ഹിമാലയൻ നിശ്ചലതയെ ചലിപ്പിച്ച പെണ്ണടയാളം

ലോക സിനിമയിലേക്ക് ഇന്ത്യയിൽനിന്നുള്ള പ്രതിഭ, ഹിമാചൽപ്രദേശുകാരിയും യുവ സംവിധായികയുമായ സുഭദ്ര മഹാജനുമായുള്ള സംഭാഷണം. സ്ത്രീപക്ഷ സിനിമയുടെ ഇന്ത്യൻ മുഖം എന്താണെന്ന് അവർ തുറന്നുപറയുന്നു. ഹിമാചൽ പ്രദേശിലെ ഉൾഗ്രാമത്തിൽനിന്ന് ഇന്ത്യൻ സിനിമയിലേക്കും പിന്നീട് ലോക സിനിമയുടെ നെറുകയിലേക്കും ഉയർന്നുകയറിയ യുവ സംവിധായികയാണ് സുഭദ്ര മഹാജൻ. ‘സെക്കൻഡ് ചാൻസ്’ (Second Chance) എന്ന സിനിമയാണ് സുഭദ്രയെ ലോക ശ്രദ്ധയിലേക്ക് എത്തിച്ചത്. ഈ ചിത്രം ലോകത്തിലെ പൗരാണിക ചലച്ചിത്രമേളയായ ചെക്ക് റിപ്പബ്ലിക്കിലെ കാർലോവി വാരി ഇന്‍റർനാഷനൽ ഫിലിം ഫെസ്റ്റിവലിലും തുടർന്ന് ടൊറന്‍റോ മേളയിലും വിവിധ രാജ്യങ്ങളിലെ ഒട്ടുമിക്ക...

ലോക സിനിമയിലേക്ക് ഇന്ത്യയിൽനിന്നുള്ള പ്രതിഭ, ഹിമാചൽപ്രദേശുകാരിയും യുവ സംവിധായികയുമായ സുഭദ്ര മഹാജനുമായുള്ള സംഭാഷണം. സ്ത്രീപക്ഷ സിനിമയുടെ ഇന്ത്യൻ മുഖം എന്താണെന്ന് അവർ തുറന്നുപറയുന്നു.

ഹിമാചൽ പ്രദേശിലെ ഉൾഗ്രാമത്തിൽനിന്ന് ഇന്ത്യൻ സിനിമയിലേക്കും പിന്നീട് ലോക സിനിമയുടെ നെറുകയിലേക്കും ഉയർന്നുകയറിയ യുവ സംവിധായികയാണ് സുഭദ്ര മഹാജൻ. ‘സെക്കൻഡ് ചാൻസ്’ (Second Chance) എന്ന സിനിമയാണ് സുഭദ്രയെ ലോക ശ്രദ്ധയിലേക്ക് എത്തിച്ചത്. ഈ ചിത്രം ലോകത്തിലെ പൗരാണിക ചലച്ചിത്രമേളയായ ചെക്ക് റിപ്പബ്ലിക്കിലെ കാർലോവി വാരി ഇന്‍റർനാഷനൽ ഫിലിം ഫെസ്റ്റിവലിലും തുടർന്ന് ടൊറന്‍റോ മേളയിലും വിവിധ രാജ്യങ്ങളിലെ ഒട്ടുമിക്ക വിഖ്യാത മേളകളിലും പ്രദർശിപ്പിക്കുകയുണ്ടായി.

പ്രമുഖ ഇന്ത്യൻ സംവിധായകൻ പാൻ നളിന്‍റെ സിനിമകളിൽ ദീർഘകാലമായി സഹകരിച്ച് പ്രവർത്തിക്കാനും സുഭദ്രക്ക് അവസരം ലഭിച്ചു. പ്രത്യേകിച്ച് ടൊറന്റോ ഐ‌.എഫ്‌.എഫിൽ പ്രദർശിപ്പിച്ച ‘ആംഗ്രി ഇന്ത്യൻ ഗോഡസസ്’ (Angry Indian Goddesses –2015) എന്ന ചിത്രത്തിന്റെ സഹരചനയിൽ. ഗ്രോൾഷ് ഓഡിയൻസ് ചോയ്‌സ് അവാർഡിൽ രണ്ടാം സ്ഥാനം നേടിയ ഈ ചിത്രം 60ലധികം രാജ്യങ്ങളിലെ തിയറ്ററുകളിൽ റിലീസ് ചെയ്തു. തന്‍റെ സിനിമാലോകത്തെ കുറിച്ചും സ്ത്രീ മുന്നേറ്റത്തെ കുറിച്ചും സ്വതന്ത്ര കലാവിഷ്കാരത്തിന് ഇന്ത്യയിൽ തുടരുന്ന അപ്രഖ്യാപിത നിയന്ത്രണത്തെ കുറിച്ചുമെല്ലാം സുഭദ്ര മഹാജൻ ‘മാധ്യമം’ ലേഖകനുമായി സംസാരിക്കുന്നു.

സമകാലിക ഇന്ത്യയിലെ സ്ത്രീത്വത്തെ കുറിച്ചുള്ള സിനിമകൾ, (ആംഗ്രി ഇന്ത്യൻ ഗോഡസസ്, ഫെയ്ത്ത് കണക്ഷൻസ്, ബിയോണ്ട് ദി നോൺ വേൾഡ്, സെക്കൻഡ് ചാൻസ്) അതിലൊന്ന് സംവിധാനവുംചെയ്തു, ബാക്കി രണ്ടെണ്ണത്തിൽ എഴുത്ത് ജോലികളിലും പങ്കാളിയായി. ഈ സിനിമകളെ കുറിച്ചൊന്ന് പറയാമോ?

ഇന്ത്യയിലെ അറിയപ്പെടുന്ന സംവിധായകനും പുതുമ നിറഞ്ഞതും പ്രേക്ഷകശ്രദ്ധ നേടിയതുമായ സിനിമകൾ ഒരുക്കുകയുംചെയ്ത വ്യക്തിയാണ് പാൻ നളിൻ. എന്നെ സിനിമയുടെ ലോകത്തേക്ക് കൈപിടിച്ച് അതിലെ എല്ലാ പാഠങ്ങളും മനസ്സിലാക്കിത്തന്നത് അദ്ദേഹമാണ്. അദ്ദേഹത്തിന്‍റെ ചില നല്ല സിനിമകളിൽ അസി. ഡയറക്ടറായി പ്രവർത്തിക്കാൻ അവസരമുണ്ടായി. ‘ഫെയ്ത്ത് കണക്ഷൻസ്’, ‘ബിയോണ്ട് ദി നോൺ വേൾഡ്’ എന്നീ സിനിമകളിൽ പാൻ നളിനൊപ്പം അസി. ഡയറക്ടറായി പ്രവർത്തിച്ചതോടൊപ്പം തന്നെ ‘ലാസ്റ്റ് ഫിലം ഷോ’ –(Chhello Show) എന്ന ചിത്രത്തിനു വേണ്ടിയും പ്രവർത്തിക്കാനായി. പാൻ നളിനൊപ്പം ജോലിചെയ്ത സിനിമകളിൽ എക്കാലവും ഹൃദയത്തോട് ചേർത്ത് നിർത്തുന്ന സിനിമയാണ് ‘ലാസ്റ്റ് ഫിലിം ഷോ’. 2023ലെ ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി കൂടിയായിരുന്നു ഈ ചിത്രം.

2015ൽ പാൻ നളിൻ ഒരുക്കി ടൊറന്‍റോ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുകയും ലോകശ്രദ്ധ നേടുകയുംചെയ്ത ‘ആംഗ്രി ഇന്ത്യൻ ഗോഡ്‌സസി’ൽ സഹ എഴുത്തുകാരിയായി പ്രവർത്തിക്കാനും അവസരമുണ്ടായി. മേളയിൽ ‘ഗ്രോൽഷ് ഓഡിയൻസ് ചോയ്‌സ്’ വിഭാഗത്തിൽ റണ്ണർഅപ് കൂടിയായിരുന്നു ഈ സിനിമ. തുടർന്ന് അറുപതിലധികം രാജ്യങ്ങളിലാണ് ഈ സിനിമ പ്രദർശിപ്പിച്ചത്.

സമകാലിക ഇന്ത്യയിലെ സ്ത്രീത്വത്തിന്റെ സത്യസന്ധവും ക്ഷമാപണരഹിതവുമായ ചിത്രീകരണത്തിലൂടെ വിപ്ലവകരമായ ഒരു അധ്യായത്തിനാണ് ‘ആംഗ്രി ഇന്ത്യൻ ഗോഡസസ്’ തുടക്കമിട്ടതെന്ന് മടികൂടാതെ പറയാം. പിന്നീട് പുറത്തിറങ്ങിയ മിക്ക സ്ത്രീപക്ഷ സിനിമകളും ഇതിന്‍റെ പാത സ്വീകരിച്ചുള്ളവയായിരുന്നു. എന്നാൽ, അങ്ങനെ വന്ന സിനിമക‍ളേക്കാളെല്ലാം എത്രയോപടി മുകളിലാണ് ‘ആംഗ്രി ഇന്ത്യൻ ഗോഡസസ്’ ഇന്നും നിലയുറപ്പിക്കുന്നത്. സ്വതന്ത്ര സംവിധായികയായുള്ള എന്‍റെ ആദ്യ ഫീച്ചർ ഫിലിമാണ് ‘സെക്കൻഡ് ചാൻസ്’. ഈ സിനിമയുടെ എഴുത്തും എക്സിക്യൂട്ടിവ് പ്രൊഡ്യൂസറും സ്വന്തം നിലക്കു തന്നെയായിരുന്നു നിർവഹിച്ചത്.

‘സെക്കൻഡ് ചാൻസ്’ മുന്നോട്ടുവെക്കുന്ന സന്ദേശമെന്താണ്. ഇതിന്‍റെ കഥ സ്വന്തം അനുഭവത്തിൽനിന്നുള്ളതാണോ?

‘സെക്കൻഡ് ചാൻസ്’ എന്‍റെ അനുഭവത്തിലൂടെ ഉരുത്തിരിച്ചെടുത്തതും ആദ്യത്തെ സ്വതന്ത്ര സംവിധാനശ്രമവുമാണ്. എന്‍റെ ജനനവും കുട്ടിക്കാലവും സ്കൂൾ പഠനവുമെല്ലാം ഹിമാചൽ പ്രദേശിലായിരുന്നു. ശേഷം കുടുംബം മുംബൈയുടെ തിരക്കിലേക്ക് പറിച്ചുനട്ടു. കോളജ് പഠനം അവിടെവെച്ച് നടന്നു. തുടർന്ന് ജോലിയും ലഭിച്ചു. അങ്ങനെ മുംബൈ നഗരത്തിന്‍റെ പെൺകുട്ടിയായി ഞാൻ മാറുകയായിരുന്നു. എന്നാൽ, വ്യക്തി എന്ന നിലയിൽ രണ്ട് വ്യത്യസ്ത ലോകങ്ങളുടെ സംയുക്ത ഉൽപന്നമായാണ് സ്വയം വിലയിരുത്തുന്നത്. നഗരത്തിന്‍റെ എല്ലാ ആധുനികതയും അനുഭവിച്ചതോടൊപ്പംതന്നെ ഹിമാലയൻ ഗ്രാമീണതയുടെ നന്മകളും എന്നിൽ സംയോജിപ്പിച്ചുണ്ട്. അങ്ങനെ, ഈ രണ്ട് ലോകത്തെയും ചേർത്തുവെച്ചുകൊണ്ട് എന്തുകൊണ്ട് ഒരു സിനിമ ഒരുക്കിക്കൂടാ എന്ന ചിന്തയിൽനിന്നാണ് ‘സെക്കൻഡ് ചാൻസ്’ രൂപപ്പെടുന്നത്.

ഈ രണ്ട് വ്യത്യസ്ത ലോകങ്ങളുടെയും (നഗര ആധുനിക ഇന്ത്യയും കാലാതീതമായ ഗ്രാമീണ ഹിമാലയവും) സംയോജിത ഉൽപന്നമായതുകൊണ്ടുതന്നെ കഥാബീജം മനസ്സിൽതന്നെയുണ്ടായിരുന്നു. പ്രത്യാശയുടെയും രോഗശാന്തിയുടെയും, പ്രകൃതി മാതാവുമായുള്ള ബന്ധത്തിന്റെയും, സാധ്യതയില്ലാത്ത സൗഹൃദങ്ങളുടെയും കഥയാണ് ‘സെക്കൻഡ് ചാൻസി’ലൂടെ പറയാൻ ശ്രമിച്ചത്. ആ ശ്രമം വിജയിക്കാനായി എന്നതിൽ അതിയായ സന്തോഷമുണ്ട്.

പ്രവർത്തിച്ച സിനിമകൾ ഏറെ വിവാദങ്ങളും ഉണ്ടാക്കിയതാണല്ലോ. പ്രത്യേകിച്ച് ‘ആംഗ്രി ഇന്ത്യൻ ഗോഡസസ്’. സ്ത്രീ സ്വഭാവത്തെ അവഹേളിക്കുന്നു എന്ന പഴിയും ഉണ്ടായിരുന്നല്ലോ, എങ്ങനെയാണ് വിവാദങ്ങളെ നേരിട്ടത്.

‘ആംഗ്രി ഇന്ത്യൻ ഗോഡസസ്’ എന്ന സിനിമയുടെ സഹ എഴുത്തുകാരി മാത്രമായിരുന്നു ഞാൻ. അതുകൊണ്ടുതന്നെ ഇതിനുത്തരം പറയൽ എന്‍റെ സാധ്യതയിൽപെട്ടതല്ല. ഒരുപക്ഷേ ഈ സിനിമയെ കുറിച്ച് കൂടുതൽ അറിയേണ്ടത് അതിന്‍റെ സംവിധായകനും നിർമാതാവുമായ പാൻ നളിനിൽനിന്നാകും. അദ്ദേഹം ഇതേ കുറിച്ച് കൂടുതൽ തവണ സംസാരിച്ചിട്ടുണ്ടെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.

സിനിമയിലേക്കുള്ള ചുവടുവെപ്പിന് സഹായിച്ചത് പാൻ നളിൻ ആയിരുന്നോ? എങ്ങനെയാണ് അദ്ദേഹത്തിനരികിലേക്ക് എത്തിപ്പെട്ടത്?

കോളജ് പഠനം കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം സിനിമയാണ് എന്‍റെ ലക്ഷ്യമെന്ന് ഉറപ്പാക്കി നേരെ ചെന്നത് പാൻ നളിനരികിലേക്കായിരുന്നു. 2001ൽ അദ്ദേഹം സംവിധാനംചെയ്ത, ബുദ്ധ സന്യാസിയുടെ ജ്ഞാനോദയം കണ്ടെത്താനുള്ള അന്വേഷണത്തിന്റെ കഥ പറയുന്ന ‘സംസാര’ എന്ന ചിത്രം എനിക്ക് അത്രമേൽ പ്രിയപ്പെട്ടതായിരുന്നു. സിനിമയിൽ താഷി എന്ന സന്യാസിയായി ഷാൻ കുവും പെമ എന്ന കഥാപാത്രമായി ക്രിസ്റ്റി ചുങ്ങുമാണ് അഭിനയിച്ചത്. ഈ കഥാപാത്രങ്ങളും ഇതിലെ സംഭവകാര്യങ്ങളുമെല്ലാം ഇന്നും മനസ്സിൽനിന്ന് മാഞ്ഞിട്ടില്ല.

അസിസ്റ്റന്‍റ് ഡയറക്ടറായും സഹ എഴുത്തുകാരിയായും അസോസിയേറ്റ് ആയും പത്ത് വർഷത്തിലധികമായി ഞാൻ പാൻ നളിനൊപ്പം പ്രവർത്തിക്കുന്നു. ‘ആംഗ്രി ഇന്ത്യൻ ഗോഡസസ്’, ‘ലാസ്റ്റ് ഫിലിം ഷോ’ എന്നീ സിനിമകളിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനായതുതന്നെ സിനിമയിൽ പിച്ചവെച്ചു തുടങ്ങിയ എന്നെ സംബന്ധിച്ച് വലിയ നേട്ടംതന്നെയാണ്.

ഒരുപാട് കാര്യങ്ങൾ ഈ സിനിമകളിൽനിന്ന് എനിക്ക് പഠിക്കാനായി. ആ ഊർജംകൊണ്ടുകൂടിയാണ് സ്വതന്ത്ര സംവിധായിക എന്നതിലേക്ക് വേഗത്തിലെത്താൻ സഹായകമായതും. സ്വന്തമായി സിനിമ സംവിധാനം ചെയ്യാൻ മനസ്സ് പാകമായെന്ന് പറഞ്ഞപ്പോൾ അക്കാര്യം ആദ്യം പറഞ്ഞതും പാൻ നളിനോട് തന്നെയായിരുന്നു. അദ്ദേഹം എന്‍റെ തീരുമാനത്തിനൊപ്പം ചേർന്നുനിന്ന് സിനിമയുടെ പൂർണതക്കുവേണ്ടി എല്ലാം ചെയ്തു തന്നു. ‘സെക്കൻഡ് ചാൻസി’ന്‍റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർമാരിൽ ഒരാളായി അദ്ദേഹവും ഉണ്ടായിരുന്നു.

ഹിമാചൽ പ്രദേശിലെ കുഗ്രാമത്തിൽനിന്ന് മുംബൈയിലെയും കൊൽക്കത്തയിലെയും ബഹളങ്ങളിലേക്ക് ചേക്കേറിയത് എങ്ങനെയാണ്. മാതാപിതാക്കളും സിനിമയിൽനിന്നുള്ളവരാണോ?

ഹിമാലയ സാനുക്കളിലെ ചെറിയ ഗ്രാമത്തിൽനിന്നാണ് ഞാൻ സിനിമയുടെ വലിയ ലോകത്തേക്ക് എത്തിപ്പെട്ടതെന്ന് നേരത്തേ പറഞ്ഞുവല്ലോ. ആ യാത്ര അത്രമേൽ ക്ലേശകരവും അതിലുപരി മനോഹരവുമായിരുന്നു. കുട്ടിക്കാലത്ത് സിനിമകൾ ധാരാളം കാണുമായിരുന്നു. എന്നാൽ, മാതാപിതാക്കളാരും സിനിമ തൽപരരോ ഈ മേഖലയിൽ പ്രവർത്തിക്കുന്നവരോ ആയിരുന്നില്ല. എനിക്കുള്ളിൽ സിനിമ സ്വപ്നമുണ്ടായിരുന്നെങ്കിലും അതുമായി പോകാൻ അവസരം വരുന്നത് പഠനത്തിനായി മുംബൈയിലേക്ക് ചേക്കേറിയ ശേഷമാണ്. മുംബൈ സെന്‍റ് സേവ്യേഴ്സ് കോളജിൽനിന്നാണ് ഞാൻ മാസ് മീഡിയയിൽ ബിരുദം പൂർത്തിയാക്കിയത്. മാധ്യമ പഠനമായിരുന്നെങ്കിലും കോളജിലെ ഫിലിം ക്ലബിൽ സജീവ പ്രവർത്തകയായിരുന്നു. അതിലൂടെ കൂടുതൽ നല്ല സിനിമകൾ കാണാനും പരിചയപ്പെടാനും ഇടയായി. ലോക ക്ലാസിക്കുകൾ, ഇന്ത്യൻ ക്ലാസിക്കുകൾ സമകാലികവുമായ എല്ലാതരം സിനിമകളും അക്കാലയളവിൽ കണ്ടുതീർക്കാൻ സാധിച്ചു. അങ്ങനെ, സിനിമാക്കാരിയാവുകയെന്ന മോഹത്തിന് കൂടുതൽ ഊർജം കൈവന്നു. ലക്ഷ്യം സിനിമതന്നെ എന്നുറപ്പിച്ച് മുന്നോട്ടു ചലിച്ചു. പിന്നീട് ആ ലക്ഷ്യത്തിൽനിന്ന് മറ്റൊരിടത്തേക്കുള്ള മാറ്റം ഉണ്ടായില്ല.

‘സെക്കൻഡ് ചാൻസി’ൽ കാണിക്കുന്നത് ഹിമാചൽ പ്രദേശിലെ സ്വന്തം വീടും പരിസരങ്ങളുമാണോ. സിനിമക്ക് കറുപ്പും വെളുപ്പും നിറം മതിയെന്ന് തീർച്ചപ്പെടുത്തിയതെന്തേ?

ബിയാസ് നദിയുടെ ഇടത് കരയിൽ 1800 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന സ്ഥലമാണ് നഗ്ഗർ. ഹിമാചൽപ്രദേശിലെ കുളു ജില്ലയിലെ പുരാതന പട്ടണം. അപ്പർ കുളു താഴ്വരയിലുള്ള നഗ്ഗർ എന്ന സ്ഥലം ഒരുകാലത്ത് കുളു രാജ്യത്തിന്റെ തലസ്ഥാനമായാണ് അറിയപ്പെട്ടിരുന്നത്. നഗ്ഗറിൽ ചെന്നാൽ ബ്രിട്ടീഷുകാലത്തെ ഒരുപാട് അവശേഷിപ്പുകൾ ഇന്നും കാണാം. അവയിലെ ഒരു പഴഞ്ചൻ കോട്ടേജുകളിൽ ഒന്നിലാണ് സെക്കൻഡ് ചാൻസിന്‍റെ ഭൂരിഭാഗം ഭാഗങ്ങളും ചിത്രീകരിച്ചത്. സിനിമയിൽ കാണിച്ചത് എന്‍റെ സ്വന്തം വീടാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. സത്യത്തിൽ ആ വീട് എന്‍റേതല്ല. എന്‍റെ മനസ്സിനും കഥക്കും ഏറെ അനുയോജ്യമായ സ്ഥലമായിരുന്നു അവിടം.

സിനിമക്ക് ബ്ലാക്ക് ആൻഡ് വൈറ്റ് നിറം നൽകാൻ തീരുമാനിച്ചതിനുള്ള കാരണം അതിന്‍റെ കഥയാണ്. ഇതിലെ നായിക നിയയുടെ ജീവിതത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. നഷ്ടപ്പെട്ട ജീവിതവെളിച്ചം തേടി കുന്നും മലഞ്ചെരിവുകളും താണ്ടി ഒടുവിൽ, നായിക ഒരു നീണ്ട ഇരുണ്ട തുരങ്കത്തിന്റെ അവസാനത്തിൽ വെളിച്ചം കണ്ടെത്തുകയാണ്. ഇരുട്ടിൽ വെളിച്ചവും വെളിച്ചത്തിൽ ഇരുട്ടും കണ്ടെത്തുക എന്നതാണ് സിനിമയിലൂടെ ഞാൻ മുന്നോട്ടുവെക്കുന്നത്. അതിനെ അടയാളപ്പെടുത്താൻ കറുപ്പും വെളുപ്പുമല്ലാത്ത വേറെ ഏത് നിറങ്ങളാണുള്ളത്. മനസ്സിൽ കഥ രൂപപ്പെട്ട് കടലാസിലേക്ക് പകർത്തുമ്പോൾ തന്നെ തീരുമാനിച്ചിരുന്നു ഇത് ​േബ്ലക്ക് ആൻഡ് വൈറ്റിൽതന്നെ ചിത്രീകരിക്കണമെന്നത്.

ബ്ലാക്കിന്‍റെയും വൈറ്റിന്‍റെയും കനത്ത പ്രതലമായിട്ടും സ്വയശൈലിയിൽ നിയ എന്ന കഥാപാത്രത്തെ അഭിനയിച്ച് ഫലിപ്പിച്ച ധീര ജോൺസന്‍റെ പ്രകടനം എടുത്തുപറയേണ്ടതാണ്. സംഭാഷണത്തെ ആശ്രയിക്കാതെയുള്ള അഭിനയത്തിലും, നിശ്ശബ്ദതയും ഏകാന്തതയും വൈകാരികമായി തന്നെ അവർ കഥാപാത്രത്തിലേക്ക് സന്നിവേശിപ്പിച്ചിട്ടുണ്ട്. വാക്കുകളിലൂടെയല്ല, സാന്നിധ്യത്തിലൂടെയാണ് യഥാർഥ രോഗശാന്തി എന്നും അങ്ങനെയുള്ള ആളുകളെയും സ്ഥലങ്ങളെയും കുറിച്ച് ചിന്തിക്കുകയാണ് വേണ്ടതെന്നും സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടുണ്ട്. സ്വപ്നിൽ സോനാവാനെയുടെ കറുപ്പും വെളുപ്പും നിറങ്ങളിലുള്ള ഛായാഗ്രഹണത്തെ പുകഴ്ത്തുകതന്നെ വേണം. ശൈലീപരമായ ചലനങ്ങൾക്കപ്പുറത്ത് സിനിമയുടെ കാലാതീതതയും വൈകാരിക ഗുരുത്വാകർഷണവും ഉയർത്തുന്ന ആഖ്യാനം അദ്ദേഹത്തിന്‍റെ ഛായാഗ്രഹണ മികവിന്‍റെകൂടി അടയാളമാണ്.

 

സ്ലോ പേസിൽ മുന്നോട്ടുപോകുന്ന സിനിമയാണ് ‘സെക്കൻഡ് ചാൻസ്’? എന്നാൽ, ഏറെ ബഹളവും ഒച്ചപ്പാടുകളുമുള്ള സിനിമയാണ് ‘ആംഗ്രി ഇന്ത്യൻ ഗോഡസസ്’. രണ്ടിനെയും എങ്ങനെയെല്ലാം ചേർത്തുനിർത്താൻ സാധിക്കും?

ഹ, ഹ, ഹ നന്ദി! ഈ ചോദ്യം ഒരു അഭിനന്ദനമായി ഞാൻ കരുതുന്നു. വൈവിധ്യമാണ് ജീവിതത്തിന്റെ സുഗന്ധം. എന്നിരുന്നാലും, സിനിമ സംവിധായകന്റെ മാധ്യമമാണ്. വീണ്ടും പറയട്ടെ ‘ആംഗ്രി ഇന്ത്യൻ ഗോഡസസി’നെ കുറിച്ചുള്ള പരാമർശങ്ങൾ പറയാൻ ഞാൻ ബാധ്യസ്ഥയല്ല.

‘സെക്കൻഡ് ചാൻസി’ലേക്ക് നമുക്ക് മടങ്ങിവരാം. ശാന്തമായ ഹിമാലയൻ താഴ്വരയിലെ മരംകോച്ചുന്ന തണുപ്പിൽ ചിത്രീകരിച്ച ഈ ചിത്രം ഏകാന്തത, ഒറ്റപ്പെടൽ, മനഃശാന്തി എന്നിവയെ നിശ്ശബ്ദമായി സംബോധനംചെയ്യുന്നു. ഓരോ കഥയും, അത് ഏറ്റവും നന്നായി പറയേണ്ടരീതിയിൽതന്നെ അവതരിപ്പിച്ചാലേ പ്രേക്ഷകരിലേക്ക് അതിന്‍റെ വേരുകൾ ഇറങ്ങിച്ചെല്ലൂ എന്ന വിശ്വാസം എനിക്കുണ്ട്.

ഏഴ് സ്ത്രീകളുടെ കഥപറയുന്ന ‘ആംഗ്രി ഇന്ത്യൻ ഗോഡസസി’ന്‍റെ കഥ പറയാൻ ഉചിതമായിരുന്നത് ബഹളവും നിറങ്ങളും പശ്ചാത്തലത്തിൽ കൂടി മാത്രമേ സാധ്യമാകുമായിരുന്നുള്ളൂ. അതിന് വിപരീതമൊരു നരേഷൻ കൊണ്ടുവരുന്നത് സിനിമയുടെ ആത്മാവിനെ വധിക്കുന്നതിന് സമമാകുന്നതാണ്.

രണ്ടും സ്ത്രീപക്ഷ സിനിമകൾതന്നെയെങ്കിലും അവതരണരീതി എത്രയോ വ്യത്യാസപ്പെട്ടതാണ്. ഒരു സ്ത്രീ എങ്ങനെയാണ് തനിക്ക് നേരിടേണ്ടിവന്ന ആഘാതത്തെ മറികടന്ന് വെളിച്ചത്തിൽ എത്തുന്നതെന്ന് കാണിക്കുമ്പോൾതന്നെ സ്വത്വതലത്തിലെ അവളുടെ നോവും പ്രതികാരവുമെല്ലാം സെക്കൻഡ് ചാൻസിൽ വിഷയമായി വരുന്നുണ്ട്. തീർച്ചയായും, രണ്ട് സിനിമകളുടെയും വേഗതയും വ്യത്യസ്തമാണ്.

പൗരാണിക ചലച്ചിത്രമേളയായ ചെക്ക് റിപ്പബ്ലിക്കിലെ കാർലോവി വാരി ഇന്‍റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ വരെ ‘സെക്കൻഡ് ചാൻസ്’ എത്തി. തുടർന്ന് ടൊറന്‍റോ മേളയിലും. അവിടേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നോ? ഹോളിവുഡിൽ വല്ല സ്വീകരണവും ലഭിച്ചോ?

ചെക്ക് റിപ്പബ്ലിക്കിലെ കാർലോവി വാരിയിൽ നടക്കുന്ന വാർഷിക ചലച്ചിത്ര മേളയാണ് കാർലോവി വാരി ഇന്‍റർനാഷനൽ ഫിലിം ഫെസ്റ്റിവൽ. ലോകത്തിലെ ഏറെ പഴക്കമുള്ളതും മധ്യ യൂറോപ്പിലെ അറിയപ്പെടുന്ന ചലച്ചിത്ര മേളകളിൽ ഒന്നുമാണിത്. ‘സെക്കൻഡ് ചാൻസി’ന്‍റെ വേൾഡ് പ്രീമിയർ നടന്നത് ഈ മേളയിലെ പ്രോക്സിമ വിഭാഗത്തിൽ വെച്ചാണ്.

ഒരു സാധാരണ ഇന്ത്യക്കാരിയുടെ സിനിമ ലോകശ്രദ്ധയിലേക്ക് ക്ഷണിക്കപ്പെട്ടു എന്നത് എന്നെ സംബന്ധിച്ച് അത്യപൂർവ നേട്ടമായി തന്നെ കണക്കാക്കുന്നു. അശ്രാന്ത പരിശ്രമത്തിന് ലഭിച്ച അർഹമായൊരു അംഗീകാരം. അവിടന്ന് ലഭിച്ച ഓരോ അനുഭവവും ഇന്നും ഹൃദയത്തിൽ താലോലിച്ചു വെക്കുന്നുണ്ട്.

നോവ്യൂ (nouveau) തിയറ്ററിൽ നിറഞ്ഞുനിന്ന കാണികൾക്ക് മുന്നിൽ ഈ കൊച്ചു ചിത്രം പ്രദർശിപ്പിക്കുമ്പോൾ എന്‍റെ കണ്ണുകളിൽ ആനന്ദത്തിന്‍റെ നീറ്റലുണ്ടായിരുന്നു. സിനിമയെ അത്രമേൽ ഗൗരവമായും തീക്ഷ്ണതയോടെയും സമീപിക്കുന്നവരായിരുന്നു അവിടത്തെ കാണികൾ. തിയറ്റിന്‍റെ ശബ്ദമികവും ദൃശ്യമികവും സിനിമക്ക് ഗുണമേകി. സിനിമ അവസാനിച്ച് ക്രെഡിറ്റ് എഴുതി കാണിക്കുമ്പോഴും ആളുകൾ ഇരിപ്പിടങ്ങളിൽനിന്ന് എഴുന്നേറ്റിരുന്നില്ല. കരഘോഷത്തോടെയാണ് അവർ ഈ കൊച്ചു സിനിമയെ പുണർന്നത്. ഹർഷാരവം ചൊരിയവെ ചില സ്ത്രീ പ്രേക്ഷകർ കണ്ണിൽ പടർന്ന തുള്ളികളെ വിരലുകൊണ്ട് നീക്കുന്നത് ഞാൻ കണ്ടു. അവരോട് നന്ദി പറയണമെന്ന് ചിന്തിച്ചെങ്കിലും വാക്കുകളിൽ മാത്രമായി ഒതുക്കിനിർത്താൻ മനസ്സനുവദിച്ചില്ല.

ആദ്യ പ്രീമിയറിന് ശേഷമുള്ള ബാക്കി മൂന്ന് പ്രദർശനത്തിലും തിയറ്റർ നിറഞ്ഞുകവിഞ്ഞിരുന്നു. ഓരോ പ്രദർശനാവസാനവും നിറഞ്ഞ കൈയടിയും. സിനിമ സ്വപ്നം കണ്ട് നടന്ന ബാല്യവും ഹിമാലയത്തിലെ ആ കൊച്ചുഗ്രാമവുമായിരുന്നു അപ്പോൾ മനസ്സുനിറയെ. കാർലോവി മേളക്കുശേഷം ലോകത്തിലെ മറ്റു ചലച്ചിത്ര മേളകളിലും ‘സെക്കൻഡ് ചാൻസ്’ പ്രദർശിപ്പിക്കാൻ ഭാഗ്യമുണ്ടായി. അതായത് അയർലൻഡിലെ ബെൽഫാസ്റ്റ് മുതൽ ബ്രസീലിലെ സാവോപോളോയിലെ മോസ്ട്ര വരെയും കൊറിയയിലെ ബുസാൻ മുതൽ ആസ്‌ട്രേലിയയിലെ അഡ് ലെയ്ഡ് വരെയും എന്‍റെയീ കൊച്ചു ചിത്രം പ്രദർശിപ്പിക്കുകയുണ്ടായി. സിനിമയിലൂടെ പറയാൻ ശ്രമിച്ച രോഗശാന്തി, വിശാലതയുള്ള സൗഹൃദങ്ങൾ, പ്രകൃതിമാതാവ് എന്നീ വിഷയങ്ങൾ ആഗോളതലത്തിൽതന്നെ ചർച്ചചെയ്തു എന്നത് എന്‍റെ മുന്നോട്ടുള്ള പ്രയാണത്തിന് വലിയ ഊർജമായി.

ഹോളിവുഡിലേക്ക് വന്നാൽ, അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ (AFI) നേതൃത്വത്തിൽ ലോസ്ആഞ്ജലസിൽ സംഘടിപ്പിക്കുന്ന സിനിമാറ്റിക് കലയുടെ വാർഷിക ആഘോഷമായ എ.എഫ്.ഐ (AFI) ഫിലിം ഫെസ്റ്റിവലിൽ നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദർശിപ്പിച്ചത്. തുടർന്ന് ഗൗരവ ചർച്ചകൾക്കും സംസാരങ്ങൾക്കും സിനിമ നിമിത്തമായി. ഹോളിവുഡിന്‍റെ വലിയ ലോകം ശരിക്കും ചിത്രത്തെ നെഞ്ചിൽ പ്രതിഷ്ഠിക്കുകയായിരുന്നു.

ഇന്ത്യയിലെ സ്ത്രീത്വത്തെ കുറിച്ച് അടയാളപ്പെടുത്തുന്ന സിനിമകൾ എന്ന ഖ്യാതി താങ്കളുടെ സിനിമകൾക്കുള്ളപ്പോൾതന്നെ, അർബൻ സ്ത്രീകളിൽ മാത്രം ഒതുങ്ങിപ്പോകുന്നു എന്ന വിമർശനവും കൂടിയുണ്ട്?

ഒരുപക്ഷേ, ‘ആംഗ്രി ഇന്ത്യൻ ഗോഡസസി’ലെ ഏഴ് പ്രധാന സ്ത്രീ കഥാപാത്രങ്ങളിലെ ഭൂരിപക്ഷം പേരും നഗരത്തിന്‍റെ പ്രതിനിധികളായിരുന്നു. ഗോവൻ കുമ്പിയും ലക്ഷ്മിയും മാത്രമാണ് അതിനപ്പുറത്തുള്ള സ്ത്രീവിഭാഗത്തെ പ്രതിനിധാനംചെയ്ത് സിനിമയിലുള്ളത്. എന്നാൽ, സെക്കൻഡ് ചാൻസിൽ, ജീവിതത്തിന്‍റെ സുപ്രധാന നിമിഷത്തിലൂടെ കടന്നുപോകവെ തനിക്കു നേരിടേണ്ടി വന്ന പ്രശ്നങ്ങളിൽനിന്ന് പിൻവാങ്ങാൻ വഴിതേടി അലയുന്ന യുവതി നിയ (ധീര ജോൺസൺ)യോടൊപ്പം 70ലും വാർധക്യത്തിന്‍റെ അവശതയെ തന്‍റെ കരളുറപ്പുകൊണ്ടും ജീവിതപരിചയം കൊണ്ടും മറികടന്ന് മുന്നേറുന്ന പരിചാരകയായ മുത്തശ്ശി ഭെമിജി (താക്രി ദേവി) രണ്ടാമത്തെ പ്രധാന കഥാപാത്രമായി നിറഞ്ഞുനിൽക്കുന്നുണ്ട്. ഹിമാലയത്തിലെ ദുർഘട പാതകളെ അനായാസം മറികടന്ന് ജീവിക്കുന്ന ആ മുത്തശ്ശി ശരിക്കും സ്ത്രീത്വത്തിന്‍റെ മങ്ങലേൽക്കാത്ത മറ്റൊരു മുഖമാണ്. ന്യൂയോർക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ (NYIFF) ‘സെക്കൻഡ് ചാൻസ്’ പ്രദർശിപ്പിച്ച ശേഷം സിനിമ കണ്ട ഒരു മാധ്യമപ്രവർത്തകൻ പറഞ്ഞത് Second Chance is one of the best examples of cross cultural, intergenerational feminism എന്നാണ്.

ഇന്ത്യയിൽ സ്വതന്ത്ര കലാവിഷ്കാരത്തിന് തടസ്സങ്ങളില്ലേ. ഭരണകൂട വേട്ടയടക്കം നേരിടേണ്ട സന്ദർഭമുണ്ടായിട്ടുണ്ടോ?

തീർച്ചയായും. ഇന്ത്യയിൽ സ്വതന്ത്രമായ കലാവിഷ്കാരത്തിന് വലിയ തടസ്സങ്ങളുണ്ട്! പ്രത്യേകിച്ച് കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ. ഇന്ത്യൻ സിനിമയുടെ ഇന്നത്തെ രാഷ്ട്രീയ അവസ്ഥ എത്രയോ മലീമസമാണ്. ഭൂരിപക്ഷത്തിന്റെ ഭാഗത്തുനിന്ന് അസഹിഷ്ണുതയും ഹൈപ്പർസെൻസിറ്റിവിറ്റിയും കുത്തനെ വർധിച്ചു. രാഷ്ട്രീയവും ആളും തരവും നോക്കി സിനിമയെ പുറന്തള്ളുന്ന അവസ്ഥയും ഇന്ന് രാജ്യത്തുണ്ട്. അതേസമയം, ബിഗ് ബജറ്റിൽ ചെയ്യുന്ന എത്രയോ മുഖ്യധാര സിനിമകളിൽ ന്യൂനപക്ഷത്തെ ദുരുപയോഗം ചെയ്യുകയും തെറ്റായി പ്രതിനിധാനംചെയ്യുകയും ചെയ്തിട്ടുണ്ട്. സിനിമക്ക് അതിരുകൾ മറികടക്കാനും, പ്രേക്ഷകരെ സുഖപ്പെടുത്താനും, ഒന്നിപ്പിക്കാനും കഴിവുണ്ടെന്ന് വിശ്വസിക്കുന്ന സിനിമാപ്രേമി എന്ന നിലയിൽ, ഇത് അങ്ങേയറ്റം ഹൃദയഭേദകമായി കാണുന്നു. വ്യക്തിപരമായി, എന്റെ ജോലിയിൽ ഇതുവരെ സർക്കാർ പീഡനം നേരിടേണ്ടി വന്നിട്ടില്ല.

മുഖ്യധാര സിനിമയിൽ താങ്കളുടെ പേര് കേട്ടത് കുറവാണല്ലോ... ബോളിവുഡ് പോലുള്ളവയിൽനിന്ന് അവഗണനയുണ്ടായോ?

ബോളിവുഡിന്‍റെ പളപളപ്പും പുറംമേനിയും സാമ്പത്തിക ലാഭവും ഒരിക്കലും എന്റെ ലക്ഷ്യമായിരുന്നില്ല. അതിനാൽ എന്റെ കരിയറിന്റെ തുടക്കം മുതൽതന്നെ ഞാൻ അതിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. സ്വതന്ത്രവും കലാപരവുമായ സിനിമകളാണ് ഞാൻ തിരഞ്ഞെടുത്തത്. അതിനാൽതന്നെ ബോളിവുഡിൽ വളരെ അപൂർവമായേ എന്‍റെ പേര് കേട്ടിരിക്കാൻ ഇടയുള്ളൂ. എനിക്കതിൽ ഒരുതരത്തിലുമുള്ള പരാതിയോ പരിഭവമോ ഇല്ല. മനസ്സിന് നല്ലതെന്ന് തോന്നുന്നതും അതിലൂടെ മനുഷ്യനെ അടയാളപ്പെടുത്തുന്നതുമായ സിനിമക​േള എന്‍റെ ലക്ഷ്യങ്ങളിലുള്ളൂ.

സ്ത്രീപക്ഷ സിനിമകൾ മാത്രമാണോ ചെയ്യാൻ ഉദ്ദേശ്യമുള്ളത്. തുടർന്നുള്ള സിനിമകൾ ഏതെല്ലാമാണ്?

സത്യത്തിൽ സ്ത്രീപക്ഷ സിനിമ എന്ന പദംകൊണ്ട് എന്താണ് ലക്ഷ്യമിടുന്നത്. സിനിമയിലെ നായിക ഒരു സ്ത്രീയാണ് എന്നതാണോ. അതോ സ്ത്രീകൾ മാത്രം നേരിടുന്ന പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നു എന്നതോ. സ്ത്രീകൾക്കുമാത്രം കാണാനൊരു സിനിമ എന്ന അർഥംകൂടി അതിനുണ്ടോ. എനിക്ക് മനസ്സിലാകുന്നില്ല. ഈ ചോദ്യങ്ങൾ നിങ്ങളോട് തിരിച്ചുചോദിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.

എന്റെ കണ്ണിൽ, ഒരു സ്ത്രീ സംവിധാനം ചെയ്യുന്ന ഏതൊരു സിനിമയും കുറഞ്ഞപക്ഷം ഒരു സ്ത്രീപക്ഷ സിനിമയാണ്. സ്ത്രീകളെ മാത്രം കാണിച്ചതുകൊണ്ട് അതൊരു സ്ത്രീപക്ഷ സിനിമയാകണമെന്നില്ല. എന്നാൽ, പീഡിതയായ ഒരു സ്ത്രീയെ മാത്രമെങ്കിലും കൃത്യമായി അടയാളപ്പെടുത്താൻ സാധിച്ചാൽ ആ അർഥത്തിൽ ആ സിനിമ വിജയിച്ചു എന്നെനിക്ക് പറയാനാകും. ഇതൊരു വലിയ ചർച്ചാ വിഷയമായതിനാൽതന്നെ ഇവിടെ ഈ ചെറിയ വാക്കുകളിൽ ചുരുക്കി പറയാനാണ് ഉദ്ദേശിക്കുന്നത്.

‘മോഹ്’ ആണ് എന്‍റെ അടുത്ത സിനിമ. അതിന്‍റെ തിരക്കഥാ രചനയുടെ പണിപ്പുരയിലാണ്. ഈ ചിത്രത്തെക്കുറിച്ച് ഇപ്പോൾ കൂടുതൽ സംസാരിക്കാൻ എനിക്ക് സ്വാതന്ത്ര്യമില്ല. എന്നിരുന്നാൽ ‘സെക്കൻഡ് ചാൻസ്’ എന്നതിൽനിന്ന് ഈ സിനിമ തീർത്തും വ്യത്യസ്തമായിരിക്കും.

 

‘സെക്കൻഡ് ചാൻസ്’ സിനിമ ചിത്രീകരണ വേളയിൽ സുഭദ്ര മഹാജൻ അതിലെ ബാലതാരത്തിനൊപ്പം

എല്ലാവിധം സിനിമകളെയും സ്വീകരിക്കുന്നവരാണ് മലയാളികൾ. വിദേശ സിനിമകൾക്ക് പ്രേക്ഷകരുള്ള നാടുകൂടിയാണ് കേരളം?

2024ൽ ‘സെക്കൻഡ് ചാൻസു’മായി ഐ.എഫ്.എഫ്.കെക്ക് വന്നപ്പോഴാണ് സിനിമയെ ഇത്രമേൽ സ്നേഹിക്കുന്ന മലയാളി പ്രേക്ഷകരെ നേരിൽ കാണാനിടയായത്. അതുവരെ കേട്ടറിവ് മാത്രമാണുണ്ടായിരുന്നത്. എല്ലാതരം സിനിമകളും ഉൾക്കൊള്ളുന്നവരാണ് മലയാളികളെന്ന് അന്നത്തെ സന്ദർശനത്തോടെതന്നെ ബോധ്യമായി. മേളയിൽ തിങ്ങിനിറഞ്ഞ ജനസദസ്സിലാണ് എന്‍റെ സിനിമ പ്രദർശിപ്പിച്ചത്. ശരിക്കും അന്ന് ഞാൻ ആശ്ചര്യപ്പെട്ട് നിന്നുപോയി. റോഡിലേക്ക് നീണ്ടുനിൽക്കുന്ന വരിയായിരുന്നു ഓരോ തിയറ്ററിന് മുന്നിലും.

ഇന്ത്യയിലെ മറ്റെല്ലാ ചലച്ചിത്രമേളകളിലും വരുന്ന പ്രേക്ഷകരിൽ ഭൂരിഭാഗവും ഏതെങ്കിലും തരത്തിൽ സിനിമയിൽ പ്രവർത്തിക്കുന്നവരോ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവരോ ആയിരിക്കും. എന്നാൽ, കേരളത്തിൽ ടാക്സി ഡ്രൈവർമാർ, പ്രൈമറി സ്കൂൾ അധ്യാപകർ, വീട്ടമ്മമാർ, അഭിഭാഷകർ, മാധ്യമപ്രവർത്തകർ എന്നിങ്ങനെ വൈവിധ്യമാർന്ന പ്രേക്ഷകരെ എനിക്ക് കാണാനായി. അവർ സിനിമകൾ കാണുക മാത്രമല്ല, വിമർശിക്കേണ്ടതിനെ വിമർശിക്കുകയും അഭിനന്ദിക്കേണ്ടതിനെ പ്രശംസാവാചകംകൊണ്ട് മൂടുകയുംചെയ്യുന്നു.

ഐ.എഫ്.എഫ്.കെയിൽ ‘സെക്കൻഡ് ചാൻസി’ന്‍റെ ആദ്യ ഷോക്ക് ഒരുക്കിയത് 800 പേർക്ക് ഇരിക്കാവുന്ന വലിയൊരു തിയറ്ററായിരുന്നു. പ്രദർശനത്തിന്‍റെ തലേദിവസം ആ തിയറ്ററിലേക്ക് ഞാൻ ചെന്നു. എനിക്ക് നിരാശയാണ് തോന്നിയത്. കാരണം അത്രയും സീറ്റുകൾ എങ്ങനെ നിറയുമെന്ന ആധി എന്നെ ഉലച്ചു. തിയറ്ററിന്‍റെ പത്തിലൊന്ന് മാത്രമേ നിറയുകയുള്ളൂ എന്ന് കരുതി ഞാൻ വിഷമത്തോടെയാണ് അന്ന് റൂമിലേക്ക് മടങ്ങിയത്.

ഹിമാചൽ പ്രദേശുകാരിയായ ഒരു പെണ്ണിന്‍റെ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ കാണാൻ ഇങ്ങ് കേരളത്തിലെ ഏത് പ്രേക്ഷകനാണ് അത്രമേൽ താൽപര്യമുണ്ടാകുക എന്ന ചിന്ത ആ രാവിൽ പലകുറി മനസ്സിൽ തികട്ടിവന്നു. പിറ്റേന്ന് പ്രദർശനസമയം ആരംഭിക്കുന്നതിന് മുമ്പുതന്നെ തിയറ്ററിനരികിലെത്തി. ഞാനാകെ അത്ഭുതസ്തബ്ധയായി. തിയറ്റർ നിറഞ്ഞ് ജനമൊഴുകിയെത്തിയിട്ടുണ്ട്. തുടർന്ന് നടന്ന രണ്ടു ഷോകളും ഹൗസ് ഫുൾ തന്നെയായിരുന്നു. പ്രദർശനാനന്തരം പ്രേക്ഷകരുമായി സംവദിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു. വളരെ ആഴത്തിലും ദീർഘദൃഷ്ടിയോടെയുമുള്ള ചോദ്യങ്ങളാണ് ഒാരോ പ്രേക്ഷകനും എന്നോട് പങ്കുവെച്ചത്. എന്‍റെ സിനിമയെ കുറിച്ച് മാത്രമല്ല, കണ്ടുതീർത്ത മറ്റുപല സിനിമകളെ കുറിച്ചും അവർക്ക് പറയാൻ ഏറെയുണ്ടായിരുന്നു. മലയാളികൾ ശരിക്കും വികസിതരായ പ്രേക്ഷകരാണെന്ന് ഞാൻ മനസ്സിലാക്കി. അവരുടെ സിനിമാറ്റിക് സംവേദനക്ഷമത വളരെ പരിഷ്കൃതവുമാണ്.

ഞാൻ അവിടെ എത്തുന്നതിന് മുമ്പുതന്നെ എന്നെക്കുറിച്ചും സിനിമയെ കുറിച്ചുമെല്ലാം പല അവലോകനങ്ങളും അഭിമുഖങ്ങളും ഫീച്ചറുകളും മുഖ്യധാര മാധ്യമങ്ങളിലടക്കം അച്ചടിച്ചുവന്നിരുന്നു. ഒരു സംവിധായിക എന്ന നിലയിൽ കേരളത്തിലെ പ്രേക്ഷകരിൽനിന്ന് ലഭിച്ച പിന്തുണക്കൊപ്പംതന്നെ ചലച്ചിത്ര അക്കാദമിയിൽനിന്നുള്ള സഹായവും ബഹുമാനവും എടുത്തുപറയേണ്ടതാണ്. എനിക്കും എന്‍റെ സിനിമക്കും വേണ്ട എല്ലാ സഹകരണവും അവർ ഒട്ടും മടിയില്ലാതെതന്നെ ചെയ്തുതന്നു. ഐ.എഫ്.എഫ്.കെക്കു ശേഷം കേരളത്തിലെ ആറു പ്രാദേശിക ചലച്ചിത്രമേളകളിലും ‘സെക്കൻഡ് ചാൻസ്’ അക്കാദമിയുടെ നേതൃത്വത്തിൽ പ്രദർശിപ്പിച്ചു. ഓരോ പ്രദർശനത്തിലും വമ്പിച്ച ജനബാഹുല്യവുമായിരുന്നു. ഇതെല്ലാം എന്‍റെ സങ്കൽപങ്ങൾക്കും എത്രയോ മുകളിലുള്ളതാണ്. സത്യം പറഞ്ഞാൽ, ആ ദിവസങ്ങളെല്ലാംതന്നെ ജീവിതത്തിലെ ഏറ്റവും സവിശേഷമായ സമയങ്ങളിൽ ഒന്നായിരുന്നു. ഇപ്പോഴും, അതേക്കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് ഉൾചിരി വരും കൂടുതൽ സിനിമകൾ ചെയ്യാനുള്ള പ്രോത്സാഹനവും കൂടിയാണത്.

Tags:    
News Summary - Subhadra Mahajan interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.