ഞാൻ ബദറുൽ മുനീർ

അധ്യായം -17 പ്രസാധന രംഗത്ത് എന്ന പോലെ രാഷ്ട്രീയ രംഗത്തും ശോഭിച്ച ഹലീമാ ബീവി പൊരുതിയതും പടനയിച്ചതും സ്ത്രീ മുന്നേറ്റത്തിനും കൂടിയായിരുന്നു. കൂടാതെ, സ്ത്രീകളെ രാഷ്ട്രീയ രംഗത്തേക്ക് എത്തിക്കുന്നതിന് ഹലീമാ ബീവി നടത്തിയ പ്രയത്നം എടുത്തുപറയേണ്ടതാണ്. പ്രത്യേകിച്ചും തിരുവിതാംകൂർ സ്റ്റേറ്റ് മുസ്​ലിം ലീഗിന്റെ തിരുവല്ല താലൂക്ക് യൂനിയന്റെ കാര്യദർശിയെന്ന നിലയിൽ പ്രവർത്തിക്കാൻ അവർക്ക് അവസരം ലഭിച്ച കാലത്ത്. രാഷ്ട്രീയവേദികളിൽ മുതിർന്ന നേതാക്കളോടൊപ്പം വേദി പങ്കിടാനും അന്ന് അവസരമുണ്ടായി.ദേശീയപ്രക്ഷോഭവുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങളെ നേരിട്ടുകണ്ട് അവതരിപ്പിക്കുന്ന ഒരു പംക്തി ‘ഞാൻ-ബദറുൽ...

അധ്യായം -17

പ്രസാധന രംഗത്ത് എന്ന പോലെ രാഷ്ട്രീയ രംഗത്തും ശോഭിച്ച ഹലീമാ ബീവി പൊരുതിയതും പടനയിച്ചതും സ്ത്രീ മുന്നേറ്റത്തിനും കൂടിയായിരുന്നു. കൂടാതെ, സ്ത്രീകളെ രാഷ്ട്രീയ രംഗത്തേക്ക് എത്തിക്കുന്നതിന് ഹലീമാ ബീവി നടത്തിയ പ്രയത്നം എടുത്തുപറയേണ്ടതാണ്. പ്രത്യേകിച്ചും തിരുവിതാംകൂർ സ്റ്റേറ്റ് മുസ്​ലിം ലീഗിന്റെ തിരുവല്ല താലൂക്ക് യൂനിയന്റെ കാര്യദർശിയെന്ന നിലയിൽ പ്രവർത്തിക്കാൻ അവർക്ക് അവസരം ലഭിച്ച കാലത്ത്. രാഷ്ട്രീയവേദികളിൽ മുതിർന്ന നേതാക്കളോടൊപ്പം വേദി പങ്കിടാനും അന്ന് അവസരമുണ്ടായി.

ദേശീയപ്രക്ഷോഭവുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങളെ നേരിട്ടുകണ്ട് അവതരിപ്പിക്കുന്ന ഒരു പംക്തി ‘ഞാൻ-ബദറുൽ മുനീർ’ എന്ന പേരിൽ ‘ഭാരതചന്ദ്രിക’യിൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ച് വന്നിരുന്നു. സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ട വസ്തുതകളെയും വ്യക്തികളെയും ഭാവനാത്മകമായി വിലയിരുത്തുന്ന ഈ പംക്തി കൈകാര്യം ചെയ്തിരുന്നത് പത്രാധിപതന്നെയായിരുന്നു. 1945 ജൂൺ 18 മുതൽ തുടർന്നു വന്ന ലക്കങ്ങളിൽ ബദറുൽ മുനീറിന്റെ കുറിപ്പിൽ അവർ നേരിട്ട് തിരുവിതാംകൂർ സന്ദർശിക്കുന്നതിനെക്കുറിച്ചും അവിടെ നടക്കുന്ന മുസ്​ലിംകളുടെ ഏക സംഘടനാ രൂപവത്കരണത്തെക്കുറിച്ചും വിവരിക്കുന്നുണ്ട്.

1120 മിഥുനം നാലിന് വന്ന 22ാം ലക്കത്തിലെ പരാമർശം ഇപ്രകാരമായിരുന്നു: ‘‘തിരുവിതാംകൂറിലെ മുസ്​ലിമീങ്ങൾ ഒരു ഏക സംഘടനയുടെ തണലിൽ നിലകൊള്ളാൻ ഒരുങ്ങുന്നു എന്ന പത്രവാർത്തയിൽ ഉടൻതന്നെ തിരുവിതാംകൂർ സന്ദർശിക്കുക തന്നെ... നേരെ തിരുവനന്തപുരത്ത് എത്തി. പട്ടണം അതിമനോഹരം. അധഃകൃതർക്ക് ക്ഷേത്രപ്രവേശനം നൽകി വിശ്വവിഖ്യാതനായി തീർന്ന മഹാരാജാവ് തിരുമനസ്സിലെ കൊട്ടാരംതന്നെ ആദ്യം സന്ദർശിച്ചു. പ്രായത്തിൽ യുവാവ്, ഭരണപാടവത്തിൽ വൃദ്ധൻ, നീതിനിഷ്ഠയിൽ അദ്വിതീയൻ...”

തുടർന്നുള്ള ലക്കങ്ങളിലാണ് ‘ഞാൻ-ബദറുൽ മുനീർ’ എന്ന തലക്കെട്ടിൽ ലീഗ്-മജ്‍ലിസ് സംയോജന വാർത്തകൾ വന്നത്. ഏക സംഘടന യോഗകാര്യങ്ങളിൽ പങ്കെടുക്കാൻ കൊല്ലത്ത് എത്തിച്ചേർന്ന ഹലീമാ ബീവി നേരിട്ട് കണ്ട കാര്യങ്ങളാണ് ഇത്തരത്തിൽ വിവരിക്കുന്നതെന്ന് സംശയലേശമന്യേ പറയാൻ സാധിക്കും: “ഞാൻ റോഡിൽ അങ്ങനെ നിന്നു, അമ്മജാ! മുസ്​ലിം ക്ലബ്ബുണ്ട്, അവിടെ വിശ്രമിക്കാം. അങ്ങോട്ട് പോകാമല്ലോ എന്നെന്നെ ക്ഷണിച്ചു. സംബോധനകൊണ്ട് തന്നെ എന്റെ ഒരു ‘ആലായി’ മകനാണെന്ന് മനസ്സിലായി. ഞങ്ങൾ ക്ലബ്ബ് ലക്ഷ്യമാക്കി നടക്കുന്നു.

കെട്ടിടം മനോഹരം തന്നെ; മുസ്​ലിം സംസ്കാര സൗധമായിരിക്കാൻ വേണ്ട യോഗ്യതകളുണ്ടെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാക്കാം... ഏക സംഘടന ശബ്ദമാണെന്നെ ഇങ്ങോട്ട് ആകർഷിച്ചത്. നിങ്ങൾ നോക്കുക, ഈഴവ സംഘടന വിജയിക്കുന്നു; എന്തുകൊണ്ടെന്നാൽ അത് ഈഴവരുടെ ഒറ്റസംഘടനയാണ്. അതുപോലെ നായന്മാർക്കും ക്രിസ്ത്യാനികൾക്കും സംഘടനകൾ അവരുടെതായതിനാൽ വിജയലക്ഷ്യത്തിലെത്തുന്നു. മുസ്​ലിം സംഘടന പരാജയപ്പെടുന്നത് എന്തുകൊണ്ട്? അത് യഥാർഥ മുസ്​ലിമീന്റെതല്ലാത്തതിനാലാണ്.”60

അടുത്ത ലക്കത്തിൽ ലയന സമ്മേളന വേദിയിൽനിന്നുള്ള കാര്യങ്ങളാണ് വന്നത്: “ഞാൻ ക്ലബ്ബിന്‍റെ മുകൾത്തട്ടിൽ നിൽക്കുകയാണ്. എന്തൊക്കെയോ ചിന്തിച്ചു ഞാൻ എന്നെതന്നെ വിസ്മരിച്ചുവെന്നു പറയാം. പരിഷ്കൃതോപകരണങ്ങൾ സുലഭമായ ക്ലബ്ബിലെ ഒരു പുത്തൻ കസേരയിൽ അൽപമൊന്നിരുന്നു. തുടർന്ന് കയ്യിലിരുന്ന ‘പൗരധ്വനി’ എന്ന പത്രത്തിന്റെ മുൻപേജിൽ വന്ന ആസാദിന്റെയും ജിന്നയുടെയും ചിത്രത്തെ നോക്കി ഹിന്ദുസ്ഥാനിലെ രണ്ടു സംഘടനയുടെ പ്രസിഡന്റുമാർ ഇവരുടെ സംഘടനകൾക്ക് ലീഗ്- മജ്‍ലിസ് സമ്മേളനം പോൽ ഒന്നിക്കുന്നതെങ്ങനെ എന്നതിനെക്കുറിച്ച് ചിന്തിച്ചു.”61

തുടർന്നുവന്ന ലക്കത്തിലെ വിവരണം തുടങ്ങുന്നത് തന്നെ ലയനസമ്മേളനത്തിന്റെ വിവരങ്ങൾ ചേർത്തുകൊണ്ടായിരുന്നു: “ഞാൻ മുസ്​ലിം ക്ലബ്ബിൽനിന്നും എം.എൽ.സി ഷാഹുൽ ഹമീദിന്റെ വീട്ടിലെത്തി. ലീഗ്-മജ്‍ലിസ് സംയോജന കൺവീനർ ആണല്ലോ അദ്ദേഹം. വിവരങ്ങൾ നേരിട്ട് അറിഞ്ഞുകളയാം... ഏക സംഘടനയുടെ സാധ്യത മിക്കവാറും തീർച്ചപ്പെട്ടുകഴിഞ്ഞു എന്നും അതിന്‍റെ യോഗവും കൊല്ലത്ത് നാളെ (1945 ജൂലൈ 1) മജ്‍ലിസ് ഹാളിൽ വച്ച് കൂടുന്നു എന്നും അറിയിച്ചു...” മജ്‍ലിസ്-ലീഗ് സംയോജന സമ്മേളനത്തിന്റെ വിവരണങ്ങൾ ആ ലക്കത്തിൽ തുടർന്ന് പങ്കുവെക്കുന്നുണ്ട്: “കൊല്ലം മജ്‍ലിസ് ഹാൾ –തിരുവിതാംകൂറിന്റെ നാനാഭാഗങ്ങളിൽനിന്നുള്ള പ്രധാനപ്പെട്ട വ്യക്തികൾ അവിടെ സന്നിഹിതരായിട്ടുണ്ട്... വിനയാന്വിതനായ ഒരു തൊപ്പിക്കാരൻ എന്നെ സമീപിച്ചു ഉപചരിച്ചിരുത്തി. അദ്ദേഹം ഖിലാഫത്ത്, അൽമനാർ എന്നീ പത്രങ്ങളുടെ പത്രാധിപനായിരുന്നു എന്നും മനസ്സിലാക്കി. ഒരു തികഞ്ഞ സമുദായ സ്നേഹിയും മതപണ്ഡിതനുമായ എ. മുഹമ്മദ് കുഞ്ഞ്... യോഗത്തിന് സുലൈമാൻ സേട്ട് എം.എൽ.എയായിരുന്നു അധ്യക്ഷത വഹിച്ചത്... യോഗത്തിൽ പല നിശ്ചയങ്ങളും പാസായി. ഏകസംഘടനയുടെ നിയമാവലി എഴുതാൻ ഒരു കമ്മിറ്റിയെ തിരഞ്ഞെടുത്തു.”

അന്നത്തെ ആ പ്രതിനിധി സമ്മേളനത്തിൽ മുൻ നിശ്ചയിച്ച കമ്മിറ്റി അംഗങ്ങളിൽനിന്ന് 20 പേർ പങ്കെടുത്തു. യോഗത്തിന്‍റെ തീരുമാന പ്രകാരം, പുതുതായി 16 പേരെ കൂടി കമ്മിറ്റിയിലേക്ക് കോ-ഓപ്റ്റ് ചെയ്യാൻ തീരുമാനിച്ചു.ജോയിന്റ് സ്റ്റോക്ക് കമ്പനി നിയമത്തിന്റെ പരിധിയിൽ വരത്തക്കവിധത്തിൽ മഹല്ലുകളെ ഘടകമാക്കി സംയോജിപ്പിക്കാനുള്ള സാധ്യതകളോടുകൂടിയ ഒരു ഏക സംഘടനയുടെ കരടുനിയമം എഴുതി അടുത്ത കമ്മിറ്റിയിൽ അവതരിപ്പിക്കാൻ അഞ്ചംഗ സബ് കമ്മിറ്റിയെ അധികാരപ്പെടുത്തി.

കോ-ഓപ്റ്റ് ചെയ്യപ്പെട്ടവരിൽ ഒരാൾ ഹലീമാ ബീവിയായിരുന്നു. ലീഗ്-മജ്‌ലിസ് ലയന കമ്മിറ്റിയിലെ വനിത മുഖമായിരുന്നു അവർ. ലയനത്തെ കുറിക്കുന്ന തീരുമാനങ്ങൾ തയാറാക്കിയത് ഷാഹുൽ ഹമീദിന്‍റെ കാര്യദർശിത്വത്തിൽ ഹലീമാ ബീവികൂടി ഉൾപ്പെടുന്ന സമിതിയാണ്. തുടർന്ന്, 1945 ഡിസംബർ 31ന് (1121 ധനു 16) വർക്കലയിൽ കൂടിയ പൊതുസമ്മേളനത്തിൽവെച്ച് ‘തിരുവിതാംകൂർ സ്റ്റേറ്റ് മുസ്​ലിം ലീഗ്’ എന്ന പേരിൽ തിരുവിതാംകൂർ മുസ്​ലിംകൾക്ക് ഏറക്കുറെ പ്രാധാന്യമുള്ള രാഷ്ട്രീയ സംഘടന നിലവിൽ വന്നു. ജനറൽ സെക്രട്ടറിയായി പി.കെ. കുഞ്ഞിനെയും പ്രസിഡന്റായി പി.എസ്. മുഹമ്മദിനെയും നിശ്ചയിച്ചു.

1945ൽ മുസ്​ലിം മജ്‌ലിസിനെകൂടി തങ്ങളോടൊപ്പം ചേർത്തുകൊണ്ട് ശക്തി വർധിപ്പിച്ച തിരുവിതാംകൂർ സ്റ്റേറ്റ് മുസ്​ലിം ലീഗ് ഒരു വർഷംകൊണ്ട് ഇരുപതിനായിരത്തോളം അംഗങ്ങളെ ഉൾക്കൊള്ളുന്ന സംഘടനയായി വളർന്നു. അതേവർഷം തന്നെ അവർക്ക് 287 മഹല്ലുകളിലായി 47 യൂനിയനുകൾ ഉണ്ടാക്കാൻ സാധിച്ചു. തുടർന്നുള്ള വർഷം അത് 36,000 അംഗങ്ങളും 469 മഹല്ലുകളും ആയി വർധിച്ചു. ഇക്കാലത്ത് നിരവധി സ്ത്രീകളും ലീഗിൽ അംഗത്വമെടുത്തു.

 

തിരുവല്ല താലൂക്ക് സ്റ്റേറ്റ് മുസ്​ലിം ലീഗ് കമ്മിറ്റി സെക്രട്ടറി

സ്ത്രീകളെ രാഷ്ട്രീയരംഗത്തേക്ക് എത്തിക്കുന്നതിന് ഹലീമാ ബീവി നടത്തിയ പ്രയത്നം എടുത്തുപറയേണ്ടതാണ്. പ്രത്യേകിച്ചും തിരുവിതാംകൂർ സ്റ്റേറ്റ് മുസ്​ലിം ലീഗിന്റെ തിരുവല്ല താലൂക്ക് യൂനിയന്‍റെ കാര്യദർശിയെന്നനിലയിൽ പ്രവർത്തിക്കാൻ അവർക്ക് അവസരം ലഭിച്ച ഒരുകാലഘട്ടം കൂടിയായിരുന്നു അത്. തിരുവല്ല താലൂക്ക് സ്റ്റേറ്റിലെ സെക്രട്ടറിയായി ഹലീമാ ബീവി വരാനിടയായ സാഹചര്യം അത്രകണ്ട് ചെറുതല്ല. 1940ൽ സ്ത്രീകൾ പ്രത്യേകിച്ച് മുസ്​ലിം സ്ത്രീകൾ പൊതു പ്രവർത്തനരംഗത്ത് കാര്യമായി ഇടപെട്ടുവന്നിരുന്നില്ല. അതിനു പറ്റിയ സാഹചര്യമായിരുന്നില്ല അന്ന്. തിരുവല്ല താലൂക്കിൽ അക്കാലത്ത് സ്റ്റേറ്റ് മുസ്​ലിം ലീഗിൽ നിരവധി സ്ത്രീകൾ അംഗങ്ങളായി പ്രവർത്തിച്ചിരുന്നു.

സ്ത്രീകളുടെ അംഗസംഖ്യ കൂടുതലായതിനാൽ സെക്രട്ടറി സ്ഥാനത്തേക്ക് വനിതാ പ്രാതിനിധ്യം വേണമെന്ന് അവർ ആവശ്യപ്പെട്ടു. അതിനായി അവർ ഉയർത്തിക്കാണിച്ച സ്ഥാനാർഥി ഹലീമാ ബീവിയായിരുന്നു. അതുകൊണ്ടാണ് ഭൂരിപക്ഷത്തോടുകൂടി അവർക്ക് സെക്രട്ടറിയാകാൻ സാധിച്ചത്. ശക്തമായ ചെറുത്തുനിൽപിന്റെയും ഉറച്ച ഇച്ഛാശക്തിയുടെയും പരിണിതഫലമായിരുന്നു ഹലീമാ ബീവിയുടെ സ്ഥാനലബ്ധി. സെക്രട്ടറി എന്നനിലയിൽ ഇടപെടാൻ കഴിയുന്ന മേഖലകളിലൊക്കെ അവർ തന്റെ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു. ‘ഭാരതചന്ദ്രിക’യുടെയും ‘വനിത’യുടെയും പത്രാധിപ എന്ന പദവി അതിനവരെ കൂടുതൽ പ്രാപ്തയാക്കി.

താലൂക്ക് യൂനിയൻ സെക്രട്ടറി എന്നനിലയിൽ പൊതുപ്രവർത്തനം നിർവഹിച്ചു വരുന്ന വേളയിൽ നടത്തിയ ഒരു ഇടപെടൽ അവർ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. അഖിലേന്ത്യ മുസ്​ലിം ലീഗിന്റെ നേതാവായിരുന്ന മുഹമ്മദലി ജിന്ന ഇലക്ഷൻ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് സമുദായംഗങ്ങളിൽനിന്നും സഹായം ആവശ്യപ്പെട്ടു. അതൊരു പത്രപ്രസ്താവനയായി വരികയും തിരുവിതാംകൂർ സ്റ്റേറ്റ് മുസ്​ലിം ലീഗ് അതേറ്റെടുക്കുകയും ചെയ്തു. ഇതിനായി ഹലീമാ ബീവിയുടെ നേതൃത്വത്തിൽ തിരുവല്ല താലൂക്കിൽ ഉൾപ്പെട്ടുവരുന്ന രണ്ടു മഹല്ലുകളിൽനിന്നുള്ള സ്ത്രീകൾ പണപ്പിരിവ് നടത്തി 501 രൂപ അയച്ചുകൊടുത്തു. പുരുഷന്മാർക്ക് അതിന്‍റെ പകുതിപോലും എത്തിച്ചുനൽകാൻ സാധിച്ചില്ലായെന്നതും അവർ എടുത്തു പറയുന്നുണ്ട്. മാത്രമല്ല, ലീഗ് ഫണ്ടിലേക്ക് തിരുവിതാംകൂറിൽ നിന്നുള്ള ആദ്യ സംഭാവന തിരുവല്ല താലൂക്കിലെ സ്ത്രീകളുടെ വകയായിരുന്നുവെന്ന് സർക്കാറിന്‍റെ രഹസ്യാന്വേഷണ റിപ്പോർട്ട് വന്നതായും സൂചിപ്പിക്കുന്നുണ്ട്.62

ഇത്തരത്തിൽ നേതൃത്വപരമായ ഇടപെടൽ നടത്തി രാഷ്ട്രീയ രംഗത്ത് സജീവമായി നിലനിൽക്കുന്നതിന് അക്കാലത്തവർക്ക് സാധിച്ചു. പൊതുപ്രവർത്തനത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ അവർ ചെന്നെത്തുകയും രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ ഇടപെടുകയും ചെയ്തിരുന്നു. ഒരിക്കൽ തിരുവല്ലക്കടുത്ത് പുന്നശ്ശേരിയിൽ വെച്ച് നടന്ന തിരുവിതാംകൂർ സ്റ്റേറ്റ് മുസ്​ലിം ലീഗിന്റെ യോഗത്തിൽ സമ്മേളിക്കാനെത്തിയപ്പോൾ നൂറുകണക്കിന് വിദ്യാർഥികൾ പഠിച്ചുവരുന്ന ഓത്തുപള്ളിയുടെ ശോച്യാവസ്ഥ അവിടെ കൂടിയ ചിലർ ചൂണ്ടിക്കാണിച്ചു. തുടർന്ന് ഹലീമാ ബീവി നടത്തിയ അധ്യക്ഷ പ്രസംഗത്തിൽ ആത്മീയ-ഭൗതിക വിദ്യാഭ്യാസത്തിന്‍റെ ആവശ്യകത ഊന്നിപ്പറയുകയുണ്ടായി. കൂട്ടത്തിൽ തകർന്നുകിടക്കുന്ന ഓത്തുപ്പള്ളിയുടെ നവീകരണത്തിന്‍റെ ആവശ്യകത നാട്ടുകാരെ ബോധ്യപ്പെടുത്തുകയും ചെയ്തു. അപ്പോൾ അവിടെ സന്നിഹിതരായിരുന്ന സ്ത്രീജനങ്ങൾ ഉൾപ്പെടെയുള്ളവർ അതിന്റെ നവീകരണത്തിനായി സ്വർണവും പണവും മറ്റും വാഗ്ദാനം ചെയ്തത് തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു അനുഭവമായി അവർ രേഖപ്പെടുത്തിയിട്ടുണ്ട്.

തിരുവിതാംകൂർ സ്റ്റേറ്റ് മുസ്​ലിം ലീഗിന്റെ ഇടപെടലുകൾ

തിരുവിതാംകൂർ രാഷ്ട്രീയത്തിൽ മുസ്​ലിം ലീഗിന്റെ ഇടപെടൽ വളരെയൊന്നും അന്വേഷണ വിധേയമാക്കിയിട്ടില്ല. ഹലീമാ ബീവിയുടെ പൊതുജീവിതത്തിന്‍റെ ഭാഗമായി നിലനിന്ന തിരുവിതാംകൂർ മുസ്​ലിം ലീഗിന്‍റെ രൂപവത്കരണവും ദൗത്യങ്ങളും ചെറിയൊരു ചരിത്രാന്വേഷണത്തിന് വിധേയമാക്കുകയാണ് ഇവിടെ. സ്വത്വവാദത്തിൽ ഊന്നിനിന്നുകൊണ്ടുള്ള പ്രവർത്തനങ്ങൾ കാഴ്ചവെച്ചു വന്ന മുസ്​ലിം ലീഗിന് സമുദായത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ ഫലപ്രദമായി പരിഹരിക്കാൻ സാധിച്ചിരുന്നു. പ്രധാനമായും ലീഗിനെ പിടിച്ചുലച്ചത് സമുദായംഗങ്ങളിൽ ഉടലെടുത്ത കുടുംബ-കക്ഷി വഴക്കുകളായിരുന്നു.

തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ കുടുംബക്കാർക്കിടയിൽ നിലനിന്നിരുന്ന കക്ഷിവഴക്കുകൾ അവസാനിപ്പിക്കുന്നതിന് അവർ ഇടപെട്ടിരുന്നു. അതിനായി സ്റ്റേറ്റ് മുസ്​ലിം ലീഗിന്‍റെ ജനറൽ സെക്രട്ടറിയും പ്രസിഡന്‍റും ഉൾപ്പെടെ അഞ്ചുപേരടങ്ങുന്ന ഒരു സബ് കമ്മിറ്റിയെ നിയമിക്കുകയുണ്ടായി. ഈ കമ്മിറ്റിയുടെ ശ്രമഫലമായി കാഞ്ഞിരപ്പള്ളി, ചേർത്തല, കുറ്റിത്തെരുവ്, കൊട്ടുകാട്, കുത്തിയതോട് തുടങ്ങിയ സ്ഥലങ്ങളിൽ നടന്നുവന്നിരുന്ന കക്ഷിവഴക്കുകൾ അവസാനിപ്പിച്ചതായും സൂചനയുണ്ട്.63

മഹല്ലുകൾ മുഖ്യയൂനിറ്റായി കണ്ടുകൊണ്ട് പ്രവർത്തനം നടത്തിവന്നിരുന്നതിനാൽ മുസ്​ലിം വിശ്വാസപ്രമാണങ്ങളുമായി ബന്ധപ്പെട്ടും ആത്മീയമായകാര്യങ്ങളിലും ലീഗിന് ഇടപെടേണ്ടിവന്നു. രാഷ്ട്രീയമണ്ഡലങ്ങളിൽ കൂടുതൽ ശോഭിക്കുക എന്ന ലക്ഷ്യത്തോടുകൂടി ആത്മീയ ഔന്നത്യത്തോടെ പ്രവർത്തിക്കാൻ സർവ മുസ്​ലിംകളെയും കൂട്ടുചേർക്കാനായി ഒരു ‘ഉലമ’ സംഘത്തെ രൂപവത്കരിക്കണമെന്ന തീരുമാനം ലീഗിന്‍റെ വാർഷികസമ്മേളനത്തിൽ ഉണ്ടായി. അതിനായി സബ്കമ്മിറ്റി രൂപവത്കരിക്കപ്പെട്ടുവെങ്കിലും കാര്യം നടക്കാതെ പോയി.

ഇക്കാലത്ത് വിദ്യാഭ്യാസ ഉദ്യോഗമണ്ഡലങ്ങളിൽനിന്നും മുസ്​ലിം വിദ്യാർഥികൾ മാറ്റിനിർത്തപ്പെടുന്നുവെന്ന നിലയിൽ ആക്ഷേപങ്ങൾ ഉയർന്നുവന്നപ്പോൾ ലീഗിന്‍റെ ഇടപെടൽ ഉണ്ടായി. മുസ്​ലിം വിദ്യാർഥികളുടെ കോളജ് പ്രവേശനം, ഫീസിളവ്, സ്കോളർഷിപ്, പൊതു ഉദ്യോഗനിയമനം എന്നിത്യാദി കാര്യങ്ങൾക്കായി അവർ പ്രത്യേകശ്രദ്ധ നൽകുകയുണ്ടായി. അതിനായി മുസ്​ലിം വിദ്യാർഥി ഫെഡറേഷൻ രൂപവത്കരിച്ചു പ്രവർത്തിക്കുന്നതിനും തീരുമാനിച്ചു. കെ.പി. അലിക്കുഞ്ഞ് എന്ന ഒരു യുവനേതാവ് വിദ്യാർഥി യൂനിയൻ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് ഉയർന്നുവന്നു. അദ്ദേഹത്തിന്‍റെ ശ്രമഫലമായി വിദ്യാഭ്യാസമേഖലയിലെ വിവിധ ആവശ്യങ്ങൾക്കായി സർക്കാർ ഇടപെടൽ നടന്നു.

അതോടൊപ്പം തന്നെ സാമുദായിക മൈത്രി സ്ഥാപിക്കാനായി അഖിലേന്ത്യ മുസ്​ലിം ലീഗിന്റെ മാതൃകയിൽ ‘മുസ്​ലിം നാഷനൽ ഗാർഡ്’ എന്ന പേരിൽ ഒരു വളന്‍റിയർ കോറിനെ സ്ഥാപിക്കുകയുണ്ടായി. സാമുദായിക ഐക്യത്തിന് വിഘാതം വരുത്തുന്ന ഒന്നും തന്നെ ലീഗിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലായെന്ന കരുതലും അതിനു മേൽനോട്ടം നൽകാനുമായിരുന്നു നാഷനൽ ഗാർഡ് പരിശ്രമിച്ചത്. വളന്‍റിയർ കോറിന്റെ ജനറൽ ക്യാപ്റ്റൻ ടി.എം. മുഹമ്മദ് എന്ന വ്യക്തിയായിരുന്നു.

1121ലെ തിരുവിതാംകൂർ ഭരണപരിഷ്കാരത്തെ ലീഗ് ശക്തമായി എതിർത്തു. 1121 മകരം 14ന് ആലപ്പുഴയിൽ പി.കെ. കുഞ്ഞിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ‘അമേരിക്കൻ മോഡൽ’ എന്ന ഭരണ പരിഷ്കാരത്തെ തള്ളിക്കളയുകയും ഉത്തരവാദിത്ത ഭരണത്തിനുവേണ്ടിയുള്ള താൽപര്യം ഉയർത്തിപ്പിടിക്കുകയും ചെയ്തു. ഈ കാലഘട്ടത്തിൽ ലീഗ് ആശയങ്ങൾ ഉയർത്തിപ്പിടിക്കാനും പ്രചരിപ്പിക്കാനും വേണ്ടിയായിരുന്നു ‘ഭാരതചന്ദ്രിക’ ഇടപെട്ടത്. ആയതിനാൽ ലീഗിന്‍റെ ഒരു മുഖപത്രമായി അത് മാറി. അഖിലേന്ത്യ മുസ്​ലിം ലീഗിന്റെ താൽപര്യങ്ങൾക്ക് അനുസരിച്ച് ഇടപെടലുകൾ നടത്താൻ ഈ കാലഘട്ടത്തിൽ (1945- 47) തിരുവിതാംകൂർ മുസ്​ലിം ലീഗും അതിനെ അനുകൂലിക്കുന്ന വാർത്തകൾ നൽകി ‘ഭാരതചന്ദ്രിക’യും നിലനിന്നു.

 

ഉദാഹരണമായി, 1122 മിഥുനം 29-30 തീയതികളിൽ ആലപ്പുഴയിൽ ചേർന്ന തിരുവിതാംകൂർ സ്റ്റേറ്റ് മുസ്​ലിം ലീഗിന്റെ വാർഷിക യോഗത്തിൽ സ്വതന്ത്ര തിരുവിതാംകൂർ എന്ന സർ സി.പി. രാമസ്വാമി അയ്യരുടെ ആശയത്തിന് അനുകൂലമായി ചില നേതാക്കൾ സംസാരിച്ചു. എന്നാൽ ആ ആശയത്തെ എതിർക്കാനും ലീഗിൽ തന്നെ നേതാക്കൾ ഉണ്ടായിരുന്നു. സ്വതന്ത്ര തിരുവിതാംകൂർ വാദത്തെയും ഇന്ത്യൻ ഡൊമീനിയന് എതിരായി നിൽക്കുകയെന്ന വാദത്തെയും അപ്രായോഗിക കാര്യങ്ങൾ എന്നനിലയിൽ എതിർത്തു പരാജയപ്പെടുത്താൻ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞ് തന്നെ തയാറായിട്ടുണ്ട്. സ്വതന്ത്ര തിരുവിതാംകൂർ എന്ന ആശയത്തെ അനുകൂലിച്ച് റേഡിയോ പ്രസംഗങ്ങൾ നടത്തണമെന്ന സർക്കാറിന്റെ ആവശ്യത്തെ അദ്ദേഹം തള്ളിക്കളഞ്ഞതും ശ്രദ്ധേയമായി.64

ഇക്കാലത്ത് സി.പിയുടെ പല നിലപാടുകളെയും ചോദ്യം ചെയ്തുകൊണ്ട് ‘ഭാരതചന്ദ്രിക’ കുറിപ്പുകൾ പ്രസിദ്ധീകരിച്ചു. തുടർന്ന്, ഹലീമാ ബീവിയെ ഇത്തരം കാര്യങ്ങളിൽനിന്ന് പിന്തിരിപ്പിക്കാനായി സർ സി.പിയുടെ ആളുകൾ ശ്രമം നടത്തി. ‘ഭാരതചന്ദ്രിക’യുടെ പ്രവർത്തനം അവസാനിപ്പിച്ച് വന്നാൽ സർക്കാർ ജോലി വരെ നൽകാമെന്ന് അവർക്ക് വാഗ്ദാനം ലഭിച്ചു. എന്നാൽ, തന്റെ പ്രവർത്തനങ്ങളിൽനിന്ന് ഒട്ടുംതന്നെ പിന്നോട്ട് പോകാൻ അവർ തയാറായില്ല. ഉത്തരവാദിത്ത ഭരണത്തിന്റെ വക്താവായി ഹലീമാ ബീവി നിലകൊണ്ടു. അവർക്കെതിരെ സർ സി.പിയുടെ കിങ്കരന്മാർ സർക്കാറിലേക്ക് പരാതി നൽകുകയും ഭർത്താവായ മുഹമ്മദ് മൗലവിയുടെ ടീച്ചിങ് ലൈസൻസ് റദ്ദ് ചെയ്യിക്കുകയും ഉണ്ടായി.65

എന്നാൽ, സ്വത്വരാഷ്ട്രീയവുമായി നിലനിന്നതിനാൽ തീരുമാനങ്ങൾ പലതും മുസ്​ലിം ലീഗിന് ഗുണകരമായിതന്നെ മാറി. തിരുവിതാംകൂർ രാജാവ് പുറപ്പെടുവിച്ച വിളംബര പ്രകാരം, തിരുവിതാംകൂർ ജനപ്രതിനിധി സഭയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കാനായി വ്യവസ്ഥകൾ ഉണ്ടാക്കാനും നിയോജക മണ്ഡലം പുനർനിർണയം ഉൾപ്പെടെയുള്ളവ തയാറാക്കാനും രാഷ്ട്രീയ പാർട്ടികളിൽനിന്നും പ്രാതിനിധ്യം ആവശ്യപ്പെട്ടു. ഈ അവസരത്തിൽ, 1947 സെപ്റ്റംബറിൽ മുസ്​ലിം ലീഗ് തങ്ങളുടെ പ്രതിനിധിയായി, ടി.എ. അബ്ദുള്ളയെയാണ് അയച്ചത്.

1123 വൃശ്ചികം എട്ടിന് കൊല്ലത്ത് ചേർന്ന ലീഗിന്‍റെ ഡെലിഗേറ്റ് കോൺഫറൻസിൽ പുതിയ റിഫോംസിനെതിരെ പ്രമേയം വരുകയും പൊതുമണ്ഡലത്തിലെ സംവരണം തുടങ്ങിയ കാര്യങ്ങൾ ന്യൂനപക്ഷ വിരുദ്ധമായി കണക്കാക്കുകയും ചെയ്തു. തുടർന്ന്, സംവരണകാര്യങ്ങൾ തുടങ്ങിയവ തീരുമാനിക്കാൻ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസുമായി ചർച്ചചെയ്തു ധാരണയിൽ എത്താൻ ലീഗ് നേതാക്കൾ തയാറായി. സ്റ്റേറ്റ് കോൺഗ്രസും ലീഗും തമ്മിലുണ്ടാക്കിയ തീർപ്പ് എന്നനിലയിൽ മുസ്​ലിം ലീഗിന് അനുവദിച്ച 9 സീറ്റിൽ നിന്ന് ഒരെണ്ണം കോൺഗ്രസിന് വിട്ടുനൽകി. എന്നാൽ, ആ സീറ്റിൽ തങ്ങൾക്കുകൂടി താൽപര്യമുള്ള പൊതുസ്വതന്ത്രനെ നിർത്തണമെന്നതായിരുന്നു വ്യവസ്ഥ.

തുടർന്ന് 1948ൽ തിരുവിതാംകൂർ ജനപ്രതിനിധി സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പി.എസ്. മുഹമ്മദ് (മൂവാറ്റുപുഴ), പി.കെ. കുഞ്ഞ് (കരുനാഗപ്പള്ളി), കെ.എ. മുഹമ്മദ് (കൊല്ലം), എ. അബ്ദുള്ള (ആലപ്പുഴ), എ.എം. മരയ്ക്കാർ (കുന്നത്തുനാട്), എ.എം. മുസ്തഫ (പത്തനാപുരം), വി.എ. അബ്ദുൽ അസീസ് (തിരുവനന്തപുരം), എ.എ. റസാഖ് (നെടുമങ്ങാട്) തുടങ്ങിയവർ ലീഗിന്‍റെ സീറ്റിൽ മത്സരിച്ചു. അഞ്ചുപേർ വിജയിച്ചു. തുടർന്നാണ് പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള ആദ്യജനകീയ മന്ത്രിസഭ നിലയിൽ വന്നത്. രാജ്യക്ഷേമകാര്യങ്ങളിൽ സ്റ്റേറ്റ് കോൺഗ്രസുമായി സഹകരിച്ചും സമുദായപ്രശ്നങ്ങളിൽ സ്വതന്ത്രമായും തിരുവിതാംകൂർ ജനപ്രതിനിസഭയിൽ ഇടപെടാൻ ലീഗ് തീരുമാനിച്ചു. ഒപ്പംതന്നെ സഖ്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് മുസ്​ലിം ലീഗിന് അർഹമായ പ്രാതിനിധ്യം നൽകാൻ സ്റ്റേറ്റ് കോൺഗ്രസും തയാറായി. അത്തരം നീക്കങ്ങളുടെ ഭാഗമായാണ് അസംബ്ലിയുടെ രണ്ട് സെക്ഷനിലും പാനൽ ഓഫ് ചെയർമാൻമാരായി പി.കെ. കുഞ്ഞിനെയും ടി.എ. അബ്ദുള്ളയെയും തെരഞ്ഞെടുത്തത്. ഇന്ത്യൻ ഭരണഘടന നിർമാണസഭയിലേക്ക് തിരുവിതാംകൂറിൽനിന്ന് ആകെ അയക്കേണ്ട 6 അംഗങ്ങളിൽ ഒരു സീറ്റ് ലീഗിന് നൽകാമെന്ന് സ്റ്റേറ്റ് കോൺഗ്രസ് ഉറപ്പുനൽകി. കോൺഗ്രസിന്റെ ഭരണത്തിൻ കീഴിലുള്ള വിദ്യാഭ്യാസ കമ്മിറ്റിയുടെ അധ്യക്ഷ പദവി ലീഗ് പ്രതിനിധിക്കായിരുന്നു.

ഇക്കാലത്ത് ലീഗിൽ ചില അന്തശ്ഛിദ്രങ്ങളും തലപൊക്കിയിരുന്നു. കൊ. വ. 1125ൽ സ്റ്റേറ്റ് മുസ്​ലിം ലീഗിന്‍റെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരമുണ്ടായി. പ്രസിഡന്‍റ് സ്ഥാനത്തേക്ക് പി.കെ. കുഞ്ഞും വി.എ. അബ്ദുൽ അസീസും മത്സരിച്ചു. വിവിധതരത്തിൽ വോട്ടിങ്ങിൽ ഇടപെട്ടുകൊണ്ട് രണ്ടു പേർക്കും വേണ്ടി ചേരിതിരിഞ്ഞ് അംഗങ്ങൾ ഇടപെട്ടു. എങ്കിലും ആത്യന്തിക വിജയം പി.കെ. കുഞ്ഞിനൊപ്പം ആയിരുന്നു. എന്നാൽ, ലീഗിന്‍റെ പ്രവർത്തനങ്ങളിൽനിന്നും അണികൾ അകന്നുപോകുന്നതിന് കാരണമായി. പുതിയ ജനറൽ സെക്രട്ടറിയായത് കെ.പി. അലിക്കുഞ്ഞായിരുന്നു.

 

സ്റ്റേറ്റ് മുസ്​ലിം ലീഗ് രാഷ്ട്രീയം ഉപേക്ഷിക്കുന്നു

1124 വൃശ്ചികം 6, 7 തീയതികളിൽ തിരുവനന്തപുരത്ത് നടന്ന ലീഗിന്‍റെ വാർഷിക സമ്മേളനത്തിൽ ​െവച്ച് മുസ്​ലിം ലീഗ് രാഷ്ട്രീയം ഉപേക്ഷിക്കണമെന്ന് പ്രമേയം അവതരിപ്പിക്കപ്പെട്ടു. തിരുവിതാംകൂർ രാഷ്ട്രീയത്തിലെ അതികായനായിരുന്ന പി.എസ്. മുഹമ്മദാണ് പ്രമേയം അവതരിപ്പിച്ച് പാസാക്കിയത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ലീഗ് രാഷ്ട്രീയം അവസാനിപ്പിച്ച് പലരും കോൺഗ്രസിൽ ചേർന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്തരമൊരു ശ്രമം നടന്നത്. പുതുതായി രൂപവത്കൃതമായ ഇന്ത്യൻ യൂനിയൻ മുസ്​ലിം ലീഗിന്റെ നേതാവായ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ് തിരുവിതാംകൂർ സന്ദർശിച്ച് വിവിധ സ്ഥലങ്ങളിൽ നടന്ന പ്രസംഗങ്ങളിൽ സ്റ്റേറ്റ് മുസ്​ലിം ലീഗ് രാഷ്ട്രീയം ഉപേക്ഷിക്കരുതെന്ന് ആവശ്യപ്പെട്ടതും ഇക്കാലത്ത്.

ലീഗിൽ പല അന്തർനാടകങ്ങളും അരങ്ങേറിക്കൊണ്ടിരുന്ന വേളയിൽ കരുനാഗപ്പള്ളി ഇംഗ്ലീഷ് സ്കൂളിൽ ചേർന്ന ലീഗിന്‍റെ സെൻട്രൽ കൗൺസിൽ യോഗം രാഷ്ട്രീയ പ്രമേയം പുനഃപരിശോധനക്ക് വിധേയമാക്കി തീരുമാനം കൈക്കൊണ്ടു. തിരുവിതാംകൂർ സ്റ്റേറ്റ് മുസ്​ലിം ലീഗിന്‍റെ സീനിയർ നേതാവായ പി.എസ്. മുഹമ്മദിന്‍റെ പ്രമേയത്തെ സെൻട്രൽ കൗൺസിലിൽ വെച്ച് പ്രസിഡന്‍റായ പി.കെ. കുഞ്ഞ് നാലിലൊന്ന് പ്രതിനിധികളുടെ ഭൂരിപക്ഷത്തിൽ പിൻവലിച്ചു. അങ്ങനെ മുസ്​ലിം ലീഗിനെ രാഷ്ട്രീയമുക്തമാക്കാനുള്ള ശ്രമത്തിന് താൽക്കാലികമായി തടയിട്ടു. ഇതിനിടയിൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൽ രൂപംകൊണ്ട പ്രതിസന്ധി പട്ടം മന്ത്രിസഭയുടെ രാജിക്ക് (1948 ഒക്ടോബർ) കളമൊരുക്കി.

തുടർന്ന് പുതിയ മന്ത്രിസഭക്കുള്ള ആസൂത്രണം നടന്നു. 1124 മേടം 26ന് ഓച്ചിറയിൽ വെച്ച് കൂടിയ മുസ്​ലിം ലീഗിന്റെ ഡെലിഗേറ്റ് കോൺഗ്രസിന്‍റെ പ്രമേയം അനുസരിച്ച് തിരുവിതാംകൂറിലെ മന്ത്രിസഭയിൽ ഒരു മുസ്​ലിം അംഗത്തെ ഉൾക്കൊള്ളിക്കണമെന്ന നിലപാടിൽ മുസ്​ലിം ലീഗ് അസന്ദിഗ്ധമായി നിലകൊണ്ടു. ബജറ്റിൽ ഏഴു മന്ത്രിമാർക്ക് വരെ പ്രൊവിഷൻ പറയുന്നുവെന്നും മാത്രമല്ല, സമുദായ പ്രാതിനിധ്യം നോക്കുകയാണെങ്കിൽ അർഹത കൂടുതലാണെന്നും ലീഗ് വാദിച്ചു. തുടർന്ന്, 1948 ഒക്ടോബർ 22ന് തിരുവിതാംകൂറിൽ പറവൂർ ടി.കെ. നാരായണപ്പിള്ളയുടെ നേതൃത്വത്തിൽ മന്ത്രിസഭ രൂപംകൊണ്ടപ്പോൾ മുസ്​ലിം സമുദായ പ്രതിനിധിയായി ടി.എ. അബ്ദുല്ല മന്ത്രിയായി.

നാട്ടുരാജ്യങ്ങളെ പുനഃസംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായി ഇക്കാലത്താണ് തിരുവിതാംകൂർ സംസ്ഥാനത്തെ കൊച്ചിയുമായി കൂട്ടിച്ചേർത്ത് ‘തിരു-കൊച്ചി ഐക്യ സംസ്ഥാനം’ (1949 ജൂലൈ 1) നിലവിൽവന്നത്. തുടർന്ന് ഇരു പ്രദേശങ്ങളിലെ മുസ്​ലിം ലീഗ് കമ്മിറ്റികൾ ഒരുമിച്ച് ചേർന്ന് ‘തിരു-കൊച്ചി സ്റ്റേറ്റ് മുസ്​ലിം ലീഗ്’ രൂപം കൊള്ളുകയും അതിന്‍റെ പ്രസിഡന്റായി പി.കെ. കുഞ്ഞ് തുടരുകയും ചെയ്തു. ഇന്ത്യയിലെ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പിൽ (1951-52) മുസ്​ലിം സംവരണ മണ്ഡലം ഇല്ലാതിരുന്നതുകൊണ്ട് സഖ്യകക്ഷികളുമായി ചേർന്ന് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം നേടിയെടുക്കുക എന്നതായിരുന്നു ഇക്കാലത്തെ പ്രധാനപ്പെട്ട ഒരു പ്രതിസന്ധിയായി ലീഗിന്‍റെ മുന്നിൽ ഉയർന്നുവന്നത്.

അതിനായി ഉഭയകക്ഷി ചർച്ചകൾ നടത്താൻ വേണ്ടി ലീഗ് കൗൺസിൽ ഏഴംഗങ്ങൾ അടങ്ങിയ ഒരു കമ്മിറ്റിയെ നിയമിച്ചു. അതിന്റെ കൺവീനർ പി.കെ. കുഞ്ഞ് തന്നെയായിരുന്നു. 1951 ആഗസ്റ്റ് എട്ടിന് മട്ടാഞ്ചേരിയിൽ കൂടിയ വർക്കിങ് കമ്മിറ്റി പി.എം. മായാൻ കുട്ടി, കെ.പി. അലികുഞ്ഞ്, കെ. ഉമ്മർ ഖാൻ, ഈസാ അഹമ്മദ് സേട്ട്, എം. ഉമ്മർ കണ്ണ് തുടങ്ങിയവരെ കൗൺസിൽ അംഗങ്ങളായി തിരഞ്ഞെടുത്തു. തുടർന്ന് അവരുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ പ്രമുഖരായ മുസ്​ലിം പ്രമാണിമാരുമായും മറ്റു പാർട്ടി നേതാക്കന്മാരുമായും തെരഞ്ഞെടുപ്പ് സംബന്ധമായ ചർച്ചകൾ നടത്തി.

കോൺഗ്രസ് നേതൃത്വവുമായി നടത്തിയ മാരത്തൺ ചർച്ചകൾക്കൊടുവിൽ തിരു- കൊച്ചി മുസ്​ലിം ലീഗിന് ഏഴ് അസംബ്ലി സീറ്റുകൾ നൽകാൻ തീരുമാനമായി. 1952 ഡിസംബർ മുതൽ 1953 ജനുവരി 5 വരെ നടന്ന തെരഞ്ഞെടുപ്പിൽ കെ.എം. ഇബ്രാഹിം (കൊടുങ്ങല്ലൂർ), ടി.ഒ. ബാവ (ആലുവ), കെ.പി.എം. ഷെരീഫ് (ആലപ്പുഴ), എ.എ. റഹീം (കൊല്ലം), കെ. ഹസ്സൻ ഗനി (പത്തനാപുരം), കെ.പി. അലിക്കുഞ്ഞ് (വാമനപുരം), എം. ഉമ്മർ കണ്ണ് (കാൽക്കുളം) എന്നിവർ മുസ്‌ലിം ലീഗ് സ്ഥാനാർഥികളായി മത്സര രംഗത്തുവന്നു. നിരാശയായിരുന്നു ഫലം; ഉദ്ദേശിച്ച രീതിയിൽ വോട്ട് നേടി വിജയിക്കാൻ ലീഗിന് സാധിച്ചില്ല. തുടർന്ന് ലീഗിൽ പ്രതിസന്ധി രൂക്ഷമായി. നിരാശരായ ഭൈമീകാമുകന്മാർ പ്രസിഡന്‍റിനെതിരെ തിരിഞ്ഞു.

അദ്ദേഹത്തിന്‍റെ സ്ഥാനത്ത് പുതിയൊരാളെ കണ്ടെത്താൻ ശ്രമങ്ങൾ നടന്നു. തിരുവിതാംകൂർ ഹൈകോടതി ജഡ്ജിയായി അടുത്തൂൺ പറ്റി പൊതുരംഗത്ത് പ്രവർത്തിച്ചുവന്ന ജസ്റ്റിസ് ഹബീബ് മുഹമ്മദിനെ ലീഗിന്‍റെ അടുത്ത പ്രസിഡന്‍റായി നിയമിച്ചു. ഇതിനിടയിൽ ലീഗിൽ പിടിച്ചുനിൽക്കാൻ കഴിയാതെ 1953 നവംബറിൽ പി.കെ. കുഞ്ഞ് മുസ്‌ലിം സ്വത്വരാഷ്ട്രീയം ഉപേക്ഷിച്ചശേഷം, പട്ടം താണുപിള്ളയുടെ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലേക്ക് ചേക്കേറി. തിരുവിതാംകൂർ സ്റ്റേറ്റ് മുസ്‌ലിം ലീഗ് പ്രസിഡന്‍റായി തീർന്ന ഹബീബ് മുഹമ്മദിനും അധികകാലം പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തെ തുടർന്ന് പെരുമ്പാവൂരിലെ സമുദായപ്രമാണിയും ‘ഭാരതചന്ദ്രിക’യുടെ പ്രോത്സാഹകനും ഉടമയുമായി മാറിയ അബ്ദുൽ മജീദ് മരക്കാരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നത്. ഇക്കാലത്താണ് മുസ്‌ലിം ലീഗ് വീണ്ടും പൊതു രാഷ്ട്രീയം ഉപേക്ഷിക്കാനുള്ള നടപടിയുമായി രംഗത്തുവന്നത്.

(തുടരും)

കുറിപ്പ്

60 ഭാരതചന്ദ്രിക, വാല്യം: 2, ലക്കം: 23, തിരുവല്ല, 1120 മിഥുനം 11.

61 ഭാരതചന്ദ്രിക, വാല്യം: 2, ലക്കം: 24, 1120 മിഥുനം 18

62 അൽ മനാർ മാസിക, 1961 മാർച്ച് 5, കാണുക, ഹലീമാ ബീവിയുടെ തിരഞ്ഞെടുത്ത രചനകൾ, പു. 32

63 ജമാൽ കൊച്ചങ്ങാടി, കുഞ്ഞ് സാഹിബ് (ജീവചരിത്രം), നാഷനൽ ബുക്ക് സ്റ്റാൾ, കോട്ടയം, 1975, പു. 143

64 ജമാൽ കൊച്ചങ്ങാടി, കുഞ്ഞ് സാഹിബ്, പു. 148

65 ബഷീർ രണ്ടത്താണി, ‘ഒരു പത്രാധിപയുടെ ഓർമകൾ’, അഭിമുഖം, ചന്ദ്രിക ആഴ്ചപ്പതിപ്പ്, 1995 ജൂലൈ 8, കാണുക, അബ്ദുറഹ്മാൻ മങ്ങാട് (എഡി.), ഹലീമാ ബീവി - തെരഞ്ഞെടുത്ത രചനകൾ, യുവത ബുക്ക് ഹൗസ്, കോഴിക്കോട്, 2023, പു. 87

Tags:    
News Summary - Haleema Beevi's Political Struggle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.