സിനിമയിലും വേണം, ചെയ്ത ജോലിക്ക് മാന്യമായ പ്രതിഫലം

2024ലെ ഐ.എഫ്.എഫ്.കെയിൽ മലയാളം സിനിമ ടുഡേ വിഭാഗത്തിൽ മികച്ച നവാഗത സംവിധായികക്കുള്ള അവാർഡ് നേടിയ ‘വിക്ടോറിയ’ ചിത്രത്തിന്‍റെ സംവിധായിക ശിവരഞ്ജിനി സിനിമ വ്യവസായത്തിലെ പ്രതിഫല വിഷയത്തെ കുറിച്ചും സ്ത്രീപക്ഷ സിനിമയുടെ നിലവിലെ സാഹചര്യത്തെ കുറിച്ചുമെല്ലാം കവിയും സിനിമയിലെ ഗാനരചയിതാവുമായ ​ബിലു പത്മിനി നാരായണനുമായി സംസാരിക്കുന്നു.സിനിമ കോൺക്ലേവിൽ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ വനിത-ദലിത് സംവിധായകർക്ക് സിനിമാ നിർമാണത്തിനായി നൽകുന്ന ഫണ്ടിനെക്കുറിച്ച് അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശം വിവാദമായിരുന്നു. ഒന്നരക്കോടി എന്നത് കൂടുതലാണെന്നും മതിയായ പരിശീലനവും അനുഭവപരിചയവും...

2024ലെ ഐ.എഫ്.എഫ്.കെയിൽ മലയാളം സിനിമ ടുഡേ വിഭാഗത്തിൽ മികച്ച നവാഗത സംവിധായികക്കുള്ള അവാർഡ് നേടിയ ‘വിക്ടോറിയ’ ചിത്രത്തിന്‍റെ സംവിധായിക ശിവരഞ്ജിനി സിനിമ വ്യവസായത്തിലെ പ്രതിഫല വിഷയത്തെ കുറിച്ചും സ്ത്രീപക്ഷ സിനിമയുടെ നിലവിലെ സാഹചര്യത്തെ കുറിച്ചുമെല്ലാം കവിയും സിനിമയിലെ ഗാനരചയിതാവുമായ ​ബിലു പത്മിനി നാരായണനുമായി സംസാരിക്കുന്നു.

സിനിമ കോൺക്ലേവിൽ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ വനിത-ദലിത് സംവിധായകർക്ക് സിനിമാ നിർമാണത്തിനായി നൽകുന്ന ഫണ്ടിനെക്കുറിച്ച് അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശം വിവാദമായിരുന്നു. ഒന്നരക്കോടി എന്നത് കൂടുതലാണെന്നും മതിയായ പരിശീലനവും അനുഭവപരിചയവും ഇല്ലാത്തവർക്ക് കൊടുക്കുന്ന തുക പാഴായിപ്പോകുന്നു എന്നുമായിരുന്നു വിമർശനം. സദസ്സിൽനിന്ന് അപ്പോൾതന്നെ ഇതിനെതിരെ സംസാരിച്ച പുഷ്പവതിയുടെ പ്രതിഷേധത്തെ തുടർന്ന് വ്യാപകമായ ചർച്ചകൾ ഇതേക്കുറിച്ച് നടന്നു.

2024ലെ ഐ.എഫ്.എഫ്.കെയിൽ മലയാളം സിനിമ ടുഡേ വിഭാഗത്തിൽ മികച്ച നവാഗത സംവിധായികക്കുള്ള അവാർഡ് നേടിയ ‘വിക്ടോറിയ’ എന്ന ചിത്രം അടൂരിനുള്ള യഥാർഥ മറുപടിയാണ്. ശിവരഞ്ജിനി ജെ സംവിധാനംചെയ്ത ‘ഈ’ എന്ന സിനിമ 2022ലെ കെ.എസ്.എഫ്.ഡി.സി വിമൻസ് എംപവർമെന്റ് ഫണ്ട് ലഭിച്ച് നിർമിച്ചതാണ്. ‘വിക്ടോറിയ’ എന്ന പേരിനെ അന്വർഥമാക്കുന്ന വിധത്തിൽ ഐ.എഫ്.എഫ്.കെ ഒരു തുടക്കം മാത്രമായിരുന്നു –പങ്കെടുത്ത മിക്ക ദേശീയ, അന്തർദേശീയ ചലച്ചിത്രമേളകളിലും പിന്നീട് ‘വിക്ടോറിയ’ വിജയങ്ങൾ നേടി. ഷാങ്ഹായ് മേളയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മീനാക്ഷി ജയൻ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ അഹ്മദാബാദിൽ നിന്ന് ഫിലിം ആൻഡ് വിഡിയോ കമ്യൂണിക്കേഷൻ പഠനത്തിനു ശേഷം ഐ.ഐ.ടി ബോംബെയിൽ പിഎച്ച്.ഡി തുടരുകയാണ് ശിവരഞ്‌ജിനി. ചിത്രത്തിൽ ഒരു ചെറിയ ഗാനം എഴുതാൻ അവസരം കിട്ടിയപ്പോഴത്തെ ചർച്ചകളിൽനിന്നുതന്നെ ആത്മവിശ്വാസവും തികഞ്ഞ പ്രഫഷനലിസവുമുള്ള ഒരു പുതുസംവിധായികയെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നു. ‘വിക്ടോറിയ’യെക്കുറിച്ച് ശിവരഞ്ജിനിയുമായി നടത്തിയ സംസാരത്തിൽനിന്ന്.

കെ.എസ്.എഫ്.ഡി.സിയുടെ സിനിമകളെക്കാൾ അതിനു ചെലവഴിച്ച ഫണ്ടാണല്ലോ ചർച്ചാവിഷയമായത്. ഒന്നരക്കോടി ഫണ്ട് ലഭിച്ചതുകൊണ്ട് പത്തോളം സിനിമകൾ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. ഇതിന്റെ വിനിയോഗരീതികൾ എങ്ങനെയാണ്? ഫണ്ട് തുക കൂടുതലാണെന്നുള്ള അഭിപ്രായങ്ങളും വന്നിരുന്നല്ലോ.

ആദ്യമേ പറയട്ടെ, ഒരു പൈസപോലും ഡയറക്ടറുടെ അക്കൗണ്ടിലേക്ക് നേരിട്ട് വരുന്നില്ല. പ്രതിഫലത്തുക ഉൾപ്പെടെ സിനിമാനിർമാണത്തിനുള്ള ഫണ്ടു മുഴുവനും കെ.എസ്.എഫ്.ഡി.സിയുടെ അക്കൗണ്ടിലേക്കാണ് വരുന്നത്. ഘട്ടംഘട്ടമായി നിർമാണ പുരോഗതിക്ക് അനുസരിച്ചാണ് അത് ബന്ധപ്പെട്ട അക്കൗണ്ടുകളിലേക്ക് നൽകുന്നത്. ഒരു ഫീച്ചർ ഫിലിം നിർമാണത്തിന് ഒന്നരക്കോടി രൂപയെന്നത് ഇന്നത്തെ സിനിമാമേഖലയിൽ വളരെ പരിമിതമായ തുകയാണെങ്കിലും ഇത്തരമൊരു ​േപ്രാജക്ട് എന്ന നിലയിൽ സർക്കാറിന് നൽകാവുന്ന സാധ്യമായ ഒരു തുകയാണത്. ആദ്യ സംവിധാനത്തിന്, താരങ്ങൾക്ക് ഒട്ടുംതന്നെ പ്രതിഫലം നൽകാത്ത നിർമാതാക്കൾ ഉള്ളപ്പോൾ ഈ സർക്കാർ ഫണ്ടിന്റെ മൂല്യം വളരെ വലുതാണ്. ഈ തുകയിൽനിന്ന് സംവിധായകർ, നടീനടന്മാർ ഉൾപ്പെടെ സിനിമയുമായി ബന്ധപ്പെട്ട ജോലികളിലുള്ള എല്ലാവർക്കും അനുപാതികമായ പ്രതിഫലം കെ.എസ്.എഫ്.ഡി.സി വകയിരുത്തുന്നുണ്ട്.

50 ലക്ഷം നൽകിയാൽ മതിയാവും ഇത്തരം സിനിമകൾക്ക് എന്നാണല്ലോ അടൂരിന്റെ അഭിപ്രായം. ഇതുമായി ബന്ധപ്പെട്ട് എനിക്ക് പറയാനുള്ള പ്രധാനപ്പെട്ട ഒരു പോയന്റ് ഇതാണ് -അദ്ദേഹം പറയുന്നതുപോലെ 50 ലക്ഷത്തിന് സിനിമ പിടിക്കാമെന്നുവെച്ചാൽ അവിടെ സിനിമയുമായി ബന്ധപ്പെട്ട വിവിധ ജോലികൾ ചെയ്യുന്ന തൊഴിലാളികളുടെ, കലാകാരന്മാരുടെ പ്രതിഫലമാണ് വല്ലാതെ കുറഞ്ഞുപോവുക. കൂലിയില്ലാത്ത വേലയായി പലപ്പോഴും അത് മാറും. മൊത്തം തുക മൂന്നോ നാലോ പേർക്ക് വീതിച്ച് 40-50 ലക്ഷത്തിന് സിനിമ ചെയ്താൽ പോരേ എന്ന് പിന്നീടും പലരും ചോദിക്കുകയുണ്ടായി. ഇങ്ങനെ നിർമാണ ചെലവ് കുറക്കുക എന്നതിനർഥം കലാകാരന്മാർക്ക് അർഹമായ മാന്യമായ പ്രതിഫലം വെട്ടിക്കുറക്കുക എന്നതുതന്നെയാണ്.

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ പഠനകാലത്ത് ചില സിനിമാ പ്രോജക്ടുകൾ ചെയ്തിരുന്നുവല്ലോ. അതുമായി താരതമ്യപ്പെടുത്തുമ്പോൾ ‘വിക്ടോറിയ’യുടെ നിർമാണ ചെലവിനെ എങ്ങനെയാണ് കാണുന്നത്?

എൻ.ഐ.ഡിയിൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളെപ്പോലെ ഇത്തരം പ്രോജക്ടുകൾക്ക് ഒരുവിധ ഫണ്ടുമില്ല. 5000-10,000 രൂപയുടെ ഒക്കെ കുഞ്ഞു സിനിമകൾ ചെയ്തിട്ടുണ്ട്. പക്ഷേ, അതിൽ പ്രവർത്തിച്ചവരൊക്കെ കൂട്ടുകാരോ പ്രഫഷനൽ സൗഹൃദത്തിൽ ഉള്ളവരോ ഒക്കെയാണ്. ഗവൺമെന്റ് ഫണ്ട് കിട്ടുമ്പോൾ അങ്ങനെയല്ല. നമുക്കായി സമയം ചെലവഴിച്ച് പ്രയത്നിച്ചതിനുള്ള മാന്യമായ പേമെന്റ് കൊടുക്കാൻ ഇപ്പോഴാണ് സാധിച്ചിട്ടുള്ളത്.

അത് നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞിട്ടുള്ള ഒരാളാണല്ലോ ഞാനും! കുറച്ചു വരികൾ എഴുതി എന്ന ചെറിയ പങ്കാളിത്തത്തിനുപോലും താരതമ്യേന മികച്ച പ്രതിഫലമാണ്‌ ലഭിച്ചത്.

അതെ. എനിക്ക് ഉറപ്പിച്ചു പറയാം ഈ സിനിമയിൽ വർക്ക് ചെയ്തിരിക്കുന്ന എല്ലാവർക്കും വലിയ തുകയൊന്നുമല്ലെങ്കിലും ആനുപാതികമായ പ്രതിഫലം കൊടുക്കാൻ സാധിച്ചിട്ടുണ്ട്. കുറേ വൈകിപ്പോയിട്ടുണ്ടെങ്കിലും. കാരണം സെൻസറിങ് കഴിഞ്ഞതിനുശേഷമാണ് പലർക്കുമുള്ള ഫണ്ട് റിലീസായത്. ഏതാണ്ട് വീടുപണിക്കുള്ള ബാങ്ക് ലോൺ പോലെയാണിതും. സിനിമകളുടെ കോൺട്രാക്ട് വെച്ചു കഴിഞ്ഞ് ആദ്യം 20 ശതമാനം പിന്നെ 30 ശതമാനം ബാക്കി വലിയൊരു ഭാഗം സെൻസറിങ് കഴിഞ്ഞ്.

ഘട്ടം ഘട്ടമായ ഈ ഫണ്ടിങ്ങിനിടയിൽ എങ്ങനെയാണ് സിനിമയുടെ പ്രവർത്തനങ്ങൾ മുന്നോട്ടുപോയത്?

അത് വളരെ ബുദ്ധിമുട്ടായിരുന്നു. ഞാൻ പിഎച്ച്.ഡിക്ക് പഠിച്ചുകൊണ്ടിരുന്നതിനാൽ ആദ്യത്തെ രണ്ടു വർഷം അതിന്റെ സ്റ്റൈപ്പൻഡ് ലഭിച്ചിരുന്നു. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ പാർട്ട്‌ടൈം ജോലിക്കും പോയിരുന്നു. അതുകൊണ്ട് മുഴുവൻ നിന്നുപോകാതെ പറ്റാവുന്നതരത്തിൽ സിനിമയുടെ ഇടക്കാലത്തുള്ള ജോലികളും മുന്നോട്ടുനീക്കാൻ പറ്റി.

 

സിനിമ ചിത്രീകരണത്തിനിടെ ശിവരഞ്ജിനി ജെ

സംവിധായകർക്ക് പരിശീലനം കൊടുക്കണം, പരിചയമില്ലാത്തവരുടെ കൈയിൽ ഇത്രയും തുക പ്രയോജനമില്ലാതെ പോകുന്നു എന്നാണല്ലോ അടൂർ ഗോപാലകൃഷ്ണൻ സിനിമ ക്ലോൺക്ലേവിൽ ഉയർത്തിയ വിമർശനം. ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?

കെ.എസ്.എഫ്.ഡി.സി നൽകുന്ന പരിശീലന പരിപാടിയെക്കുറിച്ച് അറിവില്ലാത്ത ആളാണോ അടൂർ?! പലതരത്തിലുള്ള ട്രെയിനിങ് സെഷനുകൾ സംവിധായകർക്ക് ലഭിക്കുന്നുണ്ട്. ട്രെയിനിങ് കൊടുക്കണം എന്ന നിർദേശം ഒറ്റനോട്ടത്തിൽ സദുദ്ദേശ്യപരമായി തോന്നാം. എന്നാൽ, ഈ സംവിധായകരെല്ലാം ഒരുവിധ പരിശീലനവും മുമ്പ് കിട്ടാത്തവരാണെന്നും സിനിമയുടെ എ.ബി.സി.ഡി അറിയാത്തവരാണെന്നുമുള്ള മുൻവിധിയാണ് സത്യത്തിൽ അതിലുള്ളത്. ലെൻസ് എന്താ, കാമറ എന്താ എന്നുപോലും അറിയാത്തവർ എന്ന പരാമർശം അടൂരിനെ പിന്തുണച്ച ചിലരിൽനിന്ന് കേട്ടിരുന്നു. ഞങ്ങൾക്കൊപ്പം സെലക്ഷൻ കിട്ടിയ സംവിധായകൻ മനോജ് 10 വർഷത്തോളം ലോഹിതദാസിന്റെ അസിസ്റ്റന്റ് ആയിരുന്നു. മുമ്പ് ഒരു ഫീച്ചർ ഫിലിം ചെയ്തിട്ടുമുണ്ട്. എനിക്കൊപ്പം കിട്ടിയ മറ്റൊരാൾ ഒരു വീട്ടമ്മയാണ്. ഈ മേഖലയിൽ മുൻപരിചയമില്ല. അവർക്ക് പഠനത്തിനും പരിശീലനത്തിനും സഹായിക്കുന്ന തരത്തിൽ ഒരു സപ്പോർട്ട് ഗ്രൂപ്പിനെ നൽകുകയാണ് കെ.എസ്.എഫ്.ഡി.സി ചെയ്തത്. മുഴുവൻ സ്ത്രീകളടങ്ങുന്ന ഒരു ടീം. ഫൗസിയ ഫാത്തിമ, രത്തിന (‘പുഴു’ സിനിമയുടെ ഡയറക്ടർ) തുടങ്ങിയവരൊക്കെ ഈ പരിശീലക ഗ്രൂപ്പിൽ ഉണ്ടായിരുന്നു.

 

എപ്പോഴും എല്ലാം അറിയുന്നവരും ഫിലിം സ്കൂളുകളിൽ പഠിച്ചിട്ടുള്ളവരും മാത്രമല്ലല്ലോ സിനിമയിലേക്ക് കടന്നുവരേണ്ടത്. പ്രത്യേകിച്ച് സ്ത്രീ-ദലിത് വിഭാഗങ്ങളെ സംബന്ധിച്ച് ഇക്കാര്യം പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്. ഔപചാരിക പഠന പരിശീലനങ്ങൾക്ക് സാധിക്കാത്തവരായിരിക്കും കൂടുതലും. മലയാള സിനിമയിൽതന്നെ അക്കാദമിക പശ്ചാത്തലങ്ങൾ ഇല്ലാത്ത എത്രയോ പേർ സിനിമയിൽ വന്നു തന്നെ ബാലപാഠങ്ങൾ പഠിച്ച് മികച്ച സൃഷ്ടികൾ ഉണ്ടാക്കിയിട്ടുണ്ട്.

പഴയകാലത്തെ ഒരു കൺസെപ്റ്റ് വെച്ച് കാണുന്നതുകൊണ്ടാണ് പരിശീലനത്തെ സംബന്ധിച്ച ഇത്തരം അഭിപ്രായങ്ങൾ ഉണ്ടാവുന്നത്. മുമ്പ് ഇത്തരം സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് മാത്രമാണ് നല്ല സിനിമകൾ കാണാനും ഉപകരണങ്ങളെ കുറിച്ച് അറിയാനും പഠിക്കാനും ഉള്ള സാഹചര്യം കിട്ടിയിരുന്നത്. ഇന്നിപ്പോൾ കൂടുതൽ ഡെമോക്രാറ്റിക് ആണ് കാര്യങ്ങൾ. 18-20 വയസ്സുള്ള കുട്ടികളാണ് കഴിഞ്ഞ വർഷം ഐ.എഫ്.എഫ്.കെയിൽ മലയാളം ‘സിനിമ ടുഡേ’യിൽ തെരഞ്ഞെടുക്കപ്പെട്ടത്. അവർ മികച്ചരീതിയിൽ സെൽഫ് ട്രെയിൻഡ് ആണ്. നല്ല സിനിമയിലേക്കെത്താൻ ഔപചാരികമല്ലാത്ത എത്രയോ വഴികൾ ഇന്നവർക്കുണ്ട്.

സിനിമ നിർമാണത്തെ സംബന്ധിച്ച പുതിയകാല ധാരണകൾ ഇല്ലാത്തതുകൊണ്ട് കൂടിയാണോ ഇത്തരം മുൻവിധികൾ ഉണ്ടാകുന്നത്?

തീർച്ചയായും. ജാതി-സ്ത്രീ വിരുദ്ധ സമീപനങ്ങൾ എന്നതോടൊപ്പംതന്നെ എനിക്കിതിനെക്കുറിച്ച് തോന്നുന്നത് ഇതൊരു ഇൻസ്റ്റിറ്റ്യൂഷനൽ എലീറ്റിസം ആണെന്നാണ്. പഠിച്ചാൽ മാത്രമേ, ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പോയാൽ മാത്രമേ നിങ്ങൾക്ക് നല്ല സിനിമയെടുക്കാൻ പറ്റൂ എന്ന കാഴ്ചപ്പാട്. മുമ്പും പലരുടെ അടുത്തുനിന്നും ഈ അനുഭവം ഉണ്ടായിട്ടുണ്ട്. എന്നെ ഇപ്പോഴും ചിലർ പഠിപ്പിക്കാൻ വരാറുണ്ട് -ഇന്ന സിനിമ കണ്ടിട്ടുണ്ടോ- കാണണം എന്നൊക്കെ പറയും. ഇന്നത്തെ കാലത്ത് എല്ലാവരും കണ്ടിട്ടുള്ള ഏതെങ്കിലും ക്ലാസിക് പടങ്ങളായിരിക്കും -‘സിറ്റിസൺ കെയിൻ’ കണ്ടിട്ടുണ്ടോ എന്ന മട്ടിലാവും ചോദ്യങ്ങൾ! ഈ മാൻപ്ലനേഷൻ -ആൺ വിശദീകരണം- വളരെ കോമൺ ആണ്.

പുഷ്പവതി ഉയർത്തിയ വിമർശനത്തിന്റെ മറ്റൊരു തലമാണ് ഇവിടെ ശിവരഞ്‌ജിനി കൂട്ടിച്ചേർത്തത്- സ്ഥാപനവത്കൃതമായ ഈ മേലാള സ്വഭാവത്തെക്കുറിച്ച് ഒന്നുകൂടി വിശദീകരിക്കാമോ?

എനിക്ക് മുമ്പ് ഇതുപോലെ ഫണ്ട് ലഭിച്ച സംവിധായകരിൽ അക്കാദമിക് പശ്ചാത്തലം ഉള്ളവരും ഇല്ലാത്തവരുമായ മിക്കവർക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അക്കാദമിക് പശ്ചാത്തലത്തെ പ്രതിഭയുടെ ഒരു പ്രധാന അളവുകോലായി ഇത്തരം പ്രോജക്ടുകളിൽ വെക്കണോ എന്നാണ് എന്റെ ചോദ്യം. ലോകത്ത് ഗവൺമെന്റ് ഫണ്ടിങ്ങിലൂടെ ഉണ്ടായ എല്ലാ സിനിമകളും ഗംഭീരങ്ങൾ ആയിരുന്നിട്ടില്ലല്ലോ. നമുക്ക് മിസ്റ്റേക്സ് അഫോർഡ് ചെയ്യാൻ പറ്റുക എന്നതാണ് വേണ്ടത്. എത്രയോ സംവിധായകരുടെ ആദ്യ സിനിമകളാണ് പൊട്ടിപ്പാളീസായിട്ടുള്ളത്! അല്ലെങ്കിൽ തിയറ്ററിൽ വർക്കാകാതെ പോയിട്ടുള്ളത്. എന്നിട്ട് തന്നെയാണ് അവർക്ക് രണ്ടാമത്തെ സിനിമകൾക്ക് പ്രൊഡ്യൂസറെ കിട്ടിയിട്ടുള്ളത്. പക്ഷേ സ്ത്രീ-ദലിത് സംവിധായകരുടെ കാര്യത്തിൽ ആവുമ്പോൾ പാളിച്ചകളും പരാജയങ്ങളും വകവെച്ചുകൊടുക്കാൻ, കരിയർ തുടക്കത്തിലെ ഒരു സ്വാഭാവികതയായി കാണാൻ ആരും തയാറാകുന്നില്ല. എന്നെ സംബന്ധിച്ച് ഇപ്പോൾ ഇങ്ങനെ അവാർഡുകൾ ഒക്കെ കിട്ടിയ ഒരു പടം കഴിഞ്ഞ് അടുത്തതിനെക്കുറിച്ച് ആലോചിക്കുമ്പോൾ പേടിയാണ്. മോശം പടം ആയാൽ പിന്നെ ഞാൻ തീർന്നു. ഇപ്പോൾ കിട്ടിയ ഒരു ചാൻസ് പിന്നെ കിട്ടണമെന്നില്ല.

പുഷ്പവതി

 

കെ.എസ്.എഫ്.ഡി.സി ഫണ്ട് കൊടുക്കുന്നു എന്നല്ലാതെ അവിടത്തെ പരിശീലനത്തെക്കുറിച്ച് പൊതുവിൽ ആളുകൾക്കറിഞ്ഞുകൂടാ. ഇതിന്റെ രീതികളും അനുഭവങ്ങളും എങ്ങനെയായിരുന്നു?

എനിക്ക് കിട്ടിയ വർഷത്തിലെ മെന്റർമാർ മൂന്നുപേരും എൻ.എഫ്.ഡി.സിയിൽനിന്നുള്ളവരായിരുന്നു. അതൊരു വലിയ എക്സ്പോഷറായി. 30 പേർ അടങ്ങുന്ന ടീമിന് മൂന്നു മെന്റർമാർ -ഒരാൾക്ക് 10 പേരെ വെച്ച്. പക്ഷേ, ഭാഷാപരമായ പരിമിതി പൊതുവേ പരിശീലനത്തിൽ തടസ്സമായി വന്നിരുന്നു. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യമില്ലാത്ത നമ്മുടെ ടീം അംഗങ്ങൾക്ക് പുറത്തുനിന്നുള്ള മെന്റർമാരുമായി ഡിസ്കഷൻസ് ഫലപ്രദമായി നടത്താൻ കഴിയുമായിരുന്നില്ല. ഇംഗ്ലീഷിൽ കമ്യൂണിക്കേറ്റ് ചെയ്യാൻ പറ്റുന്നതുകൊണ്ട് മാത്രമാണ് എനിക്ക് ആ വർഷത്തെ മെന്റർ ടീമിനൊപ്പം ഉള്ള പരിശീലനം ഫലപ്രദമായത്. എന്തായാലും ഈ ഭാഷാപ്രശ്നം കാരണം പിന്നീടുള്ള വർഷങ്ങളിൽ മലയാളികൾതന്നെയാണ് മെന്റർമാരായി വന്നത്.

പിച്ച്ബൈറ്റ്, പിച്ച് ബൈബിൾ തുടങ്ങിയ കാര്യങ്ങൾ ഞാൻ ആദ്യമായി മനസ്സിലാക്കുന്നത് ഈ ട്രെയിനിങ്ങിൽ വെച്ചാണ്. നമ്മുടെ സിനിമയെ വാങ്ങാൻ -നിർമാണമേറ്റെടുക്കാൻ ഉദ്ദേശിക്കുന്ന ഒരു ഗ്രൂപ്പിനു മുന്നിൽ സിനിമയെ സംബന്ധിച്ച് ഒരു ബ്ലൂപ്രിന്റ് എന്ന നിലയിൽ കൊടുക്കുന്ന ഡോക്യുമെന്റ് ആണ് ഇത്. ട്രീറ്റ്മെന്റ് നോട്ട് എന്നും പറയുന്നു. വൺലൈൻ വിശദീകരണം, സിനോപ്സിസ്, കഥാപാത്ര വിശദീകരണം എന്നിങ്ങനെ പോകുന്നതാണ് അതിന്റെ ഘടന. ഡയലോഗുകൾ ഇല്ലാതെ സിനിമയുടെ ഉള്ളടക്കം ഏറ്റവും ചുരുക്കി എഴുതുന്നു. വിക്ടോറിയയും കൂട്ടുകാരിയും തമ്മിൽ സംഭാഷണം നടക്കുന്നു -ബ്യൂട്ടിപാർലറിൽ സന്ദർശകർ ഓരോരുത്തരായി അനുഭവം പങ്കുവെക്കുന്നു -വിക്ടോറിയ കരയുന്നു- എന്ന രീതിയിൽ. അവസാനം മേക്കിങ് പ്ലാൻ -അഭിനേതാക്കൾ, സെറ്റിനെ കുറിച്ചുള്ള ആശയങ്ങൾ, റഫറൻസ് ഇമേജസ് ഇതെല്ലാംകൂടി വരുന്നതാണ് ഈ പ്ലാൻ. ഇതിവിടെ കൂടുതൽ പറയാൻ കാരണം സിനിമയെടുക്കുന്നതിനു മുമ്പേ ആ സിനിമയെ ബന്ധപ്പെട്ട സെലക്ഷൻ പ്രക്രിയകളിലേക്ക് എങ്ങനെ അവതരിപ്പിക്കും എന്നതിനെക്കുറിച്ചുള്ള സാങ്കേതിക ധാരണകൾകൂടി ഈ പരിശീലനത്തിൽ കിട്ടി എന്ന് എടുത്തു കാണിക്കാനാണ്. ഇതിനൊക്കെ കൃത്യമായ രൂപവും ഘടനയുമുണ്ട്.

അത് പഠിപ്പിക്കുകയാണ് അവർ ചെയ്തത്. സ്ക്രിപ്റ്റ് പിന്നീട് എഴുതിയ എന്നെ സംബന്ധിച്ച് ഇത് കൂടുതൽ ഗുണംചെയ്തു. ഈ പ്രോസസിലൂടെ സന്ദർഭങ്ങൾ മാത്രംവെച്ച് സിനിമയുടെ പ്രാഥമിക ഘടനചെയ്തു കഴിഞ്ഞപ്പോൾ ബാക്കി ഡയലോഗ് അടക്കമുള്ള എഴുത്ത് എളുപ്പമായി. ഒരു ഔട്ട് ലൈൻ ഇട്ട് പിന്നെ അതിനുള്ളിൽ ഫിൽ ചെയ്യുന്നതുപോലെ. സിനിമ പഠിക്കുന്ന ഇടങ്ങളിൽനിന്ന് കിട്ടാത്ത ഒന്നാണ് കെ.എസ്.എഫ്.ഡി.സിയിലെ ഈ പരിശീലനത്തിൽനിന്ന് കിട്ടിയത്. എഴുത്തിന്റെ ടെക്നിക്കൽ ഘടകങ്ങളെ കുറിച്ചുള്ള അറിവ്. എനിക്ക് മാത്രമല്ല ആ ടീമിലെ എല്ലാവർക്കും ഇത് ഗുണം ചെയ്തിട്ടുണ്ട് എന്നാണ് ഞാൻ കരുതുന്നത്.

ശിവരഞ്ജിനിക്ക് സെലക്ഷൻ ലഭിച്ച 2022ൽ 41 വനിത സംവിധായകരും 62 എസ്.സി -എസ്.ടി വിഭാഗം സംവിധായകരും അപേക്ഷിച്ചിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത് -കെ.എസ്.എഫ്.ഡി.സിയിലെ സെലക്ഷൻ നടപടികൾ എങ്ങനെയാണ്?

നാലു ഘട്ടങ്ങളിലായാണ് ഈ തിരഞ്ഞെടുക്കൽ പ്രക്രിയ. കെ.എസ്.എഫ്.ഡി.സിയുടെ ഓപൺ കോൾ അറിയിപ്പ് വരുമ്പോൾ സിനോപ്സിസ് അയക്കുകയാണ് ആദ്യപടി. ഇവയിൽനിന്ന് 15 വീതം സ്ത്രീ-ദലിത് സംവിധായകരെ സെലക്ട് ചെയ്യുന്നു. ഈ 30 പേർക്കുള്ള വർക്ക്ഷോപ് ആണ് അടുത്തഘട്ടം. ഇതിലാണ് നേരത്തേ പറഞ്ഞ മെന്റർമാരുടെ മേൽനോട്ടം ഉണ്ടാകുന്നത്. വർക്ക്ഷോപ്പിനുശേഷം 10 പേജ് വരുന്ന ഒരു പ്രാഥമിക രൂപരേഖ -പിച്ച് ബൈബിൾ- തയാറാക്കി നൽകണം. ഇതിൽനിന്നാണ് അഞ്ചു വീതം ആൾക്കാർ അടുത്തഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഈ പത്തുപേർക്ക് 15 ദിവസം സമയം അനുവദിച്ച് പൂർണ തിരക്കഥ തയാറാക്കി നൽകാൻ ആവശ്യപ്പെടുന്നു. മൂന്നംഗ വിദഗ്ധ സമിതിക്കു മുന്നിൽ ഈ തിരക്കഥവെച്ചുള്ള ചോദ്യങ്ങളും ചർച്ചകളും നടന്നതിനുശേഷമാണ് അവസാന നാലു പേരെ തിരഞ്ഞെടുക്കുന്നത്. രണ്ട് സ്ത്രീ സംവിധായകരും രണ്ട് ദലിത് സംവിധായകരും. ഒരു പ്രൊഡക്ഷൻ കൺട്രോളർകൂടി ജൂറിയിൽ ഉണ്ടായിരുന്നു. ബജറ്റിനെ കുറിച്ചുള്ള നമ്മുടെ ധാരണകൾ, ആസൂത്രണങ്ങൾ വിലയിരുത്തുന്നതിനായി. ഒരു റഫ് ബജറ്റുമായി വേണം സംവിധായകർ ചെല്ലാൻ. ഇങ്ങനെ സിനിമയുടെ സകല വശങ്ങളും ഉൾപ്പെടുന്ന മൂന്ന് മണിക്കൂറോളം നീണ്ട അഭിമുഖമായിരുന്നു.

ഇത്രയും സ്വീകാര്യത, പുരസ്കാരങ്ങൾ അന്താരാഷ്ട്ര വേദികളിൽനിന്ന് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നോ? വിക്ടോറിയ പൂർത്തിയാക്കിക്കഴിഞ്ഞപ്പോൾ അതിന്റെ ഭാവിയെക്കുറിച്ച് എന്താണ് തോന്നിയത്?

ഇത്രയും പ്രതികരണം സത്യത്തിൽ പ്രതീക്ഷിച്ചിരുന്നില്ല. ചെറിയൊരു ഗ്രൂപ്പിന് മാത്രം വർക്കാകുന്ന സിനിമ എന്ന തോന്നലാണ് എനിക്കും ക്രൂ അംഗങ്ങൾക്കും ഉണ്ടായിരുന്നത്. ചിലർക്ക് ഭയങ്കര ഇഷ്ടമാകാൻ സാധ്യതയുണ്ട് ചിലർക്ക് അത് തീരെ രസിക്കില്ല എന്ന മട്ടിൽ. ആദ്യ പ്രദർശനംതന്നെ ഐ.എഫ്.എഫ്.കെയിൽ ആയിരുന്നല്ലോ. സാധാരണ പുറത്ത് ഇന്റർനാഷനൽ മത്സരങ്ങൾക്ക് ഒക്കെ പോയതിനുശേഷമാണ് ഐ.എഫ്.എഫ്.കെയിൽ എത്തുക. വേൾഡ്, ഇന്റർനാഷനൽ പ്രീമിയർ ഒക്കെ കഴിഞ്ഞു ഒരു കേരള പ്രീമിയർ എന്ന നിലയിലാണ് കേരള ഫെസ്റ്റിവലിൽ എത്തുക. പക്ഷേ, ‘വിക്ടോറിയ’ നേരെ തുടങ്ങുന്നതു തന്നെ അവിടെയാണ്. തുടർന്ന് ഷാങ്ഹായ്, സോൾ, ആസ്ട്രേലിയ അങ്ങനെ പലയിടത്തെയും ഫെസ്റ്റിവലുകൾ.

ഇത്രയും സംഭാഷണപ്രധാനമായ, സബ്ടൈറ്റിൽ വായനയുടെ ബുദ്ധിമുട്ടുകൾ ഒക്കെയുള്ള സിനിമ വിദേശവേദികളിൽ ധാരാളമായി സ്വീകരിക്കപ്പെട്ടത് വലിയൊരു ഭാഗ്യമായി തോന്നുന്നു. പൊതുവിൽ ഒരു ഫെസ്റ്റിവൽ സ്വഭാവം സിനിമക്കില്ലല്ലോ എന്ന് പലപ്പോഴും ഞങ്ങൾക്ക് തോന്നിയിട്ടുണ്ട്. കുറച്ചുകൂടി കമേഴ്സ്യൽ ആണ് അതിന്റെ പല കാര്യങ്ങളും -ഡയലോഗ്, സ്റ്റൈൽ എല്ലാം. ഈ സിനിമക്ക് യൂനിവേഴ്സാലിറ്റി ഉണ്ടോ ആളുകൾക്ക് മനസ്സിലാകുമോ എന്ന സംശയവും ഉണ്ടായിരുന്നു. പക്ഷേ ചൈനയിലും കൊറിയയിലുമൊക്കെ സബ്ടൈറ്റിലുകൾ ഇട്ട് കണ്ടവരിലേക്ക് സിനിമ നല്ലരീതിയിൽ വിനിമയം ചെയ്തു എന്നത് ഏറെ സന്തോഷമുണ്ടാക്കിയ കാര്യമാണ്. കേരളത്തിൽ തിയറ്റർ റിലീസ് ഉണ്ടാവുക എന്ന ആഗ്രഹംകൂടി ഇപ്പോൾ നടക്കാൻ പോകുന്നു. ഇവിടത്തെ ഫിലിം ഫെസ്റ്റിവലുകളിൽ സ്ത്രീകളുടെ ഭാഗത്തുനിന്ന് ഹൃദ്യമായ പ്രതികരണങ്ങളാണ് ഉണ്ടായത്. അവർക്ക് പലതരത്തിൽ തോന്നാവുന്ന മാനസികമായ ഐക്യപ്പെടൽ ഒരു കാണി എന്ന നിലയിൽ തിരക്കഥയിലൂടെ, സിനിമയിലൂടെ സഞ്ചരിക്കുമ്പോൾ എനിക്കും അനുഭവിക്കാൻ പറ്റിയിരുന്നു.

തിരക്കഥയാണ് ‘വിക്ടോറിയ’യുടെ കാതൽ എന്ന് സിനിമ കണ്ടവർ പൊതുവേ അഭിപ്രായപ്പെട്ട ഒന്നാണ്. ഗാനരചനക്കായി തിരക്കഥ വായിക്കുമ്പോൾ അതിന്റെ സൂക്ഷ്മവും സ്വാഭാവികവുമായ വിശദാംശ സ്വഭാവം എനിക്ക് ഏറെ വ്യത്യസ്തമായി തോന്നിയിരുന്നു. സ്ത്രീപക്ഷ പ്രമേയത്തെ പരിചരണത്തിലെ പതിവ് സമവാക്യങ്ങളിൽനിന്ന് അകന്നുനിന്നു കണ്ടുകൊണ്ടുള്ള എഴുത്ത്. തിരക്കഥാരചനയുടെ നാൾവഴികൾ, സംവിധായിക എന്ന നിലയിൽ അതിനെ പിന്നീട് സമീപിച്ച രീതി എങ്ങനെയായിരുന്നു?

സ്ത്രീപക്ഷ സിനിമ എന്ന അവസ്ഥയിൽ നിൽക്കുമ്പോൾതന്നെ അതിനൊരു വിളിച്ചുപറയൽ സ്വഭാവം -സന്ദേശം കൊടുക്കൽ - ഉണ്ടാവരുത് എന്നുണ്ടായിരുന്നു. നിത്യജീവിതത്തിൽ നടന്നു പോകുന്ന ചില കാര്യങ്ങൾ അതേ സ്വാഭാവികതയോടെ വരണം എന്നത് എഴുത്തിൽ ശ്രദ്ധിച്ചിരുന്നു. ഏറ്റവും സഹായമായത് കൂട്ടുകാരാണ് -എന്റെ സുഹൃത്ത് അനു സിനിമയുടെ എല്ലാ ഘട്ടങ്ങളിലും എഴുതിയതെല്ലാം വായിച്ചുകേട്ടും തിരുത്തിയും ഒപ്പമുണ്ടായിരുന്നു. ക്രൂവിലെ എല്ലാ ആൾക്കാരും വിമർശനാത്മക രീതിയിൽ ഇടപെടുന്നവരായിരുന്നു. മുമ്പ് തന്നെ ആലോചിച്ചുെവച്ചിരുന്ന സൗഹൃദബന്ധമുള്ള ആളുകളെതന്നെയാണ് ടീമിൽ എടുക്കാൻ പറ്റിയത്. എല്ലാ രീതിയിലും അങ്ങനെ ഒരു സപ്പോർട്ട് സിസ്റ്റം കൂടെയുണ്ടായിരുന്നു. സംഭാഷണപരത കൂടുതലുള്ള സ്ക്രിപ്റ്റ് സ്ക്രീനിൽ ആക്കുമ്പോൾ അതിന്റെ പരിമിതികളും അതിനെ മറികടക്കാവുന്ന ടെക്നിക്കൽ സാധ്യതകളും അപ്പപ്പോൾ അവർ ചൂണ്ടിക്കാട്ടിയിരുന്നു.

തിരക്കഥയെഴുതുമ്പോൾ സംവിധായിക എന്ന നിലയിൽ അപ്പോഴേ തോന്നിയിരുന്ന ചില കാര്യങ്ങളിൽ പിന്നീടും ഉറച്ചുനിന്നിരുന്നു. ഉദാഹരണത്തിന് ലോങ് ടേക്കുകളിൽ മാത്രമേ ചെയ്യാവൂ എന്ന് എഴുതുമ്പോൾതന്നെ തോന്നിയ സീനുകളിൽ പിന്നീട് കോംപ്രമൈസ് ചെയ്തിട്ടില്ല. ശബ്ദത്തിലൂടെ അല്ലാതെ പുരുഷ കഥാപാത്രങ്ങൾ വേണ്ട എന്നതും മുമ്പുതന്നെ തീരുമാനിച്ചതായിരുന്നു. തിരക്കഥയുടെ ഭാഗമല്ലാതിരുന്ന ഇടപ്പള്ളി കോഴി നേർച്ചയുടെ യഥാർഥ ദൃശ്യങ്ങൾ അവസാനത്തിൽ ഡോക്യുമെന്റേഷൻ സ്വഭാവത്തോടുകൂടി ചേർക്കുക എന്നത് സംവിധായിക എന്ന നിലയിലെ ഒരു കൂട്ടിച്ചേർക്കലായിരുന്നു.

 

‘വിക്ടോറിയ’ സിനിമയിൽനിന്നുള്ള രംഗം

മനുഷ്യരായിട്ടും കോഴിയായിട്ടും -വേട്ടക്കാരായും ഇരകളായും ആണുങ്ങൾ നിറയുന്ന ആ ഇടം സിനിമ മുന്നോട്ടു വെക്കുന്ന രാഷ്ട്രീയത്തിന്റെ സൂക്ഷ്മമായ തുടർച്ചയായാണ് തോന്നിയത്- പുരുഷാധിപത്യ സമൂഹത്തോടുള്ള ഒരു വിപരീതഹാസ്യംപോലെ! അങ്ങനെ തന്നെയാണോ ഉദ്ദേശിക്കപ്പെട്ടത്?

അത് പ്രേക്ഷകർക്ക് വിട്ടുകൊടുക്കേണ്ട ഒന്നാണ്. കേരള ഫിലിം ഫെസ്റ്റിവലുകളിൽ നടന്ന ചർച്ചകളിൽ ഈ ഭാഗത്തിന് പലതരത്തിലുള്ള പ്രതികരണങ്ങൾ ഉണ്ടായിരുന്നു. പുരുഷാധിപത്യ വ്യവസ്ഥയിൽ ആണുങ്ങളും ഇരകളാണ് എന്ന സൈദ്ധാന്തിക സമീപനങ്ങൾ, ബ്യൂട്ടിപാർലർ എന്ന സ്ത്രീലോകത്തിന്റെ മറുവശം ഇങ്ങനെ പലതും. സിനിമയുടെ പൊതു ഭാവുകത്വത്തിൽനിന്ന് പെട്ടെന്നുള്ള വി​ച്ഛേദം എന്നനിലയിൽ വിമർശിച്ചവരുമുണ്ട്. എന്തായാലും കാഴ്ചാനുഭവത്തിലേക്ക് ചിന്താപരമായ ചലനങ്ങൾ ഉണ്ടാക്കാൻ ആ ഭാഗത്തിന് കഴിയുന്നുണ്ടെന്നു തോന്നുന്നു.

Tags:    
News Summary - sivrajini interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.