അധ്യായം -16
തിരുവിതാംകൂറിലെ മുസ്‌ലിംകളെ ഒരുമിച്ച് കൊണ്ടുപോകാനുള്ള ശ്രമങ്ങളും മജ്‌ലിസ്-ലീഗ് സംയോജന ശ്രമങ്ങളും അക്കാലയളവിലുണ്ടായപ്പോൾ അതിനെ പ്രോത്സാഹനം ചെയ്തു മുന്നോട്ടുവരാൻ ‘ഭാരതചന്ദ്രിക’ ശ്രമിച്ചിരുന്നു. അന്നത്തെ പല രാഷ്ട്രീയ നേതാക്കളും ഈ ആവശ്യത്തിൽ ഒരുമിച്ചുനിന്ന് പ്രവർത്തിച്ചത് ശ്രദ്ധേയമായ കാര്യമായി ‘ഭാരതചന്ദ്രിക’ എടുത്തുപറഞ്ഞു.
ഇക്കാലത്ത് ‘ഏക മുസ്‌ലിം സംഘടന’ എന്ന തലക്കെട്ടോടു കൂടി ഏകസംഘടന രൂപവത്കരണത്തെക്കുറിക്കുന്ന ഒരു ലേഖനം തങ്ങൾകുഞ്ഞു മുസ്‌ലിയാർ തന്‍റെ പത്രമായ ‘പ്രഭാത’ത്തിൽ പ്രസിദ്ധീകരിച്ചു: ‘‘ഏക മുസ്‌ലിം സംഘടനയുടെ ആവശ്യകതയെ സംബന്ധിച്ച് വളരെ താമസിച്ചിട്ടാണെങ്കിലും പല മാന്യന്മാരും പത്രദ്വാരാ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചുകാണുന്നതിൽ ഞാൻ അതീവ സന്തോഷിക്കുന്നു. തിരുവിതാംകൂർ മുസ്‌ലിമീങ്ങളെ ശരിയായി പ്രതിനിധീകരിക്കുന്ന ഒരു പൊതുസംഘടനയെ ഉണ്ടായിരിക്കാവു എന്നുള്ള അഭിപ്രായഗതി സുശക്തമായ രൂപംപ്രാപിച്ചുതുടങ്ങിയിട്ടു വർഷങ്ങൾ ഏതാനും കഴിഞ്ഞു എന്നുള്ളതാണ് പരമാർത്ഥം.
ആ ലക്ഷ്യപ്രാപ്തിക്കുവേണ്ടിയാണ് തിരുവിതാംകൂർ മുസ്‌ലിം മജ്‌ലിസും, തിരുവിതാംകൂർ സ്റ്റേറ്റ് മുസ്‌ലിം ലീഗും, സംയോജിപ്പിക്കണമെന്നുള്ള ഉദ്ദേശത്തോടുകൂടി രണ്ടു കൊല്ലങ്ങൾക്കു മുമ്പ് ആലോചനകൾ ആരംഭിച്ചത്. നിർഭാഗ്യവശാൽ കാരണങ്ങൾ എന്തുതന്നെയായിരുന്നാലും, അതു ഇന്നും പ്രയോഗികമായി തീർന്നിട്ടില്ല. സംയോജനാലോചന പൂർണമായി ഉപേക്ഷിക്കപ്പെട്ടിട്ടുമില്ല. ഈ പ്രശ്നം സംബന്ധിച്ച് സ്റ്റേറ്റ് മുസ്‌ലിം ലീഗ് പ്രസിഡന്‍റ് മി: പി.എസ്സ്. മുഹമ്മദിനോടും മറ്റു സമുദായപ്രവർത്തകരായ സ്നേഹിതന്മാരോടും കഴിഞ്ഞ പല അവസരങ്ങളിലും –ഞാൻ അവരെ കണ്ടുമുട്ടീട്ടുള്ളപ്പോഴെല്ലാം– നിർബ്ബന്ധപൂർവ്വം പറയുമായിരുന്നു.
ആകയാൽ ഈ അതിപ്രധാനമായ ഏകസംഘടനാപ്രശ്നം ഇപ്പോഴെങ്കിലും ഉന്നയിക്കപ്പെട്ടു കാണുന്നതിൽ ഞാനും മറ്റു മജ്‍ലിസ് പ്രവർത്തകരും മറ്റാരെയുംകാൾ കൂടുതൽ സന്തുഷ്ടരാണ്. നാലു മുസ്‌ലിം നിയമസഭാ സാമാജികന്മാരുടെ അഭ്യർത്ഥനയെത്തുടന്ന് മി: പി.എസ്സ്. മുഹമ്മദ് പത്രങ്ങളിൽ പ്രസിദ്ധപ്പെടുത്തീയിട്ടുള്ള പ്രസ്താവനയും കാണുകയുണ്ടായി. അതിനോടു ഞാൻ ആത്മാർത്ഥമായും പൂർണമായും യോജിക്കുന്നു. ഏകസംഘടന സ്ഥാപിക്കുന്നതിനും പൊതുതാൽപര്യ സംരക്ഷണത്തിനും വേണ്ടി മി: പി.എസ്സ്. മുഹമ്മദും അഭ്യത്ഥനയിലെ പേരുകാരുംകൂടി നിർദ്ദേശിക്കുന്ന ന്യായയുക്തമായ ഏതു പ്രവർത്തനപദ്ധതിയും എന്‍റെ സഹപ്രവർത്തകരും വ്യവസ്ഥാപിത നിലയിൽ മജ്‍ലിസും പിൻതാങ്ങുമെന്നും അതിനായി നടത്തുന്ന ഏതാലോചനയിലും കോൺഫറൻസിലും സസന്തോഷം പങ്കെടുക്കുമെന്നും മജ്‍ലിസ് പ്രവർത്തകരുടെ ഇടയിലുള്ള അഭിപ്രായഗതി അറിയാവുന്ന എനിക്ക് നിസ്സന്ദേഹം പറയുവാൻ കഴിയും.
മി: പി.എസ്സ്. പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നവിധം മജ്‍ലിസ്-ലീഗു പ്രവർത്തകർ തമ്മിൽ നടത്തുവാനുദ്ദേശിക്കുന്ന ആലോചനയുടെ കാര്യപരിപാടി മി: പി. എസ്സും വേണ്ടപ്പെട്ട മറ്റു മാന്യന്മാരുംകൂടി സൃഷ്ടിച്ചു എത്രയും നേരത്തെ അറിയിക്കുന്നതായാൽ അതനുസരിച്ച് ആത്മാർഥമായി സഹകരിക്കുവാനും തുടർന്ന് എകസംഘടന സംജാതമാക്കുന്നതിനു വേണ്ടി യത്നിക്കുവാനും ഞാനും എന്റെ സഹപ്രവർത്തകരും എപ്പോഴും തയ്യാറാണ്. സമുദായക്ഷേമത്തെ മാത്രം ലക്ഷ്യമാക്കിക്കൊണ്ടുള്ള ഈ അവസാന യത്നമെങ്കിലും വിജയിക്കണമെങ്കിൽ നമ്മുടെ ആത്മാർത്ഥത കലർപ്പില്ലാത്തതായിരിക്കണം. അങ്ങനെ സംഭവിക്കുന്നപക്ഷം നാം നമ്മുടെ ഒരു ചെറിയ കടമ ഇപ്പോഴെങ്കിലും നിർവ്വഹിച്ചുവെന്ന് സമാശ്വസിക്കുവാൻ കഴിയും.”55 ഇത് ഏകസംഘടന രൂപവത്കരണത്തിന് ഗതി വേഗം നൽകുകയുണ്ടായി.
തിരുവിതാംകൂർ മുസ്‌ലിംകൾക്ക് ഏക സംഘടന ആവശ്യമാെണന്ന് പറഞ്ഞുകൊണ്ട് രംഗത്തുവന്നു വിവിധ സ്ഥലങ്ങളിൽ ഈ ആവശ്യത്തിലൂന്നി സംസാരിക്കുകയും വിവിധപത്രങ്ങളിൽ കുറിപ്പുകൾ എഴുതിനൽകുകയും ചെയ്ത തിരുവിതാംകൂർ നിയമനിർമാണ സഭയിലെ ഒരംഗവുമായിരുന്നു പി.കെ. കുഞ്ഞ്. അദ്ദേഹത്തിന്‍റേതായി ‘മുസ്‌ലിം സംഘടന പ്രശ്നം’ എന്ന തലക്കെട്ടോടു കൂടിയ ഒരു ലേഖനം ‘ഭാരതചന്ദ്രിക ’ പ്രസിദ്ധീകരിക്കുകയുണ്ടായി. 1945 ഏപ്രിൽ 23ന് വന്ന ലേഖനത്തിൽ തിരുവിതാംകൂറിലെ മുസ്‌ലിംകൾക്കായി ഒരു ഏക സംഘടന ആവശ്യമുന്നയിച്ചുകൊണ്ട് എം.എൽ.എമാർ നടത്തിയ അഭ്യർത്ഥന പത്രങ്ങളും ജനങ്ങളും ഏറ്റെടുക്കുകയും അനുകൂലമായ അഭിപ്രായപ്രകടനങ്ങൾ നടത്തിവരുകയും ചെയ്തതാണ് അടിത്തറയാക്കിയത്.
കുഞ്ഞിന്‍റെ ലേഖനം ഇപ്രകാരമായിരുന്നു: “നിലവിലുള്ള വിവിധ സംഘടനകൾ തമ്മിൽ സംയോജിപ്പിക്കുന്നത് എങ്ങനെയെന്നോ, അതിനുള്ള ശ്രമവും ഉത്തരവാദിത്വവും ആരാണ് കയ്യേൽക്കുകയെന്നോ, അത് വിവിധ കക്ഷികളെ സംബന്ധിച്ചിടത്തോളം സ്വീകാര്യമായിരിക്കുമെന്നോ അതിലേക്ക് ആവശ്യമായ പ്രവർത്തന പരിപാടി എങ്ങനെയെന്നോ, വ്യക്തമായി പ്രായോഗികമാംവണ്ണം നിർദ്ദേശിക്കപ്പെട്ടു കാണുന്നില്ല. മജ്‌ലിസ്-ലീഗ് സംയോജന ശ്രമം പരാജയപ്പെട്ടുവെന്നും അവ രണ്ട് ഭിന്ന സംഘടനകളായി സമുദായത്തിന്റെ പേരിൽ നിലകൊള്ളുകയാണെന്നും ഉഭയകക്ഷികളും സംവദിക്കുന്നുണ്ടെങ്കിലും ഈ രണ്ട് സംഘടനകളിലും പങ്കെടുക്കാത്ത ഒരു നല്ല വിഭാഗമാളുകൾ ഇവിടെയുള്ളപ്പോൾ ലീഗ്-മജ്‌ലിസ് സന്ധികൊണ്ട് മാത്രം പ്രശ്നം പരിഹരിക്കപ്പെടുമെന്നു ചിലർ പ്രതീക്ഷിക്കുകയും ചെയ്തുകാണുന്നു.
ഇസ്‌ലാമിക തത്വത്തെ ആശ്രയിച്ച് മഹല്ല് സംഘടനകൾ ഊർജിതപ്പെടുത്തണമെന്ന് ചിലർ, ഇപ്പോഴുള്ളത് പ്രാദേശിക സംഘടനകളെയാണ് പ്രാരംഭമായി സംയോജിപ്പിക്കേണ്ടത് എന്ന് മറ്റൊരു കൂട്ടർ, ഇങ്ങനെ ഭിന്ന അഭിപ്രായങ്ങളും പ്രസ്താവനകളുമായി ഇനിയും ലക്ഷ്യത്തിലെത്താതിരിക്കരുത്. സമുദായ താൽപര്യങ്ങൾക്ക് സാരമായ ദോഷം ചെയ്യുമെന്ന് കാണുന്നതിനാൽ, ഏകസംഘടനാ രൂപവൽക്കരണത്തിന് ചുവടെ കുറിക്കുന്ന നിർദ്ദേശങ്ങൾ അവതരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അത് സ്വീകാര്യവും പ്രായോഗികവും ആണെങ്കിൽ പ്രവർത്തനപരിപാടി പ്രായോഗികമാക്കുന്നതിന് ഒട്ടും അമാന്തിക്കരുതെന്നും ഒരു മുസ്‌ലിം പൊതു സംഘടന ഉടനെ രൂപവൽക്കരിച്ച് പ്രവർത്തനമാരംഭിക്കുന്നതിന് മറ്റേതൊരു പ്രധാന സമുദായത്തെയും ഇതഃപര്യന്തം ബാധിച്ചിട്ടില്ലാത്തതും നമ്മെ മാത്രം അഭിമുഖീകരിക്കുന്നതുമായ ഇന്നത്തെ വികടിതാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകണമെന്നും ഞാൻ അപേക്ഷിക്കുന്നു.”
ഇത്തരത്തിൽ ഒരു അപേക്ഷ നടത്തുന്നതിന് ഇറങ്ങിത്തിരിച്ച നേതാക്കന്മാരുടെ ആവശ്യങ്ങൾകൂടി ഉൾപ്പെടുത്തി ഏകസംഘടന ആവശ്യം ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള നിർദേശങ്ങൾ തന്‍റെ ലേഖനത്തിൽ അദ്ദേഹം അവതരിപ്പിച്ചു: “നിയമസഭയുടെ രണ്ടു മണ്ഡലങ്ങളിലുംകൂടി ഇപ്പോഴുള്ള ഒമ്പത് മുസ്‌ലിം സാമാജികരും ലീഗിന്റെയും മജ്‌ലിസിന്റെയും പ്രസിഡന്റുമാരും ഉൾപ്പെടുന്ന ഒരു കമ്മിറ്റി തൽക്കാലം രൂപവൽക്കരിക്കുകയും ആ കമ്മിറ്റിയിൽനിന്ന് അതിന്‍റെ പ്രവർത്തനത്തിന് ഒരു പ്രസിഡന്‍റിനെയും ഒരു കൺവീനറെയും തിരഞ്ഞെടുക്കുകയും ചെയ്യണം. കമ്മിറ്റിക്ക് യുക്തവും ആവശ്യവും എന്നുകാണുന്ന ഏതെങ്കിലും പ്രാദേശിക സംഘങ്ങളുടെ പ്രതിനിധികളിലും കക്ഷിരഹിതനായി നിൽക്കുന്ന പ്രമുഖന്മാരിലും നിന്ന് ആകെ മൂന്നുപേരെ കൂടി കോഓപ്റ്റ് ചെയ്യാൻ അധികാരം ഉണ്ടായിരിക്കണം.
ഒരു പൊതുസംഘടനയുടെ രൂപവത്കരണത്തിന് കമ്മിറ്റി ഭൂരിപക്ഷ അഭിപ്രായാനന്തരം ചെയ്യുന്ന ഏത് തീരുമാനത്തിനു വിധേയമായിട്ടുള്ളതും അതിലേക്ക് കമ്മിറ്റിയെ അധികാരപ്പെടുത്തുന്നതുമായ ഓരോ നിശ്ചയം മജ്‍ലിസിന്റെയും ലീഗിന്റെയും വർക്കിങ് കമ്മിറ്റികൂടി പാസാക്കി രണ്ടാഴ്ചക്കുള്ളിൽ അറിയിക്കുകയും അതിനുശേഷം കമ്മിറ്റികൂടി സംയോജന കാര്യം അതിനോട് അനുബന്ധിച്ചുള്ള സംഘടന നാമകരണം, നിയമാവലി പാസാക്കൽ, ഇവകൾ തീരുമാനിക്കുകയും ചെയ്യണം. ഈ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ഒരു സ്വീകരണസംഘം രൂപവത്കരിച്ച് അതിന്‍റെ ആഭിമുഖ്യത്തിൽ കമ്മിറ്റിക്കാർ നിശ്ചയിക്കുന്ന സ്ഥലത്ത് വെച്ച് ഒരു മുസ്‌ലിം മഹായോഗം വിളിച്ചുകൂട്ടി അവിടെവച്ച് ഭാരവാഹികളെ തിരഞ്ഞെടുക്കണം. കാര്യക്ഷമതയെ മുൻനിർത്തി അടുത്ത ഒരു വർഷത്തെ പ്രചാരണപ്രവർത്തനത്തിന് ഇപ്പോൾ രൂപവത്കരിക്കുന്ന കമ്മിറ്റി ഭാരവാഹിത്വം വഹിക്കാനും തൽക്കാലം ഇരുകൂട്ടരും സമ്മതിക്കുന്നുവെങ്കിൽ കോൺഫറൻസ് അംഗീകരിക്കുന്നപക്ഷം പുതിയ തെരഞ്ഞെടുപ്പ് ഇല്ലാതാക്കുകയും ചെയ്യുക. ഈ പ്രായോഗികാഭിപ്രായമാക്കി മജ്‍ലിസിന്റെയും ലീഗിന്റെയും ഔദ്യോഗിക തീരുമാനത്തെ ഞാൻ സവിനയം പ്രതീക്ഷിക്കുന്നു.”
ഇത്തരത്തിൽ അക്കാലത്തെ തിരുവിതാംകൂർ സ്റ്റേറ്റ് മുസ്‌ലിം ലീഗ് നേതാവായ പി.കെ. കുഞ്ഞിൽനിന്നും നിർദേശങ്ങൾ പുറത്തുവന്നപ്പോൾ, വിവിധ കോണുകളിൽനിന്നും ചെറുതും വലുതുമായ അഭിപ്രായങ്ങൾ ഉയർന്നുവന്നു. കുഞ്ഞിന്‍റെ പ്രവർത്തനത്തെ അഭിനന്ദിച്ചുകൊണ്ട് ‘സംഘടന നിർദേശം’ എന്ന തലക്കെട്ടിൽ അതേ ലക്കത്തിൽതന്നെ ‘ഭാരതചന്ദ്രിക’ ഒരു മുഖപ്രസംഗം (1945 ഏപ്രിൽ 23) എഴുതുന്നുണ്ട്. അതിൽ അവർ ഊന്നിയത്: ‘‘തിരുവിതാംകൂർ മുസ്‌ലിംങ്ങളുടെ ഏറ്റവും പ്രധാന കർത്തവ്യമായി തീർന്നിരിക്കുന്ന ഏകസംഘടന രൂപവൽക്കരണത്തിന് ജനാബ് പി.കെ. കുഞ്ഞ് അവർകൾ എം.എൽ.എ സ്വന്തമായി ചില നിർദ്ദേശങ്ങൾ സമുദായ സമക്ഷം അവതരിപ്പിച്ചിരിക്കുന്ന അന്യത്ര പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതിലേയ്ക്കു എല്ലാ മുസ്‌ലിംങ്ങളുടെയും ശ്രദ്ധയെ ഞങ്ങൾ ക്ഷണിച്ചുകൊള്ളുന്നു.
ഏകസംഘടന സ്ഥാപനത്തിനുള്ള ശ്രമവും ഉത്തരവാദിത്വവും കയ്യേല്‍ക്കുന്നതിനെക്കുറിച്ചും മറ്റും ധീരവും ഖണ്ഡിതവുമായ വിധത്തിൽ സ്വന്തമായ ഒരു അഭിപ്രായം പ്രകടിപ്പിക്കുന്നതിന് സന്മനസ്സും ധൈര്യവും പ്രകടിപ്പിച്ചതിൽ ഞങ്ങൾ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. രാജ്യത്തിന്‍റെ നാനാഭാഗങ്ങളിൽനിന്നും ജന പ്രതിനിധിസഭകളിൽ മെമ്പന്മാരായി അവരോഹണം ചെയ്യപ്പെട്ടിട്ടുള്ള എല്ലാ മുസ്‌ലിം പ്രതിനിധികളും ഏകോപിച്ചാണ് ഉദിഷ്ടസിദ്ധിക്കുവേണ്ടി മുന്നോട്ടു പ്രവർത്തിക്കേണ്ടതെന്നു ഏതാനും മാസം മുമ്പ് തന്നെ ഞങ്ങൾ ഉദ്ബോധിപ്പിച്ചിട്ടുള്ള അഭിപ്രായത്തോട് അദ്ദേഹം അനുകൂലിച്ചു കാണുന്നു. ഏകസംഘടനയെ സംബന്ധിച്ചു മുമ്പ് അഭ്യർത്ഥന പുറപ്പെടുവിച്ചിരുന്ന മുസ്‌ലിം മെമ്പർമാരുമായി യോജിച്ച് ഈ നിർദേശവും പുറപ്പെടുവിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും അത് ഇനിയും കാലദൈർഘ്യത്തിനിടയാകുമെന്നതിനാലാണ് ഇയൊരു പ്രസ്താവന അദ്ദേഹം നടത്തുന്നത്.’’
‘ഭാരതചന്ദ്രിക’യിൽ ഇത്തരത്തിൽ ഒരു അഭ്യർഥനയും അതിനെ ഉല്ലംഘിച്ചുകൊണ്ടുള്ള മുഖപ്രസംഗവും വന്നതോടുകൂടി അതിനുള്ള മറുപടി വിവിധ സ്ഥലങ്ങളിൽ വന്നുതുടങ്ങി. വടക്കൻ തിരുവിതാംകൂറിലെ ആലുവയിൽ മജ്‍ലിസ് യൂനിയൻ സെക്രട്ടറിയായിരുന്ന പി.എം. ഇബ്രാഹിം തയാറാക്കി ‘ഭാരതചന്ദ്രിക’ക്ക് അയച്ചുകൊടുത്ത ഒരു കുറിപ്പിൽ ഏക മുസ്‌ലിം സംഘടന രൂപവത്കരിക്കുന്നത് സംബന്ധിക്കുന്ന കുഞ്ഞിന്‍റെ ലേഖനത്തിൽ വരുന്ന പ്രസ്തുത സംഘടനയുടെ തുടർച്ച എങ്ങനെയായിരിക്കണമെന്ന് പ്രസ്താവിച്ചു കാണുന്നു: “ഏക മുസ്‌ലിം സംഘടനയെ കുറിച്ച് പി.കെ. കുഞ്ഞു സാഹിബ് പ്രസിദ്ധീകരിച്ചിട്ടുള്ള നിർദ്ദേശങ്ങൾ പൊതുവേ തൃപ്തികരമായിട്ടുണ്ട്. എങ്കിലും അതിൽ അൽപം ചില ഭേദഗതികൾകൂടി വരുത്തിയാൽ കൊള്ളാമെന്നാഗ്രഹിക്കുന്നു.
അതായത് കുഞ്ഞു സാഹിബിന്റെ നിർദേശംപോലെ തന്നെ നിയമസഭാ സമാജികന്മാരായ 9 അംഗങ്ങളും ലീഗ്-മജ്‌ലിസ് പ്രസിഡന്‍റുമാരും ഉണ്ടായിരിക്കുന്നതോടുകൂടി ഉത്തര തിരുവിതാംകൂർ സ്റ്റേറ്റ് മുസ്‌ലിം ലീഗ്, ചിറയിൻകീഴ് താലൂക്ക് സമാജം, ലജ്നത്തുൽ മുഹമ്മദിയ എന്നീ മൂന്ന് സ്ഥാപനങ്ങളുടെ പ്രസിഡന്റുമാരോ, അവർ അധികാരപ്പെടുത്തുന്ന പ്രതിനിധികളോ ഇവരും തിരുവിതാംകൂറിലെ മറ്റുള്ള പ്രാദേശിക സംഘടനകളുടെ പ്രതിനിധികളായി കോ-ഓപ്റ്റ് ചെയ്യപ്പെടുന്ന ഏഴ് പേരും ഉൾപ്പെടെ 21 പേർ അടങ്ങിയ ഒരു കോൺഫറൻസ് നടത്തണമെന്നുള്ളതാണ്. ഈ കോൺഫറൻസ് വിളിക്കേണ്ടത് അതിലേക്ക് വേണ്ടുന്ന സ്ഥലവും സമയവും നിശ്ചയിക്കേണ്ടതും ഏഴുപേരെ നോമിനേറ്റ് ചെയ്യേണ്ടതും ആദ്യ പ്രസ്താവന കർത്താക്കളായ നാല് നിയമസഭാ സാമാജികർതന്നെയായിരിക്കേണ്ടതും ആകുന്നു.”56
ഇത്തരത്തിൽ വരുന്ന നിർദേശങ്ങൾ പല നേതാക്കന്മാരെ ഏറ്റെടുത്ത് അംഗീകരിച്ചു വരുന്നതായി കാണാമായിരുന്നു. ഇക്കാലത്ത് നടന്നുവന്ന പ്രധാനപ്പെട്ട എല്ലാ സമുദായ സമ്മേളനങ്ങളിലും ഏകമുസ്‌ലിം സംഘടന എന്ന ആവശ്യമുയർന്നു കേൾക്കാമായിരുന്നു. അഖിലേന്ത്യ തലത്തിൽ പ്രവർത്തിച്ചുവന്നിരുന്നവർപോലും ഇക്കാര്യത്തിൽ തിരുവിതാംകൂർ മുസ്‍ലിംകൾ അനുകൂലനിലപാട് സ്വീകരിക്കണമെന്ന അഭിപ്രായം പ്രകടിപ്പിക്കുന്ന നിലയിലേക്കുമെത്തി. 1120 മേടം 26ന് ആലപ്പുഴയിൽ ചേർന്ന മുസ്‌ലിം യുവജന സമിതിയുടെ (യങ് മുസ്‌ലിം അസോസിയേഷൻ) നാലാം വാർഷിക സമ്മേളനത്തിൽ അധ്യക്ഷനായി എത്തിയത് അഖിലേന്ത്യാ മുസ്‌ലിം ലീഗിന്റെ വർക്കിങ് കമ്മിറ്റി മെംബറും മദ്രാസിലെ അസംബ്ലി അംഗവുമായിരുന്ന ഹാജി അബ്ദുൽ സത്താർ ഹാജി ഇസ്ഹാഖ് ആയിരുന്നു.
അദ്ദേഹം അവിടെ നടത്തിയ ഏകസംഘടനയുടെ ആവശ്യത്തിൽ ഊന്നി നിന്നുള്ള പ്രസംഗത്തിന്‍റെ ഭാഗങ്ങൾ ‘ഭാരതചന്ദ്രിക’ പ്രസിദ്ധീകരിച്ചിരുന്നു: “നാട്ടുരാജ്യ മുസ്‌ലിംങ്ങളുടെ രാഷ്ട്രീയകാര്യത്തിനു വേണ്ടി സർവേന്ത്യാ സ്റ്റേറ്റ് മുസ്‌ലിം ലീഗ് എന്ന പേരിൽ ഒരു സംഘം സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, നിങ്ങളോടും നിങ്ങൾ മുഖേന ഈ രാജ്യത്തെ മുസ്‌ലിംങ്ങളോടും ഞാൻ അഭ്യർത്ഥിക്കുന്നു, നിങ്ങൾ ആരുംതന്നെ തിരുവിതാംകൂറിൽ പാകിസ്ഥാന് വേണ്ടി പ്രക്ഷോഭണം നടത്തരുതെന്നാകുന്നു. നിങ്ങൾക്ക് വേണ്ടത് ഒരു പൊതു സംഘടനയാകുന്നു; ആ സംഘടന സർവ്വേന്ത്യ സ്റ്റേറ്റ് മുസ്‌ലിം ലീഗുമായി സംഘടിക്കണമെന്ന് ഞാൻ പറയുന്നില്ല. അതിന് സ്റ്റേറ്റ് മുസ്‌ലിം ലീഗ് എന്ന് നാമകരണം ചെയ്യണമെന്നും ഞാൻ പറയുന്നില്ല. ഏത് പേരിലെങ്കിലും അറിയപ്പെടുന്ന ഒരു ഏക സംഘടന ഇവിടെ ഉണ്ടാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അതിന്‍റെ ആലോചന ഇവിടെ എത്രയും സജീവമായ നിലയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നതെന്ന് കാണുന്നതിൽ ഞാൻ അതിയായി സന്തോഷിക്കുന്നു.”57
ആ സമ്മേളനത്തിൽ സംസാരിച്ച പി.കെ. കുഞ്ഞ്, പി.എസ്. മുഹമ്മദ്, കെ.എ. മുഹമ്മദ്, വി.എ. അബ്ദുൽ അസീസ്, എ.എം. മുഹമ്മദ് ഷാഫി (സാരസൻ പത്രാധിപർ) തുടങ്ങിയവർ തിരുവിതാംകൂർ മുസ്‌ലിംങ്ങൾ ഒരു ഏകസംഘടനയുടെ കീഴിൽ അണിനിരക്കേണ്ടതിനെക്കുറിച്ച് ഊന്നൽ നൽകി. തുടർന്ന് ഇതിനായി കൊല്ലത്ത് വെച്ച് ഒരു കോൺഫറൻസ് ഉടനെ കൂടുന്നതാണെന്നും അതിൽ പി. എസ്. മുഹമ്മദ് മുന്നോട്ടു വച്ച തീരുമാനപ്രകാരം ചർച്ചകൾ നടത്തുന്നതിനുള്ള തീയതിയും നിശ്ചയിച്ചിട്ടുണ്ടെന്നും സുലൈമാൻ സേട്ട് അഭിപ്രായം പ്രകടിപ്പിച്ചു. ഈ സമ്മേളനം ഒരു ഏക സംഘടനയുടെ ആവശ്യകതയിൽ പ്രമേയവും പാസാക്കിയാണ് പിരിഞ്ഞത്.
ഇക്കാലത്ത് പി.കെ. കുഞ്ഞും പി.എസ്. മുഹമ്മദും ഏക സംഘടന എന്ന ആശയത്തെ മുൻനിർത്തി രണ്ട് തീരുമാനങ്ങൾ മുന്നോട്ടുെവച്ചിരുന്നു. അതിൽ സ്റ്റേറ്റ് മുസ്‌ലിം ലീഗിന്‍റെ പ്രസിഡന്‍റായ പി.എസ്. മുഹമ്മദ് മുന്നോട്ടുെവച്ച നിർദേശങ്ങൾ ‘ലീഗ്-മജ്‌ലിസ് സംയോജനം ഏക സംഘടനയുടെ അടിസ്ഥാനം’ എന്ന തലക്കെട്ടിൽ തന്നെ ‘ഭാരതചന്ദ്രിക’ പ്രസിദ്ധീകരിച്ചു: “തിരുവിതാംകൂറിലെ മുസ്‌ലിംങ്ങൾ ഒരു ഏകസംഘടനയെ സ്വാഗതംചെയ്യുവാൻ തയ്യാറായി കഴിഞ്ഞിരിക്കുന്നു എന്നുള്ളത് ‘കേരളകൗമുദി’യുടെയും ചില മുസ്‌ലിം പത്രങ്ങളുടെയും പംക്തികൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു ഏകസംഘടനയുടെ രൂപീകരണത്തിനായി പല മാന്യന്മാരും വിവിധ പ്രായോഗികപദ്ധതികളെ പൊതുജനം മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്.
ഈ പദ്ധതികളെക്കുറിച്ച് പൊതുവേ ആലോചിച്ച് ഏതെങ്കിലും ഒരു പദ്ധതി വേണ്ട ഭേദഗതികളോട് കൂടി സ്വീകരിച്ച് ലീഗിന്റെയും മജ്‌ലിസിന്റെയും അംഗീകാരം നേടി, ഒരു പൊതുകോൺഫറൻസ് വിളിച്ചുകൂട്ടുന്നതിനുള്ള കാര്യപരിപാടി സൃഷ്ടിക്കുന്നതിനുള്ള പ്രാരംഭാലോചനകൾക്കായി കുറേ സുഹൃത്തുക്കളെ മജ്‌ലിസ് പ്രസിഡണ്ടായ തങ്ങൾ കുഞ്ഞു മുസ്‌ലിയാരും ഞാനും കൂടി കൊല്ലത്തേക്ക് ക്ഷണിച്ചിട്ടുണ്ട്. അതിനുള്ള സൗകര്യങ്ങൾ കൊല്ലം ടി.ബിയിൽ ഏർപ്പാട് ചെയ്യാമെന്നും തീർച്ചപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും ഒരു സംഗതി മുമ്പോട്ട് പോകണമെങ്കിൽ പ്രസംഗങ്ങളും പത്രപ്രസ്താവനകളും കൊണ്ട് മാത്രം സാധിക്കുന്നതല്ലല്ലോ? ചിലർ പ്രാരംഭത്തിൽ പ്രവൃത്തി പദ്ധതിക്ക് മാർഗം തുറക്കേണ്ടിയിരിക്കുന്നു.
ആ ചുമതല ലീഗിന്റെയും മജ്‌ലിസിന്റെയും പ്രസിഡന്റുമാർ എന്ന പേര് ചുമക്കുന്ന ഞങ്ങൾ തന്നെ ചെയ്യണമെന്നുള്ളതിനാണ് അതിനായി മുന്നോട്ടുവന്നിട്ടുള്ളത്... പുതിയ സംഘടനയിൽ ഞങ്ങൾ രണ്ടുപേരും യാതൊരു ഔദ്യോഗിക സ്ഥാനത്തെയും ആഗ്രഹിക്കുന്നില്ലെന്നും അതിലേക്കായി ഞങ്ങൾ ആരെയും പ്രേരിപ്പിക്കുന്നതും അല്ലെന്നും തുറന്നു പറയുകയാണ്... മുസ്‌ലിയാരും ഞാനും നടത്തിയ സംഭാഷണത്തിൽ അദ്ദേഹത്തിന് ഔദ്യോഗിക സ്ഥാനങ്ങളിൽ ആഗ്രഹമില്ലയെന്നു ഞാൻ മനസ്സിലാക്കി കഴിഞ്ഞിട്ടുണ്ട്. സമുദായത്തിന്റെ സാമ്പത്തിക ഉന്നമനത്തിനായുള്ള സൃഷ്ടിപരമായ ചില പദ്ധതികൾ അദ്ദേഹത്തിന്റെ ഹൃദയത്തിലുണ്ട്. അതിനായി തന്റെ സമയത്തിൽ ഒരുഭാഗം സമുദായ സ്നേഹികൾ സഹകരിക്കുന്ന പക്ഷം അദ്ദേഹം വിനിയോഗിക്കുന്നതാണെന്നും എന്നോട് തുറന്നു പറഞ്ഞിട്ടുണ്ട്.”58
ഇത്തരത്തിൽ ഏകീകരണത്തിനും ഏകസംഘടന എന്ന ആശയത്തിനു വേണ്ടി രണ്ടു സംഘടനകളുടെ അധ്യക്ഷന്മാർ മുൻകൈയെടുത്തു മുന്നോട്ടുപോകയുണ്ടായി. ഈ അവസരത്തിൽ, 1945 മേയ് 22ന് ‘ഭാരതചന്ദ്രിക’യുടെ മുഖപ്രസംഗത്തിൽ ലീഗ്-മജ്‍ലിസ് സംയോജനത്തെ തുടർന്ന് രണ്ട് സംഘടനകളിൽനിന്നുള്ളവർക്ക് മാത്രം പ്രാതിനിധ്യം നൽകി വരാതെ പ്രാദേശികമായി നിലനിന്നുവരുന്ന മുസ്‌ലിം സംഘടനകളെ കൂടി ഉൾപ്പെടുത്തിക്കൊണ്ടു വേണം ഏകസംഘടന എന്ന നിലയിലേക്ക് വരേണ്ടതെന്ന നിലപാട് പത്രാധിപ വ്യക്തമാക്കുന്നുണ്ട്: “ലീഗിലും മജ്‍ലിസിലും ഉൾപ്പെടാത്ത ഭൂരിഭാഗം മുസ്‌ലിംങ്ങൾ തിരുവിതാംകൂറിലുണ്ടല്ലോ! അങ്ങനെയിരിക്കെ ലീഗ്-മജ്‍ലിസ് സംയോജനംകൊണ്ടു മാത്രം സമുദായത്തിന്റെ എല്ലാ വിഷമതകളും പരിഹരിക്കപ്പെടുകയില്ല. കോ-ഓപ്റ്റ് ചെയ്യാൻ അധികാരമുള്ള കമ്മിറ്റി അവരുടെ പരിപൂർണ കഴിവുകൾ ഈ വിഷയത്തിൽ ഉപയോഗിച്ചുകൊണ്ട് പുരോഗമനോന്മുഖമാക്കുകയും കമ്മിറ്റിയിൽ ഏതെങ്കിലും ഒരു വിഭാഗം (പ്രാദേശിക സംഘടന) പ്രതിനിധീകരിക്കപ്പെടാതിരിക്കുന്നത് ആപത്കരമായിരിക്കും. നമ്മുടെ ഉദ്ദേശ്യം ഏകസംഘടനയാണ് എന്നുള്ള പരാമർശം വിസ്മരിച്ചുകൂടാത്തതാണ്. ആയതിനാൽ പരമമായ യാഥാർത്ഥ്യത്തെ മുൻനിർത്തി കമ്മിറ്റി പ്രവർത്തിച്ചു കാണാൻ ആഗ്രഹിക്കുന്നു.”59
ഇത്തരത്തിൽ മജ്‌ലിസ്-ലീഗ് സംയോജനം എന്നതിനേക്കാൾ ഏകരൂപത്തിലുള്ള സമുദായ സംഘടന രൂപവത്കരണമാണ് ‘ഭാരതചന്ദ്രിക’യും അതിന്‍റെ പത്രാധിപയായ ഹലീമാ ബീവിയും മുന്നോട്ടുവെക്കുന്നത്. തുടർന്നുവന്ന ലക്കത്തിൽ തന്നെ 1120 മേടം 31ന് കൊല്ലത്ത് കൂടിയ ലീഗ്-മജ്‌ലിസ് ആലോചനായോഗത്തിന്റെ റിപ്പോർട്ടിങ് വന്നിരുന്നു. മജ്‌ലിസ് പ്രസിഡന്‍റ് തങ്ങൾ കുഞ്ഞു മുസ്‍ലിയാരുടെ അധ്യക്ഷതയിൽ കൊല്ലത്തെ ട്രാവലേഴ്സ് ബംഗ്ലാവിൽ സംബന്ധിച്ച ഇരു സംഘടനയിൽനിന്നുമുള്ള പതിനഞ്ച് അംഗങ്ങൾമാത്രം അടങ്ങുന്ന ചെറിയ സദസ്സ് ഏകസംഘടനയുടെ രൂപവത്കരണവും മുന്നോട്ടുള്ള ഗതിയെക്കുറിച്ചും ചർച്ച നടത്തി. അതിൽ ഉരുത്തിരിഞ്ഞു വന്ന ചില തീരുമാനങ്ങൾ ‘ഭാരതചന്ദ്രിക’ റിപ്പോർട്ട് ചെയ്തു. അതിൽനിന്ന് വായിച്ചെടുക്കാൻ കഴിഞ്ഞത്, ഏകസംഘടന രൂപവത്കരണത്തിനുള്ള നടപടികൾ മൂന്നുമാസത്തികം പൂർത്തീകരിക്കുന്നതിനും കൂടുതൽ അംഗങ്ങളെ കോ-ഓപ്റ്റ് ചെയ്യുന്നതിനും അധികാരപ്പെടുത്തി ഒരു കമ്മിറ്റിയെ നിയമിച്ചു.
തിരുവിതാംകൂർ നിയമനിർമാണ സഭയിലെ മുസ്‍ലിം സാമാജികന്മാരും മജ് ലിസിന്റെയും സ്റ്റേറ്റ് മുസ്‌ലിം ലീഗിന്റെയും വർക്കിങ് കമ്മിറ്റി മെമ്പർമാരുമാണ് പ്രസ്തുത കമ്മിറ്റി അംഗങ്ങളായി ഉണ്ടായിരുന്നത്. അതിന്‍റെ കൺവീനറായി നിയമസഭാംഗമായിരുന്ന കെ. ഷാഹുൽ ഹമീദിനെയും നിശ്ചയിച്ചു. ഏകസംഘടന ശ്രമത്തെ സ്വാഗതം ചെയ്തും, സംയോജന കമ്മിറ്റിയുടെ നിർദേശങ്ങളും പരിപൂർണമായി സഹകരിച്ചുകൊള്ളാമെന്നു വാഗ്ദാനം ചെയ്തുകൊണ്ട് മജ്‌ലിസും സ്റ്റേറ്റ് മുസ്‌ലിം ലീഗും പ്രമേയങ്ങൾ പാസാക്കി പ്രസ്തുത കമ്മിറ്റിയെ ഒരു മാസത്തിനകം അറിയിക്കണമെന്ന് കൺവീനർ അഭ്യർഥിച്ചു. അതിനുശേഷമായിരിക്കും സംയോജന കമ്മിറ്റിയുടെ സംയുക്ത സമ്മേളനം വിളിച്ചുചേർക്കുന്നത്. ആ സമ്മേളനത്തിൽ നിലവിലിരിക്കുന്ന എല്ലാ മുസ്‌ലിം പ്രാദേശികസംഘങ്ങൾക്കും കഴിയുന്നത്ര പ്രാധാന്യം കൊടുത്തുകൊണ്ട് സംയോജന പ്രഖ്യാപനം നടത്തി ഏകസംഘടന രൂപവത്കരിക്കുന്നതിനുള്ള നിയമാവലികളും ഔദ്യോഗിക ഭാരവാഹികളെയും തിരഞ്ഞെടുക്കുന്നതുമാണെന്ന റിപ്പോർട്ടിങ്ങുണ്ടായി.
തുടർന്ന് ലീഗിന്റെയും മജിലിസിന്റെയും വർക്കിങ് കമ്മിറ്റി ചേർന്ന് 21 പേരുടെ വിവരങ്ങൾ തയാറാക്കി കൺവീനർ അയച്ചുകൊടുത്തതായി ‘ഭാരതചന്ദ്രിക’ ലക്കം 21ൽ റിപ്പോർട്ട് ചെയ്യുന്നു. മാത്രമല്ല, സംയോജനത്തിനുള്ള സകല ചുമതലയും ലീഗിന്‍റെ പ്രസിഡന്‍റ് പി.എസ്. മുഹമ്മദ് ഏൽപ്പിച്ചതായും കൺവീനർക്ക് അറിയിപ്പ് ലഭിച്ചു. അതോടൊപ്പം, 1120 മേടം 28ന് കൊല്ലത്ത് കൂടിയ മജ്‌ലിസിന്റെ സെൻട്രൽ കമ്മിറ്റി ലയനം സംബന്ധിച്ച വിവരങ്ങൾ കൺവീനർ ഷാഹുൽ ഹമീദിനെ അറിയിച്ചു.
(തുടരും)
കുറിപ്പ്
55. പ്രഭാതം, കൊല്ലം, 1945 ഏപ്രിൽ 1
56. ഭാരതചന്ദ്രിക, വാല്യം: 2 , ലക്കം: 5, 1120 മേടം 25 / 1945 മേയ് 7
57. ഭാരതചന്ദ്രിക, വാല്യം: 2, ലക്കം: 17, 1120 ഇടവം 9 / 1945 മെയ് 22
58. ഭാരതചന്ദ്രിക, വാല്യം: 2, ലക്കം: 17, തിരുവല്ല, 1120 ഇടവം 9 / 1945 മേയ് 22
59. ഭാരതചന്ദ്രിക, വാല്യം: 2, ലക്കം 17, 1120 ഇടവം 9
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.