മുസ്‍ലിം സ്ത്രീ വിദ്യാഭ്യാസ ചിന്തകൾ
അധ്യായം -21 സ്ത്രീകൾ വിദ്യാഭ്യാസം നേടണമെന്നും ഉയരണമെന്നും ആഗ്രഹിച്ച ഹലീമാ ബീവി തിരുവല്ലയിൽ ആരംഭിച്ച മുസ്‍ലിം വനിത സംഘത്തിന്റെ കാലം മുതൽതന്നെ അത്തരം പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. അതിനായി വിദ്യാസമ്പന്നരായ സ്ത്രീകളുടെ സാന്നിധ്യവും ഇടപെടലും വേണമെന്നവർ താൽപര്യപ്പെട്ടു. തിരുവനന്തപുരത്തെ എൻ. ഹവ്വാ ബീവിയും മലബാറിലെ ആയിഷ മായാൻ എന്നിവരും ഹലീമാ ബീവിക്കൊപ്പം സഹകരിച്ചു പ്രവർത്തിച്ചവരാണ്.അക്കാലത്ത് രൂപപ്പെട്ടുവന്ന സമുദായ ശുദ്ധീകരണവാദികൾ സ്ത്രീ വിദ്യാഭ്യാസത്തിനുള്ള പരിശ്രമങ്ങൾ ആരംഭിക്കുകയും വിവിധ തലങ്ങളിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. മുസ്‍ലിം സമുദായത്തിനിടയിൽ വക്കം മൗലവി,...
അധ്യായം -21
സ്ത്രീകൾ വിദ്യാഭ്യാസം നേടണമെന്നും ഉയരണമെന്നും ആഗ്രഹിച്ച ഹലീമാ ബീവി തിരുവല്ലയിൽ ആരംഭിച്ച മുസ്‍ലിം വനിത സംഘത്തിന്റെ കാലം മുതൽതന്നെ അത്തരം പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. അതിനായി വിദ്യാസമ്പന്നരായ സ്ത്രീകളുടെ സാന്നിധ്യവും ഇടപെടലും വേണമെന്നവർ താൽപര്യപ്പെട്ടു. തിരുവനന്തപുരത്തെ എൻ. ഹവ്വാ ബീവിയും മലബാറിലെ ആയിഷ മായാൻ എന്നിവരും ഹലീമാ ബീവിക്കൊപ്പം സഹകരിച്ചു പ്രവർത്തിച്ചവരാണ്.
അക്കാലത്ത് രൂപപ്പെട്ടുവന്ന സമുദായ ശുദ്ധീകരണവാദികൾ സ്ത്രീ വിദ്യാഭ്യാസത്തിനുള്ള പരിശ്രമങ്ങൾ ആരംഭിക്കുകയും വിവിധ തലങ്ങളിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. മുസ്‍ലിം സമുദായത്തിനിടയിൽ വക്കം മൗലവി, ഹമദാനി തങ്ങൾ തുടങ്ങിയവരെല്ലാം തന്നെ തങ്ങളുടെ നവീകരണ പരിശ്രമങ്ങളിൽ ഒരു മുഖ്യ അജണ്ടയായി സ്ത്രീ വിദ്യാഭ്യാസത്തെ ഉൾക്കൊള്ളിച്ചിരുന്നു. മറ്റു സമുദായങ്ങളിലുള്ള പരിഷ്കർത്താക്കളും സ്ത്രീ വിദ്യാഭ്യാസം പ്രധാനമായി ആവിഷ്കരിക്കാനുള്ള ശ്രമങ്ങൾ നടത്തിവന്നു. ആധുനികരീതിയിലുള്ള ഭൗതിക വിദ്യാഭ്യാസത്തിലേക്ക് ആൺകുട്ടികളെ അയച്ചാലും പെൺകുട്ടികൾക്ക് വീടകങ്ങളിൽ ചെറിയ രീതിയിലുള്ള വിദ്യാഭ്യാസവും മതപഠനവും മറ്റുമായി ഒതുങ്ങി കഴിയേണ്ടിയിരുന്ന അവസ്ഥയായിരുന്നു കേരളത്തിൽ ഉണ്ടായിരുന്നത്.
1905ൽ ‘ശാരദ’യിൽ കെ. പത്മാവതി അമ്മ എഴുതിയ ‘മലയാളികളും സ്ത്രീവിദ്യാഭ്യാസവും’ എന്ന ലേഖനം അക്കാലത്തെ (1905-06) പെൺകുട്ടികളുടെ വിദ്യ അഭ്യസനരീതി മനസ്സിലാക്കി തരുന്നു: “കേരളത്തിലെ തറവാടുകളിൽ പെൺകുട്ടികളുടെ സ്ഥിതി ഏതുവിധത്തിലാണെന്നു നോക്കുക. ഒന്നാമത്, അവൾക്കു സിദ്ധിക്കാനുള്ള വിദ്യാഭ്യാസത്തെപ്പറ്റി പറയാം. ഇതു മുഴുവനും എഴുത്തച്ഛന്‍റെ കീഴിലാണല്ലൊ. നിലത്തെഴുത്തും മറ്റും പഠിച്ചു കൂട്ടിവായിക്കാറായാൽ പിന്നെ വല്ല ‘അമര’മൊ, ‘സിദ്ധരൂപ’മൊ മറ്റോ കുറച്ചു വായിപ്പിക്കും. അമരവും സിദ്ധരൂപവും മറ്റു കാവ്യങ്ങളും പഠിക്കുന്നതു വളരെ നല്ലതുതന്നെ. എങ്കിലും ഇപ്പോൾ കണ്ടുവരുന്നതുപോലെ കുട്ടിക്കാലത്ത് എഴുത്തച്ഛന്‍റെ കീഴിൽ വളരെ ശിക്ഷ അനുഭവിച്ച്, നന്നെ കഷ്ടപ്പെട്ട് അതെല്ലാം വെറുതെ മനഃപാഠം പഠിച്ചിട്ട്, എഴുത്തച്ഛന്‍റെ കീഴിൽനിന്നു വിടുന്നതോടുകൂടി അത്രത്തോളമുള്ള പഠിപ്പും കെട്ടിവെക്കുന്നതുകൊണ്ടു വിശേഷിച്ചു വല്ല പ്രയോജനവും ഉണ്ടോ എന്നു വളരെ സംശയമാണ്.
ഇതു കഴിഞ്ഞാൽ കുട്ടികൾക്കു ബാക്കിയുള്ള പഠിപ്പു രാമായണം വായനയും പിന്നെ പത്തു വൃത്തം, നാലു വൃത്തം മുതലായ ചില പാട്ടുകൾ പാടാനും മാത്രമാണ്. ഇത്രത്തോളമായാൽ ഒരു നല്ല തറവാട്ടിന്റെ സ്ഥിതിക്കനുസരിച്ചു വിദ്യാഭ്യാസമായി! ഈ വിദ്യാഭ്യാസം പൂർണമാവുമ്പോഴെക്ക് ഏകദേശം പന്ത്രണ്ടു വയസ്സു പ്രായമാവും. പിന്നെ കാരണവന്മാക്കും അച്ഛനമ്മമാർക്കും ഉള്ള ബാധ്യത ഒരു ഭർത്താവിനെ തിരഞ്ഞുപിടിച്ചു കൊണ്ടുവരുന്നതാണ്! കാരണവന്മാർ വല്ല കാഴ്ച ലാഭത്തെ ഇഛിച്ചൊ, അല്ലെങ്കിൽ പൂർവ്വ ബന്ധുത്വത്തെ നിലനിത്തുന്നതിനായിട്ടൊ, മറ്റൊ ഏതെങ്കിലും ഒരാളെ സ്ത്രീക്കു ഭർത്താവായി നിശ്ചയിക്കാം. ഇവരുടെ ഈ വിധിക്ക് ഏതു കോടതിയിലും അപ്പീലില്ല.
വിവാഹകാര്യത്തിൽ സ്ത്രീയുടെ അഭിപ്രായം ചോദിക്കയോ അറിയുകയോ ചെയ്യുന്ന കാര്യം തീരെ ഇല്ലെന്നുതന്നെ പറയാം. ചിലപ്പോൾ ഈ വക ഭാര്യാഭർത്താക്കന്മാരുടെ സ്ഥിതി പ്രായംകൊണ്ടു വളരെ വിരുദ്ധമായിരിക്കും. അല്ലെങ്കിൽ ഇവർ അന്യോന്യം ചേർച്ചയുള്ളവരായിരിക്കയില്ല. ഇതു നിമിത്തം ഭാര്യാഭർത്താക്കന്മാർ തമ്മിൽ യോജിപ്പില്ലാതെ വരുവാനും കാലക്രമേണ അതു വർധിച്ചു ഭർത്താവു ഭാര്യയേയൊ ഭാര്യ ഭർത്താവിനേയൊ ഉപേക്ഷിക്കുവാനും തന്നിമിത്തം സ്ത്രീകൾക്കു നിയമിച്ചിട്ടുള്ള ഏകഭർതൃവ്രതം അനുഷ്ഠിക്കാൻ അവക്ക് അസാധ്യമായും വരുന്നു.’’80
ഇതിൽ പറയുന്ന കാര്യങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിക്കഴിഞ്ഞാൽ അത് മുസ്‍ലിം സമുദായത്തിലെ സ്ത്രീകൾക്കും ബാധകമാകും. എഴുത്താശാനു പകരം ഓത്തു പഠിപ്പിക്കുന്ന ലബ്ബ / മൊല്ലാക്ക / മുസ്ലിയാർ; പുരാണങ്ങൾക്കും സംസ്കൃത ഗ്രന്ഥങ്ങൾക്കും പകരം മാലയും മൗലൂദും ചില ഖുർആനിക വാക്യങ്ങളും. ബാക്കി പറഞ്ഞ കാര്യങ്ങളെല്ലാം സമംതന്നെയായിരുന്നു. പൊതുവേ നോക്കുമ്പോൾ തിരു-കൊച്ചിയിലും മലബാറിലും എല്ലാംതന്നെ സ്ത്രീകളെ ആധുനികവിദ്യാഭ്യാസത്തിലേക്ക് എത്തിക്കുന്നതിൽ മുസ്ലിംകൾ പിന്നാക്കമായിരുന്നു. സർക്കാർ ഡിപ്പാർട്ട്മെന്‍റ് സ്കൂളിൽ മുസ്‍ലിം പെൺകുട്ടികൾക്ക് ഫീസ് നൽകേണ്ടിയിരുന്നില്ല. എന്നിരുന്നാലും പെൺകുട്ടികളെ അയക്കുന്ന കാര്യത്തിൽ മുസ്‍ലിം സമുദായം പിന്നാക്കം നിന്നു. 1931ൽ തിരുവിതാംകൂറിലെ മുസ്‍ലിം സ്ത്രീസാക്ഷരത 3.1 ശതമാനം മാത്രമായിരുന്നു. (ആകെ സ്ത്രീസാക്ഷരത 13.9 ശതമാനവും. ബ്രിട്ടീഷ് ഇന്ത്യയിലെ ആകെ 2.4 ശതമാനവും).
തിരുവല്ലയിൽ ആരംഭിച്ച മുസ്‍ലിം വനിത സംഘത്തിന്റെ കാലം മുതൽ സ്ത്രീവിദ്യാഭ്യാസത്തിനുള്ള പ്രവർത്തനങ്ങൾ ഹലീമാ ബീവി ആരംഭിച്ചിരുന്നു. അതിനായി വിദ്യാസമ്പന്നരായ സ്ത്രീകളുടെ സാന്നിധ്യവും ഇടപെടലും അവർ താൽപര്യപ്പെട്ടിരുന്നു. തിരുവനന്തപുരത്തെ എൻ. ഹവ്വാ ബീവിയും മലബാറിലെ ആയിഷ മായാൻ എന്നിവരെല്ലാം തന്നെ ഹലീമാ ബീവിയുടെ പ്രവർത്തനങ്ങളുമായി സഹകരിച്ചു വന്നിരുന്നവരാണ്. അവർ നടത്തിവന്നിരുന്ന പത്രികകളിൽ മിക്കപ്പോഴും മുഖപ്രസംഗങ്ങൾ സ്ത്രീവിദ്യാഭ്യാസ-അവകാശ സംരക്ഷണത്തിനും സ്ത്രീകളുടെ ഉന്നതിക്കും വേണ്ടിയുള്ളതായിരുന്നു. പലപ്പോഴും ഇത്തരം കാര്യങ്ങളിൽ യാഥാസ്ഥിതികരുടെ ചോദ്യം ചെയ്യലിനുവരെ അവർ വിധേയരായിട്ടുണ്ട്.
എന്നിരുന്നാലും തനിക്ക് ഇടപെടാൻ കഴിയുന്ന മേഖലകളിലെല്ലാം സ്ത്രീകളുടെ വിദ്യാഭ്യാസ അഭിവൃദ്ധി ലക്ഷ്യംവെച്ചു അവർ പ്രവർത്തിച്ചിട്ടുണ്ട്. ഒരു പുരുഷൻ വിദ്യാസമ്പന്നനായാൽ അവനു മാത്രമായിരിക്കും പ്രയോജനം ലഭിക്കുകയെന്നും എന്നാൽ, ഒരു സ്ത്രീ വിദ്യാസമ്പന്നയായാൽ അവൾ വളർത്തുന്ന കുഞ്ഞുങ്ങൾക്കും അതുകൊണ്ട് പ്രയോജനം ലഭിക്കുമെന്ന ചിന്ത പലപ്പോഴും ഉയർത്തി കാണിക്കുവാൻ ഹലീമാ ബീവി ശ്രമിച്ചിട്ടുണ്ട്.
തന്‍റെ പത്രികകളുടെ മുഖപ്രസംഗങ്ങളിലോ കുറിപ്പുകളിലോ ഇത്തരം സൂചനകൾ നൽകുന്ന വാചകങ്ങൾ സാന്ദർഭികമായി കാണാൻ കഴിയും. സ്ത്രീകൾക്ക് വിദ്യാഭ്യാസം എന്തുകൊണ്ട് അനിവാര്യമാണെന്ന നിലയിൽ വിവിധ സ്ഥലങ്ങളിൽ ചർച്ചകൾ വരുമ്പോൾ ഹലീമാ ബീവി പറയുന്നു: “മാതാവിന്‍റെ അറിവിന് അനുയോജ്യമായ നിലകളിൽ കുട്ടികളിലും അറിവും പരിചയവും വളർന്ന് വികസിക്കുകതന്നെ ചെയ്യും... വിദ്യാസമ്പന്നയായ മാതാവ് വളർത്തുന്ന കുട്ടികളിലാണ് മറ്റുള്ളവരെ അപേക്ഷിച്ച് പഠനസാമർഥ്യങ്ങൾ കണ്ടുവരുന്നത്. വിജ്ഞാന വാസന മാതാക്കളിൽനിന്നും സ്വാഭാവികമായി മക്കളിലേക്ക് വികസിച്ച് വളർന്നുവരുന്നത് സർവ്വ സാധാരണമാണ്.”81
1960കളിൽപോലും കേരളത്തിലെ മുസ്‍ലിം സ്ത്രീകളുടെ ഉന്നമനത്തിനായി കാര്യമായ പ്രവർത്തനങ്ങൾ ഒന്നുംതന്നെ നടന്നുവരുന്നില്ലായെന്ന ചിന്താഗതിയായിരുന്നു ഹലീമാ ബീവിക്ക്. സ്ത്രീകൾക്ക് ആവശ്യത്തിന് വിദ്യാഭ്യാസം ലഭിച്ചില്ലെങ്കിൽ സ്ത്രീകളെ സമുദ്ധരിക്കാതെ സമുദായത്തിന് പുരോഗതിയുണ്ടാകുകയില്ലായെന്ന് അവർ പറയുന്നുണ്ട്: “നമ്മുടെ മുസ്‍ലിം ഗൃഹങ്ങളിലേക്ക് ഒന്നു കണ്ണോടിക്കുക. ഏതു നിലയിലുള്ള മാതാക്കളെയായിരിക്കും നാം അവിടെ കാണുന്നത്? കുട്ടിക്ക് മുല കൊടുക്കണം, ചോറും പലഹാരങ്ങളും കൊടുക്കണം.
സുഖക്കേടു വന്നാൽ മുസ്ലിയാരെ വിളിച്ചു മന്ത്രിപ്പിക്കണം. ഇതിൽ കവിഞ്ഞ ശാസ്ത്രീയവിജ്ഞാനം സിദ്ധിച്ച സ്ത്രീകൾ നമ്മുടെ കുടുംബങ്ങളിൽ എത്രശതമാനം കാണുമെന്നു നിങ്ങൾ ആലോചിക്കുക. വിവരം ഇല്ലാത്ത സ്ത്രീകളിൽനിന്നും കുടുംബത്തിൽനിന്നും കുട്ടികളും ഭർത്താക്കന്മാരും അനുഭവിക്കുന്ന വേദനകളും യാതനകളും സമുദായത്തിൽ പടർന്നുപിടിക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും എത്ര ഭയങ്കരങ്ങളാണെന്നു വിവരിക്കാൻ തുടങ്ങിയാൽ, അതിനെക്കുറിച്ചു ഒരു മഹാഗ്രന്ഥം തന്നെ എഴുതേണ്ടിവരും… അതായത് സ്ത്രീ സമുദായത്തെ ഉദ്ധരിക്കാതെ മുസ്‍ലിം സമുദായത്തിനു പുരോഗതി ഉണ്ടാകുകയില്ലെന്നുള്ള അവിതർക്കിതമായ സംഗതിയാകുന്നു.”82
മതപരമായ വിദ്യാഭ്യാസമാണ് പെൺകുട്ടികൾക്ക് സമുദായം കൽപിച്ചിരുന്നതെങ്കിലും അതിൽതന്നെ വെള്ളം ചേർക്കുന്നരീതിയാണ് ഉള്ളതെന്നും യഥാർഥ മതവിജ്ഞാനം ആർജിച്ച് പണ്ഡിതയായി മാറുന്നതിന് പുരുഷസമൂഹം സഹായങ്ങൾ നൽകിയിരുന്നില്ലായെന്നും അവർ പ്രസ്താവിക്കുന്നുണ്ട്: “...ഇൽമ്, മതപരമായ അറിവ് മാത്രമാണെങ്കിൽ കൂടിയും ആ അറിവിൽ സാമാന്യജ്ഞാനം സിദ്ധിച്ച എത്ര മുസ്‍ലിം സ്ത്രീകൾ നമ്മുടെ കേരളത്തിലുണ്ട്. അതും പോകട്ടെ, നമ്മുടെ സ്ത്രീകൾ മതപരമായ പാണ്ഡിത്യം നേടണമെന്ന് ഉപദേശിക്കുകയോ അനുവദിക്കുകയോ ചെയ്യുന്ന പണ്ഡിതന്മാർ എത്ര പേരുണ്ട്?
അവരെ പ്രേരിപ്പിക്കുന്നുണ്ടോ?, അവർക്കു പ്രോത്സാഹനം നൽകുന്നുണ്ടോ?, അതോ അവരെ നിരുത്സാഹപ്പെടുത്തുകയും പിറകോട്ട് പിടിച്ചുവലിക്കുകയുമാണോ നമ്മുടെ പണ്ഡിതന്മാർ ചെയ്യുന്നത്. ഒറ്റ വാക്കിൽ ഞാൻ ചോദിക്കാം; ഇൽമ് എന്നു പറഞ്ഞാൽ ദീനിയായ അനുഷ്ഠാനങ്ങളെപ്പറ്റിയുള്ള അറിവ് മാത്രമാണെന്ന കുടുസ്സായ ആശയം വെച്ചുപുലർത്തുന്ന മുസ്ലിയാക്കന്മാർ, അവരെപ്പോലെ കിത്താബോതി മുസ്ലിയാക്കളാകാൻ എത്ര സ്ത്രീകളെ അനുവദിച്ചിട്ടുണ്ട്? മതത്തിന്‍റെ വിവിധ വശങ്ങളെക്കുറിച്ച് പഠിച്ച് പാണ്ഡിത്യവും ബിരുദവും നേടിയ വനിതകൾ മലബാറിലുണ്ട്. ഇവിടെ സന്നിഹിതരായവരിലുണ്ട്. അവരെ വിസ്മരിച്ചുകൊണ്ടല്ല ഞാൻ ഇങ്ങനെ പറയുന്നത്. ഇൽമിന് ഒരു പ്രത്യേക അർഥം കൊടുത്ത് കുടുസ്സാക്കിയവരെ മാത്രം ഉദ്ദേശിച്ചാണ്.”83
കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടന്ന ഇസ്ലാമിക സെമിനാറുകളിൽ (1963-1966) മുസ്‍ലിം സ്ത്രീവിദ്യാഭ്യാസ പരിഷ്കരണങ്ങളെ കുറിച്ച് വളരെയൊന്നും ചർച്ചചെയ്തിരുന്നില്ല. 1964ൽ ഇസ്ലാമിക സെമിനാറിനെ കുറിച്ചുള്ള നിർദേശങ്ങൾ പത്രങ്ങളിൽ കണ്ടപ്പോൾതന്നെ സ്ത്രീവിദ്യാഭ്യാസത്തെ പറ്റിയുള്ള ഒരു പ്രബന്ധം അവതരിപ്പിക്കാനായി ഹാലിമാ ബീവി ആഗ്രഹിച്ചിരുന്നു: “സമ്മേളനത്തിൽ ഉൾക്കൊള്ളിക്കാനാവശ്യമായ വിഷയങ്ങളും പദ്ധതികളും ഉൾക്കൊള്ളുന്ന പ്രബന്ധങ്ങൾ ക്ഷണിച്ചുകൊണ്ട് ഭാരവാഹികൾ കാലേക്കൂട്ടി പത്രങ്ങളിലൂടെ പരസ്യംചെയ്തിരുന്നു. ഈ പരസ്യം ശ്രദ്ധയിൽപെട്ട മാത്രയിൽ മുസ്‍ലിം സമുദായത്തിന്റെ അർധഭാഗം വരുന്ന സ്ത്രീസമൂഹത്തിന്റെ ഉദ്ധാരണത്തിന് ആവശ്യമായ കുറച്ചധികം പദ്ധതികളും പരിപാടികളും ഉൾക്കൊള്ളുന്ന ഒരു പ്രബന്ധം തയ്യാറാക്കി സംഘാടക സമിതിക്ക് സമർപ്പിക്കുകയുണ്ടായി.” എന്നാൽ, ഹലീമാ ബീവി നൽകിയ പ്രബന്ധം അവതരിപ്പിക്കാൻ ക്ഷണിക്കുകയോ അവർ ഉന്നയിച്ച ആവശ്യങ്ങൾ ചർച്ചചെയ്യാനോ കമ്മിറ്റി തയാറായില്ലായെന്നും അവർ കുറ്റപ്പെടുത്തുന്നുണ്ട്.84
എന്നിരുന്നാലും ആ സമ്മേളനത്തെ ഹലീമാ ബീവി സസൂഷ്മം നിരീക്ഷിക്കുകണ്ടായി. സമ്മേളനത്തിന്‍റെ ഉദ്ഘാടകൻ അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന ഹുമയൂൺ കബീറായിരുന്നു. സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട ഒന്നുംതന്നെ അദ്ദേഹം മുന്നോട്ടുവെച്ചില്ലായെന്ന കാര്യം അവർ സൂചിപ്പിക്കുന്നുണ്ട്. മാത്രമല്ല, പ്രബന്ധങ്ങൾ അവതരിപ്പിച്ച് സംസാരിച്ച മിക്കവരും വിവിധതലങ്ങളിൽനിന്നുകൊണ്ടുള്ള പല കാര്യങ്ങളും അവതരിപ്പിച്ചപ്പോൾ മുസ്‍ലിം സ്ത്രീകളെ ഉയർത്തിക്കൊണ്ടുവരേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞു സംസാരിച്ചത് ഒരേ ഒരാൾ മാത്രമായിരുന്നു എന്ന് അവർ നിരീക്ഷിക്കുന്നുണ്ട്.
അത് ഫാറൂഖ് കോളജിലെ പ്രഫ. ഷുക്കൂർ സാഹിബായിരുന്നു. അദ്ദേഹത്തിന്‍റെ ആ ശ്രമത്തെ വളരെ ആരാധനയോടുകൂടിയിട്ടാണ് അവർ വിവരിക്കുന്നത്. അദ്ദേഹത്തിന്‍റെ വാക്കുകൾ ഹലീമാ ബീവി പങ്കുവെക്കുന്നുണ്ട്: “...ഈ സമുദായമാകുന്ന ചവിട്ടുവണ്ടി(സൈക്കിൾ)യുടെ ഒരു ചക്രത്തിന് മാത്രമേ ആവശ്യത്തിനുള്ള കാറ്റടിക്കാൻ ഇവിടുത്തെ ചർച്ചകൾക്ക് സാധിച്ചിട്ടുള്ളൂ. സമുദായം ആകുന്ന സൈക്കിളിന്റെ രണ്ടു ചക്രത്തിൽ ഒന്നിനു മാത്രമേ ആരോഗ്യകരമായ നിലയിൽ ഈ ചുരം ചവിട്ടിക്കയറുന്നതിന് മതിയായ കഴിവും ഉണ്ടായിരുന്നുള്ളൂ എന്നാണ് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്... ഗണ്യമായ ഒരു വിഭാഗത്തിന്റെ ജന്മാവകാശങ്ങൾ ഈ സമുദായം നിഷേധിച്ചിരിക്കുന്നുവെന്ന് പറയാൻ ഞാൻ ഒട്ടും മടിക്കുന്നില്ല. ഇതു പറയുമ്പോൾ, ഒരുപക്ഷേ ചിലരെല്ലാം ഈ അഭിപ്രായത്തോട് യോജിച്ചില്ലെന്നു വന്നേക്കാം. എനിക്ക് അവരോട് പറയുവാനുള്ളത് വളരെയധികം തുറന്ന ഹൃദയത്തോടുകൂടി ഈ പ്രശ്നങ്ങളെ ചർച്ചചെയ്യാൻ മുന്നോട്ടുവരേണ്ടത് അത്യാവശ്യമാണെന്നാണ്. ഒരിക്കലും ഭാഗികമായുള്ള പ്രവർത്തനങ്ങൾ വിജയത്തിൽ എത്തുമെന്ന് നമുക്ക് വിശ്വസിക്കാൻ പ്രയാസമാണ്... മുസ്‍ലിം സ്ത്രീകളുടെ വിദ്യാഭ്യാസത്തെയാണ് ഞാനിവിടെ ഉദ്ദേശിക്കുന്നത്.”85
സ്ത്രീ അവസ്ഥയുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന എല്ലാ അനുകൂല സാഹചര്യങ്ങളെയും കൂടുതൽ ഉപയുക്തമാക്കി മുന്നോട്ടു കൊണ്ടുപോകണമെന്ന ചിന്തയായിരുന്നു ഹലീമാ ബീവിക്ക് ഉണ്ടായിരുന്നത്. ആയതിനാൽ കോഴിക്കോട് ആസ്ഥാനമായ മുസ്‍ലിം എജുക്കേഷൻ അസോസിയേഷൻ (എം.ഇ.എസ്) പോലുള്ള സംഘടനകൾ ചെയ്തുവരുന്ന സ്ത്രീവിദ്യാഭ്യാസ-അവകാശ സംരക്ഷണ പ്രവർത്തനങ്ങളിൽ അകമഴിഞ്ഞ് പിന്തുണ നൽകുന്ന കാര്യത്തിൽ അവർ ബദ്ധശ്രദ്ധ പുലർത്തി.
1965ൽ പുറത്തുവന്ന എം.ഇ.എസ് സുവനീറിൽ അവർ എഴുതി: “കേരളത്തിലെ (മുസ്‍ലിം) നവോത്ഥാന പ്രസ്ഥാനം ഒരമ്പതു കൊല്ലം പിന്നിട്ട് കഴിഞ്ഞു. വിദ്യാസമ്പന്നരും പരിഷ്കർത്താക്കളും കുറവല്ല. അവരുടെ തണലിൽ വിഷമങ്ങൾ ഏറെ സഹിച്ചിട്ടെങ്കിലും മുസ്‍ലിം സ്ത്രീകളും കുറെയെല്ലാം അഭ്യസ്തവിദ്യരാണിന്ന്. ധാരാളം മുസ്‍ലിം പെൺകുട്ടികൾ കലാലയങ്ങളിലും പള്ളിക്കൂടങ്ങളിലും പഠിക്കുന്നുണ്ട്. ഇത്രത്തോളം പരിവർത്തനങ്ങൾ ഉണ്ടായിട്ടുപോലും സ്ത്രീവിദ്യാഭ്യാസ വിഷയകമായി സംഘടിതമായ ഒരു പ്രവർത്തനമോ അതിനായി പദ്ധതിയോ ഇന്നോളം സമുദായം ആവിഷ്കരിച്ച് പ്രവൃത്തിപഥത്തിൽ കൊണ്ടുവന്നിട്ടില്ല.”86
അക്കാലത്ത് സ്ത്രീ വിദ്യാഭ്യാസ സംബന്ധമായി സി.എച്ച്. മുഹമ്മദ് കോയ, പ്രഫ. ഷുക്കൂർ (ഫാറൂഖ് കോളജ്) തുടങ്ങിയവരുടെ വാക്കുകൾ അവരിൽ നല്ല പ്രതീക്ഷകൾ നൽകുന്നുണ്ടായിരുന്നു. എം.ഇ.എസിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ താഴെത്തട്ടിലുള്ള പെൺകുട്ടികൾക്കുകൂടി പ്രാപ്യമാകുന്ന തരത്തിലേക്ക് എത്തിക്കുന്നതിൽ അവർ താൽപര്യം കാണിച്ചിരുന്നു. വിദ്യാസമ്പന്നരും ഉദ്യോഗസ്ഥന്മാരുമായിട്ടുള്ള വ്യക്തികൾ സമുദായകാര്യങ്ങളിൽ പ്രത്യേകിച്ച് വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളിൽ ഇടപെടുന്നതിൽ അവർ അതിയായ സന്തോഷം പ്രകടിപ്പിച്ചിരുന്നു. അവർ സ്ത്രീവിദ്യാഭ്യാസ അവകാശ പരിപോഷണ നിലപാടിൽ മാന്യതപുലർത്തുമെന്ന ചിന്ത അവർക്കുണ്ടായിരുന്നു. കേരളത്തിലെ ആദ്യ ചീഫ് എൻജിനീയറായിരുന്ന ടി.പി. കുട്ട്യാമു സാഹിബ്, എം.ഇ.എസിന്റെ സ്ഥാപകനായിരുന്ന ഡോ. പി.കെ. അബ്ദുൽ ഗഫൂർ എന്നിവരുടെ പ്രവർത്തനങ്ങളെ ഹലീമാ ബീവി പ്രത്യേകം ശ്ലാഘിക്കുന്നുണ്ട്.
മുസ്‍ലിം വിദ്യാർഥിനികളെ ഉന്നതനിലയിലേക്ക് എത്തിക്കുന്നതിന് വിവിധ കർമപദ്ധതികളും ആശയങ്ങളും ആവിഷ്കരിച്ച് നടപ്പിൽ വരുത്തണമെന്ന ചിന്ത വിവിധ കാലങ്ങളിൽ അവരിൽ അങ്കുരിച്ചിരുന്നു: “മുസ്‍ലിം വിദ്യാർഥിനികളെ സാമൂഹിക സേവനം നിർവഹിക്കുന്നതിനുകൂടി വിദ്യാഭ്യാസ കാലത്ത് പരിചയപ്പിക്കുന്നതിനു വേണ്ട ഏർപ്പാട് ചെയ്യുന്നത് പ്രയോജനകരമായിരിക്കും... കേരളത്തിൽ ധാരാളം മുസ്‍ലിം അധ്യാപികമാർ ഇന്ന് ഉദ്യോഗത്തിലുണ്ട്. അവർ തങ്ങൾക്ക് ലഭിക്കുന്ന ഒഴിവുസമയങ്ങളിൽ തങ്ങളുടെ വിദ്യാവിഹീനരായ സഹോദരികളെ പ്രബുദ്ധരാക്കുന്നതിന് ശ്രമിക്കുമെങ്കിൽ അതവർ തങ്ങളുടെ സമുദായത്തിന് ചെയ്യുന്ന ഒരു അമൂല്യ സേവനമായിരിക്കും. സമുദായത്തിന്റെ പേരിൽ വിദ്യാഭ്യാസ കാലത്തും അനന്തരം ഉദ്യോഗലബ്ധിക്കും പല ആനുകൂല്യങ്ങളും അവർക്ക് ഗവൺമെന്റിൽനിന്ന് ലഭിച്ചിട്ടുണ്ടെന്ന കാര്യം അവർ വിസ്മരിക്കരുത്. ആ ആനുകൂല്യങ്ങൾക്ക് ഒരു പ്രത്യുപകാരം സമുദായത്തിന്റെ പേരിൽ ചെയ്യാൻ അവർ സന്നദ്ധരാകേണ്ടതാണ്.87
ഉന്നത പഠനത്തിനായി പെൺകുട്ടികളെ അയക്കുന്നവരും അതിനെ എതിർക്കുന്നവരും സമൂഹത്തിൽ ഉണ്ടായിരുന്നുവെന്നതാണ് വസ്തുത. ഒരു കാരണവുമില്ലാതെ മാമൂൽപ്രിയം നിമിത്തം സ്ത്രീകളെ ആധുനിക വിദ്യാഭ്യാസത്തിൽനിന്നും ആത്മീയ വിദ്യാഭ്യാസത്തിൽ വിലക്കിയിരുന്ന ഇത്തരക്കാർ സമൂഹത്തിന്‍റെ ശാപമായിരുന്നുവെന്നും ഹലീമാ ബീവി കുറിക്കുന്നുണ്ട്: “തങ്ങളുടെ കുട്ടികളെ നാലുകെട്ടിനുള്ളിൽ സൂര്യപ്രകാശം കാണിക്കാതെ അടച്ചുസൂക്ഷിക്കുകയും, ഉന്നതപഠനത്തിന് പോകുന്ന പെൺകുട്ടികളെ പറ്റി അപവാദം പറഞ്ഞ് പരത്തുകയുംചെയ്യുന്നവർ മുസ്‍ലിം സമുദായത്തിൽ ധാരാളമുണ്ട്. സ്വയം നന്നാവില്ലായെന്ന് മാത്രമല്ല മറ്റുള്ളവരെ അതിനെ അനുവദിക്കുകയില്ല; ഇത്തരക്കാർ സമുദായത്തിന് ഒരുശാപമാണ്.”88
ആധുനിക വിദ്യാഭ്യാസത്തോട് മാത്രമല്ല മതവിദ്യാഭ്യാസത്തോടും ആൺകോയ്മ എപ്പോഴും നീരസം പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ട് കൂടിയാണ് പെൺകുട്ടികൾ എഴുത്തു പഠിക്കാൻ പാടില്ല എന്നും മറ്റുമുള്ള ഫത് വകളെ മുഖവിലക്കെടുക്കാതെ ഹലീമാ ബീവി ഇടപെട്ടത്. സ്ത്രീവിദ്യാഭ്യാസ സംബന്ധമായി നടപ്പിൽ വരുത്തേണ്ട പല പദ്ധതികളും വിവിധ കമ്മിറ്റികളുടെ മുന്നിൽ സമർപ്പിക്കുന്നതിനും ഹലീമാ ബീവി തയാറായിട്ടുണ്ട്. പെരുമ്പാവൂർ ആസ്ഥാനമായ രൂപംകൊണ്ട കേരള മുസ്‍ലിം ജമാഅത്ത് ഫെഡറേഷന്‍റെ പ്ലാനിങ് കമ്മിറ്റി മുമ്പാകെ മുസ്‍ലിം സമുദായത്തിലെ സ്ത്രീകളുടെ ആത്മീയ ഭൗതിക വിദ്യാഭ്യാസം സംബന്ധമായി നടപ്പിൽ വരുത്തേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു വലിയ പദ്ധതിതന്നെ ഹലീമാ ബീവി സമർപ്പിക്കുകയുണ്ടായി.
സ്ത്രീവിദ്യാഭ്യാസം, സ്ത്രീയവസ്ഥ മെച്ചപ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ട രണ്ട് പദ്ധതികളാണ് മുന്നോട്ടുവെച്ചത്. അടിയന്തര പ്രാധാന്യത്തോടുകൂടി പരിഹരിക്കേണ്ട വസ്തുതയായി പെൺകുട്ടികളുടെ വിദ്യാഭ്യാസം തന്നെയാണ് അവർ ചൂണ്ടിക്കാണിക്കുന്നത്. പെൺകുട്ടികൾക്ക് സ്കൂളുകളും അതിനോട് ചേർന്ന ഹോസ്റ്റലുകളും സ്ഥാപിക്കുകയെന്നതിനാണ് അവർ മുൻഗണന നൽകുന്നത്. വിദ്യാഭ്യാസ കരിക്കുലത്തിൽ ആത്മീയ-ഭൗതിക വിഷയങ്ങളുടെ സങ്കലനം അനിവാര്യമായി അവർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ രീതിയിലുള്ള ഒരു പാഠ്യപദ്ധതി ആവിഷ്കരിച്ച് നടപ്പാക്കാൻ പറ്റുമെങ്കിൽ നല്ലതാണെന്നും അഭിപ്രായപ്പെടുന്നുണ്ട്.
1950കളിൽ അത്തരത്തിലുള്ള ചിന്തകൾക്ക് പ്രാധാന്യം ലഭിച്ചിരുന്നുവെന്നുകാണാം. പിന്നീടുണ്ടായ വിദ്യാഭ്യാസ കമീഷനുകളും പരിഷ്കാരങ്ങളും അത്തരം ചിന്തകൾക്ക് പ്രാധാന്യം നൽകിയിരുന്നില്ല. ആത്മീയ വിഷയങ്ങൾക്ക് പുറമേ മനഃശാസ്ത്രം, ആരോഗ്യം, പാചകം, ശിശുപരിപാലനം, തയ്യൽ തുടങ്ങിയ കാര്യങ്ങളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടിയിരിക്കുന്നുവെന്നും അവർ അഭിപ്രായപ്പെടുന്നുണ്ട്.
എന്നാൽ, ആത്മീയ-ഭൗതിക വിദ്യാഭ്യാസത്തെ ബന്ധിപ്പിച്ചുകൊണ്ടുള്ള പഠനരീതിക്ക് സർക്കാറിന്റെ ധനസഹായം ലഭിക്കണമെന്നില്ലായെന്നതും അതിനായി പണം കണ്ടെത്താൻ സമുദായം തയാറാകണമെന്നും അവർ ആവശ്യപ്പെടുന്നുണ്ട്. ഓറിയന്റൽ സ്കൂളുകളെന്ന നിലയിൽ നടത്തുന്നതിനെക്കുറിച്ചും അവർ സൂചന നൽകുന്നുണ്ട്. സ്കൂളുകളോട് ചേർന്നുള്ള ഹോസ്റ്റൽ സംവിധാനം അത്യാവശ്യമാണെന്നും വീട്ടിൽനിന്നും മാറിനിന്ന് പഠിക്കുക വഴി സാമൂഹിക ഇടപെടലിനും അതുവഴി സാമൂഹിക ജീവിയായി വളരാനും സ്ത്രീകൾക്ക് സാധിക്കുമെന്നും അവർ കരുതുന്നുണ്ട്. ഇത്തരത്തിൽ ആത്മീയ-ഭൗതിക വിദ്യാഭ്യാസം നൽകുന്ന മൂന്ന് സ്കൂളുകളെങ്കിലും കുറഞ്ഞത് കേരളത്തിൽ ഉണ്ടായിരിക്കണമെന്നാണ് അവർ അഭിലഷിക്കുന്നത്. ഈ രീതിയിൽ വിദ്യാഭ്യാസം ചെയ്തു വരുന്നവർക്ക് സമുദായത്തിൽ മാന്യമായ സ്ഥാനം ലഭിക്കുമെന്നവർ പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്. നിരവധി കുടുംബങ്ങൾ പെൺകുട്ടികളെ സ്കൂളുകളിലയച്ച് പഠിപ്പിക്കുന്നതിന് തയാറായിട്ടില്ല.
(തുടരും)
കുറിപ്പ്
80. ശാരദ, വാല്യം 1, പുസ്തകം 2, 1080 ധനു / 1905, പു. 5-6
81. ‘സ്ത്രീയെ കുറിച്ചുള്ള ചിന്ത’, ഭാഗം 2, അൽ മനാർ വിശേഷാൽ പ്രതി, 1960 നവംബർ 5, ഹലീമാ ബീവി: തെരഞ്ഞെടുത്ത രചനകൾ, പു. 70.
82. എടവണ്ണയിൽ കൂടിയ വനിതാ സമ്മേളന(1961)ത്തിൽ നടത്തിയ പ്രസംഗത്തിന്റെ സംഗ്രഹം, അൻസാരി മാസിക, 1961.
83. കെ. കൃഷ്ണകുമാരി, സമരപഥങ്ങളിലെ പെൺ പെരുമ, സമത, തൃശൂർ, 2012, പു. 56
84. ‘സ്ത്രീയെക്കുറിച്ചുള്ള ചിന്ത’, റൗദത്തുൽ ഉലൂം സുവനീർ, 1965, ഭാഗം 3, ഹലീമാ ബീവി: തെരഞ്ഞെടുത്ത രചനകൾ, പു. 72.
85. ‘സ്ത്രീയെക്കുറിച്ചുള്ള ചിന്ത’, റൗദത്തുൽ ഉലൂം സുവനീർ, 1965, ഭാഗം 3, ഹലീമാ ബീവി: തെരഞ്ഞെടുത്ത രചനകൾ, പു. 73.
86. ‘ശിഥിലചിന്തകൾ’, എം.ഇ.എസ് സുവനീർ (1965), ഹലീമാ ബീവി: തെരഞ്ഞെടുത്ത രചനകൾ, പു. 57.
87. ‘മുസ്‍ലിം സ്ത്രീകളും സാമൂഹിക സേവനവും’, അൽ മനാർ മാസിക, 1961 സെപ്റ്റംബർ 5, ഹലീമാ ബീവി: തെരഞ്ഞെടുത്ത രചനകൾ, പു. 40.
88. ‘മുസ്‍ലിം സ്ത്രീകൾ സാംസ്കാരിക രംഗത്ത്’, സ്നേഹോപഹാരം-സി.ഒ.ടി കുഞ്ഞിപ്പക്കി സാഹിബിന്, ഹലീമാ ബീവി: തെരഞ്ഞെടുത്ത രചനകൾ, പു.17
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.