അടുക്കള പുതുക്കിപ്പണിയേണ്ടതുണ്ടോ? ജനാധിപത്യബോധം ആൺ-പെൺ വ്യത്യാസമില്ലാതെ മനുഷ്യരിലേക്ക് സന്നിവേശിപ്പിക്കാൻ ഉതകുന്ന വീടിനകത്തെ പണിയാലയായി അടുക്കള മാറേണ്ടതുണ്ടോ? –ശ്രദ്ധേയ നിരീക്ഷണങ്ങൾ.പൊതു ഇടങ്ങളിലെ പങ്കാളിത്തം, രാഷ്ട്രീയ പ്രാതിനിധ്യം, വിദ്യാഭ്യാസരംഗം, തൊഴിൽ മേഖല, ജീവിതനിലവാരം, ആരോഗ്യ മേഖല തുടങ്ങിയവയിൽ വലിയ പുരോഗതിയാണ് ജനാധിപത്യം പുലർന്നതിനുശേഷമുള്ള കഴിഞ്ഞ മുക്കാൽ നൂറ്റാണ്ടുകളിലൂടെ കേരളത്തിലെ സ്ത്രീകൾ കൈവരിച്ചിരിക്കുന്നത്. എന്നാൽ, പൂർണമായ അർഥത്തിൽ ജനാധിപത്യം ഇന്നും പുലരാത്ത ഒരിടം വീട്ടിനകത്ത് സ്ഥിതിചെയ്യുന്നുണ്ടെന്ന ബോധ്യം നമ്മളിൽ പലർക്കുമില്ലാത്തതുമാണ്. ആ ഇടം...
അടുക്കള പുതുക്കിപ്പണിയേണ്ടതുണ്ടോ? ജനാധിപത്യബോധം ആൺ-പെൺ വ്യത്യാസമില്ലാതെ മനുഷ്യരിലേക്ക് സന്നിവേശിപ്പിക്കാൻ ഉതകുന്ന വീടിനകത്തെ പണിയാലയായി അടുക്കള മാറേണ്ടതുണ്ടോ? –ശ്രദ്ധേയ നിരീക്ഷണങ്ങൾ.
പൊതു ഇടങ്ങളിലെ പങ്കാളിത്തം, രാഷ്ട്രീയ പ്രാതിനിധ്യം, വിദ്യാഭ്യാസരംഗം, തൊഴിൽ മേഖല, ജീവിതനിലവാരം, ആരോഗ്യ മേഖല തുടങ്ങിയവയിൽ വലിയ പുരോഗതിയാണ് ജനാധിപത്യം പുലർന്നതിനുശേഷമുള്ള കഴിഞ്ഞ മുക്കാൽ നൂറ്റാണ്ടുകളിലൂടെ കേരളത്തിലെ സ്ത്രീകൾ കൈവരിച്ചിരിക്കുന്നത്. എന്നാൽ, പൂർണമായ അർഥത്തിൽ ജനാധിപത്യം ഇന്നും പുലരാത്ത ഒരിടം വീട്ടിനകത്ത് സ്ഥിതിചെയ്യുന്നുണ്ടെന്ന ബോധ്യം നമ്മളിൽ പലർക്കുമില്ലാത്തതുമാണ്. ആ ഇടം അടുക്കളയാണ്. അടുക്കളയോടുള്ള മലയാളികളുടെ മനോനില ജനാധിപത്യ പൂർവ പുരുഷകേന്ദ്രീകൃത സമൂഹത്തിന്റേതാണ്.
അങ്ങനെയൊരു സാമൂഹികബോധം പ്രാചീന തമിഴകത്തിന്റെ ഭാഗമായിരുന്ന കേരളത്തിൽ രൂപംകൊണ്ടതിനെക്കുറിച്ച് ചരിത്രപരമായ തെളിവുകളുമുണ്ട്. അടുക്കളയെ പെണ്ണിന്റെ ഇടമാക്കിയ ചരിത്രത്തിനു ഇന്നേക്ക് ഏതാണ്ട് ഇരുപത്തിയഞ്ച് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. അടുക്കളയെക്കുറിച്ചുള്ള സാമൂഹികബോധം ജനാധിപത്യ കാലത്തേതല്ലെന്ന് പറയാനും ലിംഗസമത്വമെന്ന സാമൂഹികബോധത്തെ രൂപപ്പെടുത്തിയെടുക്കുന്നതിൽ അടുക്കളക്ക് വലിയ പങ്കുെണ്ടന്ന് ബോധ്യപ്പെടുത്താനുമാണ് ഈ എഴുത്ത് ലക്ഷ്യമിടുന്നത്.
മനുഷ്യർ ഭക്ഷണം പാചകംചെയ്തു തുടങ്ങിയ കാലം മുതൽ രൂപംകൊണ്ട ഒരു ഗാർഹിക ഇടമാണ് അടുക്കള. അടുപ്പാണ് അടുക്കളയെന്ന ഇടത്തെ രൂപപ്പെടുത്തിയത്. അടുപ്പുകൂട്ടി തീയൊരുക്കി ആഹാരം വേവിച്ചു തിന്ന് ചാരമവശേഷിപ്പിച്ചവർ നവീനശിലായുഗം തൊട്ട് ചരിത്രത്തിൽ കാണാം. സാമൂഹിക-സാമ്പത്തിക ഉയർച്ച താഴ്ചകൾക്കനുസരിച്ച് വലുപ്പ-ചെറുപ്പങ്ങൾ അടുക്കളയുടെ ഘടനക്ക് ഉണ്ടാകുമെങ്കിലും അടിസ്ഥാനപരമായി എല്ലാ സമൂഹത്തിന്റെയും ഊർജദായനികളാണ് അടുക്കള. ഈ തൊഴിലിടത്തിന് മലയാളിസമൂഹം കൽപിക്കുന്ന ചില ചിട്ടവട്ടങ്ങളുണ്ട്. അത് സ്ത്രീകൾ പണിയെടുക്കേണ്ടുന്ന ഇടമാണത്രേ! പണിമുടക്കോ അവധികളോ ഇല്ലാത്ത, പ്രതിഫലമില്ലാതെ സ്ത്രീകൾ ജോലിചെയ്യേണ്ടുന്ന മുഴുവൻ സമയ തൊഴിലിടം.
അടുക്കളയിൽ പുരുഷൻ പെരുമാറുകയോ! എന്ന് മൂക്കത്തുവിരൽവെച്ച് ആശ്ചര്യപ്പെടുന്ന ഒരു ജനവിഭാഗം പലവീടുകളിലും ഇന്നുമുണ്ടെന്നത് വാസ്തവമാണ്. ഈ അവബോധം ആൺ-പെൺ മനസ്സുകളിൽ ചേക്കേറുന്നത് വീടുകളിൽനിന്നാണ്, അഥവാ അടുക്കളയിൽനിന്നാണ്. ചെറുപ്പം മുതൽ പെൺകുട്ടി അടുക്കളയുടെ പ്രയോക്താവും ആൺകുട്ടി അടുക്കളയുടെ ഉപഭോക്താവുമായാണ് വളരുന്നത്; അഥവാ വീടും സമൂഹവും വളർന്നത്. ഇത് സ്ത്രീയെ പുരുഷന്റെ സേവികയായി അടിമ തുല്യം കണ്ടിരുന്ന ജനാധിപത്യ പൂർവ സമൂഹം സൃഷ്ടിച്ച പൊതുബോധത്തിൽനിന്നുണ്ടാകുന്നതാണ്.
സ്ത്രീക്കും പുരുഷനും തുല്യാവകാശം ഉറപ്പുനൽകുന്ന ഭരണഘടനയുടെ നിയമപരിരക്ഷയുണ്ടെങ്കിലും പുരുഷന്റെ തണലിൽ പരിമിതമായ സ്വാതന്ത്ര്യം അനുഭവിക്കാനുള്ള ഔദാര്യം കണക്കെയാണ് ഇന്നും സ്ത്രീസ്വാതന്ത്ര്യത്തെ സമൂഹവും ഭൂരിഭാഗം സ്ത്രീകളും കണക്കാക്കുന്നത്. ഈ ബോധത്തെ തലമുറ കൈമാറി നിലനിർത്തുന്നതിൽ അടുക്കള വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഈ പങ്ക് പെട്ടെന്ന് ദൃശ്യമാകാത്തതും സ്ത്രീകൾപോലും ഉൾക്കൊള്ളാതെ പോകുന്നതുമാണ്. ലിംഗസമത്വവും അസമത്വവും സമൂഹത്തിൽ സൃഷ്ടിക്കാൻ പര്യാപ്തമായ ഇടമാണ് അടുക്കള. ജനാധിപത്യത്തിലധിഷ്ഠിതമായ ലിംഗസമത്വബോധം ആൺ-പെൺ വ്യത്യാസങ്ങളില്ലാതെ സമൂഹമനസ്സുകളിൽ സൃഷ്ടിക്കാൻ അടുക്കളക്കകത്തെ തൊഴിലിനും തൊഴിൽ വിഭജനത്തിനും കഴിഞ്ഞേക്കുമെന്ന ആലോചനയാണ് ഇവിടെ പങ്കുവെക്കുന്നത്.
അടുക്കളയിൽ ജോലിചെയ്യാറുണ്ടോ? അടുക്കള ജോലിയിൽ സഹായിക്കാറുണ്ടോ? ഈ രണ്ട് ചോദ്യങ്ങൾ പല വേദികളിലായി കൗമാരക്കാരായ വിദ്യാർഥി സമൂഹത്തോട് ചോദിക്കാറുള്ളതാണ്. ഈ രണ്ട് ചോദ്യങ്ങൾക്കിടയിൽ ലിംഗ അസമത്വത്തെ അടയാളപ്പെടുത്തുന്ന ഒരു കാര്യം മറഞ്ഞിരുപ്പുണ്ട്. ഈ രണ്ട് ചോദ്യങ്ങൾ ഞാൻ അധ്യാപനം നടത്തുന്ന ക്ലാസുകളിലെ പഠിതാക്കളോട് പലപ്പോഴും ചോദിച്ചിട്ടുള്ളതാണ്. കൗമാരക്കാരികളായ പെൺകുട്ടികൾ ഭൂരിഭാഗവും അടുക്കളയിൽ സഹായിക്കാറുണ്ട് എന്ന ഉത്തരം സ്ഥിരമായി നൽകാറുണ്ട്. വളരെ വിരളമായിമാത്രം അടുക്കളജോലി ചെയ്യാറുണ്ട് എന്നും ഉത്തരം നൽകാറുണ്ട്.
ആൺകുട്ടികളിൽ ചിലരൊക്കെ അടുക്കളയിൽ സഹായിക്കുന്നുണ്ടെന്ന ഉത്തരം നൽകാറുണ്ടെങ്കിലും വലിയൊരു ഭാഗം അടുക്കളയിൽ സഹായിക്കാത്തവരാണ്, അഥവാ അങ്ങനെ ചെയ്യേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യാത്തവരാണ്. അടുക്കളജോലി ചെയ്യുന്നവർ ആൺകുട്ടികളിൽ വളരെ വിരളവുമാണ്. ഇനി രണ്ട് ചോദ്യങ്ങൾക്കിടയിലെ അന്തരം പറയാം. അടുക്കളജോലി ഒരാളുടെയോ ഒരു ലിംഗ സമൂഹത്തിന്റെയോ കടമയോ കർത്തവ്യമോ അല്ല, മറിച്ച് വീട്ടിൽ ഭക്ഷണം കഴിക്കുന്ന മുഴുവനാളുകളുടെയും കൂട്ടുത്തരവാദിത്തമാണ് എന്ന ബോധമുൾക്കൊള്ളുന്നവർക്ക് മാത്രമേ ആദ്യത്തെ ചോദ്യത്തിന്റെ പൊരുൾ മനസ്സിലാകൂ. അവരെ സംബന്ധിച്ചിടത്തോളം ഭക്ഷണം ഉണ്ടാക്കലും വിളമ്പലും സ്ത്രീക്ക് മാത്രം ഉഴിഞ്ഞുവെച്ച ജോലിയല്ല. അത് എന്റെ ജോലിയാണ് എന്ന ബോധ്യം നന്നായുള്ളവരാണ്.
അവിടെ അടുക്കള ജോലിയെന്നത് ഒരു ദിവസത്തെ മുഴുവന് സമയപ്രക്രിയയല്ല. സമയക്രമം അനുസരിച്ച് പ്രവർത്തിക്കുന്ന ഒരിടമായി അടുക്കള മാറും. അത്തരം അടുക്കളകളിലാണ് അഥവാ വീടുകളിലാണ് ജനാധിപത്യം പുലരുന്നത്. അങ്ങനെയുള്ളയിടത്ത് ഭക്ഷണം തയാറാക്കുന്ന പ്രക്രിയയിൽ കൃത്യമായ തൊഴിൽവിഭജനം നടത്തപ്പെടുന്നു. കറികൾക്കുള്ള പച്ചക്കറികൾ അരിയൽ, തേങ്ങ ചിരകൽ, പാത്രം കഴുകൽ, അടിച്ചുവാരൽ, മാവുകൾ അരക്കൽ എന്നിങ്ങനെ വീട്ടിലെ ജോലികളെല്ലാം വീട്ടിലുള്ള അംഗങ്ങൾക്കിടയിൽ വീതിക്കപ്പെടും. അത്തരം വീടുകളിലെ ഓരോ അടുക്കള ദിനവും കൂട്ടുത്തരവാദിത്തത്തോടെ നിറവേറുന്ന ആനന്ദകരമായ ഒരു പ്രവൃത്തിദിനമായി മാറുകയും ചെയ്യുന്നു. അമ്മ, അച്ഛൻ, മക്കൾ, അപ്പൂപ്പൻ, അമ്മൂമ്മ എന്നിങ്ങനെ വീട്ടിനകത്തെ എല്ലാ അംഗങ്ങൾക്കും അടുക്കളയിലെ ജോലികൾ വീതിക്കപ്പെടുന്നു.
പാചകംചെയ്ത ഭക്ഷണം ആരും ആർക്കും വിളമ്പിക്കൊടുക്കേണ്ടുന്ന സാഹചര്യം ഇല്ലാതാകുന്നു. ഭക്ഷണം കഴിക്കാൻ ആരെയും കാത്തുനിൽക്കേണ്ട സാഹചര്യം ഇല്ലാതാകുന്നു. സ്വന്തമായി വിളമ്പി കഴിച്ച് പാത്രങ്ങൾ കഴുകിവെച്ച് പോകുന്നു. ഇങ്ങനെയൊരു പതിവാകും വീടിനകത്ത് സാധാരണ ദിനങ്ങളിൽ നടക്കുന്നുണ്ടാകുക. ഇത്തരം വീടുകളിൽ പുരുഷന് മേൽക്കൈയോ സ്ത്രീകൾക്ക് രണ്ടാം സ്ഥാനമോ ഉണ്ടാകില്ല. ഇങ്ങനെയൊരു അടുക്കള രൂപപ്പെട്ടാൽ ലിംഗ സമത്വത്തിന്റെ ആദ്യപാഠങ്ങൾ ഓരോരുത്തരും വീടിനകങ്ങളിൽനിന്നുതന്നെ മനസ്സിലാക്കി തുടങ്ങും. ഇത്തരത്തിൽ മേൽപറഞ്ഞ ചോദ്യത്തിന്റെ പൊരുളറിഞ്ഞ് മറുപടി പറഞ്ഞ എന്റെ വിദ്യാർഥികൾ ഒന്നോ രണ്ടോ മാത്രമാണ്.
ഇനി രണ്ടാമത്തെ ചോദ്യത്തിലേക്ക് വരാം. അടുക്കള ജോലിയിൽ സഹായിക്കാറുണ്ടോ? അതെ എന്ന ഉറച്ച ഉത്തരമാണ് പെൺകുട്ടികളിൽനിന്ന് കേൾക്കാറുള്ളത്. ആൺകുട്ടികളിൽ ചിലരെ കാണാമെങ്കിലും, ഭൂരിഭാഗവും മൗനംഭജിക്കാറാണ് പതിവ്. ഭക്ഷണം കഴിച്ച പാത്രം തീൻമേശയിൽനിന്നും എടുത്ത് അടുക്കളയിൽ വെക്കുന്നവർ വളരെ വിരളമാണ്. ഭക്ഷണം കഴിച്ച പാത്രം സ്വന്തമായി കഴുകിവെക്കുന്നവർ എണ്ണത്തിൽ തീരെ കുറവാണ്. ഇവരുടെ എച്ചിൽപ്പാത്രങ്ങൾ കഴുകുന്നത് അമ്മ, സഹോദരി തുടങ്ങിയ വീട്ടിലെ സ്ത്രീകളാണ്. എന്താണ് അടുക്കള ജോലിയും അടുക്കള സഹായവും തമ്മിലുള്ള അന്തരം അഥവാ അവക്കു പിന്നിലെ മനോനിലകളുടെ വ്യത്യാസം.
സഹായമെന്നത് മറ്റൊരാൾ ചെയ്യേണ്ടുന്ന ജോലി മുഴുമിപ്പിക്കാനോ, വേഗത്തിലാക്കാനോ ഉള്ള കൈത്താങ്ങ് നൽകുക എന്നതുമാത്രമാണ്. താൻ ഉത്തരവാദിത്തത്തോടെ ചെയ്യേണ്ടുന്ന ഒന്നാണത് എന്ന ബോധ്യം സഹായിക്കുന്നവരിൽ ഉണ്ടാകില്ല. അതുകൊണ്ടുതന്നെ ഏത് സമയത്തും അയാൾക്ക് അത് വിട്ടിട്ടുപോകാനാകും. അടുക്കള ജോലി വിധിക്കപ്പെട്ടയാൾക്ക് താൻ വലിയ ഔദാര്യം നൽകി എന്നുള്ളതാകും “അടുക്കള ജോലിയിൽ സഹായിക്കുന്നു” എന്നബോധ്യത്തിലുള്ള ആളുടെ മനോഭാവം. അതുകൊണ്ടുതന്നെ ഈ ചോദ്യത്തിന് ഉത്തരം നൽകിയവരിൽ ഭൂരിഭാഗവും ഞാൻ വലിയ ഒരു കാര്യംചെയ്തു എന്ന അഭിമാനവും തലയെടുപ്പും കാണിക്കുന്നത് കാണാം.
സ്ത്രീകളുടെ ജീവിതത്തിന്റെ ഭാഗമാണ് അടുക്കളപ്പണി എന്ന ബോധം ജനാധിപത്യ സമൂഹത്തിന്റേതല്ല. അടുക്കളക്കുവേണ്ടി പിറന്നവളാണ് പെണ്ണ് എന്ന ജനാധിപത്യ പൂർവ സാമൂഹികബോധം ഇന്നും ചെറുപ്പം മുതലേ പെൺകുട്ടികളിലേക്ക് സന്നിവേശിപ്പിക്കപ്പെടുന്നത് വീട്ടിനകത്തെ നിത്യേനയുള്ള പെരുമാറ്റങ്ങളിൽനിന്നാണ്. അടുക്കളപ്പണിയെന്നത് സ്ത്രീയുടെ മാത്രം ചുമതലയാണെന്ന സാമൂഹിക മനോനിലകളെ ഉൾക്കൊള്ളുന്നവർ പുരുഷന്റെ സാന്നിധ്യത്തെ പാചകവൃത്തിയിൽ പ്രതീക്ഷിക്കുന്നത് പോയിട്ട്, ആലോചിക്കാൻപോലും തുനിയുന്നുമില്ല. സ്ത്രീകളെ അടുക്കളയിൽ കുടിയിരുത്തിയത് പുരുഷകേന്ദ്രീകൃതമായ സമൂഹിക വ്യവസ്ഥയായിരുന്നുവെങ്കിൽ ‘അടുക്കള പെണ്ണിന്’ എന്ന മനോനിലക്ക് പ്രചാരംനൽകിയതിൽ ഏറിയ പങ്കും ആ ബോധ്യത്തിലുള്ള മുതിർന്ന സ്ത്രീകൾക്കായിരുന്നു. ഇങ്ങനെയൊരു അവബോധം രൂപപ്പെട്ടത് നൂറ്റാണ്ടുകളിലൂടെയാണ്, അഥവാ ഇങ്ങനെയൊരു സാമൂഹിക മനോനില ചരിത്രോൽപന്നമാണ്.
അടുക്കളയുടെ ചരിത്രപരത
പുരുഷകേന്ദ്രീകൃതമായ ഒരു സമൂഹക്രമത്തിലേക്ക് കേരളം ചരിത്രാരംഭകാലം (ഏതാണ്ട് ബി.സി.ഇ 500 മുതൽ സി.ഇ 500 വരെ) മുതൽക്കേ മാറിത്തുടങ്ങിയിരുന്നു. അതിനെ കുറിക്കുന്ന നിരവധി സൂചനകൾ സാഹിത്യകൃതികളിൽനിന്ന് ലഭിക്കുന്നുണ്ട്. ആ കാലത്ത് കേരളം തമിഴകം എന്ന സാമൂഹിക-സാംസ്കാരിക ഭൂമികളുടെ ഭാഗമായിരുന്നു. തമിഴകത്തെ സാമൂഹികാവസ്ഥകളെ സംഘസാഹിത്യ കൃതികൾ എന്ന് പൊതുവെ അറിയപ്പെടുന്ന പ്രാചീന തമിഴ് സാഹിത്യകൃതികളിലെ പാട്ടുകളിൽ പരാമർശിക്കുന്നുണ്ട്. എട്ടുത്തൊകൈ, പത്തുപാട്ട്, പതിനെൺ കീഴ് കണക്ക് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായുള്ള സംഘകൃതികളിൽ എട്ടുത്തൊകൈയിൽ പെടുന്ന എട്ടുതരം കൃതികളിൽ തമിഴകത്തിലെ സമൂഹക്രമത്തെക്കുറിച്ച് നിരവധി വിവരങ്ങൾ ലഭിക്കുന്നു.
നാനൂറുപാട്ടുകളുള്ള ‘അകനാനൂറ്’ എന്ന കൃതിയിലും നൂറുപാട്ടുകളുടെ (എൺപത് പാട്ടുകൾ മാത്രമേ ലഭിച്ചിട്ടുള്ളൂ) സമാഹാരമായ ‘പതിറ്റുപ്പത്തി’ലും തമിഴകത്തെ സ്ത്രീകൾ പുരുഷന്റെ സ്വത്തായും ഐശ്വര്യമായും വീടിന്റെ നാഥയായും മറ്റും വിവരിക്കുന്ന പാട്ടുകൾ കാണാം. സമൂഹത്തിൽ പുരുഷനു കീഴിൽ രണ്ടാംതരം തൊഴിൽക്കൂട്ടങ്ങളായി സ്ത്രീകൾ ഇക്കാലം മുതൽ പ്രത്യക്ഷപ്പെടുന്നുണ്ട്. വീട്, അടുക്കളജോലികൾ, പാൽ കടയൽ, അലക്ക് തുടങ്ങിയ ഗാർഹിക ചുമതലകളിലേക്ക് സ്ത്രീയെ പരിമിതപ്പെടുത്തുന്ന സമൂഹക്രമങ്ങളുടെ തുടക്കം ചരിത്രാരംഭകാലം മുതൽക്കാണെന്ന സൂചന ഈ പാട്ടുകൾ നൽകുന്നുണ്ട്.
‘മനൈയോൾ’ എന്ന പ്രയോഗംതന്നെ ഇതാണ് കാണിക്കുന്നത് (അകനാനൂറ് പാട്ട് -186, 224, 254 പുറം 164). മനൈയോൾ അഥവാ വീട്ടമ്മയായ സ്ത്രീ തിരികല്ലിലിട്ട് ഉഴുന്ന്, പയറു മുതലായ ധാന്യങ്ങൾ അരക്കുന്നതിനെക്കുമുറിച്ചും (അകനാനൂറ് പാട്ട് -224), ‘‘ചുരുണ്ട മുടിയോടുകൂടിയ മകളിർ അഥവാ സ്ത്രീകൾ വലിയ ഉലക്ക ഉപയോഗിച്ച് ഉരലിൽ ഇട്ട മലനെല്ല് കുത്തി അരിയാക്കുന്നതിനെക്കുറിച്ചും (അകനാനൂറ് പാട്ട് -9, 286, 393), ഉലക്കകൊണ്ട് അവിൽ ഇടിക്കുന്ന സ്ത്രീകളെക്കുറിച്ചും (‘‘അവലെറിന്ത ഉലക്കൈ... മകളിർ’’ -പതിറ്റിപ്പത്ത് മൂന്നാം പത്ത് പാട്ട് 9) സാഹിത്യ സൂചനകളുണ്ട്. പാചകം സ്ത്രീകളുടെ ഉത്തരവാദിത്തമാണെന്ന സമൂഹക്രമവും ഇക്കാലത്താണ് രൂപപ്പെടുന്നത്.
നെല്ല് കുത്തി അരിയാക്കി അത് മൺകലത്തിലിട്ട് അടുപ്പിലേറ്റി പാചകം ചെയ്ത് വിളമ്പുന്ന സ്ത്രീകളെ കുറിച്ചുള്ള സാഹിത്യ കൃതിയിലെ വർണനകൾ ചരിത്രാരംഭകാലസാമൂഹിക യാഥാർഥ്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത് (അകനാനൂറ് പാട്ട് -393). അടുമകൾ അഥവാ അടുക്കളയിൽ പാചകം ചെയ്യുന്നവൾ (‘‘അടുമകൺമുകന്ത വളവാ വെണ്ണെൽ’’ -പുറനാനൂറ് പാട്ട്-399) എന്നനിലയിലാണ് സമൂഹം സ്ത്രീയെ കണ്ടിരുന്നത്. പുളിയിട്ടുവെച്ച ഉണക്ക അയല മീൻകറി ഉപ്പ് കൊടുത്ത് വാങ്ങിച്ച നെല്ലുകൊണ്ട് പാചകംചെയ്ത വെളുത്ത ചോറിന്റെ മീതെ ഒഴിച്ചുവെച്ച ചേരന്റെ തൊണ്ടിപ്പട്ടണത്തിനടുത്തുള്ള നെയ്തൽ നിവാസിയായ സ്ത്രീയെക്കുറിച്ച് ആനന്ദകരമായ വിവരണം ‘അകനാനൂറി’ൽ കാണാം (അകനാനൂറ് പാട്ട് -60).
അടുപ്പുള്ള വീടിനകം എന്നർഥത്തിലാകും പിൽക്കാലത്ത് അടുക്കള എന്നപ്രയോഗം ഉണ്ടായത്. അടുക്കളയുടെ മകൾ എന്നർഥത്തിലാണ് അടുമകൾ എന്ന് സ്ത്രീകളെ വിശേഷിപ്പിക്കുന്നത്. പ്രതീകാത്മകമാണെങ്കിലും ചെങ്കല്ലറ എന്ന മഹാശിലാസ്മാരകങ്ങൾക്ക് അകത്തുനിന്ന് കണ്ടെത്തിയ അടുപ്പ് കല്ലുകൾ ഇരുമ്പുയുഗ -ചരിത്രാരംഭ കാല വീടിനകത്തെ അവിഭാജ്യ ഘട്ടമായിരുന്നു അടുക്കള എന്ന സൂചനയും അക്കാലത്തെ അടുപ്പിന്റെ മാതൃകയെയും പരിചയപ്പെടുത്തുന്നുണ്ട്.
അലക്കു ജോലിചെയ്യുന്ന സ്ത്രീകളായ ‘പുലൈത്തി’കൾ എന്ന ഒരു തൊഴിൽക്കൂട്ടം ചരിത്രാരംഭകാലം മുതൽക്ക് രൂപംകൊള്ളുന്നുണ്ട്. അഴുക്കുപുരണ്ട വസ്ത്രത്തെ അലക്കി പശമുക്കുന്ന പുലൈത്തിയെക്കുറിച്ച് പാട്ടുകളിൽ പരാമർശം കാണാം (അകനാനൂറ് പാട്ട് -34, 387). നെയ്തുമായി ബന്ധപ്പെട്ട ജോലികളിലും ഒരു തൊഴിൽക്കൂട്ടമായി സ്ത്രീകൾ ഇക്കാലത്ത് കാണാം. അവരെ ‘‘പരുത്തിപ്പെണ്ടിർ’’ (പുറനാനൂറ് പാട്ട്-125, 326) എന്നാണ് പാട്ടുകളിൽ പരാമർശിക്കുന്നത്. പുനം കാവൽ ഇരിക്കുന്നവരായും കള്ള് വിൽക്കുന്നവരായും മീൻ വിൽക്കുന്നവരായും സ്ത്രീകൾ സാഹിത്യകൃതികളിൽ പരാമർശിക്കപ്പെടുന്നുണ്ട്. പുരുഷന്റെ സഹായിയായ രണ്ടാം തരം തൊഴിൽക്കൂട്ടമായാണ് സ്ത്രീകൾ സാമൂഹികമായി നിലനിന്നിരുന്നത്.
സ്ത്രീകളുടെ ആർത്തവ കാലത്തെ അടുക്കളശുദ്ധിയുമായി ചേർത്താണ് ജനാധിപത്യപൂർവ സമൂഹം കണ്ടത്. സ്ത്രീകളുടെ മേൽ പുരുഷാധിപത്യ സമൂഹം കൽപിക്കുന്ന ധാർമികതയുടെയും ശുദ്ധാശുദ്ധ സങ്കൽപങ്ങളുടെയും ചരിത്രവും തമിഴകത്തിന്റെ ഭാഗമായിരുന്ന പ്രാചീന കേരളത്തിൽ ആരംഭിക്കുന്നുണ്ട്. ആർത്തവാശുദ്ധി സ്ത്രീകൾക്ക് കൽപിക്കുന്ന സാമൂഹിക മനോനില ചരിത്രാരംഭകാലത്തും ഉണ്ടായിരുന്നു. ‘‘കലം തൊടാ മകളിലർ’’ അഥവാ കലങ്ങൾ തൊടാൻ പാടില്ലാത്ത സ്ത്രീ എന്ന പരാമർശം പിൽക്കാല ജനാധിപത്യ പൂർവ സമൂഹത്തിൽ അടുക്കള ശുദ്ധം എന്നും, ഈ അടുത്തകാലം വരെ പുരതൊട്ടുകൂടായ്മ (ചില വീടുകളിൽ ഇപ്പോഴും തുടരുന്നുണ്ടത്രേ) തുടങ്ങിയ പേരുകളിൽ അറിയപ്പെട്ട ആർത്തവാശുദ്ധിയുടെ സൂചനയാണ് (പുറനാനൂറ് പാട്ട് -299).
ആർത്തവം എന്ന അവസ്ഥ സ്ത്രീകളുടെ അപലത്വത്തിന്റെ പ്രതീകമാണെന്ന പുരുഷാധിപത്യ സമൂഹത്തിന്റെ മനോനിലയെയും അതിനെ മനസ്സാവരിച്ച സ്ത്രീകളുടെ മനോനിലയെയും ഒരുപോലെ പ്രതിഫലിപ്പിക്കുന്ന വരികളാണ് പൊന്മുടിയാർ എന്ന ‘പുറനാനൂറി’ലെ കവയിത്രിയുടെ കവിതയിൽ നിഴലിക്കുന്നത്. ‘‘അണങ്കുടൈ മുരുകൻ കോട്ടത്തു കലം തൊടാ മകളിലർ നികഴ്ന്തു നിന്റവേ’’ അഥവാ ദൈവിക ചൈതന്യമുള്ള മുരുകന്റെ കോവിലിന് മുന്നിൽ, ആർത്തവകാലമായതിനാൽ പാത്രങ്ങൾ തൊടാതെ (അടുക്കളയിൽ കയറാതെ) ദൂരെ മാറിനിൽക്കുന്ന സ്ത്രീകളെപ്പോലെ എന്ന ഉപമയാണ് കവിതയിൽ ഉള്ളത്.
ഇതെല്ലാം കാണിക്കുന്നത് അടുക്കളയെന്നത് സ്ത്രീകൾ മാത്രം പെരുമാറുന്ന അഥവാ പെരുമാറേണ്ടുന്ന ഒരിടമാണെന്ന സാമൂഹികബോധം രൂപംകൊണ്ടിട്ട് ഇന്നേക്ക് ഏതാണ്ട് 2500 വർഷങ്ങളെങ്കിലും പിന്നിട്ടുകഴിഞ്ഞിരിക്കുന്നു. ഈ ബോധത്തിൽ തന്നെയാണ് ഇന്നും മലയാളികളിലേറെയും. സംഘകാല സമൂഹത്തിന്റെ തുടർച്ചയായാണ് മലയാളികളുടെ അടുക്കളകൾ ഇന്നും സ്ത്രീകളുടെ ഇടമായി തുടരുന്നത്. ചരിത്രാരംഭ കാലത്തിനുശേഷം അടുക്കളയുടെ രൂപത്തിനും അടുപ്പിന്റെ രൂപത്തിനും പാചകംചെയ്യുന്ന പാത്രങ്ങൾക്കും ഇന്ധനങ്ങൾക്കും ഭക്ഷ്യ വിഭവങ്ങൾക്കും കുടുംബവ്യവസ്ഥക്കും കാതലായ നിരവധി മാറ്റങ്ങൾ ഉണ്ടായെങ്കിലും, അടുക്കളയുടെ പണിയാൾ എന്ന നിലയിൽ സ്ത്രീകളുടെ ഉത്തരവാദിത്തത്തിനു വലിയ മാറ്റമൊന്നും വന്നിട്ടില്ല. അതുകൊണ്ടുതന്നെ അടുക്കളയുടെ കാലഗണനാനുസൃതമായുണ്ടായ മാറ്റങ്ങളെക്കുറിച്ച് കൂടുതൽ വിസ്തരിക്കേണ്ടതില്ലെന്ന് കരുതുന്നു.
വി.ടി. ഭട്ടതിരിപ്പാടിന്റെ ‘അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്’ എന്ന നാടകം അരങ്ങത്ത് അവതരിപ്പിക്കപ്പെട്ടിട്ട് ഒരു നൂറ്റാണ്ടിനോട് അടുക്കുമ്പോഴും, ജനാധിപത്യം പുലർന്നിട്ട് മുക്കാൽ നൂറ്റാണ്ട് കഴിയുമ്പോഴും സ്ത്രീകളുടെ മുഖ്യ ചുമതലകളിൽപെട്ട ഇടമായി വീട്ടിനകത്ത് അടുക്കള പൊതുവെ ഇന്നും നിലനിൽക്കുന്നു. സ്ത്രീയും പുരുഷനും ഒരുപോലെ പുറത്തുപോയി ജോലിചെയ്യുന്ന വീടുകളിൽപോലും അടുക്കളപ്പണി സ്ത്രീകളിൽതന്നെ സാമൂഹികമായി നിലനിർത്തപ്പെടുകയാണ്. പലയിടങ്ങളിലും അടുക്കളയിൽ പുരുഷന്മാർ സജീവമായി ഇടപെടുന്നുണ്ടെന്ന വസ്തുതയെ ഉൾക്കൊള്ളാതെ ഒരു സാമാന്യവത്കരണം നടത്തുകയാണ് ഇവിടെ. മറിച്ച് അടുക്കള സ്ത്രീയുടെ പണിയിടമാണെന്ന സാമൂഹികബോധം നൂറ്റാണ്ടുകൾക്കു മുമ്പുള്ള പുരുഷകേന്ദ്രീകൃത സമൂഹത്തിന്റെ സൃഷ്ടിയാണെന്നും ആ ബോധം ഇന്നും നാമറിയാതെ വീടിനകങ്ങളിൽ തുടരുന്നുണ്ടെന്നും പറയാനാണ് ശ്രമിച്ചത്.
ചുരുക്കത്തിൽ
ജനാധിപത്യബോധം ആൺ-പെൺ വ്യത്യാസമില്ലാതെ മനുഷ്യരിലേക്ക് സന്നിവേശിപ്പിക്കാൻ ഉതകുന്ന വീടിനകത്തെ പണിയാലയാണ് അടുക്കള. ഭക്ഷണ പാചകമെന്നത് വീടിനകത്ത് പാർക്കുന്ന എല്ലാവരുടെയും ആവശ്യമാണെന്ന ധാരണ ചെറുപ്പ-വലുപ്പ വ്യത്യാസമില്ലാതെ അംഗങ്ങളിലേക്ക് അടുക്കളയിലെ നിത്യ വ്യവഹാരങ്ങളിലൂടെ പകരാൻ കഴിയുന്ന ഇടമായി അടുക്കളയെ മാറ്റണം.
ഭക്ഷണം പാചകംചെയ്യുന്നതും, ഭക്ഷണം പകരുന്നതും കഴിക്കുന്നതുമായ പാത്രങ്ങൾ കഴുകുന്നതും ഉൾപ്പെടെ അടുക്കളയിലെ എല്ലാ പണികളിലും വീടിനകത്തെ അംഗങ്ങളുടെ കൂട്ടായ പങ്കാളിത്തമുണ്ടാകുമ്പോഴാണ് ജനാധിപത്യപരമായ അടുക്കള രൂപംകൊള്ളുന്നത്. ‘അടുക്കള പെണ്ണിന്’ എന്ന സാമൂഹികബോധം ജനാധിപത്യപൂർവ പുരുഷകേന്ദ്രീകൃത സമൂഹത്തിൽ രൂപംകൊണ്ടതാണെന്ന ബോധ്യമുള്ളവർക്കേ ജനാധിപത്യം പുലരുന്ന അടുക്കളകളെ രൂപപ്പെടുത്തനാകുകയുള്ളൂ. അത്തരം അടുക്കളകളിൽനിന്നാകും ലിംഗ സമത്വമെന്ന ജനാധിപത്യമൂല്യമുൾക്കൊണ്ട സാമൂഹികബോധം തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.