അധ്യായം -14
രാഷ്ട്രീയത്തിൽ പുരുഷാധിപത്യം വാണിരുന്ന സമയത്ത് ഹലീമാ ബീവി അതിനെ മറികടന്ന് തന്റെ രാഷ്ട്രീയ നിലപാടുകൾ പറയാനും പ്രചരിപ്പിക്കാനും ധൈര്യം കാണിച്ചിരുന്നു. തെളിവുകളിലൂടെ പരിശോധിക്കുമ്പോൾ തിരുവിതാംകൂർ മുസ്‌ലിം സ്വത്വരാഷ്ട്രീയത്തിൽ തന്നാൽ കഴിയും വിധം ഇടപെടാൻ ഹലീമാ ബീവിക്ക് സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
20ാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിൽ തന്നെ തിരുവിതാംകൂർ മുസ്‌ലിംകളുടേതായ രാഷ്ട്രീയ സംഘടനകൾ രൂപംകൊള്ളുന്നുണ്ട്. വക്കം അബ്ദുൽ ഖാദർ മൗലവിയുടെ ആശീർവാദത്തോടുകൂടി ആലപ്പുഴക്കാരനായ എൻ.എ. മുഹമ്മദ് കുഞ്ഞിന്‍റെ കാര്യദർശിത്വത്തിൽ ആരംഭിച്ച ‘തിരുവിതാംകൂർ മുസ്‌ലിം മഹാ ജനസഭ’ (1920) ഇത്തരത്തിലുള്ള ആദ്യശ്രമമായി കരുതാവുന്നതാണ്. എന്നാൽ, ഇതിന് വളരെയധികം പ്രവർത്തനങ്ങൾ ഒന്നുംതന്നെ കാഴ്ചവെക്കാൻ സാധിച്ചില്ല. തുടർന്ന്, അഖില തിരുവിതാംകൂർ മുസ്‌ലിം കോൺഫറൻസ് (ആലുവ), സമസ്ത തിരുവിതാംകൂർ മുസ്‌ലിം സർവിസ് ലീഗ് (കായംകുളം), യുനൈറ്റഡ് മുസ്‌ലിം കോൺഫറൻസ് (ആലപ്പുഴ), സ്റ്റേറ്റ് മുസ്ലിം ലീഗ് (കൊല്ലം) ഉത്തര തിരുവിതാംകൂർ സ്റ്റേറ്റ് മുസ്ലിം ലീഗ് (ആലുവ), തിരുവിതാംകൂർ മുസ്‌ലിം മജ് ലിസ് (കൊല്ലം), തെക്കൻ തിരുവിതാംകൂർ മുസ്‌ലിം ലീഗ് (തിരുവിതാങ്കോട്) എന്നിങ്ങനെ നിരവധി സംഘടനകൾ നിലവിൽവരികയും അകാലത്തിൽ അസ്തമിക്കുകയും ചെയ്തിരുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ മുസ്‌ലിം സമുദായത്തിന്റെ രാഷ്ട്രീയ, സാമൂഹിക പുരോഗതി ലക്ഷ്യംവെച്ച് തന്നെയായിരുന്നു ഇവ നിലനിന്നിരുന്നത്.
പുരുഷാധിപത്യം കൊടികുത്തി വാണിരുന്ന തിരുവിതാംകൂർ രാഷ്ട്രീയത്തിൽ ഹലീമാ ബീവിക്ക് എത്രത്തോളം ഇടപെടാൻ കഴിഞ്ഞിട്ടുണ്ട് എന്നത് അന്വേഷിച്ചറിയേണ്ടതുണ്ട്. ലഭ്യമായ തെളിവുകൾ പ്രകാരം തിരുവിതാംകൂർ മുസ്‌ലിം സ്വത്വരാഷ്ട്രീയത്തിൽ തന്നാൽ കഴിയും വിധം ഇടപെടാൻ അവർക്ക് സാധിച്ചിട്ടുണ്ട്. തിരുവിതാംകൂർ മുസ്‌ലിം മജ് ലിസിലും തിരുവിതാംകൂർ സ്റ്റേറ്റ് മുസ്‌ലിം ലീഗിലും തിരു-കൊച്ചി സ്റ്റേറ്റ് മുസ്‌ലിം ലീഗിലും, കേരള രൂപവത്കരണത്തിനുശേഷം ഇന്ത്യൻ നാഷനൽ കോൺഗ്രസിലും ഹലീമാ ബീവി പ്രവർത്തിച്ചിരുന്നു.
തിരുവിതാംകൂർ മുസ്‌ലിം മജ്‌ലിസുമായി ബന്ധപ്പെട്ട് ഏതു രീതിയിലാണ് പ്രവർത്തിച്ചിരുന്നതെന്ന് വ്യക്തത കുറവാണ്. അതുമായി ബന്ധപ്പെട്ട രേഖകളൊന്നും തന്നെ ലഭ്യമല്ല. ദേശീയ താൽപര്യത്തോടെ പ്രവർത്തിച്ചിരുന്നുവെന്നതിനാലാണ് അവർ മുസ്‌ലിം മജ്‍ലിസിൽ ഇടപെട്ടിരുന്നതെന്ന് കാണാൻ കഴിയും.45
കൊല്ലം ആസ്ഥാനമായി ആരംഭിച്ച തിരുവിതാംകൂർ മുസ്‌ലിം മജ്‌ലിസിന്റെ പ്രധാന പ്രവർത്തക എന്നനിലയിൽ ദേശീയ സ്വാതന്ത്ര്യ സമരത്തിൽ കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ അവരെ പ്രേരിപ്പിച്ചു. തിരുവല്ല കേന്ദ്രമായി രൂപംകൊണ്ട മുസ്‌ലിം മജ്‌ലിസിന്റെ വനിതാ വിഭാഗം പ്രസിഡന്‍റ് എന്നനിലയിൽ അവർ പ്രവർത്തിച്ചു.46
‘ഭാരതചന്ദ്രിക’ ആഴ്ചപ്പതിപ്പ് ആരംഭിച്ചതോടുകൂടി, തിരുവിതാംകൂറിലെ ഉത്തരവാദിത്ത ഭരണവുമായി ബന്ധപ്പെട്ടും ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായും തന്റെ നിലപാടുകൾ അവർ അതിൽ പ്രസിദ്ധീകരിച്ചു വന്നിരുന്നു. അക്കാലത്തെ ചില സംഭവങ്ങൾ ഹലീമാ ബീവി വിവരിക്കുന്നുണ്ട്: “സർ സി.പിയുടെ കിരാതഭരണം നടക്കുന്ന കാലത്തൊക്കെ പരസ്യമായി പ്രവർത്തിക്കാൻ എനിക്ക് ഭയമായിരുന്നു. ഞാൻ അന്ന് ചെറുപ്പമായിരുന്നു. അന്നൊക്കെ പൊലീസുകാർ അറസ്റ്റ് ചെയ്താൽ കാട്ടിക്കൂട്ടുന്ന ക്രൂരതകൾ കേട്ടാൽ പേടിയാകും. രാഷ്ട്രീയപ്രവർത്തനം നിർത്തിയാൽ ജോലിനൽകാമെന്ന് സർ സി.പിയുടെ ആൾക്കാർ വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ ഞാൻ സ്വീകരിച്ചില്ല. അത് നമ്മുടെ സ്വാതന്ത്ര്യം ബലികൊടുക്കലാണെന്ന് തോന്നി.”47
തന്‍റെ പത്രികകളുടെ നിലനിൽപുകൂടി പരിഗണിച്ച് മാത്രമേ അവർ പ്രവർത്തിച്ചിരുന്നുള്ളൂ. അക്കാലത്ത് സമകാലിക പ്രസിദ്ധീകരണമായ കോട്ടയത്തെ ‘മലയാള മനോരമ’ക്ക് നേരിട്ട ദുർഗതി അവർ വിവരിക്കുന്നുണ്ട്. തിരുവിതാംകൂറിൽ ദിവാൻ സി.പി. രാമസ്വാമി അയ്യരുടെ ദുർഭരണത്തെയും അദ്ദേഹത്തിന്‍റെ ജനവിരുദ്ധ നയങ്ങളെയും ‘മലയാള മനോരമ’ നിരന്തരം വിമർശിക്കുകയുണ്ടായി. മാത്രമല്ല, തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആശയങ്ങളെ പിന്തുണക്കുകയും ചെയ്തു. തുടർന്ന് ‘മനോരമ’യുടെ ഈ വിമർശനാത്മകമായ നിലപാടിൽ പ്രകോപിതനായ ദിവാൻ, തിരുവിതാംകൂർ സർക്കാറിനെതിരെ രാജ്യദ്രോഹപരമായ ലേഖനങ്ങൾ എഴുതി എന്നാരോപിച്ച്, പത്രം കണ്ടുകെട്ടാനും പ്രസിദ്ധീകരണം നിർത്തിവെക്കാനും ഉത്തരവിട്ടു.
1938 സെപ്റ്റംബർ ഒമ്പതിന് ‘മനോരമ’ പത്രം കണ്ടുകെട്ടുകയും പത്രാധിപർ മാമ്മൻ മാപ്പിളയെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. 1938 സെപ്റ്റംബർ മുതൽ 1947 നവംബർ വരെ ‘മനോരമ’യുടെ പ്രസിദ്ധീകരണം തിരുവിതാംകൂറിൽ നടന്നില്ല. ഇക്കാലത്ത് തങ്ങൾക്ക് ആവശ്യമുള്ളവ അച്ചടിക്കുന്നതിന് ‘മനോരമ’ക്കാർ മറ്റു പ്രസുകളെയാണ് ആശ്രയിച്ചത്. ‘മലയാള മനോരമ’ കണ്ടുകെട്ടിയശേഷം അതിന്‍റെ ആളുകൾ പ്രിന്റിങ് ജോലികൾക്കായി തന്‍റെ അച്ചുകൂടത്തിലും വന്നിരുന്നുവെന്ന് ഹലീമാ ബീവി സൂചിപ്പിക്കുന്നുണ്ട്: “രാത്രിയിലായിരുന്നു അതൊക്കെ അച്ചടിച്ചുകൊടുത്തിരുന്നത്. പൊലീസിന് സംശയം തോന്നി അവർ പലതവണ പ്രസ് പരിശോധിച്ചു. അച്ചടി കഴിഞ്ഞാൽ ഉടൻതന്നെ തെളിവുകളെല്ലാം നശിപ്പിച്ചിരുന്നതുകൊണ്ട് അവരുടെ ശ്രമം വിഫലമായി.”48
അധ്യായം -15
മുനിസിപ്പൽ കൗൺസിലിലേക്ക്
ഇക്കാലത്തെ ഹലീമാ ബീവിയുടെ പ്രധാനപ്പെട്ട മുന്നേറ്റമായിരുന്നു തിരുവല്ല മുനിസിപ്പൽ കൗൺസിൽ അംഗമായി പ്രവർത്തിക്കാൻ സാധിച്ചത്. മുസ്‌ലിം സമുദായത്തിൽനിന്നു മാത്രമല്ല, തിരുവിതാംകൂറിലെ ആദ്യത്തെ വനിത കൗൺസിലറായതും ഹലീമാ ബീവിയാണ്. 1930കളിൽ തന്നെ നിരവധി മലയാളി വനിതകൾ മദ്രാസ് പ്രസിഡൻസിയിലെ ഡിസ്ട്രിക്ട് ബോർഡുകളിൽ അംഗങ്ങളായി വന്നിട്ടുണ്ട്. ഉദാഹരണത്തിന് 1934ൽ സി. പാർവതി അമ്മ രാമനാട് ഡിസ്ട്രിക്ട് ബോർഡിൽ നാമനിർദേശത്തിലൂടെ എത്തിച്ചേർന്നിട്ടുണ്ട്. കോയമ്പത്തൂർ മുനിസിപ്പാലിറ്റിയിലെ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിത മുനിസിപ്പൽ കൗൺസിലറായി കെ. തങ്കമ്മ ജേക്കബ് വന്നതും ഇതേവർഷംതന്നെയാണ്. 1934-39 കാലയളവിൽ മദ്രാസ് നഗരസഭയിലെ ഒരു കൗൺസിലറായി അമ്മു സ്വാമിനാഥനും കടന്നുവരുന്നുണ്ട്.
ഒരുകാലത്ത് പട്ടണ പരിഷ്കരണ കമ്മിറ്റി (Town Improvement Committee) എന്നറിയപ്പെട്ടിരുന്ന മുനിസിപ്പൽ കൗൺസിലിലേക്ക് ജനസംഖ്യാനുപാധികമായി സമുദായ അംഗങ്ങളെ തിരഞ്ഞെടുക്കുകയോ നാമനിർദേശം ചെയ്യുകയോ ആണ് പതിവ്. അതുമാത്രമല്ല, ഏറക്കുറെ മുനിസിപ്പാലിറ്റികളിലും പുരുഷന്മാർതന്നെയായിരുന്നു ഇത്തരത്തിൽ എത്തപ്പെട്ടിരുന്നത്. സ്ത്രീകൾക്ക് അവസരം ലഭിക്കുക പരിമിതമായിരുന്നു. അതിനിടയിൽ പൊതുവിടങ്ങളിൽ അത്രകണ്ട് ഇടപെടാതിരുന്ന മുസ്‌ലിം വനിതകളുടെ കാര്യം പറയേണ്ടതില്ലല്ലോ! എന്നാൽ അതിനൊരു മാറ്റം ആഗ്രഹിച്ചിരുന്ന പലരും അതിനു പറ്റിയ ഒരു വ്യക്തിയെ അന്വേഷിക്കുകയുണ്ടായി.
ഈയവസരത്തിൽ, 1940ൽ തിരുവല്ല മുനിസിപ്പാലിറ്റിയിൽ ഒരു സീറ്റിലേക്ക് ഒരു മുസ്‌ലിം സംവരണസ്ഥാനം ഒഴിവ് വന്നപ്പോൾ ഹലീമാ ബീവി അപേക്ഷ സമർപ്പിച്ചു. ‘മുസ്‌ലിം വനിത’ മാസികയുടെ എഡിറ്റർ എന്ന നിലയിൽ പൊതുരംഗത്ത് ഇടപെട്ട് വന്നിരുന്ന ഹലീമാ ബീവിയുടെ അപേക്ഷ സർക്കാർ അംഗീകരിക്കുകയും അവരെ തിരുവല്ല മുനിസിപ്പാലിറ്റിയിലേക്ക് നാമനിർദേശം ചെയ്യുകയും ചെയ്തു. അങ്ങനെ മുനിസിപ്പൽ കൗൺസിലിലേക്ക്, നാമനിർദേശത്തിലൂടെയാണെങ്കിലും, കേരള മുസ്‌ലിം സ്ത്രീകളിൽ ആദ്യമായി നഗരസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയായി ഹലീമാ ബീവി മാറി.
അക്കാലത്ത് തിരുവല്ല മുനിസിപ്പൽ ചെയർമാൻ എം.കെ. കേശവൻ നായരായിരുന്നു. പത്രപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന കാലത്താണ് നഗരസഭയിലേക്ക് ഹലീമാ ബീവിയെ തെരഞ്ഞെടുക്കുന്നത് എന്നതിനാൽ തന്റെ പത്രത്തിലൂടെ മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട പല കാര്യങ്ങൾക്കും ഇടപെടാനും പൊതുജനങ്ങളിൽനിന്നുള്ള അഭിപ്രായരൂപവത്കരണം ഉണ്ടാക്കാനും അവർക്ക് സാധിച്ചു.
1945 സെപ്റ്റംബർ 10ന് ‘ഭാരതചന്ദ്രിക’യിൽ വന്ന ഒരു കുറിപ്പിൽ കൗൺസിലർ എന്നനിലയിൽ റേഷൻ വിതരണകാര്യത്തിൽ ഹലീമാ ബീവിയുടേതായ ഒരു ഇടപെടൽ വിവരിക്കുന്നുണ്ട്: “തിരുവല്ല മുനിസിപ്പൽ കൗൺസിലർമാരുടെ ഒരു യോഗം ഇന്നലെ മുൻസിപ്പാലിറ്റി ആഫീസിൽ വെച്ച് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കൂടി. കന്നിമാസം മുതൽ മണ്ണെണ്ണയും പഞ്ചസാരയും ക്ലാസ് തിരിച്ച് കാർഡ് അനുസരിച്ച് വിതരണം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു. റംസാൻ നോമ്പ് പ്രമാണിച്ച് മുൻസിപ്പൽ ടൗണിലുള്ള മുസ്‌ലിംങ്ങൾക്ക് മണ്ണെണ്ണയും പഞ്ചസാരയും വിതരണം ചെയ്യണമെന്നുള്ള കൗൺസിലർ എം. ഹലീമ ബീവിയുടെ ശുപാർശയനുസരിച്ച് പഞ്ചസാര വിതരണം ആരംഭിച്ചിരിക്കുന്നു”.49
ഇന്നത്തെ പരിതസ്ഥിതിയിൽ നോക്കിയാൽ വളരെ നിസ്സാരം എന്ന് തോന്നുമെങ്കിലും രണ്ടാം ലോകയുദ്ധത്തിന്റെ കൊടും വറുതിയിൽ ജനങ്ങൾ താളും തകരയും തിന്നു കഴിഞ്ഞിരുന്ന ആ കാലത്താണ് ഇത്തരമൊരു പരിശ്രമം അവർ നടത്തിയത്. പിൽക്കാലത്ത് തന്‍റെ കർമമണ്ഡലമായ തിരുവല്ലയിലെ മുനിസിപ്പാലിറ്റിയുടെ ചരിത്രത്തിലും ഹലീമാ ബീവിയെ, തിരുവിതാംകൂറിലെ ആദ്യത്തെ മുനിസിപ്പൽ കൗൺസിലറെ, കാണാൻ സാധിക്കുന്നില്ലയെന്ന പരിഭവമാണ് പലർക്കുമുള്ളത്. ഹലീമാ ബീവിയെ കുറിച്ച് അന്വേഷിക്കുന്നതിനായി തിരുവല്ലയിൽ എത്തിയ ഗവേഷകരായ നൂറയും നൂർജഹാനും പറയുന്നത്: “ഏറെ പ്രതീക്ഷകളോടെയാണ് മുനിസിപ്പാലിറ്റിയിലേക്ക് ചെന്നുകയറിയത്.
കേരളത്തിലെ ആദ്യത്തെ വനിതാ മുനിസിപ്പൽ കൗൺസിലറെക്കുറിച്ച് വിവരങ്ങൾ ലഭ്യമാകും എന്നുതന്നെ കരുതി. എന്നാൽ, കൊടുംനിരാശയായിരുന്നു ഫലം. അങ്ങനെയൊരാളെതന്നെ അവർക്കറിയില്ല. മുനിസിപ്പൽ സെക്രട്ടറി ഞങ്ങളെ അതിശയത്തോടെ നോക്കി. യാതൊരു അക്കാദമിക താത്പര്യവുമില്ലാതെ എന്നോ മരിച്ചുപോയ ഒരു സ്ത്രീയെക്കുറിച്ച് അന്വേഷിച്ചിറങ്ങിയ രണ്ടു പേർ. അദ്ദേഹം സഹായിക്കാൻ ശ്രമിച്ചെങ്കിലും മുനിസിപ്പാലിറ്റി രേഖകളിലൊന്നും ഹലീമാ ബീവിയെന്നല്ല, ആ കാലത്തെതന്നെ കണ്ടുകിട്ടിയില്ല.”50
‘ഭാരതചന്ദ്രിക’ ആഴ്ചപ്പതിപ്പിന്‍റെ ഒരു ലക്കം
തിരുവിതാംകൂർ മുസ്‌ലിം സ്വത്വരാഷ്ട്രീയം
ഇക്കാലത്ത് തിരുവിതാംകൂർ രാഷ്ട്രീയകാര്യങ്ങളിലും തന്‍റേതായ ഇടപെടൽ ഹലീമാ ബീവി നടത്തിയിരുന്നു. അതിലൊന്നായിരുന്നു മുസ്‌ലിം ലീഗ്-മജ്‍ലിസ് ലയനം. തിരുവിതാംകൂർ മുസ്‌ലിംകളുടെ വളരെ നീണ്ടകാലത്തെ അഭിലാഷമായിരുന്നു അത്. ആ സംരംഭത്തിന് മുൻകൈയെടുത്ത പ്രധാന വ്യക്തികളിലൊരാളായി ഹലീമാ ബീവിയും അവരുടെ ‘ഭാരതചന്ദ്രിക’യും മാറി. ലയന സംബന്ധമായി നിരവധി ലേഖനങ്ങൾ തുടർച്ചയായി ‘ഭാരതചന്ദ്രിക’യിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. തന്നാൽ കഴിയുന്ന വിധം ഐക്യത്തിലേക്കു നയിക്കുന്ന ലേഖനങ്ങളും എഡിറ്റോറിയലും അവർ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു.
വളരെ കുറച്ച് ആനുകാലികങ്ങൾ മാത്രമേ മുസ്‌ലിം സമുദായത്തിന്റേതായി അന്നുണ്ടായിരുന്നുള്ളൂ. ‘പ്രഭാതം’ എന്ന പേരിൽ കൊല്ലത്തുനിന്നും പ്രസിദ്ധംചെയ്തു വന്നിരുന്ന പത്രം മജ്‌ലിസിന്റെ ആശയങ്ങൾ പങ്കുവെക്കുന്നവയായിരുന്നു. ‘ഭാരതചന്ദ്രിക’യുടേത് ലീഗിന്റെ ആശയങ്ങളും. അങ്ങനെ ലീഗ്-മജ്‌ലിസ് സംയോജനത്തിനുള്ള അഭിപ്രായ സ്വരൂപണം നടത്താൻ ഈ രണ്ട് പത്രികകളും തങ്ങളാൽ കഴിയുംവിധം പരിശ്രമിച്ചു. അത് തിരുവിതാംകൂർ മുസ്‌ലിം സ്വത്വരാഷ്ട്രീയത്തിന് ഒരു വഴിത്തിരിവായി മാറി.
‘ഭാരതചന്ദ്രിക’യെ കുറിച്ച് മുമ്പ് സൂചിപ്പിച്ചെങ്കിലും തിരുവിതാംകൂർ മുസ്‌ലിം സ്വത്വരാഷ്ട്രീയത്തിൽ, അതിന്‍റെയൊരു നിർണായക ഘട്ടത്തിൽ, ആ പത്രിക ഇടപെട്ടത് എങ്ങനെയെന്നതിനെക്കുറിച്ചും ഇവിടെ പറയേണ്ടതുണ്ട്. അക്കാലത്ത് ‘ഭാരതചന്ദ്രിക’യുടെ പേജുകളിൽ വിവിധ നേതാക്കന്മാരും പത്രാധിപരും വ്യക്തികളും നൽകിയ കുറിപ്പുകളും ലേഖനങ്ങളും മുഖപ്രസംഗങ്ങളും എല്ലാംതന്നെ ലീഗ്-മജ്‍ലിസ് സംയോജനത്തിലേക്ക് നയിക്കുന്നതിന് സഹായിച്ചുവെന്ന് വേണം കരുതാൻ. അവയുടെ ഘട്ടം ഘട്ടമായ പരിശോധനകൂടി ഇവിടെ സാധ്യമാണ്.
1944 ആഗസ്റ്റ് ഏഴിന് തിരുവിതാംകൂർ പ്രദേശത്തെ മുസ്‌ലിംകളുടെ സംഘടന ദൗർബല്യങ്ങളെക്കുറിച്ച് ‘ഫൈസി’ എന്ന തൂലികാനാമത്തിൽ എഴുതിയ ‘നമ്മുടെ സംഘടന ശ്രമം’ എന്ന ലേഖനം മുസ്‌ലിം സമുദായംഗങ്ങളെ ഇരുത്തി ചിന്തിപ്പിക്കുന്ന തരത്തിലായിരുന്നു: “മറ്റു സമുദായങ്ങളെക്കാൾ ജനസംഖ്യയിൽ കുറവായ മുസൽമാന്‍റെ രണ്ടു സംഘടനകളാണ് ഇക്കഴിഞ്ഞ ഇലക്ഷനിൽ രംഗത്ത് വന്നത്. ആ രണ്ടു സംഘടനകൾ യോജിച്ചും മറ്റു സമുദായ സംഘടനകളുടെ പിന്തുണയോടുകൂടി പ്രവർത്തിച്ചിട്ടും, ലീഗിന്റെയും മജ്‍ലിസിന്റെയും ശ്രദ്ധ മുഴുവൻ ഒരു രംഗത്തുമാത്രം കേന്ദ്രീകരിച്ച് ചുറ്റും ഭീമമായ പരാജയം ആ സംഘടനകളുടെ സ്ഥാനാർഥിയെ പുണരുകയാണ് ചെയ്തത്...
നമുക്ക് പണക്കാരുണ്ട്, നേതാക്കളുണ്ട്; അഭ്യസ്തവിദ്യരായ യുവാക്കൾ ആയിരക്കണക്കിനുണ്ട്. ഒരേ വിശ്വാസത്തിൽ തുടരുന്ന, ഒരേ ദൈവത്തെ ആരാധിക്കുകയും ഒരേ ആചാരങ്ങളെ അനുഷ്ഠിക്കുകയും ചെയ്യുന്ന മുസ്‌ലിംകൾക്ക് സംഘടിക്കുവാൻ സാധിക്കുന്നില്ല... സമുദായങ്ങൾ ഉണർന്ന് രാഷ്ട്രങ്ങൾ ഉൾക്കടവേഗത്തിൽ ഉൽഗതി പൂണ്ടു... കാലത്തിനൊത്ത് മുന്നോട്ടുപോകാൻ നമുക്ക് കഴിഞ്ഞില്ല. യുവാക്കളെ ഉണരുവിൻ നമ്മുടെ ഭാവി തലമുറകൾ എങ്കിലും അൽപം ശുദ്ധവായു ശ്വസിച്ചുകൊള്ളട്ടെ!.. സമുദായ സംഘടനകൾ മുഴുവൻ യോജിച്ച്, ന്യൂനപക്ഷ സമുദായങ്ങളുടെ പുരോഗതിയെ ത്വരിപ്പിക്കുമത്രേ! ഇത്രയൊക്കെയായിട്ടും ഇവിടെ മുസ്‌ലിംകൾക്ക് –ഒരു സംഘടനയുടെ കീഴിൽ അണിനിരക്കാൻ സാധിച്ചിട്ടില്ല. അതെത്രമാത്രം അപമാനകരമാണ്.”51
തിരുവിതാംകൂറിന്‍റെ വിവിധഭാഗങ്ങളിൽ സ്വത്വ രാഷ്ട്രീയത്തിൽ വിശ്വസിച്ചിരുന്ന പലരും ഏക സംഘടന എന്ന ആശയം മുന്നിൽ കണ്ടുകൊണ്ട് അഭിപ്രായപ്രകടനങ്ങളും പരിശ്രമങ്ങളും നടത്തിവന്നു. അത്തരത്തിലുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി പേജുകൾ ‘ഭാരതചന്ദ്രിക’ മാറ്റിവെച്ചു. ഉദാഹരണത്തിന്, ആലപ്പുഴയിലെ കിഴക്കേ മഹല്ല് മുസ്‌ലിം ജമാഅത്തിന്റെ പ്രഥമ വാർഷിക സമ്മേളനം ഇത്തരത്തിൽ ഒരു തീരുമാനത്തെ മുന്നോട്ടുെവച്ചു. കൊ.വ. 1120 മീനം 1ന് എം.എൽ.എയായിരുന്ന പി.എസ്. മുഹമ്മദിന്‍റെ അധ്യക്ഷതയിൽ നടന്ന അതിന്‍റെ യോഗത്തിൽ സംഘാടകരിൽ പ്രമുഖനായ പി.എ. മുഹമ്മദ് കോയ തിരുവിതാംകൂറിലെ മുസ്‌ലിം സമുദായത്തിന്റെ ഉണർവിനും വളർച്ചക്കുമായി, “ഈ രാജ്യ മുസ്‌ലിംകൾക്ക് ഒരു പൊതു സംഘടനയുടെ ആവശ്യമുണ്ടെന്നും, ആസന്ന ഭാവിയിൽ ലീഗും മജ്‌ലിസും ഒന്നായിത്തീരും” എന്നുമുള്ള ആശ അറിയിക്കുകയുണ്ടായി. ഇത് ‘ഭാരതചന്ദ്രിക’ വളരെ വിശദമായിത്തന്നെ റിപ്പോർട്ട് ചെയ്യുന്നുണ്ട്.52
1945 ഫെബ്രുവരി അഞ്ചിന് ‘ഭാരതചന്ദ്രിക’യിൽ വന്ന ‘തിരുവിതാംകൂറിലെ മുസ്‌ലിം സംഘടനകൾ’ എന്ന മുഖപ്രസംഗത്തെ തുടർന്ന് നാടിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള അഭിപ്രായങ്ങൾ പത്രാധിപക്ക് ലഭിക്കുകയുണ്ടായി. തുടർന്ന് അവ ക്രോഡീകരിച്ചുകൊണ്ട് അടുത്ത നിയമസഭ സമ്മേളനം ചേരുന്നതിനുമുമ്പ്, കൗൺസിലിലെയും പ്രജാസഭയിലെയും മുസ്‌ലിം സമുദായത്തിൽനിന്നുള്ള ഒമ്പത് അംഗങ്ങളെ ഏകോപിപ്പിച്ച് തിരുവനന്തപുരത്ത് വെച്ച് ഒരു ഏക മുസ്‌ലിം സംഘടന രൂപവത്കരിക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന കാര്യം ‘നിയമസഭാ സമിതികളിലെ മുസ്‌ലിം മെംബർമാരോട്’ (1945 ഫെബ്രുവരി 19) എന്ന തലക്കെട്ടിൽ മുഖപ്രസംഗത്തിലൂടെ ആവശ്യപ്പെടുന്നുണ്ട്.
വിവിധ സമ്മേളനങ്ങളിൽ ഉയർന്നുവരുന്ന ആശയങ്ങൾക്ക് പുറമെ മറ്റു പത്രങ്ങളിലും ഇത്തരത്തിലുള്ള പരിശ്രമങ്ങളെക്കുറിച്ച് വരുന്ന വാർത്തകൾ ശേഖരിച്ച് പ്രസിദ്ധീകരിക്കുന്നതിനും പത്രാധിപ ഹലീമാ ബീവി തയാറായി. 1945 മാർച്ച് 19ന് വന്നൊരു വാർത്തയിൽ, കൊല്ലത്തുവെച്ച് കൂടിയ മജ്‍ലിസ് ബോർഡ് മീറ്റിങ്ങിൽ നടന്ന വിവരണങ്ങൾ അക്കാലത്തെ മുസ്‌ലിം സമുദായത്തിന്റെ പത്രങ്ങളായ ‘മലയാളം’, ‘മിത്രം’ തുടങ്ങിയവ പ്രസിദ്ധീകരിച്ചതായി വ്യക്തമാക്കുന്നുണ്ട്. അതിൽ തിരുവിതാംകൂർ മുസ്‌ലിംകൾക്ക് ഒരു പൊതുസംഘടന ഉണ്ടാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതിനുവേണ്ടിയുള്ള പരിശ്രമങ്ങൾ ആരംഭിക്കുന്നതിനെക്കുറിച്ചും അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതായി പരാമർശിക്കുന്നു.
‘ഭാരതചന്ദ്രിക’ ഉൾപ്പെടെയുള്ള പത്രങ്ങളുടെ ഇത്തരം പരിശ്രമങ്ങളെ ഏറ്റെടുത്തുകൊണ്ട് മുന്നോട്ടുപോകാൻ ചില നേതാക്കന്മാർ തയാറായി. അക്കാലത്ത് തിരുവിതാംകൂർ അസംബ്ലിയിലും കൗൺസിലിലും അംഗങ്ങളായിരുന്ന പി.കെ. കുഞ്ഞ്, എ.ആർ. സുലൈമാൻ സേട്ട്, എം. സുൽത്താൻ മൊയ്തീൻ, എം.കെ. മുഹമ്മദ് എന്നിവർ സംയുക്തമായി ‘മുസ്‌ലിംങ്ങളോട്’ എന്ന തലക്കെട്ടിൽ വിവിധ സമുദായ പത്രങ്ങൾക്ക് നൽകിയ അഭ്യർഥന ഏക മുസ്‌ലിം സംഘടന എന്ന ആവശ്യത്തെ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ളതായിരുന്നു:
‘‘സമുദായത്തിന്റെ പുരോഗമനത്തെയും ക്ഷേമാശ്വൈര്യങ്ങളെയും മുൻനിർത്തി തിരുവിതാംകൂറിലെ മുസ്‌ലിംങ്ങൾക്ക് ഏതൽപര്യന്തം ഏക സംഘടനയുടെ കീഴിൽ സംയോജിക്കുവാൻ കഴിഞ്ഞിട്ടില്ല... മിത്രം, ഭാരതചന്ദ്രിക, മലയാളം തുടങ്ങി തിരുവിതാംകൂറിലെ പത്രങ്ങളിൽ പ്രസിദ്ധപ്പെടുത്തി വന്ന മുഖപ്രസംഗങ്ങളും ലേഖനങ്ങളും പ്രസ്തുത മനഃസ്ഥിതിയുടെ പ്രതിഫലനമായി ഞങ്ങൾ കരുതുന്നു. ഇപ്രകാരമൊരു പ്രസ്താവനക്ക് ഞങ്ങളെ പ്രേരിപ്പിച്ചതും ഈ ചേതോവികാരംതന്നെയാണ്. സംഘടിതമായ ഒരു ശക്തിയും പ്രവർത്തികേന്ദ്രീകരണവുംകൊണ്ടല്ലാതെ പലവിധത്തിൽ അടിക്കടി വിസ്മരിക്കപ്പെടുന്ന മുസ്‌ലിം സമുദായ താൽപര്യം സുരക്ഷിതമാക്കുവാനുള്ള ശ്രമം സാധ്യമല്ല.
തിരുവിതാംകൂർ മുസ്‌ലിംകളുടെ പേരിൽ സ്റ്റേറ്റ് മുസ്ലിം ലീഗ്, മുസ്‍ലിം മജ്‌ലിസ്, വടക്കൻ തിരുവിതാംകൂർ മുസ്‌ലിം അസോസിയേഷൻ, തെക്കൻ തിരുവിതാംകൂർ മുസ്‌ലിം ലീഗ്, ചിറയിൻകീഴ് മുസ്‌ലിം സമാജം, ലജ്നത്തുൽ മുഹമ്മദിയ മുതലായ പല സംഘടനകളും ഇന്ന് നിലവിലുണ്ടെന്നും ഇവ കൂടാതെയും മറ്റു പല പ്രാദേശിക സംഘടനകളും ഉണ്ടെന്നും പറയപ്പെടുന്നുണ്ട്... ഇങ്ങനെയുള്ള എല്ലാ സംഘടനകളുംകൂടി ഒറ്റ സംഘടനയായി രൂപാന്തരപ്പെട്ടു കാണണമെന്നുള്ളതാണ് ഞങ്ങളുടെ നിർദേശം.
തിരുവിതാംകൂർ മുസ്‌ലിംങ്ങളെ പ്രതിനിധീകരിക്കുവാനും സമുദായത്തിന്റെ അഭിപ്രായം രൂപീകരിക്കുവാനും ഉതകുന്ന ഏകസംഘടനയാണ് നമുക്ക് ഇന്നാവശ്യം... വിവിധ സംഘടന പ്രതിനിധികളും സമുദായ പ്രമാണികളും ചേർന്നുള്ള ഒരു ഐക്യസമ്മേളനം ഈ പ്രശ്നത്തിൽ പരിഹാരമുണ്ടാക്കുന്നതിന് എളുപ്പമുണ്ടാക്കും. സ്വകാര്യ താൽപര്യങ്ങൾക്കായി പൊതുനന്മ ബലി കഴിക്കാതിരിക്കുന്നതിനും സ്ഥാനമാനങ്ങൾക്കായി കലഹിക്കാതിരിക്കുന്നതിനും, നമ്മുടെ സർവ പ്രധാനമായ ആവശ്യം സമുദായ അഭിവൃദ്ധിയും ഐക്യവും സേവന തീക്ഷ്ണതയും ആണെന്ന് ധരിച്ചു, ഇനിയെങ്കിലും സമുദായത്തിലെ ഓരോ വ്യക്തിയും ഉള്ളറിഞ്ഞു സധീരം മുന്നോട്ടുവരുവാൻ ഉള്ള സന്ദർഭം പാഴാക്കാതിരിക്കുക.”53
ഇതേ ലക്കത്തിൽ തന്നെ ‘ഒരേയൊരു സംഘടന’ എന്ന തലക്കെട്ടിൽ ‘ഭാരതചന്ദ്രിക’യിൽ ഒരു മുഖപ്രസംഗവും വന്നു. അതിൽ ഏക സംഘടന എന്ന ആശയത്തെ സർവാത്മനാ സ്വാഗതംചെയ്തുകൊണ്ടുള്ള പത്രാധിപയുടെ നിരീക്ഷണങ്ങൾ ഇപ്രകാരമായിരുന്നു: “(തിരുവിതാംകൂറിലെ) മുസ്‌ലിം പത്രങ്ങളെല്ലാം ഒരു ഏക മുസ്‌ലിം സംഘടനയുടെ അത്യാവശ്യകതയെ കുറിച്ച് വേണ്ട ഉദ്ബോധനങ്ങൾ ശക്തിയായി നടത്തിക്കൊണ്ടിരിക്കുകയാണ്. നാടിന്‍റെ നാനാഭാഗങ്ങളിലുള്ള മുസ്‌ലിംകൾ അതിനോട് വേണ്ടത്ര അഭിപ്രായ അനുകൂല്യങ്ങളും പ്രവർത്തന സന്നദ്ധതയും പ്രകടിപ്പിച്ചും വരികയാണെന്ന് പലവിധത്തിലും ഞങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്.
ഈ സന്ദർഭത്തിൽ കൊല്ലത്തെ മജ്‌ലിസിന്റെ ഒരു ബോർഡ് മീറ്റിങ്ങു കൂടി ചില നിശ്ചയങ്ങൾ പാസാക്കിയിരിക്കുന്നു. ഇത് ഏതോ ചില പ്രത്യേകോദ്ദേശ്യത്തെ ലാക്കാക്കിയുള്ളതാണെന്നും ഏകഛത്രാധിപത്യ ഭരണത്തെ കാംക്ഷിച്ചാണെന്നും ഇസ്‌ലാമിന്‍റെ വിനീത ദാസന്മാർ എന്നനിലയിൽ അതിന്‍റെ ഉന്നമനത്തിനും ഉദ്ദേശ്യസിദ്ധിക്കുംവേണ്ടി സമത്വഭാവനയോടും സന്മനസ്സോടും കൂടിയുണ്ടായിട്ടുള്ള പുനരുദ്ധാരണം അല്ലെന്നും മറ്റും മജ്‍ലിസിന്റെ പ്രധാന പ്രവർത്തകന്മാരായി അറിഞ്ഞിട്ടുള്ള പലരും ഞങ്ങളെ അറിയിച്ചിരിക്കുന്നു.
ബോർഡ് മീറ്റിങ്ങിൽ സംബന്ധിക്കാൻ ക്ഷണിച്ചുകൊണ്ട് മജ്‍ലിസിന്റെ സെക്രട്ടറി അയച്ചിരുന്ന ലെറ്ററിനു മറുപടിയായി ലഭിച്ചിട്ടുള്ള കത്തുകളിൽനിന്നും ഈ അതൃപ്തികരമായ നിലയെക്കുറിച്ച് മനസ്സിലാക്കി കാണുമെന്ന് വിശ്വസിക്കുന്നു. ഇന്നത്തെ തിരുവിതാംകൂർ മുസ്‌ലിംകൾക്ക് സംഘടനാ സംബന്ധമായി ഒരു ദീർഘമായ ചരിത്രമുണ്ട്... സ്ഥാനമാനങ്ങളിലും നേതൃത്വത്തിലും ദുരധികാരപ്രമത്തതയിലുമുള്ള അനർഹമായ വ്യാമോഹവും അനാവശ്യമായ ദുരാഗ്രഹവുമാണ് പലപ്പോഴും നമ്മുടെ സംഘടനകളെ താറുമാറാക്കിയിട്ടുള്ളത്. തിരുവിതാംകൂർ മുസ്‌ലിംകൾക്ക് ഒരേ ഒരു സംഘടനയുടെ അത്യാവശ്യമാണുള്ളത്.
അതിന് അഭിപ്രായപ്രകടനങ്ങളും പ്രസിദ്ധീകരണങ്ങളുംമൂലം ഇനിയും കാലവിളംമ്പം വരുത്താൻ ഒരിക്കലും പാടില്ലാത്തതാണ്. യുദ്ധാനന്തര സംവിധാന ഘട്ടത്തിൽ അഹമഹമികയായ ജീവിതമത്സരത്തിന്‍റെ ഇളകിയാട്ടം ശക്തിമത്തായി തീരുമ്പോൾ ഒരു പ്രധാന ന്യൂനപക്ഷമായ മുസ്‌ലിം സമുദായം കുത്തഴിഞ്ഞ പുസ്തകംപോലെ ചിന്നിച്ചിതറിക്കിടക്കുന്നത് ആകയാൽ ഉണ്ടാകുന്ന ഭയങ്കരമായ അനുഭവങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടതാണ്; ശരിയായവിധത്തിൽ നാം സംഘടിച്ച് നമ്മുടെ ശക്തി കേന്ദ്രീകരിച്ച് ഉപയോഗപ്രദമാക്കി തീർക്കുന്നതായാൽ, ഒരുവിധത്തിലും പരാജിതരാകാതെ നമുക്ക് ഒരു സജീവസമുദായമായി ജീവിതം തുടരാവുന്നതാണ്.
അതിനാൽ കഴിഞ്ഞുപോയ നമ്മുടെ അനുഭവങ്ങളിൽനിന്നും ശരിയായ ഒരു പാഠം നാം പഠിക്കുകയും ഓരോ സ്ഥാനങ്ങളിലേക്കും സർവതാ യോഗ്യതയും സന്മനസ്സുമുള്ള മുസ്‌ലിം സഹോദരങ്ങളെ ഐകകണ്ഠ്യേന തെരഞ്ഞെടുത്ത് യഥാസ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കുകയും തിരുവിതാംകൂറിലുള്ള സകല മുസ്‌ലിംകളെയും യഥാർഥമായി പ്രതിനിധീകരിക്കുവാൻ പര്യാപ്തമായ ഒരേ ഒരു സംഘടന ഉടൻതന്നെ സ്ഥാപിച്ചു പ്രവർത്തനം നടത്തുകയും ചെയ്തു കാണാൻ ഞങ്ങൾ ആത്മാർഥമായി അപേക്ഷിക്കുന്നു.”
തുടർന്നുള്ള ലക്കങ്ങളിൽ ഏക മുസ്‌ലിം സംഘടനക്കുള്ള അഭിപ്രായരൂപവത്കരണം നടന്നുവരുന്നതായുള്ള സൂചനകളാണ് ‘ഭാരതചന്ദ്രിക’ നൽകിയത്. പത്രത്തിന്‍റെ അടുത്തബന്ധുവും ഫൈസി എന്ന തൂലികാനാമത്തിൽ റിപ്പോർട്ടുകൾ എഴുതി വന്നിട്ടുള്ളതുമായ ആൾ 13ാം ലക്കത്തിൽ ‘സംഘടനയെപ്പറ്റി’ എന്ന തലക്കെട്ടിൽ ഏക സംഘടന രൂപവത്കരണത്തിൽ പരുവപ്പെട്ടു വരുന്ന സംഭവവികാസങ്ങൾ വിശദീകരിച്ചുവന്നു: ‘‘അടുത്തകാലത്തെ സംഭവവികാസങ്ങൾ മുസ്‌ലിം സമുദായത്തിൽ അസാധാരണമായ ഒരു ഉണർവ് ഉണ്ടാക്കിയിട്ടുണ്ട്...
മജ്‍ലിസ് പ്രസിഡന്‍റായ മുസ്‌ലിയാർ വളരെ താമസിച്ചിട്ടാണെങ്കിലും ഏക മുസ്‌ലിം സംഘടനയെ കുറിച്ച് പല മാന്യന്മാരും അഭിപ്രായപ്രകടനം നടത്തിയതിൽ സന്തോഷം അറിയിച്ചു. മുസ്‌ലിം ലീഗ്-മജ്‍ലിസ് സംയോജനം തകർത്തതിനെ പറ്റി മുസ്‌ലിയാർ പ്രസ്താവനയിൽ പറയുന്നത്, ‘നിർഭാഗ്യവശാൽ കാരണങ്ങൾ എന്തുതന്നെയായാലും അത് ഇന്നും പ്രയോഗത്തിലില്ല.’ കാരണമെന്തെന്നത് വ്യക്തവുമല്ല. ഇന്നത്തെ അന്തരീക്ഷം ലീഗിനെയും മജ്‌ലിസിനെയും എന്ന് മാത്രമല്ല മുസ്‍ലിംകളെ എല്ലാപേരെയും ഒരേ വീക്ഷണകോണിൽ എത്തിച്ചേർത്തിരിക്കുന്നു...
ഏതായാലും സമുദായ സ്നേഹികളായ യുവാക്കൾക്ക് മാത്രമേ എന്തെങ്കിലും സാധിക്കുകയുള്ളൂ. പി.കെ. കുഞ്ഞ് മുതലായവരുടെ പ്രസ്താവനകൾ പുറത്തുവന്നിട്ടു നാളുകളല്ല, ആഴ്ചകൾ പലതും കഴിഞ്ഞ് സംഘടന പ്രശ്നമിന്നും പഴയനിലയിൽ തന്നെയാണ്.”54
കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മുസ്‌ലിം മജ്‍ലിസിന്റെ പ്രവർത്തനങ്ങൾ ഇക്കാലത്ത് നടന്നുവരുമ്പോൾതന്നെയാണ് ഇത്തരത്തിലുള്ള ഒരു തീരുമാനത്തിലേക്ക് തിരുവിതാംകൂർ മുസ്‌ലിം മജ് ലിസ് കടക്കുന്നത്.
ഇതേ ലക്ഷ്യത്തിൽതന്നെ മുസ്‌ലിംകളുടെ സംഘടനാ പ്രവർത്തനങ്ങളെപ്പറ്റി കൂടുതൽ ചിന്തകളും പ്രവർത്തനങ്ങളും നടക്കുന്ന കാലഘട്ടമെന്ന നിലയിൽ ‘ഭാരതചന്ദ്രിക’യുടെ സ്പെഷൽ കറസ്പോണ്ടന്റ് ‘ഫൈസി’ ഇത്തരത്തിൽ നിലവിലിരിക്കുന്നതും മങ്ങിക്കിടക്കുന്നതുമായ എല്ലാ പ്രാദേശിക സംഘടനകളും അവയുടെ ശാഖകളുടെ പ്രവർത്തനങ്ങൾ പത്രത്തിലേക്ക് അയച്ചുനൽകണമെന്നും തുടർലക്കങ്ങളായി അവ പ്രസിദ്ധീകരിക്കുന്നതാണെന്നും ‘ഒരു അഭ്യർഥന’ എന്ന തലക്കെട്ടിൽ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, തുടർന്ന് അത്തരത്തിലുള്ള വിവരങ്ങൾ ഒന്നുംതന്നെ പത്രത്തിൽ റിപ്പോട്ടായി വന്നിട്ടില്ല. ആയതിനാൽ പ്രധാനപ്പെട്ട സംഘടനകൾ ഒന്നുംതന്നെ ഇത്തരത്തിൽ അയച്ചു കൊടുത്തിട്ടില്ലാ എന്നുവേണം അനുമാനിക്കാൻ.
(തുടരും)
കുറിപ്പ്
45. 1940ൽ കൊല്ലം കേന്ദ്രമായി ആരംഭിച്ച തിരുവിതാംകൂർ മുസ്‌ലിം യുവജന മജ്‌ലിസിന്‍റെ പ്രസിഡന്‍റായി തങ്ങൾ കുഞ്ഞ് മുസ്‌ലിയാരും സെക്രട്ടറിയായി ഇ.വി. അബ്ദുറസാക്കും പ്രവർത്തിച്ചു; ട്രഷറർ ഇ. അഹമ്മദ് ഹസനും. കൊല്ലം ചിന്നക്കടയിൽ മുസ്‌ലിയാരുടെ വക കെട്ടിടത്തിലാണ് മജ്‌ലിസിന്റെ താലൂക്ക് യൂനിയൻ ഓഫിസ് പ്രവർത്തിച്ചത്. തിരുവിതാംകൂറിലെ പൊതുജനങ്ങളുടെ ആവശ്യങ്ങൾ ഏറ്റെടുത്തുകൊണ്ടാണ് അവർ രംഗത്ത് പ്രവർത്തിച്ചത്. ഒപ്പംതന്നെ മുസ്‌ലിംകളുടെ കാര്യങ്ങൾക്കും കൂടുതൽ ശ്രദ്ധ നൽകുകയുണ്ടായി.
1940 മാർച്ച് 24ന് അവർ സർക്കാറിന് സമർപ്പിച്ച ഒരു നിവേദനത്തിൽ ടൗൺ കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന സ്കൂളിൽ നാലാം ക്ലാസ് ആരംഭിക്കുന്നതിനുവേണ്ടി ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ആ വർഷംതന്നെ യുവജന മജ്‌ലിസ് എന്നത് ‘തിരുവിതാംകൂർ മുസ്‌ലിം മജ്‌ലിസ്’ എന്ന പേരിലേക്ക് മാറി. എം.കെ.എ. മൈതീൻ കുഞ്ഞ്, ഇ.വി. അബ്ദുൽ ഹസൻ എന്നിവർ യഥാക്രമം പ്രസിഡന്‍റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഫയൽ നം. 983/41, തീയതി 11.8. 1941, കേരള സ്റ്റേറ്റ് ആർക്കൈവ്സ്, തിരുവനന്തപുരം.
46. പി.എ. സെയ്തു മുഹമ്മദ് (എഡി.), കേരള മുസ്‌ലിം ഡയറക്ടറി, കേരള പബ്ലിക്കേഷൻസ്, കൊച്ചി, 1960, പു. 632
47. ബഷീർ രണ്ടത്താണി, ‘ഒരു പത്രാധിപയുടെ ഓർമകൾ’ (അഭിമുഖം), ചന്ദ്രിക ആഴ്ചപ്പതിപ്പ്, 1995 ജൂലൈ 8, കാണുക, നൂറ & നൂർജഹാൻ, എം. ഹലീമാ ബീവിയുടെ ജീവിതം -പത്രാധിപ, പു. 87.
48. ബഷീർ രണ്ടത്താണി, ഒരു പത്രാധിപയുടെ ഓർമകൾ, അഭിമുഖം, ചന്ദ്രിക ആഴ്ചപ്പതിപ്പ്, 1995 ജൂലൈ 8.
49. ഭാരതചന്ദ്രിക, 1120 ചിങ്ങം 25.
50. നൂറ & നൂർജഹാൻ, എം. ഹലീമാ ബീവിയുടെ ജീവിതം-പത്രാധിപ, പു. 17.
51. ഭാരതചന്ദ്രിക, വാല്യം: 1, ലക്കം: 30, 1119 കർക്കടകം 23.
52. ഭാരത ചന്ദ്രിക, വാല്യം: 2, ലക്കം: 10, കൊ. വ. 1120 മീനം 6.
53. ഭാരതചന്ദ്രിക, വാല്യം: 2, ലക്കം: 11, കൊ. വ. 1120 മീനം 13/1945 മാർച്ച് 26.
54. ഭാരതചന്ദ്രിക, വാല്യം: 2, ലക്കം: 13, 1120 മേടം 4.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.