അറിയുമോ, ഡോ. എം.കെ. അയിശക്കുട്ടിയെ?
കേരളത്തിന്റെ നവോത്ഥാന ചരിത്രം അന്വേഷിക്കുമ്പോൾ ഉയരുന്ന ചില പ്രധാനചോദ്യങ്ങളുണ്ട്. ആര്, ആരാണ് ആദ്യം, എന്നാണ്, എന്തുെകാണ്ട് തുടങ്ങിയവയാവും അതിൽ സുപ്രധാന ചോദ്യങ്ങൾ. ചോദ്യം ഇവിടെ ഇതാണ്, ആരാണ് കേരളത്തിലെ മുസ്ലിം സമുദായത്തിലെ ആദ്യ ‘വിദ്യാസമ്പന്ന?’. വിദ്യയെന്നത് ആധുനിക വിദ്യാഭ്യാസത്തെയാണ് ഉദ്ദേശിക്കുന്നത് എന്ന് മറ്റൊരു കാര്യം. ആ സമ്പ്രദായത്തിലേക്ക് കടന്നുവന്ന...
കേരളത്തിന്റെ നവോത്ഥാന ചരിത്രം അന്വേഷിക്കുമ്പോൾ ഉയരുന്ന ചില പ്രധാനചോദ്യങ്ങളുണ്ട്. ആര്, ആരാണ് ആദ്യം, എന്നാണ്, എന്തുെകാണ്ട് തുടങ്ങിയവയാവും അതിൽ സുപ്രധാന ചോദ്യങ്ങൾ.
ചോദ്യം ഇവിടെ ഇതാണ്, ആരാണ് കേരളത്തിലെ മുസ്ലിം സമുദായത്തിലെ ആദ്യ ‘വിദ്യാസമ്പന്ന?’. വിദ്യയെന്നത് ആധുനിക വിദ്യാഭ്യാസത്തെയാണ് ഉദ്ദേശിക്കുന്നത് എന്ന് മറ്റൊരു കാര്യം. ആ സമ്പ്രദായത്തിലേക്ക് കടന്നുവന്ന ആദ്യ മുസ്ലിം വനിത ആര് എന്നതാണ് ചോദ്യം. അധികം പഴക്കമൊന്നുമില്ല ആ കാലത്തിന്. ഒരു ശതാബ്ദത്തിന്റെ പോലുമില്ല. 1934ൽ പുറത്തിറങ്ങിയ സിലോൺ മലയാളി വിശേഷാൽ പ്രതിയിലെ ഒരു ലേഖനം ആദ്യം വായിക്കാം. അതിന്റെ പൂർണ രൂപം ഇങ്ങനെയാണ്:
കേരളത്തിലെ ഏക മുസ്ളിം വിദ്യാസമ്പന്ന ഡാക്ടർ എം.കെ. അയിശക്കുട്ടി, എൽ.എം.പി
‘സിലോൺ മലയാളി’യുടെ വിശേഷാൽ പ്രതിയിൽ പ്രസിദ്ധം ചെയ്യാൻ ഒരു ലേഖനമയച്ചുതരണെമന്നാവശ്യപ്പെട്ടുകൊണ്ട് പത്രാധിപരയച്ച കത്തിൽ എന്നെ ‘കേരളത്തിലെ ഏക മുസ്ലിം വിദ്യാസമ്പന്ന’ എന്നു സംബോധനചെയ്തിരിക്കുന്നത് എന്നിൽ അഭിമാനത്തേക്കാൾ കൂടുതൽ അവമാനമാണ് ജനിപ്പിച്ചത്. സ്ത്രീ പുരുഷ ഭേദമന്യേ കാലോചിതമായ വിദ്യാഭ്യാസം സമ്പാദിക്കണമെന്ന് മതത്താൽ ആജ്ഞാപിതമായിട്ടുള്ള ഒരു സമുദായത്തിന്റെ അനുയായികളിൽ ആധുനിക വിദ്യാഭ്യാസം സിദ്ധിച്ച സ്ത്രീകൾ കൈവിരലുകളിൽ എണ്ണാനും കൂടി ഇന്ന് കേരളത്തിലില്ലെന്നു വരുന്നത് എന്റെ സമുദായത്തിന് അപമാനകരമാണെന്നു ഞാൻ സലജ്ജം സമ്മതിച്ചുകൊള്ളുന്നു. തുലോം പരിതാപകരമായ ഈ ദുരവസ്ഥയുടെ പ്രധാന കാരണങ്ങളാരായുകയാണ് ഈ ലേഖനോദ്ദേശ്യം.
പ്രഥമവും പ്രധാനവുമായ കാരണം, എന്റെ സമുദായത്തിലെ പുരുഷന്മാരുടെ വിദ്യാവിഹീനതയാണ്. അവർ അഭ്യസ്തവിദ്യരായിരുന്നെങ്കിലല്ലേ, അവരുടെ സ്ത്രീകളുടെ വിദ്യാഭ്യാസ വിഷയത്തിൽ അവർ കൂടുതൽ ദൃഷ്ടിവെക്കുക. മതത്താൽ നിർദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും ചില സ്വാർഥന്മാരായ പുരോഹിതന്മാരുടെ അബദ്ധ പ്രബോധനങ്ങൾകൊണ്ട് കേരള മുസ്ലിംകൾ വളരെക്കാലം ആധുനിക വിദ്യാഭ്യാസത്തെ ത്യജിച്ചുകളഞ്ഞു. എന്നാൽ, ഈ വിപരീതശക്തികളെ വിഗണിച്ച്, അസഹനീയങ്ങളായ പല അവഹേളനങ്ങളും സഹിച്ച് വിദ്യാഭ്യാസം സിദ്ധിച്ച ചുരുക്കം ചില സമുദായ സ്നേഹികളുടെ അശ്രാന്ത പരിശ്രമമാണ് ഇന്ന് കേരള മുസ്ലിംകളുടെയിടയിൽ കാണുന്ന ഉണർവിന് പ്രധാന കാരണം. ഇവരുടെ പ്രവർത്തനങ്ങൾകൊണ്ട് വിദ്യാഭ്യാസ വിഷയത്തിൽ മുസൽമാന്മാർക്ക് പൊതുവിൽ ഒരുണർവുണ്ടാവുകയും കൂടുതൽ കുട്ടികൾ സ്കൂളുകളിലും കോളജുകളിലും ചേർന്നു പഠിച്ചുതുടങ്ങുകയും ചെയ്തു.
എന്നാൽ, ഈ നവചൈതന്യം മുസ്ലിം സ്ത്രീകളെ ആശാസ്യമാംവണ്ണം സ്പർശിച്ചിട്ടില്ലെന്നുള്ള കാര്യത്തിൽ തന്നെ, ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് ഇന്നും പുരോഹിതന്മാരുടെ വിരോധം നശിച്ചിട്ടില്ലാത്ത സ്ഥിതിക്ക് ഇസ്ലാമിലെ ‘ഹരിജന’ങ്ങളായ സ്ത്രീകളുടെ കാര്യം പറയാനുണ്ടോ. മതത്തിന്റെ താക്കോൽകാരെന്നു നടിക്കുന്നവരും, പക്ഷേ യഥാർഥത്തിൽ മതദൃഷ്ട്യാ യാതൊരു സ്ഥാനവുമില്ലാത്തവരുമായ ഈ പുരോഹിത വർഗക്കാർ സ്ത്രീകളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിന് ബദ്ധവിരോധികളാണ്. ഇന്ന് സ്കൂളിലേക്ക് വല്ല മുസ്ലിം പിതാക്കങ്ങളും തങ്ങളുടെ പെൺകുട്ടികളെ അയക്കുന്നുണ്ടെങ്കിൽ അത് വളരെ വിപരീത ശക്തികളുടെ സാന്നിധ്യത്തിലാണ്.
മുസ്ലിം സമുദായം ഇതര സമുദായങ്ങളുടെ പിന്നിലാണ് ഇന്ന് സ്ഥിതിചെയ്യുന്നതെങ്കിൽ അതിനു പ്രധാന കാരണം അതിലെ സ്ത്രീകളുടെ വിദ്യാവിഹീനതയാണ്. ഒരു സമുദായത്തിന് നല്ല മെമ്പ്രന്മാരെ പ്രദാനം ചെയ്യുന്നത് ആ സമുദായത്തിലെ സ്ത്രീകളാണ്. ഈ സ്ത്രീകൾ വിദ്യാസമ്പന്നകളായിരുന്നെങ്കിലേ അവരുടെ പ്രജകളെ നന്നാവുംവണ്ണം വളർത്തിക്കൊണ്ടുവരുകയുള്ളൂ. ചെറുപ്പകാലത്തിൽ അമ്മമാർ നൽകുന്ന പരിശീലനമാണ് ആ കുട്ടികളുടെ ഭാവിയെ സംസ്കരിക്കുന്നത്. ആ സ്ഥിതിക്ക് വിദ്യാസമ്പന്നയായ മാതാക്കളുള്ള ഒരു സമുദായത്തിനേ ഉൽക്കർഷത്തിലേക്ക് ത്വരിതഗമനം ചെയ്യുന്നതിന് സാധ്യമാകൂ.
സ്ത്രീ വിദ്യാഭ്യാസത്തിന് പുരുഷ വിദ്യാഭ്യാസത്തോടൊപ്പം പ്രാധാന്യം നൽകിയിട്ടുള്ള ഒരു മതത്തിൽ വിശ്വസിക്കുന്ന ഞങ്ങളുടെ വിദ്യാഭ്യാസ സ്ഥിതി ഇത്ര പരിതാപകരമായി തീർന്നിട്ടുള്ളതു ഒരു വിധിവൈപരീത്യമാണെന്ന് പറഞ്ഞേതീരു. വിദ്യ അഭ്യസിക്കുന്നത് ഒാരോ മുസ്ലിം പുരുഷന്റെയും ഓരോ മുസ്ലിം സ്ത്രീയുടെയും ഒഴിച്ചുകൂടാനാവാത്ത കടമയാണെന്നത്രെ മതപ്രവാചകനായ മുഹമ്മദ് നബി പറഞ്ഞിട്ടുള്ളത്. എന്നിട്ട്, മതാനുഷ്ഠാനത്തിൽ അദ്വിതീയരാണെന്നഭിമാനിക്കുന്നവർ, ബാലിശങ്ങളായ കാരണങ്ങൾ പറഞ്ഞ് അവരുെട പെൺകുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാത്തതല്ലേ അത്ഭുതം?
ഈ ലേഖനത്തിലെ വാദഗതികളല്ല നമ്മുടെ അന്വേഷണവിഷയം. ആരാണ് എം.കെ. അയിശക്കുട്ടി എന്നതാണ്. അധികം വിവരങ്ങൾ അയിശക്കുട്ടിയെപ്പറ്റി ലഭ്യമല്ല. ‘ഒരു വിധിവൈപരീത്യം അഥവാ മുസ്ലിം വനിതകളുടെ ദുരവസ്ഥ’ എന്ന തലക്കെട്ടിൽ എഴുതിയ മറ്റൊരു ലേഖനത്തിൽ ഡോ. എം.കെ. അയിശക്കുട്ടി എൽ.എം.പി, എറണാകുളം എന്നാണ് ബൈലൈൻ വെച്ചിട്ടുള്ളത്. എറണാകുളം ജനറൽ ആശുപത്രിയിൽ 1930 കളിൽ പ്രവർത്തിച്ച ഏക മുസ്ലിം വനിതാ ഡോക്ടർ ആണെന്നും കാണുന്നുണ്ട്. ആശുപത്രിയുടെ സൂപ്രണ്ടായി പ്രവർത്തിച്ചിട്ടുണ്ടെന്നാണ് മറ്റൊരു വിവരം. എം.ബി.ബി.എസിന് തുല്യമായ ബിരുദമാണ് എൽ.എം.പി. ഇന്ത്യയിൽ സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ് നിലവിലുണ്ടായിരുന്ന മെഡിക്കൽ യോഗ്യതയായ LMP (Licentiate Medical Practitioner) ബിരുദം ഗ്രാമപ്രദേശങ്ങളിൽ സേവനമനുഷ്ഠിക്കുന്നതിനായി വൈദ്യന്മാരെ വേഗത്തിൽ പരിശീലിപ്പിക്കാൻ ലക്ഷ്യമിട്ട് ആവിഷ്കരിച്ച, മൂന്നര മുതൽ നാലുവർഷം വരെ നീളുന്ന ഒരു ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സായിരുന്നു ഇത്; 1946ൽ ഭോർ കമ്മിറ്റി (Bhore Committee) ഈ കോഴ്സ് നിർത്തലാക്കി.
‘‘1933 ഡിസംബർ നാലിലെ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ഒരു വാർത്ത ഇങ്ങനെയാണ്: മലബാറിലെ മുസ്ലിം സമുദായത്തിൽ നിന്നു ഇദംപ്രഥമമായി എൽ.എം.പി പരീക്ഷ പാസ്സായ ശ്രീമതി എം.കെ. ആയിസ്സക്കുട്ടിയെ അഭിനന്ദിക്കുവാൻ നവംബർ 12ന് വന്നേരിയിൽവച്ചു ശ്രീമതി പാർവ്വതി നെന്മേനിമംഗലത്തിന്റെ അധ്യക്ഷതയിൽ ഒരു പൊതുയോഗം കൂടുകയുണ്ടായി’’. ഈ വാർത്ത, മലബാറിൽ നിന്നുള്ള ആദ്യ മുസ്ലിം വനിതാ ഡോക്ടർ അയിശക്കുട്ടിയാണ് എന്നുറപ്പിക്കുന്നുണ്ട്.
മലബാറിലെ ആദ്യ പഥികർ
കേരളത്തിലെ ആദ്യത്തെ വനിതാ ഡോക്ടർ, ആദ്യ മലയാളി വനിതാ ഡോക്ടർ എന്ന ഖ്യാതിയും, തീയ സമുദായത്തിലെ ആദ്യ വനിതാ ഡോക്ടർ, മലബാറിലെ ആദ്യ വനിതാ ഡോക്ടർ എന്നീ വിശേഷണങ്ങളും നേടിയ ഒരു വ്യക്തിയുണ്ട്. ഡോക്ടർ അയ്യത്താൻ ജാനകി അമ്മാൾ (1878–1945) ആണത്. ഡോക്ടർ അയ്യത്താൻ ഗോപാലന്റെ സഹോദരികൂടിയാണ് അവർ.
ലഭ്യമായ പല വിവരങ്ങളിലും മലബാറിലെ ആദ്യ വിദ്യാസമ്പന്നതയുടെ മുസ്ലിം വനിതകളായി കാണുന്നത് തലശ്ശേരിക്കാരനായ വായപ്പുറത്ത് കുന്നത്ത് മായന്റെ മൂന്നു പെൺമക്കളെയാണ്-അയിശ, ആമിന, ഹലീമ. തലശ്ശേരി സേക്രഡ് ഹാർട്ട് സ്കൂളിലും സെൻറ് ആൻറണീസ് കോളജിലുമാണ് ആയിശയെ അയച്ച് പഠിപ്പിച്ചത്. മൂത്ത മകളെ മദ്രാസ് യൂനിവേഴ്സിറ്റിയിൽ പഠിപ്പിച്ച് ഡോക്ടറാക്കി.
1917ലാണ് അയിശ മായൻ ജനിച്ചത്. തലശ്ശേരി സേക്രഡ് ഹാർട്ട് സ്കൂളിലും സെൻറ് ആൻറണീസ് കോളജിലുമാണ് ആയിശ പഠിച്ചത്. വടക്കെ മലബാറിൽ ബിരുദം നേടിയ ആദ്യ മുസ്ലിം വനിത ആയിശ മായൻ ആയിരുന്നിരിക്കണം. തുടർന്ന് അധ്യാപക പരിശീലനവും നേടി. മലബാർ മേഖലയിലെ മുസ്ലിം വിദ്യാഭ്യാസ സ്പെഷൽ ഓഫിസറായി ബ്രിട്ടീഷ് സർക്കാർ അയിശയെ നിയമിച്ചു. പിന്നീട് ബ്രിട്ടീഷ് എജുക്കേഷൻ സർവിസിൽ ഡയറക്ടർ പദവിയിൽ എത്തി. ഹോസ്റ്റൽ സൗകര്യത്തോടെ ഗേൾസ് എലമെൻററി സ്കൂളുകൾ സ്ഥാപിക്കാൻ ആയിശ ബ്രിട്ടീഷ് ഗവൺമെൻറിനോട് ആവശ്യപ്പെട്ടു.
1944ൽ കൊളംബോ സ്വദേശിയും വ്യാപാരിയുമായ എം.എസ്.എം. റഊഫുമായി അയിശയുടെ വിവാഹം നടന്നു. പിന്നീട് കൊളംബോയിലായി താമസം. കൊളംബോയിലെ ആദ്യ മുസ്ലിം ലേഡീസ് കോളജിെൻറ പ്രഥമ പ്രിൻസിപ്പലായി അയിശ റഊഫ് നിയമിക്കപ്പെട്ടു. 1946ൽ ശ്രീലങ്കയിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനമായ യുനൈറ്റഡ് നാഷനൽ പാർട്ടി രൂപവത്കൃതമായപ്പോൾ അതിനൊപ്പം ചേർന്നു. അങ്ങനെ കൊളംബോ മുനിസിപ്പൽ കൗൺസിൽ െഡപ്യൂട്ടി മേയറായി 1952 മുതൽ 1954 വരെ അയിശ റഊഫ് പ്രവർത്തിച്ചു.
1939ൽ ഹലീമാ ബീവി പത്രാധിപരായ ‘മുസ്ലിം വനിത’യിൽ വന്ന ഒരു വാർത്താശകലം ചരിത്രകാരനായ ഡോ. സക്കരിയ തങ്ങൾ പങ്കുവെക്കുന്നു. വാർത്ത ഇങ്ങനെയാണ്:
അനുമോദനം
തിരു: ഗവൺമെന്റിന്റെ നിവേദനത്തോടുകൂടി ഉപരി വിദ്യാഭ്യാസാർഥം മദ്രാസിൽ പോയി എം.എ ആണേഴ്സ് പരീക്ഷയിൽ പ്രശസ്തമായ വിജയം നേടി മദ്രാസ് പ്രസിഡൻസിയിലെ ഏക മുസ്ലിം വനിതയാണ് ശ്രീമതി ഐശാ ബാപ്പു വൈദ്യർ എം.എ.ബി.എസ്.സി. ഈ വിജയത്തിൽ ആ മാന്യ മഹതിയെയും പിതാവിനെയും ഞങ്ങൾ ഹാർദമായി അനുമോദിച്ചുകൊള്ളുന്നു. വിദ്യാഭ്യാസത്തിൽ വളരെ പിന്നോക്കം നിൽക്കുന്ന മുസ്ലിം സമുദായത്തിന് മിസ്സ് ഐഷാമ്മയുടെ പ്രശംസാർഹമായ ഈ വിജയം മഹത്തായ അനുഗ്രഹവും അഭിമാനവുമാണ്.
1930-39 കാലത്താണ് മുസ്ലിം വനിതകളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് വലിയ ചുവടുകൾ വെക്കുന്നത്. സമാനമായ കാലത്താണ് നമ്പൂതിരി സമുദായത്തിലെ സ്ത്രീകളുടെ അവസ്ഥയും. 1935 മാർച്ച് 25 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ഒരു ചെറിയ വാർത്ത അത് സ്ഥിരീകരിക്കുന്നു. ‘‘ഒറ്റപ്പാലത്ത് ശ്രീരാമകൃഷ്ണ കാമേർസിയൽ സ്കൂളിന്റെ മാനേജർ മിസ്റ്റർ പി.എം. നാരായണൻ നമ്പൂതിരിയുടെ മരുമകൾ ശ്രീമതി എം. നങ്ങീലി കന്യകയെ തലശ്ശേരി മുൻസിപ്പാലിറ്റിയിൽ ഒരു ലേഡി വാക്സിനേറ്ററായി നിശ്ചയിച്ചിരിക്കുന്നു. നമ്പൂതിരി സമുദായത്തിൽനിന്ന് ഇദം പ്രഥമമായി സ്കൂൾ ഫയിനാൽ പരീക്ഷ പാസ്സായി ഒരു ഉദ്യോഗം ലഭിക്കുന്നത് ശ്രീമതി നങ്ങീലി കന്യക എന്ന പ്രസ്തുത അന്തർജനത്തിനാണ്.’’
അതായത്, മുസ്ലിം വനിതകളുടെ വിദ്യാഭ്യാസവും നമ്പൂതിരി സമുദായത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസ ചുവടുവെപ്പുകളും ഏതാണ്ട് ഒരേ കാലത്താണ് സംഭവിക്കുന്നത്. സമൂഹത്തിൽ സവിശേഷ ജാതിഅധികാരവും സമ്പത്തും കൈയാളിയിരുന്ന സവർണ സമുദായത്തിലെ സ്ത്രീകളുടെ അവസ്ഥ, അതല്ലാതിരുന്ന സമുദായവുമായി ഒത്തുപോകുന്നു.
നമുക്ക് എം.കെ. അയിശക്കുട്ടിയിലേക്ക് വരാം. അവർ ഡോക്ടർ ആണെന്നതുമാത്രമല്ല, ലഭ്യമായ അവരുടെ രണ്ടു ലേഖനങ്ങളിലും മുസ്ലിം സ്ത്രീ വിദ്യാഭ്യാസത്തിനായി പ്രത്യേകിച്ചും വാദിക്കുന്നുണ്ട്. അവർ െപാതുവിൽ വാദിക്കുന്നത് സ്ത്രീകളുെട വിദ്യാഭ്യാസത്തിനുവേണ്ടിയാണ്. ആ അർഥത്തിൽ നവോത്ഥാന നായകരുടെ നിരയിലാണ് അയിശക്കുട്ടിയുടെ സ്ഥാനം. അതുപോലെ സ്ത്രീ മുന്നേറ്റ ചരിത്രത്തിലെ ആദ്യ പഥികയായും അടയാളപ്പെടുത്തേണ്ടതുണ്ട്. പക്ഷേ, ഇപ്പോഴും ചരിത്ര പുസ്തകങ്ങളിൽ അയിശക്കുട്ടിയില്ല. ചരിത്രത്തിന്റെ മറവിലാണിപ്പോഴുമവർ. അവരെ ഇരുട്ടിൽനിന്ന് വെളിച്ചത്തിന്റെ നിറവിലേക്ക് കൊണ്ടുവരേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.