പൗരോഹിത്യത്തോടുള്ള വെല്ലുവിളി
അധ്യായം -20 മുസ്ലിം കുടുംബങ്ങളിൽ നിലനിന്നിരുന്ന അന്ധവിശ്വാസത്തിൽ അധിഷ്ഠിതമായ മാമൂലുകൾക്കെതിരെ ശബ്ദിച്ച ഹലീമാ ബീവി സ്ത്രീയുടെ വസ്ത്രധാരണത്തിലെ പൗരോഹിത്യ ഇടപെടലുകളെയും ശക്തമായി വിമർശിച്ചു. കറുത്ത വസ്ത്രത്തിനുള്ളിൽ ഒതുങ്ങിക്കൂടേണ്ടവളല്ല സ്ത്രീയെന്ന് അവർ പ്രസംഗിച്ചു. അതുകൊണ്ടുതന്നെ എതിർശബ്ദങ്ങളും അവർക്കെതിരെ ആഞ്ഞുവീശിക്കൊണ്ടിരുന്നു. വളരെ ചെറുപ്പത്തിൽതന്നെ പൗരോഹിത്യത്തിന്റെ കടന്നുകയറ്റത്തിന് എതിരെ ശക്തമായ ആശയപ്രചാരണം നടത്താൻ ഹലീമാ ബീവി ശ്രമിച്ചിട്ടുണ്ട്. ലോകത്തിന്‍റെ വിവിധഭാഗങ്ങളിൽ സംഭവിച്ച രാഷ്ട്രീയബന്ധങ്ങൾ മുസ്ലിം ലോകത്തും വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരുന്ന...
അധ്യായം -20
മുസ്ലിം കുടുംബങ്ങളിൽ നിലനിന്നിരുന്ന അന്ധവിശ്വാസത്തിൽ അധിഷ്ഠിതമായ മാമൂലുകൾക്കെതിരെ ശബ്ദിച്ച ഹലീമാ ബീവി സ്ത്രീയുടെ വസ്ത്രധാരണത്തിലെ പൗരോഹിത്യ ഇടപെടലുകളെയും ശക്തമായി വിമർശിച്ചു. കറുത്ത വസ്ത്രത്തിനുള്ളിൽ ഒതുങ്ങിക്കൂടേണ്ടവളല്ല സ്ത്രീയെന്ന് അവർ പ്രസംഗിച്ചു. അതുകൊണ്ടുതന്നെ എതിർശബ്ദങ്ങളും അവർക്കെതിരെ ആഞ്ഞുവീശിക്കൊണ്ടിരുന്നു.
വളരെ ചെറുപ്പത്തിൽതന്നെ പൗരോഹിത്യത്തിന്റെ കടന്നുകയറ്റത്തിന് എതിരെ ശക്തമായ ആശയപ്രചാരണം നടത്താൻ ഹലീമാ ബീവി ശ്രമിച്ചിട്ടുണ്ട്. ലോകത്തിന്‍റെ വിവിധഭാഗങ്ങളിൽ സംഭവിച്ച രാഷ്ട്രീയബന്ധങ്ങൾ മുസ്ലിം ലോകത്തും വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരുന്ന അക്കാലത്ത് പൗരോഹിത്യത്തിൽ വന്നുചേർന്ന കുഴപ്പങ്ങളെയും ചിന്തകളെയും സ്ത്രീപക്ഷ കാഴ്ചപ്പാടിൽ അവർ പരിശോധിക്കുന്നുണ്ട്. ഒപ്പംതന്നെ, മുസ്ലിം സമുദായത്തിന്റെ പിന്നാക്കത്തിനുള്ള പ്രധാന കാരണങ്ങളിലൊന്ന് പൗരോഹിത്യത്തിന്റെ കടന്നുകയറ്റമാണെന്നും അതിലൂടെ സമുദായ പുരോഗതി അസാധ്യമായി മാറുന്ന സമകാലിക സന്ദർഭമാണുള്ളതെന്നും അവർ തുറന്നുപറയുന്നുണ്ട്:
“ഒന്നാം ലോകമഹായുദ്ധത്തോട് കൂടി മുസ്ലിം രാഷ്ട്രങ്ങളുടെയും സമുദായത്തിന്റെയും തലക്കിട്ട് ഏറ്റ കനത്ത പ്രഹരത്തിന്റെ ഫലമായി പിന്നീടുണ്ടായ നവോത്ഥാനത്തിന്റെ പിന്നിൽ സ്ത്രീ സമുദായത്തിന്റെ ദുരിതപൂരിതമായ ജീവിതത്തിന് മാറ്റം എവിടെയും ദൃശ്യമായി തുടങ്ങി. ഈ പ്രതിഫലനത്തിന്റെ നേരിയ വെളിച്ചം നമ്മുടെ കേരളത്തിലും പ്രകാശിക്കാതിരുന്നില്ല. ഇന്ത്യയിൽ പൊതുവേയും കേരളത്തിൽ പ്രത്യേകിച്ചും മുസ്ലിം സ്ത്രീകളുടെ അധഃപതനത്തിന് മറ്റൊരു കാരണവും കൂടിയുണ്ട്. മറ്റെല്ലാ രാജ്യങ്ങളെയും അപേക്ഷിച്ച് പൗരോഹിത്യത്തിന് ഏറ്റവും പ്രാബല്യമുള്ള ഒരു രാജ്യമാണ് ഇന്ത്യ. ഇസ്‌ലാമിൽ പൗരോഹിത്യത്തിന് സ്ഥാനമില്ലെങ്കിലും മുസ്ലിംകളുടെ ഇടയിൽ പൗരോഹിത്യം നിലനിർത്തേണ്ടത് മുസ്ലിം പണ്ഡിതന്മാരിൽ ഒരു വിഭാഗത്തിന്റെ അനിവാര്യമായ ആവശ്യമായിരുന്നു...
പൗരോഹിത്യത്തിനും മത നേതൃത്വത്തിനും വിഹാരം ചെയ്യാനുള്ള സുഗമമായ രംഗം മൂഢമതികളുടെ മധ്യത്തിലാണ് എപ്പോഴും കണ്ടുവരുന്നത്. മുസ്ലിം സമുദായത്തിന്റെ പകുതി ഭാഗം വരുന്ന സ്ത്രീകൾ അജ്ഞരും സംസ്കാരശൂന്യരുമായ, അകത്തമ്മമാരായി തീർന്നാൽ പൗരോഹിത്യവും അവരുടെ കപോലകൽപിതങ്ങളായ അനാചാര നടപടികളും അവർ താലോലിച്ചു വളർത്തിക്കൊള്ളും... കേരളത്തിലെ മുസ്ലിം സ്ത്രീകൾ മാത്രമല്ല, പുരുഷന്മാർപോലും പിന്നാക്ക സമുദായ പട്ടികയിൽ സ്ഥാനം പിടിച്ചതിന്റെ ഏറ്റവും ശരിയായ കാരണം ഈ പശ്ചാത്തലത്തിൽനിന്നാണ് ഉടലെടുത്തത്.”71
അവരില്ലെങ്കിൽ മുസ്ലിം സമുദായം അറബിക്കടലിൽ മുങ്ങിപ്പോകുമോ?
യൗവനകാലത്ത് തന്നെ സ്ത്രീ വിദ്യാഭ്യാസത്തെയും സ്ത്രീകൾ കീഴ്പ്പെട്ടുനിൽക്കേണ്ടവരാണ് എന്നുള്ള വാദത്തെയും ഉയർത്തിക്കാണിക്കുന്ന പരമ്പരാഗതവാദികളെ വെല്ലുവിളിക്കാനുള്ള ധൈര്യം ഹലീമാ ബീവി പ്രകടിപ്പിച്ചിരുന്നു. ഒരിക്കൽ സ്ത്രീ വിദ്യാഭ്യാസത്തെ എതിർത്തുകൊണ്ടും ഇസ്ലാമിക ആശയങ്ങളിൽനിന്ന് മാറി മാമൂലുകൾ മുറുകെ പിടിക്കണമെന്ന് ഉണർത്തിച്ചുകൊണ്ടും, തന്‍റെ നാട്ടിൽ നടന്ന ഒരു രാപ്രസംഗത്തിലെ മതപണ്ഡിതനോട് ഹലീമാ ബീവി ഉൾപ്പെടെയുള്ള നിരവധി വനിതകൾ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. എന്നാൽ, അവർ എഴുതി നൽകിയ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ അദ്ദേഹം തയാറായതുമില്ല. അതിന് ബദലായി ഉൽപതിഷ്ണുക്കളായ ഒരുകൂട്ടം പണ്ഡിതന്മാരെ കൊണ്ടുവന്ന് അതേ സ്ഥലത്ത് ഒരു പരിപാടി സംഘടിപ്പിക്കാൻ അവർ തയാറായതായും വിവരിക്കുന്നുണ്ട്.72
സമുദായത്തിൽ അന്തർലീനമായിരിക്കുന്ന സ്ത്രീവിദ്യാഭ്യാസ നിരാസം, അഭിലഷണീയമായ ആചാരമര്യാദകൾ, വിവിധതരത്തിലുള്ള പൗരോഹിത്യ ഇടപെടലുകൾ, മതനിഷ്ഠകളുടെ പേരിൽ അവസരസമത്വം നിഷേധിക്കൽ എന്നിവക്കെതിരെയെല്ലാം അവർ തന്റെ തൂലിക ചലിപ്പിച്ചിട്ടുണ്ട്. മുസ്ലിം സ്ത്രീകളെ എഴുത്തുപഠിപ്പിക്കാൻ പാടില്ലായെന്ന നിലയിൽ കേരളത്തിലെ പരമ്പരാഗത പുരോഹിത സംഘങ്ങൾ ആഹ്വാനം (ഫത് വ) നടത്തിയ കാലം. അത് സംബന്ധമായി ഹലീമാ ബീവി എഴുതിയ ലേഖനത്തിലെ വാചകങ്ങളാണ് തലക്കെട്ടായി നൽകിയിരിക്കുന്നത്.
തങ്ങൾക്ക് ഇടപെടാൻ കഴിയുന്ന പള്ളികളിലും, രാപ്രസംഗങ്ങളിലും ഇത്തരക്കാർ പിന്തിരിപ്പൻ ആശയങ്ങൾ പറഞ്ഞുവരുന്നതിന് പുറമെ, തങ്ങൾക്ക് സ്വാധീനമുള്ള പത്രമാധ്യമങ്ങളും ഉപയോഗിക്കാൻ തുടങ്ങിയതാണ് അവരെ കൂടുതൽ ചൊടിപ്പിച്ചത്. മുസ്ലിം സമുദായത്തിലെ സ്ത്രീകളോടുള്ള ഒരു വെല്ലുവിളിയായിതന്നെ അവരതിനെ കണ്ടു. ഇത്തരം പരസ്യ പ്രചാരണങ്ങളെ എതിർത്തുകൊണ്ട് ഹലീമാ ബീവി എഴുതി: “...അവയിൽ പലതും ബാലിശങ്ങളും അനാവശ്യങ്ങളുമായിരുന്നു. വാദപ്രതിവാദത്തിന് നിൽക്കുന്നവർ അത് സമ്മതിക്കുകയില്ല. അവരില്ലെങ്കിൽ അവരുടെ ലേഖനം ഇല്ലെങ്കിൽ മുസ്ലിം സമുദായം അറബിക്കടലിൽ മുങ്ങിപ്പോകുമെന്നാണ് അവരുടെ വിശ്വാസം.”73 അക്കാലത്ത് ഇത്തരത്തിൽ എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയും പ്രതികരിക്കാൻ യത്നിച്ച സ്ത്രീകൾ മുസ്ലിം സമുദായത്തിൽ അപൂർവമായിരുന്നു.
മുസ്ലിം സ്ത്രീകളുടെ ഇടയിലെ അന്ധവിശ്വാസത്തിനെതിരെ
ഹലീമാ ബീവിയുടെ നിരീക്ഷണത്തിൽ, മുസ്ലിം കുടുംബങ്ങളിൽ നിലനിന്നിരുന്ന അന്ധവിശ്വാസത്തിൽ അധിഷ്ഠിതമായ എല്ലാ മാമൂലുകളുടെയും മൊത്തക്കച്ചവടക്കാർ സ്ത്രീകളായിരുന്നു. സമ്പന്ന-ദരിദ്ര കുടുംബങ്ങളെന്ന് അതിന് ഭേദവും ഇല്ലായിരുന്നു. വിശ്വാസത്തിൽ അധിഷ്ഠിതമായതും മാമൂൽപ്രിയം നിമിത്തം തുടർന്നു വരുന്നതുമായ എല്ലാ കൊള്ളരുതായ്മകളെയും വിമർശിക്കുന്നതിന് അവർ തയാറായി.
അതിൽ ഭൗതികജീവിതത്തിന്റെ പളപളപ്പ് മുതൽ ആത്മീയ ജീവിതത്തിന്റെ പരിേതാവസ്ഥ വരെ ഉൾക്കൊണ്ടിരുന്നു. ഒരു കുട്ടിയുടെ ജനനം മുതൽ മരണം വരെയുള്ള എല്ലാ ആചാരാനുഷ്ഠാനങ്ങളിലും കഷ്ടത അനുഭവിച്ചു വന്നിരുന്നത് അവിടങ്ങളിലെ സ്ത്രീകളായിരുന്നു. ആയതിനാൽ മുസ്ലിം ഭവനങ്ങൾക്കുള്ളിൽ സ്ത്രീകളുടെ കാർമികത്വത്തിൽ നടന്നുവന്നിരുന്ന അന്ധവിശ്വാസ ജടിലവും തദ്ദേശീയമായി കടന്നുകൂടിയതുമായ പലതും വിമർശിക്കപ്പെടേണ്ടതാണെന്ന് ചിന്ത ഹലീമാ ബീവിയിൽ കടന്നുകൂടിയിരുന്നു.
മുസ്ലിം സ്ത്രീകളുടെ ഇടയിൽ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളെ നിശിതമായ ഭാഷയിൽ വിമർശിക്കുന്നതിന് തന്റെ ലേഖനങ്ങളും പ്രസംഗങ്ങളും അവർ പ്രയോജനപ്പെടുത്തി. ഏകദൈവ വിശ്വാസികളെന്നഭിമാനിക്കുന്ന മുസ്ലിംകൾ തങ്ങളുടെ വിശ്വാസത്തിൽനിന്ന് വ്യതിചലിച്ച് പോകുന്ന, പ്രത്യേകിച്ചും സ്ത്രീകളുടെ ഇടയിലെ, വിവിധ സന്ദർഭങ്ങളെ പരിഷ്കരണാശയക്കാരിയെന്ന നിലക്ക് വിലയിരുത്തുകയും അക്കാലത്ത് മുസ്ലിം സ്ത്രീകളുടെ ഇടയിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന പല അനാചാരങ്ങളെയും അവർ തുറന്ന് എതിർക്കുകയും ചെയ്യുന്നുണ്ട്: “ബഹുഭൂരിപക്ഷം മുസ്ലിം ഗൃഹങ്ങളിലേക്കും നാമൊന്ന് കണ്ണോടിക്കുകയാണെങ്കിൽ അവിടത്തെ അന്തഃപുരങ്ങളിൽ നൃത്തംചെയ്യുന്ന അനാചാരങ്ങളും അന്ധവിശ്വാസങ്ങളും എത്ര ഭീകരമാണെന്ന് കാണാൻ കഴിയും...
ഒരു ശിശുവിന്‍റെ ജനനസമയം മുതൽ ശിർക്കിന് വിധേയമായി തീരുന്ന കാഴ്ച സർവസാധാരണമാണ്... ഒരു രേതസ്സ് കണത്തിൽനിന്നും ഉൽപാദനം ആരംഭിച്ച ശിശു പല പരിവർത്തന ദശകളും തരണംചെയ്തു പത്തുമാസത്തെ വളർച്ചക്കുശേഷം ജന്മമെടുക്കാൻ തുടങ്ങുമ്പോൾ അതുവരെ അതിന്‍റെ സംരക്ഷകനും സ്രഷ്ടാവുമായിരുന്ന അല്ലാഹുവിന്‍റെ ശക്തിയെയും കാരുണ്യത്തെയും വിസ്മരിച്ചുകൊണ്ട് നേർച്ചക്കാരുടെയും നേർച്ചകളുടെയും സഹായത്താൽ സുഖത്തിനും സമാധാനത്തിനും വേണ്ടി ഉള്ളഴിഞ്ഞു പ്രാർഥിക്കുന്നു...
അല്ലാഹുവിനെ വിസ്മരിച്ച് പ്രസവസമയമാകുമ്പോൾ മറ്റ് ശുപാർശക്കാരെ അന്വേഷിക്കുന്നു. ‘കുറി മുടിയും മുന്നം പള്ള തന്നിന്ന് / കുട്ടി പിറക്കലിനില്ല ശക്കെന്നവർ’ ഈരടികൾ പാടി കേൾക്കുമ്പോൾ ഗർഭിണിക്കും അവളുടെ അടുത്ത് കൂടിയിരിക്കുന്നവർക്കും എന്ത് ആശ്വാസമാണെന്നോ! പ്രസവം കഴിഞ്ഞാൽ ഏതെല്ലാം നേർച്ചക്കാരെയാണോ പുകഴ്ത്തുന്നതും വാഴ്ത്തുന്നതും... ഈ ദയനീയ നിലയ്ക്ക് മാറ്റം വന്നേ കഴിയൂ. സ്ത്രീകളിൽ കാണുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉന്മൂലനം ചെയ്താൽ മാത്രമേ സമുദായ ഗാത്രം സംശുദ്ധമാവുകയുള്ളൂ.”74
ഏതോ കാലഘട്ടത്തിൽ തയാറാക്കപ്പെട്ട വാഴ്ത്തുപാട്ടുകളോ, മാമൂൽപ്രിയം നിമിത്തം കൂടെകൊണ്ടുനടക്കുന്ന ആചാരാനുഷ്ഠാനങ്ങളോ, മുറുകെപ്പിടിച്ചുകൊണ്ട് പുരോഗതിയിലേക്ക് കടന്നു ചെല്ലുക പ്രയാസമാണെന്നവർ വിശ്വസിച്ചു. ആധുനിക വിദ്യാഭ്യാസത്തിന്‍റെ അഭാവത്താൽ സ്ത്രീകളുടെ ഇടയിൽ വന്നുചേരുന്ന അന്ധവിശ്വാസജടിലമായ ആചാരങ്ങൾ, ജിന്നുസേവ, ശൈത്താൻബാധ എന്നിവയെ തൂത്തെറിയാൻ സ്ത്രീകൾതന്നെ മുന്നോട്ടുവരണമെന്നവർ ആവശ്യപ്പെട്ടു. ശാസ്ത്രാവബോധമോ വേണ്ടത്ര വിദ്യാഭ്യാസമോ ഇല്ലാതിരിക്കുന്ന സ്ത്രീകളുടെ ഇടയിൽ അന്ധവിശ്വാസങ്ങൾ വളരെ വേഗത്തിൽതന്നെ വ്യാപിപ്പിക്കുവാൻ സാധിക്കുമെന്ന നിലയിൽ ഹലീമാ ബീവി അവതരിപ്പിക്കുന്ന തമാശ കലർന്ന ഒരു ഉദാഹരണം അവർ തന്‍റെ പ്രസംഗത്തിൽ ഉപയോഗിച്ചിട്ടുണ്ട്: “കുറേ വർഷങ്ങൾക്കുമുമ്പ് ഞങ്ങളുടെ അടുത്ത് ഒരു മുതലാളി വളരെ നാളത്തെ ശ്രമത്തിന്റെയും പണച്ചെലവിന്റെയും ഫലമായി തന്‍റെ വീട്ടിൽ ഇലക്ട്രിക് ലൈറ്റിട്ടു.
വിവാഹപ്രായമായ മകൾക്കും ഉമ്മാക്കും ഒരു സംശയം. കാക്കാക്കാർന്നോന്മാർ ചെയ്യാത്ത ഈ പ്രവൃത്തി ഇസ്‌ലാമിന് പറ്റിയതാണോ എന്ന്. ഏതായാലും പതിവുപോലെ മാല പാടാൻ വന്ന മുസ്‌ലിയാരോട് അവർ സംശയം ചോദിച്ചു: ‘തീയില്ലാതെ കത്തുന്ന ഈ വിളക്ക് എന്താണ്? ഞമ്മക്കിത് ഹലാലാകുമോ?’ മുസ്‌ലിയാർ പെട്ടെന്ന് അതിന് ഉത്തരം പറഞ്ഞു: ‘ഞമ്മക്ക് ഹലാലാകൂല. ഹറാമാണ്. ഇബ്‌ലീസില്ലേ, ഇബ്‌ലീസ്. ഓനെ തീ കൊണ്ടാണ് പടച്ചത്. ഓനാണ് ഇതിന്റുള്ളിലിരുന്ന് ഈ ബെട്ടം കാട്ടുന്നത്. ഓൻ നമ്മടെ ബാപ്പാനെയും ഉമ്മാനെയും ചതിച്ചവനാണ്. ഓൻ നമ്മുടെ പുരയില് കുടിയിരുന്നാലത്തെ മുസീബത്ത് എത്ര ഭയങ്കരമായിരിക്കും.’ മുസ്‌ലിയാർ പോകുന്നതിനു മുമ്പുതന്നെ ഉമ്മായും മകളും കൂടി, സകല മുറിയിലെയും ബൾബുകളും മീറ്ററും തല്ലിത്തകർത്തു. ഒടുവിൽ വയറിൽ പിടിച്ചുവലിച്ച ഉമ്മയെ കറന്‍റടിച്ചപ്പോൾ സഹായിക്കാൻ ചെന്ന മകളും ആ ഇബ്‌ലീസിന്റെ പിടിക്കു വിധേയയായി. തൽസമയം ഗൃഹനാഥൻ അവിടെ വന്നില്ലായിരുന്നെങ്കിൽ ഉമ്മയും മകളും പരലോകത്തെത്തുമായിരുന്നു.” ഇത്തരത്തിൽ തന്റെ പ്രസംഗങ്ങളിലൂടെയും എഴുത്തിലൂടെയും സമുദായത്തിലെ സ്ത്രീകളുടെ ബോധമണ്ഡലത്തെ കൂടുതൽ സൂക്ഷ്മമാക്കുന്നതിനും സജീവമാക്കുന്നതിനുമുള്ള ശ്രമങ്ങൾ അവർ നടത്തി.
പർദക്കെതിരെ
മുസ്ലിം സ്ത്രീകളുടെ ഇടയിലെ പർദ സമ്പ്രദായത്തെ വിമർശനാത്മകമായി നോക്കിക്കാണുന്ന വ്യക്തിയാണ് അവർ. സ്ത്രീകൾക്ക് പരമ്പരാഗതമായ വസ്ത്രങ്ങൾ, ഇസ്ലാം അനുശാസിക്കുന്ന രീതിയിൽ ഉപയോഗിച്ച് വരികയെന്നതാണ് അഭികാമ്യമെന്നും, അറേബ്യയിലെ സ്ത്രീകളെ അനുകരിക്കാൻ മലയാളി മുസ്ലിം സ്ത്രീകൾ തയാറാകരുതെന്നും അവർ പറയുന്നുണ്ട്.
1961 സെപ്റ്റംബർ അഞ്ചിന് പുറത്തുവന്ന ‘അൻസാരി വിശേഷാൽ പ്രതി’യിൽ ഹലീമാ ബീവി എഴുതിയ ‘മുസ്ലിം സ്ത്രീകൾ സാമൂഹ്യരംഗത്ത്’ എന്ന ലേഖനത്തിൽ അത്തരം നിരീക്ഷണങ്ങൾ കാണാൻ സാധിക്കുന്നു: “പൊതുരംഗങ്ങളിലോ പൊതുപ്രവർത്തനങ്ങളിലോ മുസ്ലിം സ്ത്രീകൾ പ്രവേശിക്കുന്നതിനെ ഇസ്ലാം നിരോധിച്ചിരിക്കുന്നുവെന്നാണ് മുസ്ലിംകളിൽ ഒരു വിഭാഗവും അമുസ്ലിംകളിൽ ഭൂരിഭാഗവും ധരിച്ചിട്ടുള്ളതും ധരിപ്പിക്കപ്പെട്ടിട്ടുള്ളതും. നബിയുടെ കാലത്തും മുസ്ലിം സ്ത്രീകൾ പള്ളികളിൽ കൂട്ടുപ്രാഥനക്ക് പുരുഷന്മാരോടൊപ്പം പങ്കുകൊണ്ടിരുന്നല്ലൊ, അവർ യുദ്ധങ്ങളിലും പുരുഷന്മാരോടുകൂടി പോകുകയും, സമരരംഗത്തു വിവിധ സേവനങ്ങൾ നിർവഹിക്കുകയും ചെയ്തിരുന്നല്ലൊ! എന്നു ചോദിക്കുകയാണെങ്കിൽ അതിനു ഒരു വിഭാഗം നൽകുന്ന മറുപടി ‘അതു അക്കാലത്തേക്കു പറ്റിയതായിരുന്നു; പിന്നീടും ‘ഫിത്തിനാ’ (നാശം) ഉണ്ടാകുമെന്ന് ഭയന്ന് ഇമാമുകൾ അതെല്ലാം നിരോധിച്ചു കളഞ്ഞു’ എന്നായിരിക്കും.
അത്തരം വിധികർത്താക്കളുടെ അഭിപ്രായം. മുസ്ലിം സ്ത്രീകൾ നാലുകെട്ടിനകത്ത് അടങ്ങി ഒതുങ്ങി ജീവിക്കണം, അവർ പുറത്തിറങ്ങിക്കൂടാ, അവർ വെളിച്ചം കണ്ടുകൂടാ, അവരുടെ ശബ്ദംപോലും പുറത്തുകേട്ടുകൂടാ എന്നാണ്. അതേസമയം ചന്ദനക്കുട മഹോത്സവത്തിലും കല്യാണാടിയന്തരാദികളിലും മുസ്ലിം സ്ത്രീകൾ പോകുന്നതിനെയോ പുരുഷന്മാരുമായി ഇടകലരുന്നതിനെയോ ആരും നിരോധിച്ചുകാണുന്നുമില്ല. അതെല്ലാം ‘കാക്കാ കാർന്നോന്മാ’രുടെ നടപടി ആയതുകൊണ്ടായിരിക്കാം മൗനാനുവാദം നൽകിയിരിക്കുന്നത്.
വീട്ടിനകത്തു മാത്രം കഴിഞ്ഞുകൂടണമെന്നും വിധിച്ചിരിക്കുന്ന സ്ത്രീ വല്ല കാരണവശാലും പുറത്തുപോകേണ്ടിവന്നാൽ അവളെ ആകപ്പാടെ മൂടിപ്പൊതിയുന്ന ഒരു ഉടുപ്പു ധരിച്ചിരിക്കണം എന്നാണ് നിബന്ധന. അവൾക്ക് എല്ലാവരെയും കാണാം, അവളെ ആർക്കും കണ്ടുകൂടാ, അതിനു സൗകര്യപ്പെടുന്ന വിധത്തിലാണ് ആ വസ്ത്രത്തിന്‍റെ നിർമാണം. അങ്ങനെയുള്ള വസ്ത്രധാരണത്തിനും അല്ലെങ്കിൽ അകത്തു അടച്ചുപൂട്ടി ഇരിക്കുന്നതിനുമത്രേ പർദയെന്ന് ഇസ്ലാമിലെ ഒരു വിഭാഗക്കാർ അർഥമാക്കുന്നത്.
അത്തരം പർദ ഡ്രസുകൾ അണിഞ്ഞ അകത്തമ്മമാരെ കാണണമെങ്കിൽ, നമ്മുടെ കേരളത്തിൽ കോഴിക്കോട്ട്, കൊച്ചി മുതലായ പട്ടണങ്ങളിൽ പോകേണ്ടിയിരിക്കുന്നു. ആ പ്രാകൃതവേഷം കണ്ടിട്ടുള്ളവർക്കറിയാം, അതു എല്ലായിടത്തും എല്ലാവർക്കും സ്വീകാര്യമായിട്ടുള്ളതല്ലെന്ന്. പട്ടണവാസികളും തൊഴിലില്ലാത്തവരും ജീവിത സൗകര്യമുള്ളവരും എണ്ണത്തിൽ തികച്ചും പരിമിതമായവരുമായ സ്ത്രീകൾ പർദ എന്നു സങ്കൽപിച്ചു ധരിക്കുന്ന ഇത്തരം വസ്ത്രം ജീവിതവൃത്തിക്കായി വിവിധതരം ജോലികളിൽ ഏർപ്പെടുന്ന ബഹുഭൂരിപക്ഷം സ്ത്രീകൾ ധരിക്കുക എന്നതു എത്രമാത്രം പ്രായോഗികമായിരിക്കുമെന്ന് ചിന്തിക്കേണ്ടതാണ്. ഇസ്ലാം പ്രായോഗികമല്ലാത്തതും കഴിവില്ലാത്തതുമായ ഒന്നും ശാസിക്കുന്നില്ലെന്നുള്ളതും സ്മരണീയമാണ്. അതുകൊണ്ടാണ് കേരളത്തിൽ മറ്റെങ്ങും അത്തരം രീതി നടപ്പില്ലാത്തതെന്നു ധരിക്കുന്നതിൽ തെറ്റില്ല.”75
അക്കാലത്തെ മുസ്ലിം സ്ത്രീകളുടെ വേഷം കറുത്ത പർദയായിരുന്നില്ല. പകരം കാച്ചിമുണ്ടായിരുന്നു; പ്രത്യേകിച്ചും മലബാർ മേഖലയിൽ. തെക്കൻ കേരളത്തിൽ ശരീരം മൂടുന്ന കുപ്പായവും (റവുക്ക/ഉമ്മച്ചി കുപ്പായം) മുണ്ടും ധരിച്ചായിരുന്നു മുസ്ലിം സ്ത്രീകൾ നടന്നിരുന്നത്. ക്രമേണ സാരിയും ബ്ലൗസും കടന്നുവന്നു. എന്നാൽ മുസ്ലിം സ്ത്രീകൾ സാരി ധരിക്കുന്നതിൽ പലർക്കും താൽപര്യമുണ്ടായിരുന്നില്ല; പ്രത്യേകിച്ചും പൗരോഹിത്യത്തിന്. മറ്റു സമുദായക്കാരുടെ പരിഷ്കൃതവേഷമായാണ് അതിനെ കരുതിയിരുന്നത്. അക്കാലത്തെ നവീകരണവാദികൾ പർദ ധരിക്കണമെന്ന നിലപാടായിരുന്നില്ല പുലർത്തിയിരുന്നത്. പുറത്തിറങ്ങുമ്പോൾ ശരീരഭാഗങ്ങൾ മറയുന്നതരത്തിൽ മാന്യമായ വസ്ത്രം ധരിക്കണമെന്ന് മാത്രമാണ് ഉദ്ബോധിപ്പിച്ചിരുന്നത്. അതിന് സാരിതന്നെയായിരുന്നു അഭികാമ്യമെങ്കിൽ അതിനും അനുവാദം ഉണ്ടായിരുന്നു. കേരളീയ സ്ത്രീകൾ ധരിച്ചുവന്നിരുന്ന സാരിതന്നെയായിരുന്നു ഹലീമാ ബീവി ധരിച്ചിരുന്നത്.
1940കളിൽ തന്‍റെ പത്രത്തിന്റെ ആവശ്യവുമായി ബന്ധപ്പെട്ട് നടത്തിയ ഗൃഹസന്ദർശനത്തിൽ മാപ്പിള മുസ്ലിം വേഷം ധരിക്കാത്തതിന്റെ പേരിൽ വിവേചനം നേരിട്ടതിനെ കുറിച്ച് അവർ എഴുതിയിട്ടുണ്ട്: “...നാട്ടാചാരമനുസരിച്ചുള്ള മുസ്ലിം സ്ത്രീകളുടെ വേഷവും അവരുടെ ഭാഷാശൈലിയും ഉപയോഗിക്കാത്തവരെ മുസ്ലിം സ്ത്രീകളായി അംഗീകരിക്കാൻ കൂട്ടാക്കാത്ത ഒരു മനോഭാവം സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടായിരുന്നു. മാഹിയിലുള്ള ഒരു മുസ്ലിം ധനാഢ്യന്റെ വസതിയിൽ ചെന്നപ്പോൾ വിദ്യാസമ്പന്നനായ ആ ഗൃഹനാഥൻ എന്‍റെ ഭർത്താവിനോട് ‘ഭാര്യ മതപരിവർത്തനം ചെയ്തതാണല്ലേ’ എന്ന് ചോദിച്ചു. ഞാൻ സാരി ഉടുത്തിരുന്നു എന്നതാണ് കാരണം! ആ നാട്ടിലെ മുസ്ലിം സ്ത്രീകളുടെ വേഷം അതായിരുന്നില്ല. വേഷത്തിലും പേരിലും മുസ്ലിമായി അറിയപ്പെടുന്നവരുടെ ഇസ്ലാമിക സംസ്കാരത്തെയും വിശ്വാസ ആചാരങ്ങളെയും കുറിച്ച് അടുത്തു പരിചയപ്പെടുമ്പോൾ മാത്രമാണ് അത്ഭുതവും അതിലേറെ നൈരാശ്യവും ഉളവാകുക. വാസ്തവം പറഞ്ഞാൽ ഇസ്ലാം എന്താണെന്ന് പോലും അവരിൽ 99 ശതമാനത്തിനും അറിഞ്ഞുകൂടാ”.76
ജീവിതാവസാനം വരെ പർദയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചക്കും തയാറാക്കാതിരുന്ന അവരൊരു ‘മുസ്ലിം നവോത്ഥാന വനിത’യായിരുന്നു. പ്രത്യേകിച്ചും, കടുംനിറത്തിൽ ശരീരം മൂടുന്നതരം പർദയുടെ ഉപയോഗത്തെ അവർ ഇഷ്ടപ്പെട്ടിരുന്നില്ല. ആധുനിക കാലത്ത് മുസ്ലിം സ്ത്രീകളുടെ വസ്ത്രധാരണരീതിയിൽ കടന്നുവന്ന അതികഠിനമായ വ്യവസ്ഥകളെ ചോദ്യംചെയ്യുന്ന തരത്തിലുള്ള ഇടപെടൽ ഹലീമാ ബീവിയിൽനിന്നുമുണ്ടായിട്ടുണ്ട്: “സ്ത്രീ സാമൂഹിക രംഗത്ത് വരാൻ പാടില്ലെന്നാണ് ഇസ്ലാമിന്റെ വിധിയെങ്കിൽ പിന്നെ എന്തിനാണ് അവളുടെ വസ്ത്രധാരണത്തിൽ ചില പ്രത്യേക നിയമങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. അവൾ അടച്ചുകെട്ടി അകത്തിരിക്കുമ്പോൾ അല്ലെങ്കിൽ അവളുമായി വിവാഹബന്ധത്തിൽ ഏർപ്പെടാൻ പാടില്ലാത്ത സ്വജനങ്ങളുമായി തനിച്ചിരിക്കുമ്പോൾ, അതുമല്ലെങ്കിൽ പൊതിഞ്ഞുമൂടിയ വണ്ടികളിൽ യാത്രചെയ്യുമ്പോൾ അവരുടെ വസ്ത്രധാരണത്തിനുള്ള നിയമം അത്രയ്ക്ക് കർശനമാക്കേണ്ടതുണ്ടോ?”
സ്ത്രീകളെ പർദയിൽ തളച്ചിടാൻ പൗരോഹിത്യം കൈക്കൊണ്ട നടപടികളെ ഹലീമാ ബീവി ചോദ്യം ചെയ്യുന്നുണ്ട്: “പൗരോഹിത്യത്തേയും അജ്ഞതയേയും ഏറ്റവും വെറുത്തിരുന്ന ഒരു മതമാണ് ഇസ്ലാം. എന്നാൽ, കേരള മുസ്ലിം സമുദായത്തിന്റെ കൈമുതലായി അവ രണ്ടും താണ്ഡവനൃത്തം ചെയ്തു. സ്വാർഥമൂർത്തികളായിരുന്ന പുരോഹിതന്മാർക്കു സമുദായം പൊതുവേയും സ്ത്രീകൾ പ്രത്യേകിച്ചും അജ്ഞരും അന്ധവിശ്വാസികളുമായിരിക്കണമെന്നുള്ളതും അനിവാര്യമായ ഒരാവശ്യമായിരുന്നു. അവരുടെ ലക്ഷ്യം ശരിക്കും ഫലിച്ചു. അങ്ങനെ മുസ്ലിം മഹിളകൾ വിദ്യ അഭ്യസിച്ചുകൂടാ, പൊതുരംഗത്ത് പ്രവേശിച്ചുകൂടാ, അവരുടെ ഒരു തലമുടിനാരുപോലും അന്യർ കണ്ടുകൂടാ, എങ്കിൽ മരിച്ചുചെല്ലുമ്പോൾ തീയാൽ ഉള്ള മക്കനാ. (ഈ അഭിപ്രായം പുരോഗമനവാദികൾ എന്നഭിമാനിക്കുന്ന പണ്ഡിതന്മാർക്കും പണ്ഡിതകൾക്കും ഉണ്ട്) ഇത്തരം ജൽപനങ്ങൾക്കു സാക്ഷ്യമായി കുറെ അധികം കള്ള ഹദീസുകളും അവർക്കു സ്റ്റോക്കുണ്ട്. ചുരുക്കിപ്പറഞ്ഞാൽ മതത്തിന്‍റെ പേരിൽ പടച്ചുവിട്ട കള്ള പ്രമാണങ്ങൾ കേരളത്തിലെ മുസ്ലിം സമുദായം കണ്ണുമടച്ചു വിശ്വസിച്ചു. അങ്ങനെ കേരളത്തിലെ മുസ്ലിം വനിതകൾ അജ്ഞാനകാല അറബി വനിതകളെപ്പോലെ അധഃപതിച്ചു.”77
1960ൽ നടന്ന ഒരു സംഭവത്തെ അടിസ്ഥാനപ്പെടുത്തി വിദ്യാഭ്യാസം നേടിയ മുസ്ലിം സ്ത്രീകൾ പർദപോലുള്ളവ ധരിക്കുന്നതിൽനിന്നും ഒഴിഞ്ഞുനിന്നിരുന്നുവെന്നും അവർ സാക്ഷ്യപ്പെടുത്തുന്നുണ്ട്: “വിദ്യാഭ്യാസ ഡിപ്പാർട്ടുമെന്‍റിൽ ടീച്ചർ പോസ്റ്റിനു അപേക്ഷിച്ചിരുന്നവർക്കായി നടത്തപ്പെട്ട ഒരു ഇന്‍റർവ്യൂ ദിവസം ഞാനും അവിടെ പോകുകയുണ്ടായി. 20ൽപരം മുസ്ലിം പെൺകുട്ടികൾ ഇന്‍റർവ്യൂവിനായി അവിടെ വന്നിട്ടുണ്ടെന്ന് അറിഞ്ഞുവെങ്കിലും അവരെ കണ്ടുപിടിക്കുന്നതിനു ഞാൻ വളരെ ശ്രമിക്കേണ്ടിവന്നു. വേഷംകൊണ്ടു അവർ മുസ്‌ലിംകളാണെന്ന് അറിയാൻ യാതൊരു മാർഗവും ഉണ്ടായിരുന്നില്ല.”78
വേഷംകൊണ്ട് മാറ്റിനിർത്തപ്പെടേണ്ടവരല്ല തങ്ങൾ എന്നും കഴിവും സാമർഥ്യവുമാണിവിടെ പരിഗണിക്കേണ്ടത് എന്നും വാദിക്കുന്നവരുണ്ട്. എന്നാൽ, പൊതുവായ തിരഞ്ഞെടുപ്പുകളിൽ പങ്കെടുക്കുമ്പോൾ കാലത്തിനനുസൃതമായ വസ്ത്രധാരണമാണ് അഭികാമ്യമെന്നും ഇവിടെ വിവക്ഷിക്കാവുന്നതാണ്.
എന്നാൽ, വസ്ത്രധാരണത്തിൽ ഏവരും മാന്യത പുലർത്തണമെന്ന നിലയിലാണ് അവർ പറഞ്ഞുവെക്കുന്നത്: “സ്ത്രീകൾ വെറും അഴിച്ചുവിട്ട പശുക്കളെപോലെ പൊതുരംഗത്ത് ഇറങ്ങരുത്. മാനവും മര്യാദയും അടക്കവും ഒതുക്കവും പാലിക്കണം... പക്ഷേ ഇന്നത്തെ പട്ടണങ്ങളിലെ പർദ സമ്പ്രദായങ്ങളെ, പ്രത്യേകിച്ച് വനിതകൾ മുഖംമൂടി കെട്ടിയ ഈ പ്രാകൃത സമ്പ്രദായങ്ങളെ ഇസ്ലാം ആദരിക്കുന്നുവെന്നോ അനുവദിക്കുന്നുവെന്നോ അഭിപ്രായമില്ല.” പർദക്കെതിരെ സധൈര്യം സംസാരിച്ചിരുന്ന ഹലീമാ ബീവി ഭാവിയിൽ വന്നുചേരാൻ ഇടയുള്ള ചില പ്രശ്നങ്ങൾ അക്കാലത്തെ മുസ്ലിം യുവതികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നുണ്ട്: “അഭ്യസ്തവിദ്യരായ സഹോദരികളോട് പ്രത്യേകമായി രണ്ടുവാക്ക് പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു.
നിങ്ങൾ സമുദായത്തിന്‍റെ നോട്ടപ്പുള്ളികളാണെന്നുള്ള കാര്യം പ്രത്യേകമായി നിങ്ങളുടെ ശ്രദ്ധയിലുണ്ടായിരിക്കണം. നിങ്ങളുടെ വേഷം, സംസ്കാരം, മതാചാരനിഷ്ഠ എന്നീ കാര്യങ്ങളിൽ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ കൊച്ചനിയത്തിമാരുടെ സഞ്ചാരമാർഗങ്ങളിൽ നിങ്ങൾ കല്ലും മുള്ളും വിതറരുത്. നിങ്ങളെ ആയുധമാക്കി നിങ്ങളുടെ ശത്രുക്കൾ നിങ്ങളുടെ കൊച്ചുസഹോദരികളുടെ പഠിപ്പു മുടക്കാൻ ഇടയാക്കുന്ന ദുഷിച്ച പ്രവണതകൾക്കൊന്നും നിങ്ങൾ വശംവദകളാകരുത്.”79
പാശ്ചാത്യ സംസ്കാരങ്ങളെയും സിനിമകളെയും അനുകരിച്ച് ചില പരിഷ്കാര വനിതകൾ ധരിച്ചുവന്ന വസ്ത്രങ്ങളെ പ്രശ്നവത്കരിക്കുന്നതിനും അവർ തയാറാകുന്നുണ്ട്. മറ്റൊരു വസ്തുത, ആധുനിക കാലത്ത് നവോത്ഥാനച്യുതി സംഭവിച്ചപ്പോൾ ഇത്തരം ബോധത്തോടെ വാദിക്കാൻ ഹലീമാ ബീവിയെപ്പോലെ പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ ഉയർന്നുവരുന്നതുമില്ല. എന്നിരുന്നാലും സാംസ്കാരിക രംഗത്ത് ചിലരെങ്കിലും അവശേഷിച്ചു കാണുന്നുവെന്നതും കൗതുകംതന്നെ.
(തുടരും)
കുറിപ്പ്
71. ഹലീമാ ബീവി, ഇസ്ലാമിലെ വനിതാ വിഭാഗം, കൊടുങ്ങല്ലൂർ അനാഥശാല സുവനീർ, പത്താമത് വാർഷിക സ്പെഷൽ, 1962, തൃശൂർ, പു. 143.
72. ‘അനുഭവങ്ങളിലേക്ക് ഒരെത്തിനോട്ടം’, അൽ മനാർ മാസിക, 5 സെപ്റ്റംബർ 1959, കാണുക, ഹലീമാബീവി: തെരഞ്ഞെടുത്ത രചനകൾ, പു. 46
73. ‘സ്ത്രീയെ കുറിച്ചുള്ള ചിന്ത’, അൽ മനാർ വിശേഷാൽപ്രതി, 4 സെപ്റ്റംബർ 1960, കാണുക, ഹലീമാ ബീവി: തെരഞ്ഞെടുത്ത രചനകൾ, പു. 60 -62
74. ‘സ്ത്രീയെ കുറിച്ചുള്ള ചിന്ത’, അൽ മനാർ വിശേഷാൽപ്രതി, 4 സെപ്റ്റംബർ 1960, കാണുക, ഹലീമാ ബീവി: തെരഞ്ഞെടുത്ത രചനകൾ, പു. 70
75. ഹലീമാ ബീവി, ‘മുസ്ലിം സ്ത്രീകൾ സാമൂഹ്യരംഗത്ത്’ അൻസാരി വിശേഷാൽപ്രതി, 1961 സെപ്റ്റംമ്പർ 5, പു. 121.
76. ‘സ്നേഹോപഹാരം, സി.ഒ.ടി. കുഞ്ഞിപ്പക്കി സാഹിബിന്’, കാണുക, ഹലീമാ ബീവിയുടെ തെരഞ്ഞെടുത്ത രചനകൾ, പു. 14-15.
77. എറണാകുളം ജില്ലാ മുസ്ലിം വിമൻസ് അസോസിയേഷൻ സുവനീർ, പു. 26.
78. അൻസാരി വിശേഷാൽപ്രതി, 1961 സെപ്റ്റംമ്പർ 5, പു. 121
79. അൻസാരി വിശേഷാൽപ്രതി, 1961 സെപ്റ്റംമ്പർ 5, പു. 121.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.