെ വിനിമയം ശ്രവണ-ഭാഷണ കേന്ദ്രീകൃതവും, സമൂഹത്തെ അഭിസംബോധന ചെയ്യുന്നതും ആയിത്തീരുന്നു. മനുഷ്യരാശിയെ ഗോത്രസമൂഹഘടനയിലേക്ക് പുനരാനയിക്കുന്ന വിനിമയവ്യവസ്ഥ, ആധുനിക ഇലക്ട്രോണിക് വിപ്ലവത്തിന്റെ പരിണതഫലമാണെന്ന കൗതുകകരമായ സംഗതികൂടിയുണ്ട്. പറയാനും കേൾക്കാനുമുള്ള മനുഷ്യന്റെ സ്വാഭാവിക പ്രേരണ ഇലക്ട്രോണിക് സാങ്കേതികവിദ്യയുടെ വികാസഘട്ടത്തിൽ, റേഡിയോയിലൂടെ പലമട്ടിൽ ആവിഷ്കൃതമാവുകയായിരുന്നു.
1920 മുതൽ 1940 വരെ 20 വർഷക്കാലം ഇംഗ്ലണ്ടിലും അമേരിക്കയിലും റേഡിയോയുടെ പ്രചാരം കൂടിക്കൂടിവന്നു. ലോകവ്യാപകമായി റേഡിയോ സമഗ്രാധിപത്യം നേടുന്നത് 1930-1960 കാലഘട്ടത്തിലാണ്. 1950ൽ ടെലിവിഷൻ പ്രചാരപ്പെട്ടുതുടങ്ങുന്നു. 1960 മുതൽ അമേരിക്കയിൽ റേഡിയോയുടെ പ്രചാരം കുത്തനെ കുറഞ്ഞുവന്നപ്പോഴും ബി.ബി.സിയുടെ വിവിധ ചാനലുകളിലൂടെ ഇംഗ്ലണ്ടിൽ റേഡിയോ, സജീവത നിലനിർത്തി. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ റേഡിയോ സാർവത്രികമാകാൻ കുറെക്കൂടി വൈകി. ശബ്ദത്തിന്റെ വിനിമയക്ഷമതയും സംവേദന സാധ്യതയും അടിസ്ഥാനമാക്കി റേഡിയോ പരിപാടികളിൽ വൈവിധ്യമുണ്ടായി.
റേഡിയോ നാടകം
വാർത്തകൾപോലുള്ള വസ്തുസ്ഥിതികഥനങ്ങളൊഴിച്ച് പ്രക്ഷേപണപ്രക്രിയയുടെ രണ്ട് അറ്റങ്ങളിലും ഭാവനയുടെ പ്രയോഗം അനുപേക്ഷ്യമാണെന്നുവന്നു. ഭാവനാത്മകത; പ്രക്ഷേപകനിൽനിന്നും ശ്രോതാവിൽനിന്നും ഒരുപോലെ ആവശ്യപ്പെടുന്ന കലാമാധ്യമ രൂപമായി റേഡിയോനാടകം ആവിർഭവിക്കുകയും പ്രചാരപ്പെടുകയും ചെയ്തു. ഭാവനാസങ്കൽപങ്ങളുടെ ഒരു ലോകം ശ്രോതാവിനു മുന്നിൽ റേഡിയോ നാടകകാരൻ വിരിച്ചിടുമ്പോൾ, ആ അനുഭവലോകം തീവ്രമായി പിടിച്ചെടുക്കാൻ കഴിയുന്ന സംവേദനക്ഷമത ശ്രോതാവിനും വേണമെന്നർഥം.
റേഡിയോയുടെ ആവിർഭാവത്തിനു മുമ്പ് വികസിച്ച ടെലിഫോൺ സാങ്കേതികവിദ്യയുടെ സഹായത്താൽ നേരിട്ട് രംഗനാടകങ്ങളുടെ ശബ്ദപഥം തൽസമയം ആസ്വാദകരിലെത്തിക്കുന്ന ഒരു സംവിധാനം ഇംഗ്ലണ്ടിലും അമേരിക്കയിലും ജനപ്രീതിയാർജിച്ചിരുന്നു. ഇടക്കാലത്ത്. തീയറ്ററോഫോൺ (Theatreo Phone, Electrophone) എന്ന് അറിയപ്പെട്ട ഈ സംവിധാനം ടെലിഫോൺ കമ്പനികളാണ് ഒരുക്കിയിരിക്കുന്നത്. ടെലിഫോൺ ഉപഭോഗം താരതമ്യേന കുറഞ്ഞ രാത്രികാലങ്ങളിൽ തങ്ങളുടെ സർവിസ് ലാഭകരമാക്കാൻ ടെലിഫോൺ കമ്പനികൾ കണ്ടുപിടിച്ച ഒരു വിപണനതന്ത്രമായിരുന്നു ഇത്.
1881ൽ ക്ലെമന്റ് അഡ്ർ കണ്ടുപിടിച്ച ഈ സംവിധാനം സ്റ്റീരിയോ ശബ്ദസംവിധാനത്തിൽ നാടകങ്ങളുടെയും ഓപറകളുടെയും എന്തിന് ക്രിസ്ത്യൻ ദേവാലയങ്ങളിലെ പ്രാർഥനകളുടെയും പോലും ശബ്ദപഥങ്ങൾ വരിക്കാർക്ക് ലഭ്യമാക്കിയിരുന്നു. 1895 മുതൽ ഇംഗ്ലണ്ടിൽ ധനാഢ്യർക്കിടയിൽ പ്രചാരം നേടിയ ഈ സംവിധാനം, റേഡിയോ പ്രചാരം നേടിക്കഴിഞ്ഞിട്ടും 1932 വരെ നിലനിന്നുപോന്നു. ഇന്ന് നാം മൊബൈൽഫോണുകളിൽനിന്ന് ഹെഡ്ഫോണുപയോഗിച്ച് പാട്ടുകൾ കേൾക്കുന്നത് പോലെ വ്യക്തികേന്ദ്രീകൃതമായ ഒരു ആസ്വാദനമാണ് ഇതിലൂടെ സാധ്യമായിരുന്നത്. പൊതുജനമാധ്യമം (Mass media) എന്നനിലയിൽ റേഡിയോ വ്യാപകമായപ്പോൾ തീയറ്ററോഫോൺ എന്ന താരതമ്യേന ചെലവുകൂടിയ ഈ വിനിമയോപാധി തിരോഭവിക്കുകയായിരുന്നു.
പരിമിതമായ ഇരിപ്പിട സൗകര്യമുള്ള നാടകശാലകളിൽ കയറിപ്പറ്റാൻ കഴിയാത്തവർക്ക് ആ നാടകത്തിന്റെ ശബ്ദമെങ്കിലും ലഭ്യമാക്കുക എന്ന ധർമമാണ് തീയറ്ററോഫോൺ സംവിധാനം പ്രാഥമികമായി നിർവഹിച്ചത്. ചലച്ചിത്ര ശബ്ദരേഖകൾ കേൾക്കാൻ ശ്രോതാക്കൾ യഥേഷ്ടം ഉണ്ടായിരുന്ന കാര്യം ഓർക്കുക. നാടകങ്ങൾ കേട്ടുകൊണ്ടിരുന്നവർ ഭാവനയിലൂടെ ആ നാടകങ്ങൾ കാണുകയായിരുന്നു. ഭാവനയുടെ അതിരുകൾക്ക് ആ നാടകങ്ങൾ അവതരിപ്പിക്കപ്പെട്ട രംഗവേദിയുടെ അത്ര വിസ്തീർണമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, റേഡിയോ നാടകങ്ങൾക്ക് അതിന്റെ മാധ്യമപരമായ സവിശേഷതകൊണ്ടും, ഭാവനാത്മകതകൊണ്ടും ആസ്വാദനത്തിൽ സ്ഥലകാലങ്ങളുടെ പരിമിതി അതിലംഘിക്കാനായി. പ്രക്ഷേപണത്തിന്റെ ആദ്യഘട്ടങ്ങളിൽ രംഗനാടകങ്ങളുടെ സൗണ്ട് ട്രാക് സംസ്കാരം പിൻപറ്റിയെങ്കിലും പിന്നീട് മാധ്യമസ്വത്വം തിരിച്ചറിഞ്ഞുകൊണ്ടുള്ള രചനകളുടെയും അവതരണങ്ങളുടെയും തുടർച്ചകൊണ്ട് റേഡിയോ നാടകം അതിന്റെ സ്വതന്ത്രവ്യക്തിത്വം സ്ഥാപിച്ചെടുത്തു.
ആദ്യ റേഡിയോ നാടകം
1922ൽ ബി.ബി.സിയിൽ ആദ്യ റേഡിയോ നാടകമായി പ്രക്ഷേപണം ചെയ്തത് CYRANO എന്ന ഓപറയിലെ ബാൽക്കണി രംഗമായിരുന്നു. 1924ൽ റേഡിയോ പ്രക്ഷേപണത്തിനുവേണ്ടി തയാറാക്കി സ്വതന്ത്രമായ ഒരു നാടകം ബി.ബി.സിയിൽ ആദ്യമായി അവതരിപ്പിച്ചു. റിച്ചാർഡ് ഹ്യൂസ് (Richard Huges) എഴുതിയ ‘കോമഡി ഓഫ് ഡെയ്ഞ്ചർ’ (Comedy of Danger) എന്ന നാടകമായിരുന്നു അത്. മാധ്യമ സ്വരൂപം തിരിച്ചറിഞ്ഞുകൊണ്ട്, റേഡിയോ പ്രക്ഷേപണം ഉദ്ദേശിച്ചുകൊണ്ടുമാത്രം രചനകളുണ്ടായ ഇക്കാലത്താണ് യഥാർഥ റേഡിയോ നാടക പ്രസ്ഥാനത്തിന്റെ അടിസ്ഥാന ശിലാസ്ഥാപനം നടക്കുന്നത് എന്നുപറയാം. റേഡിയോ നാടകം എന്ന് വ്യാപകമായി വിളിക്കപ്പെട്ട ശ്രവ്യനാടകരൂപം അതിന്റെ സ്വത്വനിർണയഘട്ടത്തിലൂടെ കടന്നുപോവുന്നത് സ്വതന്ത്രമായ റേഡിയോ നാടക രചനകളും അവയുടെ അവതരണങ്ങളും തുടരെ ഉണ്ടായപ്പോഴാണ്.
1925 മുതലിങ്ങോട്ട് 1950 വരെ, അമേരിക്കയിലും ഇംഗ്ലണ്ടിലും റേഡിയോ നാടക തരംഗങ്ങളാഞ്ഞുവീശി. വിശ്വ സാഹിത്യകൃതികളെത്രയോ റേഡിയോയിൽ നാടകരൂപാന്തരങ്ങളായി പുനരാവിഷ്കരിക്കപ്പെട്ടു. അതല്ലാതെത്തന്നെ അറിയപ്പെടുന്ന വിശ്വസാഹിത്യകാരൻമാരടക്കം ഒട്ടേറെ പ്രതിഭാശാലികൾ ഈ കലാമാധ്യമത്തിന് അനുയോജ്യമായ വിധത്തിൽ സ്വതന്ത്രമായ രചനകളിലൂടെ ഈ പ്രസ്ഥാനത്തെ സമ്പുഷ്ടമാക്കിതീർത്തു.
ഐറിഷ് നാടകകൃത്തായ സാമുവൽ ബക്കറ്റ്, ബ്രിട്ടീഷ് നാടകവേദിയിലെ ബർണാഡ് ഷാ, ഹാരോൾഡ് പിന്റർ, ആംഗലേയ കവി ഡിലൻ തോമസ്, ജർമൻ കവി ബെർതോൾഡ് ബ്രെഹ്ത് തുടങ്ങിയ എത്രയോ പ്രതിഭാശാലികൾ വിവിധ കാലഘട്ടങ്ങളിൽ റേഡിയോ നാടകം എന്ന കലാമാധ്യമത്തിലൂടെ ആവിഷ്കാരം തേടിയിട്ടുണ്ട്. സ്വീഡിഷ് സംവിധായക പ്രതിഭ ഇങ്മർ ബർഗ്മാൻ (Ingmar Bergman) റേഡിയോ നാടക സ്ക്രിപ്റ്റുകൾ എഴുതുന്നതിൽ താൽപര്യമെടുത്തിട്ടുണ്ട്. ഇരുപത്തഞ്ചോളം റേഡിയോ നാടകങ്ങളുടെ രചനയിലും, അവതരണത്തിലും അദ്ദേഹം ഭാഗഭാക്കായിട്ടുണ്ട്. 1945ൽ എഴുതിയ ‘Rabies’ എന്ന നാടകം മുതൽ 2004ലെ ‘Rosmersholm’ എന്ന നാടകം വരെ, ഇതിലുൾപ്പെടുന്നു.
ആവിഷ്കാരം റേഡിയോകളിൽ
ചലച്ചിത്രകാരൻമാരെയും എഴുത്തുകാരെയും ആകർഷിക്കാൻ പോന്ന മാധ്യമപരമായ എന്ത് സവിശേഷതയാണ് റേഡിയോനാടകങ്ങൾക്കുള്ളത് എന്ന ഒരന്വേഷണം, പലപ്പോഴും ഈ കലാരൂപത്തിന്റെ ഇന്ദ്രിയസംവേദനപരതയിലാണ് അലഞ്ഞുതിരിയാറുള്ളത്. റേഡിയോ എന്നത് ശ്രവ്യമാധ്യമമായിരിക്കെ, നാടകം പ്രദാനം ചെയ്യേണ്ട ദൃശ്യാനുഭവം എങ്ങനെ സാധ്യമാകും എന്ന ലളിതമായ സന്ദേഹത്തിൽനിന്നാണ് ഈ അന്വേഷണമാരംഭിക്കേണ്ടി വരുക. റേഡിയോ നാടകത്തിന് മനസ്സിന്റെ രംഗവേദി എന്നൊരു പേര് നൽകി ഈ സങ്കീർണ പ്രശ്നത്തെ മറികടക്കാൻ ശ്രമിക്കുന്നവരുണ്ട്. എന്നാൽ ലണ്ടനിലെ മാധ്യമ സൈദ്ധാന്തികനും ലണ്ടൻ യൂനിവേഴ്സിറ്റിയിലെ ഗോൾഡ് സ്മിത്ത് കോളജ് റേഡിയോ വകുപ്പ് അധ്യക്ഷനുമായ ടിം ക്രൂക് (Timkrook) ഊന്നിപ്പറയുന്നത് റേഡിയോ നാടകത്തിലെ ദൃശ്യാത്മകതയെക്കുറിച്ചാണ്.
ഭൗതികമായി ശ്രവ്യമാത്രമെന്ന് തോന്നുമെങ്കിലും മാനസികതലത്തിൽ അത് ഉളവാക്കുന്ന സംവേദനങ്ങൾ ദൃശ്യപ്രധാനമാണെന്നാണ് ടീം ക്രൂക് വാദിക്കുന്നത്). സാങ്കേതികമായി ശ്രവ്യമാധ്യമമാണ് റേഡിയോ. വിനിമയത്തിനുള്ള ഉപാധിയും ശ്രവ്യമാത്രമാണ്. ശബ്ദലേഖനത്തിനും ശബ്ദസന്നിവേശത്തിനും സാങ്കേതികതയെ അവലംബിക്കേണ്ടതുണ്ട്. നാടകം കേൾക്കുന്നതിന് റേഡിയോപോലുള്ള പ്രക്ഷേപണയന്ത്ര സംവിധാനവും വേണം. ഇങ്ങനെയുള്ള സാങ്കേതിക സംവിധാനം ശ്രവ്യമാത്ര സംവിധാനമെന്നുള്ളതുകൊണ്ടുമാത്രം ഭാവനയിൽ ദൃശ്യങ്ങളുൽപാദിപ്പിക്കുന്ന ശ്രവ്യനാടകത്തെ ഓഡിയോ മീഡിയമായി കാണരുത് എന്നാണ് ഈ വാദത്തിന്റെ പൊരുൾ.
കാഴ്ചയുള്ള ഒരാൾ ഭാവനലോകത്തുനിന്ന് സ്വരുക്കൂട്ടിയെടുക്കുന്ന, കണ്ണിനെയും കാഴ്ചയെയും ആധാരമാക്കിയുള്ള ദൃശ്യാനുഭവംപോലെത്തന്നെ ഭാവനാത്മക ദൃശ്യാനുഭവം എന്നൊരു അനുഭവതലംകൂടിയുണ്ട്. ഈ ഭാവനാത്മകദൃശ്യാനുഭവത്തെയാണ് സാഹിത്യവും റേഡിയോ നാടകങ്ങളും ഉദ്ദീപിപ്പിക്കുന്നത്. വായനയും ശ്രവണവും ഈ അനുഭവതലത്തിലൂടെയാണ്. ആസ്വാദനക്ഷമമാകുന്നത്. ഈ അനുഭവതലത്തെ ഉണർത്തി സജീവമാക്കുന്ന ദൃശ്യബിംബങ്ങൾ ഉള്ളടങ്ങിയതാവണം ഒരു മികച്ച റേഡിയോ നാടകത്തിന്റെ രചന. ഇതേ മട്ടിൽ ദൃശ്യവത്കരണത്തിനുതകുന്ന മട്ടിൽ അനുയോജ്യമാംവിധം പശ്ചാത്തലസംഗീതമൊരുക്കാനും സംഗീതേതര പശ്ചാത്തലശബ്ദങ്ങളൊരുക്കാനും ത്രാണിയുള്ളവനായിരിക്കണം അതിന്റെ സംവിധായകൻ. മികച്ച ഒരു സാഹിത്യകൃതി മനുഷ്യഭാവനയിൽ ശക്തവും തീവ്രവുമായ ദൃശ്യങ്ങൾ ഉൽപാദിപ്പിക്കുന്നതുപോലെ നല്ല റേഡിയോ നാടകങ്ങൾ ഭാവനക്ക് ദൃശ്യപരതയേകണം. റേഡിയോ പരിപാടികളുടെ കൂട്ടത്തിൽ ഭാവനാത്മകത ഏറെയുള്ള റേഡിയോ നാടകങ്ങൾ ഏറ്റെടുക്കേണ്ടതും ഈ ദൗത്യമാണ്.
എഴുത്തിന്റെ തുടക്കം
കഥകളിലാണ് എന്റെ എഴുത്തിന്റെ തുടക്കം. സ്കൂൾ, കോളജ് കാലത്തുതന്നെ കഥകൾ എഴുതി തുടങ്ങിയിരുന്നു. കോളജ് ജീവിതം കഴിഞ്ഞ് ബാങ്ക് ജീവിതത്തിലേക്ക് കടന്നു. പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിൽ മൂന്നുവർഷം ജോലിചെയ്താണ് 1992ൽ ആകാശവാണിയിലേക്ക് വരുന്നത്. കൊച്ചി നിലയത്തിലാണ് തുടക്കം.
അതിനുമുമ്പെ തന്നെ എൻ.വി. കൃഷ്ണവാര്യർ മാതൃഭൂമി പത്രാധിപരായിരിക്കെ ‘മാതൃഭൂമി’യിൽ ഇരിപ്പിടങ്ങൾ, ആഭേരി എന്നീ കഥകൾ പ്രസിദ്ധീകരിച്ചു. ഒഴിവുദിന ചിന്തകൾ എന്ന മറ്റൊരു കഥ ‘കഥാമാസിക’യിൽ പ്രസിദ്ധീകരിച്ചു. ‘ഭാഷാപോഷിണി’യിൽ എഴുതിയ ലേഖനത്തിൽ മീഡിയവൺ എഡിറ്ററും കഥാകൃത്തുമായ പ്രമോദ് രാമൻ ഉത്തരാധുനികതയുടെ തുടക്കം ഈ കഥയിൽനിന്നാണെന്നു നിരീക്ഷിച്ചിട്ടുണ്ട്. എല്ലാത്തിനോടും നിസ്സംഗത പുലർത്തുന്ന മനുഷ്യാവസ്ഥയാണ് ഈ കഥയിൽ പ്രതിപാദിക്കപ്പെടുന്നത്.
ഫ്ലാറ്റിലെ അയൽക്കാരി യുവതി നോക്കാൻ ഏൽപിച്ച കുട്ടിയെ നിർമമമായി നിരീക്ഷിക്കുന്ന കഥാനായകൻ. നോക്കുക എന്ന യാന്ത്രികത മാത്രമാണ് അയാളിലുള്ളത്. കുട്ടിയുടെ എല്ലാ ചലനങ്ങളും അയാൾ നോക്കിക്കാണുന്നു. കുട്ടി ഫ്ലാറ്റിന്റെ എട്ടാം നിലയിൽനിന്ന് താഴെ വീണ് മരിക്കുന്നു. അതും നിസ്സംഗമായി നോക്കിക്കണ്ട് രേഖപ്പെടുത്തുകയാണ് അയാൾ. കഥയിൽ സജീവമായിരിക്കെയാണ് മൂന്നര വർഷം നീണ്ടുനിന്ന ബാങ്ക് ജോലിയുപേക്ഷിച്ച് ആകാശവാണിയിലേക്കും റേഡിയോ നാടകത്തിലേക്കും വരുന്നത്. ജോലിയുടെ ഭാഗമായ റേഡിയോ നാടക നിർവഹണത്തിൽ എങ്ങനെ സർഗാത്മകതയും സൗന്ദര്യാത്മകതയും നിറക്കാമെന്നതിലായി പിന്നിടുള്ള ശ്രമങ്ങൾ.
ഗ്ലോബലൈസേഷൻ കാലം
’90കൾ എന്നുപറയുന്നത് രാഷ്ട്രീയമേഖലകളിൽ വലിയ വിഭജനം നടന്ന കാലമാണ്. സാംസ്കാരികതലങ്ങളിലും ഈ മാറ്റം പ്രകടമായി. ആഗോളവത്കരണത്തിന്റെ കാലഘട്ടത്തിൽ സാംസ്കാരിക രംഗത്തെ കുറിച്ച് ചർച്ചകൾ ഉയർന്ന സമയംകൂടിയാണ്. പൊതുമേഖലകളിൽ സ്വകാര്യ നിക്ഷേപം പ്രേത്സാഹിപ്പിക്കുന്ന സമയം. ആകാശവാണിപോലുള്ള വലിയ സംവിധാനത്തെ നിലനിർത്തുകയെന്നത് ലാഭകരമല്ല എന്ന് അധികൃതർ ചിന്തിക്കുന്ന സമയം. disinvestment സർക്കാർ നയമായി മാറുന്നു. സ്വകാര്യമേഖലയിൽ എഫ്.എം പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയ കാലംകൂടിയായിരുന്നു. ഏതായാലും ആകാശവാണി പഴയ രീതിയിൽ തുടരാൻ സാധ്യതയില്ല എന്ന് ഏതാണ്ട് ഉറപ്പിച്ച സമയമാണ് ’90കൾ.
പതിവ് വാർത്തകൾ, വയലും വീടും, ചലച്ചിത്രഗാനങ്ങൾ, സിനിമ ശബ്ദരേഖ, സാധാരണ നാടകങ്ങൾ പിന്നെ നിലയവിദ്വാന്മാരുടെ കലാപ്രകടനങ്ങൾ എന്നിവകൊണ്ട് നിറഞ്ഞുനിൽക്കുകയായിരുന്നു അതുവരെ ആകാശവാണി. ഈ മാധ്യമത്തിൽ ക്രിയേറ്റിവ് പരീക്ഷണങ്ങൾക്കൊന്നും ആരും തയാറായിരുന്നില്ല. ഭരണകൂട മാധ്യമമായതുകൊണ്ടുള്ള അനുസരണയും ഭീതിയും നിറഞ്ഞുനിന്ന കാലമാണ്. രാജാവിനേക്കാൾ രാജഭക്തിയുള്ള ഉദ്യോഗസ്ഥവൃന്ദം എല്ലാം നിരീക്ഷിച്ച് നിയന്ത്രിക്കുന്നു... മാധ്യമത്തിന് സർഗാത്മകത നഷ്ടമായപ്പോൾ സ്വാഭാവികമായി ജനകീയതയും കൈമോശം വന്നു.
ഭരണകൂട മാധ്യമമായതുകൊണ്ടുതന്നെ അധികൃതർ, ഉദ്യോഗസ്ഥരുടെ സ്വതന്ത്രബുദ്ധിയെയും അനുസരണയില്ലായ്മയെയും ഭയപ്പെടുകയും ചെയ്യുന്ന കാലമാണ്. ഭരണകൂട വിമർശനം തീർത്തും അസാധ്യമായിരുന്ന കാലമാണ്... സർഗാത്മക സൃഷ്ടികളിലെ ഭരണകൂട വിമർശനം, അചിന്ത്യമായ ഒന്നായിരുന്നു. രാജാവിനേക്കാൾ രാജഭക്തി പ്രകടിപ്പിക്കുന്ന ഇടനിലയിലുള്ള ഉദ്യോഗസ്ഥരാണ് യഥാർഥത്തിൽ കുഴപ്പക്കാർ. ക്രിയേറ്റിവിറ്റി എന്തെന്നറിയാത്ത ഇവർ ചട്ടം കാണിച്ച് ആവിഷ്കാരങ്ങളെ ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും. എന്റെ 34 വർഷത്തെ ആകാശവാണി ജീവിതത്തിൽ, ഭരണകൂട വിമർശ സ്വഭാവമുള്ള ഒട്ടേറെ പരിപാടികൾ, പ്രക്ഷേപണം ചെയ്തിട്ടുണ്ടെങ്കിലും, അത് പരോക്ഷവും പ്രച്ഛന്നവുമായതുകൊണ്ടാവാം എനിക്കെതിരെ ഭരണകൂടത്തിന്റെ വാൾ ഉയർന്നുതാണിട്ടില്ല. രാഷ്ട്രീയ സാമൂഹിക വിഷയങ്ങൾതന്നെയാണ് വിമർശനബുദ്ധ്യാ കൈകാര്യം ചെയ്തതെങ്കിലും കേവലമുദ്രാവാക്യങ്ങളല്ലാത്തതിനാൽ, പ്രകോപനപരമായിക്കാണില്ല.
ആകാശവാണിയിൽ ആരും അതിരുകവിഞ്ഞ് ആരെയും പ്രോത്സാഹിപ്പിക്കില്ല. നിങ്ങളുടെ ഇടം അവിടെ നിങ്ങൾതന്നെ കണ്ടെത്തേണ്ടിയിരിക്കുന്നു. അതിനുള്ള ടൂളാണ് ക്രിയേറ്റിവിറ്റി. ക്രിയേറ്റിവ് ആയ പലരും, അത് ആകാശവാണിക്കകത്ത് പ്രയോഗിച്ച് കാണാറില്ല... പരോക്ഷങ്ങളായ ഭരണകൂട വിമർശനങ്ങളാണ് എന്റെ നാടകങ്ങളേറെയും... സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളാണ് മിക്കതിന്റെയും പ്രമേയം. ആശയങ്ങളുടെ ഒളിച്ചുകടത്തലുകൾ സർഗാത്മകമായി വേണം നടത്താൻ എന്നതാണ്, ഞാൻ പരീക്ഷിച്ചറിഞ്ഞ ഒരു കാര്യം.
അതേ കാലത്ത് പിന്നീട് ഉണ്ടാകുന്നത് സ്വകാര്യവത്കരണമാണ്. പ്രക്ഷേപണ രംഗത്ത് ആദ്യഘട്ടത്തിൽ സ്വകാര്യമേഖലക്ക് മേൽക്കൈ വന്നു. അവർ അതുവരെ നിലനിന്നിരുന്ന മാനകഭാഷാശൈലിയെയും ഭാഷണശൈലിയെയും അട്ടിമറിച്ചാണ്, പുതുമ തേടിയത്: സ്വകാര്യ റേഡിയോയുടെ ടാർജറ്റ് ഗ്രൂപ്പ് യുവാക്കളായിരുന്നു . ഈ ടാർജറ്റ് ഗ്രൂപ്പിന് ഇഷ്ടമാകുന്ന ഈ ശൈലി പക്ഷേ സാമാന്യജനം, സ്വീകരിച്ചില്ല. അവർ തിരിച്ച് ആകാശവാണിയിലേക്കു തന്നെ വന്നു... ചില ഘട്ടങ്ങളിൽ ആകാശവാണി സ്വകാര്യമേഖലയുടെ അവതരണശൈലിയെ പിൻപറ്റാൻ ശ്രമിച്ചെങ്കിലും ആദ്യം ശ്രോതാക്കളും പിന്നീട് ആകാശവാണിതന്നെയും അതിനെ നിരാകരിച്ചു.
നാടകങ്ങൾ, അനുഭവങ്ങൾ
കൊച്ചി എഫ്.എമ്മിലായിരുന്നു ആദ്യനിയമനം. ആദ്യ ഘട്ടത്തിൽ ഡ്യൂട്ടി ഓഫിസറുടെ ഔദ്യോഗിക ചുമതലമാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീടാണ് സമകാലികം, ചിത്രതരംഗം തുടങ്ങിയ പരിപാടികൾ ഏറ്റെടുത്ത് ചെയ്യാൻ തുടങ്ങിയത്... റേഡിയോ നാടകരംഗത്ത് ശ്രദ്ധേയനായിരുന്ന സഹപ്രവർത്തകൻ എൻ.കെ. സെബാസ്റ്റ്യന്റെ സഹായി ആയിട്ടാണ് ആ ആദ്യം നാടകരംഗത്തു വരുന്നത്. സെബാസ്റ്റ്യൻ സർ വിരമിക്കുന്ന വേളയിൽ അദ്ദേഹത്തിന് സംവിധാനംചെയ്യാൻ ഗുരുദക്ഷിണ എന്നനിലയിൽ എഴുതിയ ശാന്തസമുദ്രം എന്ന നാടകത്തിലാണ് നാടക രചനയുടെ തുടക്കം.
2001ലാണ് അഖില കേരള റേഡിയോ നാടകോത്സവത്തിൽ,കൊച്ചിനിലയത്തിന്റെ എൻട്രിയായി ‘ശാന്തസമുദ്രം’ അവതരിപ്പിക്കുന്നത്. എയ്ഡ്സ് എന്ന മഹാമാരി ഭയാശങ്കകൾ വിതക്കുന്ന കാലമായിരുന്നു അത്... എയ്ഡ്സ് ബാധിതനായ ഒരു ധനാഢ്യനെക്കുറിച്ചുള്ള നാടകം എന്നതിലുപരി ആസന്ന മരണത്തിനു മുന്നിൽ നിൽക്കുന്ന മനുഷ്യന്റെ ആത്മ സംഘർഷങ്ങളുടെ ആവിഷ്കാരമായിരുന്നു ശാന്തസമുദ്രം. അനിതര സാധാരണമായ ശബ്ദസൗന്ദര്യംകൊണ്ട് അനുഗൃഹീതനായ ചലച്ചിത്ര നടൻ എൻ.എഫ്. വർഗീസായിരുന്നു മുഖ്യകഥാപാത്രത്തിന് ഭാവംപകർന്നത്. ആ വർഷത്തെ അഖില കേരള റേഡിയോ നാടകോത്സവത്തിൽ മിക്ക പുരസ്കാരങ്ങളും ശാന്തസമുദ്രത്തിന് ലഭിച്ചു. ദേശീയതലത്തിലും ഈ നാടകം പുരസ്കൃതമായി.
പിന്നീടാണ് റേഡിയോ നാടകമെന്നത് സാധ്യതകളുടെ, ഒരക്ഷയ ഖനിയായി, ഞാൻ സ്വയം തിരിച്ചറിയുന്നത്. സ്വന്തം രചനകൾക്ക് പുറമെ പി.എഫ്. മാത്യൂസ്, ഷിബു ചക്രവർത്തി, ഡോ. സി.ജെ. ജോൺ തുടങ്ങിയ പ്രമുഖരുടെ രചനകൾ ഞാൻ സംവിധാനം ചെയ്തു. റേഡിയോ നാടകത്തിൽ അന്ന് നിലനിന്നിരുന്നത് ചലനാത്മകതയില്ലാത്ത ഒരുതരം സെൻസിബിലിറ്റിയായിരുന്നു. പ്രമേയ സ്വീകരണത്തിലും പ്രമേയ പരിചരണത്തിലും നവീന മാർഗങ്ങൾ സ്വീകരിച്ച് ആ സെൻസിബിലിറ്റിയെ പൊളിച്ചെഴുതുകയായിരുന്നു ആദ്യം ചെയ്തത്. ഉദ്യോഗത്തിന്റെ ഭാഗമായി അനുഷ്ഠാനപൂർവം ഒരുക്കുന്ന നാടകങ്ങളിൽനിന്ന് ഒരു മാറ്റം ജനങ്ങൾ ആഗ്രഹിച്ചിരുന്നു. അത് നൽകാനുള്ള ശ്രമങ്ങളായിരുന്നു പിന്നീട് ഞാൻ നടത്തിയത്. കലാപരമായ മികവോ ജനകീയതയോ ഇല്ലാത്ത നാടകങ്ങൾനിന്ന് മോചനം വേണം എന്ന നിർബന്ധബുദ്ധിയിൽനിന്നാണ് എന്റെ പിൽക്കാല നാടകങ്ങൾ പിറന്നത്.
‘ശാന്തസമുദ്ര’ത്തിനുശേഷം പ്രശസ്ത മനഃശാസ് ത്ര വിദഗ്ധൻ ഡോ. സി.ജെ. ജോൺ രചിച്ച ‘അടയാളങ്ങൾ’ ചെയ്തു. എൻ.എഫ്. വർഗീസ് തന്നെയായിരുന്നു ആ നാടകത്തിലെയും മുഖ്യ നടൻ. തിരുവനന്തപുരം ജില്ലയിലെ അമ്പൂരിയിലുണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ എഴുതിയ ആ നാടകം അനിയന്ത്രിതമായ പ്രകൃതിചൂഷണത്തിന്റെ ഭവിഷ്യത്തുകളെ തുറന്നു കാട്ടി. അടയാളങ്ങൾ ഉളവാക്കിയ വൻ പ്രതികരണം, ഇത്തരം സാമൂഹിക വിഷയങ്ങൾ നാടകപ്രമേയങ്ങളായി സ്വീകരിക്കാൻ പലരെയും പ്രേരിപ്പിച്ചു. ‘അടയാളങ്ങൾ’ പ്രക്ഷേപണംചെയ്ത് ഒരാഴ്ചക്കുള്ളിൽ എൻ.എഫ്. വർഗീസ് ഹൃദയാഘാതംമൂലം അന്തരിച്ചത് വലിയ ആഘാതമായി.
മികച്ച പ്രതികരണം ലഭിച്ച നാടകമായിരുന്നു ‘അടയാളങ്ങൾ’. നിലയത്തിൽ നാടകത്തെക്കുറിച്ചും, എൻ.എഫ്. വർഗീസിന്റെ പ്രകടനത്തെക്കുറിച്ചും ഒട്ടേറെ അഭിനന്ദന കത്തുകൾ ഒഴുകിയെത്തി. ഈ പ്രതികരണങ്ങൾ കോർത്തിണക്കി ഒരു പ്രത്യേക പരിപാടി ഒരുക്കാൻ നിയുക്തനായ എനിക്ക്, അതിന് പകരം എൻ.എഫ്. വർഗീസിന് അന്ത്യാഞ്ജലിയർപ്പിച്ചുകൊണ്ടുള്ള ഫീച്ചർചെയ്യേണ്ട അവസ്ഥ വന്നു. എന്റെ പ്രക്ഷേപണ ജീവിതത്തിൽ ഇത്രയും ഉള്ളുലച്ച സംഭവം വേറൊന്നില്ല. എൻ.എഫ്. വർഗീസിന്റെ അകാല വിയോഗം ആകാശവാണി നാടകങ്ങളിൽ ഒരുതരം ശൂന്യത നിറച്ചു. മികച്ച ഒരു ശബ്ദത്തെ തേടിയുള്ള എന്റെ അലച്ചിൽ അവസാനിച്ചത് ചലച്ചിത്രനടൻ സിദ്ദീഖിലായിരുന്നു. അന്ന് സിദ്ദീഖ് ഏറെ തിരക്കുള്ള നടനായിരുന്നു.
2003ൽ സിദ്ദീഖ് കേന്ദ്രകഥാപാത്രത്തെ ആവിഷ്കരിച്ച ‘ശത്രു’ പ്രക്ഷേപണം ചെയ്തു. തീവ്രവാദവും യുദ്ധവും പ്രമേയമാക്കിയ ‘ശത്രു’വിൽ സിദ്ദീഖായിരുന്നു മുഖ്യശബ്ദം. ആ വർഷം മികച്ച റേഡിയോ നാടകത്തിനുള്ള സംസ്ഥാന പുരസ്കാരങ്ങൾ ശത്രുവിന് ലഭിച്ചു.
സിദ്ദീഖിന്റെ ആദ്യ റേഡിയോ നാടകമായിരുന്നു ‘ശത്രു’. സിനിമകളിലെ ഡയലോഗ് പ്രസന്റേഷനിൽ റേഡിയോ നാടക പരിചയം തുണയാകുമെന്ന് തിരിച്ചറിഞ്ഞ സിദ്ദീഖ് ലേണിങ് പ്രോസസ് എന്നനിലയിൽ, റേഡിയോ നാടകങ്ങളിൽ പങ്കാളിയാവാൻ താൽപര്യം പ്രകടിപ്പിച്ചു: ‘ശത്രു’വിനുശേഷം എന്റെ നാലു റേഡിയോ നാടകങ്ങളിൽ സിദ്ദീഖ് മുഖ്യ ശബ്ദസാന്നിധ്യമായി. 2011 ൽ പ്രക്ഷേപണം ചെയ്ത ‘ഹത്യ’ എന്ന നാടകം കാസർകോട്ടെ എൻഡോസൾഫാൻ ദുരന്തബാധിതർ, ഭരണകൂട ഭീകരതയുടെ ഇരകളാണെന്ന് പരോക്ഷമായി ധ്വനിപ്പിച്ച ഒന്നായിരുന്നു. ഭൂമിയിലേക്ക് പുതുതായെത്തുന്ന കുഞ്ഞുമക്കൾ ഹതഭാഗ്യരാണെന്ന് തിരിച്ചറിയുന്ന ദമ്പതിമാരുടെ ആന്തരിക സംഘർഷങ്ങൾ പകർത്തിയ ഈ രചന സ്ത്രീ കേന്ദ്രീകൃത നാടകമായിരുന്നിട്ടും സിദ്ദീഖ് തന്റെ അപാരമായ ശബ്ദ നിയന്ത്രണ പാടവത്തിലൂടെ ഹത്യയെ തന്റെ മാത്രം നാടകമാക്കുകയായിരുന്നു. അതിനിടെ ഡോ. സി.ജെ. ജോണുമായി ചേർന്ന് ‘എന്റെ വീട് 2500 സ്ക്വയർ ഫീറ്റ്’ എന്ന നാടകം എഴുതി. ഈ നാടകത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചതും സിദ്ദീഖ് തന്നെയായിരുന്നു.
2013ൽ ഞാൻ രചനയും സംവിധാനവും നിർവഹിച്ച ‘വിതക്കുന്നവന്റെ ഉപമ’ എന്ന ദേശീയ പുരസ്കാരം നേടിയ നാടകവും സിദ്ദീഖിന്റെ മാത്രം ശബ്ദസാന്നിധ്യംകൊണ്ട് ശ്രദ്ധേയമായിരുന്നു. ഈ നാടകത്തിലെ ആറ് കഥാപാത്രങ്ങൾക്കും പരസ്പരം സാദൃശ്യമില്ലാത്ത ശബ്ദം പകർന്നത് സിദ്ദീഖ് തന്നെയായിരുന്നു. ‘ഒറ്റ’ എന്ന ഒരു മണിക്കൂർ നാടകത്തിൽ തിലകൻ എന്ന നടൻ ഒരൊറ്റ കഥാപാത്രമായി നിറഞ്ഞാടിയതുപോലെ ‘വിതയ്ക്കുന്ന ഉപമ’യിൽ ആറ് കഥാപാത്രങ്ങളായി, തന്റെ വാചികാഭിനയ സിദ്ധികൊണ്ട് സിദ്ദീഖ് ആസ്വാദകരെ അതിശയിപ്പിച്ചു. ഒരു പക്ഷേ റേഡിയോ നാടക ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു പരീക്ഷണം നടന്നിട്ടുണ്ടാവുക.
ഈ നാടകം കേൾക്കാനിടയായ മമ്മൂട്ടി, കലാമൂല്യവും സാമൂഹിക പ്രസക്തിയുമുള്ള ഇത്തരം നാടകങ്ങളിൽ പങ്കെടുക്കാനുള്ള താൽപര്യം, സിദ്ദീഖിനോട് പങ്കുവെക്കുകയുണ്ടായത്രെ... മഹാപ്രതിഭകളായ അഭിനേതാക്കൾ അവരിലെ അടങ്ങാത്ത അഭിനയദാഹം ആവിഷ്കരിക്കാൻ, റേഡിയോ നാടകങ്ങളുടെ സാധ്യതകൾ ആരായുന്നു എന്നതാണ് വസ്തുത. തിലകൻ എന്ന പ്രഗല്ഭ നടനെ കേന്ദ്രകഥാപാത്രത്തിന്റെ റോളിൽ െവച്ചുകൊണ്ടായിരുന്നു ‘പിയാനോ’ എന്ന നാടകമെഴുതിയതും സംവിധാനം ചെയ്തതും. മൊൺടീറോ ആനിബാൾ മൊഷാദു എഴുതിയ ബ്രസീലിയൻ കഥയുടെ സ്വതന്ത്ര നാടകാവിഷ്കാരമായിരുന്നു പിയാനോ.
‘പിയാനോ’യുടെ ശബ്ദലേഖന വേളയിൽ കൂടെ അഭിനയിക്കുന്നവരുടെ പ്രകടനത്തിൽ, അസഹിഷ്ണുത പ്രകടിപ്പിച്ച തിലകൻ ചേട്ടനോട്, കളിയായി പറഞ്ഞ കാര്യമാണ് പിന്നീട് ‘ഒറ്റ’ എന്ന നാടകത്തിലേക്ക് നയിച്ചത്... ഇങ്ങനെ അസഹിഷ്ണുത പ്രകടിപ്പിക്കുകയാണെങ്കിൽ തിലകൻ ചേട്ടനെ ഒറ്റക്കുവെച്ച് ഒരു നാടകം ചെയ്യേണ്ടിവരുമല്ലോ എന്ന് തമാശക്ക് പറഞ്ഞതാണ് ഞാൻ... ആ നാടകത്തിൽ ഞാനെത്ര കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടിവരും എന്നാരാഞ്ഞു അദ്ദേഹം. അവതരിപ്പിക്കുന്ന ഓരോ കഥാപാത്രത്തിനും, വെച്ച് പ്രതിഫലം തരേണ്ടിവരും എന്ന് കളിയായി പ്രതികരിക്കുകയും ചെയ്തു. അങ്ങനെ കാശ് തരാൻ ഞാനുദ്ദേശിക്കുന്നില്ല എന്ന് പറഞ്ഞ ഞാൻ അമിതാവേശത്തിൽ ഇങ്ങനെയൊരു പ്രഖ്യാപനവും നടത്തി.
‘‘ഒരു കഥാപാത്രം... ഒരൊറ്റ നടൻ... ഒരു മണിക്കൂർ...’’
അഭിനയകലയുടെ ആ ആചാര്യനെ എന്റെ പ്രഖ്യാപനം ആവേശഭരിതനാക്കി.. ‘‘സ്ക്രിപ്റ്റ് കാണട്ടെ... എന്നിട്ട് പറയാം.’’
അങ്ങനെ, അടുത്ത കൊല്ലം, അഖില കേരള നാടകോത്സവ കാലത്ത് ‘ഒറ്റ’ സംഭവിച്ചു.
റേഡിയോ നാടക രംഗത്തെ എക്കാലത്തെയും വലിയ പരീക്ഷണമായിരുന്നു ‘ഒറ്റ’. മഹാനായ ഒരു നടന്റെ അഭിനയദാഹത്തിന്റെ ആവിഷ്കാരമായി മാറിയ ആ പരീക്ഷണത്തോടൊപ്പം ശ്രോതാക്കൾ കൂടെ നിന്നു എന്നതാണ് അതിശയകരമായത്. യൂ ട്യൂബിൽ പതിനായിരങ്ങൾ ആ നാടകങ്ങൾ കേട്ടു. ‘ഒറ്റ’ എന്ന നാടകം പുസ്തകമാക്കിയപ്പോൾ അവതാരിക എഴുതിയത് തിലകൻ ചേട്ടനായിരുന്നു. അതിൽ അദ്ദേഹം ഇങ്ങനെ എഴുതി. ‘‘ഒരൊറ്റ കഥാപാത്രത്തെ വച്ച് ഒരു മണിക്കൂർ ദൈർഘ്യമുള്ള സാമൂഹിക പ്രസക്തമായ ഒരു കഥപറയാൻ കാണിച്ച ചങ്കൂറ്റത്തിന്റെ കൂടെ നിൽക്കാൻ കഴിഞ്ഞതിൽ തനിക്ക് അളവറ്റ സന്തോഷമുണ്ട്.’’ തിലകൻ ചൂണ്ടിക്കാട്ടിയ ഈ ചങ്കൂറ്റമായിരിക്കാം ഒരു പക്ഷേ ആകാശവാണിയിലെ പതിവ് ശീലങ്ങളെ പൊളിച്ചെഴുതാനും ഭാവുകത്വം പുതുക്കിപ്പണിയാനും പ്രേരകമായത്...
‘പിയാനോ’ എന്ന നാടകത്തിനും ‘ഒറ്റ’ എന്ന ഒറ്റയാൾ നാടകത്തിനും ലഭിച്ച പ്രതികരണങ്ങൾ സമാനതകളില്ലാത്തതായിരുന്നു എന്ന് പുസ്തകത്തിന്റെ ആമുഖത്തിൽ തിലകൻ സൂചിപ്പിക്കുന്നുണ്ട്. സിനിമയിൽ അദ്ദേഹം ഭാവംപകർന്ന കഥാപാത്രങ്ങളെപ്പോലെ പിയാനോയിലെ കാർലോസിനെയും ഒറ്റയിലെ ഗോവിന്ദൻകുട്ടിയെയും ആളുകൾ സ്വീകരിച്ചതായും ആ അവതാരികയിൽ പരാമർശിക്കുന്നു. ‘അമ്മ’യിലെ സംഘടനാ പ്രശ്നങ്ങൾ കാരണം സിനിമയിൽ ഒറ്റപ്പെട്ടുപോയ തിലകൻ റേഡിയോയിലൂടെ തന്റെ ഒറ്റയാൾ വീര്യം സഹപ്രവർത്തകരെ ബോധ്യപ്പെടുത്തി.
ഇതോടെ, ആകാശവാണിയിലെ ടോപ്ഗ്രേഡ് ആർട്ടിസ്റ്റായി അദ്ദേഹം അംഗീകരിക്കപ്പെട്ടു. തുടർന്നും റേഡിയോ നാടകങ്ങളിൽ, അഭിനയിക്കാൻ അദ്ദേഹം അത്യധികം താൽപര്യം കാണിച്ചിരുന്നുവെങ്കിലും അനാരോഗ്യവും ആയുസ്സും അത് സാക്ഷാത്കരിച്ചില്ല. ഒരു അഭിമുഖത്തിന് കണ്ണൂർ നിലയത്തിൽ വന്നതായിരുന്നു പിന്നണിഗായിക സയനോര ഫിലിപ്പ്. സ്റ്റുഡിയോക്ക് പുറത്ത് അനൗപചാരികമായി സംസാരിക്കുമ്പോൾ അവരുടെ സംഭാഷണ ശൈലിയിൽ നിഴലിച്ച ധീരവും സ്വതന്ത്രവുമായ ആധുനിക സ്ത്രീയുടെ ശബ്ദമാണ് 2018ൽ പ്രക്ഷേപണം ചെയ്ത എന്റെ ‘രക്തം സാക്ഷി’ എന്ന നാടകത്തിൽ അവരെ കാസ്റ്റ് ചെയ്യാൻ പ്രേരകമായത്.
ഏറ്റവും ആധുനികമായി ചിന്തിക്കുന്ന..., ധനശേഷിയുള്ള സ്ത്രീക്കുപോലും ആൺകോയ്മയെ തകർക്കാൻ പരിമിതികളുണ്ട് എന്ന ഫെമിനിസ്റ്റ് ബോധ്യം പങ്കുവെച്ച നാടകമായിരുന്നു ‘രക്തം സാക്ഷി’. ചലച്ചിത്രങ്ങളിൽ ഗായിക എന്ന നിലയിൽ മാത്രമല്ല, മികച്ച ശബ്ദ കലാകാരി എന്ന നിലയിൽകൂടി പേരെടുക്കാൻ പിന്നീട് സയനോരക്കായി.
ഗാനലോക വീഥികളിലൂടെ, ഒരു ദീർഘയാത്ര
റേഡിയോ നാടകങ്ങളുടെ രൂപഭാവങ്ങൾ മാറ്റി എന്നതല്ല ചലച്ചിത്ര സംഗീതസംബന്ധിയായ രണ്ട് സുദീർഘ പരമ്പരകൾ ചെയ്യാനായി എന്നതാണ് ഞാൻ എന്റെ പ്രക്ഷേപണ ജീവിതത്തിന്റെ ഏറ്റവും വലിയ ധന്യതയായി വിലയിരുത്തുന്നത്. അതിലൊന്ന് 150ഓളം ഗാനശിൽപികളുടെ സംഗീതജീവിതം രേഖപ്പെടുത്തിയ ഓർമകളുടെ സംഗീതം എന്ന പരമ്പരയാണ്. മറ്റൊന്ന് 1938 മുതൽ 1962 വരെയുള്ള മലയാള ചലച്ചിത്ര ഗാനചരിത്രം സമഗ്രമായി അടയാളപ്പെടുത്തിയ, ‘ഗാനലോക വീഥികളിൽ’ എന്ന ചിത്രീകരണ പരമ്പരയാണ്.
കേവലം മലയാള സിനിമാഗാനങ്ങളുടെ ക്രമാനുഗത ചരിത്രമായിരുന്നില്ല, അത്... ഇന്ത്യൻ ഭാഷാ സിനിമകളുടെ സംഗീത ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ, മലയാള ഗാനചരിത്രം സമഗ്രമായി വിശകലനം ചെയ്യുന്ന പരമ്പരയായിരുന്നു അത്. 275 എപ്പിസോഡുകൾ നീണ്ടുനിന്ന ആ പരമ്പര, യേശുദാസിന്റെ ആദ്യ ചിത്രമായ 1961ലെ ‘കാൽപ്പാടുകൾ’ എന്ന ചിത്രത്തിൽ അപൂർണമായി അവസാനിപ്പിക്കുകയായിരുന്നു. ഒരു പക്ഷേ ആകാശവാണിയെപ്പോലുള്ള, ദീർഘകാല പാരമ്പര്യവും പൈതൃകവുമുള്ള സാംസ്കാരിക സ്ഥാപനത്തിനുമാത്രം സാധിക്കുന്ന, ശ്രമകരമായ ദുഷ്കരദൗത്യമായിരുന്നു അത്. അതിനായി വിപുലമായ യാത്രകൾ നടത്തുകയും നൂറു കണക്കിന് പിന്നണിഗാന പ്രവർത്തകരെ കണ്ട് അഭിമുഖം നടത്തുകയുമുണ്ടായി.
അന്തരിച്ച സംഗീത ഗവേഷകൻ ബി. വിജയകുമാർ ആയിരുന്നു ഗവേഷണ വിഭാഗം തലവൻ. ദക്ഷിണാമൂർത്തി, ചിദംബരനാഥ്, കെ രാഘവൻ, ജി. ദേവരാജൻ, എം.കെ. അർജുനൻ, പുകഴേന്തി, ശ്യാം, കെ.ജെ. ജോയ്, എ.ടി. ഉമ്മർ തുടങ്ങിയ സംഗീത സംവിധായകരെയും പി. ലീല, പി. സുശീല, എസ്. ജാനകി, യേശുദാസ്, ബ്രഹ്മാനന്ദൻ, ജയചന്ദ്രൻ എൽ.ആർ. ഈശ്വരി, ബി. വസന്ത, മാധുരി, വാണിജയറാം തുടങ്ങിയ ഗായകരെയും പി. ഭാസ്കരൻ, അഭയദേവ്, ഒ.എൻ.വി, യൂസഫലി, ശ്രീകുമാരൻ തമ്പി, ബിച്ചു തിരുമല, പൂവച്ചൽ ഖാദർ തുടങ്ങിയ ഗാനരചയിതാക്കളെയും കണ്ട് മണിക്കൂറുകളോളം സംസാരിച്ചതിന്റെ ശബ്ദലേഖനങ്ങൾ ഈ പരമ്പരയെ സമ്പന്നവും ഹൃദ്യവുമാക്കി തീർത്തു. ആകാശവാണിയുടെ പ്രക്ഷേപണ ചരിത്രത്തിലെ മികച്ച ഈടുവെപ്പായി ഇതിനെ വിലയിരുത്തുന്നവരുണ്ട്. കേരളത്തിലെ ആകാശവാണി നിലയങ്ങൾ ആവർത്തിച്ച് ഈ പരമ്പര പ്രക്ഷേപണം ചെയ്തു. ചലച്ചിത്ര സംഗീതത്തിന്റെ ആധികാരികമായ ശബ്ദ മാധ്യമ ചരിത്രമായി, ഗാനലോക വീഥികൾ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുമെന്ന് ഉറപ്പ്.
നിർമിതബുദ്ധി ആകാശവാണിയിൽ
1992ൽ, ആകാശവാണിയിൽ ചേരുമ്പോൾ അനലോഗ് സ്വഭാവമുള്ള സ്പൂൾ ടേപ്പുകളിലായിരുന്നു, ശബ്ദലേഖനവും, ശബ്ദമിശ്രണവും ഒക്കെ നടന്നിരുന്നത്. 1990കളുടെ അന്ത്യപാദമാവുമ്പോഴേക്കും അത് ഡിജിറ്റൽ സാങ്കേതികവിദ്യയിലേക്ക് വഴിമാറി. വിരമിക്കുന്ന കാലമാവുമ്പോഴേക്കും നിർമിതബുദ്ധി (എ.ഐ)യിലൂന്നിയ സാങ്കേതിക സംവിധാനങ്ങൾ ആകാശവാണിക്ക് പുറത്ത് പ്രചാരമാർജിച്ചുവരുകയായിരുന്നു. ആകാശവാണി ആ സാങ്കേതിക സംവിധാനത്തിന്റെ സാധ്യത സർഗാത്മകമായി ഒരുപക്ഷേ, ആദ്യമായി ഉപയോഗിക്കുന്നത് ഞാൻ രചനയും സംവിധാനവും നിർവഹിച്ച് 2026ൽ കേരള നിലയങ്ങൾ പ്രക്ഷേപണം ചെയ്ത ‘കാൺക കടലിനെ കൺതുറക്കാതെ’ എന്ന റേഡിയോ നാടകത്തിലൂടെയാണ്.
നാടകകാരനും പ്രക്ഷേപകനുമായ തിക്കോടിയന്റെ ജീവചരിത്രത്തെ ആധാരമാക്കി, എഴുതിയ ഈ നാടകത്തിൽ തിക്കോടിയന് പുറമെ, ഉറൂബ്, കെ. രാഘവൻ എന്നീ കോഴിക്കോട് ആകാശവാണി നിലയത്തിലുണ്ടായ പ്രക്ഷേപകരും കഥാപാത്രങ്ങളായുണ്ടായിരുന്നു. മൺമറഞ്ഞ ഈ പ്രതിഭാധനരുടെ ശബ്ദം എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് അതേപടി പുനഃസൃഷ്ടിക്കാൻ കഴിഞ്ഞു. നിർമിത ബുദ്ധിയെ യാന്ത്രികമായി, ഏതെങ്കിലും ഒരു കൗതുകത്തിന്റെ പുറത്ത് ഉപയോഗിക്കുകയായിരുന്നില്ല ഇവിടെ.
മറിച്ച് ഒരു ആശയത്തെ സാക്ഷാത്കരിക്കാൻ എ.ഐയുടെ സാധ്യതകൾ സൗന്ദര്യാത്മകമായി ആവിഷ്കരിക്കുകയായിരുന്നു. ആകാശവാണി കോഴിക്കോട് നിലയത്തിന്റെ 75ാം വാർഷികത്തിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെ ഒരാശയത്തിന്റെ ബീജാവാപം. ഒന്നര വർഷം കോഴിക്കോട് നിലയത്തിന്റെ പ്രോഗ്രാം മേധാവിയായിരിക്കെയാണ് ഈ നാടകം സംഭവിക്കുന്നത്. കോഴിക്കോട് നിലയത്തിലെ ബോബി സി. മാത്യുവായിരുന്നു മൺമറഞ്ഞ ഈ പ്രതിഭകൾക്ക് നാടകത്തിൽ ശബ്ദം പകർന്നത്. തിക്കോടിയന്റെ മകൾ പുഷ്പ എന്ന കഥാപാത്രമായി, പുഷ്പ തന്നെ ശബ്ദ ഭാവങ്ങൾ പകർന്നതും നാടകത്തിന് പുതുമയേകി.
തികഞ്ഞ ചാരിതാർഥ്യത്തോടെയാണോ ആകാശവാണി ജീവിതത്തിന്റെ പടിയിറങ്ങുന്നത് എന്ന് ചോദിച്ചാൽ എനിക്ക് സംതൃപ്തിയേക്കാളും ഒരുതരത്തിലുള്ള ഇച്ഛാഭംഗമാണ് അനുഭവപ്പെടുന്നത് എന്നുപറയാം... ചെയ്ത കാര്യങ്ങളേക്കാൾ, ചെയ്യാൻ പറ്റാതെ പോയ കാര്യങ്ങളെക്കുറിച്ചുള്ളതാണ് ആ നിരാശ. വിവിധ മേഖലകളിൽ താൽപര്യമുള്ളവർക്ക് ആകാശവാണിയെപ്പോലുള്ള മഹത്തായ പൈതൃകമുള്ള ഒരു സാംസ്കാരിക സ്ഥാപനത്തിൽ, ചുമതലപ്പെടുത്തുന്നതിനേക്കൾ കൂടുതൽ ഒരുപക്ഷേ ചെയ്യാൻ കഴിയും. പല കാരണങ്ങളാൽ; അത് ഉന്നത ഉദ്യോഗസ്ഥരുടെ ഉദാസീന സമീപനംമൂലമാകാം... ഔദ്യോഗികമായ അമിത ഉത്തരവാദിത്തങ്ങളുടെ പേരിലായിരിക്കാം... ചെയ്ത കാര്യങ്ങളെക്കാൾ ചെയ്യാൻ പറ്റാത്ത കാര്യങ്ങളെക്കുറിച്ചാണ് എന്റെ ഖേദം. പക്ഷേ, തിേക്കാടിയനെ പോലുള്ള ഒരു ചരിത്ര പുരുഷനെ, എഴുത്തുകാരനെ, പ്രക്ഷേപകനെ ആകാശവാണിയുടെ പ്രക്ഷേപണ ചരിത്രത്തിൽ അടയാളപ്പെടുത്തി പടിയിറങ്ങാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യം ഞാൻ ഇപ്പോൾ അനുഭവിക്കുന്നുണ്ട്.
തിക്കോടിയന് മാത്രമുള്ള ഒരു ആദരമല്ല ആത്, മറിച്ച് ആകാശവാണി എന്ന മഹത്തായ ഒരു പ്രക്ഷേപണ ശൃംഖലക്കുള്ള, ആകാശവാണിക്കായി ആത്മ സമർപ്പണം ചെയ്ത പ്രക്ഷേപകർക്കുള്ള ആദരംകൂടിയായി മാറുന്നു. ആകാശവാണിയുടെ ഭാവിയെക്കുറിച്ച്, അധികൃതർക്കൊഴികെ എല്ലാവർക്കും കനത്ത ആശങ്കയുണ്ട്. മറ്റ് പല പൊതുമേഖലാ സ്ഥാപനങ്ങളെയുംപോലെ നിലവിൽ അനിശ്ചിതത്വത്തിന്റെ നിഴലിലാണ്... ഇനി റേഡിയോ നാടകത്തിന്റെ ഭാവി എന്താണെന്ന് ചോദിച്ചാൽ അതിന്റെ ഭാസുരമായ ഭാവി ഒരു പക്ഷേ ആകാശവാണിക്ക് പുറത്ത് യൂട്യൂബ് ചാനലുകൾപോലുള്ള സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലാണെന്ന് നിശ്ചയമായും പറയാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.