ചരിത്രത്തിന്റെ സാക്ഷിയായി മാറിയ ധീര പത്രശബ്ദം

മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ പത്രാധിപത്യത്തിൻ കീഴിൽ കോഴിക്കോടുനിന്ന് പുറത്തിറങ്ങിയ ‘അൽ അമീൻ’ പത്രത്തിന്റെ പ്രതികൾ കണ്ടെടുത്ത ചരിത്രാന്വേഷകനായ ലേഖകൻ അതെപ്പറ്റിയും ‘അൽ അമീനെ’പ്പറ്റിയും എഴുതുന്നു. മലയാള പത്രപ്രവർത്തന ചരിത്രത്തിൽ നിലപാടുകളുടെ ആഴംകൊണ്ട് സ്വയം ചരിത്രത്തിന്റെ സാക്ഷിയായി മാറിയ പത്രമാണ് ‘അൽ അമീൻ’. ‘വിശ്വസ്തൻ’ എന്നർഥം വരുന്ന ആ പേര് അർഥവത്താക്കുന്ന നിലപാടുകളായിരുന്നു ‘അൽ അമീൻ’ എന്നും സ്വീകരിച്ചിരുന്നത്. സ്വാതന്ത്ര്യസമര സേനാനിയും ദേശീയ പ്രസ്ഥാനത്തിന്റെ ശക്തനായ വക്താവുമായ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ‘അൽ അമീൻ’,...

മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ പത്രാധിപത്യത്തിൻ കീഴിൽ കോഴിക്കോടുനിന്ന് പുറത്തിറങ്ങിയ ‘അൽ അമീൻ’ പത്രത്തിന്റെ പ്രതികൾ കണ്ടെടുത്ത ചരിത്രാന്വേഷകനായ ലേഖകൻ അതെപ്പറ്റിയും ‘അൽ അമീനെ’പ്പറ്റിയും എഴുതുന്നു.

മലയാള പത്രപ്രവർത്തന ചരിത്രത്തിൽ നിലപാടുകളുടെ ആഴംകൊണ്ട് സ്വയം ചരിത്രത്തിന്റെ സാക്ഷിയായി മാറിയ പത്രമാണ് ‘അൽ അമീൻ’. ‘വിശ്വസ്തൻ’ എന്നർഥം വരുന്ന ആ പേര് അർഥവത്താക്കുന്ന നിലപാടുകളായിരുന്നു ‘അൽ അമീൻ’ എന്നും സ്വീകരിച്ചിരുന്നത്. സ്വാതന്ത്ര്യസമര സേനാനിയും ദേശീയ പ്രസ്ഥാനത്തിന്റെ ശക്തനായ വക്താവുമായ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ‘അൽ അമീൻ’, മലബാറിലെ യുവജനങ്ങൾക്കിടയിൽ ദേശീയബോധവും സ്വാതന്ത്ര്യാഭിലാഷവും വളർത്തുന്നതിൽ നിർണായകമായ പങ്കുവഹിച്ചു.

1924 ഒക്ടോബർ 12നാണ് ‘അൽ അമീൻ’ പത്രത്തിന്റെ പ്രഥമ ലക്കം പുറത്തിറങ്ങിയത്. ബ്രിട്ടീഷ് ഭരണത്തിനെതിരായ ശക്തമായ നിലപാടുകളും ദേശീയ പ്രസ്ഥാനത്തോടുള്ള പ്രതിബദ്ധതയും അതിന്റെ മുഖമുദ്രയായിരുന്നു. അതുകൊണ്ടുതന്നെ ‘അൽ അമീൻ’ ഒരു പത്രം മാത്രമായിരുന്നില്ല; ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയ-സാമൂഹിക ചരിത്രത്തിന് സാക്ഷ്യംവഹിച്ച ധീരമായ മാധ്യമശബ്ദംകൂടിയായിരുന്നു.

അജ്ഞതയിലും ദാരിദ്ര്യത്തിലും പിന്നാക്കാവസ്ഥയിലും കഴിഞ്ഞിരുന്ന മാപ്പിള സമൂഹത്തെ ഉയർത്തിക്കൊണ്ടുവരുക, ദേശീയാടിസ്ഥാനത്തിൽ അവരെ സംഘടിപ്പിക്കുക, സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിയിലേക്ക് അണിനിരത്തുക എന്നിവയായിരുന്നു അൽ അമീന്റെ പ്രധാനലക്ഷ്യങ്ങളിൽ ചിലത്. വിദ്യാഭ്യാസത്തിലൂടെയും രാഷ്ട്രീയബോധത്തിലൂടെയും സാമൂഹിക ഉണർവിലൂടെയും മാപ്പിള സമൂഹത്തെ പുതിയൊരു ദിശയിലേക്ക് നയിക്കണമെന്ന മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ ദർശനത്തിന്റെ ശക്തമായ മാധ്യമാവിഷ്കാരമായിരുന്നു ‘അൽ അമീൻ’.

പ്രതിസന്ധികൾ അതിജീവിച്ച പത്രം

ആഴ്ചയിൽ മൂന്ന് പ്രാവശ്യം പ്രസിദ്ധീകരിച്ചിരുന്ന ‘അൽ അമീൻ’ 1930 ജൂൺ 25 മുതൽ ദിനപത്രമായി. എന്നാൽ, അധികം വൈകാതെ, 1930 ആഗസ്റ്റ് 4ന് പത്ര ഓർഡിനൻസിന്റെ ഭാഗമായി ഗവൺമെന്റിന്റെ നടപടിക്ക് വിധേയമായി. 2000 രൂപ ജാമ്യം ആവശ്യപ്പെട്ടതിനെ തുടർന്ന് പ്രസിദ്ധീകരണം താൽക്കാലികമായി നിർത്തിവെക്കേണ്ടിവന്നു.

തുടർന്ന് 1930 നവംബർ 20ന് ‘അൽ അമീൻ’ വീണ്ടും ദിനപത്രമായി പുറത്തിറങ്ങി. എന്നാൽ, സാമ്പത്തിക പ്രതിസന്ധികൾ കാരണം അധികകാലം ദിനപത്രമായി തുടരാൻ കഴിഞ്ഞില്ല. പഴയതുപോലെ ആഴ്ചയിൽ മൂന്ന് പ്രാവശ്യം പ്രസിദ്ധീകരിക്കുന്ന രീതിയിലേക്ക് വീണ്ടും മടങ്ങേണ്ടിവന്നു. 1939 മാർച്ച് 15ന് ‘അൽ അമീൻ’ വീണ്ടും ദിനപത്രമായി പ്രസിദ്ധീകരണമാരംഭിച്ചു. എന്നാൽ, അതേ വർഷം സെപ്റ്റംബർ 29ന് ഗവൺമെന്റിന്റെ ഉത്തരവിനെ തുടർന്ന് പ്രസിദ്ധീകരണം പൂർണമായി നിർത്തിവെക്കേണ്ടിവന്നു.(1)

രണ്ടാം ലോകയുദ്ധത്തിന്റെ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ യുദ്ധ ശ്രമങ്ങളോട് നിസ്സഹകരിക്കാനും നിയമലംഘന പ്രസ്ഥാനത്തിനും സ്വാതന്ത്ര്യസമരത്തിനും ആക്കം കൂട്ടാനും വിദേശഭരണത്തെ ചെറുത്തുതോൽപിക്കാനും നാട്ടുകാരെ ആഹ്വാനംചെയ്തുകൊണ്ടുള്ള ഉജ്ജ്വലമായ മുഖപ്രസംഗമായിരുന്നു ബ്രിട്ടീഷ് ഗവൺമെന്റിന്റെ നടപടിക്ക് കാരണമായത്.(2)

ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നിരന്തരമായ മർദനങ്ങൾക്കും നിയന്ത്രണങ്ങൾക്കും സാമ്പത്തിക പ്രതിസന്ധികൾക്കും വിധേയമായിട്ടും ദേശീയതയുടെയും സ്വാതന്ത്ര്യബോധത്തിന്റെയും ശബ്ദമായി നിലകൊണ്ട അൽ അമീന്റെ ചരിത്രം മലയാള പത്രപ്രവർത്തനത്തിലെ ധീരമായ ഒരു അധ്യായമാണ്.

എഴുത്തുകാരുടെയും പത്രപ്രവർത്തകരുടെയും കളരി

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ തെക്കൻ കേരളത്തിലെ മുസ്‍ലിം എഴുത്തുകാരിൽനിന്ന് നിരവധി മലയാള പത്ര-പ്രസിദ്ധീകരണങ്ങൾ പുറത്തുവന്നിരുന്നു. ഖിലാഫത്ത് പത്രിക, മലബാർ ഇസ്‍ലാം, മുസ്‍ലിം, ദീപിക, മുസ്‍ലിം മിത്രം, ഐക്യം, സാരസൻ, മുസ്‍ലിം മഹിള തുടങ്ങിയവ അവയിൽ ചിലതാണ്.

എന്നാൽ, അതേ കാലഘട്ടത്തിൽ മലബാറിലെ മുസ്‍ലിം സമൂഹത്തിനിടയിൽനിന്ന് മലയാളഭാഷയിലുള്ള പത്ര-മാസികകൾ താരതമ്യേന ദുർലഭമായിരുന്നു. തെക്കൻ കേരളത്തെ അപേക്ഷിച്ച് മലബാറിലെ മുസ്‍ലിം സമൂഹത്തിൽനിന്ന് എഴുത്തുകാരും സാഹിത്യകാരന്മാരും കാര്യമായി ഉയർന്നുവരാത്ത കാലവുമായിരുന്നു അത്. ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളുടെ സാമൂഹിക പ്രത്യാഘാതങ്ങൾ നേരിട്ടുകൊണ്ടിരുന്ന മലബാറിലെ സമൂഹത്തിന് സാഹിത്യ-സാംസ്കാരിക രംഗങ്ങളിൽ വളരാനുള്ള അവസരങ്ങളും പരിമിതമായിരുന്നു.

അത്തരമൊരു സാമൂഹിക അന്തരീക്ഷത്തിലാണ് 1924ൽ ‘അൽ അമീൻ’ പിറവിയെടുക്കുന്നത്. അതിന്റെ ആവിർഭാവത്തോടെ മലബാറിലെ മുസ്‍ലിം സമൂഹത്തിൽനിന്നുള്ള എഴുത്തുകാർക്കും സാഹിത്യപ്രവർത്തകർക്കും പത്രപ്രവർത്തനരംഗത്തേക്ക് കടന്നുവരാനുള്ള പുതിയൊരു വാതിൽ തുറക്കപ്പെട്ടു. 1934ൽ തലശ്ശേരിയിൽനിന്ന് പുറത്തിറങ്ങിയ ‘ചന്ദ്രിക’ ദിനപത്രത്തിന്റെ പ്രഥമ പത്രാധിപരായിരുന്ന പെരിന്തൽമണ്ണ സ്വദേശിയായ കെ.കെ. മുഹമ്മദ് ഷാഫി ‘അൽ അമീൻ’ പത്രത്തിൽ ജോലിചെയ്തിരുന്ന വ്യക്തിയായിരുന്നു.

പിൽക്കാലത്ത് പത്രപ്രവർത്തനരംഗത്തും സാഹിത്യരംഗത്തും ശോഭിച്ച പി.എ. മുഹമ്മദ് കോയ, കെ.എ. കൊടുങ്ങല്ലൂർ, എസ്.കെ. പൊറ്റെക്കാട്ട്, ഇ. മൊയ്തു മൗലവി, എ. മുഹമ്മദ് കണ്ണ്, വക്കം അബ്ദുൽ ഖാദർ, എം. റഷീദ്, വളപട്ടണം പി. മുഹമ്മദ് സാലിഹ്, പി.എസ്. ഗോപാലപിള്ള, വിദ്വാൻ എം. കോരു പണിക്കർ തുടങ്ങിയ പ്രമുഖ എഴുത്തുകാർക്കും സാഹിത്യപ്രവർത്തകർക്കും പത്രപ്രവർത്തന രംഗത്തേക്കുള്ള പ്രവേശനത്തിനും വളർച്ചക്കും ‘അൽ അമീൻ’ ഒരു കളരിയായിരുന്നു. മലബാറിലെ മുസ്‍ലിം സമൂഹത്തിൽനിന്ന് എഴുത്തുകാരെയും പത്രപ്രവർത്തകരെയും സാഹിത്യകാരന്മാരെയും വളർത്തിയെടുക്കുന്നതിൽ ‘അൽ അമീൻ’ വഹിച്ച പങ്ക് അതുകൊണ്ടുതന്നെ പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്.

ചരിത്രമായി മാറേണ്ടിയിരുന്ന ‘അൽ അമീൻ’ കോപ്പികൾ

ഇടവേളകളോടെയും തുടർച്ചയായും ഒന്നര ദശാബ്ദക്കാലത്തോളം പത്രപ്രവർത്തനം നടത്തിയ അൽ അമീൻ അക്കാലത്ത് മലബാറിലെ വിവിധ പ്രദേശങ്ങളിലെ വീടുകളിലും പ്രമാണിമാരുടെ വസതികളിലും വ്യാപകമായി പ്രചരിച്ചിരുന്നു. എന്നിട്ടും ചരിത്രപ്രാധാന്യമുള്ള ഈ പത്രത്തിന്റെ കോപ്പികൾ ഇന്ന് നമുക്ക് വേണ്ടത്ര ലഭ്യമല്ല എന്നത് ഏറെ പ്രസക്തമായ ചോദ്യമാണ്.

നിരന്തരമായ അന്വേഷണങ്ങൾക്കും തിരച്ചിലുകൾക്കും ഒടുവിൽ ലഭ്യമായത് വിരലിലെണ്ണാവുന്ന ഏതാനും പതിപ്പുകൾ മാത്രം. അവയിൽതന്നെ പലതും അപൂർണമാണ്. എട്ട് പേജുകളുണ്ടായിരുന്ന അൽ അമീന്റെ മുഴുവൻ പേജുകളോടു കൂടിയ പതിപ്പുകൾ ലഭിച്ചത് വെറും രണ്ടെണ്ണം മാത്രമാണ്. ബാക്കിയുള്ളവയിൽ നാലോ അതിൽ കുറവോ പേജുകളാണ് അവശേഷിക്കുന്നത്.

നിരന്തരമായ അന്വേഷണ ശ്രമങ്ങളുടെ ഫലമായി അടുത്തിടെ ലഭിച്ച 1926 മാർച്ച് 2ലെ ‘അൽ അമീൻ’ പത്രത്തിന്റെ കോപ്പി ഇക്കാര്യത്തിൽ ഏറെ ചരിത്രപ്രാധാന്യമുള്ളതാണ്. കാരണം, ‘അൽ അമീൻ’ പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനിയുടെ ഓഹരി ഉടമകളുടെ പേരുകൾ പത്രത്തിന്റെ ഒന്നാം പേജിൽതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

ഹാജി കെ. സീതി മുഹമ്മദ് (കെ.എം. സീതി സാഹിബിന്റെ പിതാവ്), പി. കുഞ്ഞിപ്പോക്കർകുട്ടി, മണപ്പാട് പി. കൊച്ചുമൊയ്തീൻ, എ.കെ. കുഞ്ഞിമായിൻ ഹാജി, പി.സി ആലുപിക്കേയി, ടി. ഹസൻകോയ മൊല്ല, മുഹമ്മദ് അബ്ദുറഹ്മാൻ തുടങ്ങിയവരുടെ പേരുകളാണ് പ്രധാന ഓഹരി ഉടമകളായി അവിടെ നൽകിയിരിക്കുന്നത്. അതിനുതാഴെ ‘അൽ അമീൻ’ കമ്പനിയിൽ ഓഹരികൾ നൽകി സഹായിക്കണമെന്ന് അഭ്യർഥിച്ചുകൊണ്ടുള്ള പത്രമാനേജ്മെന്റിന്റെ ഒരു കുറിപ്പും നൽകിയിട്ടുണ്ട്. അത് ഇങ്ങനെ:

“കേരള മുസ്​ലിം സമൂഹത്തിന്റെ അഭിമാന ലക്ഷ്യമായ അൽ അമീൻ കമ്പനിയേയും പത്രത്തേയും ഹൃദയപൂർവ്വം സഹായിപ്പാനും, നിങ്ങളുടെ ഇസ്ലാമികാഭിമാനത്തെ സംരക്ഷിപ്പാനും ഉദ്യമിച്ചു, ഇതിനെ ഒരു കേരളൈകമഹാപ്രസ്ഥാനമാക്കി പരിപോഷിപ്പിക്കുവാൻ അത്യുത്സാഹം ചെയ്യുവിൻ.

ഈ ജനുവരി അവസാനിക്കുന്നതിനു മുമ്പ് അയ്യഞ്ചു ഓഹരി വീതം വാങ്ങി ഞങ്ങളെ സഹായിക്കുവാൻ വേണ്ടി സമൂഹസ്നേഹത്തോടുകൂടിയ ആയിരം മുസ്ലിമീങ്ങൾ കേരളത്തിൽ ഇല്ലെന്നു വരുമോ? ഉണ്ടെങ്കിൽ കാണട്ടെ. സമുദായസ്നേഹികൾ ധാരാളം, ആയിരത്തിലും പതിനായിരത്തിലും അധികമുണ്ടാകും. എന്നാൽ കീശ തൊടുമ്പോൾ അവരുടെ സമുദായസ്നേഹം നിൽക്കുമോ? എന്നിപ്പഴാണ് കാണേണ്ടത്.

പത്രബന്ധുക്കളും, ഞങ്ങളുടെ അഭ്യുദയകാംക്ഷികളും ഉണരേണ്ട സമയമാണിത്. ഞങ്ങളെ സഹായിക്കുവാൻ വിചാരിക്കുന്നവരുണ്ടെങ്കിൽ, അവർ ഇപ്പോൾ ചെയ്യുന്ന സഹായം അഭിനന്ദനാർഹവും, ശോഭനമായ ഒരു ഭാവിയെ പ്രത്യക്ഷീഭവിപ്പിക്കുന്നതും ആയിരിക്കുന്നതാണ്. ഈ സമയം പാഴാക്കി കളയരുതെ!! ഞങ്ങളുടെ വരിക്കാരുടെ സംഖ്യ ഇരട്ടിക്കട്ടെ. ഇത് നിങ്ങൾക്ക് നിഷ്പ്രയാസം സാധിക്കും. ഉത്സാഹിച്ചാൽ മതി.”(3)

ഈ പതിപ്പിന്റെ ചരിത്രപ്രാധാന്യം വർധിപ്പിക്കുന്ന മറ്റൊരു പ്രധാന ഘടകം അതിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനങ്ങളാണ്. അതിൽ ഏറെ ശ്രദ്ധേയമായ ഒന്നാണ് പത്രത്തിന്റെ മുഖപ്രസംഗമായി പ്രസിദ്ധീകരിച്ച ‘അന്തമാന്റെ ഭാവി’ എന്ന ലേഖനം. ‘അൽഅമീൻ’ പത്രത്തിന്റെ രാഷ്ട്രീയ നിലപാടുകളെയും അക്കാലത്തെ മലബാർ മുസ്‍ലിംകളുടെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളെയും മനസ്സിലാക്കാൻ സഹായിക്കുന്ന വിലപ്പെട്ട ചരിത്രരേഖയാണിത്.

 

ലേഖനത്തിൽനിന്നുള്ള പ്രസക്തമായ ഭാഗം:

“ആന്തമാൻ ദ്വീപുകളുടെ ഭാവി ഭരണനയത്തെ സംബന്ധിച്ച് ഗവൺമെന്റ് ലെജിസ്ലേറ്റീവ് അസംബ്ലിയിൽ പറഞ്ഞ പ്രകാരം ഒരു നിർമ്മാണം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. ഇത് മുഴുവനും വായിച്ചുനോക്കിയാൽ മാപ്പിളമാരെ ആ ദ്വീപിലേക്ക് കൊണ്ടുപോകാൻ ഗവൺമെന്റ് ചില ദുഷ്പ്രേരണകൾ ചെയ്തിട്ടുണ്ടെന്ന് സമ്മതിച്ചിട്ടുള്ളതായി കാണാം. വ്യംഗ്യമായുള്ള ഗവൺമെന്റിന്റെ ഈ കുറ്റസമ്മതത്തെപ്പറ്റി ആലോചിക്കുന്നതിന് മുമ്പായി ഈ റെസല്യൂഷനിൽ ഗവൺമെന്റ് തീരെ വിസ്മരിച്ചുകളഞ്ഞിരിക്കുന്ന ഒരു സംഗതി ചൂണ്ടിക്കാണിക്കേണ്ടതായിട്ടുണ്ട്. ആന്തമാനിലെ സ്ഥിതിഗതികളെപ്പറ്റി അന്വേഷിക്കാൻ ഇന്ത്യാ ഗവൺമെന്റ് അയച്ച മലബാർ പ്രതിനിധികളുടെ റിപ്പോർട്ടിനെപ്പറ്റിയോ അങ്ങനെ ഒരു കമ്മിറ്റിയെ അയക്കുകയുണ്ടായി എന്നുള്ള വസ്തുതതന്നെയോ ഈ റെസല്യൂഷനിൽ പ്രസ്താവിച്ചിട്ടില്ല.”(4)

അന്തമാൻ സ്കീമിനെതിരായ അൽ അമീന്റെ നിലപാട്

അന്തമാനിലെ സ്ഥിതിഗതികൾ നേരിട്ട് കണ്ടറിഞ്ഞ് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി അന്നത്തെ മദ്രാസ് ഗവൺമെന്റ് 1924-26 കാലയളവിൽ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഡോക്ടർ മൂഗാ സേട്ട് (കോഴിക്കോട്), മുഹമ്മദ് ഷംനാട് (എം.എൽ.എ), സയ്യിദ് മുർതസാ സാഹിബ്, മീർ അബ്ബാസ് അലിഖാൻ (മദ്രാസ്, എം.എൽ.സി) എന്നിവരായിരുന്നു കമ്മിറ്റിയിലെ അംഗങ്ങൾ.

പ്രതിനിധി സംഘം അന്തമാനിലെ മാപ്പിള വില്ലേജുകൾ സന്ദർശിച്ച് അവിടത്തെ യാഥാർഥ്യങ്ങൾ നേരിട്ട് കണ്ടും ജനങ്ങളോട് സംസാരിച്ചും മനസ്സിലാക്കി. അവർ സമർപ്പിച്ച റിപ്പോർട്ടുകൾ ‘അൽ അമീൻ’ 1926 നവംബർ 30ന് പ്രസിദ്ധീകരിച്ചു. ഒരു പത്രാധിപരെന്ന നിലയിൽ അബ്ദുറഹ്മാൻ സാഹിബ് നിവേദകസംഘത്തെ നേരിട്ട് സന്ദർശിച്ചാണ് റിപ്പോർട്ട് കൈപ്പറ്റിയത്. ആദ്യം അദ്ദേഹത്തിന്റെ ആവശ്യം അറിഞ്ഞപ്പോൾ അവർ വാതിലടച്ച് ഒളിച്ചിരിക്കുകയാണ് ചെയ്തത്.(5) എന്നാൽ മനുഷ്യസ്‌നേഹിയായ അബ്ദുറഹ്മാന്റെ നിരന്തര ശ്രമഫലമായി റിപ്പോർട്ട് നൽകാൻ അവസാനം അവർ തയാറായി.

ജനങ്ങളെ ബോധവാന്മാരാക്കാൻ അൽ അമീനിലൂടെ പുറത്തുവിട്ട ആ റിപ്പോർട്ടിലെ അവസ്ഥകൾ എത്രമാത്രം ദയനീയമായിരുന്നുവെന്ന് വ്യക്തമാക്കുന്ന ചില ഭാഗങ്ങൾ:

“ഈ വില്ലേജുകളുടെ സ്ഥലമോ പരിസരങ്ങളോ ഞങ്ങൾക്ക് ബോധിച്ചതേയില്ല. അങ്ങും ഇങ്ങുമായി ആശുപത്രികളിൽനിന്ന് വളരെ അകന്നാണ് വില്ലേജുകൾ സ്ഥാപിച്ചിരിക്കുന്നത്. ജനങ്ങൾക്ക് താമസിക്കാൻ ഏർപ്പെടുത്തിയിട്ടുള്ള ചെറിയ വീടുകൾ ശോച്യങ്ങളായ ചെറ്റച്ചാളകളാണ്. ചാളകളുടെ തറ ഈറനായി എപ്പോഴും നനഞ്ഞാണിരിക്കുന്നത്. ഭാഗ്യംകെട്ട സ്ത്രീകളും കുട്ടികളും കിടക്കുന്നത് ഈ തറകളിലാണ്. എല്ലാവർക്കും ഇടതടവില്ലാതെ പനി പിടിക്കുന്നു എന്ന് സ്ത്രീകളും പുരുഷന്മാരും ഞങ്ങളോട് പറഞ്ഞു.”(6)

തുടർന്ന് റിപ്പോർട്ടിൽ അവിടത്തെ ജനങ്ങളുടെ ദാരുണമായ ജീവിതാവസ്ഥയെ കൂടുതൽ വിശദീകരിക്കുന്നു:

“ഉണ്ണാനും ഉടുക്കാനും ബുദ്ധിമുട്ടി, പാർക്കാൻ നല്ല വീടില്ലാതെ കഷ്ടപ്പെട്ട്, ലക്ഷോപ ലക്ഷം കൊതുകുകളുടെ ആക്രമണം സഹിച്ച്, തങ്ങളുടെ യാതനകൾ പറയാൻ ഈ നിർഭാഗ്യവാന്മാർ ജീവിച്ചിരിക്കുന്നുവല്ലോ എന്ന് തന്നെ ഞങ്ങളെ അത്ഭുതപ്പെടുത്തി.”(7)

ഹേർബർട്ടാബാദ് വില്ലേജിൽ പനി ബാധിച്ച് അവശരായി കിടന്നിരുന്ന നിരവധി മനുഷ്യരെ ഡോ. മൂഗാസേട്ട് നേരിട്ട് കണ്ടതായും റിപ്പോർട്ടിൽ പറയുന്നു. അവർക്ക് യാതൊരു മരുന്നും ലഭിച്ചിരുന്നില്ലെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വാഹനസൗകര്യം പോലും ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട് രേഖപ്പെടുത്തുന്നു.(8)

 

മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബും അന്തമാൻ സ്കീമിനെതിരായ പോരാട്ടവും

അന്തമാൻ സ്കീമിനെതിരെ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബും ‘അൽ അമീൻ’ പത്രവും നടത്തിയ ഇടപെടലുകളുടെ പ്രാധാന്യം അദ്ദേഹത്തിന്റെ ആദ്യകാല ജീവചരിത്രകാരനായ ടി. മുഹമ്മദ് യൂസുഫ് രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധേയമാണ്.

അദ്ദേഹം എഴുതുന്നു:

“ഈ ശപിക്കപ്പെട്ട സ്കീം വഴി മാപ്പിളമാർക്ക് ഗവൺമെന്റ് ചെയ്യുവാൻ ഉദ്ദേശിക്കുന്ന വമ്പിച്ച ഔദാര്യങ്ങളെ വർണിച്ചുകൊണ്ട് അന്നത്തെ മലയാം കലക്ടർ മിസ്റ്റർ തോറൻ സായിപ്പ് 1924 സെപ്റ്റംബർ 6ാം തീയതി പ്രസിദ്ധപ്പെടുത്തിയ പ്രസ്താവനയെ അൽ അമീന്റെ ഒന്നാം ലക്കംതന്നെ കർശനമായി വിമർശിച്ചിരുന്നു.”(9)

അന്തമാൻ സ്കീമിനെതിരായ അൽ അമീന്റെ നിലപാട് ഇതോടെ അവസാനിച്ചില്ല. 1925 സെപ്റ്റംബറിൽ അമൃത് സറിൽ ചേർന്ന സർവകക്ഷി സമ്മേളനത്തിൽ ഈ പദ്ധതി റദ്ദാക്കണമെന്ന് ഗവൺമെന്റിനോട് ആവശ്യപ്പെടുന്ന പ്രമേയം അവതരിപ്പിക്കുന്നതിനും അത് സമ്മേളനത്തെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിനുമായി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് നടത്തിയ ശ്രമങ്ങളെയും ടി. മുഹമ്മദ് യൂസുഫ് പ്രത്യേകം രേഖപ്പെടുത്തുന്നുണ്ട്.

അദ്ദേഹത്തിന്റെ വാക്കുകളിൽ:

“മാപ്പിള സമുദായത്തിന്റെ നിഷ് കപടതയുടെ ശക്തികൊണ്ട് മിസ്റ്റർ അബ്ദുറഹ്മാന്റെ ഉദ്യമം ഒടുവിൽ വിജയിച്ചു. പ്രമേയം പാസായി.”(10)

അന്തമാൻ സ്കീം നടപ്പിലായിരുന്നെങ്കിൽ മലബാറിലെ മാപ്പിള സമൂഹത്തിന്, പ്രത്യേകിച്ച് തെക്കൻ മലബാറിലെ മാപ്പിളമാർക്ക്, അതുണ്ടാക്കുമായിരുന്ന ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങളിലേക്കും ടി. മുഹമ്മദ് യൂസുഫ് വിരൽചൂണ്ടുന്നു. അന്തമാനിലെ പ്രതികൂലമായ കാലാവസ്ഥയും ആരോഗ്യപരമായ ദുരിതങ്ങളും ചൂണ്ടിക്കാട്ടി, ഈ പദ്ധതി മാപ്പിള സമൂഹത്തിന്റെ നിലനിൽപിനുതന്നെ ഭീഷണിയായിരുന്നുവെന്ന ശക്തമായ വിമർശനമാണ് അദ്ദേഹം ഉന്നയിക്കുന്നത്.

അന്നത്തെ ഭരണകൂടം അന്തമാനെ ആകർഷകമായ ഒരു സ്ഥലമായി അവതരിപ്പിച്ച് മാപ്പിളമാരെ അവിടേക്ക് ആകർഷിക്കാൻ നടത്തിയ പ്രചാരണങ്ങളെയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിക്കുന്നുണ്ട്. അന്തമാൻ തടവുകാരെ അലങ്കരിച്ച വസ്ത്രങ്ങളണിയിച്ച് മലബാറിലെ വിവിധ പ്രദേശങ്ങളിൽ പ്രദർശിപ്പിച്ചുകൊണ്ട് അവിടത്തെ ജീവിതം സ്വർഗതുല്യമാണെന്ന പ്രതീതി സൃഷ്ടിക്കാൻ നടത്തിയ ശ്രമങ്ങളെയും ടി. മുഹമ്മദ് യൂസുഫ് തന്റെ കൃതിയിൽ വിശദമായി പരാമർശിക്കുന്നു.(11)

ജനപക്ഷ നിലപാടുകളുടെ പത്രം

അന്തമാൻ സ്കീമിനെതിരായ ഈ നിലപാടുകൾ പരിശോധിക്കുമ്പോൾ ‘അൽഅമീൻ’ ഒരു വാർത്താമാധ്യമം എന്ന പരിധി മറികടന്ന് പ്രവർത്തിച്ചിരുന്നുവെന്ന് വ്യക്തമാണ്. മർദിതരുടെയും പീഡിതരുടെയും കൂടെ നിൽക്കുകയും അവരുടെ അവകാശ സംരക്ഷണത്തിനായി ധീരമായ നിലപാടുകൾ സ്വീകരിക്കുകയും ഗവൺമെന്റിന്റെ മർദക ഭരണനയങ്ങളെ ചോദ്യംചെയ്യാൻ ആർജവം കാണിക്കുകയും ചെയ്തതാണ് ‘അൽ അമീൻ’ ചരിത്രത്തിൽ നിർവഹിച്ച മഹത്തായ സേവനം.

ഉപ്പു സത്യഗ്രഹത്തെ അനുകൂലിച്ചും വടക്കേ മലബാറിലെ മരുമക്കത്തായ സമ്പ്രദായത്തെ വിമർശിച്ചും അന്തമാൻ പദ്ധതിക്കെതിരെ ശക്തമായി പ്രതികരിച്ചും മമ്പുറം സയ്യിദ് അലവി തങ്ങളുടെ കുടുംബത്തെ അന്യായമായി നാടുകടത്തിയതിനെതിരെ പ്രതിഷേധിച്ചും മാപ്പിള ഔട്രേജസ് ആക്ട് പിൻവലിക്കുന്നതിനായി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് നടത്തിയ ഇടപെടലുകൾക്ക് പിന്തുണ നൽകിയും ‘അൽ അമീൻ’ അതിന്റെ ജനപക്ഷ നിലപാട് തെളിയിച്ചു.

1921ലെ മലബാർ സമരത്തിന്റെ ദുരനുഭവങ്ങൾ ഏറ്റുവാങ്ങിയ ഒരു സമൂഹത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ ഉന്നമനത്തിനായി ‘അൽ അമീൻ’ നിർഭയമായി ശബ്ദമുയർത്തി. അധികാരത്തിന്റെ മുന്നിൽ മൗനംപാലിക്കാതെ, അനീതിക്കെതിരെ നിലകൊള്ളുകയും സമൂഹത്തിന്റെ അവകാശങ്ങൾക്കും അഭിമാനത്തിനും വേണ്ടി വാദിക്കുകയും ചെയ്ത അതിന്റെ മുഖപ്രസംഗങ്ങളും ലേഖനങ്ങളും മലയാള പത്രപ്രവർത്തന ചരിത്രത്തിലെ വിലമതിക്കാനാവാത്ത രേഖകളാണ്.

കാലം ഏറെ പിന്നിട്ടിട്ടും ‘അൽ അമീൻ’ ഉയർത്തിപ്പിടിച്ച ഈ ജനപക്ഷ ശബ്ദവും സാമൂഹിക നീതിയോടുള്ള പ്രതിബദ്ധതയും ചരിത്രത്തിൽ ഇന്നും സ്മരിക്കപ്പെടുന്നു.

രജതരേഖകളായി അവശേഷിക്കുന്ന പഴയ പത്രത്താളുകൾ

അതുകൊണ്ടുതന്നെ അൽ അമീന്റെ പഴയ കോപ്പികൾ ഇന്ന് വെറും പഴയ പത്രത്താളുകളല്ല. ഒരു സമൂഹത്തിന്റെ രാഷ്ട്രീയ ഉണർവിന്റെയും ദേശീയബോധത്തിന്റെയും സാമൂഹിക പരിവർത്തനത്തിന്റെയും രജതരേഖകളാണ്. ഓരോ കോപ്പിയും നഷ്ടപ്പെടുമ്പോൾ ചരിത്രത്തിന്റെ ഒരു ചെറിയ അധ്യായം കൂടിയാണ് നഷ്ടപ്പെടുന്നത്. ലഭ്യമായ അപൂർവ പതിപ്പുകളെ കണ്ടെത്തുകയും സംരക്ഷിക്കുകയും പഠനവിധേയമാക്കുകയും ചെയ്യേണ്ടത് അതുകൊണ്ടുതന്നെ നമ്മുടെ ചരിത്രബോധത്തോടുള്ള ഒരു ഉത്തരവാദിത്തമാണ്.

അൽ അമീന്റെ ഓരോ പഴയ താളും ഒരു കാലഘട്ടത്തിന്റെ ശബ്ദമാണ് -അധികാരത്തോട് ചോദ്യം ചോദിച്ച ശബ്ദം, അനീതിക്കെതിരെ നിലകൊണ്ട ശബ്ദം, സ്വാതന്ത്ര്യത്തെ സ്വപ്നം കണ്ട ഒരു സമൂഹത്തിന്റെ ശബ്ദം. ആ ശബ്ദത്തെ സംരക്ഷിക്കുക എന്നത് ഒരു പഴയ പത്രത്തെ സംരക്ഷിക്കുക മാത്രമല്ല; നമ്മുടെ സാമൂഹികവും രാഷ്ട്രീയവുമായ ഭൂതകാലത്തിന്റെ ജീവനുള്ള രേഖകളെ സംരക്ഷിക്കുകകൂടിയാണ്.

-------------------------

റഫറൻസുകൾ

1. വി.എസ്. കേരളീയൻ, കേരളത്തിന്റെ വീരപുത്രൻ, കെ.ആർ. ബ്രദേഴ്സ്, കോഴിക്കോട്, 1959, പേജ് 115.

2. എസ്.കെ. പൊറ്റക്കാട്, പി.പി. ഉമ്മർകോയ, എൻ.പി. മുഹമ്മദ്, കെ.എ. കൊടുങ്ങല്ലൂർ, മുഹമ്മദ് അബ്ദുറഹ്മാൻ: രാഷ്ട്രീയ ജീവചരിത്രം, ഒന്നാം പതിപ്പ്, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ കമ്മിറ്റി, കോഴിക്കോട്, 1978, പേജ് 162.

3. അൽഅമീൻ, 1926 മാർച്ച് 2, ഒന്നാം പേജ്.

4. അൽഅമീൻ, 1926 മാർച്ച് 2.

5. ഇ. മൊയ്തു മൗലവി, എന്റെ കൂട്ടുകാരൻ മുഹമ്മദ് അബ്ദുറഹ്മാൻ, കറന്റ് ബുക്സ്, തൃശ്ശൂർ, 1964, പേജ് 196.

6. അൽഅമീൻ, 1926 നവംബർ 30; ഉദ്ധരിച്ചത്: മുഹമ്മദ് അബ്ദുറഹ്മാൻ: രാഷ്ട്രീയ ജീവചരിത്രം, പേജ് 173.

7. അതേ പുസ്തകം, പേജ് 173.

8. അൽ അമൻ, 1926 നവംബർ 30.

9. ടി. മുഹമ്മദ് യൂസുഫ്, ശ്രീജിത്ത് മുഹമ്മദ് അബ്ദുറഹ്മാൻ, നോർമൻ പ്രിന്റിങ് ബ്യൂറോ, കോഴിക്കോട്, 1938, പേജ് 39.

10. അതേ പുസ്തകം, പേജ് 39.

11. ടി. മുഹമ്മദ് യൂസുഫ്, മുഹമ്മദ് അബ്ദുറഹ്മാൻ, നോർമൻ പ്രിന്റിങ് ബ്യൂറോ, കോഴിക്കോട്, 1938, പേജ് 39-40.

Tags:    
News Summary - Books on Muhammed Abdurahman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.